തര്‍ജ്ജനി

'ചെരിപ്പുകള്‍ പുറത്തു വയ്ക്കുക'

മനുഷ്യന്‍ പുരോഗമിക്കും തോറും ജീവിക്കാനുള്ള സൌകര്യങ്ങള്‍ കുറയുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ വിശ്വചരിത്രത്തെ കൌതുകത്തോടെ അവലോകനം ചെയ്തിട്ട്‌ ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എണ്ണത്തില്‍ വര്‍ദ്ധന വരുമ്പോള്‍ പെരുമാറാനുള്ള മേഖല പരിമിതപ്പെടുന്നത്‌ ഒരു കാരണം. മത്സരിക്കാന്‍ നിരവധി ത്വരകള്‍ ഒരേ മേഖല ലക്ഷ്യമാക്കി തിക്കുന്നത്‌ മറ്റൊരു കാരണം. അങ്ങനെ എഴുതി പോകുമ്പോള്‍ കാരണങ്ങളുടെ അനന്തതയും ഒരു പക്ഷേ ഈ പട്ടികയില്‍ അവസാനത്തേതായി സ്ഥാനം പിടിച്ചേക്കും. മനുഷ്യന്റെ നിര്‍മ്മിതി സസ്യാഹാരിയായിട്ടാണ്‌, എന്നു പറയും പോലെയേയുള്ളൂ, നരവംശത്തിന്റെ അടിസ്ഥാന സ്വഭാവം അലഞ്ഞുതിരിയാനുള്ള വാസനയാണെന്നു പറയുന്നതും. രണ്ടിനും അതിശക്തമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കാം. തെളിവുകളുടെ പിന്‍ബലത്തോടെ തന്നെ. അപ്പോള്‍ സമൂഹജീവിയായതിന്റെ വിലയായി മനുഷ്യന്‍ കളഞ്ഞുകുളിച്ച സ്വാതന്ത്ര്യമാണ്‌ അവന്റെയും അവളുടെയും ജീവിതസങ്കീര്‍ണ്ണതകള്‍ക്ക്‌ അക്ഷാംശവും രേഖാംശവും വരഞ്ഞു കൊടുക്കുന്നത്‌ എന്നു ആരു പറഞ്ഞാലും അയാളെ ഒന്നു ചുഴിഞ്ഞു നോക്കേണ്ടി വരും.

മറ്റൊരാളിന്റെ മൂക്കു തുടങ്ങുന്ന സ്ഥലത്തെ കുറിച്ചു നല്ല ധാരണയുള്ള സമൂഹം, അതിനെക്കുറിച്ച്‌ തീരെ ബോധമില്ലാത്ത വ്യക്തി(കള്‍ക്കു)യ്ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണ്‌ നിരോധനം എന്നാണ്‌ നമ്മളെല്ലാം ധരിച്ചു വശായിരിക്കുന്നത്‌. അതു കൊണ്ട്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ടുമാസങ്ങള്‍ക്കു മുന്‍പ്‌, ഷര്‍ട്ടു കൈകളില്‍ തൂക്കി പോലും കടക്കാന്‍ പാടില്ലെന്നും കുഞ്ഞുങ്ങള്‍ പോലും മുണ്ടുടുത്തു മാത്രമേ അകത്തു പ്രവേശിക്കാവൂ എന്നും നിരോധനം വന്നപ്പോള്‍, ഒരു ചെറു പുഞ്ചിരിയോടെ തലകുലുക്കി സ്വീകരിക്കുകയാണ്‌ ആളുകള്‍ ചെയ്തത്‌. സ്ത്രീകളുടെ ശരീര പ്രദര്‍ശനം അശ്ലീലമായി കാണുന്ന ഒരു സമൂഹത്തിന്‌ പുരുഷന്റെ ശരീരപ്രദര്‍ശനം ക്ഷേത്രമതിക്കെട്ടിനുള്ളില്‍ മാന്യമായി തീരുന്നതെങ്ങനെയെന്നോ ഇത്രകാലം ഇല്ലാതിരുന്ന ഒരു കാര്‍ക്കശ്യം ഇക്കാര്യത്തില്‍ എടുത്തു പിടിക്കേണ്ട കാര്യമെന്താണെന്നോ ശുദ്ധപാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചു പോക്കാണ്‌ ഉദ്ദേശ്യമെങ്കില്‍, പത്തന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒറ്റവസ്ത്രമല്ലാതെ മറ്റൊന്നും ധരിച്ചു പതിവില്ലാതിരുന്ന സ്ത്രീ വിഭാഗത്തെ മുഴുവന്‍ ഈ നിരോധനാജ്ഞയില്‍ നിന്ന്‌ ഒഴിവാക്കിയതെന്തിനാണെന്നോ ആരും ചിന്തിച്ചു വിഷമിച്ചില്ല. ഒരാളും ലേഖനങ്ങളെഴുതിയില്ല. പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ തങ്ങള്‍, മേല്‍വസ്ത്ര-നിരോധനം പിന്‍വലിക്കുന്നെന്ന്‌ അധികൃതര്‍ തന്നെ പറഞ്ഞപ്പോഴാണ്‌ പുറത്തു കാണാനില്ലാത്ത പ്രതിഷേധക്കാരെ നാം അന്വേഷിച്ചത്‌. പിന്‍വലിച്ചു എന്നതിലുള്ള ആശ്വാസത്തേക്കാള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇങ്ങനെയൊരു നിയമം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തു തന്നെ ഉണ്ടായി എന്നിടത്ത്‌ ഉത്കണ്ഠയാണ്‌ തോന്നേണ്ടത്‌. വളരെ നാളുകള്‍ക്കു മുന്‍പ്‌ മുന്‍പ്‌ ക്ഷേത്രങ്ങളില്‍ കുപ്പായം ഊരി ആണുങ്ങളെ പ്രവേശിപ്പിക്കുന്നതിന്റെ യുക്തിരാഹിത്യവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി ഡി.വിനയചന്ദ്രന്‍ കലാകൌമുദിയില്‍ ഒരു ലേഖനമെഴുതിയിരുന്നു. നമ്മുടെ സമൂഹത്തില്‍ ശരീര പ്രദര്‍ശനം അശ്ലീലമാണ്‌. അതോടൊപ്പം ദര്‍ശനത്തിനും മറ്റുമായി ക്യൂ നില്‍ക്കുമ്പോള്‍, ത്വക്കു രോഗങ്ങള്‍ ഉള്‍പ്പടെ പലവിധ അസുഖങ്ങളുടെ കൂടായ വിയര്‍ത്ത ശരീരങ്ങള്‍ പരസ്പരം സ്പര്‍ശിക്കുന്നതില്‍ ആരോഗ്യപരമായ ചില കാര്യങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്‌. 1859ല്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ സമരം നടത്തി തുല്യം ചാര്‍ത്തി വാങ്ങിയതാണ്‌, മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശം. നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും, അന്നത്തെ അതേ മനോഭാവങ്ങള്‍ പ്രസന്ന രൂപത്തില്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നല്ലേ ഇങ്ങനെയൊരു നിരോധനത്തിനു അധികാരികള്‍ തയ്യാറായി എന്നതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്‌? ഷര്‍ട്ടു ധരിച്ചു കൊണ്ട്‌ പ്രവേശിക്കാമായിരുന്ന കേരളത്തിലുള്ള നിരവധി ചെറിയ ക്ഷേത്രങ്ങളില്‍ - അവയില്‍ പലതും വലിയ ക്ഷേത്രങ്ങളില്‍ അയിത്തം നിലനിന്നിരുന്നതു കൊണ്ട്‌ കീഴ്ജാതിക്കാര്‍ അവര്‍ക്ക്‌ ആരാധിക്കാനായി പണിതതാണ്‌- 'ക്ഷേത്രാചാരമര്യാദകള്‍ പാലിക്കുക' എന്ന ഭീഷണിയുടെ സ്വരമുള്ള ബോര്‍ഡുകള്‍ക്കൊപ്പം, അടുത്തകാലത്തു വന്ന ഒരു പരിവര്‍ത്തനമാണ്‌, അര്‍ദ്ധനഗ്നായി മാത്രം അകത്തേയ്ക്കു പ്രവേശിക്കുക എന്ന നിര്‍ബന്ധം. ഇതിന്റെ മറ്റൊരു വശം കൂടി കാണുക. ശബ്ദമലിനീകരണം കാരണം കോളാമ്പി സ്പീക്കറുകള്‍ക്ക്‌ കോടതി വിലക്ക്‌ നിലവിലുണ്ട്‌. പക്ഷേ ഉത്സവകാലത്ത്‌ ഇവ സാര്‍വത്രികമാണ്‌. അതായത്‌ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയുണ്ടാക്കിയതെന്നു സാമാന്യമായും കരുതാവുന്ന ഒരു നിരോധനം ലംഘിക്കപ്പെടുമ്പോള്‍ പ്രതിലോമകരമെന്ന്‌ എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന മറ്റൊന്ന്‌ കൂടുതല്‍ പാരുഷ്യത്തോടെ തിരിച്ചു വരുന്നു. നമുക്ക്‌ ആദ്യം പറഞ്ഞ ചോദ്യത്തിലേയ്ക്ക്‌ തിരിച്ചു പോകാം. സാമൂഹികമായ ജീവിതത്തിന്റെ സുരക്ഷ തന്നെയാണോ പല രൂപങ്ങളിലും നിരന്തരം സമൂഹത്തില്‍ കടന്നു കയറി ഇരിപ്പിടങ്ങള്‍ നേടി ഞെളിയുന്ന നിരോധനങ്ങളുടെ തനി സ്വരൂപം?

പുരുഷന്മാര്‍ മേല്‍-വസ്ത്രം ഊരുന്നത്‌ മാന്യതയും ഒരു ആചാരമര്യാദയുമാണെങ്കില്‍ സ്കൂളുകളിലെ ഫാഷന്‍ ഷോ നിരോധനം പെണ്‍കുട്ടികള്‍ ശരീരം വേണ്ടരീതിയില്‍ മൂടാത്ത വസ്ത്രം ധരിക്കാനുള്ള സാദ്ധ്യതയെ മുന്നില്‍ കണ്ടാണ്‌ ഉണ്ടായത്‌. കേരളത്തിലെ ഭൂരിഭാഗം വരുന്ന കുട്ടികള്‍ക്കും എന്താണു ഫാഷന്‍ ഷോ എന്നോ അതു വിനിമയം ചെയ്യുന്ന മൂല്യമെന്താണെന്നോ അറിയില്ല. സിനിമാറ്റിക്‌ ഡാന്‍സിനെയും ഫാഷന്‍ ഷോയെയുമെല്ലാം അവര്‍ കാണുന്നത്‌ അവരുടെ കൌമാരത്തിന്റെ നിറവും ഒച്ചയും ചലനവുമൊക്കെയായിട്ടാണ്‌. ഇതു അംഗീകരിക്കാന്‍ ശേഷിയുള്ള ഒരു മനസ്സല്ല ഇന്നു കേരളീയ സമൂഹത്തിന്റേത്‌. അതു നാം വിചാരിക്കുന്നതിനേക്കാള്‍ നരച്ച വാര്‍ദ്ധക്യത്തിന്റേതാണ്‌. ഒന്ന്‌ ഒരു മതപ്രതിനിധി സഭയുടെയും മറ്റേത്‌ സര്‍ക്കാരിന്റെയും ആണെന്നത്‌ ഈ നിരോധനങ്ങളെ കള്ളി മാറ്റുന്നില്ല. അതായത്‌ ഈ നിരോധനങ്ങളെ ഏറ്റു വാങ്ങുന്ന നമ്മുടെ സമൂഹം ഭൂതകാലത്തിലാണ്‌ ജീവിക്കുന്നത്‌ എന്ന്‌. മറ്റൊരര്‍ത്ഥത്തില്‍ ചരിത്രത്തില്‍ നിന്നും നാം പുരോഗമനത്തിന്റെ വെളിച്ചങ്ങളെയൊന്നും ഉള്‍ക്കൊണ്ടിട്ടില്ല എന്ന്‌.

സംസ്ഥാന വരുമാനത്തിന്റെ 70% പങ്കിടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ഷാവര്‍ഷം ഇടക്കാല ആശ്വാസത്തിനായി, ക്ഷാമബത്തയ്ക്കായി ശമ്പളവര്‍ദ്ധനവിനായി ധര്‍ണ്ണകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്‌. അവരേക്കാള്‍ വലിയൊരു വിഭാഗത്തിനു ജോലിയില്ലാത്തതോ കേരളത്തിന്റെ കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷയ്ക്കു വകയില്ലാത്ത വിധം 40,000 കോടിയായി കവിഞ്ഞതോ അവരെ സംബന്ധിക്കുന്ന വിഷയമല്ല. നിരന്തരം ബന്ദുകളും ഹര്‍ത്താലുകളും നടത്തി ജനങ്ങളുടെ ചലനസ്വാതന്ത്യ്രത്തെ നിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക്‌ അതു മൂലം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം വിഷയമേയല്ല. അവര്‍ പറയുന്നത്‌ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ചാണ്‌. മറ്റൊരു സമരമാര്‍ഗ്ഗം കണ്ടെത്താനോ പരിഹാരം നിര്‍ദ്ദേശിക്കാനോ കഴിവില്ലാത്തതു കൊണ്ടു അവര്‍ സ്വന്തം ജനങ്ങളെ പീഡിപ്പിക്കാം എന്നുറപ്പിക്കുന്നു. നിരോധനങ്ങളുമായി ഇവയ്ക്കുള്ള ചാര്‍ച്ച, ഇവ തന്റെ ഇടങ്ങളെ ഉറപ്പിക്കാനും വിപുലപ്പെടുത്താനുമായി പരിസരത്തിന്റെ സ്വാതന്ത്യ്രത്തെ വിലക്കുന്നു എന്നതാണ്‌. ഈ വിലക്കുകള്‍ - -- അതു ഉറവെടുക്കുന്ന ഇടങ്ങള്‍ മതമാകാം, രാഷ്ട്രീയമാകാം സദാചാരമാകാം- - അയല്‍പക്കങ്ങളുടെ സുരക്ഷയെക്കരുതിയുണ്ടാവുന്നതല്ല. അയലുകള്‍ക്കുമേല്‍ തന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ വിവിധ സ്രോതസ്സുകളില്‍ നിന്നു ഒഴുകി നിറയുന്നതാണ്‌.,

കമ്പ്യൂട്ടര്‍ അപൂര്‍വ വസ്തുവായിരുന്ന കാലത്ത്‌ കമ്പ്യൂട്ടര്‍ സെന്ററുകളുടെ പുറത്തു തൂങ്ങിയിരുന്ന ഒരു ബോര്‍ഡ്‌ ഇപ്പോള്‍ കേരളത്തിലുള്ള മിക്കവാറും പ്രൈവറ്റു ഓഫീസുകളുടെ പ്രസ്റ്റീജു മുദ്രയായി തീര്‍ന്നിട്ടുണ്ട്‌. 'ചെരുപ്പുകള്‍ പുറത്തിടുക'. ചെരിപ്പുകള്‍ പാദരക്ഷകളാണെന്നു അംഗീകരിക്കാന്‍ കൂട്ടാക്കാത്തതു മാത്രമല്ല ഇതിലെ തരവഴി. നമ്മുടെ തന്നെ ഫ്യൂഡല്‍ കാലഘട്ടം ചെരുപ്പുകളില്‍ കണ്ടിരുന്ന അഹങ്കാരത്തെ (ഇന്ദുലേഖ ഓര്‍ക്കുക) തിരിച്ചു കൊണ്ടുവരികകൂടിയാണ്‌. സമൂഹത്തിന്റെ ആധിപത്യ സ്വഭാവത്തെ ഉദാഹരിക്കുന്നൊരു രൂപകമാണിത്‌. ആണുങ്ങളേ കുപ്പായം ഊരിക്കുന്നതിലൂടെ, പെണ്‍കുട്ടികള്‍ക്ക്‌ ഡ്രസ്സ്‌ കോഡ്‌ നിശ്ചയിക്കുന്നതിലൂടെ, ഭക്തിഗാനങ്ങള്‍ ഒച്ചയില്‍ കേള്‍പ്പിച്ച്‌ ഭ്രാന്തെടുപ്പിക്കുന്നതിലൂടെ, സംസ്ഥാനത്തിന്റെ വരുമാനം പിടിച്ചു വാങ്ങുന്നതിലൂടെ, ഹര്‍ത്താല്‍ ജന്മാവകാശമാക്കുന്നതിലൂടെ മറ്റൊരാളെ ഒരു പാഠം പഠിപ്പിക്കാനുള്ള (അഹമതികളെ ഊരി പുറത്തു വയ്പ്പിക്കാനുള്ള) ആര്‍ത്തി ഓളം വെട്ടുന്നുണ്ട്‌. താരതമ്യേന ലഘുവെന്നു തോന്നുന്ന ഈ നിരോധന പ്രക്രിയയില്‍ ഇരുന്നു ചാരിതാര്‍ത്ഥ്യം കൊള്ളുന്ന ധാര്‍ഷ്ട്യം തന്നെയാണ്‌ വീണ്ടു വിചാരമില്ലാത്ത ഒരു സമൂഹത്തിന്റെ മുഖലക്ഷണം.

ശിവകുമാര്‍ ആര്‍ പി

Submitted by സുനിൽ (not verified) on Wed, 2005-08-10 10:02.

അഛൻ ദിനവും അമ്മദിനവും ഒക്കെ ആഘോഷിക്കാൻ മറക്കാത്ത ബൂലോഗം സൌകര്യപൂർ‌വ്വം ഹിരോഷിമാ ദിനം മറന്നു. എന്തായാലും അതുപോലോരു ബോംബ് ശിവൻ ഈ ലേഖനത്തിലൂടെ നമ്മുടെ സദാചാരബോധത്തിനുമുകളിൽ ഇട്ട്ത് എന്റെ കുഞുമനസ്സിൽ പോട്ടിത്തെറിക്കാൻ വളരെ സമയമെടുത്തു. കഠിനമായ കവചം തന്നെ കാരണം. കുറച്ചുകൂടെ ലളിതവൽ‌ക്കരിക്കാമായിരുന്നു. മലയാളം സംസ്കൃതത്തിണ്ടെയും ഇങ്ലീഷിന്റേയും “ഭീഷണി” നേരിടുന്ന സമയത്ത് ആശയങളുടെ ബിംബവൽ‌ക്കരണം എന്ന വേറൊരു ഭീഷണികൂടി...വായനയും പുനറ്‌വായനയും സൂക്ഷ്മ വായനയും അതിസൂക്ഷ്മവായനയും ഉള്ള ഇക്കാലത്ത് പഴയ “ടിപ്പണി” പുനർ‌ജനിച്ചെങ്കിൽ!
എന്റെ വായന ഇതാണ്:
സദാചാരബോധം അധികാരികൾ ഒരു മറയായി വർ‌ഗ്ഗതാൽപ്പര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നു. അതിനാൽ സദാചാരം എന്നത് എന്താണെന്ന്‌ നമുക്ക്‌ കൃത്യമായി ബോധമുണ്ടാകണം.
അല്ലെങ്കിൽ നാം വഞ്ചിക്കപ്പെടും. അതേസമയം ഈ ഫാഷൻ ഷോ തുടങിയവ ഒരാഗോളവൾ-ക്കരണത്തിന്റെ പാക്കേജിൽ ഉൾ‌പ്പെട്ടതല്ലേ എന്ന ഒരു ചോദ്യമെനിക്കുണ്ട്. അപ്പോൾ ഏതിനെക്കുറിച്ച്‌ നാം ബോധവാനാകണം? ഈ നിരോധനത്തിന്റെ ഉദ്ദേശം എന്താൺ? ഇതിന്റെ പിന്നിലെ അവരുടെ താൽ‌പ്പര്യം എന്താണ് എന്നൊന്നു വിശദമാക്കിയാൽ കൊള്ളാം. ഈ വിശദീകരണമായിരുന്നില്ലേ വേണ്ടിയിരുന്നത്? അതാവില്ലേ വലിയ ബോംബ്? ശരിയാണോ? -സു-

Submitted by ശിവൻ (not verified) on Mon, 2005-08-15 12:07.

ഭരിക്കുന്ന പാർട്ടികൾ പോലും ആഗോളവത്‌കരണത്തിന്റെ പാക്കേജിലാണ്‌ സുനിലേ. ഫാഷൻ ഷോ മാത്രമല്ല.
രണ്ടും രണ്ടും നാലെന്ന രീതിയിൽ സാമൂഹിക രാഷ്ട്രീയ മനശ്ശാസ്ത്രങ്ങൾ ലളിതമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! നമുക്കു ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യം തന്നെ വരുമായിരുന്നില്ല.
സ്വയം മെനഞ്ഞടുത്ത സമവാക്യങ്ങളുമായി അവനവനിൽ ചടഞ്ഞു കൂടുന്നവരാണ്‌ അധികം എന്നിരിക്കെ, ഉത്തരങ്ങൾ കൂട്ടത്തോടെ കണ്ടെത്തുന്നതിലല്ലേ വലിയ ശരിയുള്ളത്‌? അതിനാണീ പ്രയത്നമെല്ലാം.

Submitted by Sunil (not verified) on Mon, 2005-08-15 13:33.

Thanks, Sivan. I am also with you, in this task