തര്‍ജ്ജനി

സൌന്ദര്യം എന്ന അവസ്ഥ

മനുഷ്യര്‍, മൃഗങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ മുതലായവ സ്വഭാവിക വസ്തുക്കളെയും ഫാക്ടറികള്‍, തുണികള്‍, സോദ്ദേശകലാസൃഷ്ടികള്‍ മുതലായ മനുഷ്യനിര്‍മ്മിത വസ്തുക്കളെയും സുന്ദരമെന്നോ വിരൂപമെന്നോ സാധാരണ തരം തിരിക്കാറുണ്ട്‌. എന്നാല്‍ തരം തിരിക്കലിനുള്ള പൊതുവായ ഒരു നിയമം ആരും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഒരാള്‍ക്കു സുന്ദരമെന്നു തോന്നുന്നത്‌ മറ്റൊരാള്‍ക്കു വിരൂപം എന്നു തോന്നാം. പ്ലേറ്റോയുടെ അഭിപ്രായത്തില്‍ സുന്ദരവസ്തുക്കളില്‍നിന്ന്‌ ഓരോരുത്തനും അവനവന്റെ അഭരുചിക്കനുസരിച്ച്‌ പ്രിയപ്പെട്ടതിനെ തെരഞ്ഞെടുക്കുന്നു"

ഉദാഹരണത്തിന്‌ മനുഷ്യന്റെ കാര്യം തന്നെ എടുക്കുക. ഓരോ വര്‍ഗ്ഗത്തിനും ഒരു പരിധിവരെ ഓരോ വ്യക്തിക്കും സ്വന്തമായി പ്രത്യേക മാതൃകയുണ്ട്‌. ഈ കാര്യത്തില്‍ അന്തിമമായ അഭിപ്രായപ്പൊരുത്തത്തിന്‌ ആഗ്രഹിച്ചിട്ടുകാര്യമില്ല. മംഗോളിയന്‍ മുഖലക്ഷണങ്ങള്‍ യൂറോപ്യനോ യൂറോപ്യന്‍ മുഖച്ഛായ മംഗോളിയനോ ഇഷ്ടപ്പെടുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാനാവില്ലല്ലോ? ഓരോരുത്തര്‍ക്കും സ്വന്തം അഭിരുചിക്കു പരമാവധി വിലകല്‍പ്പിക്കാനും മറ്റുള്ളതിനെയൊക്കെ വിരൂപം എന്നുപറയാനും എളുപ്പമാണ്‌. ഒരു വീരയോദ്ധാവിന്‌ ആയുധബലം കൊണ്ട്‌ തന്റെ പ്രിയതമയാണ്‌ മറ്റാരെക്കളും സുന്ദരി എന്നു സ്ഥാപിക്കാമല്ലോ. അതുപോലെ ഓരോ വര്‍ഗ്ഗവും അവരുടെ നീതിശാസ്ത്രത്തിന്‌ വലിയ വില കല്‍പിക്കുന്നു. പക്ഷേ ഈ അവകാശവാദങ്ങളെല്ലാം മുന്‍ വിധിയോടെയുള്ളവയാണെന്ന്‌ വ്യക്തമാണ്‌. കാരണം ഏതുവര്‍ഗ്ഗത്തിന്റെ മാതൃകയോ സദാചാരമാണോ നല്ലതെന്ന്‌ ആരാണ്‌ നിശ്ചയിക്കേണ്ടത്‌? നമ്മുടേതാണ്‌ നല്ലതെന്നു തീരുമാനിക്കാന്‍ വളരെ എളുപ്പമാണ്‌. നമുക്ക്‌ അതാണ്‌ നല്ലത്‌ എന്നുവിശ്വസിക്കാനുള്ള അവകാശവുമുണ്ട്‌. ഈ താരതമ്യം നന്നായി കാണുന്നത്‌ ലൈലാമജ്നു എന്ന കഥയിലെ മജ്നുവിന്റെ വാക്കുകളിലാണ്‌. ലൈല ഒട്ടും സുന്ദരിയല്ല എന്നു പറഞ്ഞവര്‍ക്ക്‌ മജ്നു നല്‍കിയ മറുപടിയിതാണ്‌: "ലൈലയുടെ സൌന്ദര്യം കാണണമെങ്കില്‍ മജ്നുവിന്റെ കണ്ണുകള്‍ വേണം..

Dance of Siva

കലാസൃഷ്ടികളുടെ കാര്യത്തിലും ഇതു വാസ്തവമാണ്‌. കലാകരന്മാക്കു പലവസ്തുക്കളില്‍ നിന്നായിരിക്കും പ്രചോദനം ലഭിക്കുന്നത്‌ ഒരാള്‍ക്ക്‌ ആകര്‍ഷകവും ഉത്തേജകവും ആയത്‌ മറ്റൊരാള്‍ക്ക്‌ മ്ലാനവും അനാകര്‍ഷകവും ആയിരിക്കും. ഈ ഇഷ്ടാനിഷ്ടങ്ങള്‍ വര്‍ഗ്ഗം അനുസരിച്ചും കാലഘട്ടം അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. കൃതികളുടെ ആസ്വാദനവും അങ്ങനെതന്നെ. കാരണം വിദ്യാഭാസം കൊണ്ടോ സ്വഭാവമനുസരിച്ചോ താത്പര്യം ഉണ്ടാകാന്‍ ഇടയുള്ളകാര്യങ്ങളേ ആളുകള്‍ സാധാരണ ഇഷ്ടപ്പെടാറുള്ളൂ. അപരിചിതമായ കലയുടെ ആത്മാവിലേക്കിറങ്ങിച്ചെല്ലാന്‍ വലിയ പരിശ്രമം വേണം. മിക്ക ആളുകളും അതിന്‌ തയ്യാറല്ല. ക്ലാസ്സിക്‌ പണ്ഡിതന്‍ ചര്‍ച്ച തുടങ്ങുന്നതുതന്നെ ഗ്രീക്കുകലയ്ക്കു തുല്യമായോ അതിനെക്കാള്‍ മികച്ചതായോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല എന്ന ഉറപ്പോടെയായിരിക്കും. ഇറ്റാലിയന്‍ ചിത്രകല നല്ലതായതുകൊണ്ട്‌ നല്ലചിത്രങ്ങളെല്ലാം ഇറ്റാലിയനായിരിക്കും എന്നുവിശ്വസിക്കുന്നവര്‍ മൈക്കലാഞ്ജലോയെപ്പോലെ അനേകം പേരുണ്ട്‌. ഈജിപ്റ്റിലെ ശില്‍പങ്ങളുടെയും ചൈനയിലെയും ഇന്ത്യയിലെയും ചിത്രകലയുടെയും സംഗീതത്തിന്റെയും കലാഭംഗി അനുഭവിച്ചിട്ടില്ലാത്ത അനേകം പേരുണ്ട്‌. അവയുടെ സൌന്ദര്യം നിഷേധിക്കാനുള്ള നിഷ്ഠുരത കൂടി ഇക്കൂട്ടര്‍ക്കുണ്ട്‌ എന്നത്‌ പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ല.

അതുപോലെ തന്നെ ചിലരചനകള്‍ സുന്ദരമാണന്ന കാര്യം വിസ്മരിക്കപ്പെടാനും ഇടയുണ്ട്‌. ഗോഥിക്‌ ശില്‍പകലയുടെയും ഇറ്റാലിയന്‍ ചിത്രകലയുടെയും സൌന്ദര്യം പതിനെട്ടാം നൂറ്റാണ്ടിലെ ആളുകള്‍ മറന്നിരുന്നു. പിന്നീട്‌ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരുവലിയ പരിശ്രമത്തിന്റെ ഫലമായാണ്‌ അവയുടെ സൌന്ദര്യത്തെക്കുറിച്ചുള്ള സ്മരണ വീണ്ടെടുക്കാന്‍ കഴിഞ്ഞത്‌. പ്രകൃതിയിലുള്ള പലവസ്തുക്കളും കലാസൃഷ്ടികളും സുന്ദരമാണെന്ന്‌ മനുഷ്യന്‍ തിരിച്ചറിയുന്നതുതന്നെ വളരെ സാവകാശത്തിലാണ്‌ പടിഞ്ഞാറന്‍ നാടുകളില്‍ മരുഭൂമിയുടെയും പര്‍വതദൃശ്യങ്ങളുടെയും സൌന്ദര്യാസ്വാദനം ആരംഭിച്ചത്‌ പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ്‌. അത്യുന്നതരായ പല കലാകാരന്മാരും അവരുടെ മരണത്തിനു വളരെ ക്കാലത്തിനുശേഷം മാത്രമാണ്‌ അംഗീകരിക്കപ്പെട്ടത്‌ എന്നകാര്യം കുപ്രസിദ്ധമാണ്‌. അങ്ങനെ മനുഷ്യരുടെ തെരഞ്ഞെടുപ്പിന്റെ വൈവിധ്യം മനസ്സിലാക്കുന്തോറും അഭിരുചികളുടെ ആപേക്ഷികത അംഗീകരിക്കാനും നാം തയ്യാറാകും.

സമ്പൂര്‍ണ്ണമായ നന്മയും പരമമായ സത്യവുംപോലെതന്നെ സമ്പൂര്‍ണ്ണമായ സൌന്ദര്യ(രസം) വും നിലനില്‍ ക്കുന്നു എന്നും വിശ്വസിക്കുന്ന ജ്ഞാനികള്‍ ഉണ്ട്‌. ഇവയും ഈശ്വരനും ഒന്നാണന്നും ഈ പരിപൂര്‍ണ്ണതകളിലൂടെ മാത്രമെ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയൂ എന്നും ഭക്തന്മാര്‍ തിരിച്ചറിയുന്നു. അതുപോലെതന്നെ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്‌ യഥാര്‍ത്ഥ നിരൂപകന്‌(രസികന്‌) ഏതൊക്കെ കൃതികള്‍ രസവത്താണന്നും ഏതൊക്കെ രസവത്തല്ലെന്നും തീരുമാനിക്കാന്‍ കഴിയും എന്നുള്ളതും - അതായത്‌ ഒരു രസികന്‌ ഉത്തമകലാസൃഷ്ടികളെ അങ്ങനെയല്ലാത്തവയില്‍ നിന്ന്‌ വേര്‍തിരിച്ചറിയാനും കഴിയും. അതേസമയം തന്നെ അഭിരുചികളുടെ ആപേക്ഷികത നാം അമഗീകരിച്ചേപറ്റൂ. എല്ലാ ദൈവങ്ങളും മനുഷ്യന്റെ രൂപത്തില്‍ ചമയ്ക്കപ്പെട്ടവരാണല്ലോ.

ഇനിയും വേണ്ടത്‌ പുറമേയ്ക്ക്‌ പൊരുത്തക്കേടുകള്‍ എന്നുതോന്നിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുകയാണ്‌ കൂടുതല്‍ കൃത്യമായ വാക്കുകള്‍ ഉപയോഗിച്ചാലേ ഇതുസാധിക്കൂ. ഞാന്‍ ഇതുവരെ സൌന്ദര്യത്തെപ്പറ്റി പറഞ്ഞത്‌ ഉദ്ദേശിച്ച അര്‍ത്ഥം നിര്‍വചിക്കാതെയാണ്‌. ഒരേ പദം പല ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയെന്നും സുന്ദരമായ കവിതയെന്നും പറയുമ്പോള്‍ നാം ഒരേ കാര്യമല്ല ഉദ്ദേശി ക്കുന്നത്‌. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ സുന്ദരമായ കാലാവസ്തയെന്നും സുന്ദരമായ ചിത്രം എന്നും പറയുമ്പോള്‍ നാം വ്യത്യസ്ത കാര്യങ്ങളെയല്ലേ ഉദ്ദേശിക്കുന്നത്‌? വാസ്തവത്തില്‍ സൌന്ദര്യം എന്ന ആശയവും സുന്ദരം എന്ന വിശേഷണ പദവും സൌന്ദര്യശാസ്ത്രത്തിന്റേതുമാത്രമാണ്‌. സൌന്ദര്യശാസ്ത്ര നിരൂപണത്തില്‍ മാത്രം ഉപയോഗിക്കേണ്ടതാണ്‌. പ്രകൃതിയിലുള്ള വസ്തുക്കളെ സുന്ദരമെന്ന്‌ പറയുമ്പോള്‍ നാം അങ്ങനെയുള്ള വിധികല്‍പനയൊന്നും നടത്താറില്ല. നാം സുന്ദരമെന്നു വിളിക്കുന്ന വസ്തുക്കള്‍ നമുക്ക്‌ പ്രയോഗികമായോ ധാര്‍മ്മികമായോ സ്വീകാര്യമാണന്നേ ഉദ്ദേശിക്കാറുള്ളൂ. കലാസൃഷ്ടികളെയും ഇതേരീതിയിലാണ്‌ വിലയിരുത്താറ്‌ പതിവ്‌. നാം ശരിക്കും അംഗീകരിക്കുന്‍ ഒരു പ്രവൃത്തിയോ രൂപമോ ചിത്രീ കരിക്കുന്നതാണങ്കില്‍, ചലനത്തിന്റെ ഭംഗികൊണ്ടോ നാദത്തിന്റെ മാധുര്യം കൊണ്ടോ, നിറത്തിന്റെ പകിട്ടോ ആര്‍ദ്രതയോകൊണ്ടോ അതു നമ്മെ ആകര്‍ ഷിക്കുകയാണങ്കില്‍ അതിനെ സുന്ദരമെന്നു വിളിക്കുന്നു. പക്ഷേ നൃത്തത്തിന്റെ ആശയത്തോടോ നര്‍ത്തകന്റെ (നര്‍ത്തകിയുടെ) വശ്യതയോടോ കഴിവിനോടോ ഉള്ള നമ്മുടെ തത്പര്യമനുസരിച്ചു നൃത്തത്തെ വിലയിരുത്തുമ്പോള്‍ ശുദ്ധ സൌന്ദര്യശാസ്ത്രത്തിന്റേതായ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരു കലാസൃഷ്ടിയെ സൌന്ദര്യശാസ്ത്രനിയമപ്രകാരം വിമര്‍ശിക്കുമ്പോഴേ സൌന്ദര്യത്തിന്റെ സാന്നിദ്ധ്യത്തെയോ അസാന്നിദ്ധ്യത്തേയോപറ്റി സംസാരിക്കാവൂ. കലാസൃഷ്ടിയെ അപ്പോള്‍ രസവത്തെന്നോ അല്ലന്നോ വിളിക്കാം പക്ഷേ , പ്രായോഗികമായോ നൈതികമായോ ആയ പ്രവര്‍ത്തനത്തിന്റെ നിലപാടില്‍ നിന്നു വിലയിരുത്തുമ്പോള്‍ അതനുസരിച്ചപദങ്ങള്‍ വേണം ഉപയോഗിക്കാന്‍. ചിത്രത്തെയോ പാട്ടിനെയോ നടനെയോപറ്റി പറയാന്‍ 'പ്രിയങ്കരം' (ഇഷ്ടപ്പെടാവുന്നത്‌) എന്നോ മറിച്ചോ നിറത്തെ ' ഉജ്ജ്വലം' ചേഷ്ടയെ മനോഗ്നജ്ഞം എന്നോ അല്ലാതെന്നോ ഉള്ള രീതിയില്‍ വിശേഷിപ്പിക്കണം. അങ്ങനെ വിവക്ഷിക്കുമ്പോള്‍ നാം ഒരു കലാസൃഷ്ടിയെ ഒന്നായിട്ടല്ല അതെന്തുകോണ്ട്‌ ഉണ്ടാക്കിയിരിക്കുന്നുവോ ആ പദാര്‍ ത്ഥത്തെയും അതിന്റെ പല ഘടകങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും അവ ആവിഷ്കരിക്കുന്ന വികാരങ്ങളെയും പ്രത്യേകമയാണ്‌ വിധിനിര്‍ണ്ണയം ചെയ്യുന്നത്‌

കലാസൃഷ്ടികളെ സ്വന്തം ഉപയോഗത്തിന്‌ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ താത്പര്യവും നീതിബോധവും ഒക്കെ നമ്മെ സ്വാധീനിച്ചേക്കാം. തന്റെ മുറിയില്‍ ഒരു നഗ്നചിത്രം തൂക്കിയിട്ട്‌ ഒരു സന്യാസി എന്തിന്‌ സ്വൈര്യക്കേട്‌ ക്ഷണിച്ചുവരുത്തണം യുദ്ധത്തിന്റെ തലേന്ന്‌ വാദ്യം വായിക്കാനായി സൈന്യാധിപന്‍ എന്തിന്‌ ഒരു താരാട്ട്‌ തിരഞ്ഞെടുക്കണം. എല്ലാ സന്യാസിമാരും എല്ലാപട്ടാളക്കാരും കലാകാരന്മാരായിക്കഴിഞ്ഞാല്‍ പിന്നെ കലസൃഷ്ടികളുടെ ആവശ്യമില്ല. അതുവരെ ഒരുവിധം നീതിനിഷ്ഠെരഞ്ഞെടുപ്പ്‌ അനുവദനീയവും ആവശ്യമുള്ളതുമാണ്‌. പക്ഷേ എന്താണുചെയ്യുന്നതെന്നു നല്ലവണ്ണം മനസ്സിലാക്കിവേണം തെരഞ്ഞെടുക്കാന്‍. എന്നാലേ എണ്ണമറ്റതെറ്റുകള്‍ ഒഴിവാകാന്‍ പറ്റൂ. പ്രയോജനകരവും ഉത്തേജകവും ധാര്‍ മ്മികവുമായ കാര്യങ്ങളാണ്‌ കലാസൃഷ്ടിയുടെ അവശ്യഘടകം എന്നു കരുതുന്ന വികാരതീവ്രതയിലേക്കുവരെ കാര്യങ്ങള്‍ എത്തിയേക്കാം. നാടകത്തിന്റെ വില്ലന്‍ വേഷം കെട്ടുന്ന ആള്‍ ചിലപ്പോള്‍ നായകവേഷക്കരനെക്കാളും നല്ല നടനായിരിക്കാം എന്നകാര്യം മറന്നുപോകരുത്‌. കാരണം മില്ലെറ്റിന്റെ സുചിന്തിതമായ അഭിപ്രായത്തില്‍ സൌന്ദര്യം ഉദിക്കുന്നത്കലാസൃഷ്ടിയുടെ പ്രതിപാദ്യത്തില്‍ നിന്നല്ല. ആ വിഷയം ആവിഷ്കരിച്ചേപറ്റൂ എന്നുള്ള ആവശ്യബോധത്തില്‍ നിന്നാണ്‌.

ഒരുകലാസൃഷ്ടിയുടെ രസവിജ്ഞാനപരമായ മേന്മ അനുസരിച്ചേ അതിനെ നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയൂ. ആശവും ഇതിവൃത്തവും മാത്രമേ താരതമ്യത്തില്‍ കുടുങ്ങികിടക്കുന്നുള്ളൂ. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഒരു കലാസൃഷ്ടി എത്രമാത്രം സുന്ദരമാണെന്നോ അല്ലങ്കില്‍ രസവത്താണന്നോ തീരുമാനിക്കുന്നത്‌ അത്‌ വെറുമൊരുചിത്രീകരണത്തിനപ്പുറം എത്രമാത്രം ഒരുകലാസൃഷ്ടിയായിരിക്കുന്നു എന്നു
നിര്‍വചിച്ചിട്ടാണ്‌. സഹാനുഭൂതിയുടെ മാന്ത്രികശക്തിയും പ്രായോഗികമായ പ്രയോജനവും ആ കൃതിയിലെ എത്ര പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നാലും ശരി അവയിലൊന്നുമല്ല അതിന്റെ സൌന്ദര്യം അടങ്ങിയിരിക്കുന്നത്‌.

അപ്പോള്‍ എന്താണ്‌ സൌന്ദര്യം? എന്താണ്‌ രസം? വിവിധ കൃതികളെ സുന്ദരമെന്നും രസവത്തെന്നും പറയാന്‍ നമ്മെ യോഗ്യരാക്കുന്നത്‌ എന്താണ്‌? അങ്ങേയറ്റം വ്യത്യസ്തങ്ങളായ കലാസൃഷ്ടികള്‍ക്കു പൊതുവായുള്ള അദ്വി തീയമായ ഈ ഗുണം എന്താണ്‌? ഇതുമനസിലാക്കാന്‍ വേണ്ടി ഒരു കലാസൃഷ്ടിയുടെ ചരിത്രം നമുക്കൊന്ന്‌ നോക്കാം
1) കൃതിക്ക്‌ കാരണഭൂതനായ കലാകാരന്‌ കവിക്ക്‌, സ്രഷ്ടാവിന്‌ - ഉണ്ടാകുന്ന സൌന്ദര്യബോധം

2) ഈ അവബോധത്തിന്റെ ആന്തരികപ്രകടനം - യഥാര്‍തഥ സൃഷ്ടി അല്ലെങ്കില്‍ സൌന്ദര്യദര്‍ശനം.

3) ആശയവിനിമയത്തിനുവേണ്ടി ബാഹ്യചിഹ്നങ്ങളിലൂടെ (ഭാഷ ഉപയോഗിച്ച്‌) യുള്ള സൃഷ്ടികര്‍മ്മം - സാങ്കേതികമായപ്രവര്‍ത്തനം , ഒടുവില്‍

4) ഇതിന്റെ ഫലമായി ആദ്യാവബോധമോ അതിന്‌ ഏകദേശം സദൃ ശമായ ഒരു അന്തര്‍ജ്ഞാന്മോ പുനഃസൃഷ്ടിക്കാന്‍ നിരൂപകന്‌ അതായത്‌ രസികനുണ്ടാകുന്ന ഉത്തേജനം

നേരത്തെ കണ്ടതുപോലെ ആദ്യത്തെ അവബോധത്തിന്റെ ഉറവിടം ജീവിത്തിന്റെ ഏതുവശവുമാകാം ഒരു സൃഷ്ടാവിനെ മീന്‍ ചെതുമ്പലുള്‍ താളാത്മകമായ ഒരുരൂപകല്‍പന ഓര്‍മ്മിപ്പിച്ചേക്കാം മറ്റൊരാളിനെ ചില പ്രത്യേക ദൃ ശ്യങ്ങളായിരിക്കും സ്വാധീനിക്കുന്നത്‌. മൂന്നാമതൊരാള്‍ കുടിലുകളെപ്പറ്റി പറയാനായിരിക്കും തീരുമാനിക്കുന്നത്‌. നാലാമന്‍ കൊട്ടാരങ്ങളെക്കുറിച്ചു പാടിയെന്നിരിക്കും. അഞ്ചാമത്തെ ആള്‍ അവതരിപ്പിക്കുന്നത്‌ സര്‍വ്വ വസ്തുക്കളും സാര്‍വ്വത്രികമായ ജീവിതനൃത്തത്താല്‍ പരസ്പരബന്ധിതവും പരസ്പരവലയിതവും അന്യോന്യപ്രേരിതവുമാണ്‌ എന്ന ആശയമായിരിക്കും ഇതേ ആശയം തന്നെ

"ഒരു കുരുവിപോലും പതിക്കില്ല താഴേയ്ക്ക്‌
പരമപിതാവറിയാതെയെന്നോര്‍ക്കുക." എന്ന്‌ അയാള്‍ വിശദമാക്കിയേക്കാം

ഒരോ കലാകാരനും സൌന്ദര്യം കണ്ടെത്തുന്നു; ബാഹ്യചിഹ്നങ്ങളിലൂടെ ആ അനുഭവം ആസ്വദിക്കുമ്പോള്‍ ഓരോ നിരൂപകനും അതുവീണ്ടും കണ്ടെത്തുന്നു. പക്ഷേ എവിടെയാണ്‌ സൌന്ദര്യം സ്ഥിതിചെയ്യുന്നത്‌? അത്‌ ചിലവസ്തുക്കളില്‍ ഉണ്ടെന്നും മറ്റു ചിലതില്‍ ഇല്ലെന്നും പറയാന്‍ കഴിയുകയില്ല. അപ്പോള്‍ സൌന്ദര്യം എല്ലായിടത്തും നിലനില്‍ക്കുന്നു എന്ന്‌ അവകാശപ്പെടാമോ? ഞാനതു നിഷേധിക്കുന്നില്ല. എന്നാല്‍ സൌന്ദര്യം എവിടെയും കണ്ടെത്താം എന്ന കുറെക്കൂടി വ്യക്തമായ പ്രസ്താവനയാണ്‌ എനിക്കിഷ്ടം. ഭൌതികവും നൈസര്‍ഗ്ഗികവുമായ രീതിയില്‍ അത്‌ എല്ലായിടത്തും നിലനില്‍ക്കുന്നു. എങ്കില്‍ പരീക്ഷണതത്പരരായ മനഃശാസ്ത്രജ്ഞരെപ്പോലെ ക്യാമറയും ത്രാസുമായി നമുക്കും സൌന്ദര്യത്തെ പിന്തുടരാമായിരുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ ശരാശരി സഹൃദത്വവുമായി പരിചയപ്പെടാമെന്നേയുള്ളൂ. സുന്ദരവസ്തുക്കളും അസുന്ദരവസ്തുക്കളും തമ്മില്‍ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം നമുക്ക്‌ കണ്ടെത്താനാവില്ല. സൌന്ദര്യം ഒരിക്കലും അങ്ങനെ അളക്കാന്‍ കഴിയുന്നതല്ല. അതിനു കലാകാരനില്‍ നിന്നും അദ്ദേഹത്തിന്റെ അനുഭവത്തിലേക്കും ചെന്നെത്തുന്ന രസികനില്‍ നിന്നും വേറിട്ട്‌ ഒരു നിലനില്‍പില്ല.

"എല്ലാ വാസ്തുവിദ്യയും നിങ്ങള്‍ അതിനെ എന്താക്കിത്തീര്‍ക്കുന്നോ അതാണ്‌. വെളുപ്പ്‌ നിറമോ ചാരനിറമോ ഉള്ള കല്ലിലാണ്‌ അതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അതോ കമാനങ്ങളിലെയും പ്രകാരശീര്‍ഷങ്ങളിലെയും ചിഹ്നങ്ങളിലോ? വാദ്യശബ്ദം കേട്ട്‌ നിങ്ങള്‍ സംഗീതത്തെ ഓര്‍മ്മിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണരുന്നതെന്തോ അതാണ്‌ സംഗീതം അല്ലാതെ വയലിനും കോര്‍നെറ്റുമല്ല. ഗംഭീരപുരുഷസ്വരത്തിന്‌ ഉടമയായ ഗായകന്റെ നേട്ടവുമല്ല. സംഗീതം ഇവയൊക്കെ വളരെ അടുത്തും എന്നാല്‍ വളരെ അകലെയുമാണ്‌."

അനുഭാവപൂര്‍ണ്ണമായ പരിഗണനകളെല്ലാം ഒഴിവാക്കിയാലും കലാസൃഷ്ടികളെ സുന്ദരമെന്നും വിരൂപമെന്നും തരംതിരിക്കുന്നതില്‍ പ്രായോഗികമായ ഒരു മൂല്യനിര്‍ണ്ണയം അടങ്ങിയിട്ടുണ്ട്‌. പക്ഷേ ഈ വിശേണങ്ങള്‍ ഒരു വസ്തുവിനെപ്പറ്റി പറയാന്‍ ഉപയോഗിക്കുമ്പോള്‍ നാം ശരിക്കുമെന്താണ്‌ ഉദ്ദേശിക്കുന്നത്‌ സുന്ദരമെന്നു പറയുന്ന കൃതികളില്‍ ആശയവും അവതരണവുമായി , ഉള്ളടക്കവും രൂപവുമായി,ഉള്ള ഒരു പൊരുത്തം നാം തിരിച്ചറിയുന്നു. അതേ സമയം വിരൂപമെന്നു വിളിക്കപ്പെടുന്നവയില്‍ ഈ പൊരുത്തം കുറവാണ്‌. സമയത്തിന്റെയും സ്ഥ ലത്തിന്റെയും കാര്യത്തില്‍ ചേര്‍ച്ച ഒരിക്കലും പൂര്‍ണ്ണമായിരിക്കുകയില്ല. കലാസൃഷ്ടിയുടെ സാന്നിദ്ധ്യത്തിലുള്ള നമ്മുടെ തന്നെ പ്രവര്‍ത്തനമാണ്‌ ആശയവും രൂപവുമായുള്ള ബന്ധത്തിനു പൂര്‍ണ്ണതനല്‍കുന്നത്‌. ഈ അര്‍ത്ഥത്തിലാണ്‌ നാം കൃതിയെ എന്താക്കിതീര്‍ക്കുന്നുവോ അതാണ്‌ സൌന്ദര്യം അല്ലാതെ വസ്തുവില്‍ത്തന്നെ അടങ്ങിയിരിക്കുന്ന ഒരു ഗുണമല്ല എന്നുപറയുന്നത്‌. വസ്തുവിനെപ്പറ്റി ആകുമ്പോള്‍ കൂടുതല്‍ സുന്ദരമെന്നോ കുറച്ച്‌ സുന്ദരമേന്നോ പറഞ്ഞാല്‍ അത്‌ സൂചിപ്പിക്കുന്നത്‌ ആശയവും രൂപവുമായുള്ള സഥിരപൊരുത്തത്തിലെ ഏറ്റക്കുറച്ചിലുകളാണ്‌ വസ്തുവിനെക്കുറിച്ച്‌ നമുക്ക്‌ ഇത്രയേപറയാനാകൂ. സ്വന്തം വിഭാഗത്തില്‍ വെച്ച്‌ നല്ലതായ കല മെച്ചം തന്നെ സൌന്ദര്യശാസ്ത്രം അനുസരിച്ചുളള പൂര്‍ണ്ണമായ ആന്തരികപ്രവര്‍ത്തനത്തെക്കുറിച്ചു കര്‍ശനമായി പറഞ്ഞാല്‍ സൌന്ദര്യം പരമമാണ്‌. അതിനു വ്യത്യസ്ത നിലകളില്ല

സൌന്ദര്യദര്‍ശനം സ്വയം നടക്കുന്നതാണ്‌. ഭക്തന്റെ ഉള്ളില്‍ തെളിയുന്ന പ്രകാശം പോലെ, മനഃ പൂര്‍വമായ ശ്രമം കൊണ്ടു നേടാനാവാത്ത ഒരു ദൈവകാരുണ്യമാണത്‌. എങ്കിലും അതിന്റെ സാക്ഷാത്കാരത്തിനുള്ള തടസ്സങ്ങള്‍ മാറ്റാന്‍ നമുക്ക്‌ കഴിഞ്ഞേക്കും. ആത്മവിസ്മൃതിയിലാണ്‌ എല്ലാ കലകളുടെയും രഹസ്യം ദര്‍ശിക്കാവുന്നത്‌ എന്നതിനു തെളിവുകളുണ്ട്‌. ഈ കാരുണ്യാവസ്ഥ, സുഖാന്വേഷണത്തിലൂടെ നേടാന്‍ കഴിയുകയില്ല. എന്നു നമുക്കറിയാം. സുഖാന്വേഷികള്‍ക്ക്‌ അവരാഗ്രഹിക്കുന്ന പ്രതിഫലം കിട്ടും പക്ഷേ അവര്‍ എന്നും ബാഹ്യസൌന്ദര്യത്തിന്റെ തടവിലായിരിക്കും കലാകാരന്‍ യഥാര്‍ത്ഥ സൌന്ദര്യത്തില്‍ സ്വതന്ത്രനായി വിരാജിക്കുകയും ചെയ്യും.

മറ്റൊരുകാര്യം കൂടി കണക്കിലെടുക്കാനുണ്ട്‌. വിഷയത്തിനും പരസ്പരബന്ധത്തിനും സാങ്കേതികമികവിനും ഒക്കെ അതീതമായി ചില കലാസൃഷ്ടികളെ അവ യഥാര്‍ത്ഥ കലാസൃഷ്ടികളാണന്‍ അര്‍ത്ഥത്തില്‍ ഗൌരവമായിത്തന്നെ നാം സുന്ദരം എന്നു വിളിക്കാരുണ്ട്‌ അപ്പോഴും നാം പറയാനുള്ളതു മുഴുവന്‍ പറയുന്നില്ല. കവിതകള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍ മുതലായ ബാഹ്യചിഹ്നങ്ങള്‍ കൃതിയുടെ മേന്മയെ ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്‌ എന്നാണ്‌ നാം ഉദ്ദേശിക്കുന്നത്‌. അവയ്ക്ക്‌ സാരവത്തായ രൂപമുണ്ട്‌ എന്നു നാം പറഞ്ഞേക്കാം. അതിന്റെ അര്‍ത്ഥം സൌന്ദര്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും അങ്ങനെ നമ്മില്‍ രസബോധം ഉണര്‍ത്താനും പ്രാപ്തമായരൂപമാണ്‌ അവയ്ക്കുള്ളത്‌ എന്നാണ്‌. സാരവത്തായ രൂപം എന്നതിനുള്ള കൃത്യമായ വ്യാഖ്യാനം "കാര്യങ്ങളുടെ ആന്തരികബന്ധം പ്രകടമാക്കുന്ന രൂപം " എന്നതാണ്‌. അല്ലെങ്കില്‍ സെയ്ഹോ പറയുന്നതുപോലെ "ജീവജാലങ്ങളുടെ ചേഷ്ടകളിലൂടെ ആത്മാവിന്റെ താളം വ്യക്തമാക്കുന്ന രൂപം" സാരവത്തായ രൂപങ്ങളുള്ള കലാസൃഷ്ടികളെല്ലാം തന്നെ ഭാഷാപപരമാണ്‌. ഇതോര്‍മ്മിച്ചിരുന്നാല്‍പ്പിന്നെ, ഭാഷയ്ക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നുവാദിക്കുന്നവരുടെ തെറ്റ്‌ നാം ആവര്‍ത്തിക്കില്ല. അതുപോലെതന്നെ സാരവത്തായ രൂപങ്ങളോ അവയുടെ യുക്തിപരമായ അര്‍ത്ഥമോ ധാര്‍മ്മികമൂല്യമോ ഒന്നും തന്നെ അവ നമ്മെ ഓര്‍മ്മിപ്പിക്കുന്ന സൌന്ദര്യവുമായി കൂട്ടിക്കുഴയ്ക്കുകയുമില്ല.

എന്തായാലും ശരി സൌന്ദര്യം എന്ന സങ്കല്‍പം ഉദിച്ചത്‌ കലാകാരനിലല്ല. ജ്ഞാനിയിലാണ്‌ എന്നു നമുക്കു തീര്‍ച്ചയായും വിശ്വസിക്കാം പറയേണ്ടത്‌ വ്യക്തമായി പറയുക എന്ന കര്‍മ്മത്തില്‍ അദ്ദേഹം എന്നും മുഴുകിയിരുന്നു. സൃഷ്ടിയുടെ എല്ലാ മുഹൂര്‍ത്തത്തിലും കലാകാരന്‍ തന്റെ പ്രത്യേക വിഷയവുമായി പ്രേമത്തിലാണ്‌. അങ്ങനെയല്ലെങ്കില്‍ അയാളുടെ കൃതി ആരെയും സ്പര്‍ശിക്കില്ല. തികച്ചും സൌന്ദര്യശാസ്ത്രപരമായ സുന്ദരവസ്തു നേടിയെടുക്കാന്‍ അയാള്‍ ഒരിക്കലും ഇറങ്ങിപ്പുറപ്പെടുകയില്ല. ചിറകില്ലാതെ പറക്കാനൊരുങ്ങുന്നതു പോലെ അപകടത്തെ ക്ഷണിച്ചുവരുത്തുന്നതായിരിക്കും അത്‌.

ഒരു കൃതിയുടെ പ്രമേയത്തിനല്ല പ്രാധാന്യം എന്നു കലാകാരനോടല്ല പറയേണ്ടത്‌ ഈ കാര്യം പറയേണ്ടത്‌ ജ്ഞാനിയും കേള്‍ക്കേണ്ടത്‌ കൃതിയെ അകാരണമായി വെറുക്കുന്ന സംസ്കാരരഹിതനുമാണ്‌.

കലാകരന്‍ പ്രദര്‍ശിപ്പിക്കുന്ന അടയാളങ്ങളിലൂടെയാണ്‌ യഥാര്‍ത്ഥനിരൂപകന്‍ (രസികന്‍) കൃതിയില്‍ സൌന്ദര്യം ദര്‍ശിക്കുന്നത്‌. എന്നുകരുതി കലാകാരന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം നിരൂപകന്‍ അംഗീകരിക്കണം എന്നില്ല. (ഓരോ കലാസൃഷ്ടിയും അനേകം അര്‍ത്ഥം പ്രദാനം ചെയ്യുന്ന കാമധേനുവാണ്‌.) കൃതി എന്തിനെക്കുറിച്ചാണ്‌ എന്ന്‌ മനസ്സ്‌ ചോദ്യം ചെയ്തു തുടങ്ങുന്നതിനു മുമ്പ്‌ ഒരു യുക്തിവിചാരവും കൂടാതെതന്നെ അത്‌ സുന്ദരമാണോ അല്ലയോ എന്ന്‌ അയാള്‍ തിരിച്ചറിയുന്നതുതന്നെ കാരണം. സൌന്ദര്യദര്‍ശനത്തിന്‌ രസാസ്വാദനത്തിനുള്ള കഴിവ്‌ അഭ്യാസം കൊണ്ടു നേടാവുന്നതല്ല. പൂര്‍വ്വജന്മത്തിലെ സദ്കര്‍മ്മത്തിന്റെ ഫലമാണ്‌ എന്നാണ്‌ ഹൈന്ദവ ഗ്രന്ഥകാരന്മാര്‍ പറയുന്നത്‌ കാരണം പല നല്ല ആളുകളും ഭാവിയില്‍ കലാചരിത്രകാരന്മാരാകേണ്ടവരും ഒരിക്കലും ശരിയായ സൌന്ദര്യം ദര്‍ശിച്ചിട്ടില്ലാത്തവരുമാണ്‌. കവി ജനിക്കുകയാണ്‌, അല്ലാതെ ഉണ്ടാക്കിയെടുക്കുകയല്ല. അതുപോലെ തന്നെയാണ്‌ രസികനും. അയാളുടെ പ്രതിഭയ്ക്കു കലാകരന്റേതില്‍ നിന്നു സ്വഭാവത്തിലല്ല മേന്മയിലേ വ്യത്യാസമുള്ളൂ. ഈ കാര്യം പാശ്ചാത്യശൈലിയില്‍ ഇങ്ങനെ പറയാം - അനുഭവങ്ങള്‍ കൊടുത്താലേ അനുഭവങ്ങളെ വാങ്ങാന്‍ സാധിക്കൂ. അഭിപ്രായങ്ങള്‍ കഠിനയത്നം കൊണ്ട്‌ സമാര്‍ജ്ജിക്കേണ്ടവയാണ്‌. ആരെങ്കിലും പറയുന്നതുകേട്ട്‌ ഏതെങ്കിലും കൃതികള്‍ സുന്ദരമാണന്നു കരുതുന്നതുകൊണ്ട്‌ നമുക്ക്‌ ഒരു നേട്ടവുമില്ല. നാം ഒന്നും അനുഭവിക്കുന്നുമില്ല. അവയുടെ സൌന്ദര്യം കാണാന്‍ കഴിയുന്നില്ല എന്നു സമ്മതിച്ച്‌ സത്യസന്ധതപുലര്‍ത്തുന്നത്‌ എത്രയോ ഭേദമാണ്‌. നാം കുറേക്കൂടി പ്രാപ്തനാകുന്ന ഒരു കാലം വരും.

നിരൂപകന്‍ വ്യാഖ്യാതാവാകുമ്പോള്‍ അയാള്‍ക്കു സ്വന്തം നിലപാട്‌ തെളിയിക്കേണ്ടിവരും. വാദപ്രയോഗംകൊണ്ടൊന്നുമല്ല ഒരു പുതിയകലാസൃഷ്ടി - നിരൂപണം - രചിച്ചുകൊണ്ടാണ്‌ അയാള്‍ ഇക്കാര്യം സാധിക്കുന്നത്‌. രണ്ടാമനില്‍ക്കൂടി പ്രകാശം പിടിച്ചെടുക്കുന്ന - പ്രകാശം ഒന്നേയുള്ളൂ അത്‌ നിത്യമാണ്‌ - അയാളുടെ പ്രേക്ഷകര്‍ക്ക്‌ ആദ്യകൃതിയെ ഒരിക്കല്‍ക്കൂടി കൂടുതല്‍ ഭക്ത്യ‍ാദരങ്ങളോടെ സമീപിക്കാന്‍ അങ്ങനെ അവസരം ലഭിക്കുന്നു.

കലാസൃഷ്ടികള്‍ ഉദ്ബോധകങ്ങളാണ്‌, (അതായത്‌ സൌന്ദര്യത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ്‌) നിരൂപകന്റെ ധര്‍മ്മം പുനഃസൃഷ്ടിയുമാണ്‌ എന്നുപറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്‌ ഒരു പക്ഷേ ആദ്യകലാകാരനുണ്ടാകുന്ന ദര്‍ശനം പോലും സൃഷ്ടിയെക്കാളുമേറെ ഒരു കണ്ടെത്തലായിരിക്കാം എന്നാണ്‌. അങ്ങനെ കണ്ടെത്തപ്പെടാനായി സൌന്ദര്യം എല്ലായിടത്തും നമ്മെ പ്രതീക്ഷിച്ചിരിക്കുകയാണെങ്കിലോ? സൂഫികളും വേര്‍ഡ്സ്‌വര്‍ത്തും വിശ്വസിക്കുന്നതുപോലെ അത്‌ നമ്മുടെ ഓര്‍മ്മയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണങ്കിലോ? എങ്കില്‍ പ്രേമത്തിനും ജ്ഞാനത്തിനുമെന്നപോലെ കലാവിചിന്തനത്തില്‍ കൂടിയും വ്യക്തിത്വത്തില്‍ നിന്ന്‌ സ്വതന്ത്രമായ ആത്മൈക്യം നമുക്ക്‌ താത്കാലികമായി വീണ്ടെടുക്കാം.

സൌന്ദര്യത്തിന്‌ ഏറ്റക്കുറച്ചിലില്ല. എറ്റവും സങ്കീര്‍ണ്ണവും ഏറ്റവും ലളിതവുമായ ആവിഷ്കരണങ്ങള്‍ ഒരേ അവസ്ഥയെത്തന്നെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌ കൂടുതല്‍ സങ്കീര്‍ണ്ണമായതുകൊണ്ട്‌ സൊണാറ്റ (വാദ്യസംഗീതത്തിന്റെ ഗാനം) ലളിതമായ ലിറിക്കിനെന (ഭാവഗാനം) ക്കാളും പെയിന്റിംഗ്‌ (വര്‍ണ്ണചിത്രം) ഡ്രായിങ്ങിനെക്കാളും (രേഖാചിത്രം) സുന്ദരമാകുന്നില്ല. പരിഷ്കൃതകലയ്ക്ക്‌ കുറക്കൂടി മെച്ചപ്പെട്ട ധര്‍മ്മചിന്തയുണ്ടെന്നുകരുതി അത്‌ ആദിമകലയേക്കാള്‍ സുന്ദരമല്ല. ഗണിതശാസ്ത്രത്തില്‍ നിന്ന്‌ ഒരു ഉദാഹരണമെടുക്കാം വലിയ വൃത്തവും ചെറിയ വൃത്തവും നോക്കൂ. രണ്ടിനും തമ്മില്‍ ഉള്ളടക്ക (അകവിസ്ത്രിതി) ത്തില്‍ അല്ലാതെ അവയുടെ വൃത്തസ്വഭാവത്തില്‍ വ്യത്യാസമില്ല. അതുപോലെ തന്നെ കലയിലും തുടര്‍ച്ചയായ പുരോഗതി സാദ്ധ്യമല്ല. പ്രത്യേക അന്തര്‍ചോദനയുടെ വ്യക്തവും പൂര്‍ണ്ണവുമായ ആവിഷ്കാരം നേടിക്കഴിഞ്ഞാല്‍ പിന്നെ ആ ആവിഷ്കാരത്തെ പകര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ആണ്‌ വേണ്ടത്‌. ഈ ആവര്‍ത്തനം പല കാരണങ്ങള്‍ കൊണ്ടും ആഗ്രഹിക്കാത്തതു തന്നെ. പക്ഷേ അത്‌ മിക്കവാറും അനിവാര്യവും അനുക്രമവുമായ അധോഗതിയിലേക്കാണ്‌ ചെന്നെത്തുന്നത്‌. കാരണം പെട്ടന്നുതന്നെ ഈ അനുഭവത്തെ നാം സ്വാഭാവികമായ ഒന്നായി കരുതി ശ്രദ്ധിക്കാതെ വരുന്നു. ഭാവനയുടെ തീവ്രതകൊണ്ട്‌ പരിപോഷിപ്പിക്കപ്പെടുന്നിടത്തോളം കാലമേ ഒരു സിദ്ധാന്തത്തിന്റെ ചൈതന്യം നിലനില്‍ക്കൂ. വിഷയത്തില്‍ പുതുമയാകാമെങ്കിലും അതിനു സൃഷ്ടിപരമായ കലയുമായി നേരിട്ടു ബന്ധമില്ല. സൃഷ്ടിപരമായ കല ചെയ്യുന്നത്‌ നമ്മുടെ കാഴ്ചയില്‍ പെടാതിരുന്ന സൌന്ദര്യം കാണിച്ചുതരികയും നാം കണ്ടത്‌ കൂടുതല്‍ വ്യക്തമാക്കിത്തരികയുമാണ്‌. ചിലപ്രയോഗങ്ങള്‍ അനേകം തവണ ഉപയോഗിക്കപ്പെട്ടവയായതിനാല്‍ നാം അവയിലൂടെ സൌന്ദര്യത്തെ കാണാതെ പോകും. ആ വിഷയം കൈകാര്യം ചെയ്യുന്ന സര്‍ഗ്ഗധനനായ കലാകാരന്‍ നമ്മുടെ ഓര്‍മ്മപുതുക്കുന്നു. പഴയതും പുതിയതുമായ എല്ലാ അനുഭവങ്ങളുടെയും സൌന്ദര്യം വെളിപ്പെടുത്തുക എന്നതാണ്‌ കലാകാരന്‍ നേരിടുന്ന വെല്ലുവിളി.

ഒരു കലാസൃഷ്ടിയുടെ സൌന്ദര്യവും അതിന്റെ വിഷയവുമായി ബന്ധമില്ലെന്ന വാസ്തവം പലരും തുറന്നു പറഞ്ഞിട്ടുണ്ട്‌ എവിടെ നിന്നും പ്രചോദനം കണ്ടെത്തുന്ന കലയുടെ വിനീതത്വവും നായയെയും ബ്രാഹ്മണനെയും ഒരുപോലെ കാണുന്ന സ്നേഹത്തിന്റെയും ഏറ്റവും താണജീവവസ്തുവിനും ഏറ്റവും ഉയര്‍ന്നതിനും തുല്യപ്രാധാന്യം കൊടുക്കുന്ന ശാസ്തത്തിന്റെയും എളിമയും ഒന്നുതന്നെയാണ്‌. ഇത്‌ സാദ്ധ്യമാകുന്നത്‌ ഇവയെല്ലാം ആ അപരിച്ഛേദ്യമായ പൂര്‍ണ്ണതതന്നെ ആയതുകൊണ്ടാണ്‌.

നാം പരമമായ സൌന്ദര്യത്തെക്കുറിച്ചും ആ സൌന്ദര്യം തന്നെയാണ്‌ ഈശ്വരന്‍ എന്നും പറഞ്ഞത്‌ ഏതര്‍ത്ഥത്തിലാണ്‌ ശരിയാകുന്നത്‌ എന്നുനോക്കാം. പൂര്‍ണ്ണമായ ഈശ്വരന്‌ ഒരു സുന്ദരരൂപമുണ്ടെന്നും അത്‌ നമുക്ക്‌ അറിവു നല്‍കുന്നു എന്നുമല്ല ഇതിനര്‍ത്ഥം. നാം സൌന്ദര്യം കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരനെ കാണുകയും അദ്ദേഹത്തോട്‌ ചേരുകയുമാണ്‌ എന്നാണ്‌. ഈശ്വരനാണ്‌ ആദ്യത്തെ കലാകാരന്‍ എന്നു പറയുമ്പോള്‍ അദ്ദേഹം രൂപങ്ങള്‍ സൃഷ്ടിച്ചു. ആ കൈ അല്‍പമൊന്നിടറിയിരുന്നെങ്കില്‍ രൂപങ്ങള്‍ ഇത്ര സുന്ദരമായിരിക്കുകയില്ലായിരുന്നു എന്നല്ല അര്‍ത്ഥം. പിന്നെയോ പ്രകൃതിയിലെ ഒരോ വസ്തുവിനും ഈശ്വരസാന്നിദ്ധ്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ്‌ എന്നാണ്‌. സ്വേച്ഛാപരമല്ലാത്ത പ്രവൃത്തി എന്നനിലയില്‍ ഈ സൃഷ്ടികര്‍മ്മത്തെ കലാവിഷ്കാരവുമയി താരതമ്യപ്പെടുത്താം ഭാവനയുടെയും അനന്തതയുടെയും ആ ലോകത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ഒരംശവും കടന്നുചെല്ലുന്നില്ല. പക്ഷേ അവിടെ അവ ബോധവും പ്രകാശനവും ആത്മാവും ശരീരവും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അവിടെയും ഇവിടെയും സൌന്ദര്യം കണ്ടെത്തുന്ന മനുഷ്യനായ കലാകാരന്‍ കബീറിന്റെ മാതൃകാ ഗുരുവാണ്‌ അദ്ദേഹം മനസ്സ്‌ തങ്ങുന്നിടത്തെല്ലാം ഈശ്വരനെ പ്രത്യക്ഷമാക്കുന്നു.


Dance of Siva