തര്‍ജ്ജനി

മുള്ള്‌

ചോറുരുളയ്ക്കുള്ളില്‍ വിദഗ്‌ധമായി ഒളിപ്പിച്ചു വച്ചിരുന്ന മീന്‍തുണ്ടു മാത്രം വിഴുങ്ങി ബാക്കിയവള്‍ തുപ്പിക്കളഞ്ഞു. പിന്നെ വിജയിയുടെ ഒരു ചിരിയും... നിമിഷങ്ങള്‍ക്കുള്ളില്‍, പാത്രത്തിലിരുന്ന ബാക്കി മീനുംകൂടി കുഞ്ഞു വിരലുകള്‍ റാഞ്ചിയെടുക്കുന്നതു്‌ ആരും ശ്രദ്ധിച്ചുമില്ല.

"ഈ പെണ്ണിന്റെ കാര്യം കൊണ്ടു്‌ തോറ്റു... നിനക്കിനിയൊരു മീന്‍കാരനെത്തന്നെ കണ്ടുപിടിക്കണം..."

എല്ലാം കേട്ട്‌, കണ്ണിറുക്കിയൊരു ചിരിയും ചിരിച്ച്‌, മീനിന്റെ രുചിയില്‍ ലയിച്ച്‌ കുസൃതിക്കുരുന്നു്‌!!!

"അച്ഛാ.. സൂച്ചിച്ച്‌... ദാ കണ്ടോ.. വലിയ മുള്ളാ..."
അതു പറയുമ്പോള്‍ തോരനില്‍ കിടന്നു വാടിത്തളര്‍ന്നൊരു കറിവേപ്പിലയും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. പൊട്ടി വന്ന ചിരി അമര്‍ത്തി, അവള്‍ ദേഷ്യം ഭാവിച്ചു...

"മോളൂട്ടീ.. വാ തുറക്ക്‌... നിന്റെ കളിയൊക്കെ ഇനി പിന്നെ മതി..."
" അമ്മാ... മോളൂട്ടി വാരിത്തരാം.. കണ്ടോ മുള്ള്‌ കണ്ടോ... സൂച്ചിച്ചില്ലെങ്കിലേ.. മുള്ള്‌ തൊണ്ടയില്‍ കൊണ്ടാലേ.. കണ്ണ്‍ എരിയും..."
"മുള്ള്‌ തൊണ്ടയില്‍.. എരിവു്‌ കണ്ണില്‍... ആരാടീ നിനക്കിതു്‌ പറഞ്ഞു തന്നത്‌?" ചോദിച്ചു തീരും മുമ്പേ അവള്‍ ചിരിച്ചു പോയി.
"അതേ... അച്ഛനാ അങ്ങനെ പറഞ്ഞത്‌.." ഉടനെത്തി മറുപടിയും!!

Submitted by rathri (not verified) on Thu, 2005-08-25 13:59.

Paul,

nannayirikkunnu :) meenkarane kantupitikkanam ennu parayunnathu nattilayappol dharaalam kettittuntu

Submitted by കലേഷ് (not verified) on Thu, 2005-08-25 14:36.

നന്നായിട്ടുണ്ട് പോൾ!
മോൾക്ക് ചോറ് ഇഷ്ടമല്ലേ? :)

Submitted by Su (not verified) on Thu, 2005-08-25 21:43.

കഥയാണോ? ജീവിതമാണോ? ജീവിതത്തിലെ കഥയാണോ? നന്നായിരിക്കുന്നു.

Submitted by chinthaadmin on Fri, 2005-08-26 07:13.

നന്ദി, കമന്‍റുകള്‍ക്ക്...
ജീവിതവും കഥയുമെല്ലാമിപ്പോള്‍ കൂടിപ്പിണയുകയാണിവിടെ... ഇത് ജീവിതം തന്നെ... ഞങ്ങളുടെ കുസൃതിക്ക് മീനും പപ്പടവും ഭയങ്കര ഇഷ്ടമാണ്‌. പൊരിച്ചു വച്ചു കൊടുത്താല്‍, കപ്പലണ്ടി കൊറിക്കുന്നതു പോലെ അതു തീര്‍ത്തു തരും. ചോറിന്‍റെ കാര്യം മാത്രം മിണ്ടരുത്!! അത് ചൂച്ചു പാപ്പമാണത്രേ!