തര്‍ജ്ജനി

കേരളം വളരുന്നു

കണ്ണുനീര്‍ തൂകും വര്‍ഷ-
മേഘങ്ങളാകാശത്തു
മണ്ണിനു കിനാവുകള്‍
നെയ്തു പോകുമീനേരം

ഇരുള്‍ മൂടീടും നീല-
വാനിന്റെ വക്കില്‍, കത്തും
പൊല്‍ത്തിരിനാളം പോലെ
താരകേ, നിന്നെക്കാണ്‍കെ

വിരിയും പ്രതീക്ഷകള്‍
പോലെയെന്‍ വീട്ടിന്‍ മുറ്റ-
ത്തെരിയും നിലവിള-
ക്കിന്റെ നാളവും നോക്കി

വിരഹം ഛേദിക്കാത്ത
രാഗബന്ധത്തിന്‍ കുഞ്ഞി
ച്ചിറകിട്ടടിച്ചു ഞാ-
നെത്തുന്നു നിമിഷത്തില്‍.

ആവണി നിലാവുകള്‍,
മാദക മധുമാസ
രാവുകള്‍, തിരുവോണ-
നാളുകള്‍ വന്നൂ വീണ്ടും.

ചന്ദനച്ചാറാല്‍ പൂര്‍ണ്ണ
ചന്ദ്രിക നിഴല്‍ച്ചിത്ര
ഭംഗികളെഴുതുന്ന
പൂവണി മരച്ചോട്ടില്‍

ചുണ്ടത്തു ശോകാര്‍ദ്രമാം
ഗാനവും, കരളിന്റെ
തുമ്പത്തു മുറിപ്പെട്ട
പൊന്‍കിനാക്കളുമായി

കാത്തു നീയിരിക്കുന്നു
തപ്തമാം നിശ്വാസത്താല്‍
ദീപ്തമായെരിഞ്ഞീടും
സ്നേഹ ദീപവുമായി.

illustration

കണ്ണുനീരിനാലീറ-
നായ നിന്നോര്‍മ്മയ്ക്കുള്ളില്‍
മങ്ങിയ ചിത്രങ്ങള്‍ തന്‍
ചുരുള്‍ ഞാന്‍ നിവര്‍ത്തുന്നു.

നീ മറന്നുവോ സഖീ!
മുഗ്ദ്ധലജ്ജയായെന്റെ
ചാരെ നീ കതിര്‍ മണ്ഡ-
പത്തിലേയ്ക്കെത്തും രംഗം?

മാമരച്ചില്ലയ്ക്കു മേല്‍
പൂങ്കുയില്‍ പാടും മധു-
മാസ കാകളി കേട്ടു
പൂവനമുണര്‍ന്നപ്പോള്‍

ജീവിതത്തിലേയ്ക്കൊരു
ഗാനധാര പോല്‍ മന്ദം
താരിതളടി വച്ചു നീ നടന്നടുത്തപ്പോള്‍

എന്‍ കരളഭൌമമാം
തേജസ്സേ നിന്‍ കൈവിരല്‍
ത്തുമ്പിനാല്‍, ക്കൊളുത്തിയ
കൈത്തിരി വെട്ടം കണ്ടു.

പൊട്ടിയും ചിതറിയു-
മീവഴിവക്കില്‍ കാല-
ഘട്ടങ്ങള്‍ തോറും കുന്നു
കൂടിയ കിനാക്കളേ!

നിങ്ങളെ മെതിച്ചു കൊ-
ണ്ടുദ്ധത ശിരസ്സുമായ്‌
ഞങ്ങളീ മധുരമാം
ജീവിതം പകുത്തല്ലോ.

ആവണി നിലാവുകള്‍,
മാദകമധുമാസ-
രാവുകള്‍, തിരുവോണ
നാളുകള്‍ വന്നൂ വീണ്ടും.

ജീവിതം വഴിമുട്ടി
നില്‍ക്കവേ, യിരുള്‍ മൂടും
വാനവും നോക്കി, ദ്ദൂര-
ദേശത്തിങ്ങിരിപ്പു ഞാന്‍.

നീയെനിക്കെഴുതുന്നു
മകനെപ്പറ്റി, പ്പാഠം
നീട്ടി വായിക്കും നാലാം
ക്ലാസുകാരനെപ്പറ്റി.

"കേരളം വളരുന്നൂ.."
നീട്ടി വായിപ്പൂ മകന്‍
"കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍"

കേരളം വളരുവാ-
നീമറുനാടന്‍ മണ്ണില്‍
തൂവിയ വിയര്‍പ്പിന്റെ
കണ്ണുനീര്‍പ്പുഴയുടെ

നനവാര്‍ന്നൊരീപ്പൂഴി-
മണ്ണില്‍ വീണുറങ്ങുന്ന
മനുജസ്നേഹത്തിന്റെ
വില കണ്ടുവോ കവി?

ആവണി നിലാവുകള്‍,
മാദക മധുമാസ
രാവുകള്‍, തിരുവോണ
നാളുകള്‍ വന്നൂ വീണ്ടും

എം. കെ. ഭാസി,സിങ്കപ്പൂര്‍