തര്‍ജ്ജനി

രാജു ഇരിങ്ങല്‍

ഫോണ്‍: 00973 36360845.
ഇമെയില്‍: komath.iringal@gmail.com

Visit Home Page ...

കഥ

ചരിവുതലങ്ങളില്‍ വിശ്രമിക്കുമ്പോള്‍

ആണവകരാറിനെ കുറിച്ചുള്ള പ്രസംഗം കഴിഞ്ഞ് വിയര്‍ത്ത് കൊണ്ട് കാസ്റ്റില്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സമാജം സിക്രട്ടറി ബിജു. എം സതീഷ് പറഞ്ഞത്

“താങ്കളുടെ പ്രസംഗം ഇന്ന് അത്ര നന്നായില്ലട്ടോ.. എന്തു പറ്റി..പതിവുള്ള ചൂടേ ഇല്ലായിരുന്നു. അനുരഞ്ചനത്തിന്റേയും സഹകരണത്തിന്റേതുമായി കുഴഞ്ഞു പോയി .... ഒരു മുറുക്കം വന്നില്ലെന്ന് മാത്രമല്ല വല്ലാതെ അനുസരിക്കുന്ന ഒരു അമേരിക്കന്‍ പ്രീണനനയവും അതു പോലെ വാലാട്ടലുമായി തോന്നി. “
കൂട്ടത്തില്‍ പറഞ്ഞു
“താങ്കളോടുള്ള അടുപ്പം വച്ചാണ് ഇത്രയും പറഞ്ഞത് . മറ്റൊന്നും തോന്നരുത്”.

ഒരു ചിരിയിലൊതുക്കി വെപ്രാളപ്പെട്ട് കൈ കഴുകാനെന്ന വണ്ണം ടോയ് ലറ്റിലേക്ക് കയറി. അടക്കി വച്ചിരുന്ന ദീര്‍ഘശ്വാസം അപ്പോഴാണ് തീര്‍ത്തും അയച്ചു വിട്ടത്. എല്ലായിടത്തും വല്ലാതെ അപരിചിതത്വം അനുഭവപ്പെടുന്നു.

സിക്രട്ടറി പറഞ്ഞതു പോലെ ഈയിടെയായി പതിവ് രീതികള്‍ വിട്ട് അനുസരണത്തിന്റേയും പിന്താങ്ങലിന്റേയും രീതിയീലേക്ക് കീഴ്പ്പെട്ട് തുടങ്ങിയിരിക്കുന്നു. പ്രസംഗങ്ങളിലും ജീവിതത്തിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഒരു തിരിച്ചറിവ് തന്നെയാണ്. മാറ്റങ്ങളുടെ കാലഘട്ടത്തിലാണല്ലോ ജീവിച്ചിക്കുന്നത്. ജീവിക്കാന്‍ പലപ്പോഴും നടന്ന വഴികള്‍ മാറി നടക്കേണ്ടി വരുമെന്ന് സത്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

മിന്നസൊട്ടയിലെ പൊതുപരിപാടികളില്‍ പലപ്പോഴും സാഹിത്യവും ആനുകാലിക സംഭവങ്ങളും സംസാരിക്കുക ഒരു പതിവായിരുന്നു. അതുകൊണ്ട് തന്നെ വിമര്‍ശകര്‍ എന്നോ പ്രാസംഗികന്‍ എന്നോക്കെ ആളുകളെകൊണ്ട് പറയിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ …പറയാന്‍ വിചാരിച്ച പലകാര്യങ്ങളും അങ്ങിനെ ശകതമായി ഈ അടുത്ത കാലങ്ങളില്‍ പറയാന്‍ കഴിയാതെ വരുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. നാട്ടിലാണെങ്കില്‍ ആരെങ്കിലും ഒടിവച്ചെന്നോ കണ്ണ് വച്ചെന്നോ ഒക്കെ പറയാമായിരുന്നു. ഇവിടിപ്പോ….എങ്കിലും വിട്ട് കൊടുക്കാന്‍ ഭാവമൊന്നുമില്ല. ശ്രമിച്ചാല്‍ സാധിക്കാത്തതൊന്നുമില്ലെന്ന് സ്കൂള്‍ ക്ലാസ്സുകളില്‍ കമലം ടീച്ചര്‍ പറയുന്നത് ഇപ്പോഴും ഓര്‍മ്മയില്‍ വരുന്നത് ഗ്രാമത്തിന്‍റെ വിശുദ്ധി ഉള്ളത് കൊണ്ടായിരിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പ്രശസ്തങ്ങളായ പലവിധ നിരൂപണ ഗ്രന്ഥങ്ങളും വിവിധങ്ങളായ മന:ശാസ്ത്ര പുസ്തകങ്ങളും വായിച്ച് ഹൃദിസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ആശയങ്ങള്‍ മനനം ചെയ്തു വേരില്‍ നിന്ന് വൃക്ഷത്തിലേക്കെന്ന പോലെ വീ‍ട്ടില്‍ നിന്ന് പരിശീലനം ആരംഭിക്കുകയും ചെയ്തു. ഭാര്യയും കുട്ടികളും ഇല്ലാതിരിന്നപ്പോള്‍ അടുക്കളയിലും കണ്ണാടിക്ക് മുമ്പിലും കുളിമുറിയില്‍ പോലും ഘോരഘോരം പ്രസംഗിച്ച് അടുത്ത പ്രസംഗത്തിലെങ്കിലും പഴയ മൂര്‍ച്ച തിരിച്ചു കൊണ്ടു വരണമെന്ന് അതിയായ് ആഗ്രഹിച്ചു. പക്ഷെ ഓരോ പരിപാടികള്‍ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ തലകുനിഞ്ഞു കൊണ്ടേയിരിക്കുന്നു. എത്രയൊക്കെ ഓര്‍മ്മ ഉണ്ടായാലും ചിലപ്പോഴൊക്കെ വല്ലാതെ നാവ് നീടി ശ്വാസം വലിച്ച് വെറു ശ്വസവും തുപ്പലും മാത്രമായി പുറത്തേക്ക് വരുമ്പോള്‍ ആളുകള്‍ ചിരിച്ച് തുടങ്ങിരിക്കുന്നു.

ഓഫീസില്‍ എന്നും കണിശക്കാരനായിരുന്നു പലര്‍ക്കും പേടിയുമായിരുന്നു. അതൊരു അഹങ്കാരമായി കൊണ്ട് നടക്കുകയും ചെയ്തിരുന്നു. ഈയിടെയായി ജോലികളില്‍ വല്ലാത്ത അലസത. ഒന്ന് രണ്ട് തവണ മാനേജര്‍ കാബിനില്‍ വിളിപ്പിച്ചു. അപ്പോഴൊക്കെ സീറ്റിലിരിക്കാതെ പഞ്ചപുച്ഛമടക്കി നിന്ന് കൊടുത്തതല്ലാതെ മറുത്തൊരക്ഷരം പറയാന്‍ നാവ് പൊങ്ങിയില്ല. മാത്രവുമല്ല സംസാരത്തിനിടയില്‍ മാനേജരുടെ കാബിനടുത്ത് വച്ചിര്‍ക്കുന്ന ബാഗില്‍ നിന്ന് ഭക്ഷനത്തിന്‍ റെ അതി രൂക്ഷമായ മണം വല്ലാതെ കൊതിപ്പിക്കുന്നത് ഒരു ഞെട്ടലോടെ അറിയുകയായിരുന്നു.

സ്വതവേ വ്യക്തിപരമാ‍യ കാര്യങ്ങള്‍ ഓഫീസില്‍ സംസാരിക്കുക പതിവില്ലായിരുന്നു. എന്നിട്ടും ചോദിച്ചത്
“ഇന്ന് ഭാര്യ നല്ല കൊഞ്ചു ഫ്രൈ ആണല്ലേ തന്നു വിട്ടത് അല്ലേ..”

അസാധാരണമായ ഘ്രാണശക്തി വന്നു തുടങ്ങുമ്പോള്‍ വല്ലാതെ എന്തിനോ ഉള്ള അന്യേഷണത്തിനായുള്ള ത്വര ചുരമാന്തുകയും ചെയ്യുന്നു. തിരഞ്ഞു കൊണ്ടിരിന്നത് എന്തായാലും എത്ര പെട്ടെന്നാണ് മണത്ത് കണ്ടുപിടിക്കാ‍ന്‍ കഴിയുന്നത്…!

ഓഫീസില്‍ പലപ്പോഴും ഫയലുകളുടെ അന്യേഷണങ്ങള്‍ക്കായ് പലരോടും വഴക്കു കൂടിയിട്ടുള്ള കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് ഇപ്പോഴത്തെ അതിഓര്‍മ്മയും ഘ്രാണശക്തിയും കണ്ണുമിഴിച്ച് നില്ക്കുകുന്നത്.

ഓരോ ഫയലുകളുടേയും മണം വ്യക്തമായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ എളുപ്പം സാധിക്കുന്നു എന്നുള്ളത് മറ്റുള്ളവരേ പോലെ എന്നെയും അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഇതൊരു നല്ല കാര്യമാണല്ലോന്ന് കരുതി കൂടുതല്‍ ആലോചിക്കാനൊന്നും നിന്നില്ല. എല്ലാവര്‍ക്കും കിട്ടാത്ത ഈ ഭാഗ്യത്തെ കുറിച്ച് സംസാരിച്ച് സ്വന്തം കഴിവ് ഇല്ലാതാക്കാനും ഒരുക്കമല്ലായിരുന്നു.

എന്നാല്‍ എതിര്‍വശത്ത് താമസിക്കുന്ന ഗ്ലാഡിസും ഭര്‍ത്താവും ഇണക്കുരുവികളെ പോലെയയാണല്ലോ എന്ന ഭാര്യ റോസിയുടെ എന്നുമുള്ള പുകഴത്തലുകളില്‍ എന്തോ അരുചി തോന്നിയതു കൊണ്ടാവണം ഇന്നലെ ആ വീട്ടിലേക്ക് ഒരു കള്ളനെ പോലെ പോകാന്‍ പ്രേരിപ്പിച്ചത് എന്ന് വേണം പറയാന്‍. ഘ്രാണശക്തിയുടെ വെള്ളിവെളിച്ചത്തില്‍ എന്തും മണത്തറിയാമല്ലോ എന്ന ചിന്ത ഭരിക്കുകയും ചെയ്യുന്നുമുണ്ട്. യാത്ര അവസാനിച്ചത് ഗ്ലാഡിസിന്റെ കിടപ്പറയിലെ കട്ടിലിനടിയിലാണ്.

എത്ര നേരം അവര്‍ രണ്ടുപേരും വഴക്കടിച്ചെന്നും പിന്നെ രണ്ട് തലയിണകളുമായി വെവ്വേറെ മുറികളില്‍ കിടന്നുറങ്ങുന്നതും കണ്ടു കൊണ്ടാണ് എന്തോസാധിച്ചെടുത്തെന്ന ഭാവേന അവിടെ നിന്നിറങ്ങിയത്. ഘ്രാണശക്തിയുടേയും ഒളിച്ച് നടക്കലിന്റേയും ഗുട്ടന്‍സിനെ കുറിച്ചൊന്നും അപ്പോള്‍ ആലോചിച്ചതേയില്ല. പക്ഷെ മാറ്റങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല

ഒബാമ അധികാരത്തില്‍ വരുന്നതിനു നാലു ദിവസം മുമ്പാണ് മാനേജര്‍ വീണ്ടും കാബിനിലേക്ക് വിളിപ്പിച്ചത്.
“മി. തോമസ്സ്.. അറിയാലോ കാര്യങ്ങളുടേ കിടപ്പ്. നമ്മുടെ കമ്പനിയില്‍ നിന്ന് അമ്പത് ശതമാനത്തിലധികം ആളുകളെ പിരിച്ചുവിടുകയേ രക്ഷയുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്“ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴും മുഖത്ത് അമ്പരപ്പ് വരാതിരിക്കാന്‍ ഏതോ ഒരു മണമന്യേഷിച്ച് പോവുകയായിരുന്നു മൂക്ക്. തിരികെ സീറ്റില്‍ വന്നിരിക്കുമ്പോള്‍ പങ്കജാക്ഷന്‍ നായര്‍ ഇത്തിരി അസൂയയോടെ പറയുകയും ചെയ്തു.

“തോമസ്സിന്‍ കുഴപ്പമൊന്നുമില്ല. ഭാര്യക്ക് എന്തായാലും ജോലിയുണ്ടല്ലോ. നേഴ്സ്ന്മാരെമാത്രേ ഇപ്പോള്‍ ഇവിടെ വേണ്ടൂ..” യുദ്ധങ്ങള്‍ മുറക്ക് നടക്കുമ്പോള്‍ ചികിത്സിക്കാന്‍ ആളുവേണമല്ലോ..”

വാഷിങ്ങ് ടണ്‍ സ്ട്രീറ്റിലെ റിക്ക്ഫീല്‍ഡ് ഹോസ്പിറ്റലില്‍ മൂന്നോ നാലോ ഷിഫ്റ്റ് കഴിഞ്ഞാണ് ഭാര്യ വന്നു കൊണ്ടിരിക്കുന്നത്.

“ഇതങ്ങ് മതിയാക്കിയാലോ ഇച്ചായ .. ” എന്ന് പലപ്പോഴും അവര്‍ പറയുമ്പോള്‍ “എന്തിനാ നല്ല ജോലി കളയുന്നതെന്റെ റോസൂ “ എന്ന് കൊഞ്ചുകയാണ് ചെയ്യാറുള്ളത്.

ഇപ്പോള്‍ കാര്യങ്ങളൊക്കെ കീഴ് മേല്‍ മറിഞ്ഞിരിക്കുന്നു.

“ഒരാളുടെ ജോലികൊണ്ട് എന്താവാനാ.. കുട്ടികളുടെ പഠിത്തവും ടാക്സും പിന്നെ വീടിന്റെ ലോണും ഒക്കെ കൂടിയാകുമ്പോള്‍….”

അവളുടേ ആധികള്‍ ഒരിക്കലും കുറയുന്നില്ലല്ലോന്ന് വിചാരിക്കുമ്പോഴും കാര്യങ്ങള്‍ കാണാതിരിക്കുകയായിരുന്നില്ല. കുറച്ച് നാള്‍ കൂടി ഇവിടെ അങ്ങിനെ നിന്ന് എന്തെങ്കിലും സമ്പാദിച്ച് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യണമെന്ന് കരുതി തന്നെയാണ് വന്നത്. ഓരോ ദിവസം കഴിയുന്തോറും ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടേയും പറ്റുപട്ടിക നീണ്ടു കൊണ്ടേയിരിക്കുമ്പോള്‍ എങ്ങിനെയാണ് ഒരു തിരിച്ച് പോക്കിനെ കുറിച്ച് ആലോചിക്കുക?

മറുത്തൊന്നും പറയാന്‍ പറ്റാത്തവിധം ക്ലീനിങ്ങ് ജോലിയിലോ പൂന്തോട്ടം നനയ്ക്കലിലോ ഒളിപ്പിക്കേണ്ടിവരുന്നു വാക്കുകളും നോക്കുകളും. ഇതുവരെ സ്നേഹത്തിന് കുറവൊന്നും ഇല്ലെങ്കിലും ഇനി ഇത്രയൊക്കെ പോരേ ഇച്ചായാ….” എന്നവള്‍ എപ്പോഴാണാവോ ചോദിക്കുക എന്ന പേടിയിലാവണം

“നീ ഉറങ്ങിക്കോ ക്ഷീണിച്ച് വന്നതല്ലേ.. ഞാന്‍ അടുക്കളയില്‍ കയറിക്കോളാം” മുഖവുരയൊന്നും കൂടാതെ മുന്നോട്ട് വച്ചത് അങ്ങിനെയാണ്.

കഴുകലും തുടക്കലും ഭക്ഷണം ഉണ്ടാക്കലും ഒന്നും തീരെ പരിചയമുണ്ടായിട്ടല്ല. ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കില്‍….നാളെ അവര്‍ അങ്ങിനെയൊക്കെ ചെയ്യണമെന്ന് നിര്‍ബന്ധിക്കേണ്ടി വന്നാല്‍…. അങ്ങിനെ ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജനാല വഴി തീര്‍ത്തും വലീയ ഒരു ഈച്ച പറന്ന് വന്ന പ്രഷര്‍കുക്കറിന്റെറെ ആവിയില്‍ പിടഞ്ഞ് വീണത്. ഒരു കറക്കം കറങ്ങി അത് വെന്ത് മലര്‍ന്നു പോയി.

എന്നും രാവിലെ ഗേറ്റില്‍ പോയി നില്ക്കുകയോ ജോഗിങ്ങിന് പോവുകയോ പതിവാക്കിയിരുന്നു. രാവിലെ മുതലുള്ള ചടഞ്ഞിരിപ്പിന് ഊര്‍ജ്ജം കിട്ടാന്‍ വേണ്ടിയോ ആളുകളൊക്കെ കാറോടിച്ച് ഓഫീസില്‍ പോകുന്നത് കാണാനുള്ള കൊതികൊണ്ടോ എന്തോ അതൊരു ശീലമായി. വഴിയില്‍ വച്ച് ജോസഫ് മാത്യൂ വണ്ടി നിര്‍ത്തി
സുപ്രഭാതം” പറഞ്ഞു നില്‍ക്കുമ്പോള്‍ പതിവില്‍ കവിഞ്ഞ് മുഖം വിളറിയിരുന്നു. അയാളുടെ ഓഫീസില്‍ നിന്നും ആളുകളെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഇനി എന്നാണാവോ സ്വന്തം ടിക്കറ്റ് കീറുക എന്ന് ഒരാന്തലോടെ തന്നെയാണ് ജോസ് ഫ് മാത്യൂ പറഞ്ഞത് . അപ്പോഴും സീറ്റിനരികിലുള്ള കറുത്ത ലെതര്‍ ബാഗിലാണ് കണ്ണുടക്കിയത്. ബാഗിലെ പാത്രത്തില്‍ ഒരുക്കിവച്ചിരിക്കുന്ന ചിക്കന്‍ കറിയുടെ മണം വല്ലാതെ പെരുത്ത് വരുന്നുണ്ട്. ചന്തിക്ക് പുറകില്‍ കിരുകിരുപ്പും വേദനയും. ഒപ്പം വായില്‍ അതിഭയങ്കരമായ വെള്ളച്ചാട്ടവും. ഒരു പക്ഷെ അസമയത്തുള്ള ഇടപെടലുകള്‍ കൊണ്ടായിരിക്കണം സൌഹൃദങ്ങളില്‍ പലരും വല്ലാതെ അകല്‍ച്ച സൂക്ഷിക്കുന്നതായി മനസ്സിലായിത്തുടങ്ങിയിരുന്നു. അതു കൊണ്ട് തന്നെ എന്തെങ്കിലും പറയാന്‍ വന്നത് നൊട്ടി നുണഞ്ഞ് മിണ്ടാതിരുന്നു.

ഘ്രാണ ശക്തി അമിതമായി അനുഭവപ്പെടുമ്പോള്‍ ചന്തിക്കു പുറകില്‍ അസാധാരണമായ ഒരു നീറ്റലും അനക്കവും അനുഭവപ്പെടാന്‍ തുടങ്ങിട്ട് കുറച്ച് ദിവസമായിരിക്കുന്നു. ശരീരത്തിലും ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. അധികം രോമങ്ങളൊന്നും ഇല്ലാതിരുന്ന പുറകു വശം മാത്രം കൂടുതല്‍ രോമങ്ങള്‍ വളരുകയും വൃത്തികേടാവാന്‍ തുടങ്ങുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ മണിക്കൂറുകളോളം കുളിമുറിയില്‍ കഴിച്ചു കൂട്ടേണ്ട ഗതികേട് വരികയും ചെയ്യുന്നു. നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ റോസിയെ ഇപ്പോള്‍ കിട്ടാറേ ഇല്ല. ഒരു കണക്കിന് അതൊരു ആശ്വാസമായല്ലോ എന്ന് വിചാരിക്കുകയും ചെയ്തു.

വീണ്ടും വേദന അനുഭവപ്പെട്ടപ്പോഴാണ് വാതിലുകളൊക്കെ അടച്ച് കണ്ണാടിക്കു പുറം തിരിഞ്ഞ് നിന്ന് പരിശോധന ആരംഭിച്ചത്.

പുറകില്‍ പലയിടങ്ങളിലായി രോമക്കാടുകള്‍. ഇപ്പോള്‍ കക്കൂസില്‍ ഇരിക്കാന്‍ പോലും പാറ്റാത്തവിധം കൂടുതലായിരിക്കുന്നു. ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു.

എനിക്ക് വാല്‍ മുളച്ചിരിക്കുന്നു... !!!

അറ്റം വളഞ്ഞ് കൂര്‍ത്ത വെളുത്തൊരു വാല്‍…. രോമങ്ങള്‍ അതിനു ചുറ്റും ഡക്കറേറ്റ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നു.

പരവേശം വന്ന് വെള്ളം കുടിക്കാന്‍ എടുത്തപ്പോള്‍ ഗ്ലാസ് തറയില്‍ വീഴുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. നിലത്ത് ചേര്‍ന്ന് നിന്ന് എല്ലാം വൃത്തിയാക്കുമ്പോള്‍ ആലോചിച്ചത് ഇതിനൊരു പരിഹാരം വേണമല്ലോ എന്നുമാത്രമായിരുന്നു. എന്നും പ്രശ്നത്തെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുന്നത് ഒരു രീതിയേ അല്ല. പ്രതിവിധികളെ കുറിച്ച് തന്നെയാണ് ആലോചിക്കാറുള്ളത്.

വാഷിങ്ങ്ടന്‍ സ്ടീറ്റില്‍ താമസിക്കുന്ന ഡോക്ടര്‍ വേണുഗോപനെ കാണാന്‍ തീരുമാനിക്കുന്നത് അങ്ങിനെയാണ്. ഡോക്ടരുടെ വീട്ടിലേക്ക് കയറും മുമ്പേ കൂട്ടിലുള്ള അല്‍സേഷ്യന്‍ ഒന്നു രണ്ട് വട്ടം മുരണ്ടു. പിന്നെ പരിചയ ഭാവത്തില്‍ വാലാട്ടി കുഞ്ഞു ശബ്ദത്തില്‍ ഒന്നു മൂളി..കയ്യും കാലും കൂടിന് ഇരുവശവും ഉയർത്തി വച്ച് അഭിവാദ്യം ചെയ്യും പോലെയോ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യുന്നതാവണം.

കാര്യം അവതരിപ്പിച്ചപ്പോള്‍ ഒരു മന്ദഹാസത്തോടെ ഡോക്ടര്‍ വേണുഗോപന്‍ വിശദമാ‍യ ഒരു പരിശോധന തന്നെ നടത്തി. “പേടിക്കനൊന്നുമില്ലെന്നും നാമൊക്കെ ആള്‍കുരങ്ങുകളുടേ വംശത്തില്‍ നിന്ന് ഉണ്ടായതല്ലേയെന്നും ആശ്വസിപ്പിച്ചു..ചില ജനിതകമായ മാറ്റങ്ങള്‍ ആയിരിക്കണം. വല്യ കുഴപ്പമൊന്നും ഉള്ളതായി എനിക്ക് തോന്നുന്നില്ല. എന്നാലും കുറച്ച് മരുന്നുകളും ഓയിന്റ്മെന്റുകളും കുറിച്ച് തരാം.“
ഉണ്ടായിരുന്ന സാമ്പിള്‍ മരുന്നുകള്‍ സൌഹൃദത്തോടെ തരികയും ചെയ്തു.

ദേഹത്ത് വന്നു കൊണ്ടിരിക്കുന്ന മൃഗഗന്ധം മാറുന്നതിനായി കുളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ചില മരുന്നുകളും എഴുതി തരികയും ചെയ്തു. പട്ടിമണം കാരണം റോസിയോട് സംസാരിക്കാന്‍ പോലും വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു.

വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നല്ല ഉന്മേഷം തോന്നി.. ഇന്ന് റോസി വരും മുമ്പ് അടുക്കള പണികളൊക്കെ ചെയ്ത് തീര്‍ത്ത് നേരത്തേ ബെഡ് റൂ‍മില്‍ കയറണം. എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഡൈനിം ടേബിളില്‍ ഇരുന്നതാണ്. വല്ലാത്ത ഒരു കിരു കിരുപ്പ് പുറകില്‍….വളര്‍ന്നു തുടങ്ങിയ വാലില്‍ ഒരു പെടപ്പ്..കസേരയില്‍ ഇരുന്നു കഴിക്കാന്‍ പറ്റാത്തവിധം ഒരു പെരുപ്പ്..!

പിന്നെ നിലത്ത് കുനിഞ്ഞ് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അപ്പോഴാണ് അച്ച്ഛനെന്താ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്ന ചോദ്യവുമായി മക്കള്‍ സ്കൂള്‍ വിട്ട് വന്നത്. പിന്നെ ഒന്നും മിണ്ടാതെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് അവള്‍ കഴിച്ചെന്ന് ഉറപ്പാക്കി പാത്രങ്ങള്‍ കഴുകി വച്ച് കിടപ്പു മുറിയിലേക്ക് നടന്നു. ഇന്ന് റോസി വരുമ്പോള്‍ കൂടുതല്‍ ഇഷ്ടത്തോടെ എന്തെങ്കിലുമൊക്കെ ചെയ്യണം ഒരു മൂളിപ്പാട്ടോടെ സിഡിപ്ലേയറില്‍ പഴയ ഒരു ആല്‍ബത്തിന്റെ സിഡി ഇട്ടു.

പങ്കജ് ഉദാസിന്റെ ഈരടികള്‍ പതിയെ പാടിക്കൊണ്ടേയിരുന്നു…

ഈ മുറിയിലെന്താ .. വല്ലാത്ത ഒരു മണം. …ഗ്ലാഡിസിന്റെ പട്ടി വന്നൊ ഇന്നിവിടെ?” എന്ന ചോദ്യവുമായാണ് റോസി മുറിയിലേക്ക് കയറി വന്നത്. അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ ചുരുങ്ങിപ്പോയി.…

“ഏയ് ഇല്ല. വല്ല എലിയോ മറ്റോ ആയിരിക്കാം. എനിക്ക് മണമൊന്നും വരുന്നില്ലല്ലോ.. ങും.. ഞാന്‍ നോക്കാം….” അയാള്‍ വേഗം ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച് മുറിയില്‍ നിന്ന്പുറത്തേക്കിറങ്ങി.

വാല്‍ മാത്രമല്ല ഇപ്പോഴത്തെ അയാളുടേ പ്രശ്നം ശരീരത്തിലുള്ള പട്ടിമണം കൂടിയായപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടതായി തോന്നി. ആത്മാര്‍ഥമായി ഒന്ന് പൊട്ടിക്കരയണമെന്ന് അയാള്‍ ആഗ്രഹിച്ചു. കരയുമ്പോള്‍ അതൊരു ഉറച്ച അല്‍സേഷ്യന്റെ കുരയായ് മാറിയാലോ എന്ന പേടിയില്‍ അയാള്‍ ശബ്ദമില്ലാതെ അടുക്കളയുടെ ഒരരികില്‍ ഇരുന്ന് നിറഞ്ഞു വരുന്ന കണ്ണു തുടച്ചു.

വീണ്ടും ഡോക്ടര്‍ വേണുഗോപന്‍ പരിശോധീച്ച് മരുന്നിനും പുരട്ടാന്‍ ഓയിന്റ്മെന്റിനും എഴുതുകയും മനസ്സിന് ധൈര്യം നല്കി തിരിച്ചു വിട്ടെങ്കിലും അത്ര വല്യ ഉത്സാഹമൊന്നും തോന്നിയില്ല.

വീട്ടിലെത്തി അടുക്കളപ്പണിയും കുട്ടികളുടെ ഭക്ഷണവും ഒക്കെ തയ്യാറാക്കി അയാള്‍ ഭാര്യ വരുന്നതും കാത്ത് ഗേറ്റിനരികില്‍ നിന്നു. ഇന്നലെത്തെ പോലെ പട്ടി മണം ഉണ്ടാകരുതല്ലോ എന്നു കരുതി കൂടുതല്‍ തേച്ച് കുളിച്ച് ഒരുങ്ങിയാണ് പുതുമണവാളനെ പോലെ അയാള്‍ ഗേറ്റിനരികില്‍ നിന്നത്. രണ്ടു കാലുകളും ഗേറ്റിലേക്ക് ചേര്‍ത്ത് വച്ച് വെറുതെ അയാള്‍ മനോരാജ്യത്തിലേക്ക് മുഴുകി ഒരു കുട്ടിയെ പോലെ ഭാര്യവരുന്നതും കാത്ത് ഗേറ്റില്‍ തൂങ്ങി നിന്നു.

ഒരു വളവ് തിരിഞ്ഞ് വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് റോസി കണ്ടത് ഗേറ്റിനു മുകളില്‍ കറുത്ത് ഉയരം കൂടിയ ഒരു പട്ടി!!!!

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |
Submitted by സുല്‍ (not verified) on Mon, 2009-05-11 15:06.

ho bheekaram mashe.
manushyanil ninnu pattiyilekkulla valarccha...
nannaayi varacchu vacchu.

-sul