തര്‍ജ്ജനി

എം. ആര്‍. രേണുകുമാര്‍

ചെമ്പരുത്തി,
ശ്രീകണ്ഠമംഗലം പി.ഒ.
കോട്ടയം. 686562
ഫോണ്‍: 9446081189

Visit Home Page ...

നിരൂപണം

അനുഭവവ്യതിരിക്തതകളുടെ അധികഗ്രന്ഥികള്‍

പുതിയ കവിതയുടെ ഇടം വിശാലവും ബഹുസ്വരവുമാണു്‌. പൂര്‍വ്വഭാരം കൂടിയവരും കുറഞ്ഞവരും അവിടെയുണ്ടു്‌. മരുന്നിനുപോലും ഭാരമില്ലെന്നു പറയുന്നവരെയും ഭാരംകൊണ്ട്‌ എഴുന്നേറ്റ്‌ നടക്കാന്‍ കഴിയാത്തവരെയും കാണാം. സ്വത്വം പ്രഖ്യാപിക്കുന്നവരും പ്രഖ്യാപിക്കാത്തവരുമുണ്ട്‌. സ്വന്തമായി വഴിവെട്ടുന്നവരുണ്ട്‌. മറ്റുള്ളവരുടെ നിഴലില്‍ ചവിട്ടിമാത്രം നടക്കുന്നവരുണ്ട്‌. വഴി തെളിഞ്ഞുവരുമ്പോള്‍ തള്ളിക്കയറി എത്തുന്നവരുമുണ്ട്‌. പുതിയകവതയുടെ ബഹുസ്വരറാലിയില്‍ എതെങ്കിലും വിഭാഗത്തില്‍പ്പെടാത്തവര്‍ ചുരുക്കം. ചിലര്‍ ഇടക്ക്‌ വെച്ച്‌ പണിനിര്‍ത്തി മടങ്ങുന്നുണ്ട്‌. ചിലര്‍ മറ്റിടങ്ങളിലേക്ക്‌ കുടിയേറുന്നുണ്ട്. എന്നിരുന്നാലും മടങ്ങുന്നതിലും കൂടുതല്‍പേര്‍ എത്തിച്ചേരുന്ന ഒരിടമായി മാറുകയാണ്‌ പുതിയ കവിതയുടെ ഭൂപടം. ഈ ഇടത്തിലെ പ്രവേശനങ്ങളില്‍ ഒന്നാണ്‌ നാസര്‍ കൂടാളി. ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കു‍മ്പോള്‍ എന്ന സമാഹാരവുമായാണ്‌ നാസറിന്റെറ വരവ്‌.

പുതു കവിതയുടെ സാമാന്യ ലക്ഷണങ്ങളൊക്കെ പേറുമ്പോള്‍ത്തന്നെ വ്യതിരിക്തമായ ചില ഇരുള്‍ കോണുകളിലേക്ക്‌ വെളിച്ചത്തിന്റെ തുള്ളികള്‍ ഇറ്റിക്കുന്നവയാണ്‌ നാസറിന്റെ കവിതകള്‍. ഓര്‍മ്മയാണ്‌ നാസറിന്റെ കവിതകളുടെ വിളനിലം. മറ്റൊരിടത്ത്‌ ജീവിച്ചുകൊണ്ട്‌ ഭൂതകാലത്തെ ഓര്‍ത്തെഴുതുന്നതില്‍ അനന്യമായ അപൂര്‍വ്വതയാണ്‌ നാസര്‍ പ്രദര്‍ശിപ്പിക്കുന്നത്‌.എപ്പോഴും ഉടലുകൊണ്ടും മനസുകൊണ്ടും രണ്ടിടത്താകയാല്‍ ഭൂതകാലത്തിലേക്ക്‌ എന്നപോലെ വര്‍ത്തമാനത്തിലും നാസറിന്റെ കവിതകള്‍ക്ക്‌ സഞ്ചരിക്കേണ്ടി വരുന്നു. മനസ്സുകൊണ്ടുള്ള ഒടുക്കമില്ലാത്ത ഈ സഞ്ചാരങ്ങള്‍ക്ക്‌ എത്തിപ്പെടാനാവാത്ത ഇടങ്ങളുണ്ട്‌ ഈ പരിമതിയെക്കുറിച്ച്‌ ബോധമുള്ളയാളാണ്‌ നാസര്‍. അല്ലായിരുന്നെങ്കില്‍ അയാള്‍ കവിയെ ആകുമായിരുന്നില്ല. മനസ്സുകൊണ്ടുള്ള ഈ സഞ്ചാരങ്ങളുടെ പരിമിതിയില്‍ നിന്നാണ്‌ നാസര്‍ തന്റെ കവിതയെ കണ്ടെടുക്കുന്നത്‌.

പുഴക്കിക്കരെ വരെ
കൂട്ടുവരും
അകന്നും അടുത്തും
നട്ടമരങ്ങള്‍ക്കിടയിലൂടെ
തണല്‍ (മുറിച്ചിട്ടും കളിര്‍ക്കുന്ന ചിലകാഴ്ചകള്‍)

പുഴക്കിക്കരെ വരെയെ തണല്‍ കൂട്ടുവരൂ. അതുകഴിഞ്ഞാല്‍ തനിച്ചുവേണം പോകാന്‍. തനിക്കൊപ്പം തണല്‍ പുഴ കടക്കില്ല എന്ന്‌ കവി തിരിച്ചറിയുന്നു. പുഴവക്കില്‍ തണലിനെ ഉപേക്ഷിച്ച്‌ പോകാതിരിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യവും ഈ കവിത പ്രശ്നവല്‍ക്കരിക്കുന്നുണ്ട്‌. പുഴ കടന്ന്‌ ജീവിതമന്വേഷിച്ചു പോകുമെങ്കിലും പിന്‍വിളികളെ മറികടക്കുക വിഷമകരമാണ്‌.അതുകൊണ്ടാവാം ഒരിക്കല്‍ക്കൂടി പുഴക്കിക്കരെനിന്ന്‌ കടന്ന പുഴയെ ഒരാള്‍ നോക്കുന്നതും മുറിച്ചിട്ടു തളിര്‍ക്കുന്ന കാഴ്ചകള്‍ കാണുന്നതും. പിന്നില്‍ നിന്ന്‌ ചൂണ്ടയിട്ടു കൊളുത്തിവലിക്കുന്ന വേദന അറിയുന്നതും.

യാത്രയുടെ സൂചകങ്ങള്‍ നാസറിന്റെ കവിതയില്‍ തുടര്‍ന്നും കടന്നു വരുന്നുണ്ട്‌. യാത്രപോകുന്നതിനെപ്പറ്റിയും തിരിച്ചെത്തുന്നതിനെപ്പറ്റിയുമുള്ള ആകുലതകള്‍ മിക്ക കവിതകളും പങ്കുവയ്ക്കുന്നുണ്ട്‌.

പുറത്തുപോയി
വരുമ്പോഴേക്കും
വലിയൊരു മതില്‍
പണിതുയര്‍ത്തിയിട്ടുണ്ടാവും
(തടവറയിലെ കുട്ടികള്‍)

കവിയുടെ യാത്രകള്‍ നേരം കൊല്ലാനോ കൊളസ്റ്റോള്‍ കുറക്കാനോ വോണ്ടിയല്ല. അനുകൂലസാഹചര്യത്തില്‍ അയാള്‍ യാത്ര പോകുകയുമില്ല. പക്ഷേ കടല്‍ കാറും കോളും കൊണ്ടു നിറയുമ്പോള്‍, തിരമാലകള്‍ മാനം മുട്ടുമ്പോള്‍ അയാള്‍ യാത്രക്കായി വഞ്ചിയിറക്കും മടങ്ങിയെത്താമെന്ന്‌ ഉറപ്പുള്ള യാത്രകളെയല്ല അയാള്‍ പ്രണയിക്കുന്നത്‌.

കടല്‍ കടന്ന്‌ പോകുക എന്നത്‌ ഒഴിവാക്കപ്പെടാനാവാത്ത കാര്യമാണെങ്ങില്‍ പിന്നെ കടലറിഞ്ഞ്‌ പോകുക തന്നെ. സ്വന്തം വിധിയെ ഓടിച്ചെന്നെടുക്കുന്ന കുട്ടിത്തം നിറഞ്ഞ കല്പനകളാല്‍ മുഖരിതമാണ്‌ നാസറിന്റെ കവിതകള്‍
അസന്തുലിതമായ സാമൂഹികാവസ്ഥമൂലം ഓരപ്പെട്ടുപോയ ജീവിതങ്ങളെയും കവിതയില്‍ നാസര്‍ ഒപ്പം കൂട്ടുന്നുണ്ട്‌. ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍ എന്ന കവിത ഈ വിധത്തിലുള്ളതാണ്‌. റോഡ്‌ പണിക്കു പോകുന്ന അമ്മയുടെ ഒപ്പം സ്വന്തം കളിപ്പാട്ടവുമായി പിന്തുടരുന്ന കുട്ടിയുടെ ചിത്രം ഹൃദയത്തെ ആര്‍ദ്രമാക്കുന്നുണ്ട്‌. വേട്ട എന്ന കവിത സാമൂഹികകാരണങ്ങളാല്‍ ചെറുത്തുനില്ക്കേണ്ടി വരുന്നവരെക്കുറിച്ചാണ്‌. അടിക്കാടും നടുക്കാടും നഷ്ടപ്പെട്ട പൂര്‍വ്വസ്മൃതിയില്‍നിന്നും വേരുകള്‍ വേട്ടക്കിറങ്ങുന്ന ഒരു ദിവസം വരുമെന്ന്‌ കവി ഈ കവിതയിലൂടെ മുന്നറിയിപ്പ്‌ തരുന്നു.

നാസറിന്റെ കവിതകളുടെ മഷിക്കുപ്പിയായി കുട്ടിക്കാലത്തെ വിശേഷിപ്പിക്കാവുന്നതാണ്‌. അറബി മാഷ്‌, ഉറപ്പ്‌, തടവറയിടെ കുട്ടികള്‍, ച്യൂയിംഗം, ആകാശം പട്ടം പറപ്പിക്കുന്നു, പഴയപുസ്തകങ്ങള്‍, മരപ്പാലങ്ങള്‍, വെയിലേ, ആപ്പിള്‍മരം തുടങ്ങിയ കവിതകളില്‍ കുട്ടിക്കാലമോ അതേക്കുറിച്ചുള്ള ഓര്‍മ്മകളോ സജീവമാണ്‌. സ്കൂളിന്റെയും വീടിന്റെയും പരിസരങ്ങള്‍ക്കൊപ്പം ഇവയെ ബന്ധിപ്പിക്കുന്ന ഇടവഴികളും, വഴിയോരങ്ങളും, കവിതയെ വിടാതെ പിന്തുടരുന്നു. ഒപ്പം സഞ്ചരിച്ച്‌ പട്ടം, മഷിത്തണ്ട്‌, പുസ്തകത്താള്‌ തുടങ്ങിയ വാക്കുകളും കുട്ടിക്കാലത്തെ ഹരിതാഭമാക്കുന്നു.

എഴുതുമ്പോള്‍ എഴുതുക മാത്രം ചെയ്യാതെ കവിതയോട്‌ സൌമ്യവും തീഷ്ണവുമായ സംവാദങ്ങളിലേര്‍പ്പെടാന്‍ തയ്യാറുള്ള കവിയാണ്‌ നാസര്‍.

പുറത്തുനിന്നാരോ
കുറ്റിയിട്ടു.
അകത്തു ഞാനും
കവിതയും മാത്രം

എന്ന വരികള്‍ മേല്‍നിരീക്ഷണത്തെ പ്രകടമായി ശരിവെക്കുന്നവയാണ്‌. കവിതകളുടെ ഉടയിലൂടെ തലങ്ങും വിലങ്ങും പറയുന്ന അനുഭവ വ്യതിരിക്തകളുടെ അധികഗ്രന്ഥികള്‍ കണ്ടെടുക്കുകയെന്നത്‌ ഇനി വായനക്കാരന്റെ കര്‍ത്തവ്യമാക്കുന്നു.

Subscribe Tharjani |
Submitted by സന്തോഷ്‌ പല്ലശ്ശന (not verified) on Mon, 2009-06-08 17:42.

നല്ല സംവേദനക്ഷമത - അപ്പന്‍ സാറിണ്റ്റെ വാക്ക്‌ കടമെടുക്കുകയാണെങ്കില്‍ വെറുതെ എഴുത്തുകാരന്‍ എഴുതുന്നത്‌ അതേ പടി ഉരുവിടാന്‍ വിധിക്കപ്പെട്ടവനല്ല നിരൂപകന്‍. രചനയിലൂടെ പുതിയ സത്യങ്ങളെ കണ്ടെത്തുന്ന വിമര്‍ശനകലയിലേക്കു തന്നെയാണ്‌ നിങ്ങളുടെ യാത്ര അഭിനന്ദനങ്ങള്‍.