തര്‍ജ്ജനി

വില്‍ക്കാനുള്ള കാണങ്ങള്‍

"ചെറുപയര്‍പരിപ്പുകൊണ്ടു വച്ച പരിപ്പും നെയ്യും പപ്പടവും കൂട്ടി കുഴച്ചെടുത്ത്‌ ആദ്യത്തെ ഉരുളയോടെയാണ്‌ ഓണസദ്യയുടെ ഓറല്‍ കിക്ക്‌ ഓഫ്‌. സാമ്പാര്‍ കൂട്ടിയുള്ള രണ്ടാമത്തെ കോഴ്സ്‌ തൊട്ടു പിന്നാലെ. കറികളില്‍ മുടിചൂടിയ മന്നനാണ്‌ സാമ്പാര്‍. രസനേശന്‍. നാക്കില്‍ വെള്ളമൂറുന്ന കറി. നന്നേ കൊഴുക്കരുത്‌. രസം പോലെ നേര്‍ക്കരുത്‌. സ്രഗ്ദ്ധരാവൃത്തം പോലെ ചോറില്‍ മെല്ലെ കിനിഞ്ഞ്‌ രസം നിറയണം. ഉരുളക്കിഴങ്ങ്‌, വെണ്ടയ്ക്ക, വഴുതിനങ്ങ, കൊത്തമരയ്ക്ക, തക്കാളി തുടങ്ങിയ ഗണങ്ങള്‍ ചേര്‍ന്ന സാമ്പാറിന്റെ രുചി.. മറ്റൊന്നും അതിന്റെ അടുത്തു വരില്ല. സാമ്പാറും കൂട്ടിയുള്ള ഊണാണ്‌ ഊണ്‌. കണ്ണും മൂക്കും നിറയും ആ രുചി.

ദാ.. വന്നു കഴിഞ്ഞു അടുത്തയാള്‍. നാണം കുണുങ്ങി. ചാരുമുഖി. രസനയിലെത്തിയാല്‍ രസികത്തി. കാളന്‍. 'നനമയയുഗമെട്ടില്‍ തട്ടണം മാലിനിയ്ക്ക്‌' എന്ന മട്ടില്‍ നേന്ത്രക്കായും കൊത്തിനുറുക്കിയ ചേനയും പച്ച മുളക്‌ നീളത്തില്‍ മുറിച്ചതും കുറുകിയ മോരില്‍ വെന്തു വരുമ്പോഴുള്ള കാളനും കൂട്ടി എത്രയുണ്ടായാലും മതിയാവില്ല. 'ഇനിയും കൊണ്ടുവാ' എന്ന് പണ്ട്‌ കൃഷ്ണമേനോന്റെ വീട്ടില്‍ വച്ച്‌ സ്വാദ്‌ സഹിക്കാതെ നെഹൃവിനെക്കൊണ്ട്‌ പറയിച്ചത്‌ ഇവളാണ്‌. ഈെ രസികരഞ്ജിനി. ഇവളെ വെല്ലാന്‍ വേറൊരു നെല്ലായിയില്ല". (വൈക്കം മധു)(പഴയ ഒരു മലയാള മനോരമ വാരാന്ത്യപ്പതിപ്പില്‍ നിന്ന്)

ഓണം കാര്‍ഷികോത്സവമോ, വസന്തോത്സവമോ, ചേരമാന്‍ പെരുന്നാള്‍ മക്കത്തു പോയതിന്റെ ഓര്‍മ്മപ്പെരുന്നാളോ, ബുദ്ധമതത്തിന്റെ സംഭാവനയോ, തൃക്കാക്കരയിലെ 'പുലയമൂപ്പനെ' ഒരു മുണ്ടനെ മുന്‍ നിര്‍ത്തി സവര്‍ണ്ണര്‍ പാതാളം എന്ന സ്ഥലത്തേയ്ക്ക്‌ നാടുകടത്തിയതോ, ഒരു ജ്യോതിശ്ശാസ്ത്ര വിശേഷമോ, പുത്താണ്ടിന്റെ തുടക്കമോ ഒക്കെയാണ്‌. അല്ലെങ്കില്‍ ഇതെല്ലാം കൂടിയാണ്‌. മഹാബലിയും തൃക്കാക്കരയപ്പനും മഞ്ഞക്കോടിയും പൂവിടലും അഞ്ചു മുതല്‍ പതിമൂന്നു വരെയുള്ള നൂറ്റാണ്ടുകളിലെവിടെയോ വച്ച്‌ ഓണവുമായി ചേര്‍ന്നു കലങ്ങിയതാണ്‌. എന്നാല്‍ ശിലാപൂജയുടെയും (വീട്ടുമുറ്റത്തെ മാതേവര്‌) അമ്പും വില്ലും വയ്ക്കലിന്റെയും കാര്യത്തിലെന്ന പോലെ സദ്യയിലുമുള്ളത്‌ ചരിത്രാതീതമായ കാലത്തു നിന്നും നടന്നു കയറിയ ഒരാചാരമാണ്‌. പില്‍ക്കാലത്ത്‌ പരദേശി ഭക്ഷണങ്ങള്‍ കൂട്ടുവന്നെങ്കിലും. പറഞ്ഞു വന്നത്‌ ഇതാണ്‌ ഓണം നമ്മുടെ കൂടെ നടക്കുകയായിരുന്നു, ചരിത്രത്തിന്റെ നാള്‍വഴികളില്‍.

ഓണത്തിന്റെ ഉത്ഭവ ചരിത്രം എന്തായാലും ബലിയുടെ ത്യാഗകഥ അതിന്റെ അടിസ്ഥാന ശിലയാണ്‌, കുറഞ്ഞ പക്ഷം ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിലെങ്കിലും. വിശ്വാസങ്ങളെയാണല്ലോ വിശകലനം ചെയ്യേണ്ടത്‌. അങ്ങനെ നോക്കുമ്പോള്‍, ബലി എന്ന അസുര ചക്രവര്‍ത്തി ചെയ്ത തെറ്റെന്താണ്‌?

ഒരു നീതികേടിന്റെ ഓര്‍മ്മയെ ആഘോഷം കൊണ്ടു മറികടക്കുന്നതിന്റെ ചരിത്രമാണ്‌ ഓണത്തിന്റേത്‌. മാങ്കുടി മരുതനാരുടെ (ക്രി.വ 4-5 നൂറ്റാണ്ട്‌) 'മരുതൈക്കാഞ്ചി'യിലെ പരാമര്‍ശം - കിട്ടിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പഴക്കമേറിയ പരാമര്‍ശം - തൊട്ട്‌ ഇതാണ്‌ വഴക്കം.( മഹാബലിയും വാമനനുമൊന്നുമില്ല അവിടെ. അവുണരെ അകറ്റിയ മായോനു വേണ്ടിയാണ്‌ ഓണം എന്നാണ്‌ അതിലെ വിവരണം - അതും ഒരു ഓര്‍മ്മയുടെ ആഘോഷം തന്നെ.)

തിരിച്ചറിഞ്ഞില്ലെങ്കില്‍ കൂടി ഏറ്റവും മുന്തിയ ഓണവിഭവം പലപ്പോഴും ഈ ഓര്‍മ്മകളാണെന്നു തോന്നുന്നു. ഒരു തരം തരളസ്മൃതി. ബോണസു വാങ്ങിയും കടമെടുത്തും വാങ്ങിക്കൂട്ടുന്നതെല്ലാം 'കഴിഞ്ഞ ഓണത്തിന്‌' എന്നു പറഞ്ഞ്‌ ആവേശം കൊള്ളാനാണ്‌. ഓണക്കാലത്ത്‌ ആനുകാലികങ്ങളില്‍ തെളിയുന്ന ഗതകാലസ്മൃതികള്‍ക്ക്‌ മറ്റെന്ത്‌ അര്‍ത്ഥമാണ്‌ നിവേദിക്കാനുള്ളത്‌?

ബലിയും വാമനനും മുഖ്യകഥാപാത്രങ്ങളായ തിരക്കഥയിലും നാം തിരയുന്നത്‌ ഒന്നിനും വേണ്ടിയല്ലാത്ത ഒരു സഹനത്തെയോ വാമനന്റെ അനീതിയെയോ അല്ല. അതിനും അപ്പുറത്തെ ഒരു നല്ല കാലത്തെയാണ്‌. അതായത്‌ അസ്വസ്ഥമായേക്കാവുന്ന ഒരു ഓര്‍മ്മയെ, സുഖദമായ മറ്റൊരോര്‍മ്മയാല്‍ റദ്ദു ചെയ്യുന്നു. മിത്തിന്റെ ഭാഷയില്‍, മറവിയുടെ പാതാളത്തിലേയ്ക്കു യുക്തിയെ നാടു കടത്തുന്നു. മഹാബലിയുടെ വിനീതമായ ശിരസ്സിനെയും വാമനന്റെ ഉദ്ധൃതമായ കാലിനെയും ഒരേപോലെ പൂജിച്ചു കൊണ്ട്‌ വലിയ ഒരു ആശയസംഘര്‍ഷം രമ്യമായി പരിഹരിച്ചു വച്ച നമ്മള്‍ ഈ നിറവിലാണ്‌ ഓണം പറുദീസയുടെ വീണ്ടെടുപ്പാണെന്നു ധരിച്ചു വശായതും വില്‍ക്കാന്‍ കാണങ്ങള്‍ അന്വേഷിച്ചു തുടങ്ങിയതും.

വഴക്കങ്ങള്‍ ഇക്കുറിയും തെറ്റിക്കാതിരിക്കാം. കഴിഞ്ഞു പോയ ഓണങ്ങളുടെ രുചിയിലേയ്ക്ക്‌ മുഖം പൂഴ്ത്തി നമുക്ക്‌ ഹിതകരമല്ലാത്ത വര്‍ത്തമാനത്തെ മറക്കാം. ഓണം എപ്പോഴും ജയിക്കുന്നത്‌ ഈ പരിണതിയിലാണ്‌.

ആര്‍. പി. ശിവകുമാര്‍

Submitted by സുനിൽ (not verified) on Mon, 2005-09-12 19:26.

എനിക്കെങനെ ഓണത്തിനെ കാണാനാണിഷ്ടം: ബലി ആദരണീയനായിരുന്നു, പൂജ്യനായിരുന്നു. തെറ്റുകൾ കുറച്ച് പൂജ്യത്തിലോ അതിലും താഴേയോ എത്തത്തക്കവണ്ണം ശരികളുടെ കൂമ്പാരമായിരുന്നു, അസുരചക്രവർത്തിയുടെ ചെയ്തികൾ. അദ്ദേഹം അസുരനായിരുന്നു, മനുഷ്യനായിരുന്നു. ജനനത്തിലേ മരണം സഹജമല്ലേ? മനുഷ്യനെപ്പോലെ ആശയങൾ‌ക്കും ഈ ഗതി തന്നെയാണ് പ്രകൃതി നിശ്ചയിച്ചിരിക്കുന്നത്. ആശയങളും മരിക്കും/മാറ്റം സംഭവിക്കും. മാറ്റവും മരണത്തിന്റെ തുടക്കമല്ലേ? ഗാന്ധിജിയെ കൊന്നു, മാർടിൻ ലൂഥർ‌ക്കും അതേ ഗതി തന്നെ. കമ്യൂണിസം “മരിച്ചു”, യേശുവിനേയോ കുരിശിലേറ്റി. എങ്കിലും യേശുദേവനും കൃഷ്ണനും ഗാന്ധിജിയും കംയൂണിസവുമൊക്കെ ഒക്കെ പിന്നെയും പിന്നേയും കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് പിറക്കുന്നു. ഒരു തുടർച്ച പോലെ. പ്രകൃതി എന്തുവന്നാലും, അത്‌ കലിംഗ യുദ്ധമായാലും ഗാന്ധിസമായാലും, പ്രകൃതിയുടെ എൻ‌ട്രോപ്പി തകർക്കാൻ സമ്മതിക്കില്ല. പാവം ബാക്കി മനുഷ്യർ എന്തുചെയ്യും? പഴയ ഒന്നായ കാലത്തിനെ ഗൃഹാതുരത്വത്തോടെ ആഘോഷിക്കുകയല്ലാതെ! വീണ്ടുമൊരു ആശയത്തിന്റെ പിറവിയെ ആകാംഷയോടെ കാത്തിരിക്കുകയല്ലാതെ! ഇവിടെ തെറ്റും ശരിയുമില്ല, പ്രകൃതി നിയമം മാത്രം. (കൊലപാതകങളേയും ചവിട്ടിത്താഴ്ത്തലുകൾളയും ന്യായീകരിക്കുകയല്ല ട്ടോ.)