തര്‍ജ്ജനി

മീര, ഒരു വയലിന്‍ കമ്പിയുടെ നേര്‍ത്ത ഞരക്കം!

എന്നും സ്വപ്നത്തില്‍ ഞാന്‍ കാണാറുണ്ടു്‌, മഞ്ഞു പുതച്ച മലഞ്ചെരിവും, നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന താഴ്വരകളും... എന്റെ മാത്രം ജാലകക്കാഴ്ച്ചയില്‍ നിലാവത്ത്‌ പടര്‍ന്നുനില്‍ക്കുന്ന നിറയെ ചില്ലകളുള്ള, പേരറിയാത്ത ഒരു മരം. ചില്ലകളില്‍ നിറയെ വയലറ്റുപൂക്കള്‍. മഴനനവിന്റെ സൂചിത്തുള്ളികള്‍ ഈറനണിയിച്ച ഇളം വയലറ്റു പൂക്കള്‍. ദൂരെ, താഴ്വരയ്ക്കപ്പുറത്തു നിന്ന് ഓറഞ്ച്‌ പാവാടയുടുത്ത്‌, മുഖം നിറച്ചു ചിരിച്ച്‌, ഇലയും പൂവും നുള്ളിയെത്തുന്ന കാറ്റിനോടു കളിപറഞ്ഞ്‌ ഒരു പെണ്‍കുട്ടി എന്നും എന്റെ സ്വപ്നത്തില്‍ വിരുന്നുവരും. മഴത്തുള്ളികള്‍ പടര്‍ന്ന ചില്ലു ജാലകത്തിനിപ്പുറത്ത്‌ ഞാനവളെ കാത്തിരിയ്ക്കാറുണ്ട്‌. ഞാനെന്തൊക്കെയാണിങ്ങനെ ചിന്തിച്ചു കൂട്ടുന്നത്‌ എന്നോര്‍ത്ത്‌ ഇടയ്ക്കൊക്കെ ഉറക്കെ, എന്നാല്‍ ഒരു തൂവലിന്റെ മാത്രം കനത്തില്‍ ചിരിയ്ക്കാറുമുണ്ട്‌.

എന്റെ സ്വപ്നത്തിന്റെ സവിശേഷത അതു നിലാവില്‍ മാത്രം പൂത്തുവിരിയുന്നു എന്നതാണ്‌. ഒരുപാടു കാലമായി എന്റെ സ്വപ്നത്തിന്റെ പടവുകള്‍ കയറി ഒരു പെണ്‍കുട്ടിയിങ്ങനെ ഒച്ചയില്ലാതെ ചിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌. സ്വപ്നത്തില്‍ ഒരിയ്ക്കലേ അവളെന്നോടു മിണ്ടിയിട്ടുള്ളൂ. നിറയെ പൂക്കളും പച്ചിലകളുമുള്ള ഒരു കവിത വേണമത്രെ അവള്‍ക്ക്‌. അവള്‍ക്ക്‌ ഇലകളുടെ ഭാഷ അറിയാമത്രെ! മേഘഭാഷയെ വിവര്‍ത്തനം ചെയ്ത്‌ എന്റെ കവിതയുടെ ആകാശത്ത്‌ ഒരു നക്ഷത്രമായി ചിരിച്ചോട്ടേയെന്നും അവളന്ന് എന്നൊടു ചോദിച്ചു. അങ്ങനെയങ്ങനെ ഞാനവള്‍ക്കൊരു പേരിട്ടു. മീര.. ഓറഞ്ച്‌ മണമുള്ള മീര...! ഇടയ്ക്കു പറയട്ടെ, ഓറഞ്ചിന്റെ മണം എനിയ്ക്ക്‌ വല്ലാത്ത ലഹരിയാണ്‌.

വെയിലുണങ്ങിയ ഒരു വൈകുന്നേരമാണു മീരയെ ഞാന്‍ നേരില്‍ കണ്ടത്‌. തുഞ്ചന്‍പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരത്തിന്റെ ഇല ചവച്ചു തിന്നുകയയിരുന്നു, അവള്‍. ഞാനന്ന് അവള്‍ക്ക്‌ ഒരുപാട്‌ കവിതകള്‍ ചൊല്ലിക്കൊടുത്തു. ഞാന്‍ കവിത ചൊല്ലാന്‍ തുടങ്ങിയപ്പഴേ നിലാവ്‌ പരന്നു. പഞ്ചാരമണലില്‍ നിലാവുകൊണ്ട്‌ ഞാനെഴുതി,"മഴ കാണാന്‍ ഒരു ജാലകം,കണ്ണില്‍ നോക്കാന്‍ ഇത്തിരി നിലാവ്‌." എന്റെ മടിയില്‍ക്കിടന്ന് കവിത കേള്‍ക്കുമ്പോള്‍,ആകാശത്തെ മേഘക്കൂട്ടങ്ങളെ ഞാനവളുടെ കണ്ണുകളില്‍ തൊട്ടു... അവളുടെ പുകയിലക്കണ്ണുകളില്‍ നോക്കി ഞാനാദ്യമായി എന്റെ പ്രണയം വിളിച്ചുകൂവി. പിന്നീടൊരിക്കല്‍ അക്കരപള്ളിയിലെ രൂപക്കൂടിനുമുന്നില്‍ മെഴുകുതിരിപോലെ മീര ഉരുകുന്നതു കണ്ടു. റബ്ബര്‍കാടുകളില്‍ മഴ വീഴുന്നത്‌ അവളറിയുന്നേ ഉണ്ടായിരുന്നില്ല.

കുന്നിന്‍പുറത്തുനിന്നുള്ള ദൂരക്കാഴ്ചകളില്‍ എന്നും എനിയ്ക്കു പ്രിയം, ഏറ്റവും അകലെയുള്ള നീലവര പോലെ നീണ്ടുകിടക്കുന്ന മലയാണ്‌. അതൊരു നവംബര്‍ മാസമായിരുന്നു. എനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട മാസം; ഒരുപക്ഷേ മീരയ്ക്കും. മെഹ്ദിഹസനും ബാബുരാജും നവംബറില്‍ എനിയ്ക്ക്‌ പിരിയാന്‍ കഴിയാത്ത കൂട്ടുകാരാണ്‌. അഴിച്ചുവിട്ടും പിടിച്ചുകെട്ടിയും മഴയെ തബലയില്‍ നൃത്തം ചെയ്യിക്കുന്ന അല്ലാരാഖയെയാണു മീരയ്ക്കു പ്രിയം. പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ട്‌; പെണ്‍കുട്ടികള്‍ കൂടുതല്‍ സുന്ദരികളാകുന്നത്‌ നവംബര്‍ മാസത്തിലാണെന്ന്... പ്രണയിച്ച്‌ പ്രണയിച്ച്‌ ഞാന്‍ മരിച്ചുപോകുമോ എന്നു ഭയക്കുന്നതും നവംബര്‍ മാസത്തിലാണ്‌. നിലാവും മഞ്ഞും ഗസലും ജുഗല്‍ബന്തി നടത്തിയ ഒരു നവംബര്‍ അറുതിയിലാണ്‌ മീര എന്റെ പിങ്ക്‌ ഡയറിയില്‍ മരണത്തിന്റെ ചിത്രം തമാശയായി വരച്ചിട്ടത്‌. ഹൃദയചിത്രത്തിനു മുമ്പില്‍ മെഴുകുതിരി കത്തിച്ച്‌ പൊട്ടിക്കരയുന്ന ഒരു പെണ്‍കുട്ടിയും മഞ്ഞയും വയലറ്റും പടര്‍ന്ന മരണത്തിന്റെ ബിംബങ്ങളും... അത്രയുമാണ്‌ മീര അന്ന് അടയാളപ്പെടുത്തിയത്‌. പിന്നീടെന്തോ, എനിയ്ക്കവളോട്‌ ഭയമാണു തോന്നിയത്‌.

ചില രാത്രികളില്‍ ദൂരെ, നീലക്കുറിഞ്ഞികളുടെ താഴ്വരകളിലേയ്ക്കു നോക്കി മീര സങ്കടപ്പെടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.മഴമേഘങ്ങളെ കണ്ണിലലിയിച്ച്‌ ഒറ്റനോട്ടം കൊണ്ട്‌ എന്റെ പ്രണയത്തെ സ്വന്തമാക്കിയ പെണ്‍കുട്ടി കടലില്‍ മഴ പെയ്യുന്ന ഒരു സന്ധ്യയില്‍ എന്റെ നെഞ്ചില്‍ മുഖമമര്‍ത്തി വിറകൊണ്ടു... നേരം തെറ്റിയോടുന്ന അവളുടെ ഘടികാരത്തില്‍ എന്റെ പ്രണയത്തെ അടയാളപ്പെടുത്തി. വാക്കുകളുടെ കുടചൂടി കവിതയുടെ നിശബ്ദ ഇടനാഴിയിലൂടെ ഒച്ചയുണ്ടാക്കി നടന്നുപോയി. ഒരിലത്തണലിന്റെ പ്രണയാഭയങ്ങളില്‍നിന്ന് എന്നെ പൊള്ളിച്ചു. പെണ്‍കുട്ടികള്‍ ആശ്ചര്യചിഹ്നങ്ങളാകുന്ന ചില നേരങ്ങളെക്കുറിച്ച്‌ എനിയ്ക്ക്‌ ചെറിയ തിരിച്ചറിവുണ്ടായി. പ്രണയം തുടങ്ങുന്നതും ഒടുങ്ങുന്നതും കണ്ണുകളിലാണെന്ന് മീരയാണ്‌ എന്നെ പഠിപ്പിച്ചത്‌. പ്രണയിക്കുമ്പോള്‍ കണ്ണുകള്‍ നനഞ്ഞുതൂവുമെന്നും.

ഇന്നിപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ നിറയെ നരച്ച ആകാശമാണ്‌. നിലാവും നീലക്കുറിഞ്ഞികളും ഓറഞ്ച്‌ മണമുള്ള പകലുകളുമൊക്കെ എന്റെ തോന്നലുകളില്‍ മാത്രം പൂത്തും കായ്ചും നില്‍ക്കുന്നു. കവിതയുടെ മഴപ്പച്ചകളില്‍ മരണത്തിനു കത്തയച്ച ഒരു പെണ്‍കുട്ടിയുടെ ഇറുങ്ങിയ കണ്ണുകള്‍. ഒരു വയലിന്‍ കമ്പിയുടെ നേര്‍ത്ത ഞരക്കം. ഒറ്റപ്പെടലിന്റെ നീണ്ട മഞ്ഞവരമ്പ്‌... പിന്നെയും, എന്തൊക്കെയോ...!! കറുപ്പും വെളുപ്പും നിറഞ്ഞ എന്റെ സ്വപ്നത്തിന്റെ പടവുകള്‍ക്കു താഴെ, നിലാവിന്റെ വെറും നിലത്ത്‌ എന്റെ കവിതയും പൊട്ടിയ വയലിന്‍ കമ്പിയും മറന്നുവച്ച്‌ അവളെങ്ങോട്ടായിരിയ്ക്കും പോയിരിക്കുക...? ഇലകള്‍ക്കു മുകളിലൂടെ ചുവടുവയ്ക്കുമ്പോള്‍, കേള്‍ക്കരുതേ ആരും അവളുടെ പാദസരകിലുക്കം.

ഷംസുദ്ദീന്‍.പി.കുട്ടോത്ത്‌.
പൂളക്കൂല്‍ ഹൌസ്‌.
കുട്ടോത്ത്‌ പി.ഒ
മേപ്പയൂര്‍ വഴി.
കോഴിക്കോട്‌.