തര്‍ജ്ജനി

മനസാസ്മരാമി

Manasasmarami Gupthan Nair

മലയാളത്തിലെ ആത്മകഥാഖ്യാനങ്ങളുടെ ഗണത്തിലേയ്ക്ക്‌ ഒരു നവ്യഗീതകം കൂടി എഴുതി ചേര്‍ത്തുകൊണ്ട്‌ ശ്രീ എസ്‌, ഗുപ്തന്‍ നായരുടെ ആത്മകഥ പുറത്തിറങ്ങി. ഗദ്യത്തില്‍ ഇന്ന്‌ ഗുപ്തന്‍ നായരോടു കിടപിടിക്കുന്ന എഴുത്തുകാര്‍ വളരെ കുറവ്‌. അതിനിര്‍മ്മലമായ തന്റെ ശൈലിയില്‍ അദ്ദേഹം സ്വന്തം സ്മരണകള്‍ പങ്കുവെയ്ക്കുന്നു. മനസ്സില്‍ ഒരു പച്ചപ്പും കുളിര്‍ നദിയുടെ കളകളാരവവും സൂക്ഷിക്കുന്ന കേരളീയര്‍ക്ക്‌, ഒരു കുളിര്‍കാറ്റിന്റെ സുഖകരമായ സാന്നിധ്യം കൂടി അറിയിച്ചുകൊണ്ട്‌, വളരെ ആര്‍ജ്ജവത്തോടെ അദ്ദേഹം തന്റെ സ്മരണകള്‍ പങ്കുവയ്ക്കുമ്പോള്‍, ഈ ജീവല്‍പ്രകൃതിയുടെ ഭംഗികളിലേക്ക്‌ സ്വയം ആണ്ടിറങ്ങുന്നതായാണ്‌ എനിക്കനുഭവപ്പെട്ടത്‌. ആത്മകഥ പലതരത്തിലും എഴുതാം. ശ്രീ ഗുപ്തന്‍ നായര്‍ താനനുഭവിച്ച ജീവിതം ഒരു ചിത്രകാരന്റെ ചാരുതയോടെ നമുക്കു വരച്ചു തരുന്നു. അധ്യാപകന്‍, നിരൂപകന്‍, പത്രാധിപര്‍, നിഘണ്ടൂകാരന്‍, നാടക പ്രവര്‍ത്തകന്‍ തുടങ്ങി എല്ലാ നിലയിലും ശോഭിച്ച ഈ ആചാര്യദേഹത്തിന്‌ അങ്ങനെ കഴിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിനെ പരിചയപ്പെടുത്താന്‍ എഴുതുന്ന ഈ കുറിപ്പ്‌, കടലിലെ വെള്ളം കൈക്കുമ്പിളിലെടുത്തു കാണിക്കുന്നതിന്‌ തുല്യമാണ്‌. കടന്നുപോയ കാലത്തില്‍ അദ്ദേഹം സമാര്‍ജ്ജിച്ച അനുഭവസമ്പത്ത്‌ വിവരണാതീതമാണ്‌. കേരള സാംസ്കാരിക മണ്ഡലത്തിലെ പൂര്‍വ്വസൂരികളുടെ ഒപ്പം നടന്നും നിവര്‍ന്നും, പഠിച്ചും പകര്‍ന്നും നേടിയ ഈ സമ്പത്തിന്റെ ആഢ്യത്വമാണ്‌ അദ്ദേഹം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത്‌. ജീവിതത്തിന്റെ ഒരോ ഘട്ടത്തിലേയും ഓര്‍മ്മകള്‍, പൈതൃകത്തില്‍ തുടങ്ങി വാനപ്രസ്ഥത്തില്‍ അവസാനിപ്പിക്കുന്ന നാല്‍പ്പത്തിയഞ്ചു അദ്ധ്യായങ്ങളിലായി, ഒരു ഋഷിയുടെ സമചിത്തതയോടെ അദ്ദേഹം പറയുന്നു. ഒരുസ്ഥലത്തും പരാതിയുടെ ഭാഷയോ അന്യരുടെ വികാരങ്ങളെ ഹനിക്കുന്ന സംഭവ ചിത്രീകരണമോ ഇല്ല. വളരെ സംയമനത്തോടെ എഴുതിയ ഈ ഓര്‍മ്മക്കുറിപ്പില്‍ കേവലമായ ആത്മപ്രശംസയുടെ അംശം ഒട്ടുമേ ഇല്ല. "ഒരു കാലഘട്ടത്തിന്റെ പ്രത്യവലോകനം, സാഹിത്യചരിത്രകാരന്മാര്‍ രേഖപ്പെടുത്താനിടയില്ലാത്ത കൊച്ചു കൊച്ചു സംഭവങ്ങള്‍, അവയിലെ കഥാപാത്രങ്ങളുടെ തൂലികാ ചിത്രങ്ങള്‍ - എല്ലാം ഇതിലുണ്ടാകും" അദ്ദേഹം മുഖവുരയില്‍ പറയുന്നു. ഒരു ചെറിയ ഉദാഹരണം നോക്കൂ "വിശ്വത്തെ മിത്രഭാവത്തോടെ കാണാന്‍ പഠിപ്പിച്ച ആചാര്യന്മാര്‍ക്ക്‌ നന്ദി" എത്ര ഉദാത്തമായ പരിസ്ഥിതി ബോധം! അത്രതന്നെ ഉയര്‍ന്ന ആശയതലവും.

ഫലിതത്തിനും കുറവില്ല സാറിന്റെ എഴുത്തില്‍. തന്റെ ആര്‍ട്‌സ്‌ കോളേജ്‌ അധ്യാപകനായ അനന്തന്‍പിള്ള സാറിന്റെ രസികത്വം വിവരിക്കുന്നതു നോക്കൂ. ഉണ്ണായിയുടെ നളചരിതം പഠിപ്പിക്കുമ്പോള്‍ കാട്ടാളന്റെ ഭാഗമെത്തി. "ആരാലവള്‍തന്‍ അധരം പേയം" എന്നു വായിച്ചു കഴിഞ്ഞ്‌ ക്ലാസ്സ്‌ ഒന്നാകെ ഒന്ന് നോക്കിക്കണ്ടു. ഒരു വിദ്യാര്‍ഥി "എന്‍ആല്‍" എന്നു പറഞ്ഞു. അനന്തന്‍ പിള്ള സാര്‍ ഉടന്‍ "നിന്നാലവള്‍ തന്‍ മൂത്രം പേയം" എന്ന് അവനെ വകവരുത്തി തുരത്തി. ശ്രീ ഗുപ്തന്‍ നായര്‍ തന്റെ ജീവിതത്തിലേക്കു കടന്നുവന്ന, താന്‍ പരിചയപ്പെട്ട വ്യക്തികളെ കുറിച്ചു മാത്രമല്ല, താന്‍ വസിച്ച വിവിധ സ്ഥലങ്ങളെ കൂടി വിലയിരുത്തുന്നുണ്ട്‌ ഈ സ്മരണകളില്‍. ജ്യോഗ്രഫി ആയിരുന്നു തന്റെ ഇഷ്ടപഠന വിഷയം എന്നദ്ദേഹം പറയുന്നു. പഴയ തിരുവനന്തപുരം നഗരത്തെകുറിച്ച്‌ അദ്ദേഹം "ബന്ധുര തിരുവനന്തപുരത്തേയും ഭക്തജനബന്ധുവായ പത്മനാഭനേയും തൊഴുന്നേന്‍" എന്നാണ്‌ രാമപുരത്തുവാരിയരെ കടമെടുത്തു പറയുന്നത്‌. അദ്ദേഹം വിവരിക്കുന്ന ഈ തൂലികാ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതവും അതിലേറെ ജീവിതത്തില്‍നിന്നും സമാര്‍ജിച്ച, ലോകത്തോടുള്ള കാഴ്ചപ്പാടും ആണുള്ളത്‌. സത്യത്തില്‍ ഈ ആത്മകഥയിലൂടെ നാം കാണുന്നത്‌, ശ്രീ ഗുപ്തന്‍ നായര്‍ എന്ന ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ചൈതന്യധന്യമായ ആത്മപ്രപഞ്ചത്തെയാണ്‌. ഇവ്വിധം എഴുതിയാല്‍ തീരാത്ത അനുഭവങ്ങളുടെ ഒരാകത്തുകയാണ്‌ ഏകദേശം മുന്നൂറ്റിയന്‍പതോളം പേജുകളുള്ള ഈ പുസ്തകം. പുസ്തകാവസാനത്തില്‍ "ബന്ധുവൃത്താന്തം" എന്ന അനുബന്ധവും കുറച്ചു ഫോട്ടോകളും ഉണ്ട്‌. റെയിന്‍ബോ ബുക്ക്‌ പബ്ലിഷേഴ്സ്‌ നൂറാമത്തെ പുസ്തകമായി പ്രസിദ്ധീകരിച്ച ഇതിന്റെ വില നൂറ്റിയെഴുപത്തിയഞ്ചു രൂപയാണ്‌. നിയോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ, കൃതാര്‍ത്ഥനായ, ആചാര്യനെ മനസാനമാമി.

Manasasmarami Gupthan Nair

സുനില്‍ കുമാര്‍, റിയാദ്

Submitted by Sunil Krishnan (not verified) on Fri, 2005-09-09 23:46.

നല്ലപുസ്തകം,
നല്ല അഭിപ്രായം