തര്‍ജ്ജനി

വൃദ്ധരുടെ നഗരം

അമ്മക്കായിരുന്നു അസുഖം ആദ്യം പിടിപ്പെട്ടത്‌. കാലം ഉണര്‍ന്ന്‌ കിടന്നിരുന്ന കണ്ണുകളില്‍ വെള്ള സുഷിരങ്ങള്‍ വീഴ്ത്തിയാണ്‌ രോഗം തന്റെ സാന്നിദ്ധ്യമറിയിച്ചത്‌. പിന്നെ പ്ലാസ്റ്റിക്കിന്റെ ഒരാവരണം പോലെ തിമിരം മൂടി കാഴ്ചയെ ചിതറിച്ചു. ആദ്യമോന്നും അമ്മ അസുഖത്തെക്കുറിച്ച്‌ പറഞ്ഞിരുന്നില്ല. എന്നാല്‍ കാഴ്ച ചിലപ്പോള്‍ ഇരട്ടിക്കുകയും പലയിടത്തും വീഴുകയും അയാള്‍ പോലും ചില അവസരങ്ങളില്‍ ശാസിക്കുകയും ചെയ്തപ്പോള്‍ അമ്മയ്ക്ക്‌ കരയുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.

കാഴ്ചയില്ലായ്മ തളര്‍ന്ന മനസ്സിനെ ദൃഢമാക്കുകയോ മറ്റു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയോ ചെയ്യുന്നു. ഒരാള്‍ക്ക്‌ ജീവിതകാലം മുഴുവന്‍ ഇരുട്ട്‌ മൂടിയ കണ്ണുകളുടെ രഹസ്യം മറച്ചുവെയ്ക്കാനാവും. എന്നാല്‍ സ്ഥാനം മാറ്റിയിട്ട കസേരകളും മറ്റുളളവരുടെ അപ്രതീക്ഷിത ചലനങ്ങളും കണക്കുകളെ പിഴപ്പിക്കും. അപ്പോഴൊക്കെ അമ്മ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യും. ഒരു ദിവസം അയാള്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു.

"ആരാ വാതിലടച്ച്‌ ന്നെ ഇരുട്ടില്‍ മൂട്യേത്‌. കണ്ണുകാണാന്‍ വയ്യങ്കിലും വെളിച്ചത്തെ നിക്ക്‌ തൊട്ടറ്യാനാവും."

അയാള്‍ക്ക്‌ ചിരിയാണ്‌ വന്നത്‌. വാതിലുകള്‍ മുഴുവന്‍ തുറന്ന്‌ കിടക്കുകയായിരുന്നു. സുര്യപ്രകാശം വാതില്‍പ്പടികടന്ന്‌ അമ്മയുടെ കാല്‍പാദങ്ങളില്‍ അനുസരണയുള്ള പൂച്ചകുട്ടിയെ പോലെ പതുങ്ങി കിടപ്പുണ്ടായിരുന്നു. അയാള്‍ വാതിലുകള്‍ ചേര്‍ത്തടച്ച്‌ അമ്മയുടെ കട്ടിലിലേക്കിരുന്നു.

"ഇപ്പഴാ ആശ്വാസായത്‌. കാണാന്‍ വയ്യങ്കിലും വെളിച്ചം അടുത്തുള്ളത്‌ ഒരാശ്വാസാ..."

ഭാര്യ ചിരിയടക്കി വെയ്ക്കാനാവാതെ സാരികൊണ്ടു മുഖം പൊത്തി. അതിനു പിറ്റേന്നായിരുന്നു, അമ്മയുടെ മരണം.

രോഗം ഭാര്യയെ ആക്രമിച്ചത്‌ വളരെ വ്യത്യസ്തമായിട്ടായിരുന്നു. മുടിയിലെ കരപ്പനായാണ്‌ ആദ്യം അത്‌ പ്രത്യക്ഷപ്പെട്ടത്‌. നല്ല ഉള്ളുതൂര്‍ന്ന മുടിയായിരുന്നു അവള്‍ക്ക്‌. അയാളുടെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ വാര്‍മുടിത്തുമ്പില്‍ ചൂടിയ മുല്ലപ്പൂവിന്‌ വലിയ സ്ഥാനമാണുണ്ടായിരുന്നത്‌. ആദ്യം നരയായും പിന്നെ പഞ്ഞി പോലെ നേര്‍ത്ത്‌ ജഡപിടിച്ചും അത്‌ കാണപ്പെട്ടു. എന്നാല്‍ മുടി കൊഴിയാന്‍ തുടങ്ങുമെന്ന്‌ അയാളോ ചികില്‍സിച്ചിരുന്ന നാണു വൈദ്യരോ കരുതിയിരുന്നില്ല.

വീട്ടു ജോലികളില്‍ ഭാര്യ ക്ലേശപ്പെടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക്‌ തന്നെ സഹായിക്കേണ്ടിയിരുന്നു. അവര്‍ക്ക്‌ കുട്ടികളുണ്ടായിരുന്നില്ല. അവരെ കൂടാതെ വീട്ടില്‍ ആകെയുണ്ടായിരുത്‌ പപ്പിയെന്ന പൂച്ചയും ഡോണ എന്നു പേരുള്ള നായയുമായിരുന്നു. ചാരുകസേരയിലിരിക്കുമ്പോള്‍ പപ്പി അയാളുടെ കാല്‍പാദങ്ങള്‍ക്കരികെ തലോടല്‍ കാത്ത്‌ കിടക്കും. എന്നാല്‍ ഡോണ അയാളോട്‌ ഇണങ്ങിയിരുന്നില്ല. ചിലപ്പോള്‍ നേരം വൈകി വിട്ടിലേക്ക്‌ വരുമ്പോള്‍ അപരിചിതരെ കണ്ട പോലെ അവന്‍ കുരയ്ക്കും. ഭാര്യക്ക്‌ പിന്നാലെ ഒരു നിഴലെന്ന പോലെ ഡോണ എപ്പോഴും കുടെയുണ്ടാവും.

ഭാര്യ കിടപ്പിലായപ്പോള്‍ അയാള്‍ ഏറെ വിഷമിച്ചതും ഡോണയെ ഓര്‍ത്തായിരുന്നു. അവന്‍ രാത്രിയില്‍ ഉറക്കമില്ലാതെ കുരച്ചു കൊണ്ടിരുന്നു. ഭാര്യയെ കണ്ടപ്പോള്‍ ഒരിക്കല്‍ അവന്‍ അപരിചിതത്വത്തോടെ നോക്കിനിന്നു. അവള്‍ക്കും വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മുടി നിശ്ശേഷം കൊഴിഞ്ഞു പോയിരുന്നു. അവിടെ കറുത്ത പാടുകള്‍ കുമിളകള്‍ പോലെ മുഴച്ചു നിന്നു. തൊലിയിലെ ജൈവത നഷ്ടപ്പെട്ട്‌ അത്‌ അയഞ്ഞ വസ്ത്രങ്ങള്‍ പോലെ തൂങ്ങി കിടന്നു. കണ്ണുകളുടെ ഇമ ഒരിക്കലും ചലിക്കുന്നുണ്ടെന്ന്‌ തോന്നുമായിരുന്നില്ല. മുഖത്തെ ആരെയും മടുപ്പിക്കുന്ന ഏകാന്തഭാവം അവളുടെ ചൈതന്യമത്രയും ചോര്‍ത്തിക്കളഞ്ഞിരുന്നു. സംസാരത്തെ മാത്രം കീഴടക്കാനാവാതെ രോഗം മറ്റെല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലും വേദനാജനകവുമാക്കി.

ഡോണയുടെ ദൈന്യത അയാളെ നന്നെ വിഷമിപ്പിച്ചു. അവന്‍ ഭക്ഷണം കഴിക്കാതെയായി. മുഖം കാലുകളില്‍ വച്ച്‌ സദാസമയവും വീട്ടിലേക്ക്‌ നോക്കി മോങ്ങികൊണ്ടിരുന്നു. മഴ തിമിര്‍ത്തു പെയ്ത ഒരു രാത്രിയില്‍ അവന്‍ അത്യുച്ചത്തില്‍ കുരയ്ക്കുകയും വീടിനു ചുറ്റും മതിഭ്രമത്താലെന്ന പോലെ ഓടിനടക്കുകയും ചെയ്തു. അയാള്‍ വേവലാതിയോടെ പുറത്തേക്ക്‌ നോക്കുമ്പോഴൊക്ക മഴ നനഞ്ഞ്‌ അവന്‍ വിട്ടിലേക്ക്‌ കണ്ണുകള്‍ നട്ട്‌ കുരക്കുകയായിരുന്നു. പിന്നീട്‌ ഒരിക്കലും അയാള്‍ അവനെ കണ്ടില്ല. അവന്‍ എന്നന്നേക്കുമായി ആ വീടിന്റെ പടികള്‍ ഇറങ്ങിയത്‌ ആ രാത്രിയുടെ വൈകിയ യാമങ്ങളിലെപ്പോഴോ ആയിരുന്നു.

രോഗം അയാളിലേക്ക്‌ സംക്രമിച്ചപ്പോഴാവട്ടെ അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. ഭാര്യയുടെ അസുഖം ആദ്യമൊക്കെ അയാളെ തളര്‍ത്തിയിരുന്നെങ്കിലും അവളുടെ മരണം അയാളെ വേദനിപ്പിച്ചിരുന്നില്ല. അവസാന നാളുകളിലെ അവളുടെ ദൈന്യതയും ഡോണയുടെ ദുഖവും അസഹനീയമായിരുന്നു. ഇടയ്ക്കെത്തുന്ന വറുതിക്കാറ്റു പോലെ ഡോണയുടെ നിഷ്കപടമായ മുഖം അയാളെ വേട്ടയാടികൊണ്ടുമിരുന്നു.

ഏകാന്തത അയാളെ പലപ്പോഴും മൌനത്തിന്റെ ചതുപ്പുനിലങ്ങളിലേക്ക്‌ വലിച്ചിട്ടു. രാപകലുകളുടെ വ്യത്യാസം പോലും അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നില്ല. സമയമാപിനികളുടെ സൂചികള്‍ വെറുതെ കറങ്ങുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. അവ ഒരു നിമിഷത്തെ കൂടിച്ചേരലിനായി മാത്രം വൃഥാ ചുറ്റികൊണ്ടേയിരിക്കുന്നു. സൂര്യനും ചന്ദ്രനും അനേകം ഗ്രഹങ്ങളും മനുഷ്യരും ഒരു കൂടിച്ചേരലിനായി കറങ്ങുന്നത്‌ പോലെ. ആദ്യം തളര്‍ന്നും ഒടുവില്‍ കിതച്ചും ഒരിക്കല്‍ നിശ്ചലമാവാന്‍ വേണ്ടി.

മനസ്സിനെയായിരുന്നു രോഗം ആദ്യം തളര്‍ത്തിയത്‌. ഓര്‍മ്മകള്‍ അയാളെ നിരന്തരം പഴയ കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. സുഭഗമായ നല്ല ഓര്‍മ്മകളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. വേദനയും ശൂന്യതാ ബോധവും മാത്രം നല്‍കുന്ന ഓര്‍മ്മകള്‍. യുദ്ധം കഴിഞ്ഞെത്തിയ പടയാളിയുടേതു പോലെയുള്ള അസഹ്യമായ ഏകാന്തത. കണക്കെടുപ്പുകളില്‍ നഷ്ടവും ലാഭവും തിരിച്ചറിയാതെ. എന്നാല്‍ വേദനിപ്പിക്കുന്ന കുറെയേറെ ദൃശ്യങ്ങളെ നെഞ്ചിലേറ്റിയങ്ങനെ...

ഇടയ്ക്കെപ്പോഴോ അയാള്‍ക്ക്‌ ഓര്‍മ്മകളുടെ ചരടുകളററു. രാപകലുകള്‍ പോലെ ഭൂതവും വര്‍ത്തമാനവും അയാള്‍ക്ക്‌ വേര്‍തിരിച്ചറിയാനായില്ല. കുട്ടിക്കാലത്തിലൂടെ ഭാര്യയുടെ കൈപിടിച്ചു നടന്നതും കൌമാരത്തിലെ വികൃതികളില്‍ അമ്മയുടെ മടിയില്‍ കിടന്ന്‌ കഥ കേട്ടതും യുവത്വത്തിലെ പ്രസരിപ്പില്‍ വാനപ്രസ്ഥമാരംഭിക്കുതിനെ കുറിച്ചു ചിന്തിച്ചതുമൊക്കെ ഓര്‍ത്ത്‌ സ്ഥലകാല വിഭ്രമങ്ങളിലൂടെ അയാള്‍ ദിനരാത്രങ്ങളെ അലിയിച്ചുകളഞ്ഞു.

ആധികളില്‍ നിന്നും ശാശ്വതമായ മോചനം പ്രതീക്ഷിച്ചാണ്‌ അയാള്‍ നഗരത്തിലെ പ്രശസ്തനായ ഡോക്ടറെ സമീപിക്കുന്നത്‌.

രോഗമെല്ലാം ആദ്യം പിടികൂടുക മനസ്സിനെയാണ്‌. അതു പല അവയവങ്ങളിലായി അനുഭവപ്പെടുന്നതു രോഗിയെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ട്‌ രോഗത്തെക്കാള്‍ കുടുതല്‍ പഠിക്കേണ്ടത്‌ രോഗിയെയാണ്‌.
ഡോക്ടര്‍ രസികനായ അധ്യാപകനെ പോലെ അയാളെ നോക്കി പറഞ്ഞു.

അയാളെ പഠിക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടുകൊണ്ട്‌ ഡോക്ടര്‍ അയാള്‍ക്ക്‌ വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കുറിച്ചുകൊടുത്തു. എന്നാല്‍ അയാളുടെ രോഗം അപ്പോഴേക്കും മരുന്നുകള്‍ക്കതീതമായി വളര്‍ന്നിരുന്നു.

രണ്ടാമതായി ചെല്ലുമ്പോള്‍ ഡോക്ടര്‍ അയാളെ ആദ്യനോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു.പേടിക്കാനുള്ള അസുഖമൊന്നും നിങ്ങള്‍ക്കില്ല. എല്ലാം വേഗം സുഖപ്പെടും.

അയാള്‍ക്ക്‌ പതിവുപോലെ വേറെ ചില മരുന്നുകള്‍ കുറിച്ചുകൊടുത്തു. എന്നാല്‍ അതുകൊണ്ട്‌ മാറുന്നതായിരുന്നില്ല അയാളുടെ അസുഖം. ഡോക്ടര്‍മാരിലുണ്ടായിരുന്ന വിശ്വാസം അയാള്‍ക്ക്‌ പതിയെ നഷ്ടമായി തുടങ്ങി.

അയാള്‍ക്ക്‌ വാര്‍ദ്ധക്യമായിരുന്നു. അത്‌ ഏറ്റവും കുടുതല്‍ ആക്രമിച്ചതാവട്ടെ മനസ്സിനെയും. ചികില്‍സ തേടി ചെന്ന ഒരു പാരമ്പര്യവൈദ്യനാണ്‌ വൃദ്ധരുടെ നഗരത്തെ കുറിച്ചും അവിടത്തെ അസാധാരണമായ ചികില്‍സയെകുറിച്ചും അയാളോടു പറഞ്ഞത്‌. ആയുസ്സിന്റെ പുസ്തകത്തിലെ അവസാന താളുകള്‍ ആവരണമിട്ട്‌ സൂക്ഷിക്കപ്പെടുന്നത്‌ പോലെ അവിടെത്ത ചികില്‍സ മരണപ്പെട്ടാലും മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല എന്നും അയാള്‍ കുട്ടിചേര്‍ത്തു.

മീനമാസത്തിലെ ഉഷ്ണസന്ധ്യയിലാണ്‌ അയാള്‍ വൃദ്ധരുടെ നഗരത്തിലെത്തിച്ചേര്‍ന്നത്‌. യാത്ര കഠിനവും യാതന നിറഞ്ഞതുമായിരുന്നു. കാലുകളില്‍ നീരുവന്ന്‌ സ്പര്‍ശന സുഖം നഷ്ടമായിരുന്നതിനാല്‍ ദീര്‍ഘസഞ്ചാരങ്ങളുടെ ലഹരി അയാള്‍ അറിഞ്ഞതേയില്ല. പകുതിയാത്രയിലെപ്പോഴോ അയാള്‍ക്ക്‌ ബോധം മറഞ്ഞതുപോലെ തോന്നി. ഓര്‍മ്മകളുടെ നനഞ്ഞ മണ്ണിനുമീതെ ഒഴുകുന്നത്‌ പോലെ മനസ്സിന്റെ നിര്‍മ്മമത അപരിചിതമായ ഒരാനന്ദം നല്‍കി. തുളസിയുടെയും കുന്തിരിക്കത്തിന്റെയും നനുത്ത ഗന്ധത്തില്‍ കവിത്വം തുളുമ്പുന്ന ശ്ലോകങ്ങള്‍ തലയ്ക്കുമുകളിലൂടെ പെരുമഴപോലെ പെയ്തൊഴിഞ്ഞു. പശപോലെ കട്ടിയുള്ള ഇരുട്ട്‌ സ്ലെയിറ്റിലെ വിലക്ഷണമായ ചിത്രങ്ങളെ മായ്ച്ചുകളയുന്നത്‌ പോലെ ചിന്തകള്‍ കൂടൊഴിഞ്ഞു പോയി. അര്‍ദ്ധമയക്കത്തിലെ ഒരു ദുഃസ്വപ്നം പോലെയാണ്‌ എല്ലാം അയാള്‍ക്കനുഭപ്പെട്ടത്‌. വൃദ്ധരുടെ നഗരത്തിലേക്കുള്ള കവാടം കടന്നതോടെയാവട്ടെ തന്റെ യുവത്വം തിരിച്ചു കിട്ടിയപോലെ ഒരു ഉന്മേഷം അയാളെ പൊതിഞ്ഞു.

അയാള്‍ പ്രതീക്ഷിച്ചതു പോലെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഒരു നഗരമായിരുന്നില്ല വൃദ്ധരുടെ നഗരം. നരച്ച മരങ്ങളും കെട്ടിടങ്ങളും വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ പോലെ അതിന്‌ വെളുത്ത ചായം നല്‍കി. നിരത്തുകള്‍ തിരക്കുകറഞ്ഞവയും കെട്ടിടങ്ങള്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ചവയുമായിരുന്നു. എങ്കിലും അവയില്‍ എന്തിന്റെയോ അഭാവം മുഴച്ചു നിന്നു. ചുറ്റും ജരാനരകള്‍ നിറഞ്ഞ കുഴിഞ്ഞ മുഖങ്ങളാണ്‌ അയാള്‍ കണ്ടത്‌. അവരില്‍ പരിചയമുള്ളവരുമുണ്ടായിരുന്നു. ചിലര്‍ മരിച്ചവരെ പോലെ വികാരരഹിതരായിരുന്നു. എന്നാല്‍ ആരും പരസ്പരം പരിചയഭാവം കാണിച്ചിരുന്നില്ല. ഒരു തീര്‍ഥയാത്രയിലെ ആചാരങ്ങളില്‍ മുഴുകിയവരെ പോലെ മുദ്രിതമായ മൌനം അവരെ അപരിചിതരാക്കിമാറ്റി.

ജിവിതം അതിന്റെ എല്ലാ ആഘോഷങ്ങളുമായി വീണ്ടും കടന്നുവരികയാണ്‌ അയാള്‍ അറിഞ്ഞത്‌ ആ നഗരത്തിലെത്തിയതിനു ശേഷമാണ്‌. മനസ്സ്‌ സ്വച്ഛന്ദം ഒഴുകുന്ന ഒരു പുഴയാകുമ്പോള്‍ ശരീരം ഭാരം കുറഞ്ഞ ഒരു ഭാണ്ഡമായി ചുരുങ്ങും. അയാള്‍ക്കാവശ്യമുള്ളതെല്ലാം കയ്യെത്താദൂരത്തുണ്ടായിരുന്നു. അയാളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ്‌ അദൃശ്യകരങ്ങള്‍ സമയാസമയങ്ങളില്‍ വേണ്ടതെല്ലാം മുമ്പിലെത്തിച്ചു. ഒരു ചിത്രകഥയിലെ നായാട്ടുകാരെ പോലെ എല്ലാ ഇടവഴികളും ഋജുവും തെളിഞ്ഞവയുമായിരുന്നു. എന്നാല്‍ പരാതിയും പരിഭവവുമില്ലാത്ത ആ ജീവിതം അയാള്‍ക്ക്‌ വേഗത്തില്‍ മടുത്തു തുടങ്ങി.

മടുപ്പ്‌ അസ്വസ്ഥതയായി പെരുകുന്നതിന്‌ മുന്‍പേ അയാള്‍ നഗരഭൂപടം തേടി പുറപ്പെട്ടു. അപരിചിതവും അസാധാരണവുമായ കാഴ്ചകള്‍ക്കൊടുവില്‍ യാത്ര ഒരു കൂറ്റന്‍ മതിലിനരികിലെത്തി അവസാനിച്ചു. ആകാശം പിളര്‍ന്നു കിളിര്‍ത്തുവന്ന മതിലിന്റെ കറുത്ത പ്രതലത്തില്‍ സഞ്ചാരികളുടെ വിനോദം പോലെ എന്തൊക്കെയാ എഴുതിവച്ചിരുന്നു. അതിനു ചുറ്റും കൂറെ വൃദ്ധര്‍ ഇരിക്കുകയും നില്‍ക്കുകയും കണ്ണീരൊഴുക്കി കേഴുകയും ചെയ്യുന്നുണ്ടായിരുന്നു.

വിവേചിച്ചറിയാനാവാത്ത ഒരു ഗന്ധം അവിടെയെങ്ങും നിറഞ്ഞു കിടന്നു. അതയാളുടെ ശരീരത്തിലൂടെ ഒരു കാട്ടുളിയുടെ വേഗതയോടെ കടന്നുപോയി. പുക്കളുടേതും മഴയുടേതുമല്ലാത്ത ആ ഉന്മാദ ഗന്ധം അഴിച്ചുമാറ്റിയ വസ്ത്രങ്ങളുടെ പരിചിതഗന്ധമായി അയാളെ വിസ്മയിപ്പിച്ചു.

"ഈ മതില്‍ വൃദ്ധരുടെ നഗരത്തിന്റെ അവസാനമാണ്‌. ഇതിനപ്പുറം സ്തീകളുടെ നഗരമാണ്‌. അതിനുമപ്പുറം കുട്ടികളുടെ നഗരവുമുണ്ട്‌."

മുഖത്ത്‌ നിഷ്കളങ്കത ത്രസിച്ച്‌ നില്‍ക്കുന്ന ഒരു വൃദ്ധന്‍ അയാളോട്‌ പറഞ്ഞു.

ആ ഭീമാകാരമായ മതിലിനപ്പുറം തന്റെ അമ്മയും ഭാര്യയും ഉണ്ടാകുമെന്ന തിരിച്ചറിവില്‍ നടുങ്ങി, ജീവിതത്തിലന്നോളം തോന്നാത്ത നിരാശയോടെ അയാള്‍ തിരിച്ചു നടന്നു.

ഹക്കിം ചോലയില്‍‍