തര്‍ജ്ജനി

വംശാവലി

ഒരുകുഞ്ഞെങ്കിലും വേണ്ടേയെന്ന നിരുപദ്രവകരമായ ചോദ്യത്തിനു ചെറുമകന്റെ ഭാര്യ സൂസന്‍കോശി നല്‍കിയ മറുപടി കേട്ട്‌ 'ഹെന്റെ വ്യാകുല മാതാവേ' യെന്ന്‌ അത്യന്തം അനുതാപമായി നിലവിളിച്ചുകൊണ്ട്‌ ഏലി മുത്തശ്ശി ചൂരല്‍കസേരയില്‍ തളര്‍ന്നിരുന്നു. അന്ത്യനാളുകളുടെ അടയാളങ്ങള്‍ സ്വന്തം ഭവനത്തില്‍ നിന്നു കണ്ട്‌ തുടങ്ങിയ ഭീതിയില്‍ അവരുടെ ശരീരമാകെ അപ്പോള്‍ വല്ലാതെ തണുത്ത്‌ കിടുങ്ങാന്‍ തുടങ്ങി.

കുഞ്ഞുങ്ങളെ നീണ്ട യാത്രയിലെ അനാവശ്യമായ ഭാണ്ഡക്കെട്ടിനോടാണ്‌ സൂസന്‍കോശി ഉപമിച്ചത്‌. ഇത്രയും സമുചിതമായ ഒരുപമ തനിക്ക്‌ കണ്ടെത്താനായതിനുളള സംതൃപ്തിയില്‍ അവളുടെ നിറഞ്ഞുതുളുമ്പുന്ന കവിളുകള്‍ കൂടുതല്‍ തുളളിത്തുളുമ്പുന്നതായി ഏലി മുത്തശ്ശിക്കു തോന്നി. സ്വസ്ഥവും സ്വതന്ത്രവുമായ യാത്രയെ തടസപ്പെടുത്തുതൊക്കെ ഒഴിവാക്കേണ്ടതല്ലേയെന്നു കൂസലന്യേ അവള്‍ ചോദിക്കുമ്പോള്‍ ഭര്‍ത്താവും തന്റെ ചെറു മകനുമായ കോശി മാത്യു അലസമായി ഏതോ സിനിമാ മാസിക മറിച്ചുകൊണ്ടിരുത്‌ കണ്ട്‌ ഇവനൊരു മണകൊണാഞ്ചനാണല്ലോ എന്നും ഏലി മുത്തശ്ശി മനസ്സില്‍ പറഞ്ഞു. കാടിനോടും കാട്ടാനയോടും മല്ലിട്ട്‌ കുടിയേററ ഭൂമിയില്‍ സ്വന്തമായൊരു സാമ്രാജ്യം വെട്ടിപിടിക്കുന്ന തത്രപ്പാടിനിടയിലും തന്നെക്കൊണ്ട്‌ പത്തുപെറീച്ച ഭര്‍ത്താവിന്റെ പേരുതന്നെ ഇവനിട്ട അപരാധത്തിന്‌ മാത്യുക്കുട്ടിയ്ക്കു താന്‍ മാപ്പു നല്‍കില്ലെന്നും അവര്‍ മനസ്സില്‍ ബലത്തില്‍ കുറിച്ചിട്ടു.

tharjani illustration

ഒരു കുഞ്ഞിക്കാലു കാണാന്‍ മോഹമില്ലാത്ത പെണ്ണ്‌ എന്തൊരു പെണ്ണാണെന്ന ചിന്ത ദേഹമൊരു അസ്കിതയിലേക്കു ഊളിയിടുമ്പോഴും ഏലി മുത്തശ്ശിയുടെ മനസ്സില്‍ പതറാതെ നിന്നു. നേര്‍ത്ത നീല ബ്ലൌസിനുളളില്‍ തെളിയുന്ന മുലഞ്ഞെട്ടിലേക്കു ഒരു പിഞ്ചു കുഞ്ഞിന്റെ ചുണ്ടുകള്‍ ചേര്‍ക്കണമെന്ന മോഹം ഈ പെണ്ണിന്‌ ഇല്ലാതെപോയതെന്തേ?

അനുദിനം മാറിവരുന്ന ജീവിത സങ്കല്‍പ്പങ്ങളെക്കുറിച്ചുളള തന്റെ അറിവ്‌ അമ്പരപ്പിക്കും വിധം പരിമിതമാണെന്ന തിരിച്ചറിവ്‌ ഈ മുഹൂര്‍ത്തം ഏലി മുത്തശ്ശിയ്ക്ക്‌ സമ്മാനിച്ചു. കാഴ്ചയുടെ മങ്ങല്‍ കാരണം പത്രവായന പണ്ടേ മുടങ്ങിയിരുന്നു. ടിവി കാണുതിലുളള മടുപ്പും വിരസതയും കാരണം ലോക വിശേഷങ്ങളെന്നും വിദൂരതയില്‍ വിശ്രമിച്ചു. സ്വന്തം തലമുറയില്‍ പെട്ടവരില്‍ പലരും തിരു സന്നിധി പുകിയിരുതിനാല്‍ ഏറെക്കുറേ ഏകാന്തജീവിതവുമായിരുന്നു ഏലിമുത്തശ്ശിക്ക്‌. ഓരോ പ്രാവശ്യവും കവലയില്‍ പോയി വരുമ്പോള്‍ 'എടീ നീയറിഞ്ഞോ' എന്ന ആമുഖത്തോടെ ആവി പറക്കുന്ന വിശേഷങ്ങളുടെ മൂടി തുറക്കുന്ന ഒരാളെക്കുറിച്ചുളള ഓര്‍മകള്‍ കണ്ണുകളെ ഈറനാക്കുതുവരെ സൂസന്‍കോശിയുടെ ജല്‍പ്പനങ്ങള്‍ ഏലി മുത്തശ്ശിയെ അലട്ടി.

ഏഴെട്ടു മാസത്തെ ഇടവേളക്കു ശേഷമാണ്‌ ചെറുമകനും ഭാര്യയും കടലോരനഗരത്തിലെ തങ്ങളുടെ തിരക്കുകളില്‍നിന്നു തലയൂരി പിതൃഭവനമായ മാളിയേക്കല്‍ തറവാടിന്റെ പടി ചവുട്ടിയത്‌. പച്ചനിറത്തിലുളള മാരുതി കാര്‍ റബ്ബര്‍ തോട്ടത്തിനു നടുവിലെ ടാറിട്ട നിരത്തിലൂടെ കളിയോടംപോലെ ഒഴുകി വരുന്നതു കണ്ട്‌ തമിഴന്‍ വേലക്കാരന്‍ പയ്യന്റെ 'അമ്മ കൊച്ചിയിലെ കൊച്ചമ്മ' എന്ന്‌ ആഹ്ലാദാരവം കേട്ടാണ്‌ അകത്തെ മുറിയില്‍നിന്ന്‌ ഏലി മുത്തശ്ശി തത്തിത്തത്തി പുറത്തേക്കു വന്നത്‌. മുന്നറിയിപ്പൊലുമില്ലാതെയുളള ഈ വരവിന്റെ മുഴുവന്‍ ത്രില്ലുമാണ്‌ പ്രസവം ഒരു ബോറന്‍ എപ്പിസോഡെന്നും മററുമുളള സൂസന്‍ കോശിയുടെ അലങ്കാരഭാഷമൂലം മഞ്ഞുകണം പോലെ അലിഞ്ഞില്ലാതായത്‌.

മാളിയേക്കല്‍ ഫൈനാന്‍സിയേഴ്സിന്റെ പ്രവര്‍ത്തനസമയമായതിനാല്‍ പ്രൊപ്രൈററര്‍ മാത്യുക്കുട്ടിയും വിമസ്‌ ക്ലബ്ബിന്റെ വാര്‍ഷികം പ്രമാണിച്ചു പ്രസിഡന്റ്‌ പൊന്നമ്മയും സ്ഥലത്തില്ലാത്തതിനാല്‍ കുശലാന്വേഷണത്തിന്റെയും ചായ സല്‍ക്കാരത്തിന്റെയുമൊക്കെ ചുമതല ഏറെറടുക്കേണ്ടി വന്നു ഏലി മുത്തശ്ശിക്ക്‌. ജനിച്ചുവളര്‍ന്ന വീട്ടിലേക്കാണെങ്കിലും ഒരു വിരുന്നുകാരന്റെ ഭാവാദികളോടെയാണ്‌ ചെറുമകന്റെ നില്‍പ്‌. ഏതോ അന്യഗോളത്തില്‍ നിന്നും വഴിതെററി ഇറങ്ങിയ മട്ടില്‍ അവന്റെ ഭാര്യയും.

പിളളാര്‍ ചായകുടിച്ചും കായവറുത്തതും കൊറിച്ചിരിക്കുമ്പോള്‍ ഏലി മുത്തശ്ശി ഓര്‍ത്തത്‌ അവര്‍ക്കിടയില്‍ വിങ്ങുന്ന അപൂര്‍ണ്ണതയെക്കുറിച്ചാണ്‌. വംശവൃക്ഷത്തില്‍ ഇനിയും പൊന്തേണ്ട പുതിയ മുകുളത്തെക്കുറിച്ചാണ്‌.

കുടിയേററ കര്‍ഷകനായ കോശി മുത്തശ്ശന്‍ മാത്യുക്കുട്ടിയെ ജനിപ്പിച്ചു. മാത്യുക്കുട്ടി കോശി മാത്യുവിനെയും. കോശിമാത്യു ആരെയും ജനിപ്പിക്കാതിരുന്നാല്‍ വംശവൃക്ഷത്തിന്റെ കുററിയററു പോകുമല്ലോ എന്ന ചിന്ത വേതാളം പോലെ ഏറെ നാളായി ഏലി മുത്തശ്ശിയെ പിന്തുടരുകയാണ്‌. പിളളാരുടെ വിവാഹം കഴിഞ്ഞിട്ട്‌ അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു. കലണ്ടറിലെ അക്കങ്ങള്‍ മലക്കം മറിയുന്നതല്ലാതെ ഒരു കുഞ്ഞുമാലാഖയുടെ ഇടപെടല്‍ മാത്രമിനിയും ഉണ്ടായില്ല.

വിവാഹത്തിന്റെ ഏതാനും മാസങ്ങള്‍ പിന്നിട്ടതു മുതല്‍ കൊച്ചു മരുമകള്‍ക്ക്‌ എന്തെങ്കിലും വിശേഷമുണ്ടോ എന്ന കൌതുകമാണിപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലായിരിക്കുന്നത്‌. പിന്നിട്ട ആണ്ടുകളിലൊന്നില്‍ തന്റെ പഴമനസ്സിന്റെ ആശങ്കയറിയിച്ചപ്പോള്‍, പിളളാര്‍ ചെറുപ്പമല്ലേ, കല്ല്യാണം കഴിച്ച്‌ പത്താംമാസത്തില്‍ പെറണമെന്ന്‌ ഏത്‌ വേദപുസ്തകത്തിലാ എഴുതിവെച്ചിരിക്കുന്നതെന്ന മറുചോദ്യമാണ്‌ മരുമകള്‍ പൊന്നമ്മ ചോദിച്ചത്‌. കരണത്ത്‌ രണ്ട്‌ പൊട്ടിക്കുതിനു തുല്ല്യമായി തോന്നിച്ച ആ ചോദ്യത്തിനു ശേഷം നാലു പളളിപ്പെരുന്നാളുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. വുമണ്‍സ്‌ ക്ലബ്ബിന്റെ കാലഹരണപ്പെടാത്ത പ്രസിഡന്റെ നിലയിലുളള തിരക്കുകാരണം പൊന്നമ്മയ്ക്കും കഴുത്തറുപ്പന്‍ പലിശയുടെ കൂട്ടലിനും കിഴിക്കലിനുമിടയില്‍ മാത്യുക്കുട്ടിക്കും സന്തതിയുടെ പെരുക്കത്തെക്കുറിച്ചു വേവലാതിപ്പെടാന്‍ അവസരമില്ലെന്ന സത്യം ഏലിമുത്തശ്ശി തിരിച്ചറിഞ്ഞിരുന്നു. ഇത്തരം ഒരു സന്നിഗ്ദ്ധഘട്ടത്തിലാണ്‌, ശ്വാസം മുട്ടിച്ചുകൊണ്ടിരുന്ന ആ ചോദ്യം ചെത്തിമിനുക്കി മിനുസപ്പെടുത്തി ഏലിമുത്തശ്ശി തൊടുത്തത്‌.

കൈക്കൊളളുവാന്‍ ആരുമില്ലാതെ അന്തരീക്ഷത്തിലെ ഏതോ അദൃശ്യമായ ചാരുകസേരയില്‍ ആ ചോദ്യം തെല്ലിട വിശ്രമിച്ചു. പിന്നെ ഒരാവേശത്തോടെയാണ്‌ അനുദിനം മാറുന്ന ജീവിതസാഹചര്യത്തില്‍ ഒരു കുഞ്ഞ്‌ എത്രത്തോളം അനാവശ്യമാണന്നു സൂസന്‍കോശി വാചാലയായത്‌. ഒററവാക്കിലൊതുക്കാമായിരുന്ന ഒരു ഉത്തരത്തിനു പകരം കടുത്ത മാനസികവിക്ഷോഭത്തിന്റെ അലകടലിലേക്കു പെണ്ണു തലകീഴായ്‌ മറിയുന്നത്‌ കണ്ട്‌ ഏലി മുത്തശ്ശി അമ്പരന്നു.

കബന്ധങ്ങളൊഴുകി വരുന്ന ഒരു പുഴയില്‍ മുങ്ങിപ്പോയ ദൌര്‍ഭാഗ്യത്തെ ഓര്‍ത്ത്‌ ഏലി മുത്തശ്ശി ഞെളിപിരികൊണ്ടു. നീറി. ശരീരവും മനസ്സും നിറയെ വാക്കുകളുടെ മാലിന്യം.

പ്രസവിക്കണമെന്നും മുലയൂട്ടണമെന്നും സ്ത്രീ സഹജമായ മോഹം ഇല്ലാതെ വാന്നാല്‍ ഏതൊന്നിലാണ്‌ അത്‌ സാധ്യമാകുമെന്ന ചോദ്യമാണിപ്പോള്‍ ഏലി മുത്തശ്ശി നേരിടുന്നത്‌. പുതിയ അറിവുകളെ നേരിടാന്‍ തന്റെ ശുഷ്കമായ അറിവും, ചിതലരിച്ചുതുടങ്ങിയ യുക്തി ബോധവും പോരാ എന്ന തിരിച്ചറിവോടെ ഏററവും വാല്‍സല്യം കിനിയുന്ന സ്വരത്തില്‍ ഏലി മുത്തശ്ശി തന്റെ സാരോപദേശം തുടര്‍ന്നു കൊണ്ടേയിരുന്നു.

'സ്ത്രീയുടെ ജീവിതം ഒരു മുന്തിരിച്ചെടിയോട്‌ സദൃശ്യം. തളിര്‍ക്കാതെ പൂക്കാതെ രണ്ടിനും� .'

വിറയാര്‍ന്ന വാക്കുകളൊക്കെയും കൊച്ചു മരുമകളുടെ നെഞ്ചകത്തെ സ്പര്‍ശിക്കാതെ ആകാശ ചരിവിലേക്ക്‌ പാഞ്ഞു പോയി.

പ്രസവത്തെകുറിച്ച ചിന്ത തന്നെ തന്റെ ശരീരത്തിന്റെ ജ്യാമതീയത്തെ ഹനിച്ചേക്കുമെന്ന അങ്കലാപ്പിലായിരുന്നു സൂസന്‍കോശി. വക്രീകരിക്കപ്പെട്ട ചുണ്ടുകളില്‍ തൊട്ടെടുക്കാവുന്ന തരത്തില്‍ അവജ്ഞയും പരിഹാസവും ഊറി നിന്നു.

'എന്റെ കുഞ്ഞേ'

പുറത്തേക്കു വരാന്‍ വിസമ്മതിച്ച ഒരു നിലവിളിയില്‍ വാക്കുകള്‍ വിലയം പ്രാപിച്ചു. കണ്ണുകളിലെ മങ്ങിയ വെളിച്ചം കൂടുതല്‍ മങ്ങുന്നതായി ഏലി മുത്തശ്ശിക്കു അനുഭവപ്പെട്ടു. മനസ്സിന്റെ അജ്ഞാതമായ അബോധതലങ്ങളില്‍ ഭയത്തിന്റെ രേണുക്കള്‍ മുളയ്ക്കുന്നു.

"കന്നി മാതാവേ മാമണിയേ വായോ
പൊന്‍നിലാവ്‌ പോല്‍ വരമഴ തായോ"

ശരീരമാകെ നിറയുന്ന ഭീതിയില്‍ ഏലി മുത്തശ്ശി പാടുകയായിരുന്നു. ചുടുകണ്ണീര്‍ വീണു നനഞ്ഞ തലമുറയുടെ പാട്ട്‌. ഗദ്ഗദത്തിന്റെ കറപുരണ്ട പാട്ട്‌.

മുററത്ത്‌ കാറിന്റെ ഡോര്‍ വലിച്ചടയ്ക്കുന്ന ഒച്ച. പാദുകത്തിന്റ കവചം തറയോടിലുരയുന്ന സ്വരം അടുത്തു വരുന്നു. പൊന്നമ്മയുടെ വരവാണെന്നറിഞ്ഞ ഏലി മുത്തശ്ശി എണ്ണയുടെയും കുഴമ്പിന്റെയും ഗന്ധം കട്ടപിടിച്ച അകത്തെ മുറിയിലേക്കു നീങ്ങി. 'വയ്യാത്ത അമ്മയ്ക്ക്‌ ഒരു കോണിലിരുന്നൂടേയെന്ന സ്നേഹമസൃണമായ ചോദ്യത്തിലെ ഒളിയമ്പുകളില്‍നിന്നു ഇന്നെങ്കിലും ഒഴിവാകണം.

പിന്നെയെപ്പോഴോ ഇളംചൂടുളള കൈകള്‍ നെററിയിലമര്‍പ്പോഴാണ്‌ താന്‍ മയങ്ങുകയാണെ സത്യം ഏലിമുത്തശ്ശിക്ക്‌ മനസ്സിലായത്‌. ചെറു മകനായിരുന്നു. കിടക്കയ്ക്കരികിലിരുന്നു കരംഗ്രഹിച്ചുകൊണ്ട്‌ അയാള്‍ അലിവിന്റെ സ്വരത്തില്‍ പറഞ്ഞു.

'അമ്മച്ചി പിളളാരെ വളര്‍ത്തിയ കാലമല്ലിത്‌. കിന്റര്‍ ഗാര്‍ട്ടനില്‍ പോലും ഡൊണേഷനാ... കുടിവെളളത്തിനു പോലും പണം വേണം. ബാങ്കിലെ ലോണ്‍ അടച്ചു തീരുതിന്‌ മുമ്പ്‌ കുഞ്ഞൊരു ഭാരമാ�.'
കുടിവെളളത്തിനു പോലും പണം വേണം. ബാങ്കിലെ ലോണ്‍ അടച്ചു തീരുതിന്‌ മുമ്പ്‌ കുഞ്ഞൊരു ഭാരമാ�.'
ഏലി മുത്തശ്ശിയുടെ ബലം കുറഞ്ഞ തോളില്‍ കൈ വെച്ച്‌ ആ കണ്ണുകളിലേക്കു ദൈന്യതയോടെ നോക്കി, എന്തോ കൂടുതല്‍ പറയണമെന്നു മോഹിച്ച്‌ പിന്നെ അതുപേക്ഷിച്ച മട്ടില്‍ മുറിവിട്ട്‌ പുറത്തേക്കു പോയി കോശി മാത്യൂ.
ഏലി മുത്തശ്ശിയുടെ ബലം കുറഞ്ഞ തോളില്‍ കൈ വെച്ച്‌ ആ കണ്ണുകളിലേക്കു ദൈന്യതയോടെ നോക്കി, എന്തോ കൂടുതല്‍ പറയണമെന്നു മോഹിച്ച്‌ പിന്നെ അതുപേക്ഷിച്ച മട്ടില്‍ മുറിവിട്ട്‌ പുറത്തേക്കു പോയി കോശി മാതൃു‍.

ഏതു നിമിഷവും പൂട്ടിപ്പോകാവുന്ന സ്ഥാപനത്തിലെ ഗുമസ്തന്റെ ധര്‍മ്മസങ്കടങ്ങള്‍ മുത്തശ്ശിയ്ക്കു മനസ്സിലാവുകയില്ല, ഒരിക്കലും മനസ്സിലാവുകയില്ലന്നു അയാള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഓരോ മനുഷ്യന്റെയുമുളളില്‍ എത്രയോ നിഗൂഡമനുഷ്യന്മാരുണ്ടെന്ന തത്വചിന്താപരമായ തോന്നല്‍ മുത്തശ്ശിയെ അപ്പോള്‍ അലട്ടി.

എല്ലാം തകര്‍ന്നു നുറുങ്ങിയവന്റെ ദുരിതങ്ങളുമായി കിഴക്കന്‍ മലയില്‍ പതിച്ചുകിട്ടിയ കുടിയേറ്റഭൂമിലെത്തുമ്പോള്‍ തല ചായിക്കാനൊരിടം പോലുമുണ്ടായിരുന്നില്ല. കാട്ടാനയോടും കാട്ടുപന്നിയോടും മല്ലിട്ട്‌ പച്ചമണ്ണില്‍ തീര്‍ത്ത കട്ടയും പനയോലയും കൊണ്ട്‌ മെനഞ്ഞുണ്ടാക്കിയ കുടിലിനൊരു ഇരുനില മാളികയായതിനു പിന്നിലെ പ്രയ്തനത്തെക്കുറിച്ച്‌ എങ്ങനെയാണ്‌ വിശദീകരിക്കുകയെന്നറിയാതെ മുത്തശ്ശി കുഴങ്ങി. കുടിയേററ ഭൂമിയിലെ കറുകറുത്ത മണ്ണു ചതിക്കില്ലെ വിശ്വാസമായിരുന്നു തുണയെന്നു പറഞ്ഞാല്‍ ചെറുമകന്‍ ചിരിച്ച്‌ മണ്ണുകപ്പും.

കപ്പപ്പുഴുക്കും, കാന്താരിമുളകും കരുത്തുവളര്‍ന്ന ദിനരാത്രങ്ങളില്‍, പച്ചച്ചാണകത്തിന്റെ മാദകഗന്ധം പൂക്കുന്ന വെറും തറയില്‍ കിടന്ന്‌ ഓരോ ജീവനെയും കുടിയിരുത്തിയത്‌ ഇനിയും അററുപോകാത്ത അഭിനിവേശത്തോടെ അവരോര്‍ത്തു.

കോശിമുത്തശ്ശനുമായുളള ദാമ്പത്യബന്ധത്തില്‍ ഏലിമുത്തശ്ശി പത്തുതവണയാണ്‌ പെററതെങ്കിലും കാലത്തിന്റെ കെടുതികളെ അതിജീവിച്ചത്‌ ഏഴുപേര്‍ മാത്രമായിരുന്നു. ഡാളസിലേക്കു കുടിയേറിയ മൂത്തമകള്‍ ലീലാമ്മയുടെ പുത്രി രേണുക ഒരിക്കല്‍ തന്റെ രണ്ടാം ഭര്‍ത്താവായ ചെമ്പന്‍ മുടിക്കാരനായ സായിപ്പിനോടൊപ്പം തറവാട്ടില്‍ വരുമ്പോള്‍ വിചിത്രജീവിയെന്ന നിലയില്‍, തന്നെ ചൂണ്ടി അടക്കം പറഞ്ഞത്‌, താന്‍ പത്തു പെററതിനേയും അറുപതുകൊല്ലക്കാലം ഒരേയൊരു ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞതിനെക്കുറിച്ചുമാണനെനും ഏലിമുത്തശ്ശി നിരീക്ഷിച്ചിരുന്നു. 'ഓ, റെയില്‌' എന്നോ മറേറാ മന്ത്രിച്ചുകൊണ്ട്‌ അമര്‍ന്നു തൂങ്ങിയ ചായസഞ്ചിപോലെയുളള തന്റെ മുലകളിലേക്കു ആ കുഞ്ഞുസായിപ്പ്‌ വിഭ്രാന്തിയോടു നോക്കുമ്പോള്‍ ഒട്ടൊരു ജാള്യത അനുഭവപ്പെട്ടെങ്കിലും സമ്പന്നമാമായ സന്തതിപരമ്പരകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നും അഭിമാനമായിരുന്നു. ശരിയാണ്‌, ജീവിതത്തിന്റെ നീണ്ട പങ്ക്‌ ഗര്‍ഭഭാരത്തിലും ആലസ്യത്തിലുമായിരുന്നു. ഉച്ചമയക്കത്തിലൊക്കെ ഒരു കുഞ്ഞ്‌ അരികിലുറങ്ങുതായി തോന്നും. അലോസരപ്പെട്ടു കരയുന്ന കുഞ്ഞിന്റെ കരച്ചിലാണ്‌ എപ്പോഴും ഉറക്കത്തില്‍ നിന്നുണര്‍ത്തുക. നരച്ച ഇരുട്ടില്‍ മങ്ങി മങ്ങിക്കത്തുന്ന വൈദ്യുതിപ്രകാശം അപ്പോഴൊക്കെ കൊഞ്ഞനം കുത്തി നില്‍പ്പുണ്ടാകും.

പിറക്കാതെപോയ ഒരു കുഞ്ഞിന്റെ നിലവിളിയാണ്‌ തന്നെ പിന്തുടരുന്നതെന്ന് ഏലിമുത്തശ്ശി തിരിച്ചറിഞ്ഞിരുന്നു.

നീക്കിയിരിപ്പിന്റെയും, മടിശ്ശീലയുടെയും കനംനോക്കി സന്താനോല്‍പാദനം നടത്തുന്ന പുതിയ തലമുറയെക്കുറിച്ചോര്‍ത്തപ്പോള്‍, വംശവൃക്ഷത്തെക്കുറിച്ചുളള ഓര്‍മയുണര്‍ത്തിയ വേദനയിലും ഏലിമുത്തശ്ശി ചിരിച്ചു.

'എന്താടീ ഇരുട്ടത്ത്‌ തനിച്ചിരുന്നു ചിരിക്കുന്നേ' ശരീരം കുലുക്കിയുളള ചിരിയുടെ അലകള്‍ ദേഹത്തുതട്ടിയപ്പോള്‍ ഏലിമുത്തശ്ശി ഒരു നിമിഷം പകച്ചു. പ്രകാശത്തിന്റെ വളയത്തില്‍ കാലം പാടുകള്‍ വീഴ്ത്താത്ത കോശിമുത്തശ്ശന്റെ മുഖം തെളിഞ്ഞു. അവര്‍ ഭവ്യതയോടെ കിടക്കയില്‍ നിന്നെണീറ്റു.

ഒരായിരം ചോദ്യങ്ങള്‍ നാവിന്‍തുമ്പില്‍ കുമിഞ്ഞെങ്കിലും അലൌകികമായ കാന്തികവലയത്തിലെവണ്ണം ഭര്‍ത്താവിന്റെ ചോദ്യത്തിനാണവര്‍ ഉത്തരം നല്‍കിയത്‌.

എല്ലാം മൂളി കേട്ടതിനുശേഷം കോശിമുത്തശ്ശന്‍ വീണ്ടും ശരീരമിളക്കി ചിരിച്ചു. മുറുക്കാന്‍ മണക്കുന്ന ചിരി. അന്തരീക്ഷവും തട്ടിന്‍പുറവും പ്രകമ്പനം കൊളളുന്ന ചിരി ഏലിമുത്തശ്ശി കൃതാര്‍ത്ഥതയോടെ ഏററുവാങ്ങി.

സന്മനസ്സുളളവര്‍ക്കേ അങ്ങനെ ചിരിക്കാന്‍ കഴിയൂ എന്നായിരുന്നു അവരുടെ എക്കാലത്തെയും വിശ്വാസം.

പൊട്ടിച്ചിരിയുടെ അലകളൊടുങ്ങിയപ്പോള്‍ കോശിമുത്തശ്ശന്‍ പറഞ്ഞു.

'ഞാന്‍ ഓര്‍ക്കുവാരുന്നു.'

'യെന്തുവാ...'

'മാത്യുക്കുട്ടിയെ നീ പെറുമ്പോള്‍ പത്തായത്തില്‍ നാഴിനെല്ലുപോലുമുണ്ടായിരുന്നില്ല. കൈയ്യിലാണെങ്കില്‍ പത്തുചക്രം പോലും തികച്ചില്ലായിരുന്നു. മഴയാണെങ്കില്‍ തുളളിമുറിയാതെ.... തുമ്പിക്കൈ വണ്ണത്തില്‍... തറയേതാ തോടേതായെന്നറിയാത്ത വെളളക്കെട്ട്‌... ന്നിട്ടും..'

ഓര്‍മ്മയുടെ നിറവില്‍ കോശിമുത്തശ്ശന്‍ വിതുമ്പി. പുണ്യാളന്മാരുടെ കൃപകളെ മനസ്സില്‍ ധ്യാനിച്ചു.

അടുത്ത പ്രഭാതത്തില്‍ പിളളാരോട്‌ തര്‍ക്കിച്ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍നിന്ന്‌ ഒരേടു കണ്ടെത്തിയ സന്തോഷത്താലുള്ള നിഷ്കളങ്കമായ ചിരിയാല്‍ ഏലി മുത്തശ്ശിയുടെ ചുണ്ടുകള്‍ മുര്‍ച്ഛിച്ചു. അയഞ്ഞ കാതിലെ തോട കാറ്റിലെന്നപോലെ ഇളകിയാടി.

പടിയിറങ്ങുമ്പോള്‍ കോശിമുത്തശ്ശന്‍ അന്യം നിന്നു പോയ ഭാഷ സംസാരിക്കുന്ന ബാബേല്‍ ഗോപുരത്തിലെ അന്തേവാസിയെ ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കി.
കണ്ണിറുക്കിയുള്ള, പുഞ്ചിരി കലര്‍ന്ന ഒരു നോട്ടം.

അതൊരു സൂചനയായിരുന്നു. തന്റെ പെണ്ണിന്‌ മാത്രം മനസ്സിലാകുന്നത്‌.

അരനൂറ്റാണ്ടിന്‌ മുമ്പ്‌ അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുനാളില്‍ വെച്ചുണ്ടായ ആദ്യസമാഗമത്തിനിടയില്‍ ചിരിച്ച ചിരി. കിഴക്കന്‍ മലയിലേക്കുള്ള തീര്‍ത്ഥാടന തീരുമാനമറിയിച്ച രാത്രിയില്‍ ചിരിച്ച ചിരി..

കാലത്തിന്റെ ചെതുമ്പലുകള്‍, മഞ്ഞ്‌..വെള്ളപരപ്പ്‌..കൊടുങ്കാറ്റ്‌..വറുതി... എല്ലാമെങ്ങോട്ടോ പറന്നു പോയി.

അനന്തരം, പൊടിയാന്‍ തുടങ്ങിയ മഴയിലൂടെ, മാമലകളും മാമരങ്ങളും കടന്ന് പ്രകാശമാനമായ ഒരിടത്തേക്ക്‌ കോശിമുത്തശ്ശന്‍ നടന്നു. പിന്നില്‍ തന്റെ കാന്തയും..

ജോസഫ്‌ അതിരുങ്കല്‍

Submitted by Sunil Krishnan (not verified) on Sun, 2005-08-14 16:39.

പത്തനംതിട്ടയ്ക്കപ്പുറം കുടിയേറിയ ഏലിമുത്തശ്ശി(ശ്ശ) മാരെ എനിക്കറിയാം

എന്തൊരുകരുത്താണവര്‍ക്ക്‌
എന്തൊരു എല്ലുറപ്പ്‌
എന്തൊരാര്‍ദ്രത.....

Submitted by Joseph AKL (not verified) on Mon, 2005-08-15 17:31.

Dear Sunil,
Thanks for your comments.
Regards
JA