തര്‍ജ്ജനി

മിഖായേലിന്റെ ജീവിതത്തില്‍ ദൈവം ഇടപെടുന്നത്‌

നിരന്തരം വന്നു നിറയുന്ന ആകസ്മികതകളുടെ ആകെത്തുകയാണ്‌ ജീവിതമെന്ന് ആരോ മുമ്പൊരിക്കല്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഒന്നാലോചിച്ചാല്‍ ഇങ്ങനെ സാധൂകരിക്കാം. സംഭവങ്ങള്‍ വിരസവും സഹതാപാര്‍ഹവുമായ നമ്മുടെ ഹൃസ്വ ജീവിതങ്ങളെ തലകീഴായ്‌ മറിച്ചുകളയും. പിന്നെ അതിന്റെ നീക്കിയിരിപ്പുകളായ നമ്മള്‍ വിധിയോട്‌ വെറുതേ ശണ്ഠ കൂട്ടി കാലം കഴിക്കുന്നു. ഇതില്‍ നിന്നൊക്കെ ദൂരേയ്ക്ക്‌ ഓടി ഒളിക്കാന്‍ ആര്‍ക്കാണ്‌ ആവുക? ഒരുപക്ഷേ പേടിച്ച്‌ ഓടിയൊളിച്ച്‌ വീട്ടിലെത്തി വാതില്‍ താഴിട്ടു പൂട്ടി മൂടിപ്പുതച്ചു കിടന്നുറങ്ങിയാലും ടി ആകസ്മികതകള്‍ കൃത്യമായി നമ്മുടെ പടി കയറിവന്ന് വാതിലില്‍ മുട്ടി വിളിക്കും.
"ടേയ്‌ എണീറ്റ്‌ വാതില്‍ തുറക്കെടാ ശവീ"
ഇങ്ങനെയാണ്‌ നമ്മുടെ നിത്യ ജീവിതത്തില്‍ ദൈവം ഇടപെടുന്നത്‌. മിഖായേലിന്റെ അനാഥവും നിസ്സഹായവും ആയ ജീവിതത്തില്‍ ദൈവം ഇടപെട്ടത്‌ ഇങ്ങനെയൊക്കെ തന്നെ.

രണ്ട്‌

illustration

"എന്താടാ നിന്റെ പേര്‌?"
വേദപുസ്തകത്തില്‍ നിന്നും കണ്ണുയര്‍ത്താതെ ഗബ്രിയേലച്ചന്‍ ചോദിച്ചു.(അച്ചന്റെ ചുമന്നു തുടുത്ത ക്ഷൌരത്തിണര്‍പ്പാര്‍ന്ന മുഖത്ത്‌ ഒന്നു മുത്തണമെന്ന് അവനു തോന്നി)
"മിഖായേല്‍"
"ങ്‌ഹി?"
"മി..ഖാ..യേ..ല്‍"
"നിനക്ക്‌ ആരൊക്കെയുണ്ട്‌?"
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം മിഖായേല്‍ പറഞ്ഞു.
"അപ്പനും അമ്മച്ചിയും ചത്തുപോയി."
ഗബ്രിയേലച്ചന്റെ കണ്ണുകളില്‍ കരുണ നിറഞ്ഞു.
"നിനക്കിപ്പം എത്ര വയസ്സായി?"
വിരലുകളുടെ ഗണിതശാസ്ത്രത്തില്‍ പരാജയപ്പെട്ട്‌ മിഖായേലിന്റെ ചുണ്ടില്‍ അക്കങ്ങള്‍ നിന്നു വിറച്ചു.
"എനിക്കറിഞ്ഞു കൂടാ."
"നിനക്ക്‌ വീടുണ്ടോ?"
മിഖായേലിന്റെ മിഴികള്‍ ആകാശത്തിലേയ്ക്കുയര്‍ന്നു.
"വീടോ?"

മൂന്ന്

മിഖായേലിപ്പോള്‍ ചിന്തിച്ചു കൊണ്ടിരുന്നതും വീടുകളെക്കുറിച്ചായിരുന്നു. പലതരത്തിലും നിറത്തിലുമുള്ള ഒരുപാട്‌ ഒരുപാട്‌ വീടുകള്‍. ഓരോ ദിവസത്തെ കാഴ്ചയിലും രൂപവും ഭാവവും മാറുന്ന വീടുകള്‍. ചിലതു കാണുമ്പോള്‍ ഇന്നലെയും ഇത്‌ ഇവിടെതന്നെ ഉണ്ടായിരുന്നോ എന്നു മിഖായേല്‍ വിസ്മയപ്പെടാറുണ്ട്‌. ഓരോ വീടും ഓരോ ജീവിതമാണ്‌. വരാന്ത മുതല്‍ അടുക്കള വരെ നീളുന്ന വിസ്‌തൃതിയില്‍ ജീവിതത്തിന്റെ ഗ്രഹങ്ങള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു.

ഒരു ബക്കറ്റ്‌ വെള്ളം കൂടി അയാള്‍ വണ്ടിയിലേയ്ക്ക്‌ ചപ്പി. അന്നേരം അരിശത്തോടെ ആ ക്ലീനറു ചെക്കനെക്കുറിച്ച്‌ ഓര്‍ത്തു പോയി. ഇതൊക്കെ അവന്റെ ജോലിയാണ്‌. ഇന്നും അവന്‍ വരുമെന്നു തോന്നുന്നില്ല. എവിടെപ്പോയി കിടക്കുന്നു, ആ പിശാച്‌. ലോനപ്പന്‍ ചേട്ടനായിരുന്നേല്‍ അവന്റെ തൊടേലെ തൊലിയൊന്നും ഇപ്പം കാണത്തില്ലായിരുന്നു. (ഓര്‍മ്മയില്‍ മിഖായേലിന്‌ ഒരു നോവ്‌ ഉണ്ടായി. വള്ളിച്ചൂരലിന്റെ ചൂട്‌) മിഖായേലിനെ ഞട്ടിച്ചു കൊണ്ട്‌ അപ്പോള്‍ പള്ളിമണികള്‍ മുഴങ്ങി. അയാള്‍ കുരിശു വരച്ചു. പിന്നെ ധൃതിയില്‍ മഞ്ഞനിറത്തിനു മുകളില്‍ നിരത്തിയെഴുതി വച്ചിരിക്കുന്ന വെളുത്ത അക്ഷരങ്ങള്‍ പല കോണില്‍ നിന്നും വായിച്ച്‌ എല്ലാം ഉണ്ടെന്നു തിട്ടപ്പെടുത്തി.
"എസ്‌..സി..എഫ്‌..ഒ..ഒ..എല്‍..യു..എസ്‌.."
അതങ്ങനെ വീണ്ടും വീണ്ടും ഉരുവിടവേ അയാളുടെ ഹൃദയത്തില്‍ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു തുളുമ്പി.

നാല്‌

തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുരിശുകള്‍ കാണുമ്പോള്‍ മിഖായേലിന്‌ ഓര്‍മ്മ വരിക പഴയകാലങ്ങളെയാണ്‌.പഴയകാലം. ഗബ്രിയേലച്ചന്‍ കനിവോടെ അനുവദിച്ചു തന്ന ആ മുറിയുടെ ജാലകം തുറക്കുന്നത്‌ നിശ്ശബ്ദവും വിജനവുമായ സെമിത്തേരിയിലേയ്ക്കായിരുന്നു. (അന്ന് മിഖായേലിന്‌ പൊടി മീശപോലും ഉണ്ടായിരുന്നില്ലെന്ന് ഗബ്രിയേലച്ചന്‍ ഇന്നും പറയാറുണ്ട്‌) പ്രാര്‍ത്ഥനയോടെ ഇരുളില്‍ കണ്ണടച്ചു കിടക്കുമ്പോഴും മിഖായേലില്‍ ഭീതിയുടെ പെരുമ്പറ അടിച്ചു. ദുസ്വപ്നങ്ങളുടെ കരിനിലങ്ങളില്‍ റീത്തിന്റെ പ്ലാസ്റ്റിക്‌ പൂക്കളും ഓര്‍മ്മയുടെ മെഴുകുതിരികളും അവശേഷിച്ചു. (തണുത്തുറഞ്ഞ ശരീരവുമായി രാവിന്റെ സ്വൈര്യതയില്‍ മരിച്ചവര്‍ തീ കായുവാനിറങ്ങി നടക്കുമെന്നു പറഞ്ഞ്‌ പേടിപ്പിച്ചത്‌ ലോനപ്പന്‍ ചേട്ടനാണ്‌) അങ്ങനെയാണ്‌ ശവക്കല്ലറയ്ക്കു മുകളിലെ എല്ലാ കറുത്ത അക്ഷരങ്ങളും മിഖായേല്‍ മനഃപാഠമാക്കിയത്‌. മരിച്ചവരുടെ പേരുകള്‍ മിഖായേലിനു ബാലപാഠമായി. പിന്നെ ഇരുണ്ട നേരങ്ങളില്‍ ഇലയനക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ മിഖായേല്‍ വിളിച്ചു ചോദിക്കും.
"ആരാത്‌?
പനമൂട്ടിലെ കറിയാച്ചനാണ്‌?
പ്രതിശബ്ദങ്ങള്‍ മിഖായേലിനെ ഭീതിതനാക്കി.
അന്നേരം വീണ്ടും ചോദിക്കും.
ആരാ, താഴത്തെ റാഹേലമ്മച്ചിയാണോ.
അതൊക്കെ ഓര്‍മ്മിക്കുമ്പോള്‍ മിഖായേലിനു ചിരി വരും.

അഞ്ച്‌

രാത്രി: ഉണര്‍വിനും ഉറക്കത്തിനും ഇടയ്ക്കുള്ള ആ നേരങ്ങള്‍ മിഖായേലിന്‌ ഇപ്പോഴും ഓര്‍മ്മകളുടെ പ്രളയകാലമാണ്‌. കുന്തിരിക്കത്തിന്റെയും ഗ്രീസിന്റെയും മണവും നിറവുമുള്ള ഒരുപാട്‌ ഒരുപാട്‌ ഓര്‍മ്മകള്‍.
അനാഥമായ ബാല്യവും ഏകാന്തമായ കൌമാരവും മുള്‍കിരീടവും കുരിശുമായി സഹനത്തിന്റെ കുന്നിന്‍ പുറങ്ങളിലേയ്ക്ക്‌ വേച്ചു വേച്ചു നടന്നുപോകുമ്പോള്‍ ഈ പാനപാത്രം എന്നില്‍ നിന്നു തിരിച്ചെടുക്കണമേ ദൈവമേ എന്നയാള്‍ പ്രാര്‍ഥിച്ചു നില്‍ക്കാറുണ്ട്‌. സ്റ്റിയറിംഗ്‌ പിടിച്ചു തഴമ്പിച്ച കൈകളിലേയ്ക്ക്‌ കണ്ണുനീര്‍ ഉരുകി വീഴുമ്പോള്‍ ആകെ ഒരു സാന്ത്വനം ചുവരിലെ ഉണ്ണിയേശുവിന്റെ ചിത്രമാണ്‌. (സ്കൂള്‍ ബസിന്റെ ഡ്രൈവറായി അയാളെ അവരോധിച്ച ദിവസം ഗബ്രിയേലച്ചന്‍ സമ്മാനിച്ചതാണ്‌ ആ ചിത്രം) വളരെക്കാലം പഴക്കമേറിയിട്ടും ആ ചുണ്ടിലെ പുഞ്ചിരിക്ക്‌ ഒരു മാറ്റവുമില്ലെന്നു മിഖായേലിനു തോന്നി. നോക്കിനോക്കിയിരിക്കെ അന്നും ചിരി നിലാവായി പൂക്കുന്നത്‌ മിഖായേല്‍ കണ്ടറിഞ്ഞിട്ടുണ്ട്‌. ഉള്ളിലെ പറഞ്ഞറിയിക്കാനാവാത്ത ഖേദങ്ങള്‍ മിഖായേല്‍ ഉണ്ണിയേശുവുമായി ചിലരാത്രികളില്‍ പങ്കു വയ്ക്കും. ഒക്കെ ഉപേക്ഷിച്ചു പോയി തൂങ്ങിച്ചത്തുകളയുമെന്നു വിലപിക്കും. അപ്പോഴൊക്കെ സമാധാനമായി ഉണ്ണിയേശുവിന്റെ നക്ഷത്രക്കണ്ണുകള്‍ തിളങ്ങുകയും മിഖായേലിന്റെ മനസ്സില്‍ ശാന്തിയുടേ ധൂമം നിറയുകയും ചെയ്യും. കണ്ണീരില്‍ തുടച്ച ഒരു പ്രാര്‍ത്ഥനയോടെ ഉറക്കത്തിന്റെ പടവുകള്‍ ഇറങ്ങിപ്പോകുന്ന മിഖായേലിന്റെ കിനാവുകളിലേയ്ക്ക്‌ ചിത്രത്തിന്റെ ചില്ലു വാതില്‍ തുറന്ന് ഉണ്ണിയേശു അവതരിക്കും.
മിഖായേലിപ്പോള്‍ ഒരു കൊച്ചു കുട്ടിയാണ്‌. അവരിരുവരും കൂടി ബാല്യത്തിന്റെ സമ്പത്സമൃദ്ധികളിലേയ്ക്ക്‌ അതിരുകളില്ലാത്ത ആനന്ദത്തിന്റെ വഴികളിലേയ്ക്ക്‌, ഉത്സവ തിമിര്‍പ്പുകളിലേയ്ക്ക്‌, തോളീല്‍ കൈയിട്ട്‌ നടന്നു തുടങ്ങി.
കഴിഞ്ഞ രാത്രിയില്‍ മിഖായേലും ഉണ്ണിയേശുവും കൂടി ഒളിച്ചു കളിക്കുകയായിരുന്നു. പള്ളിവരാന്തയിലെ തൂണില്‍ തല ചേര്‍ത്തുപിടിച്ച്‌ കണ്ണടച്ച്‌ മിഖായേല്‍ എണ്ണാന്‍ തുടങ്ങി.
ഒന്ന്... രണ്ട്‌....മൂന്ന്.... നാല്‌
നൂറെന്ന് ഉച്ചത്തിലെണ്ണി കണ്ണുതുറക്കുമ്പോള്‍ വരാന്ത ശൂന്യമായിരുന്നു. തൂണൂകള്‍ക്കിടയിലെവിടെയോ ഒരു നിഴല്‍ പോലെ.....
എവിടെയാണ്‌ ഉണ്ണിയേശു മറഞ്ഞത്‌?

ആറ്‌

എവിടെയാണ്‌ ഉണ്ണിയേശു മറഞ്ഞത്‌?
ഗബ്രിയേലച്ചന്‍ മിഖായേലിനോടു ചോദിച്ചു. അവരിരുവരും കൂടി ഒരു പ്രഭാതസവാരിക്ക്‌ ഇറങ്ങുകയായിരുന്നു. അച്ചന്‍ ഓരോ വാക്ക്‌ ഉരുവിടുമ്പോഴും വായില്‍ നിന്നു പുകപറക്കുന്നത്‌ കൌതുകത്തോടെ മിഖായേല്‍ നോക്കിയിരുന്നു. അന്നേരം ഭൂമിയിലെങ്ങും വിശുദ്ധനായ തെളിച്ചവും സുഗന്ധവും തങ്ങി നിന്നിരുന്നു. മിഖായേലിനു തണുത്തു.
പുല്‍ക്കൊടി തുമ്പില്‍ ബാക്കിയിരുന്ന മഞ്ഞിന്‍ കണങ്ങളെ തട്ടിത്തെറിപ്പിച്ചു കൊണ്ട്‌ മിഖായേല്‍ മറുപടി പറഞ്ഞു.
"അപ്പോഴേയ്ക്കും നേരം വെളുത്തച്ചോ"
ഗബ്രിയേലച്ചന്‍ ഉറക്കെ ചിരിച്ചു. ഒന്നും അറിയാതെ മിഖായേലും.
"നീയിങ്ങനെ കൊച്ചുകുട്ടികളെപ്പോലെ സ്വപ്നവും കണ്ട്‌ നടന്നാല്‍ മതിയോ മിഖായേലേ, നിനക്കാണെങ്കില്‍ സ്വന്തമായൊരു ജോലിയും അതിന്റെ വരുമാനവും ഒക്കെയുണ്ട്‌. ഇനിയൊരു പെണ്ണൊക്കെ ആകാം."
എതിരെ വന്ന ഇടവകക്കാരനെ അച്ചന്‍ അഭിവാദ്യം ചെയ്തു. മിഖായേലിന്റെ കിനാപുസ്തകത്തിലെ തുറക്കാത്ത സുവിശേഷമായിരുന്നു അച്ചന്‍ പറഞ്ഞത്‌. മിഖായേലിന്‌ ഒന്നും മിണ്ടണമെന്നു തോന്നിയില്ല.
"ജീവിതമെന്നു പറയുന്നത്‌ ദൈവത്തിന്റെ കൃപയാണു മിഖായേലേ, മണ്ണിലടിയേണ്ടുന്ന ശരീരങ്ങള്‍ ഓരോന്നിനും ഓരോ സമയമുണ്ട്‌. പിന്നെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല."
മിഖായേലിന്റെ നെഞ്ച്‌ പൊട്ടി. " എനിക്ക്‌ ആരുമില്ല അച്ചോ"
"ആരും ഇല്ലാത്തവര്‍ക്ക്‌ ദൈവമുണ്ട്‌, മിഖായേലേ"
കരുണയുടെ സ്വരത്തില്‍ ഗബ്രിയേലച്ചന്‍ പറയുമ്പോള്‍ ദൂരെ പള്ളിമണികള്‍ മുഴങ്ങി. അച്ചന്‍ കുരിശു വരച്ചു. മിഖായേല്‍ കാണുമ്പോള്‍ അച്ചന്റെ തല ഒരുപാട്‌ നരച്ചിരിക്കുന്നതായി അറിഞ്ഞു.
അവരപ്പോള്‍ സെമിത്തേരിയിലൂടെ നടക്കുകയായിരുന്നു.
"ജീവിതമെന്തെന്ന് അറിയണമെങ്കില്‍ സെമിത്തേരിയിലൂടെ നടക്കണം"
അച്ചന്‍ പറയുന്നതൊന്നും മിഖായേലിനു മനസ്സിലായില്ല.
അയാള്‍ കല്ലറയ്ക്കു മുകളില്‍ പറന്നു നടക്കുന്ന ഒരു തുമ്പിയെ കാണുകയായിരുന്നു.

ഏഴ്‌

പ്രഭാതം. മിഖായേല്‍ ഷെഡ്ഡിനുള്ളില്‍ നിന്നും ബസ്‌ പുറത്തിറക്കിയിട്ട്‌ കണ്ണാടികള്‍ തുടച്ച്‌ അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ക്ലീനറുചെക്കന്‍ വന്നത്‌. അവന്റെ വരവ്‌ അയാളറിഞ്ഞതേയില്ല. മിഖായേല്‍ വണ്ടിയില്‍ ഉമ്മ വച്ചു. അതിനെ വീണ്ടും വീണ്ടും തുടച്ച്‌ വൃത്തിയാക്കുന്നതില്‍ അയാള്‍ ആഹ്ലാദം കൊണ്ടു. നാലുചുറ്റും നടന്ന് അതിന്റെ ഭംഗി ആസ്വദിച്ചു.
"ഇതു കണ്ടാല്‍ തോന്നും വണ്ടി ഇയാടെ കെട്ടിയോളാന്ന്" ചെക്കന്‍ കളിയാക്കും മട്ടില്‍ പിറുപിറുത്തു.
"ദാ, കൊച്ചു പിശാചേ, നേരാംവണ്ണം ജോലിചെയ്യാണ്ടെ, അതുചെയ്യുന്നോരെ കളിയാക്കാനും തുടങ്ങിയിട്ട്‌ നിന്റെ മുട്ടുകാല്‌ ഞാന്‍ തല്ലിയൊടിക്കും."
മിഖായേല്‍ കത്തി.
ചെക്കന്‍ ചുണ്ടു കോട്ടി. "ഓ, ഇയാള്‌ പുളുത്തും. മതി മതി. വണ്ടിയെടുത്താട്ടെ. സമയം എത്രയെന്നറിയാമോ?"

എട്ട്‌

സമയം എത്രയെന്നറിയാമോ?
ഹൌസ്‌ നമ്പര്‍ 26 ലെ വിജിന്‍ ജി നായരുടെ മമ്മി ഹൌസ്‌ നമ്പര്‍ 32 ലെ ലീന ചെറിയാന്റെ മമ്മിയോട്‌ ആശങ്കപ്പെടും വിധം ചോദിച്ചു. (അവര്‍ കുട്ടികളുമായി സ്കൂള്‍ബസ്‌ കാത്തു നില്‍ക്കുകയായിരുന്നു)
വിജിന്റെ മമ്മി (ലീന ചെറിയാന്റെ മമ്മിയുടെ സാരിയില്‍ നിറഞ്ഞ ആരാധനയോടെ നോക്കിക്കൊണ്ട്‌) ആ ഡ്രൈവര്‍ മിഖായേലിന്‌ യാതൊരു റെസ്പോണ്‍സിബിലിറ്റിയുമില്ല.
ലീന ചെറിയാന്റെ മമ്മി (വിജിന്‍ ജി നായരുടെ മമ്മിയുടേ ഡയമണ്ട്‌ റിംഗില്‍ അസൂയയോടെ കണ്ണും നട്ട്‌) ലീനയുടെ ഡാഡി ഫാദര്‍ ഗബ്രിയേലിനോട്‌ കംപ്ലയിന്റ്‌ ചെയ്തിട്ടുണ്ട്‌. ആ ഇഡിയറ്റ്‌ കുട്ടികളേ ആവശ്യമില്ലാതെ പാട്ടുകളും ഒക്കെ പഠിപ്പിക്കുന്നുണ്ട്‌.
വിജിനും ലീനയും (കോറസ്സായി)ജിനക്കജിനക്ക ജാനകി
വെള്ളം കോരാന്‍ ചെന്നപ്പോള്‍.....
നെയില്‍ പോളിഷിട്ട കരങ്ങള്‍ അവരുേ വായ്‌ മൂടി. അപ്പോള്‍ നിരത്തിന്റെ അങ്ങേയറ്റത്ത്‌, മഞ്ഞ നിറമുള്ള സ്കൂള്‍ ബസ്സ്‌ പ്രത്യക്ഷപ്പെട്ടു.

ഒന്‍പത്‌

ജവഹര്‍ കോളനിയിലെ ഓരോ വീടും മിഖായേലിന്‌ പരിചിതമാണ്‌. ഓരോ ഗേറ്റിനുമുന്നിലും ബസ്‌ നിര്‍ത്തി ഹോണടിക്കുമ്പോള്‍ ആയമാരുടെ കൈകളില്‍ തൂങ്ങി അര്‍ദ്ധമനസ്സോടെ ഇറങ്ങിവരുന്ന ഓരോ കുട്ടിയുടെയും പേര്‌ അയാള്‍ക്ക്‌ മനഃപാഠമാണ്‌. റ്റാ റ്റാ പറയുന്ന ആയമാരുടെ പുഞ്ചിരിയുടെ ആര്‍ദ്രതപോലും അയാള്‍ക്ക്‌ സന്തോഷമുള്ള കാര്യമാണ്‌.
ബസിലിപ്പോള്‍ നിറയെ കുട്ടികളുണ്ട്‌. അവരുടെ കലമ്പലുകളുണ്ട്‌. മിഖായേലില്‍ നഷ്ടപ്പെട്ട ബാല്യം വീണ്ടും എത്തുന്നപോലെ ഹൃദയം പരന്നൊഴുകുന്ന വിശുദ്ധമായ ആനന്ദത്താല്‍ അയാളുറക്കെ പാടാന്‍ തുടങ്ങി.
'നന്മ നിറഞ്ഞ ഭൂമിയിലിങ്ങനെ...'
മിഖായേലില്‍ സന്തോഷം തിമിര്‍ത്തു. സ്റ്റിയറിങ്ങില്‍ താളം മുറുകി. ബസ്സിനുള്ളിലാകെ ബഹളം.
പെട്ടെന്ന് ഇടതുവശത്തു നിന്ന് കയറിവന്ന ഒരു ലോറി. മിഖായേല്‍ ഞെട്ടി.
ഒരു സഡന്‍ ബ്രേക്കില്‍ ബസ്‌ ഞരക്കത്തോടെ നിന്നു. മിഖായേല്‍ വിറയ്ക്കാന്‍ തുടങ്ങി. ദൈവമേ, ജീവിതത്തില്‍ ആദ്യത്തെ പിഴ. ഒരു ചെറിയ കൈപ്പിഴ.
"ഹോണടിച്ചാല്‍ കേള്‍ക്കാന്‍ വയ്യായോടാ, പിള്ളാരെ കൊണ്ട്‌ ചാവാന്‍ ഇറങ്ങിയതാണോ?"
ലോറിയില്‍ നിന്നും പ്‌രാക്കുകള്‍ ഇരമ്പി.
മിഖായേല്‍ വിയര്‍പ്പില്‍ മുങ്ങി പിന്നോട്ടു നോക്കി. കുട്ടികള്‍ സംഭ്രമത്തില്‍ നിന്നുണരാന്‍ തുടങ്ങിയിരുന്നു. ആരോ ചോദിക്കുന്നു. ആരുമില്ലാത്തവന്‍ ആരോടു ചോദിച്ചിട്ടിറങ്ങാനാ?

പത്ത്‌

ആരുമില്ലാത്തവന്‍ ആരോടു ചോദിച്ചിട്ടിറങ്ങാനാ. രാവിലത്തെ സംഭവം ഓര്‍ക്കുമ്പോള്‍ മിഖായേലില്‍ ഒരു കരച്ചില്‍ കെട്ടഴിഞ്ഞു വീണൂ. (വണ്ടിയുടെ മുകളില്‍ കയറി ആകാശത്തേയ്ക്കു നോക്കി കിടക്കുകയായിരുന്നു അയാള്‍)അന്നത്തെ ഓര്‍മ്മകള്‍ അയാളില്‍ ഉള്‍ക്കിടിലമുണ്ടാക്കികൊണ്ടിരുന്നു. ആകാശത്ത്‌ മേഘങ്ങളുടെ കുഞ്ഞാടുകള്‍ മേയാനിറങ്ങുന്നു. അയാളുടെ ഉള്ളം ദുഃഖസാന്ദ്രമായി.
'മിഖായേലു ചേട്ടാ, മിഖായേലു ചേട്ടാ....'
താഴെ നിന്നും ക്ലീനറുടെ വിളി ഉയര്‍ന്നു. അവന്‍ പറയുന്നു. ഞാനിന്നു വരികേലാ. അപ്പാപ്പന്റെ ഓര്‍മ്മ ദിനമാ. അപ്പാപ്പന്റെ ഓര്‍മ്മദിനത്തില്‍ നിനക്കെന്താടാ. അരിശം വാക്കുകളില്‍ നിന്നു വാര്‍ന്നു വീണു. അതൊന്നും ചേട്ടനു മനസ്സിലാകുകേലാ. ഞാന്‍ പോവാ.
അവന്‍ പോയപ്പോള്‍ മിഖായേല്‍ ഒറ്റയാനായി.

പതിനൊന്ന്

നാലുമണി. മിഖായേല്‍ എത്തുമ്പോള്‍ കുട്ടികള്‍ സ്കൂള്‍ ഗേറ്റില്‍ തൂങ്ങി വണ്ടി കളിക്കുകയായിരുന്നു.
ഞാനാ മിഖായേലു ചേട്ടന്‍. 5 A യിലെ സലീം അഹമ്മദ്‌ പ്രഖ്യാപിച്ചു. മിഖായേലിനെ അനുകരിച്ചു കൊണ്ടവന്‍ തുടര്‍ന്നു. കേറിയിരിക്കിന്‍ കുഞ്ഞുങ്ങളേ. നമുക്കിന്ന് നോഹയുടെ പെട്ടകത്തിന്റെ കഥ പറയാം.
(സീനാ ബേബി ഒരിക്കല്‍ ചോദിച്ചു. മിഖായേലുചേട്ടന്റെ മമ്മിയും ഡാഡിയും എവിടാന്ന്. മിഖായേല്‍ ആകാശത്തേക്ക്‌ ചൂണ്ടി. അവള്‍ ഉറക്കെ ചിരിച്ചു.)
ചിരിയുടെ വളപ്പൊട്ടുകള്‍ ചുറ്റും ഇടറി വീഴുമ്പോള്‍ മിഖായേല്‍ അറിഞ്ഞു എല്ലാ ഡ്രൈവര്‍മാരും മിഖായേല്‍മാരാണ്‌. ദുഃഖത്തിന്റെയും ദുരന്തത്തിന്റെയും അനിവാര്യ വഴികളിലുണ്ട്‌, ഗന്ധകം പുകയുന്ന ജീവിതവുമേറ്റി കടന്നു പോകുന്ന മിഖായേലുകള്‍. വണ്ടി നോഹയുടേ പെട്ടകം പോലെ

പന്ത്രണ്ട്‌

"അച്ചോ..."
മിഖായേലിന്റെ ശബ്ദം വിറയാര്‍ന്ന ഒരു നിലവിളിയായി വന്ന് ഗബിയേലച്ചനെ തൊട്ടു. എന്തോ കണ്ട്‌ പേടിച്ചവനെപ്പോലെ വല്ലാതെ കിതച്ചു കൊണ്ടാണ്‌ അയാള്‍ അരമനയിലേയ്ക്ക്‌ പാഞ്ഞുവന്നത്‌. ഗബ്രിയേലച്ചന്‍ അപ്പോള്‍ വേദപുസ്തകം വായിക്കുകയായിരുന്നു. വാക്കുകള്‍ കിട്ടാതെ മിഖായേല്‍ വലഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാതെ ഗബ്രിയേലച്ചന്‍ വിഹ്വലപ്പെട്ടു.
"എന്താ, മിഖായേലേ..." അച്ചന്‍ ചോദിച്ചു.
മിഖായേലിന്റെ ഉള്ളില്‍ വാക്കുകള്‍ നിന്നു വിറച്ചു.
"എല്ലാ കുട്ടികളെയും ഞാന്‍ അവരുടെ വീടിന്റെ മുന്നില്‍ തന്നെ ഇറക്കി വിട്ടച്ചോ. എന്നിട്ടും ഒരു കുട്ടി മാത്രം.. അച്ചോ, ഞാന്‍ എവിടെയോ അവനെ കണ്ടിട്ടുണ്ട്‌. പിന്നെ ഒന്നും എനിക്കറിയില്ലച്ചോ"
മിഖായേല്‍ പരിഭ്രമം കൊണ്ടു വിറയ്ക്കുകയായിരുന്നു. സ്കൂള്‍ ബസില്‍ ഒരു കുട്ടിമാത്രം അധികം വരിക. ഗബ്രിയേലച്ചന്‌ അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
"എന്താ മിഖായേലേ നീ പറയുന്നത്‌.."
ഞാന്‍ പറയുന്നതു സത്യമാണച്ചോ. അതാ അവന്‍. മിഖായേല്‍ വിരല്‍ ചൂണ്ടിയിടത്തേയ്ക്ക്‌ ഗബ്രിയേലച്ചന്‍ നോക്കി. പള്ളിവരാന്തയില്‍ സ്കൂള്‍ യൂണിഫോം അണിഞ്ഞ്‌ ഒരു കുട്ടി നില്‍ക്കുന്നതായി അച്ചനു തോന്നി. കണ്ടു കണ്ടിരിക്കെ അവന്റെ പിന്നില്‍ ഒരു പ്രകാശവലയം തെളിഞ്ഞു വരുന്നതു കണ്ട്‌ അച്ചന്‍ അദ്ഭുതപ്പെട്ടുപോയി.
"ന്റെ കര്‍ത്താവേ"

പതിമൂന്ന്

ഗബ്രിയേലച്ചന്‍ പള്ളിട്രസ്റ്റിയും പി ടി എ പ്രസിഡന്റുമായ ഐസക്കിനെ വിളിച്ചു കാര്യം പറഞ്ഞു. അച്ചന്‍ എന്തു പറഞ്ഞിട്ടും അയാള്‍ വിശ്വസിച്ചില്ല.സ്കൂള്‍ ബസ്സില്‍ ഒരു കുട്ടി അധികം വരിക. എന്തു ചോദിച്ചിട്ടും അവനൊന്നും മിണ്ടാതിരിക്കുക. ഐസക്‌ എന്നല്ല ആരും അതു വിശ്വസിക്കുകയില്ലെന്ന് ഗബ്രിയേലച്ചനറിയാം. സ്കൂളിന്റെ പ്രശ്നമായതുകൊണ്ട്‌, രാവിലെ എല്ലാവരുമായി ഒന്നു കൂടിയാലോചിച്ചതിനു ശേഷം പോലീസില്‍ അറിയിച്ചാല്‍ മതിയെന്ന് ഇരുവരും തീരുമാനിച്ചു. കുട്ടി ഇന്നു രാത്രി അരമനയില്‍ താമസിക്കട്ടെ. ആ മിഖായേലിനെ ഒന്ന് സൂക്ഷിച്ചോണം എന്നും ഐസക്‌ പറഞ്ഞു.
ഗബ്രിയേലച്ചന്‍ ഫോണ്‍ വെച്ച്‌ തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ മിഖായേലിന്റെ നിഴല്‍ കണ്ടു.
" നീയിതുവരെ ഉറങ്ങിയില്ലേ മിഖായേലേ?'
"ഉറക്കം വരുന്നില്ലച്ചോ"
മിഖായേല്‍ ദയനീയമായി ഗബ്രിയേലച്ചന്റെ മുഖത്തു നോക്കി.
"ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ചന്‍ എതിരു പറയുമോ?"
"എന്താ മിഖായേലേ"
" അവനെ ഇന്ന് എന്റെ കൂടെ കിടത്തിക്കോട്ടെ അച്ചോ?"
" അതു വേണോ മിഖായേലേ?"
"എതിരു പറയല്ലേ അച്ചോ"
മിഖായേലിന്റെ കണ്ണുനീര്‍ അച്ചന്റെ പാദങ്ങളെ നനച്ചു.

പതിനാല്‌

എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ആകയാല്‍ നീെ ജാഗ്രതയുള്ളവനായിരിക്ക. മാനസാന്തരപ്പെടുക. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു, ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്‍കും.
(യോഹന്നാനുണ്ടായ വെളിപാട്‌)

പതിനഞ്ച്‌

ഒരു ദുസ്വപ്നത്തിന്റെ വേട്ടയില്‍ നിന്നാണ്‌ മിഖായേല്‍ വിയര്‍ത്തുണര്‍ന്നത്‌. പരിഭ്രാന്തിയോടെ അയാള്‍ പുതപ്പിനടിയിലൂടെ കൈകള്‍ നീട്ടി. അവനെവിടേ? ഇല്ല. ചുരുളുവീണ പുതപ്പു മാത്രം.
ഒരു നിലവിളി അയാളുടെ വരണ്ട തൊണ്ടയില്‍ കുരുങ്ങി. വാതില്‍ തുറന്നു കിടക്കുന്നു. നിലവിളിയോടെ മിഖായേല്‍ പുറത്തേയ്ക്കു പാഞ്ഞു. അതി തീവ്രമായ പ്രകാശം തനിക്കു മുന്‍പേ നീങ്ങുന്നതായി മിഖായേലിനു തോന്നി.
ഒന്ന്... രണ്ട്‌.... മൂന്ന്... നാല്‌... പിടിച്ചേ..
കുട്ടിക്കളിയുടെ വാശിയില്‍ മിഖായേല്‍ ഓടി തുടങ്ങി. ഭ്രാന്തമായ ആവേശത്തോടെ കരഞ്ഞു കൊണ്ടോടുന്ന മിഖായേലിനെ ആകാശത്തപ്പോള്‍ ഉദിച്ചുയര്‍ന്ന അപൂര്‍വമായ ഒരു വാല്‍നക്ഷത്രം മാത്രം കണ്ടു.
അന്നേരം, ദൂരെ ഒരിടത്ത്‌ പള്ളിമണികള്‍ ആവുന്നത്ര ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്‌