തര്‍ജ്ജനി

ഓണമെവിടെ?

Happy Onam

ഒരു തുമ്പപ്പൂ കാണാന്‍ കൊതിച്ച്‌ കണ്ണുകള്‍ കഴയ്ക്കുന്നു. വഴിവക്കില്‍, വെറുതെ കിടക്കുന്ന പാടവരമ്പില്‍, തൊടിയില്‍, റോഡരികില്‍... കണ്ണെത്തുന്നിടത്തൊന്നും തുമ്പയില്ല! ഇവളിതെവിടെ ഒളിച്ചിരിക്കുന്നെന്ന് മനസ്സ്‌ ആകുലമാകുമ്പോള്‍ ഓണത്തെക്കുറിച്ച്‌ ഒന്നുമെഴുതാന്‍ വയ്യ.

ഇവിടം നിശബ്ദമായിക്കിടക്കുന്നു. ഓണത്തിന്റെ ഹൃദയമിടിപ്പ്‌ ഒന്നു വേറെയായിരുന്നു. അതോ പുതിയ ഓണത്തെ തിരിച്ചറിയാനാവാത്തതോ? ആഘോഷങ്ങള്‍, പൂക്കളങ്ങള്‍, ക്ലബ്‌ വാര്‍ഷികങ്ങള്‍, കലാ-കായിക മത്സരങ്ങള്‍, ഓണപ്പാട്ടുകള്‍-കാസറ്റുകള്‍... ഇതൊന്നും കാണാനും കേള്‍ക്കാനുമില്ല... ഞാനിതെവിടെയാണ്‌?

കൃത്യമായി കണ്ടത്‌ ഓണപ്പതിപ്പുകളാണ്‌. വാങ്ങിച്ചു, വായിച്ചുകൊണ്ടിരിക്കുന്നു. പ്രമുഖരെല്ലാം ഇരുകൈകളാലും എഴുതിയിട്ടുണ്ട്‌. പഴയ താപ്പാനകള്‍ ഓര്‍മ്മകള്‍ വിളമ്പി വെച്ചിട്ടുണ്ട്‌. പിന്നെയുള്ളത്‌ പാക്കറ്റ്‌ ഓണസദ്യയുടെ പരസ്യങ്ങള്‍, ബിവറേജസിനു മുന്നിലെ മഴ നനയുന്ന ക്യൂ, ഓണം എക്സ്ചേഞ്ച്‌ മേളകള്‍, മൊബൈല്‍ ഫോണ്‍ പരസ്യങ്ങള്‍... ടി.വി അധികം കാണുന്ന ശീലമില്ലാത്തതിനാല്‍ അവിടെ എന്തെന്നറിയില്ല. ഒരു പക്ഷേ ഈ ഭൂമിമലയാളത്തിലെ ഓണാഘോഷമെല്ലാം ചാനലുകളിലായിരിക്കുമോ?

ഒളിച്ചിരിക്കുന്ന തുമ്പപ്പൂ നാളെയെങ്കിലും തലകാട്ടുമെന്ന് പ്രതീക്ഷയോടെ, ഓണാശംസകള്‍!!

Submitted by Sunil (not verified) on Wed, 2005-09-14 17:50.

Yes, പ്രതീക്ഷയോടെ, ഓണാശംസകള്‍!!

Submitted by കലേഷ് (not verified) on Wed, 2005-09-14 18:43.

ഓണം ഒരോർമ്മയായി മാത്രം അവശേഷിക്കുന്ന കാലം വരുമോ?
ചാനലുകളും മറ്റും നിലനിൽക്കുവോളം അങ്ങനെയുണ്ടാകില്ലായിരിക്കും അല്ലേ?
ഓണം വാണിജ്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞു...

പാവം മാവേലി!

Submitted by Su (not verified) on Wed, 2005-09-14 18:59.

എല്ലാവർക്കും ഓണാശംസകൾ!

Submitted by Sunil Krishnan (not verified) on Thu, 2005-09-15 16:39.

ഇല്ലാത്തവയെപ്പറ്റി എത്രനാള്‍ കൂടി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.....
വിശേഷാല്‍പ്പതിപ്പിലെ വീതുളികള്‍....
ഭാരം കൂടും ഇല്ലാത്തവയ്ക്ക്‌....

Submitted by chinthaadmin on Thu, 2005-09-15 20:30.

അറിയില്ല... ഇനിയെത്രനാള്‍ പറയുമെന്നോ എന്തിനു പറയുന്നെന്നോ അറിയില്ല. പക്ഷേ പറയാതിരിക്കാനും കഴിയുന്നില്ല. ഇതൊന്നും തിരിച്ചു കിട്ടുമെന്നും മോഹമില്ല. പക്ഷേ പറയാതിരിക്കാന്‍, മോഹിക്കാതിരിക്കാന്‍ കഴിയുന്നുമില്ല.