തര്‍ജ്ജനി

എന്നുടെ തമ്പ്രാന്‍

എല്ലു മുറികെ പണി ചെയ്തീടില്‍
പല്ലു മുറികെ തിന്നീടാമെ-
ന്നേതോ തമ്പ്രാന്‍ എന്നോ ഒരു നാള്‍
എങ്ങെങ്ങോ ഒരു കളവു പറഞ്ഞു.

എല്ലു നുറുങ്ങി, പല്ലു കൊഴിഞ്ഞു
കൊച്ചമ്പ്രാക്കളുടെ കല്ല്യാണത്തിന്‌
എച്ചിലു തിന്നു നറഞ്ഞേപ്പിന്നെ
കാവയറില്‍ മേലുണ്ടിട്ടില്ല.

സദ്യയൊരുങ്ങും കുശിനിയിലെ
മണമേറ്റു കെഴക്കേ പര്യമ്പ്രത്താ-
മാഞ്ചോട്ടില്‍ നാവേല്‍ രസമൂറി
കൊതിപൂണ്ടോരോന്നോര്‍ത്തു നില്‍ക്കേ

ചെവി നീറീടും പ്രാക്കും നല്‍കി
തമ്പ്രാക്കന്മാര്‍ തൂകിയ ചുടുനീ-
രേകിയ പൊള്ളലു കൊണ്ടാവാമെന്‍
ഏണും പുറവും പുകയുന്നിന്നും.

എച്ചിലു തിന്നാനെത്തിയ നായ്ക്കള്‍
ഒച്ചയിലൊന്നു മുരണ്ടെന്നാലും
തന്‍പശി പോലവരെന്റെ വിശപ്പു
നിനച്ചു ക്ഷമിച്ചതു ഭാഗം വച്ചു.

എല്ലു മുറിക്കെ ഏന്‍ പണി ചെയ്താല്‍
പല്ലു മുറിക്കെ തിന്നും തമ്പ്രാന്‍
ഏനില്ലാഞ്ഞാലിന്നീ മണ്ണില്‍
തമ്പ്രാനെന്നൊരു മൃഗമുണ്ടാമോ?

പ്രസാദ്‌ നായര്‍, മെറിലാന്റ്‌, യു.എസ്‌.എ.