തര്‍ജ്ജനി

ആര്‍ രാമചന്ദ്രന്‍

വളരെക്കുറച്ചു മാത്രം എഴുതി അരങ്ങൊഴിഞ്ഞ കവിയാണ്‌ ആര്‍ രാമചന്ദ്രന്‍. ചന്ദനക്കുറിയിട്ട, ചിരിക്കുന്ന മുഖം സംശയലേശമില്ലാത്ത വിധം ഒരു ആസ്തികന്റേതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ നല്‍കുന്ന സാക്ഷ്യങ്ങള്‍ മറിച്ചാണ്‌. നൈരാശ്യവും ശൂന്യതാബോധവും ഏകാകിതയും ജീവിതത്തിന്റെ നീക്കിയിരുപ്പുകളായി തിരിച്ചറിയുന്ന സന്ദേഹിയുടെ ദര്‍ശനങ്ങളാണ്‌ അവ. ആധുനികന്‍ എന്ന ചാര്‍ത്ത്‌ ഉണ്ടായിരുന്നുവെങ്കിലും അതിന്റെ പതിവു വഴികളില്‍ നിന്നു മാറി നടക്കുകയായിരുന്നു അദ്ദേഹം. അനാദ്യന്തനായ ഈശ്വരന്റെ പൂര്‍ണ്ണതയിലെ അസ്വാതന്ത്ര്യത്തെ അഭിമുഖം നിര്‍ത്തുന്ന ഒരു കവിതയാണ്‌ "ദിവ്യദുഃഖത്തിന്റെ നിഴലില്‍" ദൈവം അദ്ദേഹത്തിന്റെ തന്നെ പടപ്പിന്റെ സഹാനുഭൂതി പിടിച്ചു പറ്റുകയാണിവിടെ.

2005 ആഗസ്റ്റ്‌ മൂന്നാം തീയതി രാമചന്ദ്രന്‍ അന്തരിച്ചു.

"ദിവ്യദുഃഖത്തിന്റെ നിഴലില്‍"

ഈ അന്ധകാരത്തില്‍,
ഈ നിശ്ശബ്ദതയില്‍,
നിന്‍ കരളിലെ ശ്യാമവര്‍ണ്ണമാം ദുഃഖത്തിന്‍ സത്യം
എന്നെ ചൂഴുമീയേകാന്തതിയില്‍ നിഴലിക്കേ
വിശ്വനായക, നിന്നെ ഞാന്‍ അറിയുന്നേന്‍.

നീ, അനാദ്യന്തന്‍
മൃതിഭീതിയാല്‍ച്ചേരും
ജീവിത സ്നേഹത്തിന്‍ മാധുര്യമറിയാത്തോന്‍!
നീ, പൂര്‍ണ്ണകാമന്‍
സ്വപനഭൂമിയില്‍ നൃത്തം ചെയ്യും
മുഗ്ദ്ധ സൌന്ദര്യത്തെ നിനയ്ക്കാന്‍ കഴിയാത്തോന്‍!
എങ്ങനെ,യാരെ സ്നേഹിക്കും വെറുക്കും നീ?
നീ കേള്‍പ്പതില്ലല്ലോ
നിന്‍ പദദ്ധ്വനി പോലും!
നീ കണ്മതില്ലല്ലോ നിന്‍ നിഴല്‍ പോലും!
നിന്നില്‍ നിന്നകലുവാനാകാതെ,
നിന്നില്‍ തന്നെ നീറി, നീറിക്കൊണ്ടയ്യോ
നിത്യതയുടേ ഏകാന്തത്തിലിരിപ്പൂ നീ!
നിന്നശാമ്യമാം രോദനം കാലം.
നിന്‍ കരാളമാം ദുഃഖം വാനം.
ആത്മവിസ്മൃതിതേടീ നീ നടത്തുമീ സര്‍ഗ്ഗ ലീലയില്‍ നിന്നഴല്‍ നിഴലിക്കേ
ഹാ! പഴിപ്പൂ ഞാന്‍ നിന്നെ!
മാപ്പു നല്‍കുക, നീ പൊറുക്കുകെന്‍ മര്‍ത്ത്യതാദര്‍പ്പം.
ഈയന്ധകാരത്തില്‍,
ദേവ, നിറഞ്ഞു നിന്നീടുമീ നിശ്ശബ്ദത തന്‍
നിശ്ചല തടാകത്തില്‍ ഒരു താമരമൊട്ടായൊരു
തൊഴുകൈയായെന്നാത്മാവിരിക്കുന്നു.

ആര്‍. രാമചന്ദ്രന്‍