തര്‍ജ്ജനി

വെണ്‍മണി ഹരിദാസ്‌

അങ്ങനെ ശ്രീ വെണ്‍മണി ഹരിദാസ്‌ അരങ്ങൊഴിഞ്ഞു.

ഞാന്‍ അദ്ദേഹം പൊന്നാനി പാടുന്നത്‌ കേട്ടിട്ടില്ല എന്നു തന്നെ പറയാം. കാരണം ഞാന്‍ കഥകളി കണ്ടുതുടങ്ങുന്ന സമയത്ത്‌ വെണ്‍മണി ഹരിദാസ്‌ ഉണ്ണികൃഷ്ണക്കുറുപ്പിന്റേയും എമ്പ്രാന്തിരിയുടേയുമൊക്കെ ശിങ്കിടിപാടുന്ന കാലം ആയിരുന്നു. എമ്പ്രാന്തിരി ഹരിദാസ്‌ കൂട്ടുകെട്ട്‌ വളരെ പ്രശസ്തമായിരുന്നല്ലൊ. അതിനുശേഷം ഞാന്‍ നാടുവിട്ടു. പിന്നെ നാട്ടില്‍ സന്ദര്‍ശനത്തിനുവരുന്ന സമയത്ത്‌ വെണ്മണി ഹരിദാസിന്റെ പാട്ട്‌ അധികം കേള്‍ക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. തിരുവനന്തപുരത്തായിരുന്നല്ലൊ അദ്ദേഹം. എങ്കിലും ധാരാളം ശിങ്കിടിപാടിക്കേട്ടിട്ടുണ്ട്‌. മറക്കാത്തത്‌, കാറല്‍മണ്ണയില്‍വെച്ചായിരുന്നു എന്നാണെന്റെ ഓര്‍മ്മ; കുറുപ്പുമായി ചേര്‍ന്ന്‌ പാടിയ കുചേലവൃത്തം തന്നെ.

Venmani Haridas

ശങ്കരന്‍ എമ്പ്രാന്തിരിയുടെ ശബ്ദത്തിനോടു ചേരുന്ന ശബ്ദം തന്നെയായിരുന്നു ഹരിദാസിന്റേതും. പക്ഷെ എമ്പ്രാന്തിരി പിന്‍തുടര്‍ന്ന ആലാപന ശൈലി ഒരു ശിങ്കിടിപ്പാട്ടുകാരന്റെ കഴിവിനെ വളര്‍ത്തുന്നതായിരുന്നില്ല.

ഭാവാത്മകമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു വെണ്‍മണി ഹരിദാസ്‌. അഹമ്മദാബാദിലെ ദര്‍പ്പണയിലെ പരിചയവും കൈമുതലായുണ്ടായിരുന്നു. ഈ പരിചയം അദ്ദേഹത്തെ മറ്റു സംഗീത ശൈലികളുമായി പരിചയപ്പെടാന്‍ വഴിവെച്ചു. ഈ അനുഭവസമ്പത്തുമായാണ്‌ ഹരിദാസ്‌ കേരളത്തില്‍ വന്ന്‌ ഒരു കഥകളിപ്പാട്ടുകാരനായി നിലയുറപ്പിച്ചത്‌.

കഥകളി സ്വതേ ദൃശ്യ,ശ്രവ്യ,താള മേള സുഖങ്ങള്‍ ഒരുമിച്ചു തരുന്ന ഒരു കലയാണ്‌. ഇതില്‍ ഒന്നിനെയെടുത്ത്‌ പ്രത്യേകം കാണാന്‍, പരമ്പരാഗത ശൈലിയെ പിന്തുണക്കുന്നവര്‍ ഇഷ്ടപ്പെടുകയില്ല. കഥകളി ഗായകന്‌ സ്വരമാധുര്യവും ഭാവാത്മകതയുമായിരുന്നു ഒരു കാലത്ത്‌ പ്രധാനം. പരമ്പരാഗത രീതിയിലുള്ള ശാസ്ത്രീയ സംഗീതാഭ്യസനം ഇല്ലായിരുന്നു. പിന്നീട്‌ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരായിരുന്നു ശാസ്ത്രീയസംഗീതം അഭ്യസിക്കണമെന്ന ആശയം കൊണ്ടുവന്നത്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. അതേതായാലും നല്ലതായി എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. തുടര്‍ന്ന്‌ ആദ്യ മൂന്നുകൊല്ലം ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന വ്യവസ്ഥ കലാമണ്ഡലത്തില്‍ നിലവില്‍ വന്നു. അങ്ങനെ പഠിച്ചുവന്ന നീലകണ്ഠന്‍ നമ്പീശന്‍, ഉണ്ണികൃഷ്ണക്കുറുപ്പ്‌, ഗംഗാധരന്‍ തുടങ്ങിയവരുടെ പരമ്പരയില്‍ തന്നെയാണ്‌ എമ്പ്രാന്തിരിയും,ഹൈദരാലിയും ഹരിദാസും വരുക.

ഇവരില്‍ ഹൈദരാലിയേക്കാളും നല്ല ആലാപന ശൈലിയും ഭാവാത്മകതയും ഹരിദാസിനായിരുന്നു. ശബ്ദഗാംഭീര്യം ഇതിനൊരു സഹായമായിട്ടുണ്ടാകും. മാത്രമല്ല സ്വതേ കഥകളി ഗായകര്‍ക്ക്‌ ഇല്ലാത്ത സാഹിത്യവ്യാകരണബോധവും ഹരിദാസിനുണ്ടായിരുന്നു.പദം മുറിച്ചുചൊല്ലുന്നതിലും ഉച്ചാരണത്തിലുമൊക്കെയാണ്‌ ഇതറിയുക.

പഴയ മലയാളചലച്ചിത്രഗാനങ്ങള്‍ക്ക്‌ ഇപ്പോഴും കേള്‍വിക്കാരുണ്ടാകുന്നതിന്‌ അതിന്റെ ഭാവത്മകത ഒരു കാരണം തന്നെയാണ്‌. ചലച്ചിത്രം കാണാത്തവര്‍ കൂടി ഈ പഴയ പാട്ടുകള്‍ മൂളിനടക്കുന്നുണ്ട്‌. അതുപോലെ കഥകളിയുടെ ദൃശ്യപശ്ചാത്തലത്തില്‍ നിന്നും അകറ്റി ഭാവത്മകമായ ഗാനപശ്ചാത്തലം സാധാരണ ജനങ്ങള്‍ക്ക്‌, കൂടുതല്‍ പരിചയപ്പെടുത്തി എന്നതിന്‌ എമ്പ്രാന്തിരി,ഹൈദരാലി,ഹരിദാസുമാര്‍ക്ക്‌ പ്രത്യേക പങ്കുണ്ട്‌. ഇവരെല്ലാവരും മറ്റു ഗാനശാഖകളുമായി അടുത്തിടപെട്ടിരുന്നവരാണ്‌. ഹരിദാസ്‌ പ്രശസ്തിയാര്‍ജ്ജിച്ചത്‌ സന്താനഗോപാലം, കുചേലവൃത്തം, ദുര്യോധനവധം, നളചരിതം തുടങ്ങിയ പ്രചാരമുള്ള കഥകള്‍ പാടിയാണ്‌. എമ്പ്രാന്തിരിക്കും ഹൈദരാലിക്കും മദ്ധ്യേയുള്ളവനായിട്ടാണ്‌ ഹരിദാസിനെ ഞാന്‍ കാണുന്നത്‌. ഇതെന്റെ മാത്രം അഭിപ്രായമാകാമെങ്കിലും അങ്ങനെത്തന്നെയായിരിക്കാം ഭാവി തലമുറയില്‍ ഹരിദാസ്‌ ഓര്‍മ്മിക്കപ്പെടുന്നതും.

സുനില്‍ കുമാര്‍, റിയാദ്