തര്‍ജ്ജനി

കണ്ടതും കേട്ടതും

നേരം വെളുക്കുന്നതിനു മുമ്പേ ടിവിയുടെ മുന്നില്‍ തേക്കു്‌ കഴിഞ്ഞ കൊട്ട പോലേ ചടഞ്ഞുകൂടിയിരിക്കുന്ന തൃശ്ശൂരുകാരന്‍ അന്തപ്പനെ നോക്കി തിരുവോന്തോരത്തുകാരി ഭാര്യ കാറി. "ഇതെന്തര്‌ ഇരിപ്പ്‌..., അപ്പീസ്കളില്‌ പോകണ്ടായോ...?"

ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ക്രിക്കറ്റു മാച്ചിന്റെ നേരിട്ടുള്ള സംപ്രേക്ഷണം വീക്ഷിക്കുന്ന കലാപരിപാടിയിലായിരുന്നു അയാള്‍. ഒന്നു ഞെട്ടിയെങ്കിലും ശരീരമാസകലം ഒന്നു നീട്ടി മൂരി നിവര്‍ത്തി വീണ്ടും കൈയും കാലും ആമയെപ്പോലെ ഉള്ളിലേക്കു വലിച്ച്‌ "ഉം.." എന്നമര്‍ത്തി മൂളി അന്തപ്പന്‍ വാച്ചിലേക്കു നോക്കി. ഹൊ ഇനിയും സമയമുണ്ട്‌. അപ്പോഴേക്കും കളിയുടെ വിവരങ്ങള്‍ ഒന്നറിയാലോ. സഹധര്‍മ്മിണിയുടെ പ്രതിഷേധം തെല്ലും ഗൌനിക്കതെ അന്തപ്പന്‍ ഒരു ബീഡിക്ക്‌ തീകോടുത്ത്‌ ആഞ്ഞു വലിച്ച്‌ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ടിവിയിലേക്കു മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിപ്പായി.

മണിക്കൂറുകളും വിക്കറ്റുകളും ഒന്നൊന്നായി കൊഴിഞ്ഞു വീണുകൊണ്ടിരിക്കവേ ഭാര്യ രംഗപ്രവേശം ചെയ്ത്‌ ഓഫീസില്‍ പോകാന്‍ വൈകിയെന്ന കാര്യമോര്‍മിപ്പിച്ചപ്പോള്‍ അന്തപ്പന്‍ വാച്ചില്‍ നോക്കി അന്തം വിട്ടു നിന്നു. വിട്ടുപോയതു പൂരിപ്പിക്കുന്ന രീതിയില്‍ ഭാര്യ മൊഴിഞ്ഞു" അല്ലേലും ഈ എന്തര്‌ നശിച്ച കളികള്‌ ടീവീല്‌ തൊടങ്ങേണ്ട താമസം ഇതിയാന്‍ വെള്ളത്തില്‌ മുക്കിയ ക്വാഴികളേപ്പോലെ ഇങ്ങനെ ഇര്‍ന്നേക്കും. ആപ്പീസിന്റെയും വീടിന്റെയും വല്ല ചിന്തേമൊണ്ടോ നോക്കീ...?" കലശലായി വന്ന ദേഷ്യം കടിച്ചമര്‍ത്തവേ ഓഫീസില്‍ വൈകിയെത്തിയാലുള്ള ബോസിന്റെ തെറിവിളി ഓര്‍ക്കയായിരുന്നു അന്തപ്പന്‍. ടെന്‍ഷനായപ്പോള്‍ അടിക്കടി ബീഡി സേവിച്ചു കുറ്റി കാല്‍ക്കീഴില്‍ ത്തന്നെ കെടുത്തിക്കൊണ്ടിരുന്നു.

പത്നിയുടെ ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന ശബ്ദകോലാഹലങ്ങള്‍ കൊണ്ട്‌ ടിവിയിലെ കമന്ററി ശരിക്കു കേള്‍ക്കാതായി. ദേഷ്യവും സങ്കടവും വഴി തടഞ്ഞപ്പോള്‍ സഹികെട്ട്‌ അന്തപ്പന്‍ കൂവി. "ഹൌ, എന്തൂട്ടാ കന്നാല്യേ ചെലെക്ക്‌ണത്‌. ഒന്ന്‌ മുണ്ടാണ്ടിരിക്ക്വോ നിയ്യ്‌? ഞാനിന്ന്‌ പോണില്ല്യാച്ചാലോ....?" എണീറ്റു നിന്ന്‌ ഇത്രയും പറഞ്ഞ്‌ എന്തോ പ്രതികാരം ചെയ്ത സംതൃപ്തിയോടെ വീണ്ടും ചടഞ്ഞിരുന്ന്‌ ഭര്യ ദേഷ്യത്തോടെ കൊണ്ടു വന്നു കൊടുത്ത ചായയുടെ സുഖം ആസ്വദിച്ചു അന്തപ്പന്‍.

പല്ലുതേക്കാനുള്ള ഭാര്യയുടെ വിജ്ഞാപനം വീണ്ടും വീണ്ടും കണ്ട്‌ സഹികെട്ട്‌ മനസ്സില്ലാമനസ്സോടെ എണീറ്റ്‌ വാഷ്ബേസിനടുത്തെത്തി ബ്രഷും പേസ്റ്റുമെടുത്ത്‌ ഒരുകണ്ണ്‌ വാഷ്ബേസിനിലും മറ്റേ കണ്ണ്‌ ടിവിയിലുമാക്കി കാര്യപരിപാടികള്‍ തുടരവേ പെട്ടന്ന്‌ കൈതട്ടി ബ്രഷും പേസ്റ്റും താഴെവീണ്‌ തെന്നി നേരെ തൊട്ടടുത്തുള്ള ലാട്രിനില്‍ അഭയം പ്രാപിച്ചു. " ഛെ, കുരിശ്ശായല്ലോ..." എന്നതിനോടൊപ്പം തേച്ചാലും കുളിച്ചാലും പോകത്ത രണ്ടു തെറിയുടെ കഷ്ണങ്ങള്‍ കൂടി മേമ്പൊടിയായി തട്ടിവിട്ടു സ്വയം ശപിച്ചു. മറ്റു വഴിയില്ലത്തതുമൂലം പല്ലുതേപ്പ്‌ അര്‍ദ്ധോക്തിയില്‍ ബ്രേക്കിട്ട്‌ ലാട്രിനില്‍ വീണ ബ്രഷും പേസ്റ്റും തോണ്ടി പുറത്തെടുക്കാനുള്ള ശ്രമത്തിലായി. അല്‍പ്പ നേരത്തെ ഭഗീരഥപ്രയത്നത്തിനു ശേഷം അവ തോണ്ടിയെടുത്ത്‌ കൂടയിലേക്കിട്ടു തിരിഞ്ഞപ്പോള്‍ അതിനായി നഷ്ടപ്പെടുത്തിയ സമയം കളികാണാന്‍ കഴിയാത്തതിലുള്ള അമര്‍ഷം വീണ്ടും രണ്ടു തെറികള്‍ ഉറക്കെ പറഞ്ഞ്‌ ആശ്വാസം കണ്ടു അന്തപ്പന്‍.

ഇടയ്ക്കിടക്കുള്ള ഭരണിപ്പാട്ടു കേട്ടിട്ടാവണം അച്ചായത്തി ഒന്നെത്തി നോക്കി എന്തൊക്കെയോ പിറുപിറുത്തു ക്രിക്കറ്റു മാച്ച്‌ ടിവിയിലും റേഡിയോവിലും ഉണ്ടാകുമ്പോഴുള്ള ആശാന്റെ സ്ഥിരം ഏര്‍പ്പടുകളാണിതെല്ലാമെന്ന് അവര്‍ക്ക്‌ അറിയാമായിരുന്നതു കൊണ്ടും

എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ചൊറിഞ്ഞാല്‍ പിന്നെ വൈകുന്നേരം വരെ കിടക്കപ്പൊറുതി കിട്ടില്ലന്നും നന്നായി അറിയാമായിരുന്നതുകൊണ്ട്‌ ശ്രീമതി തികച്ചും മൌനവ്രതമെടുത്തു.

വേഗം വായും മുഖവും കഴുകി വന്ന് ടിവിക്കു മുന്നിലിരിക്കാന്‍ തുടങ്ങവേ കേട്ടു "ഒൌട്ട്‌...." ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാന്‍ കൂടി ഒൌട്ടായി. അന്തപ്പന്‌ ദേഷ്യവും സങ്കടവും ദേഷ്യവും വീണ്ടും കൂടി. കൂട്ടില്‍ പെട്ട എലിയെപ്പോലെ ആകെ പരക്കം പായുന്നതിനിടയില്‍ അമര്‍ഷം ഭാര്യയക്കു നേരെ തൊടുത്തുവിട്ടു. "ടീ, ശവി. നീ ബ്രേക്ക്ഫാസ്റ്റ്‌ തരണ്‌ണ്ടാ....?"

നേരം വെളുത്തപ്പോള്‍ മുതലുള്ള ശ്രീമന്റെ കലാപരിപാടികളില്‍ അശേഷം രസം തോന്നാതിരുന്ന ശ്രീമതി അടുക്കളയില്‍ നിന്നും പാഞ്ഞുവന്നു. " ദേ, വായില്‌ നാക്ക്‌കള്‌ വെറുതെ കിടന്നോട്ടെ. എന്നെക്കോണ്ടൊന്നും പറയിക്കരുത്‌. കളിതോക്കണത്‌ കണ്ട്‌ ദേഷ്യം പിടിക്കണാ....? ഇത്‌ എന്തര്‌ കൂത്ത്‌......?"

സംയമനമാണ്‌ കളികാണാന്‍ സൌകര്യവും ഉത്തമവുമെന്ന് കരുതി ഒരു ദീര്‍ഘനിശ്വാസം വിട്ട്‌ അന്തപ്പന്‍ കുന്തം വിഴുങ്ങിയപോലെ അനങ്ങാപ്പാറയായി വീണ്ടും ഒറ്റയിരിപ്പിരുന്നു.

സമയം കടന്നു പോയി. ഇതിനിടക്കു്‌ 11 മണിയോടെ പ്രഭാതഭക്ഷണവും ഇടയ്ക്കിടയ്ക്ക്‌ ചായയുമായി കളിയില്‍ രസം പിടിച്ച്‌ അന്തപ്പന്‍ കുളിയും ജപവുമില്ലാതെ, എന്തിനേറെ മൂത്രമൊഴിക്കുന്നതിനു വരെ ബ്രേക്കിട്ട്‌, ഉച്ചഭക്ഷണവും അതേ ഇരുപ്പില്‍ ത്തന്നെ അകത്താക്കി. ഇടയ്ക്ക്‌ കുട്ടിയെ സ്കൂള്‍ ബസ്സില്‍ നിന്നിറക്കികൊണ്ടു വരാനും കുറച്ചു പാലും വീട്ടുസാധനങ്ങളും വാങ്ങികൊണ്ടു വരാനുമുള്ള ഭര്യയുടെ അഭ്യര്‍ത്ഥനകളെ രാഷ്ട്രീയക്കരന്റെ ഭാഷയില്‍ 'പരിഗണിക്കാം' എന്ന കടിഞ്ഞാണിട്ട്‌ വളരെ യുക്തമായി നേരിട്ടു. അവസാനം അച്ചായത്തി തന്നെ അരയും തലയും മുറുക്കി പ്രസ്തുത കര്‍മ്മങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചു അന്തപ്പന്‍ രക്ഷപ്പെട്ടെല്ലൊ എന്ന് ആശ്വാസം കണ്ടു. ഒഫീസില്‍ നിന്നും ഫോണ്‍ വന്നപ്പോഴൊക്കെ വീട്ടിലില്ലന്നും അത്യാവശ്യകാര്യത്തിന്‌ പുറത്തു പോയിരിക്കയാണന്നും നുണ പറയിച്ചു.

സെക്കന്റുകള്‍ മിനിട്ടുകളുടെ മണ്ടക്കടിച്ചു മണിക്കൂറുകളെ തുപ്പി. അന്തപ്പന്‍ എണീല്‍ക്കാനുള്ള മടി കൊണ്ട്‌ ഇരുന്നിടത്തിരുന്നു തുപ്പി പിന്നെ ഇടതു കൈ നീട്ടി 'റിമോട്ട്‌ കണ്‍ട്രോള്‍' ത്പ്പി.

കളി തീര്‍ന്നു. ഇന്ത്യ പതിവുപോലെ തോറ്റു. വല്ലാത്ത നിരാശ മൂലം അന്തപ്പന്‍ ഇരുന്നിടത്തു തന്നെ നീണ്ടു നിവര്‍ന്നു കിടന്നു. മണി 5 ആയിരിക്കുന്നു. ഛെ, മഹാ ബോറായിപ്പോയി കളിയെക്കുറിച്ചു മാത്രമോര്‍ത്ത്‌ തോല്‍വിയിലെ വേദന സഹിക്കാതെ കുറെ നേരം അങ്ങിനെ കിടന്നു. എണീറ്റ്‌ എന്തെങ്കിലും ചെയ്യണമെന്ന് അന്തപ്പനു്‌ തോന്നിയില്ല. അല്‍പ്പം കഴിഞ്ഞ്‌ ബോറടി മാറ്റാന്‍ 'റിമോട്ട്‌ കണ്‍ട്രോള്‍'തന്നെ ശരണമാക്കി. ചാനലുകള്‍ ഒരോന്നിലും പരതി. ആറര മണിക്ക്‌ ഏഷ്യാനെറ്റില്‍ 'ദുര്‍ഗ്ഗ' കണ്ടു അതുകഴിഞ്ഞ്‌ ഒന്നിളകിയിരുന്ന് 'മുന്‍ഷി' ശ്രദ്ധിച്ചു. പിന്നെ "ന്യൂസ്‌" കഴിഞ്ഞ്‌ എണീല്‍ക്കാമെന്നു കരുതി. വാര്‍ത്തകള്‍ മനപാഠമാക്കിയതും 'സ്ത്രീ' സീരിയല്‍ തുടങ്ങാറായി എന്നും ഓഫീസു വിട്ടു വന്നാല്‍ മരുന്നു കഴിക്കുന്ന പോലെ സ്ഥിരം കാണാറുള്ളതാണാല്ലൊ, ഒഴിവാക്കേണ്ട എന്നുകരുതി. 'സ്ത്രി' കഴിഞ്ഞപ്പോള്‍ ഒരു ചായക്കു` ഓര്‍ഡര്‍ കോടുത്ത്‌ മൂത്രമൊഴിച്ച്‌ വന്നപ്പോള്‍ വിണ്ടും വെറുതെ 'റിമോട്ട്‌ കണ്‍ട്രോള്‍' ഒന്നു പ്രവര്‍ത്തിപ്പിച്ചു നോക്കി. ഹായ്‌, "സൂര്യ' ചാനലില്‍ "കോടീശ്വരന്‍" തുടങ്ങിയിരിക്കുന്നു. എട്ടര വെരെ അതും കണ്ടു.

പെട്ടന്ന് കറന്റു പോയി. കറന്റില്ലാതെ എന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ വീണ്ടും ബീഡി കത്തിക്കയും വലിച്ചു വിടുകയും ചെയ്തു. ഇലക്ട്രിസിറ്റി ബോര്‍ഡുകാരെ രണ്ടു മൂന്നു മേല്‍ത്തരം തെറികള്‍ കൊണ്ട്‌ അഭിഷേകം ചെയ്ത്‌ ആശ്വാസം കൊള്ളവെ പെട്ടന്ന് കറന്റു വരികയും 'റിമോട്ട്‌ കണ്‍ട്രോള്‍' ദ്വരാ അന്തപ്പന്‍ 'കൈരളി' ചാനലിലെ "കോമടി ഷോ"യുടെ കിട്ടിയ ഭാഗങ്ങള്‍ നഷ്ടപ്പെടുത്താതെ കാണുകയും ചെയ്തു.

ഒമ്പതു മണിക്കു` കോമടി ഷോ തീര്‍ന്നപ്പോള്‍ സ്റ്റാര്‍ ടിവിയിലെ 'കോന്‍ ബനേഗാ കറോര്‍പതി' കാണാന്‍ പതിവായി എത്താറുള്ള വൈകിട്ട്‌ വേറെ കാര്യക്രമങ്ങളോന്നുമില്ലാത്ത ഒന്നു രണ്ടു ബി.പി (ഭാര്യയെ പേടി) കൂട്ടുകാരെത്തുകയും അവരോടൊപ്പം അഭിപ്രായപ്രകടനങ്ങള്‍ നടത്തി അതു മുഴുവന്‍ കണ്ടിരിക്കയും ചെയ്തു. കൂട്ടുകാര്‍ക്കു്‌ ഈ കര്‍മ്മം വീട്ടില്‍ നടത്തുക അസാദ്ധ്യമായതുകൊണ്ടാണ്‌ അവര്‍ ബി.പിയില്ലത്ത അന്തപ്പന്‍ ചേട്ടന്റെ വീട്ടില്‍ വന്നിരുന്നത്‌ എന്ന് പിന്മൊഴി.

മണി പത്ത്‌... നേരം വൈകിയ തിരക്കില്‍ കൂട്ടുകാര്‍ വാണം വിട്ട കണക്കെ പാഞ്ഞു പോയി. 'ഹൌ...' എണീറ്റുനില്‍ക്കന്‍ വല്ലതെ ബുദ്ധിമുട്ടി അച്ചായന്‍. കയ്യിന്റെയും കാലിന്റെയും വിജാഗിരികള്‍ തുരുമ്പു പിടിച്ച പോലെ. ഒരു കോട്ടുവാ പാസ്സാക്കി വേഗം പോയി കൈകാല്‍ മുഖം കഴുകി.

പതിനൊന്നു മണിയോടെ ഊണു കഴിഞ്ഞ്‌ കിടക്കയിലേക്കു ചരിഞ്ഞപ്പോള്‍ അന്നു ചെയ്തു തീര്‍ക്കേണ്ടിയിരുന്ന ഓഫീസിലെയും വീട്ടിലെയും ജോലികളുടെ ലിസ്റ്റ്‌ മനസ്സിലിട്ട്‌ അല്‍പ്പം ഭീതിയൊടെത്തന്നെ പരിശോധിക്കയായിരുന്നു അന്തപ്പന്‍ ചുറുചുറുക്കുള്ള ഒരിന്ത്യന്‍ പൌരന്റെ കര്‍മ്മ നിരതമായ ഒരു ദിനം അവിടെ അവസാനിക്കയായിരുന്നു.

നസീര്‍‍ സീനാലയം