തര്‍ജ്ജനി

രാജേശ്വരി. കെ തോന്നയ്ക്കല്‍

വയലോരം,
ഊരുപൊയ്ക തപാല്‍,
കീഴവലം (വഴി)
തിരുവനന്തപുരം.
ഫോണ്‍: 0471- 2429182

Visit Home Page ...

കഥ

ഉല്ലാസകോളനിയിലെ ഭാഗ്യമാലകള്‍

പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ലഹരി ഉള്ളിലേയ്ക്ക് ആവഹിച്ചുകൊണ്ടാണ് ബസ്റ്റോപ്പിലേയ്ക്ക് നടന്നത്. പുത്തന്‍ ചേല, ബാഗ്, കുട ഒന്നും എടുക്കാന്‍ കൂട്ടാക്കിയില്ല. നാലുദിക്കിലും മുഖം കറുപ്പിച്ചുനില്‍ക്കുന്ന മേഘമാമല. പുതുമണം മനസ്സില്‍ മാത്രം.
ബസ്റ്റോപ്പില്‍ മുന്‍ കാലത്തിലില്ലാത്തവിധം കൂടുതല്‍ തലകള്‍. കലപിലചലപില മുഴക്കവും.
കഥാപാത്രങ്ങളെ മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. ആരും അപരിചിതരല്ല. ഉല്ലാസ് കോളനിയില്‍ ഉള്ളവരില്‍ അധികം പേരും സ്ഥലത്തു ഹാജരുണ്ട്. കാര്യം മനസ്സിലായി ഭാഗ്യശ്രീയാണു താരം.

ആദ്യമായി സ്കൂളില്‍ പോകുന്ന ഭാഗ്യശ്രീയാണു താരം. യാത്രയാക്കാന്‍ വന്നവരാണ് മറ്റുള്ളവര്‍. നാടോടിനൃത്തത്തില്‍ സ്ഥിരം കാണാറുള്ള ഒരു വേഷം പോലെ ഭാഗ്യശ്രീ ജനക്കൂട്ടത്തിനു നടുവില്‍. ബസ്റ്റോപ്പില്‍ യാത്രക്കാര്‍ക്കു വേണ്ടി കെട്ടിയുയര്‍ത്തിയിട്ടുള്ള ഓലപ്പുരയിലേയ്ക്കു നടക്കുമ്പോള്‍ ഭാഗ്യശ്രീയുടെ അനുയായികളെല്ലാം ഒന്നൊതുങ്ങി നിന്നു. പഴയകാലത്തെ ഗുരുഭക്തിയൊക്കെ അപ്രത്യക്ഷമായ സ്ഥിതിയ്ക്ക് ഒന്നൊതുങ്ങി നില്‍ക്കാന്‍ അവര്‍ക്കു തോന്നിയതുതന്നെ വലിയ കാര്യമാണ്.

ചുറ്റും നില്‍ക്കുന്ന മുഖങ്ങളെല്ലാം തന്റെ ഹാജര്‍ബുക്കിലൂടെ കടന്നുപോയവരാണ്. ഉല്ലാസകോളനിയിലുള്ള രക്ഷിതാക്കള്‍ കുട്ടികളെയും കൊണ്ട് സ്കൂളില്‍ ചേര്‍ക്കാന്‍ എത്തുമ്പോള്‍ ഹെഡ്‌മാസ്റ്ററോട് പറയാറുണ്ട്.
‘ന്റെ മോളെ പപ്പ ടീച്ചറിന്റെ ക്ലാസില്‍ ചേര്‍ക്കണം.’
‘പപ്പ ടീച്ചര്‍ ആരാ-?’
മാസ്റ്റര്‍ ചോദിക്കുമ്പോള്‍ കേട്ടു നില്‍ക്കുന്ന ആരെങ്കിലും മറുപടി പറയും
‘പദ്മകുമാരി ടീച്ചറാ...’
പ്രത്യേകിച്ചുകാര്യമൊന്നുമില്ലെങ്കിലും അവര്‍ക്ക് അതാ ഇഷ്ടം.
അവരെ അറിയുന്ന ടീച്ചര്‍. അവര്‍ അറിയുന്ന ടീച്ചര്‍. കുട്ടികള്‍ക്കുള്ള കൊച്ചു കൊച്ചു പരാതികള്‍, ആവശ്യങ്ങള്‍ ഒക്കെ ബോധിപ്പിക്കാന്‍ ടീച്ചറിന്റെ വീടുവരെ പോയാല്‍ മതി എന്ന സൌകര്യം ഉണ്ട്.

പുതിയതായി ഒന്നും സംഭവിക്കുന്നില്ലെന്ന മട്ടിലാണ് ഭാഗ്യശ്രീയുടെ നില്പ്. തന്റെ കണ്ണുകള്‍ മൊത്തത്തില്‍ ഒന്നുഴിഞ്ഞു. ഏതാണ്ട് ഒരു ഡപ്പി കണ്മഷി മുഴുവന്‍ ചെലവാക്കിയ പുരികങ്ങള്‍. മുഖത്ത് അവൈടവിടെ പറ്റിപിടിച്ചിരിക്കുന്ന പൌഡര്‍ ശകലം. തലയ്ക്കു താങ്ങാന്‍ കഴിയാത്തവിധം കോര്‍ത്തുകെട്ടിയ മുല്ലപ്പൂക്കള്‍.രണ്ടുകൈത്തണ്ടയിലും നിറയ്ക്കാവുന്നതിലധികം വളകള്‍. കഴുത്തില്‍ പളുങ്കുമാല. സീക്വന്‍സുകള്‍ പതിച്ച മിന്നിത്തിളങ്ങുന്ന ഫ്രോക്ക്. പുതിയബാഗും കുടയുമെല്ലാം പിടിച്ചിരിക്കുന്നതു മറ്റു ചിലരാണ്.വേഷഭൂഷാദികളുടെയെല്ലാം സ്പോണ്‍സര്‍മാര്‍ അവളോടൊപ്പം അടുത്തു നില്‍പ്പുണ്ട്.

അവരുടെ കണ്ണുകള്‍ ഭാഗ്യശ്രീയുടെ ശ്രീത്വം നുണച്ചുനുണച്ച് ഇറക്കുന്നു. ഒപ്പം കുഞ്ഞുകുഞ്ഞു തമാശകള്‍ പങ്കു വയ്ക്കുന്നു. ചലപില ചിരിക്കുന്നു. ചിരി അടക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. പപ്പടീച്ചര്‍ കാണുന്നുണ്ടോ എന്ന ഒളിഞ്ഞു നോട്ടവും.

പപ്പ ടീച്ചര്‍ എല്ലാം കാണുന്നുണ്ട്. പലതും ഓര്‍ക്കുന്നുണ്ട്. അവര്‍ അതറിയുന്നില്ലെന്നു മാത്രം. നാലാം ക്ലാസില്‍ ലപ്സംഗ്രാന്റ് വാങ്ങി വീട്ടില്‍ പോയതിന്റെ പിറ്റേന്ന് പഠനം മതിയാക്കിയ കുഞ്ഞുമോന്‍. എസ് എസ് എയുടെ സൌജന്യപുസ്തകത്തിന് അവധിക്കാലത്തു തന്നെ ആവശ്യക്കാരനെ കണ്ടു വച്ച് വിലപറഞ്ഞുറപ്പിച്ചതിനു ശേഷം പുസ്തകം കിട്ടുന്നതുവരെ മാത്രം സ്കൂളില്‍ വന്ന പങ്കിളി എന്ന അമ്പിളി. ക്ലാസ് ടീച്ചര്‍ വന്ന് ഹാജര്‍ എടുക്കുന്ന പിരീഡില്‍ മാത്രം ക്ലാസില്‍ പ്രത്യക്ഷപ്പെടുന്ന പാക്കരന്‍ എന്ന സബു. ഇവരെല്ലാം ഭാഗ്യശ്രീയെ യാത്രയാക്കാന്‍ ചുറ്റിനുമുണ്ട്.

ഭാഗ്യശ്രീയുടെ അമ്മ, സോമലത, പ്രത്യേകിച്ചൊരു വികാരവുമില്ലാതെ അടുത്തുള്ളൊരു തെങ്ങില്‍ ചാരി നില്‍പ്പുണ്ട്. റബര്‍ മരത്തില്‍ നിന്നും പാലെടുത്തുകൊണ്ടു നിന്ന വേഷത്തില്‍ ബസ്റ്റോപ്പിലേയ്ക്ക് ഓടി വന്നതാകാനാണ് സാദ്ധ്യത. റബര്‍ക്കറ ഒട്ടിപ്പിടിച്ച് നിറം മങ്ങി പഴക്കം തോന്നുന്ന ഒരു ഗൌണ്‍ ആണു വേഷം. കൈയിലും കാലിലുമെല്ലാം ഉണങ്ങിപ്പിടിച്ച റബര്‍പ്പാല്‍.

ഭാഗ്യശ്രീയുടെ അച്ഛന്‍ -? ആ ചോദ്യം ആരും ചോദിക്കരുത്. ഉല്ലാസക്കോളനിയിലുള്ളവര്‍ക്ക് അതു നിര്‍ബന്ധമാണ്. അച്ഛനില്ലാതെയും കുട്ടികള്‍ ജനിക്കാം എന്ന വിശ്വാസത്തില്‍ കോളനിക്കാര്‍ ഉറച്ചു നിന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥ. എട്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന സോമലതയെ പെട്ടെന്നൊരു ദിവസം ആശുപത്രിയിലാക്കി. രോഗം വയറുവേദനയായിരുന്നു. ഡോക്ടറാണു പറഞ്ഞത് സോമലത ഗര്‍ഭിണിയാണെന്നും ഉടനെ പ്രസവമുണ്ടെന്നും. ആദ്യം ആരും വിശ്വസിച്ചില്ല. ഡോക്ടര്‍ക്ക് എന്തോ കുഴപ്പം പറ്റിയതാണെന്ന് പലരും ധരിച്ചു. സോമലത ഡോക്ടര്‍ പറഞ്ഞത് കാര്യമാക്കുകയോ അവിശ്വസിക്കുകയോ ചെയ്തില്ല. എങ്കിലും താമസിക്കാതെ അവള്‍ പ്രസവിച്ചു.

അങ്ങനെ ഒരു അദ്ധ്യയനാരംഭത്തില്‍ ലപ്സംഗ്രാന്റുപോലും വാങ്ങാന്‍ നില്‍ക്കാതെ അവള്‍ ആശുപത്രിയില്‍ അഡ്മിറ്റായി. അതോടെ പ്രോജക്ടും അസൈന്മെന്റും സെമിനാര്‍ റിപ്പോര്‍ട്ടും ഒക്കെ അവളുടെ തലയില്‍ നിന്നും പിണങ്ങി ഇറങ്ങിപ്പോയി. സോമലത ആശുപത്രിയില്‍ നിന്നു വരും മുന്‍പേ ഉല്ലാസക്കോളനി ഉണര്‍ന്നു. കോളനിയ്ക്കു പുറത്തുള്ളവരും ഉണര്‍ന്നു. ആരുടെയൊക്കെയോ ഉള്ളിന്റെ ഉള്ളില്‍ കൊള്ളിയാന്‍ ആഞ്ഞു. പഞ്ചായത്തുതെരെഞ്ഞെടുപ്പു അടുത്തു നില്‍ക്കുന്ന കാലമാണ്. എല്ലാ നേതാക്കന്മാരും കക്ഷിഭേദമെന്യേ കോളനിയിലെ നിത്യസന്ദര്‍ശകരായി. ചിലരൊക്കെച്ചേര്‍ന്ന് സോമലതയെ ഓട്ടോറിക്ഷയില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്കും കൊണ്ടുപോയി. പോലീസുകാര്‍ മാറിമാറിവന്ന് അവളോട് ഓരോന്നു ചോദിച്ചു.

സോമലതയ്ക്ക് ഒന്നിനും വ്യക്തമായ മറുപടി ഇല്ലാതായിരുന്നു. പരാതിയില്ല. പരിഭവമില്ല. അവള്‍ക്ക് കുഞ്ഞിന്റെ അച്ഛനെ കാണണമെന്നില്ല. കണ്ടുപിടിക്കണമെന്നുമില്ല. കോളനിയ്ക്കകത്തും പുറത്തുമുള്ളവര്‍ സദാ അവളെ ശല്യപ്പെടുത്തി. സ്വസ്ഥതയോടെ ഒന്നു പ്രസവിച്ചു കിടക്കാനും സമ്മതിക്കില്ലെന്നവള്‍ ഓര്‍ത്തു. കോളനിവാസികളോട് അവള്‍ക്ക് ഉച്ചത്തില്‍ ചോദിക്കണമെന്നുണ്ട്. ഈ കോളനിയിലെ എല്ലാ കുട്ടികളുടെയും അപ്പന്മാര്‍ കൂടെയുണ്ടോ? അപ്പന്മാരുടെയൊക്കെ ചെലവിനു കൊടുപ്പു കിട്ടിയിട്ടാണോ കുട്ടികളൊക്കെ കഴിയുന്നത്?

ഇല്ല. സോമലത ആരോടും പ്രതികരിച്ചില്ല. അവള്‍ പാവമായിരുന്നു. ഉള്ളപ്പോള്‍ ഉണ്ണും. ഇല്ലെങ്കില്‍ പട്ടിണി കിടക്കും. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് തിരിഞ്ഞു നോക്കാത്ത മഴയെ ശപിക്കാനോ തോരാമഴനിമിത്തം വേലയില്ലാതെ പട്ടിണികിടക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ മഴയുടെ ദേഹത്ത് ഇടിത്തീ വീഴണേ എന്ന് പ്രാര്‍ത്ഥിക്കാനോ അവളുടെ നാക്കു പൊങ്ങിയിട്ടില്ല. പിന്നല്ലേ, അവളുടെ കുഞ്ഞിന്റെ, ഒരിക്കലും വരാന്‍ സാദ്ധ്യതയില്ലാത്ത അപ്പനെക്കുറിച്ചു പറഞ്ഞു നേരം കളയുന്നത്!

അങ്ങനെ പതുക്കെ പതുക്കെ കോള്‍നിക്കാരുടെ ഉശിരും ചൂടും വറ്റി. അവരുടെ ദിനങ്ങള്‍ പഴയപോലെ സ്വന്തം കാര്യങ്ങളിലേയ്ക്കു നീങ്ങി. എങ്കിലും ചിലര്‍ ആകാംക്ഷയോടെ കാത്തിരുന്നു. അതാരാണെന്നറിയാന്‍. കോളനിയിലുള്ള പ്രായം ചെന്ന സ്ത്രീകളുമവളുടെ സമപ്രായക്കാരുമൊക്കെ തക്കവും തരവും നോക്കി അടുത്തുകൂടി.

“ഒന്നു പറയ് കൊച്ചേ, ആരാ ഇതിന്റെ തന്തേന്ന്..”
അവളുടെ നാവു പൊങ്ങിയില്ല
‘പറഞ്ഞാല്‍ പിടിച്ചുകൊണ്ടു വരോ’-എന്നാണ് ചോദിക്കാനുള്ളത്. പക്ഷേ ചോദിച്ചില്ല. സ്വന്തം അപ്പനും അമ്മയും പരാജയപ്പെട്ടിടത്താണ് അയല്‍ക്കാരുടെ പരിശ്രമം. അതോര്‍ത്തു അവള്‍ക്കു ചിരി വന്നു.
സത്യം പറഞ്ഞാല്‍ സോമലതയ്ക്ക് ഇപ്പഴും ഒരു വ്യക്തിയുടെ പേരു പറയാനില്ല. ആ പാതിരാവില്‍ പൂട്ടും സാക്ഷയുമില്ലാത്ത കതകുപലക മാറ്റി വച്ചിട്ട് അകത്തുകടന്ന വിരുതന്‍ ആരാണ്? വായപൊത്തിയിട്ട് മിണ്ടരുതെന്ന് മന്ത്രിച്ച ശേഷം പുറത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയ അയാള്‍ ആര്?

ഒന്നുകില്‍ സോമലതയുടെ അച്ഛന് പണം പലിശയ്ക്കു കൊടുത്ത ശനിയാഴ്ചക്കാരന്‍ തമിഴന്‍. അല്ലെങ്കില്‍ അവള്‍ക്ക് ചില്ലറ തുണിത്തരങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ കടം കൊടുത്തിട്ടുപോയ തിങ്കളാഴ്ചക്കാരന്‍.രണ്ടുപേരെയും സോമലത പിന്നീട് കണ്ടിട്ടില്ല. ആരായാലും സോമലതയ്ക്കു പരാതിയില്ല. കടവും വട്ടിയും ചേര്‍ത്ത് വലിയൊരു തുകയാണ് സോമലതയുടെ അച്ഛന്‍ തമിഴനു കൊടുക്കേണ്ടത്. തമിഴന്‍ വരുമ്പോള്‍ അച്ഛന്‍ ഒളിച്ചു നടക്കും.ചീത്ത കേള്‍ക്കുന്നതു മുഴുവന്‍ സോമലതയാണ്. ഒരു ദിവസം കാണിച്ചുതരാമെന്നു പറഞ്ഞിട്ടാണ് അയാള്‍ പോയത്.

അതല്ല, തിങ്കളാഴ്ചക്കാരനാണെങ്കിലും കൊടുക്കാനുള്ള പണം കൊടുത്തുതീര്‍ക്കാന്‍ അവളുടെ കൈയ്യില്‍ ഇല്ല. തമിഴന്‍ പിന്നീട് വന്നിട്ടേയില്ല. സോമലതയുടെ അച്ഛന്‍ പറയുന്നത് അയാള്‍ ചത്തുകാണും എന്നാണ്. അപ്പോള്‍ തിങ്കളാഴ്ചക്കാരനോ-? അയാള്‍ ഒരു പക്ഷേ പേരുദോഷം പേടിച്ചു വരാത്തതുമാകാം. ആരോ ആകട്ടേ- സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വളര്‍ന്നു വരുന്ന കുഞ്ഞിന്റെ നിറം അവളുടെ മുന്നില്‍ ചോദ്യചിഹ്നമായി. തിങ്കളാഴ്ചക്കാരനും ശനിയാഴ്ചക്കാരനും കണ്ടാല്‍ കാക്കക്കറുപ്പ്. എന്നാല്‍ കോളനിക്കാരുടെ ഭാഷയില്‍ കുഞ്ഞ് ഒരു മദാമ്മക്കുട്ടിതന്നെയാണ്.

‘വേണ്ട; അതൊക്കെ കൂടുതല്‍ ഓര്‍ക്കുന്നതെന്തിന്?’ അവള്‍ കണ്ണടച്ചു കിടന്നു. ഉല്ലാസക്കോളനിയില്‍ രാവും പകലും ഒന്നുപോലെ മുഴങ്ങുന്ന അടിപൊളി സിനിമാപാട്ടുകളിലെ വരികള്‍ക്കൊപ്പം അവള്‍ കുഞ്ഞിന്റെദേഹത്തു തലോടി കിടന്നു പാട്ടു കേട്ടു. കോളനിയിലെ അടി പിടി ചീത്തവിളികളും കളി ചിരി തമാശകളും ആ ഓലപ്പുരയുടെ വിടവിലൂടെ അവളുടെ ചെവിയിലേക്ക് ഊര്‍റങ്ങി.

ഭാഗ്യശ്രീയുടെ ഇരുപത്തുകെട്ടിനാണ് പഞ്ചായത്തു തെരെഞ്ഞെടുപ്പു നടന്നതെന്നകാര്യം സോമലതയ്ക്ക് നല്ല ഓര്‍മ്മയുണ്ട്. ഫലം വന്നപ്പോള്‍ കോളനിക്കാരുടെ പക്ഷക്കാരന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കുന്നു. അത് ഭാഗ്യശ്രീയുടെ ജനനം കൊണ്ടുണ്ടായ ഭാഗ്യമാണെന്ന് കോളനിയിലെ യുവരക്തങ്ങള്‍ വിശ്വസിച്ചു. അങ്ങനെയാണ് അവളുടെ പേര് ഭാഗ്യശ്രീയായത്.

ഭാഗ്യശ്രീയുടെ പിതാവിനെ എവിടുന്നെങ്കിലും പൊക്കിയെടുത്ത് കോളനിയില്‍ കൊണ്ടുവന്നു നിര്‍ത്തുമെന്ന മെംബറുടെ വാഗ്ദാനത്തില്‍ ആ പാവം മനുഷ്യര്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. കോളനിയ്ക്ക് ചുറ്റുമുള്ള അപരാധികളും നിരപരാധികളുമായ പ്രതിപക്ഷ വിശ്വാസികള്‍ ഉള്‍ക്കിടിലവുമായി നടന്നു. ‘നറുക്ക്’ ആരുടെ മേല്‍ പതിക്കുമെന്നറിയാതെ.

നിരപരധികള്‍ക്ക് എന്തു തെളിവാണ് ലോകത്തിന്റെ മുന്നില്‍ വയ്ക്കാനാവുക? സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പെണ്ണിന്റെ നാവില്‍ നിന്നു വീഴുന്നതു തന്നെയാണ് തെളിവ്. പക്ഷേ സോമലത ആരെയും ചതിച്ചില്ല. അവള്‍ക്കു ആരുടെയും പേരു പറയാനുണ്ടായിരുന്നില്ല.

അങ്ങനെ ഭാഗ്യശ്രീ വളരുകയാണ്. ഉല്ലാസക്കോളനിയിലെ ഭാഗ്യക്കുറിയായി. അവളുടെ ജീവിതവും ഏതെങ്കിലും ആഴ്ചചിട്ടിക്കാരനുള്ള കുറിയായിരിക്കുമോ?

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |