തര്‍ജ്ജനി

എം.രാഘവന്‍

മണിയമ്പത്ത്, മാഹി 673310.
വെബ്ബ്: എം. രാഘവന്‍
ഫോണ്‍: 0490-2333029

Visit Home Page ...

കഥ

അയഞ്ഞു പോകുന്ന വിരലുകള്‍

എന്തൊരു തിക്കുംതിരക്കും. ആകെക്കൂടെ ബഹളം. അതിനിടയില്‍ ......... വെളിയില്‍ ആംബ്യുലന്‍സ് വന്നു നില്ക്കുന്നതും കേട്ടു.

സാറേ

ചെറുപ്പക്കാരന്‍ തന്റെ നേരെ നോക്കുന്നു. ചിലപ്പോള്‍, ഈ വീണുകിടക്കുന്ന എഴുത്തുകാരനെ അവര്‍ക്കു് കേട്ടുപരിചയംമുണ്ടാകും. അവാര്‍ഡ്ദാനച്ചടങ്ങു് തുടങ്ങവേ, സദസ്സില്‍ ആള്‍ ബോധരഹിതനായി ചെരിയുകയായിരുന്നു. താന്‍ അയാളുടെ കൂടെ വന്നതാണെന്നു് യുവാക്കള്‍ തിരിച്ചറിറിഞ്ഞിരിക്കണം. എന്നിട്ടും അവരൊന്നും ചോദിച്ചില്ല. മെല്ലെദേഹം പൊക്കിയെടുത്തു. വെളിയിലേക്കു് കൊണ്ടുപോയി. ഒപ്പം മുന്നോട്ടുനീങ്ങിയ തനിക്കു് അവര്‍ വഴി തരുന്നു. അപ്പോള്‍ ...... കേള്‍ക്കുന്നു. ഹാളില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ വരുന്ന വാക്കുകള്‍.

``പരിപാടിയില്‍ ഇങ്ങനെയൊരു നിര്‍ഭാഗ്യകരമായ സംഭവമുണ്ടായതില്‍ ഖേദമുണ്ടു് ''.

രോഗിയുടെ പിന്നാലെ വേനില്‍ കയറിയിരുന്നു. ആ മുഖത്തേക്കു് തുറിച്ചുനോക്കി. തന്റെ സുഹൃത്തു് സുകുമാരന്‍. മരണവുമായി മല്ലിടുകയാണോ. വസ്തുതകള്‍ വേഗത്തിലൊന്നു് വിലയിരുത്തിനോക്കാന്‍ ശ്രമിച്ചു. അപ്പോഴതാ, കൂടുതല്‍ അകലേ നിന്നു്, വീണ്ടും യന്ത്രത്തിലൂടെ വരുന്ന ആ ശബ്ദം.

`` ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ .......... നോവല്‍, കഥ, കവിത ....''

ഓ, അവര്‍ സദസ്യര്‍ക്കിടയില്‍ ഉളവായേക്കാവുന്ന സംശയം അകറ്റുകയാണു്. ഏതായാലും സുകുവിന്റെ പേരില്ല എന്നുറപ്പാക്കി. ഒരു കൂട്ടം ചോദ്യങ്ങള്‍ തലയ്ക്കകത്തു് ഉയരുന്നു. എന്താണിതിന്റെ അര്‍ത്ഥം? ഒരിക്കല്‍ക്കൂടെ സുകുവിന്റെ കണ്ണുകളിലേക്ക് നോക്കി. പറയൂ, ചങ്ങാതീ. എന്തൊക്കെയാണിതു്? കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞതല്ലേ, ഈ വര്‍ഷത്തെ കവിതാ അവാര്‍ഡ് തനിയ്ക്കാണെന്നും, കമ്മിറ്റിക്കാര്‍ അവരുടെ തീരുമാനം ഫോണിലൂടെ അറിയിച്ചുവെന്നും. അതില്‍ ഒരു അവ്യക്തതയുമില്ലല്ലോ. പിന്നെ എന്താണുണ്ടായതു് ...... സുകുവിന്നു് ഒരു ഇളക്കവുമില്ല .....

ഒന്നാം ക്ലാസ്സു് മുതല്‍ ഒന്നിച്ചു്, ഒരേ ബഞ്ചിലിരുന്നവര്‍. എന്നിട്ടും സുകുവും ഈ പ്രദീപനും തമ്മില്‍ അതിര്‍കവിഞ്ഞ ഒരു അടുപ്പവുമുണ്ടായിരുന്നില്ല എന്നതാണു് വാസ്തവം. ക്ലാസ്സില്‍ എത്ര കുട്ടികളുണ്ടു്. എല്ലാവരും സഹപാഠികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. എങ്കിലും ബന്ധങ്ങള്‍ ഇടയ്ക്കു് മാറിമറിയുന്നു. ഉറ്റസേ്‌നഹം അധികകാലം നിലനില്ക്കുന്നില്ല. ഒരു ദിവസം ചെറിയൊരു മടുപ്പു് തോന്നുന്നു. തുടര്‍ന്നു്, അല്പം അകല്‍ച. അതു് ചിലപ്പോള്‍ വെറുപ്പില്‍, ശത്രുതയില്‍ പോലും അവസാനിക്കുന്നു. ഏതായാലും സ്കൂളിലെ പത്തുവര്‍ഷക്കാലം സുകു ഒരു പനിപിടിച്ചു് രണ്ടു് ദിവസം മുടങ്ങിയെങ്കില്‍, അതൊരിക്കലും തന്റെ ഉറക്കം കെടുത്തിയിരുന്നില്ല.

അവസാനപരീക്ഷ കഴിഞ്ഞതോടെ, പൊടിമീശക്കാര്‍ പെട്ടെന്നു് ചിന്നിച്ചിതറി. ചിലര്‍ രാവിലെ ബസ്സ് കയറിപ്പോകുന്നു, അകലേയുള്ള പ്ലസ് ടൂവിലേയ്ക്ക്. മറ്റു ചിലര്‍ അടുത്തുള്ള സാങ്കേതികവിദ്യാലയത്തില്‍ ചേര്‍ന്നു് ഓരോ പണി പഠിക്കുന്നു. ഒന്നു് രണ്ടു് പേര്‍, ചെന്നെയിലും കോയമ്പത്തൂരുമുള്ള ബന്ധുക്കളായ ബെയ്ക്കറിക്കാരുടെ കൂടെച്ചേരുന്നു. ഒരുവന്‍ പോയതു് നേരെ ദുബായിലേയ്ക്കു്. സ്വന്തം നാട്ടില്‍ കുറച്ചിലായ ഒരു തൊഴില്‍ അവിടെച്ചെന്നു് എടുക്കുന്നു. ഏതാനും പേര്‍ ഒന്നും ചെയ്യാതെ അലയുന്നു.

സുകു എവിടെയാണു് കുടിയേറിയതു് എന്നുപോലും അറിയില്ലായിരുന്നു. കുറേക്കാലത്തിനു് ശേഷം ....... അതിനകം മുംബായിലെ തുറമുഖത്തു് ജോലിയില്‍ പ്രവേശിച്ച തനിക്കു് ഒരെഴുത്തു് വരുന്നു. അഹ്മദാബാദില്‍ നിന്നു് ! സപകുവിന്റെ കയ്യക്ഷരം പോലും മറന്നിരുന്നു. കഴിഞ്ഞതവണ ആള്‍ അവധിയില്‍ നാട്ടിലെത്തിയപ്പോള്‍, പഴയ കൂട്ടുകാരുടെ വിലാസങ്ങള്‍ ശേഖരിച്ചുവത്രെ! അവര്‍ക്കു് ഓരോന്നായി എഴുതുകയാണിപ്പോള്‍. ആദ്യമായി ഈ പ്രദീപന്നു്.

അത്ഭുതപ്പെട്ടു. ഇയ്യുള്ളവന്നു് മുന്‍ഗണന നല്കാന്‍ കാരണമെന്തു്? അത്ര വലിയ ആത്മമിത്രങ്ങളായിരുന്നില്ലല്ലോ തങ്ങള്‍.

`` ഇവിടെ ചെറിയ പണിയാണു്, പ്രദീപന്‍. വിഷമിച്ചു കഴിയുന്നു. ഏതായാലും ഒരു പണിയുണ്ടല്ലോ. പിൈ, പ്രദീപന്‍, ഞാനിപ്പോള്‍ അറിയപ്പെടുന്ന കവിയാണു്!''

സുകു അടുത്തിരുന്നു് പറയുമ്പോലെയുണ്ടു്. ആ പേരു് വാരികകളില്‍ ഇതുവരെ കണ്ടിട്ടില്ല, തീര്‍ച്ച. എങ്കിലും, എത്ര പ്രസിദ്ധീകരണങ്ങളാണു് താനിപ്പോള്‍ കാണുന്നതു്. പഴയ പാരമ്പരേം കാത്തുസൂക്ഷിച്ചുകൊണ്ടു് ഒരൊറ്റ ആഴ്ചപ്പതിപ്പു് മാത്രമാണു് വാങ്ങുന്നതു്. അതും കൃത്യമായി വായിക്കുന്നില്ല. ``പ്രദീപന്‍, സുകു തുടരുന്നു, കുട്ടിക്കാലത്തു് ആദ്യമായി വായിച്ച കവിത പ്രദീപന്റേതായിരുന്നു. അതിന്നും മറന്നിട്ടില്ല. അതാണു് ........'' സുകു തന്നെ നോക്കി ചിരിക്കുമ്പോലെ തോന്നി. വാസ്തവത്തില്‍ സ്കൂളിലെ കയ്യെഴുത്തു മാസികയില്‍ ആദ്യമായി ഒരു കവിത വന്നതു് ഈ പ്രദീപന്റേതായിരുന്നു. സുകുവിന്നു് ഈ കമ്പമുള്ളതായി ഓര്‍ക്കുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അതൊരു അടഞ്ഞ അദ്ധ്യായമായിരുന്നു. ഏതായാലും പുള്ളിക്കാരന്റെ കത്തു് കിട്ടിയതിന്നുശേഷം, ഏതെങ്കിലും കുടുംബത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍, അവിടെയൊരു വാരികയുണ്ടെങ്കില്‍ ധൃതിയില്‍ അതെടുത്തു് ഏടുകള്‍ മറിച്ചിടും. നോക്കും, സുകുമാരന്റെ പേരു് ........ ഇല്ല, ഒന്നുമില്ല.

ഏതായാലും, മറുപടി അയച്ചു. സന്തോഷം സുകൂ. എനെ കവിതയുടെ കൂമ്പു് മുളക്കുമ്മുമ്പു് അടഞ്ഞുപോയി. നീയെങ്കിലും .......

സുകുവിന്റെ എഴുത്തു് രണ്ടോ മുന്നോ വന്നാല്‍ ഒരു മറുപടി അയക്കുന്നു. അതായിരുന്നു പതിവു്. ഒട്ടും മാന്യതയില്ലാത്ത തന്റെയീ നിലപാടു് സുകുവിനെ വേദനിപ്പിച്ചതായി തോന്നിയില്ല. ആദ്യകാലസുഹൃത്തിനു് അയാളുടെ കത്തുകള്‍ വന്നുകൊണ്ടേയിരുന്നു.

ഇപ്പോള്‍ ........ ഇതാ, കിടക്കുന്നു. ഒരനക്കവുമില്ലാതെ. ങ്ഹാ, ഒരിക്കല്‍ അറിയിച്ചിരുന്നു. സുഖമില്ല. പ്രധാനപാര്‍ട്ടിനു് തന്നെയാണു് തകരാറു്. ഹാര്‍ട്ടിനു്. ഓപ്പറേഷന്‍ വേണമെന്നു്. ഇതൊന്നും തന്നെക്കൊണ്ടാവില്ല. അതുകൊണ്ടു് ഡോക്ടറെ കാണാറേയില്ല.

നീങ്ങിക്കൊണ്ടിരിക്കുന്ന വാനില്‍ ഇരുന്നുകൊണ്ടു് ആ മുഖത്തേക്കു് നോക്കവേ ........ എന്തൊക്കെയോ തോന്നിപ്പോകുന്നു. അതു് സ്വാഭാവികം മാത്രം. ഈ പാവത്താന്റെ ഓപ്പറേഷന്‍ ആരു്, എങ്ങനെ നടത്തും? തന്റെ ചിന്തകളെ പിടിച്ചെടുത്തതുപോലെ, ആ പകുതിയടഞ്ഞ കണ്ണുകള്‍ ഒന്നിളകി. ഒരു കൈ വിറച്ചുകൊണ്ടു് തന്റെ നേരെ അല്പമൊന്നു് ചെരിഞ്ഞു. ആ വിരലുകളില്‍ പിടിച്ചു് മെല്ലെ തടവി. സുകുവിന്റെ മറ്റേക്കെ ....... എന്താണതു് ചെയ്യുന്നതു്? സ്വന്തം ഷര്‍ട്ടിന്റെ പോക്കറ്റില്‍ അമര്‍ത്തിപ്പിടിക്കുന്നോ? ഇത്രയും വിലപിടിച്ച എന്തായിരിക്കും അതില്‍ ഉളിപ്പിച്ചുവെച്ചിരിക്കുന്നതു് ........

അതിനിടയില്‍ മുംബായില്‍നിന്നും കൊച്ചി പോര്‍ട്ടിലേക്കു് മാറ്റം കിട്ടുന്നു, ഒരു സ്ഥാനക്കയറ്റത്തെത്തുടര്‍ന്നു്. ഉയര്‍ന്ന ശമ്പളം. തല്ക്കാലം സുകുവിനെ അറിയിച്ചില്ല. സമയം കിട്ടാത്തതു് കാരണം. ഒരിക്കല്‍ക്കൂടെ ഒട്ടും അന്തസ്സില്ലാത്ത പെരുമാറ്റം തന്റെ ഭാഗത്തുനിന്നും. എങ്കിലും സുകുവിന്റെ കത്തു് മുംബായില്‍ നിന്നും തിരിച്ചുവിട്ടതു് തൈത്തേടി ഇവിടെ കൊച്ചിയിലെത്തി. സുകു എഴുതുന്നു.``സുകു, നീയിപ്പോള്‍ നാട്ടിലാണെന്നറിഞ്ഞു. ഈ കത്തു് അവിടെയെത്തുമെന്നു് കരുതുന്നു.ഒരു സഹായം ആവശ്യപ്പെടുകയാണു്. എന്റെ കുറേ കവിതകള്‍ ........ ഒരു സമാഹാരം ....... എങ്ങനെയാണു് ഇതു് സാധിക്കുക. കേരളത്തിലായതുകൊണ്ടു് പ്രദീപനു് വല്ലതും ചെയ്യാന്‍ കഴിയുമോ. വീടും കുടുംബവുമൊക്കെയുണ്ടു് എനിക്കു്. സ്വന്തമായി അച്ചടിപ്പിക്കാന്‍ സാദ്ധ്യതയില്ല''.

സുകുവിന്റെ ഓരോ പ്രശ്‌നങ്ങള്‍. പുലിവാലായി. ഏതായാലും എന്നിട്ടും, പോര്‍ട്ട്ട്രസ്റ്റില്‍ പേരുകേട്ട എഴുത്തുകാരനുള്ള കാര്യം ഓര്‍ത്തു. അദ്ദേഹത്തെ ചെന്നുകണ്ടു. പാവമാണു്, സര്‍. വല്ലതും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ........ ഉന്നതസ്ഥാനത്തിരിക്കുന്ന സാഹിത്യകാരന്‍ സാധനം വാങ്ങി അതിലൂടെ കണ്ണുപായിച്ചു. ഒട്ടും സമയമെടുക്കാതെ പറയുന്നു. ``മിസ്റ്റര്‍ പ്രദീപ്, ഞാനൊരാളോടു് പറയാം. പുതിയൊരു പ്രസിദ്ധീകരണശാല തുടങ്ങിയിട്ടുണ്ടു്. ഒരു കിഷോര്‍. അയാള്‍ പുറത്തിറക്കും.എങ്കിലും, ഞാന്‍ ആവശ്യപ്പെടുന്നതുകൊണ്ടു് മാത്രമായിരിക്കും. കാരണം, പ്രദീപ്, ഒന്നും തോന്നരുതു്, ഈ രചനകള്‍ വേണ്ട നിലവാരം പുലര്‍ത്തുന്നുണ്ടോ എന്നു് സംശയിക്കുന്നു''. എന്നിട്ടും പുസ്തകം വെളിച്ചംകണ്ടു. ഈ പ്രദീപന്റെ ചിലവില്‍.

അക്കാലത്താണു് രാജ്യത്തു് പുതിയ ഫോണ്‍വിപ്ലവം നടക്കുന്നതു്. അതോടെ കത്തുകു നിലയ്ക്കുന്നു. പകരം, നേരില്‍ സംസാരമാണു്. സുകുവിന്റെ പ്രാരാബ്ധങ്ങള്‍ തുടരുന്നു, ഇപ്പോള്‍ ശബ്ദത്തിലൂടെ എന്ന വ്യത്യാസം മാത്രം. മകന്റെ പഠിപ്പു് എവിടേയുമെത്തുന്നില്ല. മകള്‍ വിവാഹപ്രായത്തില്‍. എല്ലാംകൂടെ പരിഭ്രാന്തണു് സുകു. പിന്നെ ....... പുതിയൊരാഗ്രഹം. ഒരു പുസ്തകം കൂടി വല്ലവിധത്തിലും ........ തീര്‍ന്നില്ല, ഏതെങ്കിലും ചെറിയൊരു അവാര്‍ഡ് ....... കിട്ടിയാല്‍ കൊള്ളാമായിരുന്നു.

രണ്ടാമത്തെ സമാഹാരവുമായി പ്രസിദ്ധീകരണശാലയെ വീണ്ടും സമീപിച്ചു. മി.കിഷോര്‍ കൃതി തൊട്ടുനോക്കാന്‍ പോലും തയ്യാറായില്ല. ആദ്യത്തെ പുസ്തകത്തിന്റെ കോപ്പികള്‍ മുഴുവന്‍ കെട്ടിക്കിടക്കുന്നുവത്രെ. വിവരം സുകുവിനെ അറിയിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ ........ സുകുവിന്റെ ഓരോ വിളിയിലും സംഭ്രമജനകമായ എന്തോ ഒരു മാനസികാവസ്ഥ പ്രകടമായിരുന്നു. ഒരു പരസ്പരബന്ധക്കുറവു്. ഒരു ഉറപ്പില്ലായ്മ. ഫോണ്‍ എടുക്കാതിരിക്കാന്‍പോലും ചിലപ്പോള്‍ തോന്നിപ്പോയി.

കഴിഞ്ഞ ആഴ്ച ....... അവസാനം ............. ഒരു വിളികൂടെ. അത്ഭുതപ്പെടുത്തിയ ഒരു വാര്‍യായിരുന്നു ലഭിച്ചതു്.

അവാര്‍ഡ് കിട്ടി ! സുകു പൊട്ടിത്തെരിക്കുന്നു. ഇതാ, ഇപ്പോള്‍ ........ അറിയിച്ചിരിക്കുന്നു. ഫോണില്‍. ങ്ഹാ, അവാര്‍ഡ്ദാനം, ഏഴാം തിയ്യതി. നിര്‍ബ്ബന്ധമായും എത്തണമെന്നു പറഞ്ഞു. ങ്ഹാ, ഞാനവിടെ എത്തുന്നു, അന്നു രാവിലെ.

ഏറെ സന്തോഷം തോന്നി, സംഗതി ഉള്‍ക്കൊള്ളാന്‍ പ്രയാസമെങ്കിലും. തുടര്‍ന്നു്, പലേ സ്ഥലങ്ങളിലും അന്വേഷിച്ചു. പത്രങ്ങളിലും ചാനലുകളിലും. സുകുമാരനു് അവാര്‍ഡു് ....... ഇല്ലേയില്ല. എന്നിട്ടും ഇന്നു് ...... ഇന്നാണല്ലോ കക്ഷി എത്തുന്നതു്. സ്റ്റേഷനില്‍ ചെന്നു. വണ്ടി വന്നു. ആളിതാ പ്ലാറ്റ്‌ഫോമില്‍. കാലത്തെ പത്രത്തില്‍ വാസ്തവത്തില്‍ ഒരു അവാര്‍ഡ്ദാനച്ചടങ്ങു് കണ്ടിരുന്നു. എങ്കിലും അതില്‍ സുകുവിന്റെ പേരു് മാത്രം ഇല്ല.

ചങ്ങാതിക്കു് കുലുക്കമില്ല. അതു് വല്ല അച്ചടിപ്പിഴയുമായിരിക്കും, പ്രദീപാ. എന്നെ ഫോണില്‍ അറിയിച്ചതല്ലേ. ഏതായാലും, വൈകീട്ടു് അഞ്ചു് മണിക്കല്ലേ. നമ്മുക്കു് കാണാമല്ലോ.

നാലരയ്ക്കു് തന്നെ രണ്ടുപേരും സ്ഥലത്തെത്തി. സുകു ആകെ വിറയ്ക്കുന്നതായി കണ്ടു. സ്റ്റേജിലേക്കു് കയറാന്‍ ശ്രമിക്കുന്ന സുഹൃത്തിനെ പ്രവര്‍ത്തകര്‍ തടയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ഉന്തും തള്ളും. സുകു തികച്ചും നിലതെറ്റിയതുപോലെ. ചുറ്റുമുള്ളവരെ ആക്രമിക്കുന്നു. പിന്നെ അല്പം തണുക്കുന്നു. അയാളെ കൈകൊണ്ടു് ചുറ്റിപ്പിടിച്ചു് സദസ്സില്‍ ഒരിടത്തിരുത്തി. അല്പനേരം കഴിയുന്നു. ആള്‍ വല്ലാതെ വിയര്‍ക്കുന്നു. വിയര്‍ത്തൊലിക്കുന്നു. പെട്ടെന്നു്, സീറ്റില്‍ മറിഞ്ഞുവീഴുന്നു .....

ആരാണു് സുകുവിനു് ഫോണ്‍ ചെയ്തതു്. ആളിന്റെ അവാര്‍ഡ്ഭ്രാന്തിനെക്കുറിച്ചു് അറിവുള്ള ഒരാള്‍ വെറുതേ കളിപ്പിക്കാന്‍ വേണ്ടി ഒപ്പിച്ച വിദ്യയാണോ. അതോ, നിലതെറ്റിയ തലച്ചോറിന്റെ കുസൃതി മുറ്റിയ ഒരു തമാശ മാത്രമോ.

ചോദിച്ചറിയാന്‍ ഇനി മാര്‍ഗ്ഗമില്ലെന്നു് തോന്നുന്നു. തന്റെ കൈയില്‍ തൊടുവിച്ച പാവം സുകുവിന്റെ വിരലുകള്‍ അയഞ്ഞുപോകുന്നതിന്റെ സൂചന അതല്ലേ.

ആംബ്യൂലന്‍സിലിരിക്കുന്ന നാട്ടുകാരായ യുവാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ തമ്മില്‍ നോക്കുന്നു.

അപ്പോള്‍ ....... ശ്രദ്ധിച്ചു. സുകുവിന്റെ നെഞ്ചിലമര്‍ത്തിവെച്ച മറ്റേക്കൈ ഒട്ടും അയഞ്ഞിട്ടില്ല. എന്താണാവോ ആ പോക്കറ്റില്‍. കുറച്ചു പണമാവും. അതല്ലാതെ മറ്റെന്തുണ്ടാവാനാണു് ഇത്ര പൊന്നിച്ചു് സൂക്ഷിക്കാന്‍.

ആ പിടുത്തം സാവധാനത്തില്‍ അടര്‍ത്തിമാറ്റി. കീശയില്‍ തലനീട്ടി നോക്കി. ഒരു കടലാസുതുണ്ടാണവിടെ കണ്ടതു്. അതു് മെല്ലെ വിരല്‍ത്തുമ്പുകളിറുക്കി വലിച്ചെടുത്തു. മടക്കു് നിവര്‍ത്തി വായിച്ചു.

സുകുവിന്റെ അവാര്‍ഡ്ദാനച്ചടങ്ങില്‍ അവതരിപ്പിക്കാനുള്ള എഴുതിത്തയ്യാറാക്കിയ മറുപടിപ്രസംഗം.

ചിത്രീകരണം :സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |