തര്‍ജ്ജനി

സംരക്ഷിത സ്മാരകങ്ങള്‍

ഏതോ ഒരു വലിയ ദുരന്തത്തിന്റെ സ്മാരകമെന്നപോലെ സദാ സജലങ്ങളായിരുന്നു അവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ ഊറിക്കൂടുന്ന കാര്‍മേഘങ്ങളെനോക്കി അവനിരുന്നു. ആ കണ്ണുകളില്‍നിന്ന്‌ എങ്ങനെ ഒരു പുതിയ കഥ വികസിപ്പിച്ചെടുക്കാമെന്നാണ്‌ അവന്‍ ചിന്തിച്ചത്‌. അവളാകട്ടെ,വരണ്ട പാടത്തിന്റെ വിള്ളലുകളില്‍ നോക്കി നെടുവീര്‍പ്പിട്ടു.

"എന്തേ നീയാലോചിയ്ക്കുന്നത്‌?"മടുപ്പോടെ അവന്‍ ചോദിച്ചു.
"ഒരു കുരുക്ക്‌... കഴുത്തിനു ചുറ്റും മുറുകി മുറുകി വരുന്ന ഒരു കുരുക്ക്‌...അതെനിയ്ക്കു കാണാന്‍ പറ്റണ്‌ണ്ട്‌.." ദൈന്യത കലര്‍ന്ന ഭയപ്പാടോടെയായിരുന്നു അവളുടെയുത്തരം.
"വിഡ്ഢിത്തം പറയാതെ!!" അവനു ദേഷ്യം വന്നുതുടങ്ങിയിരുന്നു. ഈ ഭ്രാന്തിപ്പെണ്ണിനോടു സംസാരിച്ചാല്‍ ദേഷ്യം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. സില്‍വീന പക്ഷെ നിസ്സഹായയായിരുന്നു. അവളുടെ മനസ്സില്‍ഒരു കുരുക്കായിരുന്നു. ഇടയ്ക്കിടെ വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന ഒരു കുരുക്ക്‌. ആ കുരുക്കില്‍നിന്നിറ്റു വീഴുന്ന ചോര നിലത്ത്‌ കെട്ടിക്കിടക്കുന്നു. പിന്നെ ചാലുകളായി നീളുന്ന ചുവപ്പ്‌ അവളുടെ സ്വപ്നങ്ങളിലേയ്ക്കും ജീവിതത്തിലേയ്ക്കും പടരുന്നു. ആ ചുവപ്പ്‌ അതിരുകള്‍ ലംഘിച്ചുതുടങ്ങിയപ്പോള്‍ അവളെഴുന്നേറ്റു.
"എനിയ്ക്കു വയ്യ,ജെയിംസ്‌.. ഞാന്‍ പോണു.ഫാദറിനെ കാണണം." നിസ്സഹായമായ മടുപ്പില്‍നിന്ന്‌ ഒറ്റപ്പെടലിലേക്ക്‌ ജെയിംസിനെ തള്ളിയിട്ട്‌ സില്‍വീന നടന്നു.

Binu Story Illustration

അള്‍ത്താരയ്ക്കുമുന്നില്‍, ക്രൂശിതരൂപത്തിനു മുമ്പില്‍ മുട്ടുകുത്തിനില്‍ക്കുമ്പോള്‍ സില്‍വീനയ്ക്ക്‌ വെറുതേ കരയണമെന്നു തോന്നി, വെറുതേ ചിരിയ്ക്കണമെന്നും! കുരിശുമരണങ്ങള്‍ മനസ്സിലേറ്റുവാങ്ങുമ്പോള്‍ സില്‍വീന അപ്പനെയോര്‍ത്തു. 'എന്തിനായിരുന്നു,അപ്പന്‍.....??!!' കട്ടിക്കണ്ണടയ്ക്കുള്ളിലെ തറച്ച നോട്ടവും പരുഷശബ്ദത്തിനുള്ളിലെ കനത്ത ആജ്ഞകളും കറുത്ത ചുണ്ടുകള്‍ക്കിടയിലെ ബീഡിപ്പുകയുമാണ്‌ ആ ജന്മം സില്‍വീനയുടെ ഓര്‍മ്മകളിലവശേഷിപ്പിക്കുന്നത്‌. മമ്മ കരഞ്ഞു, അപ്പനുള്ള കാലം മുഴുവന്‍; "എന്റെ തലേവര...!" മമ്മ കരയുന്നു, ഇപ്പഴും; "ന്റെ തലേവര.. മായ്ച്ചാ മാറില്ല്യാലോ..!!" ഒരു തുണ്ടു കയറിനടിയില്‍ക്കിടന്ന്‌ അപ്പന്‍ പിടഞ്ഞപ്പോഴും മമ്മ പഴിച്ചത്‌ തലേവരയെത്തന്നെയായിരുന്നു. പക്ഷെ... എന്തിനായിരുന്നു,അപ്പന്‍..?? സില്‍വീനയുടെ മനസ്സിലുണര്‍ന്നത്‌ പിന്നെയും ചോദ്യചിഹ്നങ്ങളാണ്‌. ഉത്തരങ്ങള്‍ക്കായി അവളുഴറി. ഒരുപക്ഷെ, തന്റെ അറിവുകള്‍ക്കു മുകളില്‍ പുതിയ തിരിച്ചറിവുകള്‍ ഉണ്ടായപ്പോഴായിരിക്കണം, സ്നേഹവും സഹതാപവും താങ്ങാവുന്നതിനുമപ്പുറം ആയപ്പോഴായിരിക്കണം അപ്പനും പോയത്‌. താന്‍ തന്നെ കണ്ടെത്തിയ ഉത്തരങ്ങളിലെ ശരിയറിയാതെ കുഴങ്ങി, സില്‍വീന. പെട്ടെന്നെന്തുകൊണ്ടോ സില്‍വീന, ഗായത്രി വരച്ച ചിത്രത്തെക്കുറിച്ചോര്‍ത്തു. മുള്‍ക്കാടുകള്‍ക്കിടയില്‍ കുരുങ്ങി, നെറുകയില്‍ മുള്‍ക്കിരീടം ചൂടി ചോരവാര്‍ന്നു കിടക്കുന്ന കന്യാമറിയം! പാതിനഗ്നയായ മറിയത്തിന്റെ മുല ഞെട്ടുകളില്‍നിന്ന്‌ രക്തമൊഴുകുന്നു. ആ ഓര്‍മ്മയില്‍ സില്‍വീന ഞെട്ടിവിറച്ചു. ഗായത്രിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. 'ഗായത്രീ... നീ സ്നേഹിക്കുന്നവന്‍, നിന്റെ ശിവന്‍ നിന്നെയും സ്നേഹിക്കട്ടെ. നിന്നെ മാത്രം സ്നേഹിക്കട്ടെ. സലിം, എന്നോടു ക്ഷമിക്കൂ.. നിങ്ങളെക്കാള്‍ ഞാന്‍ ഗായത്രിയെ സ്നേഹിക്കുന്നു. നിങ്ങളവളെ സ്നേഹിക്കുന്നെങ്കില്‍ അവളുടെ സ്നേഹം അവള്‍ക്കു തിരികെ കിട്ടാന്‍ പ്രാര്‍ത്ഥിക്കൂ..'

പ്രാര്‍ത്ഥനകളെ ക്രൂശിയ്ക്കപ്പെടുന്നവനെറിഞ്ഞു കൊടുത്ത്‌ സില്‍വീന എണീറ്റു. ഫാദറിനെ കാണണം. വെറുതേപുകയുന്ന ധൂപക്കൂട്ടുകള്‍ക്കിടയിലും നിര്‍ത്താതെ കത്തുന്നൊരു മെഴുകുതിരിയായി, ഫാദര്‍! ഒരാശ്രയത്തിനെന്നോണം സില്‍വീന ഫാദറിനെത്തിരഞ്ഞു. ആരുടെയോ കുമ്പസാര രഹസ്യങ്ങായി കാതോര്‍ക്കുകയാണു ഫാദര്‍.'ഫാദര്‍,..അങ്ങെങ്ങിനെ ഈ കുമ്പസാര രഹസ്യങ്ങളുടെ ചുമടും പേറിനടക്കുന്നു..??!പ്രിയപ്പെട്ടവരുടെ കൊച്ചുകൊച്ചു കുമ്പസാരങ്ങള്‍പോലും താങ്ങാനെനിയ്ക്കു കഴിയുന്നില്ലല്ലോ..!'
"ഞാന്‍ ചെയ്യുന്നതു തെറ്റാണൊ, സില്‍വീനാ..? അമ്മ,അനിയത്തിമാര്‍... ഒക്കെയോര്‍മ്മേണ്ട്‌. ന്നാലും,ശിവനെ ഞാന്‍...."
"എന്നും സ്നേഹിച്ചവരെല്ലാം എന്നെവിട്ടുപോയി. ഇപ്പഴിതാ,... ഇനി ഞാന്‍...?"
"സില്‍വീനാ,.. എളേപ്പനെന്നെ...!!! നിയ്ക്കു വയ്യ... എന്തു തെറ്റു ചെയ്തിട്ടാ ഞാന്‍..?! പാവം എന്റമ്മ."
"അച്ഛനിപ്പഴും ഒരു മാറ്റോല്ല. ഇങ്ങനെ പോയാല്‍ ഞങ്ങളെങ്ങനെ ജീവിയ്ക്കും, സില്‍വീനാ...??"
"സില്‍വീ, ഒരുപക്ഷെ തെറ്റായിരിക്കാം ഞാന്‍ ചെയ്യുന്നത്‌. പക്ഷെ... ആഗ്രഹിക്കുന്ന പുരുഷന്റെ സ്നേഹം പലപ്പൊഴും നമ്മളെ വിധേയരാക്കില്ലേടീ..."
"വാപ്പ ന്റെ നിക്കാഹു നടത്തമ്പോണു. സില്‍വീനാ,...ഒരു വാക്കുപോലും ചോദിച്ചില്ല, ന്നോട്‌. ഞായെന്താ ചിയ്യാ...???"
'മതി.. മതി... നിര്‍ത്തൂ...' സില്‍വീന അലറി. 'ഇതില്‍ക്കൂടുതല്‍ താങ്ങാന്‍ വയ്യ. നിങ്ങളാരും തെറ്റല്ല. എല്ലാം ശരി.. എല്ലാവരും ശരി.. എല്ലാ ശരികള്‍ക്കുമിടയിലെ ഒരു വലിയ തെറ്റ്‌, ഈ സില്‍വീന!'

തെറ്റും ശരിയും തമ്മിലുള്ള ബന്ധമോര്‍ത്തുകൊണ്ട്‌ ഫാദറിനെ കാണാന്‍ നില്‍ക്കാതെ സില്‍വീന പുറത്തേയ്ക്കിറങ്ങി. മുന്‍ കൂട്ടി തീരുമാനിച്ചിരുന്നില്ലെങ്കിലും വഴിയിലെ പുസ്തകശാലയിലേയ്ക്കു കയറി അവള്‍. ചില്ലുവാതില്‍ക്കല്‍ രജനീഷിന്റെ മുഖം. പുതിയ പുസ്തകത്തിന്റെ പരസ്യമായിരിയ്ക്കണം. നരച്ചുനീണ്ട താടി.. തിളങ്ങുന്ന കണ്ണുകള്‍... ആ ചിത്രങ്ങള്‍ സില്‍വീനയെ ഋഷിയെ ഓര്‍മ്മിപ്പിച്ചു. രജനീഷിന്റെ പുസ്തകങ്ങള്‍ സില്‍വീനയ്ക്കു പരിചയപ്പെടുത്തിയത്‌ ഋഷിയായിരുന്നല്ലൊ!! പിന്നെന്തോ അവള്‍ 'ശൂന്യതയുടെ പുസ്തക'ത്താളില്‍ "ഇരുള്‍ പൂണ്ട വഴികളിലെവിടെയോവച്ചു വീണുകിട്ടിയ കുഞ്ഞനിയത്തിയ്ക്ക്‌..." എന്നു സൌഹൃദം വച്ചുനീട്ടിയ പാര്‍ത്ഥേട്ടനെയോര്‍ത്തു. എല്ലാ നന്മകളും ഒരിയ്ക്കലസ്തമിയ്ക്കുമെന്ന്‌ അവളെ പഠിപ്പിച്ച പാര്‍ത്ഥേട്ടന്‍! അസ്തമനങ്ങളെ സ്നേഹിച്ച പാര്‍ത്ഥേട്ടനു പിറകെ "മരണം ഒരു കലയാണു സില്‍വീനാ.."യെന്നു പ്ലാത്തിനെ ഉദ്ധരിച്ചു കടന്നുപോയ യദുവിനെയോര്‍ത്തു. "ഏറ്റവും വലിയ നുണയാണു സില്‍വീനാ, സ്നേഹം!" എന്നു മുന്നറിയിപ്പു തരാറുള്ള നിഷിജയെയോര്‍ത്തു. പിന്നെ, "കണക്കില്‍ കവിതയുണ്ടെന്നും കവിതയില്‍ കണക്കുണ്ടെ"ന്നും പറയുന്ന മാഷിനെയും!

ഓര്‍മ്മകളെ യഥേഷ്ടം മേയാനനുവദിച്ചുകൊണ്ട്‌ സില്‍വീന ബുക്ക്സ്റ്റാളിന്റെ പടികളിറങ്ങി. "ഒന്നും വാങ്ങുന്നില്ലേ, സില്‍വീനാ..?" പിറകില്‍, കാമം കത്തുന്ന കണ്ണുകളുമായി അയാള്‍.. നരന്‍! എന്തുകൊണ്ടോ സില്‍വീനയ്ക്ക്‌ അയാളോട്‌ ദേഷ്യമൊന്നും തോന്നിയില്ല. മാത്രോല്ല,അന്നാദ്യമായി സില്‍വീന അയാളോട്‌ പുഞ്ചിരിയ്ക്ക കൂടി ചെയ്തു. ചോദ്യത്തിനു മറുപടിയായി ഇല്ലെന്നു ചെറുതായി തലയനക്കി നടന്നു അവള്‍. പിന്നെ പെട്ടെന്ന്‌ തിരിഞ്ഞ്‌ അയാള്‍ക്കരികിലേക്കു നീങ്ങിനിന്ന്‌ ആ കണ്ണുകളിലേയ്ക്കുറ്റുനോക്കി ചോദിച്ചു, "ശൂന്യതയുടെ പുസ്തകമുണ്ടോ...?"ഉത്തരത്തിനു ചെവി കൊടുക്കാതെ അവള്‍ വീണ്ടും നടന്നു.

ഓര്‍മ്മകളുടെ മുള്‍ക്കാടുകള്‍ക്കിടയിലൂടെ കിനാവിലെന്നവണ്ണം നടക്കുമ്പോള്‍ സില്‍വീന തന്റെ ബന്ധങ്ങളെക്കുറിച്ചോര്‍ത്തു. വിചിത്ര ബന്ധങ്ങള്‍...! "നിന്റെ റിലേഷന്‍സിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിയ്ക്കൊരെത്തും പിടിയും കിട്ടുന്നില്ലെ"ന്ന്‌ വേവലാതിപ്പെടുമായിരുന്നു മമ്മയെപ്പോഴും. പാവം മമ്മ! അപ്പന്റെ ദേഷ്യവും തന്റെ ദൈന്യതയും എന്നും മമ്മയെ തളര്‍ത്തി. സമാന്തരരേഖകള്‍ക്കിടയില്‍ ഞെരുങ്ങി, വീര്‍പ്പുമുട്ടി വല്ലപ്പോഴും പൊട്ടിത്തെറിയ്ക്കുന്ന മമ്മയുടെ മുമ്പില്‍ നിറഞ്ഞ കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി മുഖം കുനിച്ചിരിയ്ക്കുമ്പോള്‍ മമ്മയും തന്നെ വെറുത്തുതുടങ്ങിയോ എന്ന്‌ സില്‍വീന ഭയക്കാറുണ്ടായിരുന്നു. മമ്മയാകട്ടെ, വല്ലായ്മകളില്‍ കിടന്നുഴറി. തനിയ്ക്കു വീണുകിട്ടിയ ജീവിതവും അപ്പന്റെ ഭാവം മാറുന്ന വേഷങ്ങളും സില്‍വീനയുടെ രോഗവും, തനിയ്ക്കൊരിയ്ക്കലും പിടികിട്ടാത്ത ബന്ധങ്ങളുമെല്ലാം തന്റെ എണ്ണമറ്റ തലേവരകളിലുള്‍പ്പെടുത്തി ചുമന്നു.

ഓര്‍ക്കുമ്പോള്‍ സില്‍വീനയ്ക്കുതന്നെ ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഒന്നു മാത്രം മനസ്സിലായി, താനൊറ്റയ്ക്കാണെന്ന്‌! "ഈ ലോകത്ത്‌ ആത്യന്തികമായി ഒരു സത്യം മാത്രമേയുള്ളൂ.. അത്‌ എല്ലാ മനുഷ്യരും ഒറ്റയ്ക്കാണ്‌ എന്നതാണ്‌"എന്ന്‌ എന്നോ എവിടെയോ വായിച്ചതോര്‍ത്തു അവള്‍. മനസ്സു തുരുമ്പെടുക്കുമ്പോഴും അകല്‍ച്ചകളെ അംഗീകരിയ്ക്കാന്‍ ശ്രമിച്ചു,അവള്‍. ഒപ്പം, അടുപ്പങ്ങളായിരിയ്ക്കണം അകലങ്ങള്‍ സൃഷ്ടിയ്ക്കുന്നതെന്നു വിശ്വസിയ്ക്കാനും, മമ്മ പറയുന്ന പോലെ തലേവരയെന്നാശ്വസിയ്ക്കാനും!!

തിരിച്ചറിവിന്റെ നോവുകളും ഒരുപാടു സന്തോഷവും നാളെകളിലേയ്ക്കൊരുപിടി ഉപദേശങ്ങളും ഒരു ജന്മസൌഹൃദത്തിന്റെ സ്നേഹവും ചുരുങ്ങിയ നാളുകളിലൊതുക്കി അവള്‍ക്കു സമ്മാനിച്ച്‌ ഒരു പുതിയ ലോകത്തേയ്ക്കു പറന്നുപോയി, യദു.. ഒരേട്ടന്റെ വാത്സല്യവും സുരക്ഷിതത്വത്തിന്റെ ചൂടും തന്നു പൊതിഞ്ഞുപിടിച്ച്‌ പെട്ടെന്നൊരുനാള്‍ യാത്രപോലും പറയാതെ അകലങ്ങളില്‍ ചെന്നസ്തമിച്ചു, പാര്‍ത്ഥേട്ടന്‍.. ആര്‍ക്കും പിടികൊടുക്കാതെ, എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട്‌ ഇവര്‍ നടന്നുപോയ വഴിയിലൂടെത്തന്നെ അപ്പനും.! ഇന്ന്‌, "എനിയ്ക്ക്‌ എന്റേതായ പ്രശ്നങ്ങളും സ്വകാര്യതകളുമുണ്ട്‌. നീ അതിലിടപെടണ്ടാ..." എന്നു പൊട്ടിത്തെറിച്ച്‌ നിഷിജ. "നിനക്കു മനസ്സിലാവില്ല, സില്‍വീനാ.. എന്റെ വിഷമങ്ങള്‍. എന്നെ തനിച്ചുവിടൂ.."യെന്നു ഗായത്രി. "വലിയ തിരക്കാണു, സില്‍വീനാ.. ഒട്ടും സമയമില്ലെ"ന്നു സലിം.
"സില്‍വീനാ.. ഞങ്ങള്‍ക്കു ഞങ്ങളുടേതായ തിരക്കുകളും കാര്യങ്ങളുമുണ്ട്‌. വെറുതെ സില്ലിസൌഹൃദങ്ങള്‍ക്കായി ചെലവാക്കാന്‍ ഞങ്ങള്‍ക്കു സമയമില്ല..!"
സില്‍വീനാ.. സ്വന്തം പ്രശ്നങ്ങള്‍ തന്നെ പരിഹരിയ്ക്കാനാവുന്നില്ല. അതിനിടയില്‍ നീയിങ്ങനെ..."
ആവര്‍ത്തനം...!!വയ്യ...ഇനി വയ്യ...

'മൌനികള്‍ അനാഥരാവുകയാണോ അതോ അനാഥര്‍ മൌനികളാവുകയാണോ'യെന്ന സില്‍വീനയുടെ ചോദ്യത്തിന്‌ "ഭ്രാന്തു പറയല്ലേ,കുട്ടീ.."യെന്ന മാഷിന്റെ വാക്കുകള്‍ അവളെ വല്ലാതെ പൊള്ളിച്ചു .'പ്രതീക്ഷകളെ തെറ്റിച്ചും പ്രതീക്ഷിയ്ക്കാത്തിടത്തു കടന്നുചെന്നും ഞാനെന്റെ സാന്നിധ്യമറിയിച്ചോട്ടെ'യെന്നു കേണ സില്‍വീനയോട്‌ "എന്റെ പ്രതീക്ഷകള്‍ക്കുമൊക്കെ എത്രയോ അപ്പുറത്താണല്ലോ കുട്ടീ എന്നും നിന്റെ പ്രവൃത്തികള്‍"എന്നു ഫാദര്‍ ആശ്ചര്യപ്പെട്ടത്‌ അവളെ കൂടുതല്‍ തളര്‍ത്തി.

ഒരഗാധ ഗര്‍ത്തത്തിന്റെ അരികുപറ്റിയായിരുന്നു സില്‍വീനയുടെ യാത്ര! ഒരിയ്ക്കലും മനസ്സിലാക്കാന്‍ കഴിയാത്ത അപ്പനും, എന്നും നിസ്സഹായയായിരുന്ന മമ്മയ്ക്കും നടുവില്‍ എന്തുചെയ്യണമെന്നറിയാതെ പതറിയിരിയ്ക്കയായിരുന്നതുകൊണ്ടാവണം അവളൊന്നുമറിഞ്ഞില്ല. എന്നാലിന്ന്‌, അവളറിയുന്നുണ്ട്‌; താനിവിടെ തനിച്ച്‌.. വഴി തടയപ്പെട്ട്‌.. താഴ്വരകള്‍ക്കുമീതെ ഒറ്റപ്പെട്ടിടറിനില്‍ക്കുന്നൊരു മുനമ്പില്‍....! ആ ബോധം ഉള്ളിലാഴത്തില്‍ തറഞ്ഞുകയറിയപ്പോള്‍ വീണുപോയ പാഴ്വാക്കുകള്‍ക്കു മറുപടിയായി പരിഹാസത്തിന്റെ ആദ്യത്തെ അമ്പെയ്തത്‌ ഋഷി...! "ദേ..സില്‍വീന സാഹിത്യം പറയുന്നു. സില്‍വീനാ,.. നീയൊരു കഥയെഴുതിനോക്ക്‌. ഉഗ്രനാവും. പ്രസിദ്ധീകരിപ്പിയ്ക്കുന്ന കാര്യം ഞങ്ങളേറ്റു." നൂറ്റാണ്ടുകളുടെ അകലത്തിലേയ്ക്കവളെ വലിച്ചെറിഞ്ഞുകൊണ്ട്‌ ആ അമ്പ്‌ അവളുടെയുള്ളില്‍ ഒരിയ്ക്കലുമുണങ്ങാത്ത ആഴത്തിലേയ്ക്കു തുളഞ്ഞുകയറി. ഒടുവില്‍, അര്‍ത്ഥമില്ലാത്ത കുറെ ശേഷിപ്പുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ മുന്നിലൊരു മുഖം മാത്രം.. ജെയിംസ്‌! "ജീവിതം ഒരഡ്ജസ്റ്റ്മ്‌മെന്റാണു, സില്‍വീനാ... നിനക്കിപ്പോള്‍ ആവശ്യം ഒരു കൂട്ടാണ്‌" എന്നുപറഞ്ഞ്‌ മമ്മ അവള്‍ക്കായി കണ്ടെത്തിയ വരന്‍. സ്നേഹത്തിന്റെ നിറമുള്ള ജെയിംസിന്റെ കഥകളെയിഷ്ടപ്പെട്ടു സില്‍വീനയെന്നും. പക്ഷെ, ഒരിയ്ക്കലുമുള്‍ക്കൊള്ളാനാവാത്ത ദൂരത്തിനുമപ്പുറം നിന്ന്‌ "ബി പ്രാക്ടിയ്ക്കല്‍ സില്‍വീനാ.. നിസ്വാര്‍ത്ഥസ്നേഹമെന്നൊക്കെ പറയുന്നത്‌ കഥകളില്‍ മാത്രാണ്‌. നീയിപ്പോഴും ഭാവനയുടെ ലോകത്താണുള്ളത്‌. സത്യമതൊന്നുമല്ല. നമ്മള്‍ ജീവിയ്ക്കുന്നതു ഹൈ-ടെക്‌ യുഗത്തിലല്ലേ.." യെന്നുപദേശിയ്ക്കുന്ന ജെയിംസിനെ സില്‍വീനയ്ക്ക്‌ എങ്ങനെയാണ്‌ ഉള്‍ക്കൊള്ളാനാവുക..?! ജീവിതം നുണയും സ്നേഹം പൊള്ളത്തരവുമാവുന്ന കാലത്തും കുറെ നഷ്ടങ്ങളുടെ ഭാരിച്ച ചുമടുമായി തകര്‍ന്നുനില്‍ക്കുന്ന സില്‍വീനയെയെങ്ങനെയാണ്‌ ജെയിംസിനുള്‍ക്കൊള്ളാന്‍ കഴിയുക..?! ഇല്ല..ഇല്ല..

കുറെയധികം ചോദ്യചിഹ്നങ്ങള്‍ക്കും കുരുക്കുകള്‍ക്കുമിടയില്‍ എത്രശ്രമിച്ചിട്ടും ശ്രുതി ചേര്‍ക്കാനാവാത്ത വയലിന്‍പോലെ പിടയുന്ന മനസ്സ്‌. ഓര്‍മ്മകളുടെ തൂണുകളെല്ലാം ചിതലരിയ്ക്കുമ്പോള്‍ കാല്‍ച്ചുവട്ടില്‍നിന്ന്‌ മണ്ണ്‌ തെന്നിമാറുന്നു. തന്റെയീ ഇത്തിരിസ്വര്‍ഗ്ഗത്തിനു താഴെ അത്യഗാധമായ വിശാലഭൂമിക.. സ്വപ്നങ്ങളും പ്രതീക്ഷകളുമില്ല.. ചുറ്റിലും മണല്‍ത്തരികള്‍ മാത്രം! അടുക്കിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്തോറും അകന്നുപോകുന്ന ബന്ധങ്ങള്‍.. ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിയ്ക്കുന്തോറും ഊര്‍ന്നുപോകുന്ന സ്നേഹങ്ങള്‍.. അവശേഷിയ്ക്കുന്നത്‌ പിന്നെയും കുരുക്കുകള്‍ മാത്രം..!

വ്യക്തമായെന്തെന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത കുറെയേറെ ഓര്‍മ്മകളുടെ നുറുങ്ങുകളുമായി, ബോധത്തിനും അബോധത്തിനുമിടയിലെ ഒരു നൂല്‍പ്പാലത്തിലൂടെയാണ്‌ സില്‍വീന വീട്ടില്‍ ചെന്നുകയറിയത്‌. എല്ലാ തിരിച്ചറിവുകളും വെറും നുണകളാണെന്നും വിശ്വാസങ്ങളെല്ലാം എന്നും അബദ്ധങ്ങളാണെന്നുമുള്ള പുതിയൊരു തിരിച്ചറിവോടെ സില്‍വീന കണ്ടു; പിന്നെയും ചോദ്യങ്ങള്‍ മാത്രമവശേഷിപ്പിച്ചുകൊണ്ട്‌ വീണ്ടുമൊരു കുരുക്കിനു താഴെ നീറ്റലോടെ പിടഞ്ഞവസാനിയ്ക്കുന്ന തലേവരയുടെ കല്ലിപ്പ്‌!!!

ബിനു ആനമങ്ങാട്‌
എടത്രത്തൊടി വീട്‌
തൂത-തപാല്‍
മലപ്പുറം.

Submitted by Sunil (not verified) on Sat, 2005-08-06 14:22.

ശൂന്യത!!!!