തര്‍ജ്ജനി

ഗൃഹാതുരത്വം

Illustration ഇന്നി, ടുങ്ങി വരണ്ടു, റങ്ങിയൊഴുകു-
ന്നൊരെന്‍ പ്രിയ സഖിയിതാ,
തീര, മതിക്രമിച്ചേറിയ തന്‍-
സ്നിഗ്‌ദ്ധ മേനിയാകെപ്പടര്‍ന്ന വ്രണവുമായ്‌...
പണ്ടുതമ്മില്‍പ്പിണങ്ങിയിണങ്ങിനാ-
മൊന്നുമോര്‍ക്കാതെ കളിച്ചുചിരിച്ച നാള്‍...
നിന്‍ കുളിര്‍മയില്‍, തലോടലില്‍
ഓര്‍ത്തു ഞാന്‍, എന്നുമെന്‍ ബാല്യം,
ഒരു നഷ്ടശോഭ പോല്‍....
നീയിന്നുമൊഴുകുന്നുണ്ടെങ്കിലും....
നിന്നിലിന്നാഴമില്ല, തുഴയുവാനാരുമില്ല
നിന്‍ തീരത്തെപ്പുണര്‍ന്നൊരാ
മണല്‍ത്തരികളൊക്കെയും
വീണടിഞ്ഞു നിന്നാഴപ്പരപ്പിലേക്ക്‌....
ഭയന്നുമൊന്നു പിന്‍ വാങ്ങിയു-
മടുത്തു ഞാന്‍, പണ്ടുനിന്നിലേ-
ക്കു,നിന്‍ മടിത്തട്ടില്‍ നീന്തി-
ത്തുടിച്ചു ഞാനുമെന്‍ ബാല്യവും,
ഒത്തിരി സ്മൃതികളും......
എന്റെസ്വപ്നങ്ങളില്‍
നീയെനിക്കാരായി....എന്‍
നഷ്ട ഗാനങ്ങളില്‍
നീയെനിക്കാരായി.... നീ
നിളേ, നീയിന്നുമൊഴുകുന്നു....
നീണ്ട ഗദ്ഗദത്തുള്ളികള്‍
നിന്നെയിന്നേന്തുന്നു....
നീയിന്നു ജീവന്റെ തുടിയിലെ
ചോദ്യമായ്‌, കാരുണ്യം തേടുമീ
വാഴ്വിന്‍ ശാന്തിയായ്‌....
നില്‍പൂ നിന്‍ മുന്നില്‍ ഞാന
ഞ്ജലീ ബദ്ധയായ്‌.... നില്‍പു
ഞാനറിയില്ല....എന്തിനെന്നറിയില്ല
ഒരു പക്ഷേ-നീയെനിക്കേകിയ
പൊന്‍ മണിത്തുള്ളികള്‍ക്കായിരിക്കാ-
മതുമല്ലെങ്കില്‍ എന്‍ ബാല്യത്തി
നേകിയ വര്‍ണങ്ങള്‍ക്കായിടാം....

അണിമ