തര്‍ജ്ജനി

പറയരുതാത്തത്‌

Poem Preetha Illustration പുറത്ത്‌ ഉതിര്‍ന്നുവീഴുന്ന മഞ്ഞ്‌.
രാത്രിയാണ്‌.
പൂര്‍ണനഗ്നരായ നമ്മള്‍,
ചാരനിറമുള്ള കരിമ്പടച്ചൂടില്‍
എന്താണു തിരയേണ്ടത്‌?
ശരീരത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍
നാമെത്ര കണ്ടതാണന്യോന്യം.
ഉടലുരുക്കത്തിന്റെ മൂര്‍ച്ഛയില്‍
കൈകാലുകളഴിഞ്ഞകന്ന്‌
ഉറക്കമെത്തുമെന്ന്‌
നമുക്കറിയാം.
ചുണ്ടുകളുടെ സാധ്യതയും
ചുംബനങ്ങളുടെ മുള്‍മുനയും
പലതരം നിശ്വാസങ്ങളും
അവയേറ്റുചുരുളുന്ന
നമ്മളും...
എത്ര പരീക്ഷിച്ചതാണ്‌.
കണ്ടെത്താന്‍ ഇനിയൊന്നുമില്ല.
തൊട്ടുതൊട്ട്‌ തോല്‌
മരവിച്ചിരിക്കുന്നു.
തമ്മില്‍ക്കണ്ട്‌
കണ്ണുകളില്‍ തഴമ്പു വീണു.
തിരയാനിനിയൊന്നുമില്ല.
നഗ്നരായിക്കിടക്കാം.
അടുത്തുണ്ടെന്നുപോലും
അറിയാതെ.
ഓര്‍ക്കുന്നതെന്തെന്നു
ചികയാതെ.
വസ്ത്രങ്ങളണിഞ്ഞ്‌
കിടക്കയിലല്ലാതെ
കടലിന്റെ നീലിച്ച
കാറ്റേറ്റ്‌ എതിരേവന്നാല്‍,
വെറുതേ നടന്നുവന്നാല്‍
നാമെങ്ങനെ
തിരിച്ചറിയും?!
നാമെന്തിന്‌
തിരിച്ചറിയണം?

പ്രീത ശശിധരന്‍
കാര്യവട്ടം, തിരുവനന്തപുരം

Submitted by jayesh (not verified) on Sun, 2005-08-07 11:28.

Dear Preetha,

snehathe kurichu oru puthiya kazhappatu. nalla kavithayanu. abhinandanangal.

Jay

Submitted by Sunil Krishnan (not verified) on Wed, 2005-08-10 16:44.

പ്രതീക്ഷയും കാത്തിരിപ്പും ഒറ്റപ്പെടുത്തുന്നില്ല.

ആവര്‍ത്തനവും വിരസിതയും മടുപ്പും അളന്നെടുക്കുന്നതെന്താണ്‌ ആരുടെ, എന്തിന്റെ അഭാവമാണ്‌...