തര്‍ജ്ജനി

മുഖമൊഴി

താങ്കളുടേതു് ഏതു് വോട്ടാണു്?

വീണ്ടും ഒരു പൊതു തെരഞ്ഞടുപ്പു് നടക്കുകയാണു്. ഒന്നാം വട്ടം തന്നെ കേരളത്തിലെ വോട്ടിടല്‍ കഴിഞ്ഞു. അഞ്ചാം വട്ടം വോട്ടിടലും കഴിഞ്ഞു് മെയ് പതിനാറാം തിയ്യതിയാണു് ജനവിധി എന്തെന്നു് അറിയാനാകൂ. ജനവിധി എന്ന സമസ്തപദം ആലോചനാരമണീയമാണു്. ഏതൊക്കെ അര്‍ത്ഥസാദ്ധ്യതകളാണു് ആ വാക്കിനുള്ളതു്! ജനത്തിന്റെ വിധി, ജനങ്ങള്‍ അനുഭവിക്കുവാന്‍ വിധിക്കപ്പെട്ട വിധി എന്ന അര്‍ത്ഥത്തില്‍ സാധാരണ ഈ വാക്കു് വിശദീകരിക്കപ്പെടാറില്ല. ഏതൊരു ജനതയും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ നേടുന്നു എന്നു് ആംഗലത്തിലെ ചൊല്ല് നമ്മുക്കറിയാഞ്ഞിട്ടല്ല. കാലാകാലമായി തെരഞ്ഞടുക്കപ്പെട്ടവര്‍ എങ്ങനെ പെരുമാറി എന്നു് മറന്നുപോയതിനാലുമല്ല. എല്ലാം ക്ഷമിച്ചും പൊറുത്തും അയ്യാണ്ടിലൊരിക്കല്‍ പാവനമായ പൗരത്വചര്യയായി നാം വോട്ടിടാന്‍ ക്യൂ നില്ക്കുന്നു. ജനവിധി നല്കി ഒരാളെ പാര്‍ലമെന്റിലേക്കു് പറഞ്ഞയക്കുന്നു. ജനാധിപത്യപ്രക്രിയയിലുള്ള വിനീതമായ പങ്കാളിത്തം. എന്റെ വോട്ടും കൂടി നേടിയാണു് ഇവിടുത്തെ പ്രതിനിധി പാര്‍ലമെന്റില്‍ പോകുന്നതു് എന്ന നിഷ്കളങ്കമായ അഭിമാനം സമ്മതിദായകനു്. വരട്ടെ, ഇത്തവണ സാധിച്ചില്ല, അടുത്ത തവണ എന്റെ വോട്ട് നിന്നെ തോല്പിക്കും,തീര്‍ച്ച എന്നു് പരാജിതനു് വോട്ടു നല്കിയവന്‍ നിഷ്കളങ്കമായി പ്രത്യാശപുലര്‍ത്തുന്നു.

നല്ലവരായ നാട്ടുകാര്‍, ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ എന്നിങ്ങനെ ചില വിശേഷണങ്ങള്‍ അത്യുദാരമായി വാരിക്കോരിച്ചൊരിയപ്പെടുന്ന സന്ദര്‍ഭമാണു് തെരഞ്ഞെടുപ്പുകാലം. കൊടികെട്ടിയ കേന്ദ്രമന്ത്രിയായാലും യു. എന്‍. അണ്ടര്‍ സെക്രട്ടറി ജനറലായാലും വെയിലും മഴയുമേറ്റ് തെരുവുതോറും നടന്നു് വെളുക്കെ ചിരിച്ചും ഹസ്തദാനം ചെയ്തും കുട്ടികളോടു് വാത്സല്യം പ്രകടിപ്പിച്ചും വിനയാന്വിതരായും നടത്തുന്ന പ്രകടനങ്ങള്‍ കാണുന്നതു തന്നെ കൗതുകമാണു്. പ്രസംഗമാണു് തെരഞ്ഞെടുപ്പുകാലത്തെ മറ്റൊരു വിനോദപരിപാടി. എതിരാളിയുടെ അഴിമതിയെക്കുറിച്ചു് ധര്‍മ്മരോഷത്തോടെ പ്രസംഗിക്കുന്ന അഴിമതിവിരുദ്ധന്മാരുടെ പ്രസംഗം, എതിരാളിയുടെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചുള്ള അമര്‍ഷം. എല്ലാവരും പകരത്തിനു പകരം അഴിമതിയും ജനാധിപത്യവിരുദ്ധതയും അക്രമവും തേടിയെടുത്തു് ജനങ്ങളുടെ മുമ്പില്‍ ആദര്‍ശധീരന്മാരാകുന്നു. അപരന്‍ എന്നെക്കാളും മികച്ച അഴിമതിക്കാരനാണെന്നോ, ജനാധിപത്യവിരുദ്ധനും അക്രമിയുമാണെന്നോ സ്ഥാപിച്ചു് സ്വയം സാധൂകരിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പലകുറി കണ്ടുമടുത്ത ഈ ആദര്‍ശനാട്യം കാരണം പൊതുവില്‍ രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്നു് നാട്ടുകാര്‍ മുഴുവന്‍ മനസ്സിലാക്കിയിട്ടുണ്ടു്. വിശേഷിച്ചു് ജോലിയും വരുമാനവുമില്ലാത്ത രാഷ്ട്രീയോപജീവികളുടെ ആര്‍ഭാടം നിറഞ്ഞ ജീവിതം അവരുടെ കണ്മുന്നില്‍ തന്നെ തെളിവിനായുണ്ടല്ലോ. പാര്‍ട്ടിവിശ്വാസികളുടെ ഒരു നിര പണിതും അവരുടെ വിധേയത്വത്തെ അടിത്തറയാക്കിയുമാണു് ഇന്നു് പാര്‍ട്ടികളെല്ലാം പ്രവര്‍ത്തിക്കുന്നതു്. സ്വന്തം പാര്‍ട്ടിയുടെ നെറികേടുകള്‍ക്കു് ന്യായം കണ്ടെത്തി എതിര്‍പാര്‍ട്ടിക്കാരനോടു് തര്‍ക്കിച്ചു ജയിക്കാനും സ്വന്തം നേതാവിന്റേയും പാര്‍ട്ടിയുടേയും കൊള്ളരുതായ്മകളോടു് ഉദാരതപുലര്‍ത്തുകയും ചെയ്യുന്ന വിശ്വാസിസമൂഹമാണു് ഇന്നു് രാഷ്ട്രീയക്കാരന്റെ മൂലധനം.

ജാതിയുടേയും മതത്തിന്റേയും സാമ്പത്തികാവസ്ഥയുടേയും വ്യത്യാസമില്ലാതെ പൗരസമൂഹം ഒട്ടാകെ സമന്മാരാകുന്ന പ്രക്രിയയാണു് വോട്ടിടല്‍. എത്ര കേമനും എത്ര തുച്ഛനും ഒരു വോട്ട് വീതം. അതിനാല്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ പ്രീതിനേടുന്നവര്‍ വിജയികളാകുന്നു. പൊതുജനം എന്ന കഴുതയ്ക്കു് രാജത്വം കൈവരുന്ന നാള്‍. അതു വലിയ പൊല്ലാപ്പു തന്നെയാണു്, അധികാരം ആഗ്രഹിക്കുന്നവര്‍ക്കു്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഗ്രാമമുഖ്യനാണു് വോട്ടു തീരുമാനിക്കുന്നതു് എന്നു പറഞ്ഞു കേട്ടിട്ടുണ്ടു്. മാത്രമല്ല, പാവം ഗ്രാമീണരെ വോട്ടിടാനായി കഷ്ടപ്പെടുത്താതിരിക്കാന്‍ സ്വയം വോട്ടുകള്‍ മുഴുവന്‍ ചെയ്യുക എന്ന രീതിയും പ്രചാരത്തിലുള്ളതായി പറഞ്ഞു കേട്ടിരുന്നു. ബുത്തുപിടുത്തം എന്നെല്ലാം ഇതിനു് പേരുണ്ടു്. തോക്കും വാളുമെല്ലാമായി എല്ലാവരുടേയും വോട്ടിടാനായി ഒരു സംഘം സന്നദ്ധപ്രവര്‍ത്തകര്‍ തുനിഞ്ഞിറങ്ങുന്ന പ്രവര്‍ത്തനം അപലപിക്കപ്പെടേണ്ടതാണോ? ആണെന്നാണു് നമ്മുടെ വിശ്വാസം. എന്നാല്‍ ബീഹാറികളല്ലാത്തവര്‍ കേരളത്തില്‍ കേരളത്തിന്റെ തനതുരീതിയില്‍ ഈ പ്രവര്‍ത്തനം നടത്തിവരാറുണ്ടു്. പതിവുപോലെ ഇത്തവണയും അവര്‍ അതു നടത്തിയിട്ടുണ്ടെന്നാണു് കേള്‍വി. എതിരാളിയുടെ ബൂത്ത് ഏജന്റിനെ വിലക്കുക, നാട്ടിലുള്ളവരുടേയും വിദേശത്തുപോയവരുടേയും മരിച്ചുപോയവരുടേയും വോട്ടു് ചെയ്യുക. അതെല്ലാം ഒരാള്‍ തന്നെ പലകുറി ബൂത്തില്‍ തന്നെ വന്നു് നിര്‍വ്വഹിക്കുക. അതു് ചോദ്യം ചെയ്യുന്ന ജനാധിപത്യവിരുദ്ധനെ ശരിപ്പെടുത്തുക. ഇത്രയുമൊക്കെയേ കേരളത്തില്‍ നടക്കുന്നുള്ളൂ. അതിനെ ബീഹാറുമായി താരതമ്യം ചെയ്യാമോ എന്നെല്ലാം സംശയം തീരാത്തവര്‍ നമ്മുടെ നാട്ടിലെ ബുദ്ധിജീവികളാണു്. സാധാരണ തെരഞ്ഞെടുപ്പുകാലമാകുമ്പോള്‍ ഈ മുന്നണിക്കു് വോട്ടു ചെയ്യണം എന്നു പ്രസ്താവനയിറക്കുന്ന ബുദ്ധിജീവികളെ ഇത്തവണ കണ്ടതേയില്ല. അവരുടെ പ്രസ്താവന ഒരു പക്ഷേ പത്രക്കാര്‍ ചവറ്റുകൊട്ടയില്‍ ഇട്ടിരിക്കണം!

ഓരോ വോട്ടും യാചിച്ചുനേടുക എന്ന പ്രയാസം ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ നമ്മുടെ പാര്‍ട്ടിക്കാര്‍ കണ്ടെത്തിയ പലവഴികളില്‍ ചിലതിനെക്കുറിച്ചാണു് മുകളില്‍ പറഞ്ഞതു്. ചില്ലറവില്പന, മൊത്തവ്യാപാരം എന്നിങ്ങനെ കച്ചവടം രണ്ടുതരമുള്ളതുപോലെ വോട്ടും മൊത്തമായും ചില്ലറയായും സംഘടിപ്പിക്കാനായാല്‍ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാം. വോട്ടിനു് ജാതിയും മതവും ഇല്ല എന്നതു ശരി. എന്നാല്‍ വോട്ടുചെയ്യുന്നവനു് അതൊക്കെയുണ്ടല്ലോ. അങ്ങനെ വോട്ടുചെയ്യുന്നവനെ അവന്റെ ജാതിയുടേയും മതത്തിന്റേയും പേരില്‍ തരം തിരിച്ചു് കൈകാര്യം ചെയ്യുക എന്നതാണു് അതിനായി വികസിപ്പിച്ച തത്വചിന്ത,അഥവാ സിദ്ധാന്തം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു് എന്ന മഹനീയമന്ത്രം നവോത്ഥാനത്തിന്റെ ജീവനായി ഉരുക്കഴിച്ച ഒരു സമൂഹത്തിലാണു് ഈ വേദാന്തം രൂപപ്പെട്ടതു് എന്നതു് നാം കൈവരിച്ച ജനാധിപത്യപുരോഗതിയുടെ നിലവാരം എന്തെന്നു് വ്യക്തമാക്കുന്നുണ്ടു്. മതത്തിന്റേയും ജാതിയുടേയും നിയന്ത്രണം താരതമ്യേന കുറഞ്ഞ കേരളീയസമൂഹത്തില്‍ പുരോഹിതന്മാര്‍ക്കും ജാതിസമൂഹത്തിലെ പ്രതാപം നഷ്ടപ്പെട്ടുപോയ മേലാളന്മാര്‍ക്കും അധികാരത്തിന്റെ ദല്ലാളുമാരാകാന്‍ ഇതു വഴി അവസരം ലഭിച്ചു. പുരോഹിതന്‍ ദൈവകാര്യം നോക്കേണ്ടവനാണു്. രാഷ്ട്രീയം ദൈവകാര്യമാകുന്നതെങ്ങനെയാണു്? പുരോഹിതന്മാര്‍ പ്രാര്‍ത്ഥിക്കട്ടെ, പൂജകള്‍ ചെയ്യട്ടെ. അതിനു പകരം ജനങ്ങളെ സംഘടിപ്പിക്കുകയും വോട്ടു് മറിക്കുകയും ചെയ്യുന്നവരാകുന്നതു് കളത്തിനപ്പുറം കളിക്കലാണു്. കഴിഞ്ഞ കുറേക്കാലമായി കണ്ടുകണ്ടു് നമ്മുടെ നാട്ടില്‍ ഈ കളിക്കു് മാന്യത കൈവന്നിരിക്കുന്നു. മഹാവിപ്ലവകാരികളായ യുവകേസരികള്‍ പോലും പുരോഹിതന്മാരുടെ കൈമുത്തിയും പ്രാര്‍ത്ഥനാഗാനം ആലപിച്ചും വോട്ടിനു് തെണ്ടുന്ന മഹനീയമായ പാരമ്പര്യം ഇതാ ഈ തെരഞ്ഞെടുപ്പോടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. വോട്ടുചെയ്യുന്നവന്റെ രാഷ്ട്രീയാഭിപ്രായമല്ല മറിച്ചു് അവന്റെ ജാതിയും മതവുമാണു് പ്രധാനം എന്നു നിര്‍ല്ലജ്ജം പറയാന്‍ നമ്മുടെ നാട്ടിലെ പ്രബുദ്ധതയുടെ അവകാശവാദവുമായി നടക്കുന്ന ഒരു നേതാവിനും ഒരു ലജ്ജയുമില്ല.

പൊന്നാനിയിലെ തെരഞ്ഞെടുപ്പാണു് ഇത്തവണത്തെ ആദ്യശ്രദ്ധാകേന്ദ്രം. അവിടെ മുസ്ലിം വോട്ടുകള്‍ നേടാനുള്ള സ്ഥാനാര്‍ത്ഥിയെ തേടി സിനിമാസംവിധായകന്‍ കമലിനെ പാര്‍ട്ടിക്കാര്‍ സമീപിച്ചു. ചര്‍ച്ചനടക്കുന്ന വിവരം മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടു. അതോടെയാണു് കമല്‍, കമാലുദ്ദീന്‍ എന്ന മുസ്ലിമാണു് എന്ന കാര്യം മലയാളിസാമാന്യം അറിയുന്നതു്. തന്നെ മുസ്ലിമായി കാണുന്നതില്‍ താല്പര്യമില്ലാത്തതിനാലോ എന്തോ അദ്ദേഹം മത്സരിക്കാനിറങ്ങിയില്ല. പൊന്നാനിയില്‍ രാഷ്ട്രീയമല്ല മതമാണു് സ്ഥാനാര്‍ത്ഥിയുടെ യോഗ്യത എന്നു വരുന്നതു് മുസ്ലിം വോട്ടിന്റെ നിര്‍ണ്ണായകപ്രാധാന്യം കാരണമാണത്രെ. അവടെയാണു് ഒരാളുടെ വോട്ട് മതവോട്ടാകുന്ന തലകീഴ്മറിച്ചല്‍ സംഭവിക്കുന്നതു്. അവിടെയുള്ള അമുസ്ലീങ്ങളും ഇസ്ലാം മതത്തിന്റെ യാഥാസ്ഥികത്വത്തിനെതിരെ നിലക്കൊള്ളുന്നവരും എല്ലാം മുസ്ലീം വോട്ടിന്റെ കൂട്ടത്തില്‍ ചേര്‍ന്നുകൊള്ളണം എന്നാണു് പാര്‍ട്ടി തീരുമാനം. മതേതരവും ജനാധിപത്യബോധത്തില്‍ അധിഷ്ഠിതവുമായ തെരഞ്ഞെടുപ്പിന്റെ സ്ഥാനത്തു് ഓരോ പൗരന്റേയും വോട്ടിനേയും ജാതി മത വോട്ടുകളാക്കിയ മഹാവിപ്ലവമാണു് നടന്നു കഴിഞ്ഞിട്ടുള്ളതു്. അതിനാല്‍ ഇനി മടി കൂടാതെ ചോദിക്കാം: സഖാവിന്റെ വോട്ടു് ഏതു് വോട്ടാണു്?

Subscribe Tharjani |
Submitted by Manoj (not verified) on Mon, 2009-05-04 21:17.

ബി.ജെ.പി. പോലും മുസ്ലീമിനെയും, ക്രിസ്ത്യാനിയും തേടുന്ന ഇക്കാലത്ത് “താങ്കളുടേതു് ഏതു് വോട്ടാണു്?” എന്ന ചോദ്യം തന്നെ അപ്രസക്തം. കാരണം ജാതി വോട്ട് നേടാന്‍ ജാതിക്കാരനെ നിര്‍ത്തുന്നത് തുടങ്ങി വെച്ചത് ഇന്നും ഇന്നലെയുമല്ലല്ലോ ഗാന്ധിയുടെ കാലം തൊട്ടേ തുടങ്ങിയതല്ലേ. ജിന്ന മുസ്ലീം ആയത് കൊണ്ട് മാത്രമാണല്ലോ ഇന്ത്യ പിളര്‍ത്തുവാന്‍ കോണ്‍ഗ്രസ്സ് തയ്യാറായത്. കോണ്‍ഗ്രസ്സിനും മറ്റ് സകലമാനം പാര്‍ട്ടിക്കും ആകാമെങ്കില്‍ എന്ത് കൊണ്ട് ഇടതിനും ആയി കൂടാ?

എറണാകുളത്ത് എന്തേ ഒരു ഹിന്ദുവിനോ മുസ്ലീമിനോ കോണ്‍ഗ്രസ്സ് സീറ്റ് കൊടുക്കുന്നില്ല? കോട്ടയത്ത് ഒരു ഹിന്ദുവിന് ജയിക്കാമെങ്കില്‍ എന്ത് കൊണ്ട് എറണാകുളത്തും ആയി കൂടാ? എറണാകുളത്ത് ഇടത് സ്വതന്ത്രന്‍ ക്രിസ്ത്യാനിയായപ്പോള്‍ പുല്ല് പോലെ ജയിച്ചു കയറിയത് എന്തേ മറന്ന് പോകുന്നൂ? എന്തേ പൊന്നാനി മുസ്ലീം ലീഗിന് കൊടുക്കുന്നത്? അവിടെ കോണ്‍ഗ്രസ്സ് ഒരു ഹിന്ദുവിനെ നിര്‍ത്തിയാല്‍ ജയിക്കുമെന്ന് തര്‍ജനിക്കാര്‍ക്ക് ഉറപ്പ് പറയുവാന്‍ കഴിയുമോ? അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞ് നടക്കുന്നതിനും, ചെയ്ത് കൂട്ടുന്നതിനും തര്‍ജനിക്കാര്‍ക്ക് ലജ്ജയില്ല.. കഷ്ടം....

ഇടതനും, നടുവനും, വലതനും ജാതി വോട്ടിന് വേണ്ടി കാട്ടുന്ന വൃത്തികേടിനെ പറ്റിയായിരുന്നു നിങ്ങള്‍ എഴുതേണ്ടിയിരുന്നത്. തലകെട്ട് കണ്ടപ്പോള്‍ അത് പ്രതീക്ഷിച്ചാണ് വന്നത്. തര്‍ജ്ജനിക്കാര്‍ക്ക് കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കാമായിരുന്നു :(