![]() |
|||||
സജിത മഠത്തില്എം. സജിത, 629, 8th ബ്ലോക്ക്, ഇ.എം.എസ്.നഗര്‍,പാടൂര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 35 ഇമെയില്‍:sajitha.madathil@gmail.com |
ഏപ്രില്‍ ലക്കത്തിലെ നിരൂപണലേഖനത്തിന്റെ തുടര്‍ച്ച
ആന്റിഗണി
ശന്തനു ബോസെന്ന യുവസംവിധായകന്‍ സന്ദേശിന്റെ മധുരവും സെന്റിന്റെ സുഗന്ധവും നല്‍കി നമ്മെ സ്വീകരിച്ചതു് തന്നെ അസ്വസ്ഥമാക്കിയ ചില കാര്യങ്ങള്‍ നമ്മോടു പറയാനാണു്. ഇതിനായി ഇരുട്ടും നിഴലും കീഴടക്കിയ രംഗവേദിയില്‍ ദൃശ്യങ്ങളുടെ ഒരു ശൃംഖല തന്നെ ഒരുക്കി. മുറിഞ്ഞ വാക്കുകള്‍ പോലെ സംവിധായകന്‍ അസ്വസ്ഥമായ മനസ്സോടെ പറയുന്നു - മനുഷ്യന്‍ ഇങ്ങിനെ പല വിഭാഗങ്ങളിലായി പറിച്ചെറിയപ്പെടുന്നതും നമ്മുടേതും നിങ്ങളുടേതുമായി മാറുന്നതും എന്താണു്.

കൂട്ടമായി ചത്തു വീഴുമ്പോള്‍ അതില്‍ നമ്മുടെ ആളുകളെ മാത്രം തിരയുന്ന മനസ്സ് ആരുടെ സൃഷ്ടിയാണു്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയില്‍ ഞെരിയുന്ന മാനുഷികമൂല്യങ്ങളുടെ കഥ പറയുന്ന ആന്റിഗണി എന്ന ഗ്രീക്ക് നാടകം ആധുനിക ബംഗാളിന്റെ സാഹചര്യത്തില്‍ തന്റെ സംഘര്‍ഷങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ഉതകുതാണെന്ന് അയാള്‍ കരുതുന്നു. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കേണ്ടി വരുന്ന ബംഗാളി മുസ്ലീമിന്റെ ജീവിതത്തെ ഈ നാടകത്തില്‍ ആന്റിഗണിക്കൊപ്പം നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നു. രംഗത്ത് പ്രകാശവിധാനം ഇരുട്ടും നിഴലും ചേര്‍ന്നു് ഒട്ടും പ്രകാശഭരിതമല്ലാത്ത ഇന്നിനെ സൂചിപ്പിക്കുതായിരുന്നു. കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ജോയ് ഗോസ്വാമിയുടെ കവിതക്കൊപ്പം മതവൈര്യത്തിന്റെ ശരീരഭാഷ നടീനടന്‍മാര്‍ രംഗത്ത് ചിത്രീകരിച്ചു. സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത ചലനരീതിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിന്നഭിന്നമായി കിടക്കുന്ന മനുഷ്യശരീരത്തിനു നടുവില്‍ ഒന്നു്‍ ഉറക്കെ കരയാന്‍ പോലുമാകാതെ നില്‍ക്കുന്ന കറുത്ത രൂപങ്ങള്‍ക്കു പിറകില്‍ സവര്‍ണ ഹിന്ദുക്കളുടെ സ്വാഭാവിക ജീവിതം മുന്നേറുന്നുണ്ടായിരുന്നു. സ്ക്രീനില്‍ കല്‍ക്കട്ടയിലെ ന്യൂ മാര്‍ക്കറ്റിലെ കോഴിക്കുരുതിയുടെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നുണ്ടായിരുന്നു.
സ്വാഭാവികമായ നമ്മുടെ ജീവിതത്തിനകത്ത് നമ്മള്‍ ഒളിപ്പിച്ചു വച്ച ഭീകരതയുടെ ഒട്ടേറെ ചിഹ്നങ്ങള്‍ ഈ നാടകത്തില്‍ ഉടനീളം കാണാമായിരുന്നു. ഒന്നിനോടും പ്രതികരിക്കാതിരിക്കുക എന്ന മദ്ധ്യവര്‍ഗസ്വാഭാവത്തെ അസ്വസ്ഥപ്പെടുത്താന്‍ ഉതകുന്ന ഈ നാടകം യഥാര്‍ത്ഥത്തില്‍ കലാരൂപമെന്ന നിലയില്‍ വേണ്ടത്ര സംവദനക്ഷമമായിരുന്ന. രംഗവേദിയില്‍ വാരിവിതറുന്ന ഇമേജുകളും പോപ്പുലര്‍ ഹിന്ദി സിനിമയില്‍ നിന്നും കടം കൊണ്ട സംഗീതവും ഡയലോഗുകളും ഒന്നും തന്നെ സംവിധായകന്റെ ചിന്തകളെ ദൃശ്യവല്‍ക്കരിക്കാന്‍ വേണ്ടത്ര സഹായിച്ചില്ല. പക്ഷെ സന്ദേശിന്റെ മധുരത്തിനും സെന്റിന്റെ സുഗന്ധത്തിനുമപ്പുറത്ത് നമ്മുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തു എന്തോ ചിലത് കൂടി ചേര്‍താണ് നമ്മുടെ ജീവിതമെന്ന് ഈ നാടകം തീര്‍ച്ചയായും നമ്മെ ഓര്‍മ്മപ്പെടുത്തും.
ദ ഹേര്‍ ആന്റ് ടോര്‍ട്ടോയ്‌സ് - ഉള്‍വിളികളുടെ രംഗവേദി
യഥാര്‍ത്ഥത്തില്‍ നാടകം എവിടെയാണ് സംഭവിക്കുന്നത്? സ്റ്റേജില്‍ വച്ചോ സ്റ്റേജിന് പുറത്തുവച്ചോ? നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്ത് ഏത് ചിന്തയാണ് നമ്മെ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്? നമ്മുടെ കണക്കിന്റെ പാഠങ്ങള്‍ക്കപ്പുറത്ത് ഒരുള്‍പ്രേരണ പോലെ പുതിയ കണക്കുകള്‍ കണ്ടെത്തുകയല്ലേ യഥാര്‍ഥത്തില്‍ മുയലിനെ ജയിച്ച ആമയും കാര്‍ത്തികേയനെ ജയിച്ച ഗണപതിയും മുന്നോട്ടുവച്ചത്? അവര്‍ സമയത്തെയും ദൂരത്തെയും തിരിച്ചിട്ടത് അവര്‍ക്ക് തന്നെ പരിചിതമായ ഒരുസമ്പ്രദായത്തിനകത്ത് നിന്നായിരുന്നില്ല.

ഇങ്ങനെ ഒട്ടേറെ ചിന്തകളെ ഇഴചേര്‍ത്താണ് ആദര്‍ശവാന്‍മാരായ അര്‍ജ്ജുനനെയും ഹാംലെറ്റിനെയും ഒരുള്‍വിളി പോലെ വളരെ അസ്വസ്ഥമായ ചിന്തകളില്‍ നിന്നുള്ള മാറ്റത്തെയും രംഗാവിഷ്കാരം നടത്തുന്നത്. നാടകത്തില്‍ സ്റ്റേജും സ്റ്റേജിന് പുറകുവശവും ഒരേപോലെ രംഗാവിഷ്കാരവേദിയാവുന്നത് അത്തരമൊരു ചിന്തയുടെ ഭാഗമായാണ്. നേരത്തേ നടന്റെ ശരീരഭാഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ രംഗാവതരണസമ്പ്രദായത്തില്‍ നിന്നു് സംഗീതത്തിന്റെ മാസ്മരികതയിലൂടെ നടന്റെ ശരീരഭാഷ ആവിഷ്കരിച്ച സംവിധായിക ഈ നാടകത്തില്‍ സംഗീതം, അഭിനയം, നൃത്തം, വാചികം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു പൂര്‍ണകലയായി രംഗവേദിയെ കാണാനുള്ള ശ്രമമാണ് ഇതിലൂടെ കാണാനാവുക. നടീനടന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും മനോധര്‍മ്മാഭിനയത്തിന് ഏറെ സാദ്ധ്യതകള്‍ നല്‍കുന്ന ഡിസൈനാണ് ഈ നാടകത്തിന്റെ പ്രത്യേകത.
വെളിച്ചം വീഴ്ത്തുന്ന ചതുരത്തില്‍ നിന്നും പുറത്തുപോകാത്ത ഹാംലെറ്റും വൃത്താകൃതയിലുള്ള വെളിച്ചത്തിന്റെ നിയന്ത്രണത്തിന് പുറത്തു പോകുന്ന ഏകലവ്യനും അവരുടെ മാനസികതലങ്ങളുടെ ദൃശ്യഭാഷയായി മാറുന്നു. ഈ നാടകം സംവിധായികയുടെ മറ്റു നാടകങ്ങളെ പോലെ എഴുതപ്പെട്ട നാടകപാഠത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. നളിനികാന്താഗുപ്തയുടെ 'എ ക്രൈസിസ് ഓഫ് ദി ഇവോള്‍വിംഗ് സോള്‍ എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ഹാംലെറ്റിന്റെയും അര്‍ജ്ജുനന്റെയും ജീവിതത്തിന്റെസമാനതകളിലേക്ക്, അതിന്റെ വിവിധ തലങ്ങളിലേക്ക് കൊണ്ടുപോകുന്നു. പ്രസ്തുത ലേഖനത്തിനെ അടിസ്ഥാനമാക്കി നമ്മെ അള്ളിപ്പിടിച്ചിരിക്കുന്ന ഓരോ ചിന്താപദ്ധതിക്കും പുറത്തുള്ള ഒട്ടനവധി കാഴ്ചകള്‍ നമ്മെ പുതിയ ദിശയിലേക്കും തെളിഞ്ഞ ബോധത്തിലേക്കും നയിക്കുന്നതെങ്ങനെയെന്ന് സംവിധായിക ദൃശ്യവത്ക്കരിക്കാന്‍ ശ്രമിക്കുന്നു. അതിനായി പലതരത്തിലുള്ള ദൃശ്യവിനിമയസാദ്ധ്യതകള്‍ അവര്‍ ഉപയോഗിക്കുന്നു. ഒന്നില്‍ നിന്നു് അനായാസേന മറ്റൊന്നിലേക്ക്. ഇവിടെ നടീനടന്‍മാരും സംഗീതജ്ഞരും പാവകളിക്കാരും ഒന്നു തന്നെ . അവരുടെ ഉയര്‍ന്ന ഊര്‍ജ്ജം ഈ നാടകത്തെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു. വിനയകുമാറും നിമ്മി റാഫേലും എടുത്തുപറയത്തക്കരീതിയിലുള്ള അവതരണമാണ് കാഴ്ചവച്ചത്.
റാക്കറ്റേന്തിയ ഏകലവ്യന്‍ പരിചിതമായ ആധുനികപാഠ്യപദ്ധതിയില്‍ നിന്നു് കഥാപാത്രത്തിന്റെ കാലത്തിലേക്ക് നമ്മെ നയിച്ചത് രസകരമായാണ്. യഥാര്‍ഥത്തില്‍ ഹാംലെറ്റിന് മാറ്റം സംഭവിക്കുന്നത് എങ്ങനെയാണ്? നാടകത്തിലെ ഏതു ശക്തിയാണ് ആ മാറ്റത്തിന് പ്രേരിപ്പിച്ചത്? നാടകത്തില്‍ നിന്നു് മനസിലാക്കാനാവാത്തത് ആ മാറ്റം അതിനെല്ലാം ബാഹ്യമാണെന്നതു കൊണ്ടാണ്. ഓഫ് സ്റ്റേജില്‍ വച്ചാണ് തന്റെ നിശ്ചയങ്ങള്‍ സംഭവിച്ചതെന്ന് കഥാപാത്രം പറയുമ്പോള്‍ നാടകം പൂര്‍ണമാവുന്നു.
കൂടിയാട്ടത്തിന്റെ അഭിനയസമ്പ്രദായത്തില്‍ നിന്നു് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ പഠനപദ്ധതികള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന വീണാപാണിചൌളയുടെ ദ ഹേര്‍ ആന്റ് ടോര്‍ട്ടോയ്‌സ് കാണികളെ തീര്‍ച്ചയായും ചിന്തിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യും. ആശയങ്ങളെ ദൃശ്യഭാഷയാക്കാനുള്ള അവരുടെ ശ്രമം പൂര്‍ണമാവുന്നത് അതുകൊണ്ടുകൂടിയാണ്.
കന്‍ഹായ് ലാലിന്റെ തനതു വഴികളിലൂടെ - ടാക് ഘര്‍
മഹാനായ രവീന്ദ്രനാഥ ടാഗോറിന്റെ ടാക് ഘര്‍ എന്ന പ്രസിദ്ധമായ നാടകം ഇന്ത്യന്‍ നാടകവേദിയില്‍ തന്റേതെന്ന് തീര്‍ത്തും പറയാവുന്ന ഒരു വഴി തുറന്നിട്ട പ്രശസ്ത സംവിധായകന്‍ കന്‍ഹായ് ലാല്‍ ദൃശ്യാവിഷ്ക്കാരം നടത്തുന്ന. നാടകപ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ മുഹൂര്‍ത്തമായിരുന്നു ടാഗോറിന്റെ സമ്പമായ സാഹിത്യഭാഷ കൊണ്ട് വിഖ്യാതമാണ് ഈ നാടകങ്ങള്‍.

ആ ഭാഷയാകട്ടെ ബംഗാളിന്റെ ഉന്നതകുലജാതരുടേതാണെന്ന ചര്‍ച്ച നിലവിലുണ്ടുതാനും. നോര്‍ത്ത് ഈസ്റ്റിലെ പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നടന്മാര്‍ക്കും മണിപ്പൂര്‍കാരനായ സംവിധായകനും ഈ നാടകം എങ്ങിനെയാകും ആവിഷ്ക്കരിക്കുകയെന്ന ജിജ്ഞാസയോടെയായിരുന്നു ഞാന്‍ കാഴ്ചക്കാരിയായത്.
അതെ, ശ്രീ കന്‍ഹായ് ലാല്‍ നമ്മുടെ പ്രതീക്ഷയെ ഒട്ടും തെറ്റിച്ചില്ല. തീര്‍ത്തും തന്റേതായ രീതിയിലൂടെ ആ നാടകത്തെ പൂര്‍ണമായും തച്ചുടച്ച് അതിന്റെ സമ്പഭാഷയുടെ മേല്‍ക്കൂട് പൊട്ടിച്ചെടുത്ത് ടാഗോറിന്റെ തത്വശാസ്ത്രവും സൌന്ദര്യശാസ്ത്രവുമാകുന്ന അകക്കാമ്പ് അരിച്ചെടുത്ത് ഇവിടെ പുതിയ ദൃശ്യഭാഷ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. സാബിത്രിയെന്ന അറുപത്തിമൂന്നു് വയസ്സായ നടി അമാല്‍ എന്ന പത്തുവയസ്സുകാരനെ അവതരിപ്പിക്കുകയോ ? അതെ. സാബിത്രിയെന്ന ഇന്ത്യ ഇന്നുവരെ കണ്ട നടികളില്‍ ഏറെ കഴിവുള്ള ഇവര്‍ക്ക് അതിനാകും. ഒരു പത്തുവയസ്സുകാരന്റെ കുട്ടിത്തവും ജിജ്ഞാസയും സന്തോഷവും കൌതുകവും ദു:ഖവും അവതരിപ്പിക്കുവാന്‍ എത്ര അനായാസമായാണ് അവര്‍ക്ക് സാധിക്കുന്നത്. ഒരാണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ അറുപത്തിമൂന്നു് വയസ്സുകാരിയുടെ ശരീരവും വസ്ത്രവും ഒരു തടസ്സമല്ലെന്ന് അതിനെല്ലാം അപ്പുറത്തെ നൈസര്‍ഗ്ഗികമായ, ആത്മീയമായ ഒരു കഥാപാത്രമാകാനാകുമെന്ന് ആ പ്രസിദ്ധ നടി ഈ നാടകത്തിലെ അഭിനയത്തിലൂടെ തെളിയിക്കുകയായിരുന്നു.
ഈ നാടകാവതരണത്തിന്റെ മറ്റൊരു പ്രത്യേകത നോര്‍ത്ത് ഈസ്റ്റിലെ പല ഭാഷ സംസാരിക്കുന്ന ത്രിപുരയിലെയും ആസാമിലെയും മണിപ്പൂരിലെയും മറ്റും നടന്മാര്‍ ഈ നാടകത്തില്‍ ഒത്തുചേര്‍ന്നു് പ്രവര്‍ത്തിച്ചുവെന്നതാണ്.സാഹിത്യത്തിനെ ഏറെ പ്രാധാന്യമുള്ള ടാഗോറിന്റെ നാടകത്തെ തീര്‍ത്തും ട്രൈബല്‍ ആയ ഭാഷ കൊണ്ട് അവര്‍ പുനരവതരിപ്പിച്ചു. വിശപ്പിന്റെയും സ്നേഹത്തിന്റെയും ഭാഷ മനുഷ്യന് ഒന്നായിരിക്കുന്നിടത്തോളം ഇത്തരം കൂട്ടായ്മകള്‍ നാടകാവതരണത്തിന് ഒരു പ്രശ്നമല്ലെന്ന രാഷ്ട്രീയചിന്തയാണ് ഈ പ്രസിദ്ധ സംവിധായകനെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു് ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ഒറ്റയാനായ കന്‍ഹായ് ലാലിനെ കഴിവില്ലായ്മ കാണിച്ച് പുറത്താക്കുകയായിരുന്നു. ആ പുറത്താക്കലാണ് തന്റെ വേരിലേക്കും ചുറ്റുമുള്ള മനുഷ്യരിലേക്കും നോക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.കന്‍ഹായ് ലാല്‍ എന്ന സംവിധായകന്റെ കൂട്ടാളിയായി സാബിത്രി എന്ന പ്രസിദ്ധ നടി നാടകത്തിലും ജീവിതത്തിലും ഉള്ളത് അദ്ദേഹത്തിന്റെ ചിന്തകളെ അരങ്ങിന്റെ ശരീരഭാഷയാക്കുവാന്‍ ഏറെ സഹായകരമായി. കന്‍ഹായ് ലാല്‍ ഒരു പ്രസിദ്ധ സംവിധായകനാകുന്നത് മണിപ്പൂരിന്റെ സാംസ്കാരികപാരമ്പര്യത്തില്‍ നിന്നു്ഊര്‍ജ്ജം കൊണ്ടതുകൊണ്ട് മാത്രമല്ല , മറിച്ച് ആധുനിക മണിപ്പൂരിന്റെ അസ്വസ്ഥതകളെ തന്റെ നാടകങ്ങളിലേക്ക് ആവാഹിച്ചതുകൊണ്ട് കൂടിയാണ്.
ദ സ്യൂട്ട്
ഫെസ്റ്റിവലിന്റെ അവസനത്തെ ദിവസം അവതരിപ്പിച്ച രണ്ട് സ്ത്രീ നാടകങ്ങളില്‍ ഒന്നായിരുന്നു നീലം മാന്‍സിങ് ചൗധരിയുടെ ദ സ്യൂട്ട് എന്ന പ്രൊസീനിയം നാടകം.

കാണികളില്‍ ഒട്ടേറെ ചലനം സൃഷ്ടിച്ച നാടകവുമായിരുന്നു ദ സ്യൂട്ട്. ഒരു ആഫ്രിക്കന്‍ കഥയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഈ നാടകം മൂലകൃതിയില്‍ നിന്നു് വ്യത്യസ്തമാകുന്നതു് അതിലെ സ്ത്രീപക്ഷ സമീപനം കൊണ്ടാണു്. ഇതിലെ യുവമിഥുനങ്ങള്‍ക്കിടയില്‍ ഒരു കാറ്റു പോലെ കടന്നു വരുന്ന ഭാര്യയുടെ കാമുകന്‍ നല്കുന്ന സഘര്‍മാണു് നാടകത്തെ മുന്നോട്ടു നയിക്കുന്നതു്. കഥയിലെ നായിക ഈ സഘര്‍ഷങ്ങള്‍ക്കിടയില്പെട്ടു് മരണത്തില്‍ അവസാനിക്കുന്നു. ഇതിലെ നായിക, ഈ സംഘര്‍ഷങ്ങള്‍ സഹിക്കവയ്യാതെ നിലപാടെടുക്കേണ്ടി വരുന്ന സ്ത്രീയാണു്. നാടകത്തില്‍ പല തലത്തിലായി നടക്കുന്ന ക്രിയാവികാസത്തിലൂടെയാണു് അവതരണം പുരോഗമിക്കുന്നതു്. കാമുകന്‍ ഉപേക്ഷിച്ച സ്യൂട്ട് ഇവിടെ ഒരു കഥാപാത്രമായി മാറുന്നു. കുടുംബത്തിനകത്തെ
നിശ്ശബ്ദമായ വയലന്‍സിനെ നാടകത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ സാധിച്ചതാണു് ഈ നാടകത്തിന്റെ പ്രത്യേകത.
ലേഡി മാക്ബത്ത് റീവിസിറ്റഡ്
പ്രസിദ്ധ സംവിധായികയും നടിയുമായ മായാറാവുവിന്റേതാണു് ലേഡി മാക്ബത്ത് റീവിസിറ്റഡ്. നാടകം ഉള്‍പ്പെടെ വിവിധ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകള്‍ ആരായുന്നതായിരുന്നു അവരുടെ കലയുടെ സാമാന്യരീതി. ഈ അവതരണവും മായാ റാവുവിന്റെ സൌന്ദര്യശാസ്ത്രപരീക്ഷണങ്ങളുടെ വഴി പിന്തുടരുന്നതായിരുന്നു.

സ്റ്റേജില്‍ ഒറ്റയ്ക്കു നില്ക്കുന്ന നടിക്കൊപ്പം പശ്ചാത്തലത്തില്‍ സ്ഥാപിച്ച വലിയ സ്ക്രീനില്‍ കാണുന്ന അവളുടെതന്നെ പര്‍വ്വതീകരിച്ച ബിംബവും ഇതിനുദാഹരണം. പാത്രസങ്കല്പത്തെ പുതിയ അര്‍ത്ഥമാനങ്ങളില്‍ അവതരിപ്പിക്കാനുള്ള സംവിധായികയുടെ ശ്രമം ശ്രദ്ധേയമാണു്.
വിഖ്യാതമായ മാക്‍ബത്ത് നാടകത്തിലെ ലേഡി മാക്‍ബത്ത് എന്ന കഥാപാത്രത്തെ രൂപപ്പെടുത്തുന്നതില്‍ നാടകത്തിനകത്തു് നിലനില്ക്കുന്ന നിശ്ശബ്ദതകളാണു് മായാ റാവു എന്ന സംവിധായിക കണ്ടെത്തുവാന്‍ ശ്രമിക്കുന്നതു്. കഥകളി അഭിനയപഠനം നല്കിയ അറിവാണു് തന്റെ നാടകങ്ങളിലെ മനോധര്‍മ്മാഭിനയത്തിന്റെ അടിസ്ഥാനം എന്നു മായ വിശദീകരിക്കുന്നു.
ഈ നാടകഫെസ്റ്റിവല്‍ കരുതലോടെ ക്യൂറേറ്റ് ചെയ്യപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നാടകലോകത്തിന്റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ പ്രാദേശികസംഘങ്ങളുടെ പങ്ക് അവഗണിക്കാനാവുന്നതല്ല. പക്ഷെ ഇത്തരം മേളകളുടെ ആസൂത്രണം പലപ്പോഴും ഈ വസ്തുത അര്‍ഹമായവിധത്തില്‍ പരിഗണിക്കുന്നില്ല. സംഘാടകരുടെ കാഴ്ചയുടെ പരിധിക്കപ്പുറത്തായിപ്പോകുന്ന പ്രാദേശികസംഘങ്ങളെക്കൂടി അടുത്ത ഫെസ്റ്റിവലിന്റെ സംഘാടനത്തില്‍ പരിഗണിക്കപ്പെടും എന്നു് ആശിക്കുക.
നാടകം മരിച്ചുവെന്ന് പറയപ്പെടുന്ന കാലത്തും മറ്റേത് കലാരൂപത്തെക്കാളും സജീവമാണ് നാടകം എന്ന് ഓര്‍മ്മിപ്പിച്ചുവെന്നതാണ് സജിത മഠത്തിലിന്റെ നാടകോത്സവം അവലോകനത്തിന്റെ പ്രസക്തി. പലേടങ്ങളിലായി കേരളത്തില്‍ നാടകം ഇന്നും അതിന്റെ സഹജമായ കലാത്മകതയോടെ നിലനില്ക്കുന്നു. എറണാകുളത്ത് ചന്ദ്രദാസനും കൂട്ടരും ഇപ്പോഴും സജീവമായുണ്ട്. അതു പോലെ കേരളത്തിലുടനീളം. പക്ഷെ മാദ്ധ്യമങ്ങള്‍ അത് ശ്രദ്ധിക്കുന്നില്ല. അരങ്ങുകളും കുറവ്. ഒരു അവതരണത്തിനപ്പുംറം കളിക്കാനാകാതെ നാടകം പിന്‍വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ട്. അതിനു പരിഹാരം ഉണ്ടാകണം. എന്നാല്‍ നാടകത്തിന്റെ സജീവത വീണ്ടും കാണാം.
കേരളത്തില്‍ നടക്കുന്ന നാടകാവതരണങ്ങളെക്കുറിച്ചും നിരൂപണലേഖനങ്ങള്‍, അവലോകനങ്ങള്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു.
നാടകങ്ങളോടുള്ള ഇത്തരം സമീപനങ്ങള്‍ വളരെ സ്വാഗതാര്‍ഹ്ഹമാണ് നാടകത്തെ സ്നേഹിക്കുന്ന ഒരു എളിയ നാടകക്കാരന്‍ എന്ന നിലയില്‍ http://nadakakkarante.blogspot.com/2009/01/blog-post_25.html
ഈ നാടകാവലോകനം കൂടി വായിക്കും എന്നു വിശ്വസിക്കുന്നു