തര്‍ജ്ജനി

കോവിലന്‍: ജീവിതവും തട്ടകവും

അടുത്തകാലത്ത്‌ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചതോടെ മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍, കോവിലന്‍ ദേശീയ ശ്രദ്ധ കൂടി നേടിയെടുത്തിട്ടുണ്ട്‌. അദ്ദേഹത്തെക്കുറിച്ചു നിര്‍മ്മിച്ച ഡോക്ക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു കഴിഞ്ഞമാസം നടന്നു. കോവിലനും പ്രസ്തുത ചിത്രം കാണാന്‍ സന്നിഹിതനായിരുന്നു. എം എ റഹ്മാന്‍ സംവിധാനം ചെയ്ത "കോവിലന്‍ എന്റെ അച്ചാച്ചന്‍" കോവിലന്റെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ ജനപ്രിയതയെയുമാണ്‌ അവതരിപ്പിക്കുന്നത്‌. അദ്ദേഹത്തിന്റെ വളര്‍ത്തുമകന്‍ 'ജിക്കു'വിന്റെ രേഖാചിത്രത്തിലൂടെ കോവിലന്റെ മാസ്റ്റര്‍ പീസ്‌ എന്നു പറയാവുന്ന തട്ടകം എന്ന നോവലിന്റെ കഥയും അതിനെ ചൂഴ്ന്നു നില്‍ക്കുന്ന ഗൂഢപരിവേഷങ്ങളെയും സിനിമ ആധാരമാക്കുന്നു.

മറ്റൊരര്‍ത്ഥത്തില്‍ മനുഷ്യന്റെ അന്തസ്സ്‌ എന്ന മൂല്യത്തെയും ഈ 35 എം എം ചിത്രം വിഷയമാക്കുന്നുണ്ട്‌. നാടോടി ജീവിതത്തിന്റെ പേരേടുകള്‍ മറിച്ച്‌, കേരളത്തില്‍, മറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിശാല ഭൂഭാഗത്തെ കാണിച്ചു തന്നു കൊണ്ടും, 'വിജയിച്ചവര്‍' എന്ന പേരിനര്‍ഹരാകാത്ത വലിയ ഒരു യുവത്വത്തെ വരഞ്ഞിട്ടുകൊണ്ടും സിനിമ ചരിത്രത്തെയും കൈകാര്യം ചെയ്യുന്നു. പൊതു ജീവിതത്തിന്റെ മാര്‍ജിനുകളിലേയ്ക്ക്‌ വല്ലാതെ ഒതുങ്ങിപ്പോയ മനുഷ്യരുടെ ജീവിതങ്ങളെയാണ്‌ നിര്‍മ്മാതാവായ പി പി ചന്ദ്രനും സംവിധായകനായ എം എം റഹ്മാനും ചേര്‍ന്ന്‌ നമ്മൂടെ മുന്നില്‍ കൊണ്ടു വരുന്നത്‌. ദേശീയ അവാര്‍ഡു കരസ്ഥമാക്കിയ 'ബഷീര്‍ ദ മാന്‍' ഉള്‍പ്പടെ വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയ പന്ത്രണ്ടോളം ഡോക്യുമെന്ററികള്‍ ചെയ്തിട്ടുള്ള റഹ്മാന്റെ പുതിയ സംരംഭമാണ്‌ ' കോവിലന്‍ എന്റെ അച്ചാച്ചന്‍'.

Kovilan

ഈ ചലച്ചിത്രവും കോവിലന്‍ എന്ന എഴുത്തുകാരന്റെ മാനുഷിക വശങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വന്തം നാടോടി വംശത്തിന്റെ ചരിത്രം വാക്കുകളില്‍ പിടിച്ചെടുത്ത എഴുത്തുകാരന്റെ മനസ്സിലൂടെ യാത്ര ചെയ്യാനാണ്‌ സിനിമ നമ്മെ ക്ഷണിക്കുന്നത്‌. നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവങ്ങളിലൂടെ അതു സഞ്ചരിക്കുന്നു. ചെറുത്തു നില്‍പ്പിന്റെ നാളുകള്‍, ഐ എന്‍ എ, ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം, ചെറു സംഘങ്ങളുണ്ടാക്കി കൊണ്ട്‌ കമ്മ്യൂണിസത്തിന്റെ വരവ്‌. സ്വഗതാഖ്യാനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അവര്‍ പ്രതിരോധസംഘങ്ങളില്‍ ആശയങ്ങള്‍ നെയ്തതിന്റെ ആവിഷ്കാരം. കടുത്ത പട്ടിണി തലയ്ക്കടിച്ചപ്പോള്‍ കോവിലന്‍ വീട്ടില്‍ നിന്നു ഓടിപ്പോയി. റോയല്‍ ഇന്ത്യന്‍ നേവിയില്‍ പണിയെടുക്കുന്ന കാലത്ത്‌, നിലനില്‍പ്പിന്റെ കറുത്ത സത്യങ്ങളുമായി ഒത്തിരിക്കുന്ന രാഷ്ട്രീയ ആദര്‍ശത്തിന്റെ വൈരുദ്ധ്യങ്ങളെ പട്ടിണിയാല്‍ തന്നെ മനസ്സിലാക്കി. പട്ടാളത്തിലെ ജീവിതമാണ്‌ മനുഷ്യാവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തിനു നല്‍കിയത്‌. അസംസ്കൃതമായ ജീവിതം ഒരേ സമയം ഒരു മനുഷ്യനെയും എഴുത്തുകാരനെയും വാര്‍ത്തെടുക്കുകയായിരുന്നു. ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയില്‍ ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുന്ന കോവിലന്‍ എന്ന മനുഷ്യനാണ്‌ സിനിമ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്‌.

സ്വന്തം പ്രദേശത്തെ, എഴുത്തിലൂടെ കോവിലന്‍ അനശ്വരമാക്കി. "കല്‍പ്പനകള്‍ കൊണ്ട്‌ ചിതറിപ്പോയ നമ്മുടെ കാലത്തിന്റെ സത്യം പറയാനുള്ള ശ്രമം" എന്നാണ്‌ സംവിധായകനായ റഹ്മാന്റെ അഭിപ്രായം. ജിക്കു എന്നു വിളിക്കുന്ന ജയകിരണാണ്‌ കോവിലന്റെ വളര്‍ത്തുമകന്‍. കോവിലന്റെ ഭാര്യ ശാരദ ഒരിക്കല്‍ അഭയം നല്‍കിയ യുവതിയായ അമ്മയില്‍ നിന്നും കുഞ്ഞില്‍ നിന്നും ആരംഭിക്കുന്ന ബന്ധങ്ങളുടെ അതി സങ്കീര്‍ണ്ണമായ അര്‍ത്ഥതലങ്ങള്‍ ഉള്ളടക്കിയിരിക്കുന്ന ഒരു പൂര്‍വകഥയാണത്‌. ഒരിക്കല്‍ കുഞ്ഞ്‌ പനിച്ചു കിടന്നപ്പോള്‍ അവന്റെ ജീവന്‍ രക്ഷിച്ചത്‌ കോവിലനാണ്‌. അന്നു തൊട്ടേ ആരംഭിച്ച ആത്മബന്ധത്തിന്റെ താളം കൂടിയാണ്‌ സിനിമ പകര്‍ത്തുന്നത്‌. കോവിലന്‍ എഴുതുന്ന ആത്മകഥ ജിക്കു ടൈപ്പു ചെയ്യുമ്പോള്‍ അത്‌ അവന്റെ അച്ചാച്ചന്റെ കഴിഞ്ഞ ജീവിതത്തിലേയ്ക്കും പാരമ്പര്യത്തിലേയ്ക്കുമുള്ള അവലോകനമായിത്തീരുന്നു. ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യം, ആധികാരികത, അതിന്റെ കാര്‍ക്കശ്യം അതാണ്‌ സിനിമയില്‍ മുഖ്യ പ്രമേയമാവുന്നത്‌. "ആദ്യഷോട്ട്‌ എടുക്കുന്ന സമയം ജിക്കു കൌമാരത്തിന്റെ പടിവാതിലിലായിരുന്നു. ഇന്ന്‌ അയാള്‍ മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന 26 വയസ്സുള്ള ചെറുപ്പക്കാരനാണ്‌. അയാള്‍ ഇപ്പോള്‍ മരിച്ചുപോയ തന്റെ കാവല്‍ മാലാഖയുടെ ഓര്‍മ്മയ്ക്ക്‌ 'ശാരദ' എന്ന പേരില്‍ ഒരു വീടുണ്ടാക്കിയിട്ടുണ്ട്‌." ജീവിതം ദത്തു നല്‍കുന്ന അത്ഭുതങ്ങളെ ഓര്‍മ്മിച്ചു കൊണ്ട്‌ സംവിധായകന്‍ പറയുന്നു. മരുഭൂമിയില്‍ ജീവിതായോധനത്തിനായി കഷ്ടപ്പെടുന്ന ആയിരക്കണക്കിനു കേരളീയ യുവത്വത്തിന്റെ പ്രതീകം കൂടിയാണ്‌ ജിക്കു.

ഈ ചിത്രത്തിലെ ക്ലോസപ്പുകള്‍ മനുഷ്യ മനസ്സിന്റെ തുടിപ്പുകള്‍ സമര്‍ത്ഥമായി ആവിഷ്കരിക്കുമ്പോള്‍ പാന്‍ ഷോട്ടുകള്‍ വെള്ളം സ്വപ്നം മാത്രമായ കരയുടെ സൌന്ദര്യമാണ്‌ ഒപ്പിയെടുക്കുന്നത്‌. 'ഛായാചിത്രത്തിലേതു പോലെയുള്ള വിഷ്വലുകള്‍, സൂര്യാസ്തമയത്തിന്റെ മാന്ത്രിക മുഹൂര്‍ത്തങ്ങളെയും ദാഹാര്‍ത്തയായ തരിശില്‍ ഉയരുന്ന ചൂടിന്റെയും ഇടിയോടുകൂടിയുള്ള മഴക്കാല മേഘങ്ങളുടെയും പച്ചപ്പിന്റെയും കുന്നുകളുടെയും താഴ്‌വാരങ്ങളുടെയും മായികതയെ അതേപടി പകര്‍ത്തുന്നു. വിലക്കുകള്‍ അലറുന്ന, മിത്തുകളുടെ പ്രപഞ്ചമായിട്ടുള്ള ദേശത്തുകൂടിയുള്ള ക്യാമറയുടെ ചലനത്തില്‍ കാര്‍ത്തികേയന്‍ കവിതയാണു വിരിയിക്കുന്നത്‌ എന്നു നിസ്സംശയം പറയാം.

ചില സ്ഥലത്ത്‌ ഉച്ചത്തിലായി പോയിട്ടുണ്ടങ്കിലും ഇണക്കമുള്ള സംഗീതമാണ്‌ ഡോ. എസ്‌ പി രമേഷ്‌ ചിത്രത്തിനു പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്‌. നാടോടി സംഗീതത്തിന്‌, നാടന്‍ കഥകളുടെയും മിത്തുകളുടെയും നാട്ടറിവുകളുടെയും സ്വാഭാവികമായ പിന്‍ബലമുണ്ടാവും. നാടോടികള്‍ക്ക്‌ ജീവിതത്തില്‍ ശുഭവിശ്വാസമാണ്‌. അവരുടെ മുത്തപ്പന്‍ ദൈവം അവരുടെ തന്നെ പൂര്‍വികനാണ്‌. മരിച്ചവരെ അടക്കം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കുടക്കല്ലുകളില്‍ നിന്നാണ്‌ അവരുടെ എഴുതിവയ്ക്കാത്ത കഥ ആരംഭിക്കുന്നത്‌. അവര്‍ ആചാരങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെ ആഘോഷിച്ചു. അവരുടെ കലകള്‍ ഇതുമായി ബന്ധപ്പെട്ടവയാണ്‌. വിശ്വാസങ്ങളെ അടയാളപ്പെടുത്താന്‍ കൂട്ടായ്മയുടെ തത്വശാസ്ത്രം.

പിന്നെ വരുന്നത്‌ അനിവാര്യതയാണ്‌. ജീവിത നാടകങ്ങള്‍ക്ക്‌ മൂകസാക്ഷിയായി, വലിയ ഒരു പാറ മാത്രം ശേഷിക്കുന്നു. കാലം മാറുന്നതിനനുസരിച്ച്‌ അതും മാറി, നിറത്തില്‍, പടുതികളില്‍. ഉപഭോക്തൃ സംസ്കാരം കടന്നു വന്നതോടെ ഗ്രാമീണ മൂല്യങ്ങള്‍ക്ക്‌ മാറ്റമുണ്ടായി. സമ്പന്നമായ നാടോടി സംസ്കാരവും അതിന്റെ പ്രാധാന്യവും വഴിയരികിലേയ്ക്ക്‌ നീങ്ങി. മാറുന്ന കാലത്തെ കണ്ണാടിക്കു തുല്യമായ വ്യക്തതയോടെയാണ്‌ സിനിമ പകര്‍ത്തിയിരിക്കുന്നത്‌.

കാലം മാറുമ്പോഴും മാറാത്ത കോവിലനെ സിനിമ നമുക്കു കാട്ടിതരുന്നു. മനുഷ്യന്റെ അന്തസ്സിനെയും മണ്ണും മനുഷ്യനുമായുള്ള ബന്ധത്തെയും അദ്ദേഹം മുറുകെ തന്നെ പിടിക്കുന്നു. സ്വന്തം ജീവിതം ജീവിക്കാന്‍ ഒരാള്‍ക്കുള്ളത്‌ അയാളുടെ സര്‍ഗ്ഗാത്മകതകൂടിയാണെന്ന പാഠമാണ്‌ ആത്യന്തികമായി സിനിമ മുന്നോട്ടു വയ്ക്കുന്നത്‌.

പത്മ ജയരാജ്‌.
മൊഴിമാറ്റം: ആര്‍. പി. ശിവകുമാര്‍