തര്‍ജ്ജനി

ഹിമാലയം - യാത്രകളുടെ പുസ്തകം

നാരായണ ഗുരുകുലം, ഫേണ്‍ഹില്‍

സമാധിക്കുചുറ്റും തെളിഞ്ഞു കത്തുന്ന ആയിരം മണ്‍ചെരാതുകള്‍ക്കു മുമ്പില്‍ ഞാന്‍ ഇരുന്നു. ഗുരുവിനോടൊത്തു കഴിഞ്ഞ ദിനങ്ങള്‍ ഹൃദയത്തിലൂടെ ഒഴുകി മറഞ്ഞുകൊണ്ടിരുന്നു. ഉള്ളില്‍ നിറഞ്ഞ വിങ്ങല്‍ പുറത്തേക്കൊഴുകാതിരിക്കാന്‍ കണ്ണുകളടച്ചു്‌, പ്രാണനം സൌമ്യമാക്കി, പ്രാശാന്തിയെ ധ്യാനിച്ചു്‌ മൌനത്തിലമരാന്‍ ഞാന്‍ ശ്രമിച്ചു.

യതിപൂജയായിരുന്നു. ഗുരു സമാധിയായിട്ടു്‌ നാല്‌പത്തിയൊന്നു ദിവസമായെന്നു്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. സമാധിക്കു തൊട്ടുള്ള കുടിലില്‍ ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെയാണു്‌ കടന്നു പോയതു്‌. ഗുരുവിന്റെ വാത്സല്യം ചിന്തയ്ക്കുപോലും ഇടംതരാതെ ഉള്ളില്‍ നിറഞ്ഞു നിന്നു.

രാത്രിയായി. തണുപ്പു കൂടിക്കൂടി വരുന്നു. ഓരോരുത്തരായി എഴുന്നേറ്റു്‌ മുറികളിലേക്കു പോകുന്നു. മണ്‍ചെരാതുകള്‍ ഓരോന്നായി അണയാന്‍ തുടങ്ങി. എഴുന്നേല്‌ക്കാന്‍ തോന്നുന്നില്ല. ഞാന്‍ കണ്ണടച്ചുതന്നെ ഇരുന്നു. ഈശാവാസ്യോപനിഷത്തിലെയും ആത്മോപദേശശതകത്തിലെയും മന്ത്രങ്ങളും ഫാത്തിഅ സൂറത്തും ദൈവദശകവും ഞാന്‍ ഇടവിട്ട്‌ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന ശബ്ദത്തില്‍ ഓതുന്നുണ്ടായിരുന്നു. മുമ്പിലിരുന്നു കത്തുന്ന വിളക്കുകളുടെ പ്രഭ കുറഞ്ഞു വരുന്നതു്‌ അനുഭവിക്കാനാവുന്നുണ്ടു്‌. കുറെക്കഴിഞ്ഞു്‌ മെല്ലെ കണ്ണു തുറന്നു. എല്ലാവരും പോയിരിക്കുന്നു. ഇനി വിരലിലെണ്ണാവുന്ന മണ്‍ചെരാതിലെ ദീപമേ അണയാനുള്ളൂ.

അല്‌പം കഴിഞ്ഞപ്പോള്‍ ഗോപിദാസണ്ണനും രണ്ടു സുഹൃത്തുക്കളും അടുത്തു വന്നു. അടുക്കളയില്‍ പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ദീപങ്ങളെല്ലാം അണഞ്ഞശേഷമേ എഴുന്നേല്‌ക്കൂ? എന്നു ചോദിച്ചപ്പോള്‍ അതെ എന്നു ഞാന്‍ തലയാട്ടി.

"ഓം" എന്നെഴുതിയതില്‍ കത്തിച്ചുവച്ച ദീപങ്ങളാണ്‌ ഇനി അണയാനുള്ളതു്‌. മൂന്നു ദീപങ്ങള്‍ മാത്രം. ഓം എന്നെഴുതിയതിന്റെ ആദ്യത്തേതില്‍ ഇരിക്കുന്ന ചെരാതിലെ ദീപം താഴുകയും ഉയരുകയും ചെയ്യുന്നുണ്ടു്‌. ഒരു മണിക്കൂര്‍ വീണ്ടും കടന്നു പോയിരിക്കും. ഗോപിദാസണ്ണന്‍ പറഞ്ഞു: "ഏറ്റവും അവസാനം ആ ഓമിന്റെ തുടക്കത്തില്‍ ഇരുന്നു കത്തുന്ന ദീപമാണു്‌ അണയുന്നതെങ്കില്‍ ഗുരുവിന്റെ മഹിമയുടെ തെളിവായി നമുക്കതു കാണാം." ഗുരുക്കാന്മാരുടെ മഹിമ ചിന്തകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും അപ്പുറം അറിയാനാവാത്ത ലോകങ്ങളില്‍ പ്രോജ്ജ്വലിക്കുന്നു എന്ന സത്യം വെളിപ്പെടുത്താനായിരിക്കണം പൂര്‍ണ്ണപ്രകാശത്തില്‍ കത്തിയിരുന്ന മറ്റു രണ്ടു ദീപങ്ങളെയും അണച്ചു്‌ ഓമിന്റെ അകാരത്തില്‍ ജ്വലിച്ചു നിന്ന ദീപത്തെ കുറേനേരത്തേക്കുകൂടി നിയതി അണയാതെ കാത്തതു്‌.

സമയം പാതിരയോടടുത്തിരുന്നു. സമാധിയില്‍ നമസ്കരിച്ചു്‌ അടുക്കളയില്‍ പോയി ചായ കുടിച്ചു. ഉറക്കം വരുന്നില്ല. ഗുരുവിന്റെ സമാധിക്കു പിന്നിലുള്ള യൂക്കാലി വനത്തില്‍ ചെന്നിരുന്നു. ശക്തിയായ കാറ്റു വീശുന്നുണ്ടു്‌. യൂക്കാലിമരത്തിലെ നീളന്‍ ഇലകള്‍ ചിലുചിലാ ശബ്ദമുണ്ടാക്കുന്നു. യൂക്കാലിമരത്തില്‍ തലചായ്ച്‌ കണ്ണടച്ചിരുന്നു. ഇനിയെന്ത്‌? "ഹിമാലയം, ഹിമാലയം" എന്നു്‌ ഹൃദയം മന്ത്രിക്കാന്‍ തുടങ്ങി.

Himalaya

ഹിമായലം! ഹിമത്തിന്റെ ഭവനം. അല്‌പം പോലും മാലിന്യമേല്‌ക്കാത്ത തൂവെള്ള വിശുദ്ധിയുടെ പുണ്യദേശം. ആ വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ശരീരവും മനസ്സും കുളിരണിയുന്നു. നേരിട്ടു ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും അനുഭവം. ആലോചിക്കാനൊന്നുമില്ല. പോകുകതന്നെ. ഗുരു പരമ്പൊരുളില്‍ ലയിച്ചു കഴിഞ്ഞു.

ഋഷിവചനങ്ങള്‍ ഗുരുമുഖത്തുനിന്നും ശ്രവിക്കുമ്പോഴെല്ലാം ആ മഹസ്വികളുടെ ധ്യാനമനനാദികള്‍ക്ക്‌ ഇടം ഒരുക്കിക്കൊടുത്ത തപസ്ഥാനങ്ങളില്‍ ഹൃദയത്തോടൊപ്പം ശരീരത്തിനും സ്പര്‍ശിക്കാന്‍ ഭാഗ്യമുണ്ടാവണേ എന്നു്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. ദ്വൈതത്തിന്റെ നേരിയ നിഴല്‍ പോലുമേല്‌ക്കാതെ ശുദ്ധചിന്മയസ്വരൂപന്മാരായി കഴിഞ്ഞിരുന്ന ദൈവമക്കള്‍ വര്‍ഷങ്ങള്‍ ഹര്‍ഷങ്ങളായനുഭവിച്ച തപോവനങ്ങള്‍! മാനിനോടും പുലികളോടും കുശലം പറഞ്ഞും അരുവിയിലെ തെളിനീര്‍ കുടിച്ചു്‌ ദാഹമകറ്റിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ഇലകളും ഭക്ഷിച്ച്‌ വിശപ്പടക്കിയും ഏകാന്തതയുടെ മധുരം നുണഞ്ഞു്‌ ആത്മാനുഭൂതിയുടെ കൈലാസത്തില്‍ പ്രതിഷ്ഠിതരായ ശിവാത്മാക്കള്‍. അവരുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ കൂപ്പുകൈയുമായി സഞ്ചരിക്കാന്‍ കഴിയുമെങ്കില്‍ അതിനേക്കാള്‍ വലിയ അനുഗ്രഹമില്ല. സൌന്ദര്യം ഏറ്റവും മഹിമയില്‍ പ്രകാശം ചൊരിയുന്നിടത്തു്‌ ഋഷിസാന്നിദ്ധ്യം കൂടി അനുഭവിക്കാനാവുമെങ്കില്‍ അതുതന്നെ ജീവിതസാഫല്യം.

പിറ്റേന്നു്‌ പ്രാര്‍ത്ഥനാക്ലാസ്സില്‍ സംസാരിക്കുന്നതിനിടയില്‍ ഗീതേച്ചി ഹിമാലയം സന്ദര്‍ശിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ ഒപ്പം പോയാലോ എന്നൊരു തോന്നല്‍ ഉള്ളില്‍ മിന്നിമറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു്‌ പുറത്തിറങ്ങിയപ്പോള്‍ ഗീതേച്ചിയോടു ചോദിച്ചു: "നമുക്കു രണ്ടു പേര്‍ക്കും കൂടി ഹിമാലയത്തിനു പോകാം, അല്ലേ?" ഗീതേച്ചി മറുപടി ഒന്നും പറഞ്ഞില്ല. വെറിതെ ഒന്നു ചിരിച്ചതേയുള്ളൂ.

അന്നു രാത്രി തലയണയും നെഞ്ചോടമര്‍ത്തി ഗുരുവിന്റെ കട്ടിലില്‍ ഇരിക്കുമ്പോള്‍ ഗീതേച്ചി വന്നു്‌ ഐചിംഗ്‌ എടുത്തു മറിച്ചു നോക്കുന്നതു കണ്ടു. ഐചിംഗ്‌ ഒരു ചൈനീസ്‌ പ്രവചന ഗ്രന്ഥമാണു്‌. അതു തുറന്നു നോക്കി പലരും അവരുടെ ജീവിതത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാറുണ്ടു്‌. ഞാന്‍ ഗീതേച്ചിയുടെ അടുത്തു ചെന്നിരുന്നിട്ടു ചോദിച്ചു: "നാം ഒന്നിച്ചു യാത്ര ചെയ്യണോ എന്നു ചോദിക്കയായിരിക്കും അല്ലേ?"

ഗീതേച്ചി ചിരിച്ചു. തുറന്നിരിക്കുന്ന പേജ്‌ എനിക്കു കാണിച്ചു തന്നു.

"Hold to him in truth and loyalty;
This is without blame
Truth, like a full earthen bowl:
Thus in the end
Good fortune comes from without."

അതവസാനിക്കുന്നതു്‌ ഇങ്ങനെ പറഞ്ഞുകൊണ്ടാണു്‌:

"If we have missed the right moment for union and go on hesitating to give complete and full devotion, we shall regret the error when it is too late."

ഞങ്ങള്‍ ഒന്നിച്ചു യാത്ര ചെയ്യാന്‍ തീരുമാനിച്ചു. യാത്ര ചെയ്യുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയില്‍ മാത്രം മയങ്ങി നടക്കാതെ തൊട്ടടുത്തുകൂടെ കടന്നു പോകുന്ന പാന്ഥന്റെ ഹൃദയസ്പന്ദനം കൂടി അറിയാന്‍ ശ്രമിക്കണം എന്നു്‌ ഗുരു പറയുമായിരുന്നു. ഓരോ മനുഷ്യന്റെയും ഹൃദയത്തിലിരുന്നു വിളങ്ങുന്ന ജ്ഞാനദീപം അല്‌പമായെങ്കിലും സ്വീകരിക്കാവാവുമെങ്കില്‍ അതില്‍പരം അനുഗ്രഹം വേറെയില്ല എന്നു്‌ ഗുരുവിന്റെ ജീവിതത്തില്‍ നിന്നു്‌ അറിയാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടു്‌ വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം കുശലം പറഞ്ഞും അവരുടെ വിശ്വാസങ്ങളും അനുഭവങ്ങളും ചോദിച്ചറിഞ്ഞും യാത്രയെ സമ്പന്നമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഹരിദ്വാര്‍

ബസ്സില്‍ നിന്നിറങ്ങി വഴിയോരത്തേക്കു മാറിനിന്നു്‌ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. ഗിരിശൃംഗങ്ങളും കുതിച്ചുപായുന്ന ഗംഗയും ഒന്നും കാണുന്നില്ലല്ലോ. അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോകുന്ന സൈക്കിള്‍ റിക്ഷായും മൂന്നുപേര്‍ക്കും അഞ്ചുപേര്‍ക്കും പത്തുപേര്‍ക്കും ഒക്കെ ഇരിക്കാവുന്ന തരത്തിലുള്ള ഓട്ടോറിക്ഷകളും ബസ്സും ഒക്കെ നിറഞ്ഞ റോഡ്‌. എങ്ങു നോക്കിയാലും വലിയ കെട്ടിടങ്ങള്‍. 'ഇതാണോ ഹരിദ്വാര്‍?'

അങ്ങനെ ചിന്തിച്ചുചിന്തിച്ചു്‌ ചുമ്മാ സമയം കളഞ്ഞു നില്‌ക്കുമ്പോള്‍ മദ്ധ്യവയസ്കനായ ഒരാള്‍ അടുത്തുവന്നു ചോദിച്ചു: 'ഇവിടെ ആദ്യമായി വരികയാവും അല്ലേ? എങ്ങോട്ടാണു പോകേണ്ടത്‌?' പന്തം കണ്ട പെരുച്ചാഴിയെപ്പോലുള്ള എന്റെ നില്‌പു കണ്ടപ്പോള്‍ ആള്‍ക്കു്‌ കാര്യമെല്ലാം മനസ്സിലായിട്ടുണ്ടാവും.

Haridwar Image

'ഞങ്ങള്‍ കേരളത്തില്‍ നിന്നും വരികയാണു്‌. ഇവിടെ എവിടെയും പരിചയമില്ല. അടുത്തു വല്ല ആശ്രമവും ഉണ്ടോ?' ഗായത്രി ചോദിച്ചു. ഗായത്രിക്കേ ചോദിക്കാന്‍ പറ്റൂ. എനിക്ക്‌ ആകെ അറിയാവുന്നത്‌ നമ്മുടെ പുണ്യപുരാതനലോകഭാഷയായ മലയാളവും അല്‌പം മുറിയിംഗ്ലീഷും മുറിതമിഴും മാത്രം.

അദ്ദേഹം ഞങ്ങളെയും കൂട്ടി നടന്നു. അതിലെ വന്ന ഒരു ഓട്ടോറിക്ഷ നിറുത്തി അതില്‍ കയറിക്കോളാന്‍ പറഞ്ഞു. അദ്ദേഹവും കയറി. പത്തു പേര്‍ക്കിരിക്കാവുന്ന ഓട്ടോറിക്ഷയാണ്‌. അതില്‍ നിറയെ ആളുകള്‍. ഒരാള്‍ എന്നോട്‌ ഹിന്ദിയില്‍ എന്തോ ചോദിച്ചു. ഞാന്‍ ദയനീയഭാവത്തില്‍ ഗായത്രിയെ നോക്കി. ഗായത്രി അതിനു മറുപടി പറഞ്ഞു. ബാബ(ഈയുള്ളവന്‍ തന്നെ) മൌനവ്രതത്തിലായിരിക്കും എന്നു കരുതിയാവണം അയാള്‍ എന്നെ ഭയഭക്തിയോടെ കൈകൂപ്പി നമസ്കരിച്ചു. അതായിരുന്നു ഹിമാലയത്തില്‍ എനിക്കു്‌ ആദ്യമായി ലഭിച്ച നമസ്കാരം.

നിറയെ കെട്ടിടങ്ങളുള്ള സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം വണ്ടി നിറുത്താന്‍ പറഞ്ഞു. നാലു രൂപ ഓട്ടോക്കാരനു കൊടുക്കാന്‍ പറഞ്ഞു്‌ അദ്ദേഹവും ഞങ്ങളോടൊപ്പം പുറത്തിറങ്ങി. ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചു പറഞ്ഞു: 'അതൊരു ആശ്രമമാണു്‌. അവിടെ പോയാല്‍ താമസിക്കാന്‍ മുറി കിട്ടും. ചിലപ്പോള്‍ മുപ്പതുരൂപ വാടക കൊടുക്കേണ്ടി വരും. വാടകയല്ല, ഒരു ചെറിയ ഡൊണേഷന്‍.' ആശ്രമകവാടത്തില്‍ കാവല്‍ നിന്നിരുന്ന ആളോട്‌ ഞങ്ങളെക്കുറിച്ച്‌ എന്തോ പറഞ്ഞു. ഇദ്ദേഹം എല്ലാം ശരിയാക്കിത്തരും എന്നു പറഞ്ഞു്‌ അയാള്‍ ആ ഓട്ടോയില്‍തന്നെ സ്ഥലം വിട്ടു. അതു്‌ സപ്തഋഷി മാര്‍ഗ്‌ എന്ന സ്ഥലമായിരുന്നു. ശ്രീകൃഷ്ണപ്രണാമി എന്ന ആ ആശ്രമത്തിലാണു്‌ അദ്ദേഹം ഞങ്ങളെ ഇറക്കിവിട്ടതു്‌. മുറിയിലെത്തി കുളി കഴിഞ്ഞപ്പോള്‍ നല്ല വിശപ്പു്‌. ഭക്ഷണം ആശ്രമത്തില്‍ നിന്നു കിട്ടുമെന്നു പറഞ്ഞിരുന്നു. ടോക്കണ്‍ വാങ്ങിക്കേണ്ട. പോയി ഭക്ഷണം കഴിച്ചോള്ളൂ എന്നു്‌ റിസപ്ഷനിലുണ്ടായിരുന്ന സുന്ദരനായ ഒരു കുട്ടിക്കൃഷ്ണന്‍ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടി. തുറന്നു നോക്കിയപ്പോള്‍ ഞങ്ങളെ ആശ്രമത്തിലെത്തിച്ച ആള്‍. കുറെനേരം ഞങ്ങളോടൊത്തിരുന്നു്‌ കുശലം പറഞ്ഞ്‌ അയാള്‍ പിരിഞ്ഞു. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നും ഇവിടെയുള്ളവരോടു്‌ നിങ്ങള്‍ക്കു വേണ്ടതൊക്കെ ചെയ്തു തരാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മൂന്നു ദിവസം ഹരിദ്വാറില്‍ താമസിച്ചു. അപ്പോഴേക്കും ശ്രീകൃഷ്ണപ്രാണാമി ആശ്രമത്തിലെ അന്തേവാസികളുമായി ഗാഢമായ സൌഹൃദത്തിലായിക്കഴിഞ്ഞിരുന്നു.

കിഴക്കു പടിഞ്ഞാറായി ആയിരത്തി അഞ്ഞൂറിലധികം മൈല്‍ വ്യാപിച്ചു കിടക്കുന്ന ഒരു അത്ഭുത സാമ്രാജ്യമാണ്‌ ഹിമാലയം. ആകാശം മുട്ടി നില്‍ക്കുന്ന എണ്ണിയാലൊടുങ്ങാത്തത്ര ഹിമവത്ശൃംഗങ്ങളാലും മാതൃവാത്സല്യം തുളുമ്പിനില്‍ക്കുന്ന താഴ്വരകളാലും വിശ്വവശ്യമാണ്‌ ഈ അത്ഭുതപ്രപഞ്ചം.

ഹിമാലയ പര്‍വ്വതനിരകളെ പൌരാണികര്‍ അഞ്ചു ഖണ്ഡങ്ങളായി തിരിച്ചു പറഞ്ഞുപോരാറുണ്ട്‌. കാശ്മീരവും ജമ്മുവും ഉള്‍പ്പെട്ട അമര്‍നാഥഖണ്ഡം. പഞ്ചാബിലെ ഹിമാചല്‍പ്രദേശം, അല്‍മോറയും കുമയൂണും ഭൂട്ടാന്റെ ഒരു ഭാഗവും ഉള്‍പ്പെട്ട കൂര്‍മ്മാചലപ്രദേശം, നേപ്പാളവും സിക്കിമും തിബറ്റിന്റെ ഒരു തുണ്ടുമുള്‍പ്പെട്ട ഗൌരീശങ്കര്‍പ്രദേശം. ഹരിദ്വാരം തൊട്ട്‌ കൈലാസം വരെയുള്ള കേദാരഖണ്ഡം. കേദാരഖണ്ഡിലാണ്‌ ഹരിദ്വാറും ഋഷികേശും ബദരീനാഥും കേദാര്‍നാഥും യമുനോത്രിയും ഗംഗോത്രിയും ഗോമുഖും തപോവനവും വാലി ഓഫ്‌ ഫ്ലവേഴ്സും ഹോംകുണ്ഡ്‌ സാഹേബും ഒക്കെ തലയുയര്‍ത്തി വിനയാന്വിതരായി നില്‍ക്കുന്നത്‌.

ഉത്തരഖണ്ഡിലെ എല്ലാ മലനിരകളിലേക്കുമുള്ള യാത്ര ഹരിദ്വാറില്‍ നിന്നാണ്‌ ആരംഭിക്കുക. ഉറഞ്ഞു കിടക്കുന്ന ഹിമവല്‍ശൃംഗങ്ങളില്‍ സൂര്യകാരുണ്യമേല്‍ക്കുമ്പോഴുണ്ടാകുന്ന ഉള്‍പ്പുളകം തുള്ളിത്തുള്ളിയായിട്ടു വീണു്‌ നീര്‍ച്ചാലുകളായി മാറി, മലയിടുക്കുകളിലൂടെയും പാറക്കെട്ടുകളിലൂടെയും വളഞ്ഞുപുളഞ്ഞൊഴുകി വഴിയില്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടുചേര്‍ന്ന് കുതിച്ചൊഴുകി അവസാനം സമതലത്തില്‍ പ്രവേശിക്കുന്നത്‌ ഇവിടെ, ഹരിദ്വാറില്‍ വെച്ചാണ്‌. അതിപുരാതനകാലം മുതല്‍ ആ ജീവാമൃതപ്രവാഹത്തെ ഗംഗയെന്നാണ്‌ നാം ഭക്തിയോടെ വിളിച്ചുപോരുന്നതു്‌.

അറിവിന്റെ നിറവനുഭവിച്ചാനന്ദിച്ചിരുന്ന ഋഷിപുംഗവന്മാര്‍ക്കു്‌ തപസ്ഥാനമായിരുന്ന മലനിരകളിലേക്കു പ്രവേശിക്കുന്ന കവാടമായതിനാലാവാം ഹരിദ്വാരമെന്ന് ഈയിടത്തിന്‌ പേരു വന്നത്‌. ഹരിദ്വാറിലെ അമ്പലങ്ങളില്‍ കയറിയിറങ്ങിയും കണ്ട വഴികളിലൂടെയെല്ലാം ചുമ്മാനടന്നും ഗംഗയുടെ ഓരത്തുള്ള നടപ്പാതയിലൂടെ സഞ്ചരിച്ചു മൂന്നുദിവസം കടന്നു പോയതറിഞ്ഞതേയില്ല. ശുദ്ധമായ വായുവും എങ്ങുനോക്കിയാലും കാണുന്ന വനനിബിഢമായ മലനിരകളും ശാന്തയായൊഴുകുന്ന ഗംഗാമയിയും എല്ലാം അനുഗ്രഹം വര്‍ഷിച്ചു നില്‍ക്കുമ്പോള്‍ കാലം സ്വയമേ അയവുള്ളതായി മാറുന്നു.

Haridwar Image

ഹരിദ്വാറിലെ വൈകുന്നേരങ്ങള്‍ സ്വപ്നസമാനമാണു്‌. ഗംഗയുടെ വലതുകരയിലാണു്‌ പ്രധാന സ്നാനഘട്ടമായ ഹര്‍ കീ പൈറീ (ഹരിപാദം) അഥവാ ബ്രഹ്മകുണ്ഡം. അവിടെയാണു്‌ ഗംഗാമയിക്കുള്ള പൂജകള്‍ നടക്കുക. ആയിരക്കണക്കിനാളുകള്‍ മന്ത്രമുരുവിട്ടുകൊണു്‌ ഗംഗയില്‍ മുങ്ങിനിവരുന്നു. അവിടെ സ്നാനം ചെയ്താല്‍ നമ്മുടെ പാപങ്ങളെല്ലാം പോകുമെന്നും മുക്തിലഭിക്കുമെന്നുമാണു്‌ ഭക്തരുടെ വിശ്വാസം. ഞങ്ങളുടെ പാപങ്ങള്‍ അവിടെ കഴുകിക്കളയാന്‍ എന്തുകൊണ്ടോ അനുഗ്രമുണ്ടായില്ല. അത്രയ്ക്കും അഴുക്കു നിറഞ്ഞതായിരുന്നു അതിലൂടെ ഒഴുകുന്ന ഗംഗ.

നദിയിലേക്കു്‌ കരയില്‍നിന്നും കല്‍പടികള്‍ കെട്ടിയിട്ടുണ്ടു്‌. ഒഴുക്കുള്ള ഭാഗങ്ങളില്‍ പടിയില്‍ ഇരുമ്പുകമ്പി നാട്ടി അതില്‍ നിന്നും വളയങ്ങളിട്ട ചങ്ങലകള്‍ നദിയിലേക്കിട്ടിട്ടുണ്ടു്‌. അതില്‍ പിടിച്ചു്‌ ആളുകള്‍ക്കു്‌ സുരക്ഷിതമായി കുളിക്കാം. വൈകുന്നേരത്തെ ആരതി കാണേണ്ടതു തന്നെ. നക്ഷത്രലോകം ഭൂമിയിലേക്കു്‌ ഇറങ്ങിവന്നതുപോലെ തോന്നും. കര്‍പ്പൂരദീപങ്ങളും പൂജാപുഷ്പങ്ങളും നിറച്ച ഇലകൊണ്ടുണ്ടാക്കിയ കുഞ്ഞുതോണികള്‍ ഗംഗയില്‍ പുളച്ചു മറിയുന്നു. മണ്‍ചെരാതുകള്‍ കടലാസ്‌ തോണിയില്‍വെച്ചും ഒഴുക്കിവിടുന്നുണ്ട്‌. ഗംഗാതീരം മുഴുവന്‍ ക്ഷേത്രമണിനാദത്താല്‍ മുഖരിതമാകുന്നു. എങ്ങും മന്ത്രോച്ചാരണങ്ങളുടെ ധ്വന്യാലോകം. നദീതീരത്തെ ആശ്രമങ്ങളിലും മറ്റു കെട്ടിടങ്ങളിലുമുള്ള ലൈറ്റുകളുടെ പ്രതിബിംബവും ഗംഗയില്‍ പൊട്ടിച്ചിരിക്കുന്നു. അനേകം തരത്തിലുള്ള വാദ്യോപകരണങ്ങളുമായി സംഘങ്ങളായെത്തിയിട്ടുള്ള ഭക്തര്‍ എല്ലാം മറന്നിരുന്നു്‌ ഭജന പാടുന്നു. ആരതി തുടങ്ങുമ്പോഴേക്കും ഭക്തജനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കും. ഭക്തി മനുഷ്യമനസ്സിന്റെ പിരിമുറുക്കത്തിനു്‌ വലിയൊരു ചികിത്സ തന്നെയാണെന്ന് ഇങ്ങനെയുള്ള സ്ഥലങ്ങളിലെത്തുമ്പോഴെല്ലാം തോന്നാറുണ്ട്‌. ചിലപ്പോഴതു്‌ രോഗമായും മാറാറുണ്ടു്‌ എന്നതും പറയാതെ വയ്യ. എത്ര ധന്യതയോടും നിര്‍വൃതിയോടെയുമാണു്‌ ആളുകള്‍ ആരതിയില്‍ പങ്കെടുത്തു്‌ തണുപ്പു നിറഞ്ഞ ഗംഗയില്‍ വീണ്ടും വീണ്ടും മുങ്ങിക്കുളിച്ചു നിവരുന്നതു്‌!

ജനങ്ങള്‍ക്കിടയിലൂടെ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ നടക്കുന്നതിനിടയില്‍ കാണുന്ന ആശ്രമങ്ങളിലെല്ലാം കയറും. അവിടുത്തെ സ്വാമിമാരോടു സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ അവരുടെ വിശ്വാസപ്രമാണങ്ങളും സാധനാരീതിയും ഒക്കെ ചോദിച്ചറിയും. മലയാളികളായ ഹിമാലയന്‍ യാത്രക്കാര്‍ക്കെല്ലാം ആശ്വാസമായ അയ്യപ്പാശ്രമത്തെക്കുറിച്ചു്‌ കേട്ടെങ്കിലും മടക്കയാത്രയിലേ അവിടെ കയറാനായുള്ളൂ. ഞങ്ങള്‍ താമസിച്ചിരുന്ന ആശ്രമത്തിനു തൊട്ടുള്ള ആശ്രമത്തിലെ അധിപനായ മലയാളി സ്വാമിയെ കാണാനും ആശ്രമത്തില്‍ നിന്നും ഉച്ചഭിക്ഷ സ്വീകരിക്കാനും കഴിഞ്ഞു. ഹരിദ്വാറിന്റെയും ഹിമാലയത്തിന്റെയും പവിത്രതെയെക്കുറിച്ചു്‌ വിശദമായൊരു പ്രഭാഷണം തന്നെ അദ്ദേഹം നടത്തി.

ഞങ്ങള്‍ ഭൂമാനികേതന്‍ ആശ്രമത്തിലും എത്തി. ചെറിയൊരു മുറിയില്‍ പത്തിഞ്ചു്‌ ഉയരം വരുന്ന ഒരു മരപ്പലകയില്‍ തുണിവിരിച്ചു്‌ തടിച്ചു വെളുത്തു നരച്ച സുന്ദരനായ ഒരു സ്വാമി ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തു്‌ കാവിധാരികളായ മദ്ധ്യവസ്സു കഴിഞ്ഞ നാലു സന്യാസിമാര്‍ വളരെ സ്വാതന്ത്ര്യത്തോടെ ചോദ്യങ്ങള്‍ ചോദിച്ചും തമാശ പറഞ്ഞും ഇരിക്കുന്നുണ്ടു്‌.

ഞങ്ങള്‍ അദ്ദേഹത്തെ നമസ്കരിച്ചു. വലതുഭാഗത്തേക്കു കൈചൂണ്ടി ചിരിച്ചുകൊണ്ടു്‌ 'ഇരിക്കാം' എന്നു്‌ ആംഗ്യം കാണിച്ചു. മാണ്ഡൂക്യോപനിഷത്തു വായിച്ചു്‌ വിശദീകരിച്ചു കൊടുക്കുകയാണു്‌. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്‌ത്രീ കയറിവന്നു്‌ ഞങ്ങളുടെ അടുത്തിരുന്നു. അല്‌പസമയം കഴിഞ്ഞ്‌ അദ്ദേഹം വായന നിറുത്തി ഞങ്ങളോടു പറഞ്ഞു: "ഞങ്ങള്‍ മാണ്ഡൂക്യോപനിഷത്താണു്‌ വായിക്കുന്നതു്‌. ദശോപനിഷത്തുകള്‍ മുഴുവന്‍ വായിച്ചു പഠിക്കാന്‍ അവസരമില്ലെങ്കില്‍ മാണ്ഡൂക്യമെങ്കിലും വായിക്കണം എന്നു ജ്ഞാനികള്‍ പറയാറുണ്ട്‌. ഓംകാരപ്പൊരുളിന്റെ വിശദീകരണമാണു്‌ ഈ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നത്‌..."

അദ്ദേഹം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഇരുന്ന സ്‌ത്രീ ചോദിച്ചു: 'മൂര്‍ത്തിപൂജയെക്കുറിച്ചു്‌ അങ്ങയുടെ അഭിപ്രായമെന്താണു്‌? ഞങ്ങളുടെ ഗുരു മൂര്‍ത്തിപൂജയെ അംഗീകരിക്കുന്നില്ല'

സൌമ്യമായി അദ്ദേഹം പറഞ്ഞു: 'എന്റെ ഗുരു, നിന്റെ ഗുരു ഞങ്ങളുടെ ഗുരു എന്നൊന്നുമില്ല. ഉള്ളില്‍ വെളിച്ചമുള്ളവനാണ്‌ ഗുരു. അവന്‍ ആരുടേതുമല്ല. ഏവരുടേതുമാണുതാനും. പിന്നെ മൂര്‍ത്തി. നിങ്ങളും ഗുരുവും എല്ലാം മൂര്‍ത്തികള്‍ തന്നെയല്ലേ? ഒരാള്‍ വേറൊരാളെ സ്നേഹിക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ അതു മൂര്‍ത്തിപൂജ തന്നെയാണു്‌. മൂര്‍ത്തമാണോ അമൂര്‍ത്തമാണോ എന്നതൊന്നുമല്ല വിഷയം. നമ്മുടെ ഉള്ളില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കേണ്ട പരിവര്‍ത്തനമാണ്‌ പ്രധാനം. ആര്‍ക്കും ദോഷമില്ലാത്ത, അന്ധകാരത്തിലേക്കു നയിക്കാത്ത ഏതു മാര്‍ഗ്ഗവും നിങ്ങള്‍ സ്വീകരിച്ചോളൂ. ഞാന്‍ മാത്രമാണ്‌ ശരി, മറ്റെല്ലാവരും തെറ്റാണ്‌ എന്നു പറയാതിരുന്നാല്‍ മതി.'

എത്ര ശാന്തമായാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്‌ എന്ന നാരായണഗുരുവിന്റെ ജീവിതദര്‍ശനം നേരിട്ടനുഭവിക്കാന്‍ ഒരവസരം കിട്ടിയതില്‍ അതിയായ സന്തോഷം തോന്നി. അദ്ദേഹം ഞങ്ങളുടെ നേര്‍ക്കു തിരിഞ്ഞു ചോദിച്ചു: 'ഇപ്പോള്‍ വൃന്ദാവനത്തില്‍നിന്നും ഒരു സ്വാമി വരും. ഭഗവത്ഗീത വായിക്കും അതു കേട്ടിട്ടു്‌ പോയാല്‍ മതിയല്ലോ?'

ഞങ്ങള്‍ സമ്മതഭാവത്തില്‍ തലയാട്ടി. വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ തുണിയില്‍ പൊതിഞ്ഞ ഒരു വലിയ പുസ്തകവുമായി കയറി വന്നു. വന്നപാടെ അയാള്‍ ഗുരുവിനെ നമസ്കരിച്ചു. പുസ്തകം പുറത്തെടുത്തു്‌ തുടര്‍ന്നു വായിക്കേണ്ട ഭാഗം ഗുരുവിന്റെ കൈയില്‍ കൊടുത്തു.

ലക്ഷേശ്വരാശ്രം മഹാരാജ്‌ ഭഗവദ്ഗീതയിലെ ശ്ലോകവും അര്‍ത്ഥവും വിശദീകരണവും വായിക്കാന്‍ തുടങ്ങി. എല്ലാവരും കണ്ണടച്ചു്‌ ശ്രദ്ധയോടെ കേട്ടിരുന്നു. പതിനെട്ടാം അദ്ധ്യായത്തിലെ 64,65,66 മന്ത്രങ്ങളാണു്‌ വായിച്ചതു്‌. ഭഗവദ്ഗീതയുടെ സാരസംഗ്രഹം എന്നോ മറ്റോ പരമോപദേശം എന്നോ പറയാവുന്ന ഈ മന്ത്രങ്ങള്‍ തന്നെ ആ ഗുരുവിന്റെ തിരുമുഖത്തുനിന്നും വായിച്ചു കേള്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി.

"എല്ലാ രഹസ്യങ്ങളിലും വെച്ചു്‌ രഹസ്യമായ എന്റെ ഉല്‍കൃഷ്ടമായ വാക്കിനെ പിന്നെയും നീ കേട്ടാലും. നീ എനിക്കു്‌ നിശ്ചയമായും ഇഷ്ടനാകുന്നു എന്നതുകൊണ്ടു്‌ നിന്റെ ഹിതത്തെ ഞാന്‍ പറയുന്നുണ്ടു്‌."

"എന്നില്‍ മനസ്സുള്ളവനായി നീ ഭവിക്കുക. എന്റെ ഭക്തനാകുക. എന്നെ ഉദ്ദേശിച്ചു്‌ യജിക്കുന്നവനാകുക. എന്നെ നമസ്കരിച്ചാലും. എന്നെത്തന്നെ നീ പ്രാപിക്കും. സത്യമായിട്ടും നീന്നോട്‌ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്കു്‌ പ്രിയനാകുന്നു."

"നീ എല്ലാ ധര്‍മ്മങ്ങളെയും ഉപേക്ഷിച്ചു്‌ ഏകനായ എന്നെ ശരണമായി പ്രാപിച്ചാലും. ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും വിടുവിക്കും, ദുഃഖിക്കരുതു്‌."

വായന കഴിഞ്ഞു്‌ അദ്ദേഹം പുസ്തകം സ്വാമിയുടെ കൈയില്‍ കൊടുത്തു. അദ്ദേഹം അതു ഭക്തിയോടെ വാങ്ങി കണ്ണില്‍തൊട്ടു നമസ്കരിച്ചു്‌ തുണിയില്‍ പൊതിഞ്ഞു സഞ്ചിയിലിട്ടു. പ്രസാദമായി അദ്ദേഹം ഞങ്ങള്‍ക്കെല്ലാം പഴം തന്നു. ആരെന്നോ എവിടെ നിന്നു വരുന്നെന്നോ ഒന്നും അദ്ദേഹം ചോദിച്ചില്ല. ധന്യത നിറഞ്ഞ ആ സാന്നിദ്ധ്യം വിട്ടെഴുന്നേല്‍ക്കാന്‍ തോന്നിയില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ പുറത്തിറങ്ങി.

"ശ്രുതിയും സ്മൃതിയും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാകുന്നു" പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ഗായത്രിയോടു്‌ പറഞ്ഞു.
"മനസ്സിലായില്ല"
"ഗായത്രീ, വൃന്ദാവനത്തില്‍ നിന്നും വന്ന സ്വാമി കൊണ്ടുവന്ന പുസ്തകം അതേപടി വായിച്ചു എന്നല്ലാതെ ഒരു വാക്കുപോലും മഹാരാജ്‌ പറഞ്ഞില്ല. എന്നാല്‍പിന്നെ ആ സ്വാമിക്കു്‌ ഭഗവദ്ഗീത സ്വന്തം മുറിയില്‍ ഇരുന്നു വായിച്ചാല്‍ പോരേ? എന്തിനു്‌ ഇത്രയും ദൂരം വരണം.

ശ്രുതിയെന്നാല്‍ എന്തെന്നു ചോദിച്ചാല്‍ നാം ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നൊക്കെ പറയും. ഇവയൊന്നും ശ്രുതികളോ സ്മൃതികളോ അല്ല. വെറും നിരര്‍ത്ഥകമായ വാക്കുകള്‍ മാത്രമാണു്‌.

ഒരു വചനം ശ്രുതിയായിത്തീരുന്നത്‌ ആ വചനത്തിനു്‌ നമ്മുടെ ഹൃദയത്തില്‍ ശാശ്വതമായ സമാധാനം നിറയ്ക്കാന്‍ കഴിമ്പോള്‍ മാത്രമാണു്‌. അങ്ങനെ ഒരു പരിവര്‍ത്തനം, സ്ഥായിയായ സമാധാനം നമ്മില്‍ സംഭവിപ്പിക്കാന്‍ കഴിയാത്തിടത്തോളം ഭഗവദ്ഗീതയായാലും ഉപനിഷത്തായാലും ബൈബിളായാലും വിശുദ്ധ ഖുര്‍ആനായാലും ധര്‍മ്മപദമായാലും നിരര്‍ത്ഥകമായ അക്ഷരങ്ങളുടെ കൂമ്പാരവും ഓര്‍മ്മകളില്‍ മൃതശരീരങ്ങളായി ചേക്കേറുന്ന വെറും വാക്കുകളും മാത്രമാണു്‌.

അനുഭവിയായ ഗുരുവിന്റെ തിരുവധരങ്ങളില്‍ നിന്നും ഗീതാശ്ലോകവും അര്‍ത്ഥവും ഒഴുകി വരുമ്പോള്‍ വിനയാന്വിതനായി തുറന്ന ഹൃദയത്തോടെ ഇരിക്കുന്ന ശിഷ്യന്റെ ഉള്ളില്‍ പൂര്‍ണ്ണഭാവത്തോടെ മന്ത്രാര്‍ത്ഥം നിറയുന്നു. സ്വന്തം മുറിയിലിരുന്നു്‌ അവനതു്‌ ഉരുവിടുമ്പോള്‍ പലപ്പോഴും അതു്‌ അധരവ്യായാമം മാത്രമായി മാറുന്നു. ഇവിടെ അനുഭവത്തിന്റെ, വാക്കു്‌ ഉള്ളില്‍ നിറയ്ക്കുന്ന അദ്വൈതാനുഭൂതിയുടെ, മാനദണ്ഡം വെച്ചു വേണം ശ്രുതിയും സ്മൃതിയും നാം വേര്‍തിരിച്ചറിയാന്‍.

ശ്രദ്ധാലുവായ ഒരുവനു്‌ ഒരോ ശ്വാസത്തിലും ഋഷിസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയുന്ന ഈ പുണ്യദേശത്തിലിരുന്നു്‌ അറിവിന്റെ പ്രത്യക്ഷരൂപം പോലെയുള്ള ഈ മനുഷ്യന്‍ ഭഗവദ്ഗീത വായിക്കുമ്പോള്‍ എത്രയോ പ്രാവശ്യം വായിച്ചിട്ടുള്ള ആ മന്ത്രങ്ങള്‍ എന്തുകൊണ്ടാണു്‌ നമുക്കു്‌ ഇത്രയും ആഴത്തില്‍ അനുഭവിക്കാനായതു്‌. അതാണു്‌ ശ്രുതി. നിത്യനിരന്തരമായ സ്വാദ്ധ്യായത്തിലൂടെ താന്‍തന്നെയായി മാറിയ മന്ത്രാനുഭൂതിയെ അദ്ദേഹം നിശ്വസിക്കുമ്പോള്‍ നാം ആ വാക്കുകള്‍ ശ്രവിക്കുകയല്ല, മറിച്ച്‌ വാക്കിലെ സുഗന്ധാമൃതം പാനം ചെയ്യുകയാണു്‌".

ഹരിദ്വാറിലെ താമസത്തിനിടയില്‍ പോകാനിടയായ മറ്റിടങ്ങളാണു്‌ മാനസാദേവിക്ഷേത്രവും ചണ്ഡിദേവിക്ഷേത്രവും മായാദേവിക്ഷേത്രവും. അതിപുരാതനമായ ഈ ക്ഷേത്രങ്ങള്‍ മലകള്‍ക്കു മുകളിലാണു്‌ സ്ഥിതി ചെയ്യുന്നതു്‌. ഹരിദ്വാറിലെ റിക്ഷകളില്‍നിന്നും തീര്‍ത്ഥാടകബഹളങ്ങളില്‍ നിന്നും ഇത്തിരിനേരം ഒഴിഞ്ഞിരിക്കാനാഗ്രഹിക്കുന്നവര്‍ക്കു്‌ ഓടിയെത്താവുന്ന ശാന്തിസ്ഥാനങ്ങള്‍. കുറെ സമയം ഞങ്ങള്‍ അവിടെ ചിലവഴിച്ചു.അനേകം തപസ്വികള്‍ അവരുടെ ധ്യാനത്തിനായി ഈ സ്ഥലം ഉപയോഗിച്ചിട്ടുണ്ടു്‌. ഇവിടെ വെറുതെ ഇരുന്നാല്‍തന്നെ അതെത്ര ആനന്ദകരമായ ധ്യാനമാണു്‌.

ഷൌക്കത്ത്‌, നാരായണ ഗുരുകുലം, ഫേണ്‍ ഹില്‍, ഊട്ടി

Submitted by കലേഷ് (not verified) on Mon, 2005-08-08 12:02.

യതിയുടെ പുസ്തകം വായിക്കുന്നതുപോലെയിരിക്കുന്നു! അതേ സുഖം! ഗുരുകാരുണ്യം എന്ന് പറയുന്നത് ഇതാണ്. ഞാൻ അത് വായിക്കുകയല്ലായിരുന്നു - അനുഭവിക്കുകയായിരുന്നു. ഭാഷ അതിമനോഹരം. പടങ്ങൾ ചേർത്തതും മനോഹരമായി. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Submitted by രാജീവ് നമ്പൂതിരി (not verified) on Mon, 2005-08-08 16:49.

ഹിമാലയം നന്നായിട്ടുണ്ട്. സാധാരണക്കാരന്റെ ഭാഷയിൽ വളരെ ഗഹനമായ വിഷയങ്ങൾ വായനക്കാരന് മനസ്സിലാകുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്നു. ചിത്രങ്ങളും കൊള്ളാം. അടുത്ത ലക്കത്തിൽ തുടരും എന്ന് പ്രതീക്ഷിക്കുന്നു.