തര്‍ജ്ജനി

അപ്പുവണ്ണന്‍

വിയര്‍ത്തൊലിച്ച്‌ വന്നു കയറുമ്പോള്‍ ഗേറ്റില്‍ അപ്പുവണ്ണനുണ്ടായിരുന്നു. നരച്ചു വെളുത്ത ചുരുണ്ട തലമുടി നന്നായി ഒതുക്കി വച്ചിട്ടുണ്ട്‌. രാവിലെ രണ്ടുമണിക്കൂര്‍ വേണം അപ്പുവണ്ണന്‌ ഒരുങ്ങാനെന്ന് ബാബുവിന്റെ കമന്റ്‌! പക്ഷേ അതൊന്നു തന്നെ ബാധിക്കില്ലെന്ന മട്ടില്‍ കണ്ണാടിയിലേക്ക്‌ ഏകാഗ്രതയോടെ നോക്കി മുടിയിഴകളൊന്നൊന്നായി ഒതുക്കി, നേര്‍ത്ത മീശയുടെ അരികും വശങ്ങളും മിനുക്കി, അപ്പുവണ്ണന്‍ ഒരുങ്ങും. റോഡു മുറിച്ചു കടന്ന്, അയ്യപ്പന്റെ തട്ടുകടയില്‍ നിന്ന് നെയ്യപ്പവും ചായയും മാതൃഭൂമി പത്രവും വായിക്കാനുള്ള രാവിലത്തെ യാത്രയ്ക്കു മുമ്പാണു്‌ അപ്പുവണ്ണന്റെ ഈ മേക്കപ്പ്‌ നടക്കുന്നത്‌.

"എന്തൊക്കെയുണ്ട്‌ സാറേ... ഊണു കഴിഞ്ഞോ?"
"ഓ.. ലേക്ക്‌ വ്യൂവിലെ ഊണിനൊരു രുചിയുമില്ല അപ്പുവണ്ണാ... പിന്നെ കഴിച്ചെന്നു വരുത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ..."

അപ്പുവണ്ണന്‍ ഇവിടുത്തെ ഡ്രൈവറും വാച്ചറും ഒക്കെയാണ്‌. വയസായെന്നും ശരീരം വേദനയില്‍ ഇടയ്ക്കിടെ മുങ്ങിത്താഴുമെന്നും കാണുമ്പോഴൊക്കെ പറയുകയും ചെയ്യും. ആദ്യം കാണുന്നവരോട്‌ അപ്പുവണ്ണന്‍ അത്ര പെട്ടെന്ന് പിടികൊടുക്കാറില്ലത്രേ. പക്ഷേ എന്നോട്‌ എന്തുകൊണ്ടാണെന്നറിയില്ല, വളരെപ്പെട്ടെന്ന് കഥകള്‍ പറയാന്‍ കൂടിയിരുന്നു.

"ഇവിടാരാ അണ്ണാ ഇലക്ഷനു നില്‍ക്കുന്നത്‌?"
വരുന്ന വഴിയില്‍ പോസ്റ്ററുകള്‍ നിറയെ വെളുത്ത ചിരികള്‍ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു. ഇനിയും കുറച്ചുദിവസങ്ങള്‍
മാത്രമേയുള്ളൂ. കോലാഹലങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. കാറുകളില്‍ ചീറിപ്പായുന്ന അനൌണ്‍സ്മെന്റുകള്‍, അവിടിവിടെ സ്വീകരണയോഗങ്ങള്‍, തര്‍ക്കങ്ങള്‍...

"ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇലക്ഷന്റെ കാര്യം എന്റടുത്ത്‌ മിണ്ടിയേക്കരുത്‌. നമുക്കെന്തിനാ ഇലക്ഷന്‍? രണ്ടു ദിവസമായി ഞാനിതൊക്കെ ശ്രദ്ധിക്കുന്നു. കാറില്‍ കയറി നൂറില്‍ പാഞ്ഞു പോകുന്നവനൊക്കെ ഇപ്പോള്‍ എന്താ ലോഹ്യം! ഇതു കഴിഞ്ഞാല്‍ പിന്നെ ഇവനെയൊന്നും കണികാണാന്‍ കിട്ടില്ല. കണ്ടാലോ കണ്ട ഭാവവും കാണിക്കില്ല. നമുക്കിവിടെ ഏകാധിപത്യം മതി..."

"അയ്യോ.. അതു അബദ്ധമല്ലേ അപ്പുവണ്ണാ... നമുക്കിങ്ങനെ രാഷ്ട്രീയക്കാരെ പറയുന്നതു പോലെ ഏകാധിപതിയെ തെറി പറയാനൊന്നും പറ്റില്ല.."

"അതെന്തിനാ തെറി പറയുന്നേ... അരീടേം മുളകിന്റേം വില കൂടാതിരുന്നാല്‍, ജോലി കൃത്യമായുണ്ടായിരുന്നാല്‍ പിന്നെ ആരെയും തെറി പറയേണ്ട കാര്യമില്ലല്ലോ... ഉണ്ടോ? ഇപ്പം തന്നെ ഓണത്തിനു ചന്തേല്‍ പോയപ്പോള്‍ ബീന്‍സില്ല, കാരറ്റില്ല... വണ്ടി വന്നില്ലെന്നാ പറയുന്നേ... പൂക്കളത്തിനു പൂ മേടിക്കാന്‍ പോയി. ഉത്രാടത്തലേന്നിനു കിലോ 20 രൂപ, തിരുവോണത്തലേന്ന് കിലോ 40 രൂപ! അറക്കുവല്ലിയോ? നമുക്കിവിടെ രാജഭരണം മതിയായിരുന്നു..."

ഓര്‍മ്മകളില്‍ ഒരു രാജാവ്‌ എഴുന്നെള്ളി വരുന്നത്‌ അപ്പുവണ്ണന്റെ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു.

"അപ്പോ അപുവണ്ണന്റെ പാര്‍ട്ടിയേതാ? ഒരു രാഷ്ട്രീയം ഇല്ലാതിരിക്കില്ലല്ലോ?"
"ഒണ്ടായിരുന്നു... ഞാനേ ശ്രീകണ്ഠന്‍ നായരുടെ ആറെസ്പിയിലായിരുന്നു..."
"അതു ശരി അപ്പോള്‍ ഇടതാണല്ലേ?"
"ഛെ... ഞാന്‍ ശ്രീകണ്ഠന്‍ നായരുടെ ആറെസ്പിയിലായിരുന്നു. അത്‌ ഇന്നത്തെ ഇടതൊന്നുമല്ല. അറിയോ ശ്രീകണ്ഠന്‍ നായര്‍ ആരായിരുന്നെന്ന്? പണ്ട്‌ കോട്ടണ്‍ മില്ലിനകത്തിട്ട്‌ ഒരു ഇന്‍സ്പെക്ടറെ തല്ലിച്ചതച്ചില്ലേ അങ്ങേരു്‌..."
ഒരു രഹസ്യം പറയുമ്പോലെ ശബ്ദം താഴ്ത്തി അപ്പുവണ്ണന്‍ പറഞ്ഞു.
"ഞാനന്നു്‌ കുട്ടിയാ... അന്നത്തെ ഇടിയൊക്കെ കണ്ട്‌ ആവേശം കൂടി വീട്ടിലെത്തിയപ്പോള്‍ നല്ല പെട കിട്ടി.. അന്നും ചോറും തന്നില്ല, അച്ഛന്‍. പക്ഷേ രാത്രിയായപ്പോള്‍ പെങ്ങള്‍ വന്നു വിളിച്ച്‌ ചോറു തന്നു..."

"അതു പോലൊരു നേതാവിനെ പിന്നെ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ഈ ഉണക്ക സിന്ദാബാദ്‌ വിളി പോലെയല്ലത്‌"
"എനിട്ട്‌?"
"എന്നിട്ടെന്താ.. എല്ലാം പോയില്ലേ.. ഇപ്പോള്‍ എത്ര തുണ്ടാ എവിടെയൊക്കെയാ എന്നറിയാന്‍ വയ്യ. ഇവനൊന്നും ഒരു ആദര്‍ശവുമില്ല. ആള്‍കാരെ അറിയത്തുമില്ല. ഇവനൊന്നും ഞാന്‍ വോട്ടു ചെയ്യാനില്ല"

പറഞ്ഞു നിര്‍ത്തുമ്പോള്‍ അപ്പുവണ്ണന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

Submitted by Sunil Krishnan (not verified) on Fri, 2005-09-23 23:46.

"അണുധൂളിപ്രസാരത്തി-
ന്നവിശുദ്ധദിനങ്ങളില്‍.......
...........................
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം."
(ആറ്റൂര്‍)

Submitted by കലേഷ് (not verified) on Sat, 2005-09-24 11:52.

നന്നായിട്ടുണ്ട് പ്രിയ പോൾ!
ഇന്ന് തെരഞ്ഞെടുപ്പല്ലേ? വോട്ട് ഉണ്ടോ? വോട്ട് ചെയ്തോ?

Submitted by chinthaadmin on Sat, 2005-09-24 17:23.

ഇല്ല, പോയില്ല. വോട്ടുണ്ടോ എന്നറിയുകയുമില്ല. ഉണ്ടാവാന്‍ സാധ്യതയും കുറവാണു്...

Submitted by S.Chandrasekharan Nair (not verified) on Sun, 2005-09-25 06:03.

പഞ്ചായത്തിലെ സ്ഥാനാർത്ഥിക്കുമാത്രം വോട്ടുചെയ്തു. മറ്റ്‌ രണ്ടെണ്ണം ക്യാൻസൽ ചെയ്തു കാരണം പഞ്ചായത്ത്‌ മെമ്പരെ ഗ്രാമസഭയിൽ നേരിടുവാൻ വേണ്ടിത്തന്നെ.