തര്‍ജ്ജനി

മുഖമൊഴി

മലയാളത്തിനും വേണോ ഒരു ശങ്കരസര്‍വ്വകലാശാല?

തഞ്ചാവൂരില്‍ തമിഴു് സര്‍വ്വകലാശാലയുണ്ടു്, കുപ്പത്തു് തെലുഗു് സര്‍വ്വകലാശാലയുണ്ടു്, എന്തിനു്, കാലടിയില്‍ സംസ്കൃതത്തിനും സര്‍വ്വകലാശാലയുണ്ടു്. എന്നിട്ടും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്നു് നമ്മുടെ സാംസ്കാരികനായകന്മാര്‍ക്കു് തോന്നാതിരിക്കാന്‍ കാരണമെന്താണു്? മലയാളത്തിനു് സര്‍വ്വകലാശാല വേണം എന്നു് ഇതു വരെ ആരും പറയാതെയല്ല. പക്ഷേ അതെല്ലാം മലയാളവാരം കൊണ്ടാടുമ്പോള്‍ മലയാളം രണ്ടാം ഭാഷയാണ് ഇപ്പോഴും നമ്മുക്കു് എന്ന പോലെ ഒരു പരിഭവം പറച്ചില്‍ മാത്രമായിരുന്നു. പോയാലൊരു വാക്കു്, കിട്ടിയാല്‍ ഒരാന എന്ന മട്ടില്‍‍. അത്ര കടുത്ത ഭാഷാഭ്രാന്തില്ലാത്തവരായതിനാല്‍ മലയാളികളാരും അതു് കാര്യമാക്കിയിരുന്നില്ല. ഇപ്പോഴും സ്ഥിതി അങ്ങനെ തന്നെ. എന്നാലും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്ന വാദം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ടു്. പാഠ്യപദ്ധതിയില്‍ മലയാളം പ്രാന്തവത്കരിക്കപ്പെടുകയോ പടിയിറക്കപ്പെടുകയോ ചെയ്യുന്ന നടപ്പുസാഹചര്യത്തില്‍ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരു വിഭാഗമാണു് ഇപ്പോള്‍ ഈ വാദം ഉന്നയിക്കുന്നതു്. കേരളത്തില്‍ ഓരോ ജില്ലയിലും മലയാളവേദി രൂപീകരിച്ചു് പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘം ഉന്നയിക്കുന്ന വാദം എന്ന നിലയില്‍ മുന്‍കാലത്തെ വെറും പറച്ചിലിന്റെ കൂട്ടത്തില്‍ കളയേണ്ടതല്ല ഇത്. അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും ഇന്നു് സര്‍വ്വകലാശാലാവാദത്തിന്റെ പക്ഷത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടു്.

മലയാളഭാഷ പ്രാന്തവത്കരിക്കപ്പെടാനുള്ള കാരണം അതു് നമുക്കു് ജ്ഞാനത്തിന്റെ ഭാഷയല്ലാത്തതിനാലാണു് എന്നും മലയാളഭാഷയെ ജ്ഞാനഭാഷയായി വികസിപ്പിച്ചെടുക്കണമെന്നും അതിനു് മലയാള സര്‍വ്വകലാശാല വേണം എന്നും പുതിയ സര്‍വ്വകലാശാലാവാദത്തെ സംഗ്രഹിക്കാം. ഒരു പക്ഷേ, സര്‍വ്വകലാശാലാവാദത്തിന്റെ സൂക്ഷ്മവിശാദാംശങ്ങള്‍ ഈ സംക്ഷേപണപ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കയില്ല. എന്നിരുന്നാലും വാദത്തിന്റെ യുക്തി മനസ്സിലാക്കാന്‍ ഇത്രയും മതി. സര്‍വ്വകലാശാലയില്‍ കുറഞ്ഞ ഒരു പ്രശ്നപരിഹാരത്തെക്കുറിച്ചു് ആലോചിക്കുന്നില്ല. മാത്രമല്ല, മേല്പറഞ്ഞ ലക്ഷ്യം നേടുവാനായി നിലവിലുള്ള സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കുന്നതിനെക്കുറിച്ചോ, അവയില്‍ പുതിയ ചില വിഭാഗങ്ങള്‍ ആരംഭിച്ചു് പ്രശ്നപരിഹാരം സാദ്ധ്യമാവുമോ എന്നതിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെ പുതിയ ഒരു സര്‍വ്വകലാശാല തന്നെ വേണം എന്നു് വാദിക്കുമ്പോള്‍, അതു് ഉദ്ദിഷ്ടഫലം നല്കുമോ എന്നു് ആലോചിക്കേണ്ടതല്ലേ?

തിരുവനന്തപുരത്തുള്ള കേരള സര്‍വ്വകലാശാലയാണല്ലോ കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല. രാജഭരണത്തിന്റെ കാലത്തു് സ്ഥാപിക്കപ്പെട്ട ആ സര്‍വ്വകലാശാലയുടെ ആദ്യനാളുകള്‍ അത്യുന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. സര്‍വ്വകലാശാലയുടെ പ്രഖ്യാപിതമായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനം കേരളത്തിലെ ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടത്തുക എന്നതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കണ്ടത്തില്‍ വറുഗീസുമാപ്പിളയും കൂട്ടരും ഭാഷാപോഷിണിസഭ സ്ഥാപിക്കുമ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യവും ഇതു തന്നെയായിരുന്നു. കേരളത്തില്‍, കാലാന്തരത്തില്‍ സ്ഥാപിക്കപ്പെട്ട സമസ്തസര്‍വ്വകലാശാലകളുടേയും പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഭാഷയും സാഹിത്യവും മുഖ്യസ്ഥാനം നേടിയിട്ടുണ്ടു്. ഭാഷാപോഷണത്തിനായി, സര്‍വ്വകലാശാലയ്ക്കു പുറമെ കേരള സാഹിത്യ അക്കാദമിയും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. ഇവയെല്ലാം പ്രഖ്യാപിതലക്ഷ്യം സാധിക്കാന്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവെന്നു് കണക്കാക്കുകയാണെങ്കില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം അദ്ധ്വാനിച്ചിട്ടും മലയാളം പരിപുഷ്ടമായില്ല എന്നു വേണം കരുതാന്‍. അങ്ങനെയെങ്കില്‍, ആരു് ശ്രമിച്ചാലും രക്ഷിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗുരുതരമായ പ്രശ്നം മലയാളഭാഷയ്ക്കുണ്ടായിരിക്കണം.

ഭാഷയ്ക്കു് സഹജമായുള്ള പ്രശ്നം കൊണ്ടല്ല അതു് പരിപുഷ്ടമാവാതെ പോയതെങ്കില്‍ നമ്മുടെ സര്‍വ്വകലാശാലകളും സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും ഉത്തരവാദപ്പെട്ടവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും വേണം കരുതുവാന്‍. ആരൊക്കെയായിരുന്നു ഇത്തരം സ്ഥാപനങ്ങളെ മുന്‍കാലത്തു് നയിച്ചിരുന്നതു് എന്നു് പരിശോധിക്കുമ്പോഴാണു് ഇങ്ങനെ പറയാമോ എന്നു് സംശയം തോന്നുന്നതു്. ഇന്നു് നയിക്കുന്നവരുമായി ഒരു താരത്യമ്യം പോലും സാദ്ധ്യമാവാത്ത നിലയില്‍ ഔന്നത്യമുള്ളവര്‍. ആ മഹാരഥന്മാരെ, പാര്‍ട്ടി നോമിനികളോടൊപ്പം ചേര്‍ത്തു പറയുക എന്നതു തന്നെ മഹാപാപമാണു്. മഹാരഥന്മാരായ നായകരോടൊപ്പമുണ്ടായിരുന്നവരുടെ കഴിവില്ലായ്മ കാരണം അവര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ പരാജയപ്പെട്ടു പോയതാണോ? ഇവിടെയാണു് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കാണാന്‍ പോയ നിവേദകസംഘത്തില്‍ ഉണ്ടായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ പേരു് ശ്രദ്ധേയമാകുന്നതു്.

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ കേരള സര്‍വ്വകലാശാലയിലെ മലയാളം വകുപ്പിന്റെ നായകനായിരുന്ന കാലത്താണു് അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഒന്നാം ലോക മലയാളസമ്മേളനം സംഘടിപ്പിക്കപ്പെട്ടതു്. അക്കാലത്തെ പത്രത്താളുകള്‍ പരിശോധിച്ചു നോക്കുക. അതിരൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണു് അന്നു് അദ്ദേഹം നേരിടേണ്ടി വന്നതു്. ഏറെപ്പേരൊന്നുമുണ്ടായിരുന്നില്ല അനുമോദിക്കാന്‍. ലോകമലയാളം എന്നതു തന്നെ പരിഹാസവിഷയമാണു്. പുതുശ്ശേരി രാമചന്ദ്രന്‍ എതിര്‍ക്കപ്പെടാന്‍ കാരണമെന്തായിരുന്നു. നമ്മുടെ രാഷ്ട്രീയ-സാംസ്കാരികനായകന്മാര്‍ അന്നു് കൈക്കൊണ്ട നിലപാടു് എന്തായിരുന്നു?

മറ്റു വല്ല ഭാഷയും പഠിച്ചു് എവിടെയെങ്കിലും പണിതേടിപ്പോകാനുള്ള മലയാളികളോടു് മലയാളം പഠിക്കാന്‍ പറയുന്നതിലെ യുക്തിരാഹിത്യം ഒരു നെടുങ്കന്‍ യുക്തിയായി എല്ലായ്പോഴും പറയാറുള്ള കേരളീയരുടെ നിലപാടില്‍ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ മലയാളത്തിനു് വേണ്ടി വാദിക്കുന്ന അദ്ധ്യാപകര്‍ അവരുടെ ജോലിസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക കാരണമാണു് ബഹളമുണ്ടാക്കുന്നതു് എന്നാണു് നമ്മുടെ വിദ്യാഭ്യാസാസൂത്രകര്‍ പോലും കണക്കാക്കുന്നതു്. അതിനാല്‍, അദ്ധ്യാപകരുടെ ആശങ്കയകറ്റാന്‍ ആരുടെയും പണി പോകില്ല എന്ന ഉറപ്പാണു് ആസൂത്രകര്‍ നല്കുന്നതു്. ഭാഷാദ്ധ്യാപകര്‍ക്കു് തൊഴിലുറപ്പുപദ്ധതിയാണോ വേണ്ടതു് എന്ന പ്രസക്തമായ ചോദ്യം തൃശ്ശൂര്‍ പാഠ്യപദ്ധതിശില്പശാലയില്‍ പങ്കെടുത്ത ഒരു അദ്ധ്യാപകന്‍ അന്നു് ചോദിക്കുകയുണ്ടായി. ഒരു ചോദ്യം ഇതാണു്: പുതുശ്ശേരി രാമചന്ദ്രന്‍ അന്നു് അസ്വീകാര്യനും ഇന്നു് സ്വീകാര്യനാവുകയും ചെയ്യുന്നതു് എന്തുകൊണ്ടാണു്? അതിലെ യുക്തി ഭാഷയുമായി ബന്ധപ്പെട്ടതു മാത്രമാണോ?

ഭാഷയായാലും പൗരാവകാശമായാലും വിചിത്രയുക്തികള്‍ നിരത്തുന്ന ബുദ്ധിജീവികള്‍ അധിവസിക്കുന്ന ദേശമാണു് കേരളം. അധികാരത്തിന്റെ ഇടനാഴികളില്‍ എത്തിച്ചേരാനും അതിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും ആവശ്യമായ അളവില്‍ വികൃതമായ രാഷ്ട്രീയബോധവും വിധേയത്വവും കൊണ്ടു നടക്കുകയെന്നതാണു് കേരളീയ ബുദ്ധിജീവികളുടെ രീതി. ഏതെങ്കിലും രാഷ്ട്രീയജീര്‍ണ്ണതയെ സ്വന്തം പക്ഷമായി ഏറ്റെടുത്തു് കൊണ്ടുനടക്കുകയും അതിനു വേണ്ടി അധരസേവനം ചെയ്യുകയുമാണു് തങ്ങളുടെ ദൗത്യം എന്നു് അവര്‍ നിശ്ചയിക്കുന്നു. എതിര്‍പക്ഷത്തെ അവഹേളിക്കുവാന്‍ എന്തും ചെയ്യുക എന്ന നിലയിലുള്ള പുരോഗതി ഈ ബുദ്ധിജീവികള്‍ കൈവരിച്ചിട്ടുണ്ടു്. നിര്‍ല്ലജ്ജമായ ഈ പാദദാസ്യം യോഗ്യതയായി ചുമന്നു നടക്കുന്നവരാണു് സര്‍വ്വകലാശാലകളിലും അക്കാദമികളിലും ഇന്‍സ്റ്റിറ്റിയൂട്ടിലും നായകരായി നിയോഗിക്കപ്പെടുന്നതു്. ബിരുദതലത്തില്‍ പഠിച്ച സയന്‍സിന്റെ ബലത്തില്‍ കൊച്ചിയിലെ ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്തു് സാഹിത്യനിരൂപകന്‍ അവരോധിക്കപ്പെട്ടതു് മുതല്‍ സംസ്കൃതസര്‍വ്വകലാശാലയിലെ അസംസ്കൃത വൈസ്ചാന്‍സലര്‍മാര്‍വരെ മാതൃകകളായി നമ്മുടെ മുന്നിലുണ്ടു്. ശാസ്ത്രജ്ഞരും സംസ്കൃതപണ്ഡിതരും പുറത്തു നില്ക്കട്ടെ, നമ്മുടെ ഒരാള്‍ അവിടെ ഇരിക്കട്ടെ എന്നതാണു് ന്യായം. എന്താണു് ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ ദൗത്യം? അവരെ നിയോഗിച്ച യജമാനന്മാരുടെ താല്പര്യത്തിനു് പാകത്തില്‍ കാര്യങ്ങള്‍ നടത്തുക. അവിടെ ന്യായവും നീതിയും ശരിതെറ്റുകളും ഒന്നുമില്ല. സര്‍വ്വകലാശാലകളെക്കുറിച്ചു് പത്രത്തില്‍ വരുന്ന വാര്‍ത്തകളോരോന്നും ഇതു് ശരിവെക്കുന്നവയാണു്. രാഷ്ട്രീയയജമാനന്മാരുടെ ഉച്ചക്കിറുക്കുകള്‍ക്കു് വിധേയരാവാന്‍ വിസമ്മതിക്കുന്നവരെ ഏതൊക്കെ രീതിയില്‍ പീഡിപ്പിക്കാമോ, അതെല്ലാം ചെയ്യുക,അതിനു കൂട്ടു നില്ക്കുക; ഇങ്ങനെ നിരവധി വാര്‍ത്തകള്‍ നിത്യേനയെന്നോണം നമ്മള്‍ കേള്‍ക്കുന്നു.

കാഞ്ചി കാമകോടിപീഠം പണം നല്കാമെന്നു പറഞ്ഞതിനാലാണു് കാലടിയില്‍ സംസ്കൃതസര്‍വ്വകലാശാല തുടങ്ങിയതു്. സംസ്കൃതഭാഷയോടും അതില്‍ സംഭൃതമായ ഭാരതീയവൈജ്ഞാനികതയുടെ ബൃഹദ്ശേഖരത്തോടുമുള്ള താല്പര്യമൊന്നുമായിരുന്നില്ല സംസ്കൃതസര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നതിന്നു പിന്നില്‍. കാമകോടിപീഠം കാശു കൊടുത്തു, സര്‍വ്വകലാശാല നിവലില്‍ വരികയും ചെയ്തു. അതിന്റെ ആദ്യത്തെ ഗുണഭോക്തൃക്കള്‍ കേരള ഹൈക്കോടതിയിലെ വക്കീല്‍മാരാണു്. കാരണം, അവിടെ നടന്ന നിയമനങ്ങള്‍ എല്ലാം ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണു്. അതിനാല്‍ ഒന്നാംവട്ടം നിയമിക്കപ്പെട്ടവര്‍ ഭൂരിപക്ഷവും പുറത്താക്കപ്പെട്ടു. വീണ്ടും നടന്നു നിയമനം. അതും അഴിമതിയുടെ പുതിയ നിലവാരം തന്നെ സൃഷ്ടിക്കുന്ന വിധത്തില്‍ ചട്ടത്തിനു വിരുദ്ധമായിരുന്നു. ഇതുവരെ അവിടെ നടന്ന അദ്ധ്യാപകനിയമനങ്ങളൊന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരുന്നിട്ടില്ല. ചട്ടവിരുദ്ധതയും അഴിമതിയും ഏതു നിലയിലാണു് സംസ്കൃതത്തെ പോഷിപ്പിക്കുന്നതു്? നിയമനത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണവും കോടതിവ്യവഹാരവും മറ്റു് സര്‍വ്വകലാശാലകളിലും ഉണ്ടാവാറുണ്ടു്. എന്നാല്‍ ഇക്കാര്യത്തില്‍ ലോക റെക്കോഡിനു വേണ്ടിയുള്ള മത്സരത്തിലാണു് എന്നു് തോന്നിപ്പിക്കുന്ന വിധത്തിലാണു് ശങ്കരസര്‍വ്വകലാശാല. അങ്ങനെയിരിക്കെ അവിടെ നിയമിക്കപ്പെട്ട ഒരു വൈസ് ചാന്‍സലര്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടേയും എതിര്‍പ്പുകാരണം ചക്രശ്വാസം വലിച്ചു. അദ്ദേഹം സംസ്കൃതത്തിന്റെ ആളായതുകൊണ്ടോ അല്ലാത്തതുകൊണ്ടോ ആയിരുന്നില്ല എതിര്‍പ്പു്. വൈസ് ചാന്‍സലര്‍മാരുടെ ചെയ്തികള്‍ക്കെതിരെ സമരം ഉണ്ടാകുന്നതു് പതിവാണു്. എന്നാല്‍ ഇദ്ദേഹത്തിന്റെ ചെയ്തികള്‍ ആരംഭിക്കുന്നതിന്നു മുമ്പുതന്നെ സമരം തുടങ്ങി. വൈസ്ചാന്‍സലര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേ അദ്ദേഹത്തിനെതിരെ സമരം ചെയ്താലും ന്യായീകരിക്കപ്പെടുന്ന അന്തരീക്ഷമാണു് സര്‍വ്വകലാശാലയില്‍ നിലവിലുള്ളത് എന്നു പറഞ്ഞാല്‍ പോലും അതിശയോക്തിയല്ല. സംസ്കൃതത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സര്‍വ്വകലാശാലയുടെ വിശേഷം ആയിരം നാവുള്ള അനന്തനു പോലും പറഞ്ഞു തീര്‍ക്കാനാവില്ല. ഈ വിശേഷങ്ങളൊന്നും സംസ്കൃതവുമായി ഒരു നിലയിലും ബന്ധപ്പെട്ടതല്ല. സര്‍വ്വകലാശാല എന്ന അസംസ്കൃതസ്ഥാപനത്തിന്റെ വിശേഷമാണു് അതെല്ലാം.

ഇങ്ങനെ ഒരു സര്‍വ്വകലാശാല മാതൃകയായിടത്ത് മലയാളത്തിനു് ഒരു സര്‍വ്വകലാശാല ഉണ്ടായാല്‍ അതു് നിലവിലുള്ള സര്‍വ്വകലാശാലകളില്‍ നിന്നു് ഈ അസംസ്കൃതാവസ്ഥയില്‍ വല്ല വ്യത്യാസവും ഉണ്ടാക്കുമോ? ഉണ്ടാകും എന്നു് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഈ നാട്ടില്‍ ജീവിക്കുന്നവരായിരിക്കില്ല. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ആരെങ്കിലും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ അവിടെ വൈസ് ചാന്‍സലര്‍, പ്രോവൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ തുടങ്ങി ഗുമസ്തവൃത്തി വരെയുള്ള ഏതെങ്കിലും പദവിക്കായി കുപ്പായം തുന്നിവെച്ചവരായിരിക്കും.

Subscribe Tharjani |
Submitted by k.p. Chathu (not verified) on Thu, 2009-06-11 14:00.

ee lakkam tharjaniyile rachanakal nannayittundu. onnu randennam ozhichal.

Submitted by K.A.Antony (not verified) on Sat, 2009-06-27 23:20.

Dear Editor,
Its simply great and you have great knowledge in what you write about.
You have an education minister, who has not been educated properly, claiming himself as second Mundasserry, does not make any sense. Knocking on the doors of priests, he is bungling things. Any how you have come out with a good piece on education,which is being dragged down by idiots.
Carry on,bravo.
K.A.Antony

Submitted by Anonymous (not verified) on Wed, 2009-07-01 11:10.

വേണ്ട മലയാളത്തിനൊരു സര്‍വ്വകലാശാല

ഭാഷ സ്നേഹത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് എന്നത് സത്യം തന്നെ. പക്ഷെ വളര്‍ച്ച മുരടിപ്പിച്ച് കളഞ്ഞ ഒരു ഭാഷയെ എത്രയും വേഗം ദയാവധത്തിന് കീഴടക്കുകയാണ് വേണ്ടത്. ഇപ്പറഞ്ഞത് ഭാഷയോടുള്ള സ്‌നേഹക്കുറവ് കൊണ്ടല്ല സ്‌നേഹക്കൂടുതല്‍ കൊണ്ടാണ്. ഇനി ഈ ഭാഷ വളരില്ല കാരണം അതിനുള്ള എല്ലാ സാഹചര്യങ്ങളും അവസാനിച്ചു കഴിഞ്ഞു. പുതിയ സൈദ്ധാന്തികതകളും നൂതന പദാവലികളും ആഗോള സാ‍ഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താന്‍ നമ്മുടെ ഭാഷയ്‌ക്ക് ഇനി കഴിയില്ല. ഇപ്പോഴും ലീലാതിലകത്തിന്റെയും ഏ.ആറിന്റേയും കാലത്തിനപ്പുറം ഭാഷയെ വളര്‍ത്താന്‍ നമ്മുടെ അധ്യാപക-ബുദ്ധിജീവികള്‍ ഇതുവരെ തയ്യാറായിട്ടില്ല. എഴുത്തച്ഛനും ആധുനിക ത്രയത്തിനുമപ്പുറം പിന്നെ കവികളുണ്ടായിട്ടില്ലായെന്നും, നോബല്‍ സമ്മാനം 25 തവണ നല്‍കാന്‍ ഇവരെ തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും വിശ്വസിക്കുന്ന മലയാള അധ്യാപകരുടെ ഒരു വര്‍ഗത്തേയും ( ഇതിന്‍ അപവാദങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു) ഒരു ഡോക്‍ടര്‍ പട്ടം കിട്ടാന്‍ ആശാന്‍ കവിതയില്‍ എത്ര ‘ക’ കാരങ്ങള്‍ ഉണ്ട് എന്ന് അഞ്ചുവര്‍ഷം ഗവേഷണം നടത്തുന്ന ഗവേഷക പ്രതിഭകളേയും സമ്മാനിക്കാന്‍ ഇങ്ങനെ ഒരു ശ്രമം വേണ്ട. വരേണ്യതയുടെ മേലാപ്പുകളുമായി പാണിനീയവും ലീലാതിലകവും വൃത്തശാസ്‌ത്രവും ചര്‍വ്വിത ചര്‍വണമായി ഉരുവിടാനും കുറെ പടിഞ്ഞാറു നോക്കി വിവര്‍ത്തക തൊഴിലാളികളെ സൃഷ്‌ടിക്കാനും ഒരു മലയാ‍ള സര്‍വ്വകലാശാല വേണ്ടേ വേണ്ട.