തര്‍ജ്ജനി

വാര്‍ത്ത

വാരാണസി: ഫോട്ടോ പ്രദര്‍ശനം

പൗരാണികതയും ആത്മീയതയും തളം കെട്ടി നില്ക്കുന്ന അന്തരീക്ഷമാണു് വരാണസിയുടേതു്. ഉത്തരേന്ത്യന്‍ ജീവിതത്തിന്റെ സാമാന്യമായ താളക്രമത്തോടൊപ്പം ജീവിതസായന്തനത്തില്‍ ഗംഗാതീരത്തെത്തുന്നവരുടെ വാനപ്രസ്ഥം ജനിമൃതികളുടെ നിഗൂഢതയുടെ ആവരണം നഗരത്തിനു മേല്‍ ചാര്‍ത്തുന്നു. ആധുനികകാലത്തു് വരാണസി സംഗീതാസ്വാദകര്‍ക്കു് ഐതിഹാസിക ശെഹനായ് വാദകന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ നഗരമാണു്. വരാണസിയെ സംബന്ധിച്ചതെല്ലാം മായികവും സൗന്ദര്യാത്മകവുമായിത്തീരുന്നു.

ട്രാവല്‍ ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഛായാഗ്രാഹകനാണു് കെ. ആര്‍. വിനയന്‍. അദ്ദേഹം വരാണസിയുടെ മായികത തന്റെ ലെന്‍സിലൂടെ കാണുന്നു. ഇരുപത്തിനാലു് മണിക്കുറിനുള്ളില്‍ ചിത്രീകരിക്കപ്പെട്ട ചിത്രങ്ങളാണു് വിനയന്‍ പ്രദര്‍ശിപ്പിക്കുന്നതു്. വരാണസിയുടെ മായികത ഒരു പകലിലും രാവിലുമായി നിരീക്ഷിക്കപ്പെടുന്ന വിനയാന്വിതമായ പരിശ്രമം. ഈ കാഴ്ച സമഗ്രമല്ലാതിരിക്കാം. ഇങ്ങനെയല്ലാതെയും വരാണസിയെ കാണാമായിരിക്കാം. കലാകാരന്റെ ആത്മനിഷ്ഠതയാണു് വിനയന്‍ ചിത്രങ്ങളുടെ സവിശേഷത. വരാണസിയില്‍ ഈ ചിത്രങ്ങള്‍ സുരേഷ് കെ.നായരുടെ പെയിന്റിംഗുകളോടൊപ്പം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ വിശിഷ്ടാതിഥിയായതു് ഉസ്താദ് ബിസ്മില്ലാ ഖാന്റെ മകന്‍ ഉസ്താദ് നയ്യാര്‍ ഹുസ്സൈന്‍ ഖാനായിരുന്നു. കെ. ആര്‍.വിനയന്റെ ഫോട്ടോ പ്രദര്‍ശനം കേരളത്തിലെത്തുന്നു, മെയ് 15മുതല്‍ 25 വരെ എറണാകുളത്തെ കേരള ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍-സി ആര്‍ട് ഗ്യാലറിയില്‍. കെ. ആര്‍. വിനയന്റെ മൂന്നാമത്തെ ട്രാവല്‍ ഫൊട്ടോഗ്രാഫി എക്സിബിഷനാണ് 'വാരാണസി. 'നാലുകെട്ടിന്റെ അമ്പതാം വാര്‍ ഷികത്തോടനുബന്ധിച്ച് തൃശൂരില്‍ നടത്തിയ നാലുകെട്ടുകളുടെ ഫോട്ടോ എക്സിബിഷനായിരുന്നു ശ്രദ്ധേയമായ മറ്റൊരു പ്രദര്‍ശനം.

മെയ് 15മുതല്‍ 25 വരെ നടക്കുന്ന പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍-സി ആര്‍ട് ഗ്യാലറിയില്‍ 15നു് വൈകുന്നേരം 4.30നു് എം. ടി. വാസുദേവന്‍ നായര്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സി. എന്‍. കരുണാകരന്‍ അദ്ധ്യക്ഷത വഹിക്കും. തര്‍ജ്ജനിയാണു് സംഘാടകര്‍.

ഏവര്‍ക്കും സ്വാഗതം.

ആര്‍ട്ട് ഗാലറി - സി,
ഡര്‍ബാര്‍ ഹാള്‍
കേരള ലളിതകല അക്കാദമി
എറണാകുളം

ശ്രീ. കെ.ആര്‍. വിനയനെ കേരള ലളിതകലാ ആക്കാദമിയുടെ 2009ലെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരത്തിനു് തെരഞ്ഞെടുത്തിരിക്കുന്നു.

കെ. ആര്‍. വിനയനു് തര്‍ജ്ജനിയുടെ ഹൃദയംഗമമായ ആശംസകള്‍

Click here for Varanasi 24x1 Photos

Subscribe Tharjani |