തര്‍ജ്ജനി

യാത്രയുടെ സുകൃതകാണ്ഡം: കെ.വി. സുരേന്ദ്രനാഥ്‌

യാത്രകളുടെ ആശാന്‍ യാത്രയായി, മാനസസരോവരവും കടന്ന് 'ആകാശത്തിന്റെ മുകള്‍ത്തട്ടിലൂടെ'. ദീര്‍ഘയാത്രകള്‍ അത്രയേറെ ഇഷ്ടമായിരുന്നല്ലോ ആശാനും. നിരവധി തീര്‍ത്ഥയാത്രകളുടെ സുകൃതമായിരുന്നു ആ ജന്മവും അതിലെ കര്‍മ്മകാണ്ഡത്തിന്റെ തിരുശേഷിപ്പുകളും. എല്ലാവരുമറിയുന്ന നാട്ടുവഴികളിലൂടെ വരുകയും ഒട്ടധികമാരും എത്താത്ത ഇടങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്തു എന്നതാണ്‌ ആശാന്റെ പ്രത്യേകത. പ്രത്യേകിച്ച്‌ ഇന്ന് തീര്‍ത്തും വിജനമായിക്കൊണ്ടിരിക്കുന്ന വഴിത്താരകളിലൂടെ ആരവങ്ങളില്ലാതെ, ലാഭനഷ്ടവേവലാതിയില്ലാതെ, പ്രലോഭനങ്ങളുടെ വഴിപ്പൂക്കള്‍ക്ക്‌ വശംവദനവാതെ ഏകാഗ്രതയോടെ ഏകനായി യോഗിതുല്യമായ (മനുഷ്യോപകാരിയായ യോഗി എന്നതാവും കൂടുതല്‍ ശരി) ജീവിതം ജീവിച്ചു തീര്‍ത്തു എന്നതും ആ പ്രത്യേകതയുടെ മാറ്റ്‌ കൂട്ടുന്നു. സമാനതകളില്ലാത്ത കര്‍മ്മനൈര്‍മ്മല്യവും ശുദ്ധിയും കൊണ്ട്‌ വിശുദ്ധമാക്കപ്പെട്ടു നടന്നുതീര്‍ന്ന വഴികളൊക്കെ. അതുകൊണ്ടാണ്‌ സാധാരണ രാഷ്ട്രീയക്കാരുടെ സമവാക്യങ്ങളും വിശേഷണങ്ങളും ഒന്നും ആശാന്‌ ചേരാതെ പോകുന്നതും.

K V Surendranath

മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു സുരേന്ദ്രനാഥ്‌. എറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി തത്വശാസ്‌ത്രത്തില്‍ ബിരുദം. കോളേജ്‌ വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം പത്രപ്രവര്‍ത്തനം. അവിടെനിന്ന് അവിഭക്ത കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്കും പുന്നപ്ര - വയലാര്‍ സമരമുഖത്തേക്കും. പിന്നെ അഞ്ചുവര്‍ഷക്കാലം ഒളിവുജീവിതം. ഒളിവിലും തൊഴിലാളി സംഘടനാപ്രവര്‍ത്തനം നടത്തി പ്രസ്‌ ജീവനക്കാര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വരെ സംഘടനയുണ്ടാക്കാന്‍ സഹായവും പിന്തുണയുമായി നിന്നു. 1980 മുതല്‍ മൂന്നു പ്രാവശ്യം നെടുമങ്ങാട്ടുനിന്ന് എം. എല്‍. എയായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ ലോകസഭാംഗമായി. അവിഭക്ത കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവും സി.പി.ഐ യുടെ എണ്ണപ്പെട്ട നേതാക്കളിലൊരാളുമായി. അപ്പോഴും സ്ഥാനലബ്ധിയോ, അധികാരമോ ഒന്നും ഒരു പ്രലോഭനമേ ആയിരുന്നില്ല ആശാന്‌. ധനശാസ്ത്രത്തിലും, ഭാരതീയ ചിന്തയിലും, ചരിത്രത്തിലും മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നിട്ടും കേവല സൈദ്ധാന്തിക ജടിലതകളില്‍ പുതഞ്ഞു പോകാത്ത മനുഷ്യസ്നേഹവും പ്രകൃതിബോധവുമായിരുന്നു ആശാന്റെ കരുത്ത്‌. ആറുപതിറ്റാണ്ടുകളുടെ സംശുദ്ധമായ പൊതുജീവിതമറിയുന്ന തന്റെ ചിരകാല സുഹൃത്തിനെപ്പറ്റി ശ്രീ എം.കൃഷ്ണന്‍ നായര്‍ പറയുന്നതിങ്ങനെ. "അസാധാരണനായ ബുദ്ധിമാന്‍, ജീവിതശുദ്ധി വ്രതമാക്കിയിട്ടുള്ള മനുഷ്യസ്നേഹി, അന്യന്റെ ദുഃഖം സ്വന്തം ദുഃഖമായി കരുതുന്ന കാരുണ്യശാലി. ഇതൊക്കെയാണ്‌ സുരേന്ദ്രനാഥ്‌."

പ്രകൃതിസ്നേഹം ആശാന്‌ സമരങ്ങള്‍ സംഘടിപ്പിക്കാനുള്ള ഉപാധിയായിരുന്നില്ല. സൈലന്റ്‌ വാലി പ്രശ്നത്തിന്റെയും "അശംബു ഗ്രീന്‍സ്‌" എന്ന പ്രകൃതി സംഘടനയുടെയും മുന്‍നിരപ്രവര്‍ത്തകരില്‍ ഒരാളായത്‌ അദ്ദേഹത്തിന്റെ സഹജമായ മനുഷ്യനന്മയിലധിഷ്ടിതമായ വിശ്വാസങ്ങളാലാണ്‌.

മണ്ഡലം വോട്ട്‌ ബാങ്കും പ്രവര്‍ത്തകര്‍ അണികളും ആയിരുന്നില്ല ആശാന്‌. അവരില്‍ ഒരാളായി അണിയത്തുള്ളവന്‍ തന്നെയായിരുന്നു. വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോഴും കെ.എസ്സ്‌.ആര്‍.ടി.സി ബസ്സിലെ പതിവുയാത്രക്കാരന്‍ തന്നെയായിരുന്നു അദ്ദേഹം. അതുതന്നെയായിരുന്നു ആശാന്റെ മഹത്വവും. അസാധാരണമായി പ്രവര്‍ത്തിച്ച്‌ സാധാരണക്കാരനായി തുടരുക എന്ന ഇന്നത്തെ പുത്തന്‍ രാഷ്ടീയപ്രായോഗികമതികള്‍ക്ക്‌ മനസിലാക്കേണ്ടാത്ത വ്യാകരണവും.

മാര്‍ക്സിസത്തോടുള്ള അചഞ്ചലമായ വിശ്വാസവും ഗാന്ധിസത്തോടുള്ള പ്രതിപത്തിയും ഒന്നിച്ചു ചേര്‍ക്കുക വഴി ഒട്ടും പ്രകടപരമല്ലാത്ത വിനീതമായൊരുജീവിതം നയിക്കാനദ്ദേഹത്തിനുകഴിഞ്ഞു. എല്ലാവരുമിരിക്കുന്ന ഇടങ്ങളില്‍ ആശാന്‍ പണ്ടും ഉണ്ടായിരുന്നില്ല, ഇനിയങ്ങോട്ടും...

സുനില്‍ കൃഷ്ണന്‍