തര്‍ജ്ജനി

ശവമടക്ക്‌

വരൂ,..
നിങ്ങളെയും
ഞാനെന്റെ ശവമടക്കിന്‌
ക്ഷണിച്ചിരിക്കുന്നു.
ക്ഷീണിതരാത്രികളില്‍
ചലനത്തിന്റെ
മാസ്മരികതകളെക്കുറിച്ച്‌
വാതോരാതെ പറഞ്ഞ
നിങ്ങളെയോരോരുത്തരേയും
ഞാന്‍ വിളിക്കുന്നു.
കുഴഞ്ഞു വീണ അനക്കങ്ങളും
വാക്കുപുറ്റുകളും
അര്‍ദ്ധസത്യങ്ങളായിപെരുമാറിയപ്പോള്‍
കണ്ണുകള്‍ക്ക്‌ അനക്കമുണ്ടെന്നും
അവ കാലത്തിന്റെ
ചോദ്യോത്തര പംക്തിയാണെന്നും
പാടിപ്പറഞ്ഞ നിങ്ങളെ
ഞാന്‍ ക്ഷണിക്കുന്നു.
ഞാന്‍ തുപ്പിയ
വര്‍ത്തമാനകാലത്തിന്റെ
ഒരിക്കലും
തുന്നിച്ചേര്‍ക്കനാവാത്ത
ലിപിയായി
എന്റെ കീറന്‍പുസ്തകക്കെട്ടുകള്‍ക്കിടയില്‍
ഇണചേരുന്ന വരികളില്‍
ഒരു വാക്കുണ്ട്‌.
അതു നിങ്ങള്‍ വായിക്കുന്നെങ്കില്‍
മറക്കാതിരിക്കുക;
വരൂ...
നിങ്ങളെയും
ക്ഷണിക്കുന്നു,
എന്റെ ശവമടക്കിന്‌.

നന്ദ മോഹന്‍
"കൌസ്തുഭം"
ചെറാട്ടുകുഴി
കോട്ടപ്പടി
മലപ്പുറം.