തര്‍ജ്ജനി

സൈക്കിള്‍

വീടിന്‌ എതിരെ ഒരാള്‍ക്കൂട്ടം കണ്ട്‌ അമ്പരന്നുപോയി. അടുത്ത്‌ ചെന്നപ്പോഴാണ്‌ എതിര്‍വീട്ടില്‍ കൂടിയിരിക്കുന്നവരാണെന്നറിഞ്ഞത്‌ . രൂപവതിയുടെ ഭര്‍ത്താവ്‌ ഉറക്കെ ശകാരിച്ചുകൊണ്ടിരുന്നു. അടിക്കും, വെട്ടും, കുത്തും, തുണ്ടം തുണ്ടമായി അറുത്തിടും എന്നിങ്ങനെ ഇനിയും പറയാന്‍ പറ്റാത്ത വാക്കുകള്‍ ശരമാരി പോലെ വന്ന്‌ വീണുകൊണ്ടിരുന്നു.

അടുത്ത തെരുവിലെ ഷണ്മുഖത്തിന്റെ ഭാര്യയാണ്‌ രൂപവതിയുടെ ഭര്‍ത്താവിനോട്‌ മല്ലിട്ട്‌ നില്‍ക്കുന്നത്‌. രണ്ടുപേരേയും ഒരു പത്തുപതിനഞ്ച്‌ പേര്‍ ചേര്‍ന്ന്‌ പിടിച്ച്‌ വലിച്ചുകൊണ്ടിരുന്നു. വിട്ടാല്‍ രണ്ടുപേരും തെരുവില്‍ കിടന്ന്‌ ഉരുളുമെന്ന്‌ തോന്നും . അല്ലെങ്കില്‍ വഴക്കിന്റെ തീവ്രത നശിച്ച്‌ ഒന്നും പറയാതെ അവരവരുടെ പാടും നോക്കി പോകാം; പറയാന്‍ പറ്റില്ല.

അലറിയലറി രണ്ടുപേര്‍ക്കും തൊണ്ട അടഞ്ഞതുപോലെയായി. രൂപവതിയുടെ ഭര്‍ത്താവിന്‌ പെണ്‍ ശബ്ദവും , ഷണ്മുഖത്തിന്റെ ഭാര്യക്ക്‌ ആണ്‍ ശബ്ദവും വരാന്‍ തുടങ്ങി. വഴക്ക്‌ തടുത്തുകൊണ്ടിരുന്നവര്‍ തോല്‍വിയണഞ്ഞ്‌ വിട്ടതിനാലോ അതോ ആവേശം കുറഞ്ഞതിനാലോ ഓരോരുത്തരായി യുദ്ധക്കളത്തില്‍ നിന്ന്‌ പിന്‍വലിഞ്ഞുകൊണ്ടിരുന്നു.

രൂപവതി തന്റെ പേര്‌ പോലെ തന്നെ സൌന്ദര്യം തികഞ്ഞവള്‍ എന്ന്‌ പറഞ്ഞാല്‍ കഥയ്ക്ക്‌ വേണ്ടി നുണ പറയുന്നതുപോലെയാകും . അതുകൊണ്ട്‌ അവലക്ഷണം അല്ല എന്നേ പറയുന്നുള്ളൂ. പെണ്ണിന്റെ ശരാശരി ഉയരത്തിനേക്കാള്‍ അല്‍പം അധികമായ പൊക്കം. ചാട്ടുളിനോട്ടം എറിയും കണ്ണുകള്‍. വശ്യമായി ചിരി. ഇതില്‍ ഏതു കണ്ടാണ്‌ ഷണ്‍മുഖം മയങ്ങിയതെന്ന്‌ അറിയില്ല. അയാള്‍ക്ക്‌ രൂപവതിയാണ്‌ പ്രധാനം എന്നായി. തന്റെ കടമകള്‍ പോലും മറന്ന്‌.

രൂപവതിക്ക്‌ രണ്ട്‌ ആണ്‍ മക്കള്‍. മൂത്തവന്‍ എട്ടാം തരത്തില്‍, രണ്ടാമത്തെ മകന്‍ അഞ്ചാം തരത്തില്‍. രൂപവതിയുടെ ഭര്‍ത്താവ്‌ ഒരു സര്‍ക്കാര്‍ കാര്യാലയത്തില്‍ ഡ്രൈവര്‍. അധികാരികളേയും കൊണ്ട്‌ ഇന്‍സ്പെക്ഷന്‍ എന്നും പറഞ്ഞ്‌ അടിക്കടി പുറമേയ്ക്ക്‌ പോയിക്കളയും. നാട്ടില്‍ ഉണ്ടെങ്കിലും സൈഡ്‌ ബിസിനസ്സായി വസ്തുക്കള്‍ വാങ്ങി വില്‍ക്കുന്ന തരക്‌ ജോലിയും ഉണ്ടായിരുന്നതുകൊണ്ട്‌ വീട്ടിലേയ്ക്ക്‌ വരാന്‍ രാത്രി പത്ത്‌ മണി കഴിയും. ഇതിനെല്ലാം സൌകര്യത്തിനായി ഒരു ബൈക്കും വാങ്ങി വച്ചിരുന്നു. എന്നാല്‍, അയാളുടെ ഭാര്യ രൂപവതിക്കോ സൈക്കിളിനോടായിരുന്നു ഇഷ്ടം. സൈക്കിള്‍, അത്‌ ഷണ്‍മുഖത്തിന്റേതാണെങ്കില്‍ കുറച്ചുകൂടി അധികം ഇഷ്ടം വരും.

രാവിലെ രൂപവതിയുടെ ഭര്‍ത്താവ്‌ പുറത്ത്‌ പോകുമ്പോള്‍ ബൈക്ക്‌ ശബ്ദം കേള്‍ക്കും. കുറച്ച്‌ നിമിഷങ്ങള്‍ക്കകം ഷണ്‍മുഖത്തിന്റെ സൈക്കിള്‍ ബെല്ലിന്റെ ശബ്ദം പുറത്ത്‌ കേള്‍ക്കും. സൈക്കിളില്‍ നിന്നിറങ്ങാതെ ഒരു കാല്‍ തറയില്‍ ഊന്നിക്കൊണ്ട്‌ പതുക്കെ ഉരുട്ടും. ശബ്ദം കേട്ടതും ചിരിച്ചുകൊണ്ട്‌ പുറത്തേക്ക്‌ ഓടിവരും രൂപവതി. (ശരിക്കും ഓടിയാണ്‌ വരുക. അന്നേരം അവളെക്കണ്ടാല്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്റെ അമ്മയാണെന്ന്‌ വിശ്വസിക്കാന്‍ പറ്റില്ല - പ്ലസ്‌ ടൂ വിദ്യാര്‍ഥിനിയുടെ ഉല്‍സാഹത്തോടെ ഓടി വരും ) ചില വേളകളില്‍ കുറേ നേരം സൈക്കിളില്‍ നിന്നിറങ്ങാതെ തന്നെ സംസാരിച്ചുകൊണ്ട്‌ നില്‍ക്കും ഷണ്‍മുഖം . ചില സമയത്ത്‌ സൈക്കിള്‍ ഓരത്ത്‌ നിര്‍ത്തിയിട്ട്‌ അകത്തേക്കും പോകാറുണ്ട്‌.

ഞാന്‍ ജനലിന്റെ അടുത്ത്‌ നിന്ന്‌ മുഖക്ഷൌരം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാണുന്ന കാഴ്ചയാണത്‌ . ആകാംക്ഷ കാരണം ഒന്ന്‌ എത്തിനോക്കിയാല്‍, 'അങ്ങനെയെന്താ മറ്റുള്ളവരുടെ കാര്യത്തില്‍ ഇത്ര താല്‍പര്യം?' എന്ന്‌ ചോദിച്ച്‌ ജനല്‍ അടച്ചുകളയും എന്റെ ഭാര്യ. ജനല്‍ അടക്കപ്പെടുന്ന ദിവസങ്ങളില്‍ ലൈറ്റ്‌ തെളിച്ചുകൊണ്ടാണ്‌ ക്ഷൌരം ചെയ്യേണ്ടിവരുക.

Charu Niveditha Translation

'പ്രണയജോഡികള്‍ രണ്ടുപേരും എന്തു കൊണ്ട്‌ സ്വന്തം ഭാര്യയേയും ഭര്‍ത്താവിനേയും ഡിവോഴ്സ്‌- ചെയ്തിട്ട്‌ പുതിയ വിവാഹം കഴിക്കാന്‍ പാടില്ല?' ഒരു നാള്‍ ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു.
'ഇതെന്താ അമേരിക്കയാണെന്നാ വിചാരം ? മിണ്ടാതിരിക്കൂ, ആരെങ്കിലും കേട്ടാല്‍ എന്ത്‌ വിചാരിക്കും' എന്നായി അവള്‍ .

അവള്‍ പറഞ്ഞതും ശരിയാണ്‌ . ഏതോ ഒരു വിദേശപത്രത്തില്‍ വായിച്ചത്‌ ഓര്‍മ്മ വന്നു. പതിവ്‌ പോലെ കോടതിയിലേക്ക്‌ വന്ന ന്യായാധിപന്‍ അന്ന്‌ ജോഡികള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നത്‌ കണ്ട്‌ കാര്യം മനസ്സിലാകാതെ മിഴിച്ചുപോയി. പിന്നീട്‌, സമനില വീണ്ടെടുത്ത അദ്ദേഹം . 'ലേഡീസ്‌ ആന്റ്‌ ജെന്റില്‍മേന്‍ . . . നിങ്ങള്‍ തെറ്റായ സ്ഥലത്തേക്കാണ്‌ വന്നിരിക്കുന്നത്‌. ഇത്‌ വിവാഹ രജിസ്റ്റ്രാര്‍ ഓഫീസ്‌ അല്ല, കോടതിയാണ്‌ ' എന്നു പറഞ്ഞു.

ഉടനെ ആ ജോഡികള്‍ കോറസ്സായി ' സോറി മിലോര്‍ഡ്്‌ ! ഇത്‌ കോടതിയാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ വന്നിരിക്കുന്നത്‌ . ഞങ്ങളെല്ലാം ഡിവോഴ്സ്‌ വാങ്ങാന്‍ വന്നിരിക്കുന്ന ദമ്പതികളാണ്‌ എന്ന്‌ പറഞ്ഞതും ന്യായാധിപന്‍ അന്തം വിട്ടുപോയത്രേ.

വഴക്കെല്ലാം കഴിഞ്ഞ്‌ തെരുവ്‌ ശാന്തമായതിന്‌ ശേഷം, എന്റെ ഭാര്യ നല്ല മൂഡിലാണോയെന്ന്‌ നോക്കിയിട്ട്‌ വഴക്കിനെ പിന്നെ മനസ്സിലാക്കാന്‍ താല്‍പര്യമില്ലാത്തവനെപ്പോലെ , എന്തോ യാദൃച്ഛികമായി ചോദിക്കുന്ന 'ധ്വനി' പ്രയാസപ്പെട്ട്‌ വരുത്തിയിട്ടു ചോദിച്ചു.

'അറിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ തലമണ്ട വെടിക്കുമെന്ന്‌ എനിക്കറിയാം . . . വിഷയം രൂപവതിയുടെ ഭര്‍ത്താവ്‌ അറിഞ്ഞു. അത്‌ തന്നെ പ്രശ്നം' എന്ന്‌ പറഞ്ഞു.

ഇതേ പോലത്തെ വിഷയങ്ങള്‍ ഭര്‍ത്താക്കന്മാര്‍ അവസാനമേ അറിയുന്നുള്ളൂയെന്ന്‌ ആലോചിച്ചുകൊണ്ടിരുന്നു.

പിന്നെ വഴക്ക്‌ ദിവസവും തുടര്‍ന്നുകൊണ്ടിരുന്നു. ' നിന്റെ കെട്ട്യോളെ അടക്കിനിര്‍ത്തണം ' എന്ന്‌ ഷണ്‍മുഖത്തിന്റെ ഭാര്യയും, 'നിന്റെ കെട്ട്യോന്‍ ഇവിടെ ഇനിയെങ്ങാനും വന്നാല്‍ അവന്റെ കുടല്‍ മാല വലിച്ചെടുക്കുമെന്ന്‌ രൂപവതിയുടെ ഭര്‍ത്താവും പരസ്പരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

ഇപ്പോള്‍ തെരുവുവാസികള്‍ ആരും വഴക്ക്‌ തടയാന്‍ മെനക്കെടാറില്ല. വഴക്ക്‌ കഴിഞ്ഞ്‌ ഒടുക്കം ഷണ്‍മുഖത്തിന്റെ ഭാര്യ തെരുവിലെ മണ്ണ്‌ വാരിവാരിയെറിയും . ആ സമയത്തെല്ലാം അവളുടെ ഒരു വയസ്സുള്ള കുഞ്ഞ്‌ ഒക്കത്ത്‌ തൂങ്ങിക്കൊണ്ടിരിക്കും .
വഴക്കെല്ലാം തുടരുമ്പോഴും ഷണ്മുഖത്തിന്റെ സൈക്കിള്‍ എതിര്‍വീട്ടില്‍ ഞാന്‍ കാണാറുണ്ടായിരുന്നു.

'ഇപ്പോഴൊക്കെ, പകല്‍ മുഴുവനും സൈക്കിള്‍ എതിര്‍വീട്ടില്‍ തന്നെയാ കിടക്കുന്നത്‌ ' എന്ന്‌ ഞാന്‍ ചോദിക്കാതെ തന്നെ ഭാര്യ പറഞ്ഞു.

ഇങ്ങനെയൊക്കെ പോകുമ്പോഴാണ്‌, ഒരു ദിവസം ഷണ്മുഖത്തിനെ പോലീസ്‌ പിടിച്ചുകൊണ്ടുപോയത്‌ . രൂപവതിയാണ്‌ തന്നെ എന്നും വീട്ടിലേക്ക്‌ വിളിക്കുന്നതെന്നും അവള്‍ തനിക്ക്‌ തന്ന കത്തുകള്‍ തന്റെയടുത്തുണ്ടെന്നും പറഞ്ഞ്‌ വീട്ടില്‍ ചെന്ന്‌ ആ കത്തുകള്‍ എല്ലാം പെറുക്കിയെടുത്ത്‌ കൊണ്ടുപോയി പോലീസ്‌ സ്റ്റേഷനില്‍ കാണിച്ചത്രേ ഷണ്മുഖം. ഇതെല്ലാം ഷണ്മുഖത്തിന്റെ ഭാര്യ, രൂപവതിയുടെ വീടിന്റെ മുന്നില്‍ മണ്ണ്‌ വാരിയെറിഞ്ഞുകൊണ്ട്‌ പറഞ്ഞ്‌ കരഞ്ഞ്‌ പുലമ്പിക്കൊണ്ടിരുന്നു.

പോലീസ്‌ വന്ന്‌ രൂപവതിയേയും പിടിച്ചുകൊണ്ടുപോയി. അവളുടെ കൂടെ അവളുടെ ഭര്‍ത്താവും പോയി.

സ്റ്റേഷനില്‍ നിന്നും രൂപവതി ദമ്പതികള്‍ തിരിച്ചുവരുമ്പോള്‍ യാദൃച്ഛികമായി ഞാന്‍ ഉമ്മറത്ത്‌ നിന്നിരുന്നു. ( 'യാദൃച്ഛികമായി ' എന്നതിനെ എന്റെ ഭാര്യ കളിയാക്കും. അന്ന്‌ ഞായറാഴ്ചയായിരുന്നു, എനിക്ക്‌ അത്യാവശ്യജോലികളൊന്നും ഇല്ലായിരുന്നെന്ന്‌ പറഞ്ഞാലും അവളുടെയടുത്ത്‌ ചിലവാകില്ല) രൂപവതിയുടെ ഭര്‍ത്താവ്‌ എന്നെ കണ്ടപ്പോള്‍ ഒന്ന്‌ ചിരിച്ചു. വിജയസ്മിതം പോലെ തോന്നി അത്‌ . എന്നോട്‌ എന്തോ പറയാന്‍ അയാള്‍ ആഗ്രഹിക്കുന്നതുപോലെ തോന്നി. ഞാനും ഒന്ന്‌ ചിരിച്ചു. ഉടനെ ' സിഗ്നല്‍' കിട്ടിയതുപോലെ ' ആ തലതിരിഞ്ഞവന്‍ ആരാണെന്ന്‌ എനിക്ക്‌ അറിയുകയേയില്ല. അടിക്കടി ഞങ്ങടെ വീടിന്റെ പരിസരത്ത്‌ വന്ന്‌ എന്നെ ശല്യം ചെയ്യുന്നുവെന്ന്‌ സ്റ്റേഷനില്‍ മൊഴി കൊടുത്തു ഇവള്‍ ' എന്ന്‌ അഭിമാനത്തോടെ തന്റെ ഭാര്യയെ ചൂണ്ടിക്കാട്ടി എന്നോട്‌ പറഞ്ഞു.

ഞാന്‍ തിരിച്ച്‌ 'അങ്ങിനെയാണെങ്കില്‍ നിങ്ങളുടെ ഭാര്യ അയാള്‍ക്ക്‌ എഴുതിയ കത്തുകളോ?' എന്ന്‌ ചോദിക്കാന്‍ തുനിഞ്ഞതാണ്‌ . പക്ഷേ , അത്‌ ശരിയല്ല എന്ന്‌ ഉടനെ തോന്നി. 'അങ്ങിനെയോ? അത്‌ നന്നായി' എന്ന്‌ പറഞ്ഞ്‌ തല നന്നായൊന്ന്‌ കുലുക്കിയിട്ട്‌ അകത്തേക്ക്‌ പോയി.

ഇനിമേല്‍ രൂപവതിയുടെ വീട്ടുപരിസരത്തെങ്ങാനും പോയാല്‍ തൊലിയുരിക്കും എന്ന്‌ വിരട്ടി ഷണ്‍മുഖത്തിനെ പോലീസ്‌ വീട്ടിലേക്ക്‌ പറഞ്ഞുവിട്ടു എന്ന്‌ കേട്ടു.

എന്നാല്‍ അതു കഴിഞ്ഞും ഷണ്‍മുഖത്തിന്റെ സൈക്കിള്‍ എതിര്‍വീട്ടില്‍ കണ്ടപ്പോള്‍ വിഷയം സീരിയസ്സാണെന്ന്‌ മനസ്സിലായി. എനിക്ക്‌ സംബന്ധമില്ലാത്ത വിഷയമാണെങ്കിലും, ഷണ്മുഖത്തിന്റെ ഭാര്യയുടെ ഇടുപ്പില്‍ എപ്പോഴും തൊങ്ങിക്കൊണ്ടിരിക്കുന്ന ആ കുഞ്ഞിനെ ഓര്‍ത്തപ്പോള്‍ എന്റെ വയറെരിഞ്ഞു.

പിന്നെ, പോലീസ്‌ വീണ്ടും വന്ന്‌ ഷണ്മുഖത്തിനെ പിടിച്ചുകൊണ്ടു പോയി. പോലീസുകാരെ രൂപവതിയുടെ ഭര്‍ത്താവ്‌ നന്നായി ഗൌനിച്ചതായി തെരുവില്‍ സംസാരം ഉണ്ടായിരുന്നു.

അന്ന്‌ വൈകുന്നേരം തെരുവില്‍ പെട്ടെന്നൊരു കുശുകുശുപ്പ്‌ പരന്നു. ഷണ്‍മുഖത്തിനെ പോലീസ്‌ സ്റ്റേഷനില്‍ ഉടുതുണിയെല്ലാം ഉരിഞ്ഞ്‌ നഗ്നനാക്കി അടിയോടടിയെന്ന്‌ വാര്‍ത്തയായിരുന്നു അത്‌. അഭ്യൂഹം ശരിയാണോയെന്ന്‌ ചര്‍ച്ച തുടങ്ങി. ആരൊക്കെയോ ധൈര്യശാലികള്‍ സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു.

ഞാനും ഒരളവുവരെ ധൈര്യം സംഭരിച്ച്‌ പുറപ്പെട്ടു. അഭ്യൂഹം സത്യമായിരുന്നു. ശരീരം മുഴുവനും രക്തം കിനിഞ്ഞ്‌ , തോലുരിക്കപ്പെട്ടു കാണുന്ന തരത്തില്‍ മുറിവുകള്‍. പഴന്തുണി പോലെ ഷണ്മുഖം കിടക്കുന്നു.

പോലീസ്‌ സ്റ്റേഷന്‌ പുറത്ത്‌ തറയില്‍ കിടന്നിരുന്ന അയാളെ, ചിലര്‍ ചേര്‍ന്ന്‌ അരയില്‍ തുണി ചുറ്റി റിക്ഷയില്‍ കയറ്റി കൊണ്ടുപോയി. അടുത്ത ദിവസം , ഞാന്‍ ആഫീസിലേക്ക്‌ പോകാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഷണ്മുഖത്തിന്റെ വീട്ടുമുത്ത്‌ ഒരാള്‍ക്കൂട്ടം . വേഗം ചെന്ന്‌ എത്തി നോക്കി. ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന ഷണ്മുഖം. രണ്ടുമൂന്ന്‌ ബലശാലികള്‍ ചേര്‍ന്ന്‌ അയാളെ ഉത്തരത്തില്‍ നിന്നും ഇറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

വീടിന്‌ വെളിയില്‍ ഒന്നുമറിയാത്തതു പോലെ വീണു കിടക്കുന്ന സൈക്കിള്‍.


ചാരു നിവേദിത
മൊഴിമാറ്റം: ജയേഷ്

Submitted by Sunil (not verified) on Mon, 2005-10-03 10:47.

ee kathhayil enthirikkunnu Jayesh, mozhimaatam naTatthaan?

Submitted by jayesh (not verified) on Mon, 2005-10-03 15:05.

onnum undayittalla sunil...oru valiya ezhuthukarante katha..athre ullu...pinne mozhimattam natathaan enthenkilum prathyekatha venam ennu enikku thonnunnilla.