തര്‍ജ്ജനി

കെ. പി. രമേഷ്‌

പൂങ്ങോട്ട് വീട്
അയിലൂര്‍ പി. ഒ
പാലക്കാട്

ഇമെയില്‍: rameshzorba@yahoo.com
ഫോണ്‍: 9447315971

Visit Home Page ...

സംഗീതം

ഒരു നാദഭ്രമരം മൂളിപ്പോയ വഴികള്‍

താളംകൊണ്ടു് മെലഡിയെ സാന്ദ്രമാക്കാമോ എന്ന പര്യാലോചനയില്‍നിന്നാണു് എ. ആര്‍. റഹ്‌മാന്‍ എന്ന സംഗീതസംവിധായകന്‍ പിറക്കുന്നതു്‌. കേള്‍ക്കുവാന്‍ മാത്രമല്ല, അതു് ശരീരത്തിന്റെ ലയബദ്ധമായ ഉണര്‍ച്ചയായി മാറുന്ന നൃത്തത്തിലേക്കു് കൂടി പരിണമിക്കണമെന്ന ഇച്ഛ ആ ചിട്ടയിലുണ്ടു്. ആ വരവിന്റെ ശക്തമായ ധ്വനികള്‍ റോജ എന്ന തമിഴ്‌ചിത്രത്തിലൂടെയും യോദ്ധ എന്ന മലയാളചിത്രത്തിലൂടെയും അനുഭവവേദ്യമായി. 1992-ലാണു് ഇവ രണ്ടും പുറത്തുവന്നതു്‌. ശക്തനായ ഒരാളുടെ മുദ്രകളാണു് നാം ആ സംഗീതത്തില്‍നിന്നു് തിരിച്ചറിഞ്ഞതു്‌. സൂര്യന്‍ ഉദിച്ചുയരുന്നതിനു മുമ്പുതന്നെ പ്രകാശം ഭൂമിയെ മെഴുകുന്നതുപോലുള്ള ഒരനുഭവം റഹ്‌മാന്റെ സംഗീതത്തില്‍ കാണുവാന്‍ കഴിഞ്ഞു.

ഒരു കീബോര്‍ഡുകൊണ്ട്‌ സംഗീതലോകത്തെ എങ്ങനെ മാറ്റിത്തീര്‍ക്കാമെന്നു് ചിന്തിക്കുകയും പ്രയോഗിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത കമ്പോസറാണു് എ ആര്‍ റഹ്‌മാന്‍‍. ആ ഉപകരണത്തിന്റെ എല്ലാ സാദ്ധ്യതകളും അദ്ദേഹം അനുഭവിച്ചറിഞ്ഞു. സിന്തസൈസറില്ലാത്ത റഹ്മാന്റെ ചിത്രം അസാദ്ധ്യംതന്നെയാണു്. അദ്ദേഹത്തെ ആക്ഷേപിക്കാന്‍ പലരും അത്തരമൊരു ചിത്രം ഉപയാഗപ്പെടുത്തിയിട്ടുണ്ടു്‌. എന്നാല്‍, സാങ്കേതികവിദ്യയും സംഗീതവും തമ്മിലുള്ള സമന്വിതരൂപമാണു് സിന്തസൈസര്‍ എന്നു് അദ്ദേഹംതന്നെ നിര്‍വ്വചിക്കുമ്പോള്‍ അതില്‍ ഒരു കമ്പോസറുടെ ആത്മകഥാംശം പുരളുന്നതും നാം അറിയുന്നു. കീബോര്‍ഡിന്റെ സാദ്ധ്യതകള്‍ ഒരു പിയാനോവിനോ ഹാര്‍മ്മോണിയത്തിനോ അവകാശപ്പെടാന്‍ പറ്റില്ല. നിരവധി സംഗീതജ്ഞര്‍ പിയാനോരചനകള്‍ നിര്‍വ്വചിച്ചിട്ടുണ്ടു്‌. പക്ഷേ, അതൊരു 'സമ്പൂര്‍ണ്ണ'ഉപകരണമോ 'സമഗ്ര'ഉപകരണമോ അല്ല. അതു് കീബോര്‍ഡ്‌ ആയി മാറുമ്പോള്‍, അതില്‍ ടെക്‍നോളജിയുടെ വികാസപരിണാമങ്ങള്‍കൂടി സ്വാംശീകരിക്കപ്പെടുകയും പിയാനോ ഉള്‍പ്പെടെയുള്ള നിരവധി ഉപകരണങ്ങളുടെ ശബ്ദവഴിത്താരകള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സാംപ്ലറും ടോണ്‍ ജെനറേറ്ററും ഒക്കെയായി സിന്തസൈസര്‍ കൈകോര്‍ത്തപ്പോള്‍ സംഗീതം ഉല്പാദിപ്പിക്കപ്പെടുന്ന രീതികള്‍ക്കും സാദ്ധ്യതയേറി.

ഇളയരാജയുടെ പ്രധാന കീബോര്‍ഡ്‌ വാദകനായ വിജി മാനുവലാണ്‌ 1987-ല്‍ റഹ്‌മാനെ ഇളയരാജയുടെ അരികിലെത്തിക്കുന്നതു്‌. നിരവധി രാജാഗാനങ്ങള്‍ക്കു് റഹ്‌മാന്‍ വായിച്ചു. കമ്പ്യൂട്ടര്‍സംഗീതത്തെ സന്നിവേശിപ്പിക്കാന്‍ ഉത്സാഹം കാണിച്ച റഹ്‌മാന്റെ സഹായംകൊണ്ടാണു് രാജയ്ക്ക്‌ പുന്നകൈമന്നനിലെ പാട്ടുകള്‍ ചെയ്യാന്‍ സാധിച്ചതു് എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിനു് അവകാശവാദം ഒന്നുമില്ല. മാസ്റ്റര്‍ ധന്‍രാജില്‍നിന്നു് ലഭിച്ചതിനേക്കാള്‍ കണിശമായ ശിക്ഷണം റഹ്‌മാനു് ലഭിച്ചതു് ഇളയരാജയില്‍നിന്നാണു്‌.

പിന്നീടു് കാലം റഹ്‌മാനെ ഒരു സ്വതന്ത്രസംഗീതസംവിധായകനാക്കി. അതുവരെ നിലനിന്നിരുന്ന ഇളയരാജയുടെ സംഗീതപ്രഭാവലയത്തില്‍ നിന്നു് ആസ്വാദകരെ ക്രിയാത്മകമായി മാറ്റിനിര്‍ത്തുവാനും ഒപ്പം പുതിയ ഒരു നാദഭാവുകത്വം അരുളുവാനും റഹ്‌മാനു കഴിഞ്ഞു. ഒരു നല്ല ശിഷ്യന്റെ ദക്ഷിണയായിരുന്നു അതു്‌. ഗുരുവിനെ അതിശയിക്കുമ്പോഴും, ഗുരുവിനെപ്പോലും സര്‍ഗ്ഗാത്മകമായി തിരുത്തുവാന്‍ സാധിക്കുമ്പോഴുമാണു് ആ ശിഷ്യനില്‍ ശരിയായ അര്‍ത്ഥത്തിലുള്ള 'ഗുരുത്വം' നിറയുന്നതു്‌. തനിക്കുപോലും സ്വീകാര്യമായ ഒരു പുതിയ വഴി വെട്ടിത്തുറക്കുവാന്‍ ഗുരുവിനു് സാധിക്കുന്നു. ആ അര്‍ത്ഥത്തില്‍, റഹ്‌മാന്‍ ഇളയരാജയുടെ മികച്ച ശിഷ്യനാണു്‌.

ഇളയരാജയും റഹ്‌മാനും തമ്മിലുള്ള കാതലായ അന്തരം മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നതു്‌. തന്റെ രണ്ടു വലിയ സിദ്ധികള്‍, രഹസ്യങ്ങള്‍, നിധികള്‍ ഒരുമിച്ചുചേര്‍ക്കാന്‍ സദാ സന്നദ്ധനാവുന്ന ഒരാളാണു് ഇളയരാജ. നാടോടിസംഗീതവും ശാസ്ത്രീയസംഗീതവുമാണു് ആ നിധികള്‍. ഇവയെ പാശ്ചാത്യമായ ഓര്‍ക്കെസ്ട്രാസമ്പ്രദായവുമായി സമരസപ്പെടുത്തിക്കൊണ്ടാണു് അദ്ദേഹം ഈണം ചമയ്ക്കുന്നതു്‌. എന്നാല്‍, വേരുറപ്പുള്ള സംഗീതത്തിന്റെ രീതികൊണ്ടാവാം, ഇളയരാജ തമിഴകത്തിന്റെ ഭാവുകത്വബിംബമായിട്ടാണു് ഏറെ അറിയപ്പെടുന്നതു്‌. റഹ്‌മാനാവട്ടെ, സാങ്കേതികമായി തമിഴ്‌ഭാഷയില്‍പ്പിറന്ന സിനിമകള്‍ക്കു് സമകാലിക ഇന്ത്യനവസ്ഥയോടു് പ്രതികരിക്കുന്ന തരത്തിലുള്ള സംഗീതത്തിനാണു് ശ്രമിച്ചുപോന്നതു്‌. ഒരു ഭാഷയുടെ പ്രാദേശികതയില്‍നിന്നു് ഉയരങ്ങളിലേക്കു് പോകുവാന്‍ അദ്ദേഹത്തിനു സാധിച്ചതു് ഇത്തരമൊരു ചലച്ചിത്രഭാവുകത്വത്തിന്റെ പരിണാമംകൊണ്ടാണു്. ഇളയരാജയുടെ "നീപാതി നാന്‍ പാതി" (രാഗം-ചക്രവാകം), റഹ്‌മാന്റെ " കാതല്‍ റോജാവേ"(രാഗം- കാപി) എന്നിവ ചേര്‍ത്തുവച്ചുകൊണ്ടു് ശ്രവിച്ചാല്‍ രണ്ടുപേരുടെയും സമീപനത്തിന്റെ വൈരുദ്ധ്യവും ആ പാട്ടുകള്‍ പ്രതിനിധീഭവിക്കുന്ന ഭൂമിശാസ്ത്രപരമായ ദര്‍ശനവ്യത്യാസങ്ങളും നമുക്കു് എളുപ്പം ബോദ്ധ്യപ്പെടും. ഭാരതീയത എന്ന വിശാലമായ ക്യാന്‍വാസിനു് ജീവിതത്തിന്റെ സംഗീതംകൊണ്ടു് എങ്ങനെ വ്യാഖ്യാനം കൊടുക്കാമെന്നു ചിന്തിക്കുന്ന ഒരവസ്ഥ റഹ്‌മാന്റെ പാട്ടിലുണ്ടെന്നാണു് പറഞ്ഞുവരുന്നതു്‌. അതായതു്, റഹ്‌മാന്റെ കാലഘട്ടം ഇതാണു് ആവശ്യപ്പെടുന്നതു്‌. റഹ്മാന്റെ സംഗീതം 'ഇന്ത്യന്‍' ആവുന്നതും അതുകൊണ്ടാണു്‌. അതു് കേവലം തമിഴോ ദക്ഷിണേന്ത്യനോ അല്ല എന്നര്‍ത്ഥം. റോജ, കാതലന്‍, ബോംബെ, ജെന്റില്‍മാന്‍, ഇന്ത്യന്‍ തുടങ്ങിയ ചലച്ചിത്രങ്ങളെല്ലാംതന്നെ ഇന്ത്യന്‍ജീവിതമാണു് പ്രക്ഷേപിക്കുന്നതു്‌. ഗ്രാമജീവിതം വ്യത്യസ്തമാണെങ്കിലും, ഇന്ത്യന്‍ നഗരജീവിതത്തിനു് അതിവേഗം സമാനത കൈവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു് റഹ്‌മാന്റെ സംഗീതം മനുഷ്യമനസ്സുകളിലെ ഈ നഗരവല്‍ക്കരണത്തെ എളുപ്പം പിന്തുണയ്ക്കുന്നുണ്ടു്‌.

റഹ്‌മാന്റെ സംഗീതത്തിനു് മറ്റൊരു സവിശേഷതയുണ്ടു്‌. ഇളയരാജയുടെ സംഗീതം ഇളയരാജയുടേതു് 'മാത്ര'മായിട്ടാണു് അറിയപ്പെടുന്നതു്‌. പക്ഷേ, റഹ്‌മാന്റേതു് അങ്ങനെയല്ല എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുതു്. ശിവമണി എന്ന നിസ്തുലനായ താളവാദ്യവിദഗ്ദ്ധനും എച്ച്‌ ശ്രീധര്‍ എന്ന ശബ്ദമിശ്രണപ്രതിഭയും കൂടിച്ചേര്‍ന്നതാണു് റഹ്‌മാന്റെ സംഗീതം അഥവാ എ ആര്‍ റഹ്‌മാന്‍. ശിവമണിയുടെയും ശ്രീധറിന്റെയും പേരുകള്‍ credit) നല്കാന്‍ സന്നദ്ധനായി എന്നതാണു് റഹ്‌മാന്റെ മഹത്വം. ഫ്ലൂട്ടിസ്റ്റായ നവീന്‍ മറ്റൊരു മുതല്‍ക്കൂട്ടാണു്‌.

രണ്ടു് ആല്‍ബങ്ങള്‍ നേരത്തേ ചെയ്തുവെങ്കിലും അന്തിമാലൈ ആണു് റഹ്‌മാനു് ഗതിവേഗം കൊടുത്തതു്‌. ഔസേപ്പച്ചന്‍ കൂടി ഈ സംരംഭത്തിലുണ്ടായിരുന്നുവെന്നു് നാം ആഹ്ലാദപൂര്‍വ്വം ഓര്‍ക്കുന്നു. ഭാരതത്തിന്റെ അമ്പതാം സ്വാതന്ത്യാഘോഷത്തിന്റെ ഭാഗമായി പുറത്തുവന്ന വന്ദേമാതരം, 2000-ത്തില്‍ പുറത്തുവന്ന ജനഗണമന എന്നീ ആല്‍ബങ്ങള്‍ റഹ്‌മാനെ ലോകസംഗീതനഭസ്സില്‍ ശുഭ്രതാരമായി വിളക്കി. ഇവിടെ മറ്റൊരു കാര്യം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ നാല്പതാം സ്വാതന്ത്യദിനത്തില്‍ പുറത്തുവന്ന ആല്‍ബം ചിട്ടപ്പെടുത്തിയതു് വയലിന്‍ചക്രവര്‍ത്തിമാരായ യെഹൂദി മെനൂഹിനും എല്‍. സുബ്രഹ്മണ്യവും ആയിരുന്നു. എന്നാല്‍, പ്രസ്തുത ആല്‍ബം എന്തുകൊണ്ടോ ചര്‍ച്ചചെയ്യപ്പെടാതെ പോയി. അക്കാര്യം മനസ്സിലാക്കിക്കൊണ്ടാവാം, റഹ്മാന്‍ വന്ദേമാതരത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതു്‌. ജനഗണമനയില്‍ ഭാരതത്തിലെ മികച്ച സംഗീതജ്ഞരെയും ഗായകരെയും ഉള്‍പ്പെടുത്തിക്കൊണ്ടു് അവരുടെ നാദോപാസനയ്ക്ക്‌ അര്‍ച്ചനചെയ്യാനും റഹ്‌മാനു സാധിച്ചു.

വന്ദേമാതരം ഇന്ത്യന്‍ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും തകിടംമറിച്ചിലുകളെ ആവിഷ്കരിക്കുന്ന സംഗീതപദ്ധതിയായി മാറി. അതിലെ ഓരോ രചനയും ശ്രദ്ധിച്ചാല്‍ ഇന്ത്യയുടെ ആത്മാവു് മുഴുവന്‍ കാണാന്‍ കഴിയും. ആദ്യത്തെ രചനയായ "മാ തുഝേ സലാം", ഒടുവിലത്തെ രചനയായ "തായ്‌മണ്ണേ വണക്കം" എന്നിവയുടെ ട്യൂണ്‍ ഒന്നാണെങ്കിലും, നേരത്തേ പറഞ്ഞ ഭാഷാധിഷ്ഠിതമായ പരിതോവസ്ഥകൊണ്ടു് അവ രണ്ടു തരത്തിലാണു് സ്വീകരിക്കപ്പെടുക. റഹ്‌മാന്‍തന്നെയാണു് ഇവ രണ്ടും ആലപിച്ചിരിക്കുന്നതു്. ബങ്കിംചന്ദ്രന്റെ വന്ദേമാതരത്തിന്റെ അതീവഹൃദ്യമായ സംഗീതവഴക്കമാണു് റഹ്‌മാന്റെ വന്ദേമാതരം. റഹ്‌മാന്റെ എന്നതു് അടിവര! സാക്സൊഫോണിന്റെ വ്യത്യസ്തരുചിയായ ക്രിസ്‌ ഡേവിസ്സാണ്‌ ഇതില്‍ വായിച്ചിട്ടുള്ളതു്‌.

മതാന്ധത കത്തിനില്ക്കുന്ന ഭാരതത്തില്‍ റഹ്‌മാന്‍ എന്ന പേരുതന്നെ ചിലര്‍ക്കു് പ്രശ്നം സൃഷ്ടിക്കുന്നുണ്ടു്‌. "അള്ളാ" എന്നുച്ചരിച്ചുകൊണ്ടു് "മാ തുഝേ സലാം" അഥവാ "തായ്‍മണ്ണേ വണക്കം" തുടങ്ങുന്നതു് ചിലരുടെ നെറ്റിചുളിപ്പിക്കാന്‍ പോന്നതാണു്. ഇന്ത്യ എന്നതിനെ ഹിന്ദു എന്ന പര്യായമാക്കിത്തീര്‍ത്ത ഹീനമായ സാമൂഹ്യപരിപ്രേക്ഷ്യത്തെ നാദഭരിതമായി വിമര്‍ശിക്കുന്ന രീതിയാണു് റഹ്‌മാന്‍ കൈക്കൊണ്ടിരിക്കുന്നതു്. ജാതി-മതവെറിയില്‍ അഭിരമിക്കുന്നവര്‍ക്കു് ഇതിനോടു യോജിക്കാനാവില്ലെന്നറിയാം. ഇവിടെ, നമ്മുടെ ദേശഭക്തിഗാനങ്ങളിലേക്കു് വിമര്‍ശനാത്മകമായി കടന്നുചെല്ലേണ്ടിവരുന്നു. "രഘുപതിരാഘവ" എന്ന പ്രസിദ്ധമായ ഒരു ദൃഷ്ടാന്തം മാത്രമെടുക്കാം. ആ ഗീതം ഗാന്ധിജിക്കു് ഇഷ്ടമായിരിക്കാം. പക്ഷേ, അതില്‍ അല്ലാഹുവിനെ രാമന്റെ സ്വത്വവുമായി ബന്ധപ്പെടുത്തുന്നിടത്തുനിന്നും തുടങ്ങുന്നു അതിന്റെ ഗാന്ധിവിരോധം. ഇതു് ഇന്ത്യയില്‍ പല വിധത്തിലും ആളിക്കത്തിയിട്ടുണ്ടു്. "സാരേ ജഹാംസേ" എന്നു പാടിയ ഇക്‍ബാലിന്റെ ദേശസ്നേഹത്തെയും കബീര്‍ദാസിന്റെ വിഷ്ണുഭക്തിയെയും ബിസ്മില്ലാഖാന്റെ ശിവഭക്തിയെയും കലാമണ്ഡലം ഹൈദരലിയുടെ കൃഷ്ണഭക്തിയെയും കാണാതിരിക്കുമ്പോഴാണു് ഭാരതീയസംഗീതം കേവലം ഹൈന്ദവസംഗീതം മാത്രമായി തരംതാഴുന്നതു്‌. എന്നാല്‍, പ്രാര്‍ത്ഥനകള്‍ മതാതീതമായിത്തീരണമെന്ന ധ്വനിയാണു് റഹ്‌മാന്റെ സംഗീതത്തിലുള്ളതു്‌. ഹിന്ദുവായിപ്പിറന്നു് മുസ്ലീമായി ജീവിക്കേണ്ടിവന്ന റഹ്‌മാന്‍ തന്റെ ജീവിതാനുഭവങ്ങള്‍ നല്കിയ കനത്ത പാഠങ്ങളില്‍നിന്നാണു് സൂഫിസത്തില്‍ എത്തിച്ചേര്‍ന്നതു് എന്ന സാമൂഹികവസ്തുതയെ നമുക്ക്‌ സംഗീതത്തിന്റെ മാനദണ്ഡത്തിനു സമാന്തരമായിട്ടുതന്നെ കാണേണ്ടിവരും. ഹിന്ദുയിസത്തില്‍നിന്നു് ധ്യാനാത്മകതയുടേതായ ഒരു വഴിയും, ജൂദായിസത്തില്‍നിന്നു് ഹസിഡിസവും, ഇസ്ലാമില്‍നിന്നു് സൂഫിസവും നവനീതമായി പൊന്തിവന്നതിന്റെ അടിസ്ഥാനത്തിലാവണം ഇത്തരമൊരു നേരു് തിരിച്ചറിയപ്പെടുക.

ദേശഭക്തിഗീതമെന്ന നിലയില്‍ പലരും വന്ദേമാതരത്തിനു് പലമാതിരി ആവിഷ്കാരങ്ങള്‍ നല്കിയിട്ടുണ്ടു്‌. പക്ഷേ, റഹ്‌മാന്‍ അവയെയെല്ലാം രസകരമായി ഭേദിച്ചു. വേറിട്ടൊരു വഴിയാണു് അതിനുവേണ്ടി അദ്ദേഹം സ്വീകരിച്ചതു്‌. "ശാന്തിയുടെ ഗുരുക്കന്മാര്‍" എന്ന രചനയില്‍ നസ്രത്ത്‌ ഫത്തേ അലീഖാനെക്കൊണ്ടാണു് പാടിപ്പിച്ചിട്ടുള്ളതു്‌. ഇതു്‌, വാസ്തവത്തില്‍ കറുത്തമ്മയിലെ "പോരാളേ പൊണ്ണുത്തായേ" എന്ന പാട്ടിന്റെ ട്യൂണാണു്‌. ഇന്ത്യയും പാക്കിസ്ഥാനും വിരുദ്ധശക്തികളാണെന്നു് നിരന്തരം അടിച്ചേല്പിക്കപ്പെടുന്ന 'രാഷ്ട്രതന്ത്ര'ത്തിനെതിരെ നിന്നുകൊണ്ടു്‌, സംഗീതത്തിനു് അതിരുകളില്ലെന്നു് ബോദ്ധ്യപ്പെടുത്തുകവഴി നസ്രത്ത്‌ ഫത്തേ അലീഖാനെ സംഗീതപരമായി ക്ഷണിക്കുകയും, അതുവഴി വന്ദേമാതരം ഒരേസമയം ഇന്ത്യന്‍ ആല്‍ബമായും ആഗോളആല്‍ബമായി മാറുകയും ചെയ്തു. "Vande Mataram-Missing" എന്ന രചനയാവട്ടെ, ഒരു വലിയ ഭൂമിക വെട്ടിമാറ്റപ്പെട്ടതിന്റെ അനുതാപത്തെ ദ്യോതിപ്പിക്കുന്നു. അനന്തരം ഒരു കൂട്ടര്‍ പാക്കിസ്ഥാനെന്നും മറ്റൊരു കൂട്ടര്‍ ഇന്ത്യനെന്നും അറിയപ്പെട്ടപ്പോള്‍ വെട്ടിമാറ്റപ്പെട്ടതു് മണ്ണല്ല, ഹൃദയങ്ങളാണു്‌, സംസ്കാരങ്ങളാണു്‌. അതുകൊണ്ടു്, ഈ ആല്‍ബം 'സീസണല്‍' ഉല്പന്നമല്ല; ചരിത്രം കിനിയുന്ന ഒരു സംഗീതപ്രമാണവും നാദധാരയാല്‍ വിവശനായ ഒരാളുടെ സംഗീതപ്രണാമവും ആണു്‌. സംഗീതമെന്നതു് ശബ്ദവും നിശബ്ദതയും ചേര്‍ന്ന ഒന്നാണെന്നും, നിശബ്ദത സംഗീതത്തെ എങ്ങനെ പൂരിപ്പിക്കുന്നുവെന്നും റഹ്‌മാന്‍ Vande Mataram-Missing-ല്‍ തെളിയിക്കുന്നു.

ഡ്യൂയറ്റ്‌ എന്ന സിനിമയില്‍ സാക്സൊഫോണ്‍ അസ്സലായി ഉപയോഗിച്ചിട്ടുണ്ടു്‌. സാക്സ്‌വാദകനായ ഒരാളുടെ കഥയാണു് ഈ സിനിമയുടെ വിഷയം. കദ്രി ഗോപാല്‍നാഥ്‌ എന്ന അതുല്യനായ സാക്സൊഫോണ്‍ ഉപാസകനെയാണു് ഈ ചിത്രത്തിന്റെ ഗാനസംവിധാനത്തില്‍ റഹ്‌മാന്‍ കൂട്ടുപിടിച്ചിച്ചിട്ടുള്ളതു്‌. ബാന്റ്സംഗീതത്തിനു് വേണ്ടിമാത്രം ഉപയോഗിച്ച സാക്സിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍, രാഗങ്ങള്‍ പ്രസരിപ്പിക്കുവാന്‍ കഴിയുന്ന തരത്തില്‍ സാധകമാക്കി എന്നതാണ്‌ കദ്രിയുടെ ഖ്യാതി. രവിശങ്കറിനു് സിതാര്‍, അല്ലാ രഖയ്ക്ക്‌ തബല, അംജദ്‌ അലീഖാനു് സരോദ്‌, ശ്രീനിവാസിനു് മാന്‍ഡൊലിന്‍, ബിസ്മില്ലാഖാനു് ഷെഹ്നായ്‌, ശിവകുമാര്‍ശര്‍മ്മയ്ക്ക്‌ സന്തൂര്‍ എന്നതുപോലെ കദ്രി ഗോപാല്‍നാഥിനു് സാക്സൊഫോണും പര്യായമായിത്തീര്‍ന്നുവല്ലോ. "മെട്ടുപ്പോട്‌" എന്ന പാട്ടില്‍ റഹ്‌മാന്‍ കീബോര്‍ഡിലും കദ്രി സാക്സൊഫോണിലും ഉതിര്‍ക്കുന്ന രാഗവിസ്താരം ആസ്വാദകനെ ബഹുദൂരം സഞ്ചരിപ്പിക്കുന്നു. സ്വാഭാവികമായും, റഹ്‌മാന്‍ വെസ്റ്റേണ്‍ രീതിയിലും കദ്രി ഈസ്റ്റേണ്‍രീതിയിലുമാണു് വായിച്ചിട്ടുള്ളതു്‌. (കിഴക്കുച്ചീമയിലെ എന്ന സിനിമയിലെ) "ആത്തങ്കരമരമേ" എന്ന ഗാനത്തില്‍ ചൈനീസ്‌ ഫ്ലൂട്ട്‌ ഉപയോഗിച്ചിരിക്കുന്നതിന്റെ ചാരുത ഏറെയാണു്‌.

ഇളയരാജ ഗാനസംവിധാനംചെയ്ത സിന്ധുഭൈരവിക്കും റഹ്‌മാന്‍ ഗാനസംവിധാനംചെയ്ത ഡ്യൂയറ്റിനും ചില സാദൃശ്യങ്ങളുണ്ടു്‌. രണ്ടും സംഗീതം കേന്ദ്രപ്രമേയമായിവരുന്ന ചിത്രങ്ങളാണു്‌, രണ്ടിന്റെയും സംവിധായകന്‍ ഒരാള്‍തന്നെയാണു്‌- ബാലചന്ദര്‍. കര്‍ണ്ണാടകസംഗീതവിശാരദനായ ഒരാളെ അവതരിപ്പിക്കാനാണു് ഇളയരാജ സിന്ധുഭൈരവിയിലെ ഗാനങ്ങളൊരുക്കിയതു്‌. ബാന്റ്‌ ഈണത്തില്‍ ഒരുവശം ചാഞ്ഞിരുന്നു് മറുവശംകൊണ്ടു് തമിഴ്‌സംഗീതത്തെ വരവേല്ക്കാന്‍ വെമ്പുന്ന ഒരാളുടെ സംഘര്‍ഷങ്ങളാണു് ഡ്യൂയറ്റ്‌. സിനിമ എങ്ങനെ അതിന്റെ വിഷയം കണ്ടെത്തുന്നു എന്നിടത്തുനിന്നു്, ചലച്ചിത്രസംഗീതം എങ്ങനെ പ്രമേയത്തിന്റെ മൂലതന്തുക്കള്‍ സ്വന്തമാക്കുന്നു എന്നിടത്തേക്കാണു് റഹ്‌മാന്റെ സംഗീതം ചരിച്ചതു്‌. സാക്സൊഫോണ്‍ വീടിനു വെളിയിലാണു് സ്ഥാനപ്പെടാറു്‌. ബാന്റ്സംഗീതം അതാണു്‌. എന്നാല്‍, അതു് എങ്ങനെ ഗൃഹത്തിനുള്ളില്‍ തരളമാക്കപ്പെടുന്നുവെന്നു കദ്രി ഗോപാല്‍നാഥ്‌ തെളിയിക്കുന്നു. വേണമെങ്കില്‍ റഹ്‌മാനു് കീബോര്‍ഡില്‍ സാക്സിന്റെ ടോണ്‍ വച്ചുകൊണ്ടു് വായിക്കാമായിരുന്നു. പക്ഷേ, അതിനുപകരം, ആ ഒറിജിനല്‍ സ്വരം ഉപയോഗപ്പെടുത്തുന്നതിലൂടെ മേല്പറഞ്ഞ സംഗീതദ്വന്ദ്വഭാവുകത്വത്തെ കഴിവതും നേര്‍പ്പിച്ചുകൊണ്ടുവരാന്‍ സാധിച്ചു. അതു് കദ്രിക്കു് പുതിയ ആകാശം നല്കുകയും ചെയ്തു.

ഗ്രാമീണജീവിതത്തിനു പ്രാധാന്യം നല്കുകയും ഗ്രാമത്തിന്റെ നേര്‍മ്മയും തുടിപ്പുകളും നീരൊഴുക്കും കാറ്റും മണവുമെല്ലാം എങ്ങനെ അഭ്രപാളിയിലേക്കു് ഒപ്പിയെടുക്കാമെന്നാണു് ഭാരതീരാജ ചിന്തിക്കുന്നതു്‌. സാധാരണയായി, റഹ്‌മാന്റെ രീതിയനുസരിച്ചു് അതില്‍ ഭാഗഭാക്കാവുക സാദ്ധ്യമല്ല. പക്ഷേ, റഹ്‌മാന്‍ ആ വെല്ലുവിളി സ്വീകരിച്ചു. അതുകൊണ്ടു്‌, കിഴക്കുച്ചീമയിലെ, കറുത്തമ്മ എന്നിവയിലെ പാട്ടുകള്‍ കേട്ടാല്‍ ഇത്‌ ഇളയരാജയാണോ എന്നു പെട്ടെന്നു ശങ്കിച്ചുപോവും. പക്ഷേ, ആ സംശയം അതിലും പെട്ടെന്നു തീരുകയും റഹ്‌മാന്റെ ശൈലി തിരതള്ളിവരികയുംചെയ്യും. ഇതു് ഭാരതീരാജയുടെ വിജയംകൂടിയായി കരുതാം.

മണിരത്നത്തെപ്പോലൊരു സംവിധായകന്‍ ഉയര്‍ന്നുവന്നതിന്റെ പിന്നില്‍ അഥവാ മണിരത്നത്തിന്റെ ഒപ്പമോ അതിലധികമോ റഹ്‌മാന്‍ ഉണ്ടു്‌. കേവലം ഒരു സംഗീതസംവിധായകന്‍ മാത്രമല്ല ഗായകനും പശ്ചാത്തലസംഗീതസംവിധായകനും കൂടിയാണു് അദ്ദേഹം. ചലച്ചിത്രസംവിധായകനും സംഗീതസംവിധായകനും തമ്മിലുള്ള നിറവാര്‍ന്ന, പൂരകമായ കൂട്ടായ്മയില്‍നിന്നാണു് മികച്ച രചനകള്‍ പിറക്കുക എന്നു് ഭാരതീരാജ, മണിരത്നം, ശങ്കര്‍, സംഗീത്ശിവന്‍, മീരാനായര്‍ എന്നിവരോടൊത്തു പ്രവര്‍ത്തിച്ചപ്പോള്‍ റഹ്‌മാന്‍ തെളിയിച്ചു. മലയാളത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വന്നപ്പോള്‍ ഫാസില്‍ എന്ന സംവിധായകന്‍ മാത്രമല്ല ജെറി അമല്‍ദേവ്‌ എന്ന സംഗീതസംവിധായകനും ഉയര്‍ന്നുവന്നു. തമിഴിലെ സമീപകാല ഉദാഹരണമായ സുബ്രഹ്മണ്യപുരത്തില്‍ സംവിധായകനായ ശശികുമാറും സംഗീതസംവിധായകനായ ജെയിംസ്‌ വസന്തനും മാത്രമല്ല ബെല്ലി രാജ്‌, ദീപാ മറിയം തുടങ്ങിയ ഗായകരും ശ്രദ്ധേയരായി.

തനിമയാര്‍ന്ന സംഗീതം എന്ന രീതിയല്ല റഹ്‌മാന്‍ രൂപപ്പെടുത്തുന്നതു്‌; കലര്‍പ്പിന്റെ സംഗീതമാണു്. "ഒട്ടകത്തെ കെട്ടിക്കോ" എന്ന ഗാനം ഉദാഹരണമായെടുക്കാം. കെ രാഘവന്റെ "കുയിലിനെത്തേടി" എന്ന ഗാനത്തിന്റെ അനുകരണമാണ്‌ "ഒട്ടകത്തെ കെട്ടിക്കോ" എന്നു ചിലര്‍ വിമര്‍ശിച്ചിട്ടുള്ളതു് ഇവിടെ അനുതാപപൂര്‍വ്വം തള്ളിക്കളയാവുന്നതാണു്‌. കാരണം, റഹ്‌മാന്റെ ആധാരശില രാഘവന്റെ സംഗീതമല്ല എന്നതുതന്നെ! ധര്‍മ്മവതിരാഗത്തിന്റെ മേലാപ്പുകളെ ഫോക്‍സംഗീതവുമായും പോപ്‌താളവുമായും സമഞ്ജസിപ്പിച്ചു നിര്‍മ്മിച്ച ശില്പമാണു് "ഒട്ടകത്തെ കെട്ടിക്കോ." പാട്ടുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ രാഗഛായ നിലനിര്‍ത്തിക്കൊണ്ടു് പാട്ടിന്റെ മറ്റ്‌ സ്വനിമങ്ങളെ ആവിഷ്കരിക്കുവാനാണു് റഹ്‌മാന്‍ ശ്രമിക്കുന്നതു്‌. ചില ഗാനങ്ങളുടെ രാഗഛായ നോക്കുക: "തങ്കമേ തമിഴുക്കില്ലൈ" (ആനന്ദഭൈരവി), "അഴകാന രാക്ഷസിയേ" (രീതിഗൌള), "തങ്കമേ തമിഴുക്കില്ലൈ" (ആനന്ദഭൈരവി), "തെന്‍മേര്‍ക്ക്‌ പരുവക്കാറ്റ്‌" (ആഭേരി), "കണ്ണാളനേ" (കീരവാണി), "അക്കടാ" (മധ്യമാവതി), "അഞ്ജലീ' അഞ്ജലീ' (മിശ്രമാണ്ഡ്‌), "തെന്‍കിഴക്കുച്ചീമയിലേ" (ശങ്കരാഭരണം), "കണ്ണാമൂച്ചി എനെടാ" (നാട്ടക്കുറുഞ്ഞി).

എ ആര്‍ റഹ്‌മാനെ മാദ്ധ്യമലോകം വിശേഷിപ്പിക്കുന്നത്‌ 'മദ്രാസിലെ മൊത്‌സാര്‍ട്‌' (Madras Mozart) എന്നാണു്. അതിലൊരു പിഴവുണ്ടു്‌, സ്തുതിയും നിന്ദയും ഉണ്ടു്‌. ദക്ഷിണേന്ത്യയെ ചവിട്ടിത്താഴ്ത്തുക എന്ന ഒരൊറ്റ ലക്ഷ്യംമാത്രമേ ഇത്തരം വിശേഷണങ്ങളിലുള്ളൂ. റസൂല്‍ പൂക്കുട്ടിക്കുകൂടി ഓസ്കാര്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തെ മലയാളിയുടെ അഭിമാനഭാജനമാക്കി. ഒരാളെ തമിഴനായും മറ്റേയാളെ മലയാളിയായും മാത്രം രേഖപ്പെടുത്തുന്നതിനു് പകരം ഇവരെ രണ്ടുപേരെയും കേരളീയര്‍ സ്വന്തം പുത്രന്മാരായിത്തന്നെയാണു് കരുതുന്നതു്‌. പക്ഷേ, ഇവര്‍ ദക്ഷിണഭാരതത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മൊത്തം ഭാഗധേയമായി, ചിഹ്നമായി അറിയപ്പെടാനാണു് നമ്മള്‍ കൊതിക്കുന്നതു്‌.

2008 ഡിസംബര്‍ ഒന്നിനാണു് പ്രശസ്ത ശബ്ദപ്രണയിയായ എച്ച്‌ ശ്രീധര്‍ അന്തരിച്ചതു്‌. അതിന്റെ വേദന മാറിയിട്ടില്ല. കാരണം, എ ആര്‍ റഹ്‌മാന്റെ ഏറ്റവും വലിയ സഹചാരിയാണു് നഷ്ടപ്പെട്ടിരിക്കുന്നതു്‌. വിഖ്യാതമായ മറ്റൊരു ചിത്രത്തിന്റെ (സ്ലംഡോഗ്‌ മില്യനെയര്‍) ശബ്ദലേഖകനായ റസൂല്‍ പൂക്കുട്ടിക്കും പുരസ്കാരം ലഭിച്ചപ്പോള്‍ ശ്രീധറെ തിരിച്ചുകിട്ടിയതുപോലെ, പകരംവെക്കാനാവില്ലെങ്കിലും.

ഇന്ത്യ എന്നു പറഞ്ഞാല്‍ ഉത്തര്‍പ്രദേശും ദല്‍ഹിയും മാത്രമാണെന്നാണു് ഒരു വലിയ ധാരണ. ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമേയല്ലെന്ന മട്ടിലാണു് അവര്‍. അതുകൊണ്ടാണു് റഹ്‌മാനെയും പൂക്കുട്ടിയെയും അവര്‍ അങ്ങനെ വിശേഷിപ്പിച്ചതു്‌. ഇതൊരു ക്രൂരമായ തുടര്‍ക്കഥയാണു്‌. പക്ഷേ, റഹ്‌മാനും റസൂലും വലിയ ഒരര്‍ത്ഥത്തില്‍ ഭാരതീയത ഉയര്‍ത്തിപ്പിടിക്കുന്നുണ്ടു്‌. കൊഡാക്ക്‌ തിയേറ്ററില്‍, റസൂലിന്റെ ആ ധീരമായ, ഹര്‍ഷപുളകിതമായ മൊഴികള്‍ ഇത്‌ സാക്ഷ്യപ്പെടുത്തുന്നു. "ഓംകാരത്തിന്റെ നാട്ടില്‍നിന്നാണു് ഞാന്‍ വരുന്നതു്‌" എന്നാണു് അദ്ദേഹം പറഞ്ഞതു്‌. അതില്‍ ഓംകാരശബ്ദവും ഹിമാലയത്തിന്റെ മൌനവും കടലിന്റെ നാദവും താഴ്‌വരകളിലെ കാറ്റും ഒക്കെ ലയിച്ചിട്ടുണ്ടായിരുന്നു. ശബ്ദത്തോളം പ്രാധാന്യം നിശബ്ദതയ്ക്കും ഉണ്ടെന്നാണു് അദ്ദേഹം സൂചിപ്പിച്ചതു്‌. കാരണം, ശബ്ദത്തെ നിലനിര്‍ത്തുന്നതു് നിശബ്ദതയാണു്‌. ശബ്ദത്തെ പൂരിപ്പിക്കുന്നതു് നിശബ്ദതയാണു്‌. ഒരു സൌണ്ട്‌ എഞ്ചിനീയറുടെ പ്രധാനോദ്യമം തന്നെ ഈ ശബ്ദ-നിശബ്ദതകളെ സമുചിതം ചിട്ടപ്പെടുത്തുക എന്നതാണു്‌.

നിരവധി പുതുശബ്ദങ്ങള്‍ക്കു് റഹ്‌മാന്‍ അവസരം നല്‍കി. മിന്‍മിനി എന്നു പരക്കെ അറിയപ്പെടുന്ന കേരളത്തിന്റെ മിനി ജോസഫ്‌ ശ്രദ്ധിക്കപ്പെട്ടതു് തൃശൂര്‍ വേവ്സ്‌ എന്ന ഗാനമേളാട്രൂപ്പിലെ ഗായിക എന്ന നിലയിലായിരുന്നു. സി പി രാജശേഖരന്‍ രചനയും ഫ്രെഡി സംഗീതവും നിര്‍വ്വഹിച്ച "ദീപാരാധന സമയവും കാത്തുനില്‍ക്കേ" എന്ന ലളിതഗാനമാണു് മിനിയെ പ്രശസ്തയാക്കിയതു്‌, വിശേഷിച്ചും ആകാശവാണിയുടെ തൃശൂര്‍നിലയത്തിലൂടെ. പിന്നീടു് അവര്‍ക്കു് കേരളത്തില്‍നിന്ന്‌ വലുതായൊന്നും കിട്ടിയില്ല. പക്ഷേ, റോജയില്‍ 'ചിന്നച്ചിന്ന ആശൈ' പാടിയതോടെ മിന്‍മിനി ഉദിച്ചുയര്‍ന്നു. ചിത്രയ്ക്ക്‌ ആദ്യമായി ദേശീയപുരസ്കാരം ലഭിക്കാന്‍ നിമിത്തമായ ("പാടറിയേന്‍"- സിന്ധുഭൈരവി) ഇളയരാജ ആത്മാര്‍പ്പണം ചെയ്തതുപോലൊന്നു് റോജയുടെ ഗാനസംവിധാനത്തില്‍ റഹ്‌മാനും അനുഷ്ഠിച്ചു. സുരേഷ്‌ പീറ്റേഴ്സ്‌, ഷാഹുല്‍ ഹമീദ്‌, ഡൊമിനിക്‌‍‍, അനുപമ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ ഒരുപാടു് ഗായകരെ റഹ്‌മാന്‍ കണ്ടെത്തുകയും ബോംബെ ജയശ്രീ, ഹരിഹരന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരെ പോഷിപ്പിക്കുകയും ചെയ്തു. മൈക്കല്‍ ജാക്സന്‍, അപ്പാചേ ഇന്ത്യന്‍ എന്നിവരുമായുള്ള സൌഹൃദം ചലച്ചിത്രഗാനങ്ങളില്‍ത്തന്നെ പങ്കിട്ടിട്ടുണ്ടു്‌. ജെന്റില്‍മാന്‍, തിരുടാ തിരുടാ, പവിത്ര, മിസ്റ്റര്‍ റോമിയോ, മുത്തു, ഇരുവര്‍, രക്ഷകന്‍, ബോംബെ, മെയ്‌മാതം, ഇന്ത്യന്‍, ജീന്‍സ്‌, ഇന്ദിര, മിന്‍സാരക്കനവ്‌, കാതല്‍ദേശം, ലൌ ബേര്‍ഡ്‌സ്‌, എന്‍ ശ്വാസക്കാറ്റേ, തെനാലി, അലൈപായുതേ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മുതല്‍വന്‍, പുതിയ മുഖം, റിഥം, കന്നത്തില്‍ മുത്തമിട്ടാല്‍, രംഗീല, ദില്‍ സേ, ദൌഡ്‌, താള്‍, യുവ, ലഗാന്‍, മംഗള്‍പാണ്ഡേ, ഫയര്‍, 1947 എര്‍ത്ത്‌, തക്ഷക്‌, പുക്കാര്‍..... അങ്ങനെ നിരവധി ചിത്രങ്ങള്‍ റഹ്മാന്റെ സംഗീതത്താല്‍ വര്‍ണ്ണപ്രപഞ്ചമൊരുക്കി.

സ്വയം പുതുക്കിപ്പണിയുന്നതിലൂടെ സംഗീതരംഗത്തു് കൂടുതല്‍ വിസ്മയമൊരുക്കുവാന്‍ ഈ ലോകോത്തരപുരസ്കാരം എ ആര്‍ റഹ്‌മാനെ സഹായിക്കട്ടെ എന്നാണു് നമുക്കൊക്കെ പ്രത്യാശിക്കുവാനുള്ളതു്‌. അതുകൊണ്ടു്‌, ആ നാദഭ്രമരം മൂളിപ്പോയ വഴികളില്‍ നമുക്കു് കാതോര്‍ത്തിരിക്കാം.

Subscribe Tharjani |
Submitted by kunhikannanvanimel (not verified) on Sat, 2009-06-27 12:46.

ലേഖനം വായിച്ചു. നന്നായിട്ടുണ്ട്‌.