തര്‍ജ്ജനി

പുനര്‍ജനി

പിന്നിട്ട കാലവും ലോകവും കാഴ്‌ചയും
സാന്ത്വനതീരവും സ്നേഹാക്ഷരങ്ങളും
വാക്കും വിരക്തിയും വിരഹസ്മൃതികളും
തെല്ലും കുസൃതിത്തരങ്ങള്‍ വികൃതിയും
എല്ലാമടക്കിപ്പിടിച്ചും വിതുമ്പിയും
മെല്ലെച്ചിണുങ്ങിക്കരഞ്ഞും ചിരിച്ചും
തട്ടിയുടച്ചു തകര്‍ത്തലതല്ലുന്ന
തോര്‍മ്മകള്‍ വെമ്പിപ്പറന്നുമുന്നേറുന്ന
തീ, യിടംനെഞ്ചില്‍, നോവുകള്‍
കല്ലാക്കിമാറ്റിയോരീ കരള്‍ഭിത്തിയില്‍

സ്മരണകള്‍ക്കപ്പുറം...
ബോധം നനുത്തുപെയ്യുന്ന കോണില്‍
കണ്ണീര്‍ ചുവയുള്ള സമയഭേദത്തിനുമപ്പുറം
തീക്കാറ്റുതിര്‍ക്കുമീ പൊരിമണലിനപ്പുറം
മൃതിപോലെ ചൂഴും തണുക്കാറ്റിനപ്പുറം
എരിയുന്ന പകലുകള്‍ക്കപ്പുറം നീളുന്ന
ശീതക്കൊടും വാള്‍ത്തലപ്പിന്നുമപ്പുറം
ഏതൊ മധുരക്കിനാവിന്റെയൂഞ്ഞാലി
ലാരോ സ്വയമലി,ഞ്ഞീണത്തില്‍ മൂളുന്ന
താരാട്ടുപാട്ടൊന്നു കേള്‍ക്കുന്നുവോ...
കനവിലുണരുന്നുവോ
കാത്തിരിപ്പിന്‍ വഴിച്ചിത്രദൈന്യമായ്‌
നാലുകുരുന്നുമിഴികള്‍,ചടുലമായ്‌
നെഞ്ചകത്തെന്നും വിരിഞ്ഞുല്ലസിക്കുമാ
പുഞ്ചിരിപ്പൂവുകള്‍, പിഞ്ചുകാല്‍വെപ്പുകള്‍
വന്യമെന്‍ ജോലിത്തിരക്കില്‍,തളര്‍ച്ചയില്‍
അന്യമായ്‌തീരുന്ന കൊഞ്ചലിന്‍ മുത്തുകള്‍

ഞാനുമൊരച്ഛന്‍, കുടുംബം പുലര്‍ത്തുവാന്‍
നാലെട്ടുകാശിനുവെണ്ടി, കരളിലെ
മോഹങ്ങളും, ലോലഭാവങ്ങളും കടല്‍
പോലെ തുടിക്കുന്ന വാത്സല്യവും
എല്ലാമൊതുക്കിപ്പൊതിഞ്ഞ മാറാപ്പെടു
ത്തുള്ളിന്റെയേതോ അടഞ്ഞകോണില്‍
ആരെയും കാട്ടാതെ,യാരും തുറക്കാതെ
മൌനത്തില്‍ സാക്ഷ വലിച്ചടച്ച്‌
അകമേ കരഞ്ഞും പുറമേ നടിച്ചും
മരുഭൂവിലേറെ വിയര്‍പ്പുചിന്തി
അവിടത്തെയന്നം ഭുജിച്ചും
പ്രിയപ്പെട്ടതൊക്കെ ത്യജിച്ചും
പാതിമൃതനായി നീങ്ങവേ...

അപ്പുറത്തിന്നാ ദിവാസ്വപ്നസൌഖം
തിരിച്ചുതരുന്നെനി
ക്കൊരുവേള ഹ്യദയം കൊതിപ്പതും
ജീവനമൃതമായ്‌എന്നും ഗണിപ്പതും
(ഞാന്‍ അമരന്‍, അജയ്യന്‍, ആയെന്ന്‌ ശേഷം)

രാജലക്ഷമി ഹേമചന്ദ്രന്‍, കണ്ണൂര്‍