തര്‍ജ്ജനി

ജനകീയ കല

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പരമോന്നത ബഹുമതിയായ ഫാല്‍ക്കേ പുരസ്കാരം ഇത്തവണ ഒരു മലയാളിയെയാണ്‌ തേടിയെത്തിയത്‌. മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേയ്ക്ക്‌ കൈപിടിച്ചു നടത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ച പദ്‌മശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ. സത്യജിത്‌ റേ കഴിഞ്ഞാല്‍ ഒരു പക്ഷേ രാജ്യാന്തര മേളകളില്‍ ഏറ്റവുമധികം പരാമര്‍ശവിധേയമായ പേരും അടൂരിന്റേതായിരിക്കും. ചിത്രലേഖാ ഫിലിം സൊസൈറ്റിയിലൂടെ കേരളത്തില്‍ ഒരു നവ സിനിമാപ്രസ്ഥാനത്തിനു നാന്ദി കുറിക്കുകയും സ്വയംവരത്തില്‍ തുടങ്ങി നിഴല്‍ക്കുത്തില്‍ എത്തിനില്‍ക്കുന്ന കഥാചിത്രങ്ങളിലൂടെയും മുപ്പതോളം ഹ്രസ്വചിത്രങ്ങളിലൂടെയും മലയാളിയുടെ ദൃശ്യസംസ്കാരത്തിനു യുക്തിപരമായ കാഴ്ചവട്ടങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്ത അടൂരിന്റെ ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്‌. 1983-ല്‍ പ്രസിദ്ധീകരിച്ച 'സിനിമയുടെ ലോകം' എന്ന പുസ്തകത്തില്‍ സിനിമ സംവിധായകന്റെ/ചലചിത്രകാരന്റെ മാത്രം കലയാണെന്നു സംശയത്തിനിടയില്ലാത്ത വിധം അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്‌. ആ പുസ്തകത്തില്‍ നിന്നും.

ജനകീയകല

അടൂര്‍ ഗോപാലകൃഷ്ണന്‍

ചലച്ചിത്രങ്ങളെല്ലാം നേരിട്ട്‌ ഗുണപാഠങ്ങള്‍ പഠിപ്പിക്കണമെന്നും ആസ്വാദകനില്‍ സാത്വികം വളര്‍ത്തണമെന്നും ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും നമുക്കതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ പുറന്തള്ളാം. പ്രചാരണമാദ്ധ്യമങ്ങള്‍ക്ക്‌ പുറത്തു ക്ഷാമമില്ലല്ലോ.

പ്രസിദ്ധ ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകനായ ഫ്രെഡറിക്കോ ഫെല്ലിനി അദ്ദേഹത്തിന്റെ 'റോമാ' എന്ന ചിത്രത്തില്‍ ഒരു രംഗത്തു പ്രത്യക്ഷപ്പെടുന്നുണ്ട്‌. രംഗം ഇതാണ്‌ - ചില ദൃശ്യങ്ങളുടെ ചിത്രീകരണത്തിനു ശേഷം സംവിധായകനുള്‍പ്പടെയുള്ള സാങ്കേതികവിദഗ്ദ്ധന്മാര്‍ മരത്തണലുകളില്‍ അല്‍പം വിശ്രമമെടുക്കുന്നു. ഫെല്ലിനി സ്വസ്ഥമായിരിക്കുന്നതു കണ്ട്‌ ചെറുപ്പക്കാരായ ആരാധകസംഘം അദ്ദേഹത്തിനു ചുറ്റും കൂടുന്നു. ഉത്‌പതിഷ്ണുക്കളായ അവര്‍ക്ക്‌ ഫെല്ലിനിയോട്‌ ചില വിവരണങ്ങള്‍ ചോദിച്ചറിയാനുണ്ട്‌. ഫെല്ലിനി സമ്മതം മൂളി. ചോദ്യങ്ങളുടെ ചുരുക്കം ഇതായിരുന്നു: ഇറ്റലിയ്ക്ക്‌ ധാരാളം പ്രശ്നങ്ങളുണ്ട്‌. പ്രശ്നങ്ങളുടെ പരിചിന്തനവും പരിഹാരവും ഫെല്ലിനി തന്റെ ചിത്രത്തിലൂടെ സാധിക്കണം. അതിനു തയ്യാറാകുമോ? ഫെല്ലിനി ഉടന്‍ ഉത്തരം പറഞ്ഞു: ഒരു വ്യക്തിയെന്ന നിലയില്‍ ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത സങ്കീര്‍ണ്ണമായ ഒട്ടനേകം സ്വകാര്യപ്രശ്നങ്ങള്‍ എനിക്കുണ്ട്‌. ഞാനൊരു വെറും സിനിമാസംവിധായകന്‍ മാത്രം. സ്വന്തം പ്രശ്നങ്ങള്‍ക്കു പോലും പരിഹാരം കാണാന്‍ കഴിയാത്ത ഞാന്‍ ഒരു സമൂഹത്തിന്റെ, ഒരു രാജ്യത്തിന്റെ വലിയ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും?

കലാകാരന്റെ സത്യസന്ധതയിലേയ്ക്കു വിരല്‍ ചൂണ്ടുന്ന ഈെ സംഭവം കേട്ട്‌ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ കൂടിയായ നമ്മുടെ സിനിമാക്കാര്‍ രോഷം കൊണ്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. ദേശീയോദ്ഗ്രഥനം, മതസഹിഷ്ണുത തുടങ്ങി നദീജലത്തര്‍ക്കം വരെയുള്ള ഉഗ്രന്‍ പ്രശ്നങ്ങള്‍ ഒറ്റമൂലിസിനിമകളിലൂടെ പരിഹരിച്ചു തീര്‍ക്കാമെന്നു ഊറ്റം കൊള്ളുന്നവര്‍ ഫെല്ലിനിയെ സാമൂഹ്യദ്രോഹി എന്നു മുദ്രകുത്തി പുച്ഛിക്കും. ഫെല്ലിനിക്കും നമ്മുടെ സിനിമാക്കാര്‍ക്കും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. ഫെല്ലിനി സമൂഹത്തിന്റെ സത്ത വ്യക്തിയെന്ന ബിന്ദുവിലൊതുക്കി കലാസുന്ദരമായി സിനിമയെന്ന മാധ്യമത്തിലൂടെ ആത്മാവിഷ്കാരം നടത്തുമ്പോള്‍ നമ്മുടെ സിനിമക്കാര്‍ സിനിമയ്ക്കു ബാഹ്യമായ ചതുപ്പിലും ചെളിയിലും സമൂഹത്തിന്റെ ക്ഷുദ്രവാസനകള്‍ക്ക്‌ വിരുന്നൂട്ടുവാനുതകുന്ന വിഭവങ്ങള്‍ക്കു വേണ്ടി പരതുന്നു.

സിനിമേതരമായ സ്വാധീനങ്ങളുടെ പിടിയില്‍ അമര്‍ന്നു ഞെരിഞ്ഞ ഒരു ചലച്ചിത്രപാരമ്പര്യമാണ്‌ നമ്മുടേത്‌. നാടകത്തിനുതകിയ സംഭാഷണശൈലി, സംഭാഷണത്തിലൂടെ അനാവൃതമാകുന്ന സങ്കീര്‍ണ്ണവും സംഭവബഹുലവുമായ കഥ, നായികാനായകന്മാര്‍ക്ക്‌ പുറമേ അവരുടെ ബന്ധു-മിത്ര പരിചാരകവൃത്തങ്ങളെയെല്ലാം അണിനിരത്തികൊണ്ടുള്ള കഥാപാത്രങ്ങളുടെ നീണ്ട നിര, കഥയുടെ ഏതുഭാഗത്തും ഏതവസരത്തിലും തുടങ്ങിയവസാനിക്കുന്ന നൃത്തങ്ങള്‍, ഗാനങ്ങള്‍, വിദൂഷകന്‌ അരങ്ങു തകര്‍ക്കാന്‍ പാകത്തിനു എറിഞ്ഞു തൊടുവിച്ച കുറേ ഹാസ്യരംഗങ്ങള്‍- എന്നു വേണ്ട മല്ലയുദ്ധകായികാഭ്യാസപ്രകടനങ്ങള്‍ മുതല്‍ വസ്ത്രാക്ഷേപവ്യവഹാരം വരെ ചിട്ടപ്പടിയ്ക്കുള്ള കുറേ പതിവിനങ്ങള്‍- സിനിമയെന്ന പേരില്‍ തുടരെ പകര്‍ത്തിപ്പടച്ച്‌ സമൂഹത്തിന്റെ ചലച്ചിത്രാവബോധത്തിനു ചുറ്റും കനത്ത പുക പരത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നമ്മുടെ കച്ചവട സിനിമയുടെ പ്രണേതാക്കള്‍ക്ക്‌ സിനിമയെന്ന കലാരൂപത്തെക്കുറിച്ച്‌ അവജ്ഞയുമുണ്ട്‌. ചലച്ചിത്രബാഹ്യമായ സുഖലാഭതാത്‌പര്യങ്ങളാല്‍ ആകൃഷ്ടരായി അവര്‍ സിനിമയുടെ രംഗത്തെത്തിയവരാണ്‌. തങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തോടുള്ള സമീപനം തന്നെയാണ്‌ അവര്‍ക്കു കാഴ്ചക്കാരുടെ സമൂഹത്തോടുമുള്ളത്‌. തങ്ങളുടെ വികൃതവാസനാസൃഷ്ടികള്‍ വിറ്റഴിക്കുവാനുള്ള ഒരു കമ്പോളമായി അവര്‍ സമൂഹത്തെ കാണുന്നു. എളുപ്പം വിറ്റഴിയുന്ന ചരക്കുകള്‍ ഉത്തമങ്ങള്‍ എന്നവര്‍ വിശ്വസിക്കുന്നു. പ്രചരിപ്പിക്കുന്നു. വിലകുറഞ്ഞ സെന്റിമെന്റലിസവും അതിശയോക്തി കലര്‍ന്ന അതിഭാവുകത്വവും ഊതിവീര്‍പ്പിച്ച നാടകീയ സംഘടനങ്ങളും അതിര്‍വരമ്പുകള്‍ ഭേദിച്ച ആഭാസവും എന്നുവേണ്ട കാഴ്ചക്കാരന്റെ ചപലവാസനകള്‍ക്ക്‌ ആവോളം വിരുന്നൂട്ടുകയാണ്‌ ഉത്‌പന്നങ്ങളുടെ വില്‍പ്പനയ്ക്ക്‌ അത്യാവശ്യം എന്ന് അവര്‍ കണക്കുക്കൂട്ടി വച്ചിരിക്കുന്നു. ചൂടും ചുണയുമില്ലാത്ത ഒരു സമൂഹത്തിനു മാത്രമേ ഇത്തരമൊരവമതി പ്രതിഷേധമില്ലാതെ വിഴുങ്ങാന്‍ കഴിയൂ. സമൂഹത്തിന്റെ സാംസ്കാരിക നിലവാരം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണത്രേ കലകള്‍. എങ്കില്‍ ഈ കണ്ണാടികളില്‍ കാണുന്ന സ്വന്തം സംസ്കാരത്തിന്റെ മുഖം സമൂഹം ഒരല്‍പം സാവകാശത്തോടെ പരിശോധിക്കുന്നതു നന്നായിരിക്കും. സമൂഹത്തിന്റെ സംവിധാനക്രമത്തില്‍ ഓരോ വ്യക്തിയ്ക്കും പ്രസ്ഥാനത്തിനും കലയ്ക്കും അതാതിന്റെ സ്വന്തമായ സ്വഭാവഗുണങ്ങള്‍ക്കനുസൃതമായി വ്യക്തവും വ്യത്യസ്തവുമായ സ്ഥാനങ്ങളുണ്ട്‌. നിയതമായി അനുഷ്ഠിക്കേണ്ട കടമകളുണ്ട്‌. സിനിമയ്ക്കു സമൂഹത്തോടു നിര്‍വഹിക്കാനുള്ള ഏറ്റവും വലിയ കടമ അതിന്റെ സൃഷ്ടികളെ തികച്ചും സിനിമകള്‍ ആക്കുക എന്നതു തന്നെ.

മായം ചേര്‍ക്കലിന്റെ ഈ സുവര്‍ണ്ണയുഗത്തില്‍, മായം കലരാത്ത എന്തെങ്കിലും ചിലതു സമൂഹത്തിനു തൊട്ടു രുചിച്ചു നോക്കാന്‍ വേണ്ടിയെങ്കിലും നമുക്കു കരുതിവയ്ക്കേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ സമൂഹം അതില്‍ വിരല്‍ മുക്കി നക്കും. ഒരു മാറ്റത്തിനു വേണ്ടി ഈ പരീക്ഷണം സിനിമയിലാക്കിയാലോ? ആത്മഹത്യാപരമായിരിക്കും അത്തരം ശ്രമങ്ങളെന്ന് അഭ്യുദയകാംക്ഷികള്‍ ഉപെദേശിച്ചേക്കാം. ദശവര്‍ഷങ്ങളായി പരിചയിച്ചു പോന്ന പഴക്കങ്ങളില്‍ നിന്നു വിട്ടുപോരാന്‍ സമൂഹമെന്ന സ്ഥാപനത്തിനു കഴിയുമോ? പരീക്ഷിച്ചറിയേണ്ടതാണ്‌.

(സിനിമയുടെ ലോകം - അടൂര്‍ ഗോപാലകൃഷ്ണന്‍, 1983, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌)