തര്‍ജ്ജനി

സുജീഷ് നെല്ലിക്കാട്ടില്‍

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

പേരുകള്‍

കൂട്ടുകാരന്റെ കയ്യില്‍ നിന്നും
കളഞ്ഞുപോയ പണമെടുത്തു്
കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍
കള്ളനെന്ന പേരു കിട്ടി.

അപരന്റെ കുഞ്ഞിന്റെ
കരച്ചിലകറ്റാനായെടുത്തപ്പോള്‍
പിള്ളേരെ പിടിക്കുന്നവനെന്നാരൊ
വിളിച്ചു.

വണ്ടിയിടിച്ചു നാലുകാലുമൊടിഞ്ഞു
വഴിവക്കില്‍ വേദന തിന്നുമോങ്ങുന്ന
നായയെ കൊന്നപ്പോള്‍
കൊലപാതകിയായി മാറി.

കുട്ടിക്കുപ്പായമിട്ടു തുള്ളി-
ച്ചാടി വന്നവള്‍മാരെ
കണ്ടില്ലെന്നു നടിച്ചപ്പോള്‍
അന്ധനെന്നവര്‍ വിളിച്ചു.

കിട്ടിയ പേരുകള്‍
കാച്ചിക്കുറുക്കി
കവിതയെഴുതിയപ്പോള്‍
കവിയെന്നും വിളിച്ചു.

Subscribe Tharjani |