തര്‍ജ്ജനി

ഹിമാലയം - ഹൃഷികേശ്‌

ശ്രീകൃഷ്ണപ്രണാമി ആശ്രമത്തില്‍ താമസിച്ചു്‌ വേദപഠനം നടത്തുന്ന കുട്ടികൃഷ്ണന്മാരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒത്തിരി വിഷമം തോന്നി. കമലും മനോജും വഴിയിലുള്ള ചായക്കടയില്‍ കയറ്റി ചായയും സമൂസയും വാങ്ങിത്തന്നു. ഞങ്ങള്‍ക്കു്‌ ചായ ആവശ്യമില്ലായിരുന്നെങ്കിലും അവരുടെ സ്നേഹം നിറഞ്ഞ ഹൃദയത്തോടൊപ്പം കുറച്ചുനേരം കഴിയാമെന്നു കരുതി. ഹിമാലയമെല്ലാം കറങ്ങി തിരിച്ചു വരുമ്പോള്‍ രണ്ടു ദിവസം ഇവിടെ താമസിച്ചേ പോകാവൂ എന്നു പറഞ്ഞു്‌ ഞങ്ങളെ ഓട്ടോയില്‍ കയറ്റി അവര്‍ ആശ്രമത്തിലേക്കു തിരിച്ചു പോയി.

രാത്രി എട്ടു മണിയോടെ ഞങ്ങള്‍ ഹൃഷികേശിലെത്തി. സച്ചിദാനന്ദസ്വാമിയുടെ കത്തു കൈയിലുണ്ടായിരുന്നതിനാല്‍ നേരെ ശിവാനന്ദാശ്രമത്തിലേക്കു പോയി. ചിദാനന്ദസ്വാമി അവിടെ ഉണ്ടായിരുന്നില്ല. കൃഷ്ണാനന്ദസ്വാമിയെ കണ്ടു. അദ്ദേഹം ഗുരുകുലത്തെക്കുറിച്ചും ഗുരുവിന്റെ സമാധിക്കു ശേഷമുള്ള ആശ്രമവിശേഷങ്ങളും ചോദിച്ചറിഞ്ഞു. രണ്ടു മുറികളും ഒരു അടുക്കളയും ഉള്ള കോട്ടേജ്‌ ഞങ്ങള്‍ക്കു താമസിക്കാനായി തന്നു. മൂന്നു ദിവസം അവിടെ താമസിച്ച്‌ ഹൃഷികേശിലെ പ്രധാന സ്ഥലങ്ങളെല്ലാം ഞങ്ങള്‍ നടന്നു കണ്ടു.


ഗംഗയുടെ തീരത്തു തന്നെയാണു്‌ ശിവാനന്ദാശ്രമം. മനോഹരവും പ്രശാന്തവുമായ സ്ഥലം. വേദാന്ത-യോഗ പഠനങ്ങളും മറ്റു ധ്യാനമുറകളുമെല്ലാം വര്‍ഷങ്ങളായി മുറിയാതെ നടന്നുകൊണ്ടിരിക്കുന്ന ഇടമായതിനാലാവാം ധ്യാനാത്മകമായ ഒരന്തരീക്ഷം അവിടെ അനുഭവപ്പെടുന്നതു്‌. ഒരു ദിവസം അവിടുത്തെ പ്രാര്‍ത്ഥനാക്ലാസ്സിലും പങ്കെടുത്തു. സൂക്ഷ്മമായ വേദാന്തദര്‍ശനങ്ങളെ വിശദീകരിച്ചുകൊണ്ടു്‌ ഒരു സ്വാമി ക്ലാസ്സെടുക്കുമ്പോള്‍ എത്ര ശ്രദ്ധാന്വിതരായാണു്‌ പഠിതാക്കള്‍ അതു ശ്രവിച്ചിരിക്കുന്നതു്‌. നഷ്ടപ്പെട്ടുപോയി എന്നു നാം കരുതിയിരുന്ന ശ്രദ്ധ എന്ന തപസ്സു്‌ ഇന്നും എന്നത്തെയും പോലെ നിലനില്‍ക്കുന്നുണ്ടെന്നു്‌ ബോദ്ധ്യമായി.

സാധുക്കളുടെയും, ജിജ്ഞാസുക്കളുടെയും, (മടിയന്മാരുടെയും) എല്ലാം നിവാസകേന്ദ്രമായതിനാലാവണം ആശ്രമങ്ങളാലും ധര്‍മ്മശാലകളാലും അമ്പലങ്ങളാലും സമ്പന്നമാണു്‌ ഹൃഷികേശ്‌. രൈഭ്യന്‍ എന്ന മഹര്‍ഷി ഹൃഷീകങ്ങളെ, ഇന്ദ്രിയങ്ങളെ അടക്കി തപം ചെയ്തിരുന്ന സ്ഥലമായതിനാലത്രെ ഹൃഷികേശ്‌ എന്നു പേര്‍ വന്നതു്‌. ഹരിദ്വാറില്‍ നിന്നും 24 കിലോമീറ്റര്‍ ദൂരമേ ഹൃഷികേശിലേക്കുള്ളൂ. തപോഭൂമി എന്നും ഈയിടത്തിനു പേരുണ്ടു്‌. ഹരിദ്വാര്‍ മുതല്‍ ഹിമാലയത്തിന്റെ ഉത്തുംഗശൃഗം വരെയുള്ള ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ടു്‌. ഐതിഹ്യങ്ങള്‍ കൊണ്ടു്‌ സമ്പന്നമാണു്‌ ഓരോ സ്ഥലവും.

ഘോരവനങ്ങളാലും വന്യമൃഗങ്ങളാലും മനുഷ്യര്‍ പ്രവേശിക്കാന്‍ മടിച്ചിരുന്ന ഹൃഷികേശ്‌ ഇന്നു്‌ വന്‍ കെട്ടിടങ്ങളാലും കാക്കത്തൊള്ളായിരം ആശ്രമങ്ങളാലും വാഹനങ്ങളുടെ ഇരമ്പലുകളാലും ഉള്ളില്‍ അസ്വസ്ഥത നിറയ്ക്കുന്ന ഒരു പട്ടണമായിത്തീര്‍ന്നിരിക്കുന്നു. എങ്കിലും ഹൃഷികേശില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ചുരം കയറിയെത്തുന്ന ലക്ഷ്മണ്‍ഝൂലയില്‍ നിന്നുകൊണ്ടു്‌ ഗംഗാനദി ഹര്‍ഷപുളകിതയായി ഒഴുകുന്നതു നോക്കി നില്‍ക്കുമ്പോള്‍ പട്ടണം ഉള്ളില്‍ നിറച്ച എല്ലാ അസ്വസ്ഥതകളും ഒഴുകി മറയും. എത്രയൊക്കെ ആധുനികത വന്നണഞ്ഞാലും ഹിമാലയം എന്നും അതിന്റെ പ്രകൃതിരമണീയത നിലനിര്‍ത്തുകതന്നെ ചെയ്യും എന്നു്‌ മുകളിലോട്ടു കയറുംതോറും നമുക്കു്‌ ബോദ്ധ്യപ്പെടും.

"ഹരിദ്വാറിലെ ഗംഗ അണിഞ്ഞൊരുങ്ങിപ്പോകുന്ന അലസഗാമിനിയായ ഒരു ദേവിയാണെങ്കില്‍ ഹൃഷികേശത്തിലെ ഗംഗ മുല്ലപ്പൂക്കള്‍ ചിന്നി അഴിഞ്ഞു കിടക്കുന്ന വാര്‍ക്കുഴല്‍ക്കറ്റയും, ഇഴഞ്ഞു പറക്കുന്ന വെണ്‍പൂഞ്ചോലയും പാര്‍ശ്വങ്ങളില്‍ പാറിച്ചുകൊണ്ടു്‌ കുലുങ്ങിച്ചിരിച്ചു കുതൂഹലം കൊണ്ടു്‌ ആടുന്ന ഒരു ഗന്ധര്‍വ്വിയുമാണു്‌" എന്നു്‌ മംഗലാനന്ദസ്വാമി പറഞ്ഞതു്‌ വളരെ ശരിയാണു്‌.

ഹൃഷികേശ്‌ മുതല്‍ നാം എങ്ങോട്ടു തിരിഞ്ഞാലും കേള്‍ക്കുന്ന ഒരു പേരുണ്ടു്‌. ഹിമാലയം യാത്രാവിവരണം എഴുതുന്ന ആര്‍ക്കും ആ ബാബയെക്കുറിച്ചു്‌, കാലികംബ്ലിവാലയെക്കുറിച്ചു പറയാതെ കടന്നു പോകാനാവില്ല. ഹിമാലയം യാത്രാവിവരണ പുസ്തകങ്ങളില്‍ നിന്നും ഹിമാലയത്തില്‍ പോയി വന്നവരില്‍ നിന്നു നേരിട്ടും നിങ്ങള്‍ ആ കഥ കേട്ടിട്ടുണ്ടാവാം.

കറുത്ത കമ്പിളിയും ധരിച്ചു്‌ ഉത്തര്‍പ്രദേശില്‍ പല സാധുകേന്ദ്രങ്ങളിലും അലഞ്ഞുതിരിഞ്ഞിരുന്ന ഒരു സാധുവാണു്‌ കാലികംബ്ലിവാലാ. ഹൃഷികേശില്‍ നിന്നും ബദരീനാഥിലേക്കു്‌ വര്‍ഷത്തില്‍ ആറു മാസവും മുടങ്ങാതെ നടന്നുകൊണ്ടിരുന്ന തീര്‍ത്ഥയാത്രയ്ക്കു്‌ കാലികംബ്ലിവാലയുടെ കാലത്തു്‌ വേണ്ടത്ര സൌകര്യമൊന്നും ഉണ്ടായിരുന്നില്ല. പര്‍വ്വതങ്ങളെ ചുറ്റിച്ചുറ്റിക്കയറി പത്തിരുപതു സ്ഥലങ്ങളില്‍ നദികളും തരണം ചെയ്തു പോകുന്ന ഒരു തീര്‍ത്ഥയാത്രയാണിതു്‌. ഈ യാത്ര സുഗമമാക്കണമെന്നു ബാബയ്ക്കു ആഗ്രഹമുണ്ടായി. അദ്ദേഹം ബദരിയിലേക്കൊരു റോഡു വെട്ടിക്കുവാനും നദികള്‍ തരണം ചെയ്യുവാന്‍ തൂക്കുപാലങ്ങള്‍ നിര്‍മ്മിക്കാനും ഒന്നുരണ്ടു ലക്ഷം ചെലവു വരുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്തു. കൈയിലൊരു പൈസയുമില്ല. പണമുണ്ടാക്കാന്‍ ഭിക്ഷയ്ക്കിറങ്ങി. ഒരു ലക്ഷപ്രഭുവിനെ സമീപിച്ചു. അദ്ദേഹം ഒന്നും കൊടുത്തില്ല. പണം കിട്ടുന്നതുവരെ അയാളുടെ പടിക്കല്‍ നിരാഹാരം കിടന്നു. രണ്ടു നാലു ദിവസം കഴിഞ്ഞിട്ടും പ്രഭുവിനു്‌ അനക്കമില്ല. കുറെ ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ പ്രഭുബിന്റെ ചങ്കിനകത്തു തീകാളുന്നതു പോലെ തോന്നി. അവസാനം പ്രഭു ഒരു ലക്ഷം രൂപ ഭിക്ഷ കൊടുത്തത്രേ. ആ പണം കൊണ്ടു്‌ റോഡുപണി തുടങ്ങി. കുറെക്കഴിഞ്ഞു്‌ സര്‍ക്കാരും സഹായിച്ചു.

"ഇപ്പോള്‍ പര്‍വ്വതങ്ങളെചുറ്റി ബദരി വരെ റോഡുണ്ടു്‌. നദികള്‍ കടക്കാന്‍ ഒന്നാന്തരം തൂക്കുപാലങ്ങളുണ്ടു്‌. വഴിയിലെല്ലാം സൌകര്യങ്ങളുള്ള സത്രങ്ങളുണ്ടു്‌. അവിടെ സൌജന്യമായി ഭക്ഷണവും കമ്പിളിയും നല്‍കുന്നുണ്ടു്‌. കാലികംബ്ലിവാല മാത്രം ഇപ്പോഴില്ല. ഋഷികേശത്തെ അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളുടെ നടുവിലായി അഴകുള്ള ഒരു ഉപവനത്തില്‍ ഒരു ശവകുടീരം ഇതെല്ലാം നോക്കിയിരുന്നു പുളകം കൊള്ളുന്നുണ്ട്‌. ഹൃഷികേശത്തില്‍ കാലികാംബ്ലിവാല എന്ന പേരില്‍ അറിയപ്പെടുന്ന പല സ്ഥാപനങ്ങളുണ്ടു്‌. അന്നദാനസത്രം, ആയുര്‍വേദവൈദ്യശാല, സൌജന്യപാഠശാല, ധര്‍മ്മശാല, ഗ്രന്ഥശാല എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു"

സാധുക്കളുടെ സുഗമമായ യാത്രയ്ക്കും തപസ്സിനും ആ ബാബയുടെ കാരുണ്യം എത്രമാത്രം അനുഗ്രഹമായിത്തീര്‍ന്നുവെന്നു്‌ ആ സാധുക്കളില്‍നിന്നു തന്നെ നേരിട്ടു കേള്‍ക്കുമ്പോഴേ നമുക്കു മനസ്സിലാകൂ. ഇന്നു്‌ ഹിമാലയത്തിന്റെ ഏതു കോണില്‍ ചെന്നാലും നമുക്കു വേണ്ട പ്രാഥമിക സൌകര്യങ്ങള്‍ ഒരുക്കിത്തരാന്‍ ബാബയുടെ ധര്‍മ്മശാലകള്‍ ഉണ്ടു്‌.

ശ്ര്Iരാമന്റെ സുസ്ഥിതിയ്ക്കായി ഭരതന്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നെന്നു വിശ്വസിക്കുന്നിടത്തു്‌ ശങ്കരാചാര്യര്‍ പണി കഴിപ്പിച്ച ഭരതക്ഷേത്രം, ഗോരഖ്‌പൂരിലെ ഗീത്രാപ്രസ്സുകാര്‍ പണി കഴിപ്പിച്ച ഗീതാശ്രമം, വനവാസത്തിനു പോകുന്നതിനു മുമ്പു്‌ ശ്രീരാമന്‍ സ്നാനം ചെയ്തെന്നു വിശ്വസിക്കുന്ന ഋഷികുണ്ഡ്‌, സ്വര്‍ഗ്ഗാശ്രമം, കൈലാസ്‌ ആശ്രമം, മഹര്‍ഷി മഹേഷ്‌ യോഗിയുടെ അക്കാഡമി ഓഫ്‌ ട്രാന്‍സിഡന്റല്‍ മെഡിറ്റേഷന്‍ തുടങ്ങിയ ഇടങ്ങളെല്ലാം യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ചു്‌ ഇവിടെ സ്ഥിതി ചെയ്യുന്നു. ഒരു നാള്‍ സിംഹവ്യാഘ്രഗജാദികളുടെ ഗര്‍ജ്ജനം കൊണ്ടു്‌ മുഖരിതമായിരുന്ന ഇവിടെ സപ്തര്‍ഷികള്‍ തുടങ്ങിയ ഋഷിപുംഗവന്മാരും ശ്രീരാമലക്ഷ്മണന്മാര്‍, ഭരതശത്രുഘ്നന്മാര്‍, ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍ എന്നിവരും തപസ്സനുഷ്ഠിച്ചിരുന്നത്രെ.

ത്രിവേണിഘട്ടിലെ സ്നാനം പുണ്യകര്‍മ്മമായി ഭക്തര്‍ കരുതുന്നു. ഗംഗയും ഗുപ്തയമുനയും ഗുപ്തസരസ്വതിയും സംഗമിക്കുന്ന ഇടമാണ്‌ ത്രിവേണി. ഇങ്ങനെയുള്ള ഓരോ ഇടങ്ങളും സന്ദര്‍ശിച്ചു്‌ ഞങ്ങള്‍ ഗംഗാനദിയുടെ തീരത്തു്‌ നാലടി വീതിയും ആറടി നീളവുമുള്ള പ്ലാസ്റ്റിക്‌ സഞ്ചികൊണ്ടു പണിത കുടിലില്‍ കഴിയുന്ന അല്‍പവസ്ത്രധാരിയും ജടാധാരിയുമായ ഒരു യോഗിയുടെ അടുത്തു ചെന്നെത്തി. ഞങ്ങളെക്കണ്ടു സൌമ്യമായി പുഞ്ചിരിച്ചുകൊണ്ടു്‌ അദ്ദേഹം തന്റെ കഞ്ചാവു വലി തുടര്‍ന്നു. പതിനേഴു വര്‍ഷമായി അതേ സ്ഥലത്തു്‌ അദ്ദേഹം കഴിയുകയാണെന്നറിഞ്ഞപ്പോള്‍ ആസനലബ്ധി ലഭിച്ച ഒരു സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ ദര്‍ശിച്ചത്‌ തെറ്റായിരുന്നില്ല എന്നു തോന്നി. ഹിമാലയത്തിലെ പ്രധാനപ്പെട്ട എല്ലാ മാതൃനിലയങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ആ യോഗിവര്യന്‍ ഓരോ സ്ഥലത്തെക്കുറിച്ചും അങ്ങോട്ടു പോകേണ്ട വഴികളെക്കുറിച്ചും നാം എടുക്കേണ്ട കരുതലുകളെക്കുറിച്ചും അതോടൊപ്പം ഹിമാലയത്തിന്റെ ഐതിഹ്യങ്ങളും കാരുണ്യത്തോടെ ഞങ്ങള്‍ക്കു പറഞ്ഞു തന്നു. ഞങ്ങള്‍ അദ്ദേഹത്തിനു ഭിക്ഷയായി കൊടുത്ത രണ്ടു വലിയ പേരക്കയില്‍ ഒന്ന്‌ അതിലൂടെ കടന്നുപോയ ഒരു സാധുവിനു കൊടുത്തു. രണ്ടാമത്തേതു്‌ വൃത്തിയായി കഴുകി പേനക്കത്തി കൊണ്ടു്‌ തൊലിയെല്ലാം ചെത്തി നാലാക്കി മുറിച്ചു്‌ ഓരോ കഷണം ഞങ്ങള്‍ക്കു തരികയും ഒരു കഷണം അദ്ദേഹം കഴിക്കുകയും ചെയ്തു. ഒരു കഷണം ഒരാള്‍ വരും അയാള്‍ക്കു കൊടുക്കാനാണെന്നു പറഞ്ഞു്‌ മാറ്റി വച്ചു. ഇതെല്ലാം കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ മനുഷ്യന്‍ ജീവിതത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ട ചില സാധനാപാഠങ്ങള്‍ പറഞ്ഞു തരുന്നതു പോലെയാണു തോന്നിയതു്‌.

ഇത്രയും കാലം ഇവിടെ താമസിച്ചിട്ടും എങ്ങോട്ടും മാറിപ്പോകാന്‍ തോന്നുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "കുറേനാള്‍ ഇന്ത്യ മുഴുവന്‍ കറങ്ങി നടന്നു. ഇപ്പോള്‍ ഗംഗാമയിയുടെ ഈ താരാട്ടു പാട്ടില്‍ സ്വയം ലയിച്ചു്‌ ദിവസങ്ങള്‍ കടന്നു പോകുന്നതറിയാതെ ഇവിടെ കഴിയുമ്പോള്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണു്‌. അതുകൊണ്ടാകാം എങ്ങോട്ടും പോകാനേ തോന്നുന്നില്ല".

കാലവും ദേശവും എന്തൊക്കെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയാലും ഋഷിസാന്നിദ്ധ്യത്തിന്റെ മഹിമയറിഞ്ഞ ആത്മാക്കള്‍ എല്ലായിടത്തും എപ്പോഴും സമാധാനചിത്തരായി കഴിയുന്നുണ്ടെന്നു്‌ ഇത്തരം മനുഷ്യരുമായുള്ള കൂടിക്കാഴ്ചകള്‍ വെളിപ്പെടുത്തിത്തന്നുകൊണ്ടിരുന്നു.

ഹൃഷികേശിലെ മറ്റൊരു മറക്കാനാവാത്ത അനുഭവം ഗുരുദ്വാര സന്ദര്‍ശനമാണു്‌. ഗുരുദ്വാരയെക്കുറിച്ചും ഗുരുഗ്രന്ഥസാഹേബിനെക്കുറിച്ചും ഗുരുവില്‍ നിന്നു തന്നെയാണു്‌ അധികവും കേട്ടിട്ടുള്ളതു്‌. ആദ്യമായാണു്‌ ഞാന്‍ ഒരു ഗുരുദ്വാര സന്ദര്‍ശിക്കുന്നതു്‌. മസ്ജിദുമായി വളരെയധികം സാമ്യം തോന്നിക്കുന്ന ഗുരുദ്വാരയുടെ അകത്തളത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു മസ്ജിദിലെ വിശുദ്ധിയിലേക്കു പ്രവേശിച്ചതുപോലെയാണു്‌ തോന്നിയതു്‌. വിശാലമായ ഹാളില്‍ വിരിച്ചിട്ടിരിക്കുന്ന ചിത്രപ്പണികളാല്‍ അലംകൃതമായ മനോഹരമായ വിരിപ്പിലൂടെ ഞങ്ങള്‍ മെല്ലെ നടന്നു. മുകളിലത്തെ നിലയില്‍ നിന്നു്‌ ഗുരുഗ്രന്ഥസാഹേബ്‌ പാരായണം ചെയ്യുന്നതുകേട്ടു്‌ ഞങ്ങള്‍ അങ്ങോട്ടു കയറിച്ചെന്നു. ഒരു പീഠത്തില്‍ ഗുരുഗ്രന്ഥസാഹേബ്‌ വെച്ചു്‌ ഭക്ത്യാദരങ്ങളോടെ അതു്‌ ഓതിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ അടുത്തു്‌ ഞങ്ങളിരുന്നു. വളരെ വലിയൊരു പുസ്തകമായിരുന്നു അതു്‌. എത്രമധുരമായ സ്വരം. അവിടെ നിന്നു്‌ എഴുന്നേല്‍ക്കാനേ തോന്നുന്നില്ല. കുഞ്ഞുന്നാളില്‍, നമസ്ക്കാരത്തിനു ശേഷം വിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന ഉമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു്‌ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ അനുഭവിക്കാന്‍ കഴിഞ്ഞിരുന്ന സ്നേഹാനുഭൂതിയാണു്‌ ഇവിടെ ഇരിക്കുമ്പോഴും അനുഭവിക്കാനാകുന്നതു്‌. ഉമ്മ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടു്‌ ഖുര്‍ ആന്‍ പാരായണം തുടര്‍ന്നുകൊണ്ടേയിരിക്കും. ഉമ്മയുടെ വാത്സല്യം മുഴുവന്‍ ആ വിരല്‍ത്തുമ്പിലൂടെ ഉള്ളിലേക്കൊഴുകിയെത്തും.

ഗുരുനാനാക്കു്‌ മുതല്‍ ഗുരുഗോവിന്ദ്‌സിംഗ്‌ വരെയുള്ള പത്തു ഗുരുക്കന്മാരെയും സിക്കുകാരെയും ഗുരുഗ്രന്ഥസാഹേബിനെയും കുറിച്ചു്‌ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതു്‌ ഹിമാലയത്തിലെ ഹേംകുണ്ഡ്‌ സാഹേബില്‍ താമസിക്കാനിടയായപ്പോഴാണു്‌. അവിടെ വെച്ചു്‌ നമുക്കു വീണ്ടും ഗുരുഗ്രന്ഥസാഹേബിലേക്കു മടങ്ങിവരാം.

ഷൌക്കത്ത്‌, നാരായണ ഗുരുകുലം, ഫേണ്‍ ഹില്‍, ഊട്ടി