തര്‍ജ്ജനി

സി.ജെ.ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

ഭാഷാപഠനവും മലയാളമനസ്സും

മലയാളഭാഷയുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ അവതരിപ്പിക്കപ്പെട്ടു‍കൊണ്ടിരിക്കുന്ന ഒരു കാലത്താണു് നാം ജീവിച്ചുപോരുന്നതു്‌. മാതൃഭാഷയോടുള്ള വൈകാരികമായ ആഭിമുഖ്യമാണു് ഇത്തരം ചിന്തകളുടെ അടിപ്പടവ്‌. ഇംഗ്ലീഷ്‌ ഭാഷയുമായുള്ള അതിരുകവിഞ്ഞ സമ്പര്‍ക്കത്തിന്റെ ഫലമായുണ്ടാകുന്ന വികലീകരണം ഭാഷയുടെ തനിമ നഷ്ടപ്പെടുത്തുന്നു‍വെന്ന ഭീതിയും പ്രകാശിപ്പിക്കപ്പെടുന്നു‍ണ്ടു്‌. പല തുറകളിലും ഭാഷയുടെ വികാസം തടയുന്ന രീതിയില്‍ ഇംഗ്ലീഷ്‌ ആധിപത്യമുറപ്പിച്ചിരിക്കുന്നു‍ എന്ന പ്രശ്നവും ഉയിക്കപ്പെട്ടു‍കാണുന്നു‍. ഇംഗ്ലീഷ്‌ എന്ന അന്യഭാഷയ്ക്കു് പ്രാഥമ്യം കല്പിക്കപ്പെടുന്നതിലുള്ള അസ്വസ്ഥതയും ചര്‍ച്ചാവിഷയമാണു്. മലയാളം അപകൃഷ്ടമാണെന്ന തോന്നല്‍ ഉല്പാദിപ്പിക്കപ്പെട്ടു‍വിതരണം ചെയ്യുന്ന അവസ്ഥയിലേക്കു് പലരും വിരല്‍ ചൂണ്ടുന്നു‍. മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ടു‍ളവായിട്ടു‍ള്ള സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ അടിയന്തിരപ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളും ഭാഷയുടെ ഭാവിയെക്കുറിച്ചുള്ള കരുതലുള്ളതു തന്നെ.

കേരളജനതയുടെ വൈകാരികവും വൈചാരികവുമായ വിനിമയാവശ്യങ്ങളെയാകെ നിറവേറ്റാന്‍ പാകത്തില്‍ ഭാഷയുടെ നിലയും നിലനില്പും ഉറപ്പുവരുത്തുന്നതിനു് മലയാളം ഇനിയും സജ്ജമാകേണ്ടിയാണിരിക്കുന്നതു് എന്ന ആശയം ഈ ആലോചനകളെല്ലാംതന്നെ‍ പങ്കുവെയ്ക്കുന്നു‍. അതിനുവേണ്ടി ഗവണ്‍മെന്റ്‌ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളും പണ്ഡിതന്മാര്‍ ചെയ്യേണ്ട കാര്യങ്ങളും സമൂഹമൊട്ടാ‍കെ ചേര്‍ന്നു് പ്രയോഗത്തില്‍ വരുത്തേണ്ട കാര്യങ്ങളും പലരും നിര്‍ദ്ദേശിച്ചിട്ടു‍ണ്ട്‌. വൈവിദ്ധ്യപൂര്‍ണ്ണമായ മലയാളം ഉണ്ടായിവരികയാണു് നമ്മെ സംബന്ധിച്ചിടത്തോളം ആവശ്യം. ശാസ്ത്രപഠനവും തത്ത്വചിന്തയും പ്രബന്ധരചനയും കത്തെഴുത്തും വിവര്‍ത്തനവും ഒക്കെ നടത്തുവാന്‍ പര്യാപ്തമായ മലയാളഭേദങ്ങളാണു് വളര്‍ന്നു‍വരേണ്ടതു്‌. ഇക്കാര്യത്തില്‍ യോജിക്കാത്തവരുണ്ടാകില്ല. നമ്മുടെ ബുദ്ധിപരമായ പ്രയോഗങ്ങള്‍ ഇങ്ങനെയൊരു ലക്ഷ്യബോധം പ്രകടമാക്കുന്നി‍ല്ല എന്നതാണു് നാം അഭിമുഖീകരിക്കുന്ന പ്രശ്നം. സ്കൂള്‍തലം മുതല്‍ സര്‍വ്വകലാശാലകള്‍വരെ നടത്തുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ മലയാളത്തെ വിട്ടു്‌ അകന്നുപോവുകയാണു്‌.

ഇതിനെ മറികടന്നു് ഭാഷയുടെ വികാസം സാദ്ധ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി മലയാളം നിര്‍ബ്ബന്ധിതവിഷയമാക്കണമെന്ന നിര്‍ദ്ദേശം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു‍കൊണ്ടിരിക്കുന്നു‍. ഭരണഭാഷയായി മലയാളത്തെ ഏതാണ്ട്‌ സ്വീകരിച്ചുകഴിഞ്ഞു. സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള ആലോചനകള്‍ നടക്കുന്നു‍ണ്ടു്‌. ഇതൊക്കെ വിജയിച്ചു ഫലപ്രാപ്തിയിലെത്തണം എന്നു് മോഹിക്കുമ്പോഴും അതിനു കുറുകെ നില്ക്കുന്ന ചില ആശയയാഥാര്‍ത്ഥ്യങ്ങളുണ്ടു്‌. മലയാളി മലയാളത്തെ അപമാനകരമായി കാണുന്നു‍ എന്നതാണു് അതില്‍ പ്രധാനം. ഈ ധാരണ നമ്മുടെ ഭാഷയുടെ നിഴലെന്നോണം നിലനില്ക്കുന്നു‍. കൊളോണിയല്‍ദാസ്യം, മാനസികമായ അടിമത്തം എന്നി‍ങ്ങനെ വിലയിരുത്തുവാനും വിമര്‍ശിക്കാനും കഴിഞ്ഞേക്കും. എന്നാ‍ല്‍ ഈ വീക്ഷണം നമ്മുടെ ജനതയുടെ ഭാഷാമനോഭാവത്തിന്റെ തിരിക്കുറ്റിയാണ്‌ എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവില്ല. മാതൃഭാഷയായ മലയാളം പരാധീനതയും അന്യഭാഷയായ ഇംഗ്ലീഷ്‌ സ്വാതന്ത്ര്യവുമായി അനുഭവപ്പെടുന്നു‍ എതാണ്‌ മലയാളിയുടെ യാഥാര്‍ത്ഥ്യം. ഇതിനു പ്രഭവവും പ്രചോദനവുമാകുന്ന ചരിത്ര-ഭൌതിക-ആശയസാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍, ചില മേഖലകളിലെങ്കിലും, നമ്മുടെ ഭാഷയുടെ വികാസത്തെ ഉറപ്പുവരുത്താന്‍ വലിയ പ്രയാസം തയൊയിരിക്കുമെന്നാണു് മനസ്സിലാക്കാന്‍ കഴിയുന്നതു്‌.

ഗവണ്‍മെന്റ്‌ ഉത്തരവുകള്‍ അനുസരിക്കപ്പെടും എന്നു് വിചാരിക്കാം. എന്നാ‍ല്‍ ഉന്നതവിദ്യാഭ്യാസരംഗത്തു് പഠനമാദ്ധ്യമമായി മലയാളത്തെ പ്രതിഷ്ഠിക്കാവുന്ന നില ഭാഷ കൈവരിച്ചിട്ടി‍ല്ലെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവുമോ. മലയാളം മാത്രം പഠിപ്പിക്കുന്ന സര്‍വ്വകലാശാല സ്ഥാപിച്ചാല്‍ അതിനെ രണ്ടാംകിട സര്‍വ്വകലാശാലയായി മുദ്രകുത്തുതിലേക്കാവില്ലേ എത്തിപ്പെടുക എന്ന സംശയവുമുണ്ടു്‌. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കാവുന്ന മട്ടി‍ല്‍ നമ്മുടെ മലയാളം വികസിച്ചു കഴിഞ്ഞുവോ എന്നും ആലോചിക്കേണ്ടതുണ്ടു്‌. അത്തരം വികാസം ഉണ്ടാക്കാനുള്ള വേദി എന്ന നിലയിലാണു് സര്‍വ്വകലാശാല ഉണ്ടാകുന്നതെങ്കില്‍ പ്രയോജനപ്രദമായേക്കും. എന്നാ‍ല്‍ അതു് നമ്മുടെ ഭാഷാപരിസരത്തുള്ള ഇംഗ്ലീഷിനെ അഭിമുഖീകരിച്ചുകൊണ്ടേ സാദ്ധ്യമാവുകയുള്ളൂ എന്നാ‍ണു് തോന്നന്നു‍തു്‌. വാസ്തവത്തില്‍, ഇംഗ്ലീഷ്‌ നമ്മുടെ സന്നിഹിതസാഹചര്യമാണു്‌. അതിനെ സംവാദാത്മകമായി അഭിമുഖീകരിക്കുന്നതിനു പകരം അപരമായും എതിര്‍ധ്രുവമായും കണ്ടുകൊണ്ടുള്ള പരിഷ്കാരയത്നങ്ങളാണു് നമ്മുടെ ഭാഷയുടെ ചില പ്രധാനപ്പെട്ട മേഖലകളിലുള്ള അവികസിതാവസ്ഥയ്ക്കും ഒഴിയാബാധയായ അപകര്‍ഷബോധത്തിനും അടിസ്ഥാനമായിരിക്കുന്ന ഒരു സംഗതി.

മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ അതു് നാളിതുവരെ കൈവരിച്ചിട്ടു‍ള്ള വികാസത്തില്‍ സംവാദത്തിന്റെയും സമന്വയത്തിന്റേതുമായ പ്രവര്‍ത്തനക്രമമുണ്ടു് എന്നു് കാണാം. ആ ക്രമത്തിലുള്ള സര്‍ഗ്ഗാത്മകമായ നീക്കം സ്വാതന്ത്ര്യാനന്തരകാലത്തു് സ്ഥാപനങ്ങളിലൂടെ തടയപ്പെട്ടതിനാലാണു് വിജ്ഞാനവിനിമയത്തിനുള്ള ഭാഷ എന്ന നിലയിലേക്കുള്ള വികാസം തടസ്സപ്പെട്ടതു് എന്നു്‍ കാണേണ്ടിവരും. കൊളോണിയല്‍ കാലത്തു് ഉല്പാദിപ്പിക്കപ്പെട്ട ധാരണകളേക്കാള്‍ സ്വാതന്ത്ര്യാനന്തരകാലത്തെ അനുഭവയാഥാര്‍ത്ഥ്യങ്ങളാണു് മലയാളത്തെ അപകര്‍ഷപ്പെടുത്തിയതു്‌. മലയാളത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തിന്റെയും ഭാഷാസൂത്രണത്തിന്റെയും ഭരണത്തിന്റെയും മേഖലകളില്‍ നടന്ന നീക്കങ്ങള്‍ അക്കാലത്തോളം നടന്നുവന്ന ഭാഷാസമന്വയപ്രക്രിയയെ തടസ്സപ്പെടുത്തുകയായിരുന്നു‍ ചെയ്തതു്‌. മലയാളം അപര്യാപ്തമായ ഭാഷയാണെന്ന ബോധം ജനങ്ങളില്‍ ഉറയ്ക്കുവാന്‍ ഇടയാക്കിയതു് ഇതാണു്. അതിനെ മറികടക്കുകയും മലയാളിക്കു് ശരണം പ്രാപിക്കാവുന്ന തരത്തില്‍ സമ്പന്നതയുള്ള ഭാഷയായി പരിണമിക്കുകയും ചെയ്താല്‍ മാത്രമേ മലയാളത്തെ ആധുനികമായ ഒരു ഭാഷയായി കാണാനും ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയായിക്കണ്ടു് സ്വീകരിക്കാനും മലയാളി തയ്യാറാവുകയുള്ളൂ.

കേരളനാട്ടി‍ലെ ജനങ്ങള്‍ സംസാരിച്ചുവന്ന വാമൊഴിവഴക്കങ്ങള്‍ ചരിത്രപരമായ സാഹചര്യങ്ങളില്‍ സംവാദത്തിലാവുകയും മാനകീകരിക്കപ്പെട്ടു്‌ പൊതുവായ വിശേഷഭാഷ ഉരുത്തിരിയുകയും ചെയ്യുന്ന പ്രക്രിയ അനുസ്യൂതം നടന്നതിന്റെ ഫലമായാണു് ഇന്നു്‍ നാം മലയാളം എന്ന വാക്കുകൊണ്ടു സൂചിപ്പിക്കുന്ന ഭാഷയുടെ രൂപഭാവങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടതു്‌. മിശ്രണത്തിന്റെയും ഉപേക്ഷകളുടെയും ചരിത്രം അതിലുണ്ടു്‌. ഇന്നത്തെ മലയാളഭാഷയുടെ ഉപരിതലത്തിലുള്ള വൈവിദ്ധ്യങ്ങളെ അടയാളമായെടുത്തു് അപഗ്രഥിക്കുന്നതിലൂടെ ഈ സങ്കീര്‍ണ്ണപ്രക്രിയയെ ഒരു പരിധിവരേക്കെങ്കിലും മനസ്സിലാക്കാന്‍ കഴിയുന്നു‍ണ്ടു്‌. ഇതരഭാഷകളുമായി വിവിധ തലങ്ങളില്‍ വിവിധ കാലഘട്ടങ്ങളിലുണ്ടായ സംബന്ധങ്ങളും ഈ ഘട്ടങ്ങള്‍ ഉല്പാദിപ്പിച്ച മാനാഭിമാനവിചാരങ്ങളും ചേര്‍ന്നാ‍ണു് മലയാളം എന്ന ഭാഷണരീതിയും അതിന്റെ അടിത്തറയായ മലയാളമനസ്സുകളും രൂപപ്പെട്ടതു്‌. സംസ്കൃതം, ഇംഗ്ലീഷ്‌ എന്നീ‍ ഭാഷകളുമായി താരതമ്യം ചെയ്തുകൊണ്ടുളവായിട്ടു‍ള്ള രൂഢധാരണകളുണ്ടു്, അതില്‍. മാനകമലയാളത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും വ്യത്യസ്തപ്രയോഗമേഖലകളുമായി ബന്ധപ്പെട്ടു്‌ നിലവില്‍ വന്നിട്ടു‍ള്ള ധാരണകളും ഉണ്ടു്‌. ഇവയെല്ലാം മലയാളത്തിന്റെ പ്രയോഗത്തെ നിര്‍ണ്ണയിക്കുന്ന ഭാഷാബോധമായി, ഭാഷാവ്യവസ്ഥയുടെ അബോധമായി നിലനില്ക്കുന്നു. ഈ ധാരണാസമുച്ചയം ഭാഷയുടെ പുറത്തല്ല. ഇതെല്ലാം ഭാഷയുടെ അവിഭാജ്യമായ ഭാഗങ്ങളാണ്‌. വീട്ടി‍ല്‍പ്പറയാവുന്നതു്‌, നാട്ടി‍ല്‍പ്പറയാവുന്നതു്‌, മാന്യതയുള്ളതു്‌, ശക്തിയുള്ളതു്‌, സ്വീകാര്യമായതു്‌, അരുതാത്തതു് എന്നി‍ങ്ങനെ ഭാഷയെ പല തരത്തില്‍ വിലയിരുത്തുവാനും പ്രയോഗത്തെ നിര്‍ണ്ണയിക്കാനും കരുത്തുള്ളതാണ്‌ ഈ അടിപ്പടവ്‌. ഭാഷാമനോഭാവം എന്ന ഒരൊറ്റ വാക്കില്‍ സൂചിപ്പിക്കാവുന്ന ഈ സാംസ്കാരികാടിത്തറയെ അവഗണിച്ചുകൊണ്ട്‌ കേവലം പദകോശപരവും വ്യാകരണപരവുമായ ഒരു വ്യവസ്ഥ മാത്രമായി ഭാഷയെ പരിഗണിക്കുന്നതു് അശാസ്ത്രീയമായിരിക്കും.

ഏതൊരു ഭാഷയ്ക്കും കൂടിയോ കുറഞ്ഞോ ഉള്ള സവിശേഷതയാണു് സംവാദസന്നദ്ധത. തമിഴ്‌ പോലുള്ള ഭാഷകളുമായി താരതമ്യം ചെയ്താല്‍ 'തനതായ', രീതികളെ കൈവെടിയാനും അന്യമായ രീതികളെ സ്വീകരിച്ചു പ്രതിഷ്ഠിക്കാനുമുള്ള ഈ സന്നദ്ധത മലയാളത്തിനു് കൂടിയ അളവിലുണ്ടായിരുന്നു‍. ഇതു് തനതായ ശേഷികളെ തകര്‍ത്തുകളയുന്നതാണു് എന്ന ഉപരിപ്ലവമായ ഭ്രമമാണു് എന്നു് വാദിക്കുക എളുപ്പമാണ്‌. എന്നാ‍ല്‍, അതുകൊണ്ടു് ഈ വസ്തുതയോ അതിനാധാരമായ വസ്തുനിഷ്ഠസാഹചര്യമോ ഇല്ലാതാവുകയില്ല. ഏതൊക്കെയോ വേവലാതികളെ, അവ ചരിത്രസാഹചര്യങ്ങളില്‍നിന്നു‍ളവായതാകാം, ശമിപ്പിക്കുന്നതായിരുന്നു‍ ഈ ഭ്രമം. ഈ സ്വത്വബോധനിഷേധകമായ സ്വീകാരമനോഭാവത്തിന്റെ വസ്തുനിഷ്ഠമായ അടിസ്ഥാനം കേരളജനതയുടെ സ്വയംപര്യാപ്തിയില്ലായ്മയായിരുന്നു‍ എന്നു‍ വേണം കരുതാന്‍. സ്വീകാരസമന്വയങ്ങളിലൂടെ ഈ കുറവിനെ നാം പരിഹരിച്ചുകൊണ്ടിരുന്നു‍.

ഒരു ദേശീയജനവിഭാഗം എന്ന നിലയില്‍ കേരളത്തിലെ നിവാസികള്‍ രൂപപ്പെടുതിന്റെ ചരിത്രം നോക്കേണ്ടതുണ്ടു്‌. പല തരംഗങ്ങളായി ജനതകള്‍ വന്നു് ലയിച്ച ഇടമാണു് കേരളം. ഭൌതികസാഹചര്യങ്ങളിലും സാംസ്കാരികസാഹചര്യങ്ങളിലും മുന്‍പന്തിയിലുള്ളവരാണു് ഇവിടേയ്ക്ക്‌ വന്നുചേര്‍ന്നു‍കൊണ്ടിരുന്നതു്‌. പെറുക്കിത്തിന്നു‍നടന്നവരുടെ ഇടയിലേക്ക്‌ ഇരുമ്പായുധം ഉള്ളവരും, വാളുള്ളവരുടെ അടുത്തേക്ക്‌ തോക്കുള്ളവരും, ആദിമനിവാസികളുടെ ലോകത്തേക്ക്‌ പരിഷ്കാരികളും, കൌപീനധാരികളുടെ ഇടയിലേക്ക്‌ മുണ്ടുടുത്തവരും, അവരുടെ ഇടയിലേക്ക്‌ കൂടുതല്‍ പരിഷ്കൃതമായ, അതായതു് കൂടുതല്‍ മാനുഷികമായ ഇടപെടലുകളും പ്രോസസ്സുകളും നടന്നിട്ടു‍ള്ള പുതുവസ്ത്രധാരികളും, എഴുത്തില്ലാത്തിടത്തേക്കു് എഴുത്തുള്ളവരും, ഫോക്‍ കലകളുടെ ഇടയിലേക്ക്‌ ചിട്ടപ്പെട്ട സാഹിത്യവും ആരാധനാരീതികളും ഒക്കെയുള്ള ജനതകളും വന്നു ചേരുകയായിരുന്നു‍. ദാരുകന്‍ കാളിയുടെ ഇരുമ്പിനുമുമ്പില്‍ നിസ്തേജനാവുന്നതു് മിത്തില്‍ നാം കാണുന്നു‍. പില്‍ക്കാലത്തു്, മലബാറിലെ സവര്‍ണ്ണ ജന്മിമാര്‍ ടിപ്പുവിന്റെ പടയോട്ടത്തിനുമുമ്പില്‍ അപഹാസ്യര്യായി.

സാംസ്കാരികത്തനിമകള്‍ തകരുന്ന സമന്വയപ്രക്രിയയാണു് ചരിത്രത്തിലുള്ളതു് എന്നു് കാണിക്കുവാന്‍ മാത്രമാണു് ഇതൊക്കെ ഇവിടെ പറഞ്ഞതു്. ഈ സാംസ്കാരികസങ്കലനപ്രക്രിയ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. സ്വത്വബോധവും അപരബോധവും ചേര്‍ന്നുണ്ടാക്കുന്ന പ്രതിസന്ധികള്‍ പല തിരയിളക്കങ്ങള്‍ക്കും കാരണമാകുന്നു‍. താരതമ്യവിചാരങ്ങളാല്‍ അപകര്‍ഷബോധം പഴയ ജനതയെ ആവേശിച്ചിരുന്നി‍രിക്കണം. ഇത്‌ വാസ്തവത്തില്‍, പരിമിതികളെക്കുറിച്ചുള്ള ബോധമാണു്. പുതുമകളുടെ സ്വീകാരത്തെ പ്രോത്സാഹിപ്പിച്ച ഒരു പ്രധാനഘടകം ഈ അപകര്‍ഷബോധത്തെ മറികടക്കുവാനുള്ള ഇച്ഛകൂടിയായിരിക്കണം. എന്തായാലും ഓരോ സാംസ്കാരികസമാഗവും പരിഷ്കാരത്തിന്റെ ഉയര്‍പടികളിലേക്കായിരുന്നു‍ നയിച്ചതു്‌. സ്വത്വബോധത്തിലേക്കു കുറുകുവാനും ചുരുങ്ങിക്കൂടുവാനല്ല, പരിമിതികളെ മറികടക്കാനാണു് ശ്രമമുണ്ടായതു്‌.

ഇത്തരം ശ്രമങ്ങള്‍ വ്യാപകമായ ഒരു നീക്കമായിത്തീര്‍ന്നതു് സംസ്കൃതവുമായുള്ള അഭിമുഖീകരണഘട്ടത്തിലായിരുന്നു‍. ഇതാണു് നമ്മുടെ ചരിത്രത്തിലെ ഒന്നാം നവോത്ഥാനത്തിനു് കളമൊരുക്കിയതു്‌. തമിഴ്‌സാഹിത്യപാരമ്പര്യത്തില്‍നിന്നു് കുതറിമാറാന്‍ ഭാഷയെ നിര്‍ബ്ബന്ധിതമാക്കുന്ന മട്ടി‍ല്‍ സംസ്കൃതം, (എഴുത്തും വായനയും സാഹിതീയസമ്പര്‍ക്കവുമുള്ള ജനവിഭാഗങ്ങളിലെങ്കിലും) പ്രഭാവം ചെലുത്തിവന്നു. ആ പ്രേരണയിലാണു് പാട്ടു‍കെട്ടു് ദ്രവിഡസംഘാതത്തെയും മറ്റുനിയമങ്ങളെയും ഉപേക്ഷിക്കുന്ന സാഹിതീയപരിണാമങ്ങള്‍ നടന്നത്‌. സമ്പന്നം എന്നുകണ്ട സംസ്കൃതത്തെ അവര്‍ സ്വീകരിക്കാവുന്നത്ര സ്വീകരിച്ചു. അതിഖരവും മൃദുവും ഘോഷവും ഭാഷയുടേതായി. വാമൊഴിയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഈ മാറ്റത്തെ വരമൊഴിയും പിന്തുടര്‍ന്നു‍. സാഹിത്യചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നതുപോലെ കൂത്തിലാകാം അതിനു തുടക്കം. അതിനെ നാണംകെട്ട ഒരേര്‍പ്പാടായി കണ്ടു കളിയാക്കിയ കാലമുണ്ടായിരുന്നി‍രിക്കണം. ഇക്കാലത്തു് ഭാഷ മലിനപ്പെടുത്തുന്നു‍വെന്നു് പറഞ്ഞു് ഇംഗ്ലീഷ്‌ മിശ്രണത്തെ അപഹസിക്കുന്നതുപോലെ. പക്ഷേ കാലം ഈ മിശ്രണത്തിന്റെ വഴിയിലൂടെയാണു് സഞ്ചരിച്ചതു്‌. കവികള്‍ക്കു് അതിനെതിരെ പുറം തിരിഞ്ഞുനില്‍ക്കാനായില്ല. അവര്‍ ഖേദിച്ചുകൊണ്ടാണെങ്കിലും ആ വഴിയിലൂടെ മുന്നോട്ടു‍പോയി. വാക്കിലും ഉള്ളടക്കത്തിലും ഒരു സിന്തസിസില്‍ എത്തിച്ചേര്‍ന്നു. അതു പൂര്‍ത്തീകരിച്ചതു് ചെറുശ്ശേരിയിലും എഴുത്തച്ഛനിലും നമ്പ്യാരിലുമൊക്കെയായിരുന്നു‍.

പ്രാദേശികമായ വാമൊഴികളുടെയും മിത്തോളജിക്കും മേല്‍ കേരളത്തോളം വളര്‍ന്ന മാനകമലയാളവും ഐതിഹാസികമായ മിത്തോളജിയും വിന്യസിച്ചു കൊണ്ടു് മലയാളിക്കു് പുതിയ മനോമണ്ഡലം തീര്‍ത്ത ഈ പ്രക്രിയയെ നവോത്ഥാനം എന്നു് വിളിക്കുന്നതില്‍ അപാകതയില്ല. കാരണം കേവലമായ പരിഷ്കാരത്തിനപ്പുറത്തു് സാംസ്കാരികമായ സിന്തസിസില്‍ എത്തിപ്പെട്ട സങ്കലനമായിരുന്നു‍ അവിടെ സംഭവിച്ചതു്‌. പുതിയ സംസ്കാരത്തിന്റെ സൃഷ്ടിയാണു് ഈ പ്രക്രിയയില്‍ അന്തര്‍ഭവിച്ചതു്‌. മലയാളം ഒരു സാംസ്കാരികമേഖലയായി, ഭാഷാദേശീയതയായി, പുതിയ സ്വത്വമണ്ഡലമായി പരിണമിക്കുവാന്‍ അതു് ഇടയാക്കി. യൂറോപ്പിലെ നവോത്ഥാനത്തില്‍ പ്രാദേശികഭാഷകള്‍ ദേശീയസംസ്കാരത്തിന്റെ അടിത്തറയായി പരിണമിച്ചതിനു സദൃശമാണു് ഇവിടെ സംഭവിച്ച കാര്യങ്ങള്‍. യൂറോപ്പില്‍ നടന്ന നവോത്ഥാനം മാനവികവിജ്ഞാനത്തിന്റെയും കലയുടെയും വികാസമായിരുന്നു‍. ഗ്രീക്ക്‌ വിജ്ഞാനത്തിന്റെയും മിത്തോളജിയുടെയും സ്വീകാരവും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു‍. ഇതൊക്കെച്ചേര്‍ന്നു് പ്രാദേശികഭാഷകളുടെ വികാസവും സംഭവിച്ചു. ഇവിടെ ഐതിഹാസികപാരമ്പര്യത്തെ ആത്മീയമായ പരിവേഷത്തോടെ സ്വീകരിക്കലായി എന്ന വ്യത്യാസമുണ്ടു്. ലൌകികസാഹിത്യം ഭാഷാസ്വരൂപനിര്‍ണ്ണയനത്തിന്റെ ആദിമദശയിലുണ്ടായി വന്നിരുന്നുവെന്നതു് മറക്കുന്നി‍ല്ല. വ്യത്യാസങ്ങള്‍ പരിഗണിച്ചു്‌, ഇവിടെയുണ്ടായ പരിവര്‍ത്തനത്തെ നവോത്ഥാനം എന്നു‍ വിശേഷിപ്പിക്കാന്‍ പാടില്ല എന്നു് വാദിക്കുന്നവരുണ്ടാകാം. അതു റിനെസാന്‍സ്‌, ഇതു നവോത്ഥാനം എന്നു‍ പറയുകയേ നിര്‍വ്വാഹമുള്ളൂ. രണ്ടിനും പൊതുവായ പലതുമുണ്ട്‌ എന്നു‍ മാത്രം.

കവികളായിരുന്നു‍ ഈ നവോത്ഥാനത്തെ നയിച്ചത്‌. ദേശീയോദ്ഗ്രഥനത്തിന്റെ ആദിമനായകന്മാരായി അവര്‍. ദ്രാവിഡമായ വാമൊഴിഭേദങ്ങള്‍, ഫോക്‍സ്മരണകള്‍, ദേവതകള്‍, ഐതിഹ്യങ്ങള്‍ തുടങ്ങിയവകൊണ്ട്‌ ചെറു കൂട്ടാ‍യ്മകളായി അതിരിട്ടുനിന്ന ജനതകളെ സംസ്കൃതത്തെ മുന്‍നിര്‍ത്തി മാനകീകരിക്കുകയും പ്രാദേശികഗാനപാരമ്പര്യങ്ങളിലൂന്നി‍ ഇതിഹാസമിത്തോളജിയിലേക്കു്‌ കുത്തനെ ഉയര്‍ത്തുകയുമാണു് ചെയ്തതെന്നു്‌ ഈ കവികളുടെ സഫലമായ യത്നങ്ങളെ മുന്‍നിര്‍ത്തി വിചാരിക്കാവുന്നതാണു്‌. വാമൊഴിപ്രാദേശികതയില്‍നിന്നു്‌ ഭാഷാദേശീയതയിലേക്കും സാംസ്കാരികദേശീയതയിലേക്കും ജനതകള്‍ കൂട്ടി‍യിണക്കപ്പെട്ടു‍. കേരളം ഇന്ത്യയില്‍ ചേര്‍ക്കപ്പെട്ടു‍. കേരളം മാത്രമല്ല, ഇന്ത്യയിലെ പ്രദേശങ്ങളെയാകെ കൂട്ടി‍ക്കെട്ടി‍യ ഒരു പ്രോസസ്സായിരുന്നു‍ അക്കാലത്തുണ്ടായതു്. മലയാളത്തെ സംബന്ധിച്ചിടത്തോളം ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പര്യാപ്തമായ ഒരു മാനകഭാഷയുടെ അടിത്തറ രുപപ്പെട്ടുവന്നു. മലയാളിയുടെ ഭാഷാബോദ്ധ്യങ്ങളെ അതു തൃപ്തിപ്പെടുത്തുന്നു‍ണ്ടായിരുന്നു‍. സമ്പമായ സംസ്കൃതത്തിനു മുമ്പില്‍ അപകര്‍ഷമെന്ന പ്രതീതിയുണ്ടായ, അസഭ്യവും അശ്ലീലവുമായി അവമതിപ്പെട്ട പദാംശങ്ങളെയാകെ പുറന്തള്ളിയുണ്ടാക്കിയ ഈ ഭാഷ സഭ്യവും മാന്യവും ആധികാരികവുമായി മലയാളിക്കു് അനുഭവപ്പെട്ടു‍. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പ്രകീര്‍ത്തനത്തില്‍ എഴുത്തച്ഛനില്‍ സഫലമായ ഭാഷയുടെ ഇത്തരം മാനങ്ങളെയാകെ ആദരിക്കപ്പെടുന്നു‍ണ്ടു്‌.

ഇങ്ങനെ സാമാന്യമായി പറയാമെങ്കിലും ഈ പുതുക്കിയ ഭാഷ എന്തിനും പോരുമെന്ന വിശ്വാസം എഴുത്തച്ഛനുപോലും ഇല്ലായിരുന്നു‍. തത്വചിന്താപരമായ ഭഗവദ്ഗീതയെ വിശദമായി വിവര്‍ത്തനം ചെയ്യാന്‍ മടിച്ചതിനുപിന്നി‍ല്‍ ഈ മനസ്സു പ്രവര്‍ത്തിച്ചിരുന്നു‍വോ എന്നു‍ സംശയിക്കണം. നാരായണഗുരുവിനെയും ബ്രഹ്മാനന്ദശിവയോഗിയെയും പോലുള്ളവരുടെ ചില യത്നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തത്ത്വവിചാരം പോലുള്ള വിശേഷവ്യവഹാരങ്ങള്‍ കാര്യമായി മലയാളത്തിലുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്‌. കേരളഭാഷാഭിമാനിയായ ആചാര്യന്റെ ലീലാതിലകം എന്ന ശാസ്ത്രകൃതി സംസ്കൃതത്തിലാണു് രചിക്കപ്പെട്ടതു് എന്നതും ഓര്‍ക്കുക. ഇതൊക്കെ നമ്മുടെ ഭാഷയുടെ ഇല്ലായ്മകളായി തുടരുന്നു‍ണ്ടു്‌. ഭാവനയ്ക്കു സഞ്ചരിക്കാന്‍ പര്യാപ്തമായ ഭാഷയാണ്‌ ഒന്നാം നവോത്ഥാനമെന്നു് ഇവിടെ വിശേഷിപ്പിക്കുന്ന ആവിഷ്കാരചലനങ്ങളിലൂടെ ഉണ്ടായിവന്നതു് എന്നു് ചുരുക്കം. അതിനെ അടിത്തറയാക്കി ശാസ്ത്രത്തിന്റെയും തത്വവിചാരത്തിന്റെയും സംവാദങ്ങള്‍ ഇവിടെ ഉണ്ടാകേണ്ടിയിരുന്നു‍. ആധുനികമായ ഒരു ഭാഷ എന്ന നിലയില്‍ അഭിമാനത്തോടെ സ്വീകരിക്കുവാന്‍ ഇത്തരമൊരു പരിവര്‍ത്തനം അനിവാര്യമായിരുന്നു‍. എന്നാ‍ല്‍ അതുണ്ടായില്ല.

ശാസ്ത്രത്തിന്റെയും ആധുനികവിജ്ഞാനത്തിന്റെയും ഭാഷയായിട്ടായിരുന്നു‍ പില്‍ക്കാലത്ത്‌ ഇംഗ്ലീഷ്‌ കടന്നുവന്നതു്‌. കോളണീകരണത്തിന്റെയും ഭാഷയായിരുന്നു‍വെങ്കിലും അതിന്റെ വിജ്ഞാനപാരമ്പര്യത്തെ മലയാളി ആദരവോടെ കണ്ടു. ആധികാരികതയെ അനുഭവിച്ചു. റാം മോഹന്‍ എന്ന ബംഗാളി നിരൂപിച്ചതുപോലെ (ആധുനികതയിലേക്കുള്ള) വിമോചനം ഇംഗ്ലീഷിലൂടെയാണു് മലയാളിയും കണ്ടതു്. ഇംഗ്ലീഷ്‌ വിജ്ഞാനത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഷയായാണു് മലയാളി അനുഭവിച്ചതു്‌. ആധുനികതയിലേക്കു് പ്രവേശിക്കുവാന്‍, അന്തര്‍ദേശീയതയിലേക്കു പ്രവേശിക്കുവാന്‍ നമുക്കു വിധി വെച്ചുനീട്ടി‍യ അവസരമായിരുന്നു‍ അതു്‌. ഈ വസ്തുതയാണു് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യത്തിനു മുഖ്യമായ നിദാനം. ഇതു് പലപാടു് വികസിച്ചു് മലയാളികളെ മലയാളവിരുദ്ധരാക്കിത്തീര്‍ക്കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കു് എത്തിച്ചിരിക്കുന്നു‍ എന്നതാണു് ശ്രദ്ധിക്കേണ്ട സംഗതി. മലയാളം വേണം എന്നു‍ പറയുമ്പോഴും ഇംഗ്ലിഷ്‌ ശരണം മലയാളിയുടെ മനസ്സു പറയുന്നു‍.

അച്യുത്ശങ്കറിനെപ്പോലെ മലയാളത്തെ സ്നേഹിക്കുന്ന, മലയാളത്തിന്റെ ഭാവിയില്‍ ഉല്‍ക്കണ്ഠപ്പെടുന്ന ആളുകള്‍ പോലും ഇക്കാര്യം തുറന്നു രേഖപ്പെടുത്തുന്നു‍ണ്ടു്‌. മലയാളത്തിന്റെ രൂപം മാറുന്നതിനെക്കുറിച്ചു് അപ്പോഴും അദ്ദേഹം വേവലാതിപ്പെടുകയും ചെയ്യുന്നു‍. ഈ ഉഭയഭാവം മലയാളിയെ കുഴക്കുന്നു‍. രൂപവും ഭാവവും മാറാതെ ഈ ഭാഷയ്ക്കു മുന്നോട്ടുപോകാനാവില്ല. ഇതിനര്‍ത്ഥം മലയാളം മരിക്കുമെന്നല്ല. മാധ്യമങ്ങളും എഴുത്തുകാരും പ്രസാധകരും രാഷ്ട്രീയപ്രവര്‍ത്തകരും സാംസ്കാരികപ്രവര്‍ത്തകരും ആത്മീയപ്രവര്‍ത്തകരും ചേര്‍ന്നു്‍ മലയാളത്തെ നിലനിര്‍ത്തുക തന്നെ‍ ചെയ്യും. അതില്‍ സാദ്ധ്യമായ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കും. എന്നാ‍ല്‍ ഈ തുമ്പിയെക്കൊണ്ടു് ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും ഭാരം ചുമപ്പിക്കാന്‍ കഴിയുകയില്ലെന്നു മാത്രം. ശാസ്ത്രത്തിനും അക്കാദമിക്‍ വ്യവഹാരത്തിനും ഉതകുന്ന മട്ടി‍ല്‍ ഭാഷ സമ്പന്നമാകുന്ന തരത്തില്‍ സര്‍ഗ്ഗാത്മകയത്നങ്ങള്‍ ഉണ്ടായാലേ അതു സാധിക്കുകയുള്ളൂ. അതിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുകയാണ്‌ ആവശ്യം. പകരം നമ്മുടെ ഭാഷ എന്തിനും പോരുതാണെന്നു്‍ ചിന്തിക്കുന്നതില്‍ കഴമ്പില്ല. ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ഭാഷാരീതിയും ഉള്ളടക്കവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു‍. രാജരാജവര്‍മ്മ നിര്‍ദ്ദേശിച്ചതുപോലെ ശാസ്ത്രജ്ഞന്മാര്‍ ഭാഷയില്‍ തങ്ങള്‍ക്കറിയാവുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും ജനങ്ങള്‍ക്കും വിദ്യാതല്പരന്മാര്‍ക്കു് സ്വീകാര്യമായ ശാസ്ത്രഭാഷ സൃഷ്ടിക്കുകയും ചെയ്യണം.

ശാസ്ത്രഭാഷ രൂപപ്പെടണമെങ്കില്‍ നമ്മുടെ വാമൊഴിയിലുണ്ടായ പരിണാമത്തെ പിന്തുടരുകയായിരുന്നു‍ വേണ്ടതു്‌. കാരണം, അതു് നമ്മുടെ ഭാഷാമനോഭാവത്തിനനുസൃതമായാണു് വളര്‍ന്നു‍വരുന്നതു് എന്നതു തന്നെ ‍. ഇംഗ്ലിഷിനെ അന്യമായി കാണുതിനു പകരം പ്രചോദനവും ശക്തിദായകമായ പ്രഭവവുമായി കാണുകയായിരുന്നു‍ അവിടെ. എന്നാ‍ല്‍ ഇതൊന്നും സംഭവിച്ചില്ല. ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോരുന്നവരാരും തന്നെ ‍ ശാസ്ത്രപ്രതിപാദനത്തിനു മലയാളത്തെ ഉപയോഗപ്പെടുത്തുക പോലും ചെയ്യുന്നി‍ല്ല. ശാസ്ത്രം നമ്മുടെ ഭാഷയിലെ ഒരു വ്യവഹാരമായി വന്നതേയില്ല എന്നതാണു് യാഥാര്‍ത്ഥ്യം. മലയാളം ആധുനികമായ ഒരു ഭാഷയല്ലെന്നു് കരുതുവാന്‍ പ്രേരിതരാന്നവുതിന്റെ അടിസ്ഥാനമിതാണു്. സംസ്കൃതത്തിലെഴുതുവാന്‍ കഴിയുമ്പോഴും, അരക്കവിയായി ഇരുന്നു‍കൊള്ളാം എന്നു കരുതി അല്പം ഭാഷ പ്രയോഗിച്ച പുനം നമ്പൂതിരിയും, ഭാഷാമിശ്രമിതെന്റികഴാതെ എന്നു‍ ഖേദിച്ചുകൊണ്ട്‌ മിശ്രഭാഷയിലെഴുതാന്‍ തയ്യാറായ കണ്ണശ്ശനും നടത്തിയ മട്ടി‍ലുള്ള സാഹസികയാത്രകള്‍ ഉണ്ടാവുന്നി‍ല്ല. എന്നി‍ട്ടു‍വേണ്ടേ ശാസ്ത്രത്തിന്റെ എഴുത്തച്ഛന്മാരുണ്ടാകാന്‍?

ഇംഗ്ലീഷ്‌ നമ്മുടെ ഭാഷയുമായി സമ്പര്‍ക്കത്തിലായ കാലത്ത്‌ സര്‍ഗ്ഗാത്മകമായ ചുവടുവെയ്പുകള്‍ ഉണ്ടായിവന്നിരുന്നു. നമ്മുടെ ആദ്യകാലപത്രങ്ങള്‍ പരിശോധിച്ചാല്‍ മലയാളഭാഷയുടെ ശാസ്ത്രവല്‍ക്കരണത്തിനു വലിയ ഊന്നല്‍ നല്കിയിരുന്നു‍ എന്നു‍ കാണാന്‍ കഴിയും. മലയാളത്തില്‍ നിത്യവ്യവഹാരത്തിലുള്ള ഭാഷയില്‍ ശാസ്ത്രീയമായ വിഷയങ്ങള്‍ പ്രതിപാദിക്കാനായിരുന്നു‍ അന്നു‍ നടന്ന പരിശ്രമങ്ങള്‍. നമ്മുടെ അനുഭവപരിസരത്തേയ്ക്ക്‌ ആധുനികവിജ്ഞാനം അടുപ്പിക്കുതായിരുന്നു‍ ഈ നീക്കം. എന്നാ‍ല്‍ പിന്നീ‍ട്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടന്ന യത്നങ്ങള്‍ ആ വഴിയില്‍നിന്നു്‍ വ്യതിചലിക്കുകയാണുണ്ടായതു്. പാശ്ചാത്യഭാഷയെയും സംസ്കാരത്തെയും വാമൊഴിയിലും സാധാരണജീവിതത്തിലും സ്വാംശീകരിക്കുന്ന രീതി ശ്രദ്ധിച്ചിരുന്നു‍വെങ്കില്‍ അതിനനുസൃതമായ ഒരു രീതി കരുപ്പിടിപ്പിച്ചുകൊണ്ട്‌ പാശ്ചാത്യമായ വൈജ്ഞാനികസംസ്കാരത്തെ നമ്മുടെ ഭാഷയിലേക്കു് സമന്വയിക്കാന്‍ കഴിയുമായിരുന്നു‍. അതുണ്ടായില്ല. പകരം, അപരമായും അന്യമായും ഇംഗ്ലിഷിനെ കണ്ടും ശാസ്ത്രാധിഷ്ഠാനമില്ലാത്ത സംസ്കൃതത്തെ മുന്നി‍ല്‍ക്കണ്ടുമുള്ള നീക്കമാണു് ഉണ്ടായതു്‌. ഇംഗ്ലീഷില്‍നിന്നു് ഭൂതകാലയാഥാര്‍ത്ഥ്യമായ സംസ്കൃതത്തിലേക്കു് സഞ്ചരിക്കാനാണു് പണ്ഡിതന്മാര്‍ തുനിഞ്ഞതു്‌. നമ്മുടെ സാങ്കേതികപദകോശത്തിലേക്കു് ചേര്‍ത്ത പദങ്ങള്‍ നോക്കിയാല്‍ ഇതു മനസ്സിലാകും. സംസ്കൃതത്തിന്റെ ആധികാരികസ്ഥാനം ഇംഗ്ലീഷ്‌ കൈവശപ്പെടുത്തിയ കാലത്തു് നടത്തിയ ഈ പരിപാടി ഒട്ടുംതന്നെ കാലോചിതമല്ലെന്നു് മനസ്സിലാക്കിയില്ല. വാസ്തവത്തില്‍ പരിചിതമായ മലയാളപദമോ ഇംഗ്ലീഷ്‌ സാങ്കേതികപദം അങ്ങനെ തന്നെ‍യോ സ്വീകരിക്കുകയായിരുന്നു‍ ഉചിതം. വാമൊഴിയില്‍ അങ്ങനെയാണു് സംഭവിക്കുന്നതെന്നോര്‍ക്കുക. അവയുടെ രൂപാന്തരങ്ങള്‍ സൃഷ്ടിക്കുവാന്‍ വിഷമമാണു് എന്നു് ചില ഭാഷാപണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടാ‍റുണ്ടു്‌. രൂപാന്തരങ്ങള്‍ സഹിതം സ്വീകരിക്കുന്നതില്‍ യാതൊരു തകരാറുമില്ല എന്നു‍ നമ്മുടെ ശാസ്ത്രവാമൊഴി കാണിച്ചുതരുന്നു‍ണ്ടു് എന്ന യാഥാര്‍ത്ഥ്യമാണു് അവരെ ഓര്‍മ്മിപ്പിക്കുവാനുള്ളതു്‌.

വൈജ്ഞാനികമായി ദരിദ്രമായി മലയാളം തുടരുവാനാണു് സര്‍ക്കാര്‍ സംരക്ഷണയില്‍ വളര്‍ന്ന ശാസ്ത്രഭാഷാനിര്‍മ്മാണയൂണിറ്റുകള്‍ നടത്തിയ യാഥാര്‍ത്ഥ്യബോധമില്ലാത്ത പരിശ്രമങ്ങള്‍ സഹായിച്ചതു് എന്ന കാര്യമാണു് ഇവിടെ സൂചിപ്പിക്കുന്നതു്‌. അതുകൊണ്ട്‌ ശാസ്ത്രീയമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാവുന്ന ഒരു രജിസ്റ്റര്‍ ഉണ്ടായിവില്ല. ഈ പരിമിതിയെ മറികടക്കാനും ഭാഷയെ സമ്പന്നമാക്കാനും കഴിയുമ്പോള്‍ മാത്രമേ മലയാളം മലയാളിക്കു് അഭിമാനകരമായ ഒരു നില കൈവരിക്കുകയുള്ളൂ. ഇതു് എളുപ്പമുള്ള കാര്യമല്ല. കാരണം, നമ്മുടെ വിശേഷവിനിമയമേഖലകളില്‍ ഇംഗ്ലീഷ്‌ ഇരിപ്പുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്‌. കഴിഞ്ഞ അമ്പതുവര്‍ഷക്കാലം അക്കാദമികമായ മേഖലകളില്‍ ‌ഇംഗ്ലീഷിനു് ഒരുക്കിക്കൊടുത്ത അനുകൂലസൌകര്യങ്ങള്‍ നമ്മുടെ സകല വിനിമയങ്ങളെയും പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു‍. ഇങ്ങനെ സംഭവിച്ചതുകൊണ്ടു് മലയാളഭാഷ മലയാളമനസ്സിലെന്നപോലെ മലയാളനാട്ടി‍ലും മാര്‍ജിനലൈസ്‌ ചെയ്യപ്പെട്ടു‍. സര്‍ഗ്ഗസാഹിത്യത്തിന്റെ മേഖലയിലും ഇംഗ്ലീഷ്‌ അതിന്റെ പ്രഭാവം കാണിച്ചുതുടങ്ങിയിരിക്കുന്നു‍. എന്നാ‍ല്‍, ഇതെല്ലാം ഒരു ജനത എന്ന നിലയില്‍ നമുക്കു പരിമിതികള്‍ ഉണ്ടാക്കുന്നു‍ണ്ടു് കരുതാന്‍ ന്യായമില്ല. കാരണം അത്രത്തോളം ഇംഗ്ലീഷ്‌ നമ്മുടെ ഭാഷാസാഹചര്യമായി മാറിക്കഴിഞ്ഞു. മാനകഭാഷയെപ്പോലെ മാത്രം അകലെ, ഒരു ഭാഷാഭേദമെപോലെ അടുത്താണു് അതിന്റെ നില. ഈ സാഹചര്യത്തില്‍ മലയാളത്തില്‍ത്തന്നെ‍ വേണം എല്ലാം പഠിക്കാന്‍ എന്നു‍ വാദിക്കുന്നതില്‍ കാര്യമുണ്ടു് എന്നു് തോന്നുന്ന‍ി‍ല്ല. മലയാളി മറക്കാനും മറയ്ക്കാനുമാഗ്രഹിക്കുന്ന ഒരു സ്വത്വബോധത്തിന്റെ പേരാകുന്നു‍ മലയാളം എന്നു ‍വന്നിരിക്കുന്നു‍. ഇതു് ജനതയുടെ കുറ്റമല്ല. ഭാഷാസാഹചര്യം വസ്തുയാഥാര്‍ത്ഥ്യമെന്ന നിലയില്‍ സൃഷ്ടിക്കുന്ന പ്രതീതികളും ധാരണകളുമാണു് അതിനടിയിലുള്ളതു്‌. ചരിത്രവും വര്‍ത്തമാനവുമാണു് ഈ മനോനിലയെ അനിവാര്യമാക്കുന്നതു്‌.

മലയാളത്തെ പ്രകീര്‍ത്തിക്കുവാനും ഇംഗ്ലീഷിനെ പ്രണയിക്കാനുമാണു് നമുക്കു നിയോഗം. ഈ പാപബോധസങ്കുലമായ മനോഭാവം ഒട്ടും ആരോഗ്യകരമല്ല. അച്യുത്ശങ്കര്‍ തുറന്നുപറഞ്ഞമട്ടി‍ലുള്ള ഉഭയജീവിതത്തില്‍നിന്നു് വിമുക്തരായി, ഭാഷയെക്കുറിച്ചുള്ള ആധികളില്‍നിന്നു്‍ വിമുക്തരായി നമുക്കു സ്വാതന്ത്ര്യത്തോടെ ജീവിക്കാം. അതാണു് നമ്മുടെ ഭാഷാബോധം നമ്മോടു് ആവശ്യപ്പെടുന്നതു്‌. അതല്ല, വികസിതമായ ഒരു ഭാഷാദേശീയതയായി വളരണം എന്നുണ്ടെങ്കില്‍ നമ്മുടെ ഭാഷാസാഹചര്യത്തെ പരിവര്‍ത്തിപ്പിക്കുവാന്‍ കഴിയണം. അതില്‍ ആദ്യത്തേതു് ഭരണഭാഷയുടെ മേഖലയാണു്‌. മലയാളമനസ്സ്‌ മലയാളത്തെ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഇടമാണതു്‌. ഭരണഭാഷ മലയാളമാക്കുന്നതു് ആ നിലയില്‍ സ്വാഗതാര്‍ഹമായ കാര്യമാണു്‌. ഇംഗ്ലീഷിനെ അധികാരത്തിന്റെ ഭാഷ എന്ന നിലയില്‍നിന്നു് പടിയിറക്കുവാനും ഈ ചുവടുവെപ്പു് സഹായിച്ചേക്കും. എന്നാ‍ല്‍ അതിനുപയോഗിക്കുന്ന ഭാഷാരീതികളിലും മുമ്പു പറഞ്ഞ മട്ടി‍ലുള്ള അനുചിതമായ പ്രവണതകള്‍ക്കാണു് മുന്‍തൂക്കം. ഇംഗ്ലീഷ്‌ പദാംശങ്ങളുടെ സ്ഥാനത്തു് നിഘണ്ഡുവില്‍ മാത്രം ജീവിക്കുന്ന സംസ്കൃതപദങ്ങളാണു് എടുത്തുവെയ്ക്കുന്നതു്‌. ഇതു മാറിയേ തീരൂ. നിത്യവ്യവഹാരത്തിലുള്ള മലയാളപദങ്ങളുപയോഗിച്ചുള്ള ഒരു ലളിതമായ ശൈലി രൂപപ്പെടുത്താന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു‍. പരിചിതമായ ഇംഗ്ലീഷ്‌ പദങ്ങള്‍ അതേപടി സ്വീകരിക്കുവാനും മടിച്ചുകൂടാ. ഇംഗ്ലീഷിനെ അശുദ്ധം എന്നു കാണുന്ന സമീപനം ഉപകാരപ്പെടുകയില്ല. ഭാഷയുടെ ആധുനികീകരണവിഷയത്തില്‍ പരിചിതമായ ഇംഗ്ലീഷിനെത്തയൊണു് പ്രയോജനപ്പെടുത്തേണ്ടതു്.

ശാസ്ത്രസാങ്കേതികമേഖലയിലും ഇംഗ്ലീഷിനെ വിരുദ്ധകോടിയില്‍ നിര്‍ത്തിക്കൊണ്ട്‌ മുന്നോട്ടു‍പോവുക അസാദ്ധ്യമാണു്‌. ഇംഗ്ലീഷിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള സംവാദവും ഭാഷാസമന്വയവും സാദ്ധ്യമാക്കുകയാണു് ആവശ്യം. കേള്‍വിയില്‍ മലയാളമെന്ന പ്രതീതിയും ആംഗലത്തിന്റെ വൈജ്ഞാനികസംസ്കാരം സന്നിഹിതവുമായ ഒരു പുതുമലയാണ്മയുടെ സാക്ഷാത്കാരമാകണം ലക്ഷ്യം. ഈ ദൌത്യം നിര്‍വ്വഹിക്കാന്‍ മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ആളുകളുണ്ടാവുമോ എന്നതാണു് ചോദ്യം. അതുണ്ടായാല്‍ മാത്രമേ വൈജ്ഞാനികമാദ്ധ്യമമെന്ന നിലയില്‍ മലയാളത്തിനു പ്രസക്തിയും ഭാവിയുമുണ്ടാവുകയുള്ളൂ. ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതു് മുഖ്യമായും നമ്മുടെ ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണു്‌. അവര്‍ മലയാളത്തില്‍ സജീവമായി വിനിമയമാരംഭിക്കുന്നതോടെ അടിച്ചേല്പിക്കല്‍ കൂടാതെ തന്നെ‍ മലയാളി മലയാളത്തിലേക്കു മടങ്ങിവന്നേക്കും. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഭാഷ കൈകാര്യം ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ മുന്നി‍ല്‍ നടക്കുന്നു‍ണ്ടു്‌. ശുദ്ധിവാദത്തിന്റെയും തനിമാസങ്കല്പങ്ങളുടെയും കുരുക്കില്‍പ്പെടാതെ സ്വാതന്ത്ര്യബോധത്തോടെ അവര്‍ ഭാഷ കൈകാര്യം ചെയ്യുന്നു‍. മലയാളത്തിന്റെ ആധുനികീകരണത്തെ വിപ്ലവകരമായ പരിപൂര്‍ത്തിയിലെത്തിക്കുക അവരുടെ പിന്‍മുറക്കാരാകും.

അവലംബം:
1.രാജരാജവര്‍മ്മ,എ.ആര്‍, സാഹിത്യസാഹ്യം, കേരളസാഹിത്യഅക്കാദമി.
2.ജനപഥം,നവംബര്‍ 2008, 40/11
3.പവിത്രന്‍ പി. മലയാളം സര്‍വ്വകലാശാല എന്തിന്‌?

Subscribe Tharjani |