തര്‍ജ്ജനി

അതിരുകള്‍ കടന്നവരും കടക്കാത്തവരും

രക്തവും നക്ഷത്രവും ചേര്‍‌ന്നതാണ്
രക്തനക്ഷത്രം എന്നു വിശ്വസിക്കുന്നവരോട്...
നക്ഷത്രത്തെ തമസ്കരിച്ച്
രക്തപാനത്തിനു വാശി പിടിക്കുന്നവരോട്...
കലിയുടെ ശവവാഹനത്തിലെ ഭാരമാണ് രക്തം
ജനിമൃതികള്‍‌ക്കപ്പുറത്തെ
പുരാണ പ്രഭയാണ് നക്ഷത്രം

പുഷ്പങ്ങളിറുത്തെടുക്കുന്നവന്‍
പൂജ നടത്തുന്നവനല്ല; കൊലപാതകിയാണ്
അവന്‍റെ കൈവിരലുകള്‍ക്ക്
വാള്‍‌ത്തലകളേക്കാള്‍ മൂര്‍‌ച്ചയുണ്ട്.
അപാരതയുടെ തേങ്ങലുകള്‍ കേട്ടാലും
വാള്‍‌ത്തലകള്‍ അട്ടഹസിച്ചുകൊണ്ടിരിക്കും.

മാനസ സരസ്സിലെ ഹം‌സങ്ങള്‍
അലങ്കരിച്ച സ്വര്‍‌ണ സിം‌ഹാസനങ്ങളില്‍
ഒരിക്കലും ഇരിക്കുകയില്ല.
വാള്‍‌ത്തലകള്‍ സിം‌ഹാസങ്ങളില്‍ നിന്ന്
ഇറങ്ങുകയുമില്ല.
നെഞ്ചുരുകിയും, കണ്ണടച്ചും, പ്രാര്‍‌ഥിച്ചും
ഒരുള്‍‌ക്കിടിലത്തോടെ മേഘങ്ങള്‍‌ക്കുള്ളില്‍
സൂര്യനുദിക്കുന്നുണ്ടെന്നും പറയാം.

അഴുക്കു നിറഞ്ഞ ഗം‌ഗ
നിലക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്നു
ഗം‌ഗയുടെ കരകളില്‍
മണികളും മരണ മണികളും
മുഴങ്ങിക്കൊണ്ടിരിക്കുന്നു.
അന്തരം‌ഗ പീഠഭൂമിയില്‍ നിന്ന്
അനന്തഗം‌ഗയൊഴുകിത്തുടങ്ങും വരെ,
അതില്‍ മുങ്ങി അദൃശ്യവും അവ്യക്തവുമായ
പാദപീഠ സ്പര്‍‌ശനം കഴിയും‌വരെ,
ഞാനെന്ന ഭാവമില്ലതായിത്തീരും വരെ,
ആകാശത്തിന്‍റെ അതിരുകള്‍
ആരും കടക്കുന്നില്ല.
അര്‍‌ത്ഥത്തിന്‍റെ അനര്‍‌ത്ഥവും
അധികാരത്തിന്‍റെ ധിക്കാരവും
അതിരുകള്‍ കടക്കാതിരിക്കുന്നുമില്ല.

കൃഷ്ണന്‍‌കുട്ടി തൊടുപുഴ