തര്‍ജ്ജനി

ഹിമാലയം - യമുനോത്രി

ഹൃഷികേശില്‍ എത്തിയതിനുശേഷമാണു്‌ എങ്ങോട്ടു പോകണം എങ്ങനെ പോകണം എന്നൊക്കെയുള്ള ഒരേകദേശരൂപം ഞങ്ങള്‍ക്കു കിട്ടിയത്‌. അങ്ങനെ ഗംഗോത്രി, ബദരീനാഥ്‌, യമുനോത്രി, കേദാര്‍നാഥ്‌ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ എവിടെ ആദ്യം പോകണം എന്നതിനെക്കുറിച്ചു ഒരു ധാരണയും ഉണ്ടായിരുന്നില്ല.കണ്ട ട്രാവല്‍ ഏജന്‍സികളിലെല്ലാം കയറിയിറങ്ങി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചാര്‍ധാം യാത്രയ്ക്ക്‌ എല്ലാ ട്രാവല്‍ ഏജന്‍സികളിലും ബുക്കു ചെയ്യാം എന്നറിഞ്ഞപ്പോള്‍ അതില്‍ പോയാലോ എന്നൊരു ചിന്ത ഉള്ളില്‍ കടന്നുകൂടാതിരുന്നില്ല. സമയപരിധി നിശ്ചയിച്ചുള്ള യാത്ര ഒരിക്കലും ആസ്വാദ്യമായിരിക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അതു വേണ്ടെന്നു വെച്ചു. ബസ്റ്റാന്റിലെത്തി ആദ്യം പോകേണ്ട സ്ഥലമെന്ന് ആരൊക്കെയോ പറഞ്ഞുകേട്ട യമുനോത്രിയ്ക്കുള്ള ടിക്കറ്റു ബുക്കു ചെയ്തു. ബാക്കിയൊക്കെ കടവുള്‍ നിശ്ചയിക്കട്ടെ എന്നും തീരുമാനിച്ചു. താന്‍ പാതി ദൈവം പാതി.

yamunotri

മെയ്‌, ജൂണ്‍, സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലാണു്‌ തീര്‍ത്ഥാടകര്‍ യമുനോത്രിയിലേക്കു പോവുക. ആഗസ്റ്റ്‌ മാസത്തില്‍ മഴ പെയ്യനുള്ള സാദ്ധ്യത വളരെ കൂടുതലാണ്‌. മഴസമയത്ത്‌ ഹിമാലയയാത്ര വളരെ അപകടം നിറഞ്ഞതാണ്‌. മലനിരകളില്‍ ഏറ്റവും പ്രായം കുറഞ്ഞവളാണല്ലോ ഹിമാലയം. ഇനിയും ഇരുത്തം വന്നിട്ടില്ലാത്ത അവളുടെ ഇടുപ്പില്‍ ചവിട്ടി യാത്ര ചെയ്യുമ്പോള്‍ മഴ വന്നാല്‍ മുകളില്‍നിന്നു്‌ മണ്ണ്‌ ഒലിച്ചു പോകുകയും അതില്‍ പറ്റിനില്‍ക്കുന്ന പാറകള്‍ താഴേക്കു പതിക്കുകയും ചെയ്യും. ആ കല്ല്‌ തലയിലോ വണ്ടിയിലോ വന്നു വീണാല്‍ പിന്നെ എല്ലാം ശാന്തം, ശിവം, അദ്വൈതം. മണ്ണും പാറക്കഷണങ്ങളും തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ക്കൂടി വാഹനത്തെ മാത്രം മുമ്പോട്ടുവിട്ടിട്ട്‌ യാത്രക്കാര്‍ ജീവന്‍ പണയം വെച്ച്‌ ഓടി കടക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളും വന്നു ചേരുന്നു. ഉറപ്പില്ലാത്ത മണ്ണായതിനാല്‍ ഇളകിനില്‍ക്കുന്ന റോഡുകള്‍ വാഹനത്തിന്റെ ഭാരം താങ്ങാനാവാതെ അഗാധഗര്‍ത്തങ്ങളിലേക്കു കൂപ്പുകുത്താനുള്ള സാദ്ധ്യതയും ഏറെയാണു്‌. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

ഞങ്ങളുടെ യാത്ര ആഗസ്റ്റിലായിരുന്നു. മഴക്കാലത്തു സംഭവിക്കാനിടയുള്ള ഇത്തരം അപകടങ്ങളെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ പലരും പറഞ്ഞപ്പോള്‍ ഉള്ളിലൊരു ഭയം പൊന്തിവരാതിരുന്നില്ല. മരണം സഹജമാണെന്നും അതെപ്പോഴായാലും സംഭവിക്കേണ്ടതാണെന്നും ഭയപ്പെടേണ്ടതായിട്ടൊന്നുമില്ലെന്നും അവസരം കിട്ടുമ്പോഴൊക്കെ തട്ടിവിടാറുണ്ടായിരുന്ന എനിക്ക്‌ വാക്കുകളുടെ നിരര്‍ത്ഥകത അപ്പോഴാണ്‌ ബോദ്ധ്യമായത്‌. മൂന്നും നാലും നേരം ശാപ്പാടുമടിച്ച്‌ ഏമ്പക്കവും വിട്ട്‌ വീട്ടിലെ കൊച്ചുമുറിയിലിരുന്ന് വേദാന്തം തട്ടിവിടാന്‍ അല്‍പം ബുദ്ധിയുള്ള ഏവനും കഴിയും. ഉള്ളില്‍ ഭയം വന്നു നിറയാന്‍ സാദ്ധ്യതയുള്ള സന്ദര്‍ഭത്തില്‍ പെട്ടുപോകുമ്പോഴേ നമ്മുടെ ആന്തരിക സ്ഥിതി ബോദ്ധ്യമാവുകയുള്ളൂ. ലഭിച്ചാല്‍ നമ്മുടെ മനഃസ്ഥൈര്യത്തിന്റെ ഊക്കറിയാനുള്ള അവസരങ്ങള്‍ ധാരാളമായുണ്ടാവുകയും ചെയ്യും.

ഇതിനെ ബസ്സെന്നു പറയാമോ എന്നറിയില്ല. ഇത്തിരിപ്പോരം പോന്ന ഒരു ഇടുങ്ങിയ വണ്ടി. രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റുകളാണെന്നാണു പറയുന്നത്‌. ഈര്‍ക്കിലിപോലുള്ള ഞങ്ങള്‍ രണ്ടാള്‍ക്കിരിക്കാനുള്ള ഇടം പോലുമില്ല. എങ്കിലും തടിമാടന്മാരായ യാത്രക്കാര്‍ യാതൊരു പ്രശ്നവുമില്ലാതെ ഞെങ്ങി ഞെരുങ്ങി നെഞ്ചുവിരിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അവരുടെ സഹനശക്തിയില്‍ അത്ഭുതം തോന്നാതിരുന്നില്ല.ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം (ഇരിക്കാം!) എന്നു പറയുന്നത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നറിഞ്ഞത്‌ ഈ ബസ്‌ യാത്രയിലാണ്‌.

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും എല്ലാവരും കൂടി 'യമുനാ മാ കീ ജയ്‌' എന്ന് ആര്‍ത്തട്ടഹസിച്ചതും ഒന്നിച്ചായിരുന്നു. എന്തോ വലിയ അപകടം സംഭവിച്ചെന്നു കരുതി ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. എന്റെ പിന്‍സീറ്റിലിരുന്ന ആള്‍ എന്നെനോക്കി കണ്ണുരുട്ടിക്കൊണ്ട്‌ 'യമുനാ മാ കീ' എന്ന് ആക്രോശിച്ചു. ഞാന്‍ ആവുന്നത്ര ഉച്ചത്തില്‍ ജയ്‌ എന്നു പറഞ്ഞു. ആള്‍ക്കു വലിയ സന്തോഷമായി. പിന്നീട്‌ ഞാന്‍ ആരുടെയും മുഖത്ത്‌ അറിയാതെപോലും നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

yamunotri

ഹിമാലയന്‍ മലനിരകളെ മൂന്നു തട്ടുകളായി വിഭജിച്ചു പറഞ്ഞു പോരാറുണ്ട്‌. കൊച്ചുകൊച്ചു ഗ്രാമങ്ങളാലും കൃഷിയിടങ്ങളാലും വന്‍വൃക്ഷങ്ങള്‍ നിറഞ്ഞ വനങ്ങളാലും രണ്ടായിരം അടി വരെ ഉയര്‍ന്നു നില്‍ക്കുന്നതാണു്‌ ആദ്യതട്ട്‌. രണ്ടാം ഭാഗം പുല്‍ക്കാടുകളാലും കുറ്റിക്കാടുകളാലും വന്യമൃഗങ്ങളാലും ജനവാസമില്ലാതെ പതിനെണ്ണായിരത്തോളം അടി ഉയരത്തില്‍ വ്യാപിച്ചു കിടക്കുന്നു. ആകാശം മുട്ടി നില്‍ക്കുന്ന അനേകമനേകം കൊടുമുടികളാല്‍ സമ്പന്നമാണു്‌ അടുത്ത തട്ട്‌. ഇരുപത്തി ഒന്‍പതിനായിരത്തിരണ്ടടി ഉയരമുള്ള ഗൌരീശങ്കരം കൊടുമുടി ഉള്‍പ്പെട്ട ഈ ഭാഗത്ത്‌ കുറ്റിച്ചെടികള്‍ പോലും വളരുന്നില്ല. എല്ലാകാലവും മഞ്ഞുമൂടി കിടക്കുന്ന അത്ഭുതലോകമാണത്‌.

വണ്ടി സാവധാനം മലകയറാന്‍ തുടങ്ങി എന്നു പറയാന്‍ നിവൃത്തിയില്ല. പരിചയസമ്പന്നനായ ഡ്രൈവറായതിനാലാവാം കുതിച്ചു പാഞ്ഞാണു്‌ പോക്കു്‌. വളഞ്ഞു പുളഞ്ഞു മുകളിലോട്ടു പോകുന്ന റോഡിലൂടെ അവനങ്ങനെ ആടിയുലഞ്ഞു മൌനത്തിലേക്കു പ്രവേശിക്കയായി. അപൂര്‍വ്വം ചിലര്‍ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചും, ബാക്കിയുള്ളവര്‍ വണ്ടിയുടെ പാച്ചിലും താഴ്വരയുടെ അഗാധതയും കണ്ട്‌ പേടിച്ചുമാണ്‌ മൌനികളായത്‌. ഞാന്‍ ഇതില്‍ ഏതുകൂട്ടത്തില്‍പ്പെടും എന്ന്‌ തല്‍ക്കാലം പറയുന്നില്ല.

കുറച്ചങ്ങു ഓടിക്കഴിയുന്നതോടെ ഡ്രൈവറുമായും ബസ്സുമായും ഉലച്ചിലുമായും നാം പാരസ്പര്യത്തിലാകുന്നു. ഹാവൂ, ഇനി ശാന്തമായി പ്രകൃതിയിലോട്ടൊന്നു കണ്ണോടിക്കാം. ഉയര്‍ന്നുയര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശാന്തശീലരായ ഊശാന്‍താടിയുള്ള വലിയ കുരങ്ങുകള്‍, മര്‍ക്കടമുഷ്ടികളായ നമ്മുടെ തനി നാടന്‍ കുരങ്ങുകള്‍, എങ്ങുനിന്നോ കേള്‍ക്കുന്ന അനേകതരം പക്ഷികളുടെ സുഖകരവും അസുഖകരവുമായ ചിലുചിലാരവങ്ങള്‍, എങ്ങോ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെയും വൃക്ഷങ്ങളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കറകളുടെയും സുഗന്ധം പേറിയെത്തുന്ന സമീരണന്‍, അങ്ങകലെ കാണാറാകുന്ന ഹരിതാഭയാര്‍ന്ന മലനിരകള്‍, താഴ്വരകള്‍, താഴെ കണ്ണെത്താത്ത അഗാധതയിലൂടെ പാഞ്ഞൊഴുകുന്ന ഭാഗീരഥിയുടെ സീല്‍ക്കാരം. ശബ്ദമുഖരിതമായ ഹൃഷികേശില്‍ നിന്നും മുകളിലോട്ടു കയറിപ്പോകുമ്പോള്‍ നമ്മുടെ ഹൃദയത്തിനും ഒരു ഉയര്‍ച്ച സംഭവിക്കുന്നതു പോലെ. ഹിമാലയമലനിരകളുടെ ഓരോ സ്പന്ദവുമായും ലയിച്ചുല്ലസിച്ചിരുന്ന പ്രകൃത്യുപാസകനും സൌന്ദര്യാരാധകനുമായ തപോവനസ്വാമികള്‍ പറഞ്ഞത്‌ എത്ര സത്യം. "അത്യാഹ്ലാദകാരകങ്ങളായ വനരാജികളാല്‍ ആച്ഛാദിതമായ പര്‍വ്വതപംങ്‌ക്തിയുടെ ചരിവുകളിലൂടെ, ദിവ്യസുഷമാസമ്പന്നമായ ഭാഗീരഥിയുടെ തടത്തിലൂടെ ഹിമഗിരിയുടെ മേലോട്ടു സഞ്ചരിക്കുന്ന ഒരു യാത്രികന്‍- ഹിമവാന്റെയും ഭാഗീരഥിയുടെയും പ്രഭാവത്തിലും മാഹാത്മ്യത്തിലും ശ്രദ്ധയുള്ള ഒരു യാത്രികന്‍- രജോജഡിലമായ പ്രപഞ്ചത്തെ വിസ്മരിക്കുന്നു. മനസ്സ്‌ അലൌകികമായ സത്വഭൂമികയിലേക്കുയര്‍ന്ന്‌ മഹത്തായ ശാന്തിയും സുഖവും അനുഭവിക്കുന്നു. പ്രകൃതിശോഭ ബലാല്‍ അവന്റെ മനസ്സിലെ രജസ്തമോവൃത്തികളെ ദൂരീകരിക്കുന്നു.

മൂവായിരത്തിമുന്നൂറ്റിഇരുപത്തിമൂന്നു മീറ്റര്‍ ഉയരത്തിലാണ്‌ യമുനോത്രി സ്ഥിതി ചെയ്യുന്നത്‌. ഹൃഷികേശില്‍ നിന്ന്‌ ഇടത്തേക്കു തിരിഞ്ഞാല്‍ യമുനോത്രിയിലേക്കും ഗംഗോത്രിയിലേക്കുമുള്ള വഴിയായി. ഹനുമാന്‍ഛട്ടി വരെയേ ബസ്സ്‌ പോവുകയുള്ളൂ. അവിടെനിന്നും പതിമൂന്ന്‌ കിലോമീറ്റര്‍ നടന്നു കയറണം. ഹൃഷികേശില്‍ നിന്നും 209 കിലോമീറ്റര്‍ അകലെയാണ്‌ ഹനുമാന്‍ഛട്ടി. ഇവിടെയാണ്‌ ഹനുമാന്‍ ഗംഗയും യമുനയും സംഗമിക്കുന്നത്‌.

ഹൃഷികേശ്‌ മുതല്‍ തന്നെ കയറ്റം ആരംഭിക്കുകയായി. എട്ടു കിലോമീറ്റര്‍ കഴിയുമ്പോഴേക്കും സാല്‍ മരങ്ങള്‍ വിടവാങ്ങി പൈന്മരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അവയ്ക്കിടയിലൂടെ കാറ്റടിക്കുമ്പോഴുണ്ടാകുന്ന സംഗീതാത്മകമായ ചൂളം വിളിയും പൈന്മരത്തില്‍ നിന്നും വരുന്ന ഹൃദ്യമായ ഗന്ധവും അന്തരീക്ഷത്തില്‍ നിറയുന്നു. ഹരിതവനങ്ങളിലൂടെ റോഡ്‌ നരേന്ദ്രനഗറിലേക്കു ചുറ്റിക്കയറുന്നു. ഹൃഷികേശില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള നരേന്ദ്രനഗറിലാണ്‌ ആദ്യമായി ബസ്സ്‌ നിറുത്തുന്നത്‌. തെഹ്‌രിയിലെ രാജാ നരേന്ദ്രഷാ 1920-ല്‍ നരേന്ദ്രനഗറിനെ തന്റെ മഞ്ഞുകാല തലസ്ഥാനമാക്കുകയും കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

സമുദ്രനിരപ്പില്‍നിന്നും ഏകദേശം 200മീറ്റര്‍ ഉയരത്തില്‍ എത്തിയാല്‍ ചുരത്തിലൂടെയാണു്‌ പിന്നെ യാത്ര. താഴെ താഴ്വാരത്തില്‍ ശിവന്റെ സുവര്‍ണ്ണ ജഡയില്‍നിന്നും പുറത്തുകടക്കാന്‍ അവസാനശ്രമം നടത്തുന്ന ഗംഗയെക്കാണാം. ദൂരം ദൃശ്യത്തിനു ചാരുത നല്‍കുമെങ്കില്‍ അതിവിടെയാണ്‌. ചുരം കടന്നു്‌ താഴേയ്ക്കിറങ്ങി ഗംഗയിലേക്ക്‌ ഒഴുകിച്ചേരുന്ന നദി കടന്നാല്‍ വീണ്ടും മുകളിലേക്കു കയറ്റമായി. അവിടെയാണു്‌ ചമ്പ എന്ന കൊച്ചു നഗരം. ഇവിടെനിന്നാണ്‌ മഞ്ഞുമൂടിയ മലനിരകളുടെ ആദ്യത്തെ കാഴ്ച ലഭിക്കുക. ഇടത്തേ ഭാഗത്ത്‌ ബന്ദര്‍പൂഞ്ചും ശ്രീകാന്തയും ഗംഗോത്രിയും, വലത്തേ ഭാഗത്ത്‌ നന്ദാദേവിയും ത്രിശൂലും, നടുവിലായി കേദാറും ബദരിയും. ഇപ്പോള്‍ നാം അറുപത്തിരണ്ടു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു.

770 മീറ്റര്‍ ഉയരത്തില്‍ ഭാഗീരഥിയും ഭിലാംഗനയും കൂടിച്ചേരുന്നിടത്താണ്‌ തെഹ്‌രി സ്ഥിതിചെയ്യുന്നത്‌. ഈ നദികളുടെ സംഗമസ്ഥാനത്തെ ഗണേശ്പ്രയാഗ്‌ എന്നണ്‌ വിളിക്കുന്നത്‌. ശിവന്‍ ഭീല വര്‍ഗ്ഗക്കാരന്റെ രൂപം ധരിച്ച്‌ ആ നാട്ടിലൂടെ നടക്കാറുള്ളതിനാലത്രേ നദിക്ക്‌ ഭീലാംഗന എന്ന പേര്‍ വന്നത്‌.

ദോബട്ടില്‍ നിന്ന്‌ യമുനോത്രിയിലേക്കുള്ള യാത്രയില്‍ ഭാഗീരഥി റോഡിന്റെ വലതു വശത്തുകൂടി ഒഴുകുന്നതു കാണാം. ഹരിതകമ്പളമണിഞ്ഞ നെല്‍പ്പാടങ്ങളും ധാരാളം. നെല്ല്‌, ഗോതമ്പ്‌, ചോളം തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നു. യമുനോത്രിയിലേക്കു പോകാന്‍ ഭാഗീരഥി മുറിച്ചുകടക്കേണ്ടി വരുന്നില്ല.

തെഹ്‌രിയില്‍ നിന്നും 42 കിലോ മീറ്റര്‍ അകലെയാണ്‌ ധരസു. 1036 മീറ്റര്‍ ഉയരത്തിലായി വിലസുന്ന ധരസുവില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ്‌ ഇടത്തോട്ടു തിരിയുന്ന റോഡാണ്‌ യമുനോത്രിയിലേക്ക്‌. നേരെ പോയാല്‍ ഉത്തരകാശിയിലാണു്‌ എത്തിച്ചേരുക. കല്യാണി, സില്‍ക്കിയാരാ, റാണിഘട്ട്‌ മുതലായ ഗ്രാമങ്ങളില്‍ കൂടിയാണ്‌ യാത്ര.

റാണിഘട്ട്‌ കഴിഞ്ഞ്‌ ബര്‍ക്കോട്ടില്‍ എത്തുമ്പോള്‍ അവിടെ ധാരാളം ആപ്പിള്‍ തോട്ടങ്ങള്‍ കാണാം. ഇവിടെ നിന്നും ഉത്തരകാശിയിലേക്കു പോകാം. ആദ്യമായി യമുനയെ കാണാന്‍ കഴിയുക ദണ്ഡഗാവോമില്‍ വച്ചാണ്‌. ഋഷികേഷില്‍ നിന്നും 175 കിലോമീറ്റര്‍ അകലെയാണ്‌ ബര്‍ക്കോട്ട്‌.

ബര്‍ക്കോട്ടില്‍ നിന്നും യമുനയ്ക്കൊപ്പം പോകുന്ന റോഡ്‌ ഗംഗാനദിയിലാണ്‌ എത്തുക. അവിടെ ഒരു തടാകമുണ്ട്‌. ഗംഗാനയനകുണ്ഡ്‌. ഇത്‌ ഭൂമിക്കടിയിലുള്ള ചാലുകളിലൂടെ ഭാഗീരഥിയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നു പറയപ്പെടുന്നു. അതുകൊണ്ട്‌ ഇവിടെ സ്നാനം ചെയ്യുന്നത്‌ പുണ്യമായി കരുതുന്നു. ഇവിടുത്തെ ക്ഷേത്രത്തില്‍ ഗംഗയെയും യമുനയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. യമുനയ്ക്കും ഭാഗീരഥിയ്ക്കും ഇടയില്‍ 1 കി.മി. അകലമേയുള്ളൂ. പ്രയാഗിനു മുമ്പ്‌ മറ്റൊരു സ്ഥലത്തും ഇവരണ്ടും ഇത്ര അടുത്തു വരുന്നതേയില്ല. പ്രയാഗില്‍ വച്ചാണ്‌ യമുന ഗംഗയില്‍ ലയിക്കുന്നത്‌.

ബര്‍ക്കോട്ടില്‍നിന്നും കുറച്ചുദൂരം താണ്ടിയാല്‍ മഞ്ഞണിഞ്ഞു കിടക്കുന്ന മലനിരകള്‍ കാണാം. ആ മലനിരകളെ ബന്ദര്‍പൂഞ്ച്‌ അഥവാ കുരങ്ങുവാല്‍ എന്നാണ്‌ വിളിക്കുന്നത്‌. അവിടെ രണ്ടു കൊടുമുടികള്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്നു. അഞ്ചെണ്ണമുണ്ടെന്നാണ്‌ നാട്ടുകാരുടെ വിശ്വാസം. പഞ്ചപാണ്ഡവര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്വര്‍ഗ്ഗാരോഹിണി എന്ന പാത ഇതിനടുത്താണത്രേ. പാണ്ഡവന്മാരില്‍ ഓരോരുത്തരും ഓരോ കുന്നില്‍ ഇപ്പോഴും വസിക്കുന്നു എന്നാണ്‌ ഭക്തജനമതം.

ബന്ദര്‍പൂഞ്ച്‌ എന്ന പേരിനു പിന്നില്‍ ഒരു കഥയുണ്ട്‌. ഹനുമാന്‍ മൃതസഞ്ജീവനി തേടി അവിടെ എത്തിയിട്ടുണ്ടത്രേ. ഇപ്പോഴും എല്ലാ വര്‍ഷവും ഫല്‍ഗുനമാസത്തില്‍ ഹരിദ്വാറില്‍നിന്നും ഒരു കുരങ്ങന്‍ കൊടുമുടിയില്‍ എത്താറുണ്ടെന്നും അടുത്ത വര്‍ഷം മറ്റൊരു കുരങ്ങന്‍ വന്നതിനുശേഷമേ ആദ്യത്തെയാള്‍ തിരിച്ചു പോവുകയുള്ളൂ എന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.

ഇനിയുള്ള യാത്ര കാളിന്ദിയോടൊപ്പമാണ്‌. കാളിന്ദീപര്‍വ്വതത്തില്‍ നിന്നും ഉത്ഭവിക്കുന്നതിനാല്‍ ഇവിടെ യമുനയെ കാളിന്ദി എന്നാണു്‌ വിളിക്കുക. കാളിന്ദിനദിയുടെ (യമുനയുടെ) നിറം കറുപ്പാണ്‌. ദക്ഷപുത്രിയായ സതിയുടെ മരണശേഷം ശിവന്‍ ദക്ഷയാഗം നശിപ്പിച്ചിട്ട്‌ ലോകമെങ്ങും ചുറ്റിനടന്നു. അന്ന്‌ ഭാര്യയില്ലാതായിത്തീര്‍ന്ന ശിവനെ കണ്ടിട്ട്‌ കാമദേവന്‍ അദ്ദേഹത്തിന്റെ മേല്‍ കാമാസ്ത്രം പ്രയോഗിച്ചു. ശിവന്‍ ഉന്മത്തനായി. സരസ്സുകളിലും കാനനങ്ങളിലും അലഞ്ഞുനടന്ന ശിവന്‍ ബാണമേറ്റതോടെ കാളിന്ദിയില്‍ ചാടി മുങ്ങി. അപ്പോള്‍ അതിലെ ജലം കറുത്തുപോയത്രേ. ഇതാണ്‌ പുരാണം.

മലഞ്ചെരുവിലൂടെ അപകടം നിറഞ്ഞ 204 കി.മീ. ദൂരം പിന്നിട്ട്‌ ഞങ്ങള്‍ സയനാഛട്ടിയുടെ അടുത്തുവരെയെത്തി. തലേദിവസം മഴ പെയ്തിരുന്നതിനാല്‍ വഴിയില്‍ പലയിടത്തും റോഡിന്റെ കുറേ ഭാഗങ്ങള്‍ കൊക്കയിലേക്ക്‌ ഒലിച്ചു പോയിരുന്നു. അവശേഷിക്കുന്ന ഇത്തിരി ഇടത്തിലൂടെ ഡ്രൈവര്‍ വണ്ടി എടുക്കുമ്പോഴുള്ള ആടിയുലയലില്‍ നേരെ കൊക്കയിലേക്കാകാന്‍ വലിയ പ്രയാസമൊന്നുമില്ല. അതങ്ങു കടന്നു കിട്ടുന്നതുവരെ ഏവരും ശ്വാസം പിടിച്ചിരിക്കും. അപകടം നിറഞ്ഞ റോഡു കടക്കുന്നതും എല്ലാവരും യമുനാ മാ കീ വിളിക്കുന്നതും ഒന്നിച്ചായിരുന്നു.

ഛട്ടി എന്നാല്‍ ഗ്രാമം എന്നാണര്‍ത്ഥം. ഹിമാലയന്‍ മലനിരകളില്‍ അനേകം ഛട്ടികള്‍ ഉണ്ട്‌. സായനഛട്ടി സാമാന്യം ഭേദപ്പെട്ട ഒരു ഗ്രാമമാണ്‌. ഹിമാലയന്‍ മലനിരകളില്‍ കാണുന്ന വീടുകളെല്ലാം ഏകദേശം ഒരുപോലിരിക്കും. കാട്ടുകല്ലുകള്‍ കൊണ്ട്‌ ചെളിചേര്‍ത്തു പടുത്ത ചുവരുകള്‍. കാട്ടുതടികള്‍ തോലുപോലും ചീകിക്കളയാതെ നിരത്തിച്ചേര്‍ത്തുവെച്ച്‌ അതിന്റെ പുറത്തു കനത്തില്‍ ചെളിയും തേച്ചുണ്ടാക്കിയതാവും മുകളിലത്തെ നിലയുടെ തറ. മലയില്‍നിന്നും വെട്ടിയെടുക്കുന്ന സ്ലേറ്റുപോലുള്ള ഒരുതരം ഓടുകൊണ്ടാണ്‌ മേല്‍ക്കൂര. മലമുകളിലെ അരുവിയില്‍ നിന്നും കുഴല്‍ വഴി ആവശ്യത്തിനുള്ള വെള്ളം എല്ലാ വീടിന്റെയും ഉമ്മറത്തൂടെ ഒഴുകുന്നുണ്ടാവും. മലയോരങ്ങളില്‍ കൃഷിചെയ്തും ആടിനെ മേച്ചും വിറകു പെറുക്കിയും അവര്‍ ജീവിക്കുന്നു. തീര്‍ത്ഥാടനകാലത്ത്‌ യാത്രക്കാര്‍ക്ക്‌ ചായയും ബിസ്കറ്റും നൂഡില്‍സും മറ്റും വിറ്റ്‌ ഇവര്‍ ധനം സമ്പാദിക്കാറുണ്ട്‌.

ഞങ്ങളുടെ ബസ്സ്‌ ചെന്നെത്തേണ്ട സ്ഥലം ഹനുമാന്‍ഛട്ടിയാണ്‌. എന്നാല്‍ ഹനുമാന്‍ഛട്ടിയ്ക്കു രണ്ടുകിലോമീറ്റര്‍ മുമ്പു്‌ തലേന്നത്തെ കാറ്റിലും മഴയിലും കടപുഴകി വീണ വന്മരം വഴിമുടക്കിക്കൊണ്ട്‌ കിടപ്പുണ്ടായിരുന്നു. സമയം രാത്രിയായിത്തുടങ്ങിയിരുന്നു. ഡ്രൈവര്‍ വണ്ടിയില്‍ നിന്നിറങ്ങി ഒരു ബീഡിയും കത്തിച്ചു്‌ ആ മരത്തില്‍ ക്കയറി ഇരിപ്പായി. എല്ലാവരോടും ഇറങ്ങി നടന്നോളാന്‍ പറയാന്‍ അദ്ദേഹം മറന്നില്ല. നേരം ഇരുട്ടി വരുന്നു. കൊടും കാട്ടിലാണ്‌ വണ്ടി കൊണ്ടുവന്നു നിറുത്തിയിരിക്കുന്നത്‌. സ്ത്രീകളും കുട്ടികളും ഒക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എല്ലാവരും അവിടെ ഇറങ്ങി നടക്കാന്‍ തുടങ്ങി. രണ്ടു കിലോമീറ്റര്‍ പോയാല്‍ ഞങ്ങള്‍ക്കു താമസിക്കാന്‍ ലോഡ്‌ജ്‌ കിട്ടുമെന്നു പറയാനുള്ള ദയ അയാള്‍ കാണിക്കാതിരുന്നില്ല. അല്ല; ഞാനെന്തിനാ ചൂടാവുന്നേ? അയാള്‍ക്ക്‌ വേറെ എന്തു ചെയ്യാന്‍ കഴിയും? ആടിയുലഞ്ഞുള്ള യാത്രയായതിനാല്‍ എല്ലാവരും ക്ഷീണിതരാണ്‌. രാത്രിയില്‍ കുറെദൂരം കാട്ടിലൂടെ നടക്കേണ്ട കാര്യം ഓര്‍ത്ത്‌ ഉള്ളില്‍ ചെറിയ പേടിയുമുണ്ട്‌. ഡ്രൈവര്‍സാര്‍ ഒരു കൂസലുമില്ലാതെ സന്തോഷവാനായി കാലാട്ടിയിരിക്കുന്നു. ഒരാള്‍ വിഷമിക്കുമ്പോള്‍ വേറൊരാള്‍ ഒരു പ്രശ്നവുമില്ലാതിരിക്കുക. എങ്ങനെ സഹിക്കാനാവും?

കുറേ നടന്നപ്പോള്‍ ഒരു ഗ്രാമത്തിലെത്തി. അതു ഹനുമാന്‍ഛട്ടിയാണെന്നു്‌ ആരോ പറഞ്ഞു. യമുന കൂലംകുത്തി പാഞ്ഞൊഴുകുന്ന ഘോരശബ്ദം കേള്‍ക്കാമായിരുന്നു. ദേവതാരു വൃക്ഷങ്ങള്‍ നിറഞ്ഞ വനം. ആകാശം മേഘാവൃതമാണ്‌. മഴ തകര്‍ത്തു പെയ്യാനുള്ള സാദ്ധ്യതയുമുണ്ട്‌. ശക്തിയായി മഴപെയ്താല്‍ യമുനോത്രിയിലേക്കുള്ള വഴികളെല്ലാം ഇടിഞ്ഞു വീഴുമെന്നും പിന്നെ തിരിച്ചു പോകുന്ന കാര്യം മാത്രം ചിന്തിച്ചാല്‍ മതിയെന്നും ഒരുത്തന്‍ തട്ടിവിടുന്നുണ്ടായിരുന്നു. മഴതുടങ്ങുന്നതിനു മുമ്പ്‌ രാത്രി കഴിച്ചുകൂട്ടാന്‍ പറ്റിയ ഒരിടത്തെത്തിയാല്‍ മതിയെന്നു കരുതി ഞങ്ങള്‍ ധൃതിയില്‍ നടന്നു. കുറെ നടന്നതിനുശേഷം രണ്ടുമൂന്നു ലോഡ്ജുകളുള്ള ഒരിടത്തെത്തി. ഇതാണു്‌ യമുനോത്രിയിലേക്കു കയറ്റം തുടങ്ങുന്നതിനുമുമ്പുള്ള അവസാനത്തെ ഇടം. ഇവിടെ ഏതെങ്കിലും ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിക്കാം. അതു റാണാച്ഛട്ടി ആയിരുന്നു.

മുറിയെടുത്തു ഒരു കുളിയും പാസ്സാക്കി കട്ടിലില്‍ മലര്‍ന്നങ്ങു കിടന്നതോടെ ക്ഷീണമെല്ലാം എങ്ങോ പോയ്മറഞ്ഞു. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. സമയം എട്ടു മണിയായി. പുറത്ത്‌ ശക്തിയായി കാറ്റു വീശുന്നു. കാറ്റും യമുനയുടെ ഘോരാട്ടഹാസവും കൊണ്ട്‌ അന്തരീക്ഷമാകെ പ്രക്ഷുബ്ധമാണെങ്കിലും എന്തോ ഒരു ശാന്തത എങ്ങും നിറഞ്ഞിരിപ്പുണ്ടെന്നു തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ കാറ്റൊന്നടങ്ങി. യമുനയ്‌ ക്കഭിമുഖമായാണ്‌ ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജ്‌. മുകളിലത്തെ നിലയിലാണ്‌ മുറി. സീസണ്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ 50 രൂപയേ വാടക കൊടുക്കേണ്ടി വന്നുള്ളൂ. സെപ്തംബറിലാണ്‌ തീര്‍ത്ഥാടകര്‍ കൂടുതലായി യമുനോത്രിയിലെത്തുക.

ഗായത്രി വാതില്‍ തുറന്നു്‌ വരാന്തയില്‍ പോയിനിന്നു്‌ അല്‍പം കഴിഞ്ഞ്‌ എന്നെ വിളിച്ചു. ആകാശത്തുകൂടെ പാഞ്ഞൊഴുകുന്ന മേഘശകലങ്ങള്‍.അവയ്ക്കിടയില്‍ ഒളിതൂകി നില്‍ക്കുന്ന തെളിഞ്ഞ ചന്ദ്രന്‍. നല്ല നിലാവുള്ള രാത്രി. പെട്ടെന്നാണ്‌ കാറ്റും മഴയും തുടങ്ങിയത്‌. ഞങ്ങള്‍ അകത്തുകയറി വാതിലടച്ചു. ഹിമാലയത്തില്‍ ഇങ്ങനെയാണ്‌. അന്തരീക്ഷം യാതൊരു മുന്നറിയപ്പുമില്ലാതെ മാറിക്കൊണ്ടിരിക്കും. മഴ കൂടിക്കൂടി വരുന്നതേയുള്ളൂ. നാളത്തെ യാത്രയുടെ ഗതി അധോഗതിതന്നെ എന്നുറപ്പിച്ചു. വരുന്നതുപോലെ വരട്ടെ എന്നു കരുതി മൂടിപ്പുതച്ചു കിടന്നുറങ്ങി.

ഷൌക്കത്ത്‌, ഗുരുകുലം, ഫേണ്‍ഹില്‍, ഊട്ടി.

Submitted by ബെന്നി (not verified) on Mon, 2005-10-03 13:58.

ആഷാമേനോന്‍, യാത്രാവിവരണങ്ങള്‍ എഴുതിത്തുടങ്ങിയതോടെ തളിരിട്ടതാണ് ഷൌക്കത്ത് എഴുതുന്നതുപോലെയുള്ള യാത്രാവിവരണ സാഹിത്യം. ഇപ്പോള്‍, മലയാളത്തിലിപ്പോള്‍ യാത്രാവിവരണ സാഹിത്യം പൂത്തുലഞ്ഞു നില്‍പ്പാണ്. പി. സുരേന്ദ്രന്‍ ഇത്തരം സാഹിത്യമെഴുതാനാണ് ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്നത്. ഡി. വിനയചന്ദ്രന്‍റേതായി മാധ്യമം ഓണപ്പതിപ്പിലൊരു യാത്രാവിവരണമുണ്ട്. "ഇന്ത പാണിയില്‍ മറുപടിയും എഴുതുവേന്‍" എന്ന് വിവരണത്തിന്‍റെ അവസാനത്തില്‍ വായനക്കാരെ ഭയപ്പെടുത്തുന്നുമുണ്ട്. വീരേന്ദ്രകുമാറും വിട്ടു കൊടുക്കുന്ന ഭാവമില്ല. ആമസോണ്‍ യാത്രകളും കടന്ന് ഈ മനുഷ്യന്‍ അങ്ങനെ, വീടും കുടിയുമില്ലാതെ, സഞ്ചരിക്കുകയാണ്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രകള്‍ മറന്നില്ലല്ലോ, അല്ലേ? യേത്? സര്‍ക്കാര്‍ വക യാത്രകള്‍, എത്ര പ്രാവശ്യം നമുക്കൊക്കെയായി പങ്കു വെച്ചിരിക്കുന്നു, നമ്മുടെ സച്ചിദാനന്ദന്‍. ചുറ്റും നോക്കിയാല്‍, എല്ലാ അക്ഷരകലാ വര്‍ക്കേഴ്സും യാത്രാവിവരണം എഴുതുന്നതിന്‍റെ തിരക്കിലാണ്. യാത്രാവിവരണം എഴുതുന്നത് പണ്ടത്തെ മഹാകാവ്യ രചന പോലെ ഒരു സംഭവമായി മാറിക്കഴിഞ്ഞോ? ഇതോടെ സത്തിയം എന്ന? (ഷൌക്കത്തിന്‍റെ എഴുത്തിനെ കുറ്റം പറഞ്ഞതല്ല ഞാന്‍. യാത്രാവിവരണ സാഹിത്യത്തിന്‍റെ സമൃദ്ധിയില്‍ അത്ഭുതം തോന്നുന്നതുകൊണ്ട് ചോദിച്ചതാണ്.)

Submitted by jayesh (not verified) on Mon, 2005-10-03 15:17.

ente ponnu benni...thanikku iniyum pitikittiyille? kaalam maarumbol kolam maruka ennathu thanne. kathayum kavithyum kondonnum pizhappakillennu manssilayal pinne entha cheyka? kalayum sahithyamokke ini aarkum venam? udara nimitham bahukrutha vesham!!

Submitted by Sunil (not verified) on Mon, 2005-10-03 20:19.

chEruvayil "bhaavana" al_pam kuRavu pOrE? onnaamatthe kaaraNam athu thanne. eniyangOTT oru paaT ezhuthaanunT~, thal_kkaalam Shaoukath thuTaraTTE. namukk~ vErEyeviTeyenkilum pOyirunnu char_chcha cheyyaam-S-

Submitted by Akhilesh (not verified) on Thu, 2005-11-17 15:38.

Etayaalum pokaan pattunnilla.Engil pinne vaayichengilum sthalasamrudhi ariyaan ee kurippukal kollumente changathee.
Ethine kuttam parayaruthu.
Eshtamillengil vaayikanda.
Enthanu ezhuthiyittullathennu manassilaakkananu "heading" ennulla saadhanam kodukkunnathu.
Bhavana koodathulalla srishtikalkku vera topic anewshikkooo, kandathum.

Submitted by Sunil (not verified) on Fri, 2005-11-18 15:51.

Akhilesh, njaan Shaukatthinte ezhutthine paRanjathalla. BenniyuTe kamantin~ maRupaTi iTTathaN~. Shaukatth nallathaayi ezhuthunnunT~ ennaaNente abhipraayam, maathramalla ente ee abhipraayam njan vERoru issue-il iTTiTTumunT~. iththaram kootuthal charchchakaL "samvadam" sectionil aakaam. Shoukatthinte ezhutthine pati maathram iviTe paRayaam -athu nallathaaN~