തര്‍ജ്ജനി

ഒ.കെ. സുദേഷ്‌

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

ലേഖനം

'നാന്‍ കടവുള്‍'

മരിയ്ക്കാന്‍ സ്വയം ലക്ഷ്യവേധമായിരിയ്ക്കുന്നു എന്നതു് അത്ഭുതകരമായ ഒരു വെളിപ്പെടുത്തലല്ല. മരണം വരുന്നുണ്ടു്‌; പോവുന്നുണ്ടു്. മറുപുറത്തു് ജീവിതം എന്തെങ്കിലുമൊക്കെയാണെന്നു് വരുത്തിത്തീര്‍ക്കാനുള്ള ഇച്ഛയിലേയ്ക്കല്ല മരണത്തെ ഇപ്രകാരം സാധാരണവും നിസ്സാരവുമാക്കി കാണുക. അതും മരണത്തോളം നിസ്സഹായം. ഇവയ്ക്കിടയില്‍ ആത്മഹത്യ സവിശേഷമായ ഒരു സ്ഥലം നികത്തിയെടുക്കുവെന്നേയുള്ളൂ. എന്തായാലും 'നീ' മരിയ്ക്കുമെന്നതില്‍ (അതിനും മുമ്പേ) എങ്ങിനെയെല്ലാമോ 'ഞാന്‍' മരിയ്ക്കുമെന്നേ ആത്മഹത്യകള്‍ക്കു് ഉറപ്പോടെ കാരണം നിരത്താനാവുന്നുള്ളു. ആത്മഹത്യ, ആകയാല്‍, അതിശയകരമായ ഒരുതരം ദുര്‍വ്വാശിയാകുന്നതിനെ, അങ്ങിനെ, കാണേണ്ടി വരികയാണു്‌.

മരണം ഒന്നുമല്ല എന്നതു്‌, ജീവിതത്തോളവും ഒന്നുമല്ലാതാക്കിയിട്ടു്‌, ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞിരിയ്ക്കണം. അതിനു മുമ്പേയും അതങ്ങിനെത്തന്നെ ആയിരുന്നതിനു് തിര്യഗ്സസ്യാദികളൊന്നുപോലും കലപില കൂട്ടിയിട്ടേയില്ല. ആരും ഒരു പരാതിയും രേഖപ്പെടുത്തിക്കണ്ടിട്ടില്ല. എല്ലാം 'ഒന്നു'പോലെ, ദൈവസംഖ്യ പോലെ, പുലര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. എന്തൊരു മോശം തടവു-സംഖ്യയാണതു് എന്നു് ഉഷ്ണിച്ചു നൊമ്പരപ്പെട്ടിരിയ്ക്കുന്നതിനു് ഒരു കാരണവും എനിയ്ക്കു തേടാനില്ല. മനുഷ്യന്‍ അങ്ങിനേയേ 'പൂര്‍ണ്ണത'-യെ പ്രതിയുള്ള എന്തു ചോദ്യവും സങ്കല്പിച്ചു നിരൂപിയ്ക്കുകയുള്ളു എന്നു ഞാന്‍ വ്യക്തമായി കാണുന്നുണ്ടു്‌.

കാരണം?

കാരണം, തിര്യക്കുകളിലും ഞാനതു് കണ്ടിട്ടുണ്ടു് --എന്നതാവാം.

എന്നതാവുമോ?

ഒരു പെണ്‍പുലി താന്‍ സ്ഥിരമായി പാര്‍പ്പുണ്ടായിരുന്ന വൃക്ഷശിഖരത്തെ എങ്ങിനെ സ്നേഹിച്ചിരുന്നു എന്നു ഞാന്‍ കണ്ടിട്ടുണ്ടു്‌. ഹൃദയതാളത്തെ അസ്ഥിരപ്പെടുത്തുന്ന വേട്ടയാടല്‍ കഴിഞ്ഞു്‌, പലപ്പോഴും തോറ്റും വല്ലപ്പോഴും ജയിച്ചും, ജയിച്ചാല്‍ തന്നെ ഇര തട്ടിയെടുക്കപ്പെട്ടും, കിതച്ചണച്ചു വരുന്ന അവളെ സാന്ത്വനപ്പെടുത്താന്‍ ആ വൃക്ഷം കുനിഞ്ഞു കൊടുത്തതായി കണ്ടിട്ടുണ്ടു്‌. (സോറി, അങ്ങിനെയൊക്കെ തോന്നിയതാണു്‌.) അതവള്‍ ജനിച്ച ചുറ്റുവട്ടമാണു് എന്നതു്‌, അതിലേറെ, ഏകതയില്‍ ദൈവസംഖ്യാത്മകവുമാണു്‌. ഒന്നിലെ അഭയവും അഭയത്തിലെ ഒന്നുമാണു്‌. ഏകമെപ്പോഴും, ഏകാഭയമെപ്പോഴും ദൈവമാണു് എന്നതപ്പോള്‍ ജന്തുസഹജവും. തിരിച്ചാവില്ല അതു്‌. എങ്കിലും തിരിച്ചു പറഞ്ഞേ, വ്യാഖ്യാനം അതിന്റെ ധര്‍മ്മത്തെ പുലര്‍ത്തൂ. എല്ലായിടത്തും തോറ്റും തോല്ക്കാതെയും നിങ്ങള്‍ ചെല്ലുന്നതു് ഒന്നിന്റെ -- ക്ഷിപ്രസാദ്ധ്യമായ ഒരു 'ഒന്നിന്റെ' -- സാന്ത്വനത്തിലേക്കാണു്‌. കൂടുതല്‍ അന്വേഷിയ്ക്കാതിരിയ്ക്കുവാനാണതു് 'ഒന്നില്‍' തമ്പടിയ്ക്കുക പോലും. അങ്ങിനെ, സ്വയം വിവരംകെട്ട്‌ ചീഞ്ഞുപോവുകയും. തുറവുകളില്ലാത്തതത്രയും ചീഞ്ഞുപോവുന്നതു് നാം കണ്ടുകൊണ്ടേയിരിയ്ക്കുന്നു എന്നുമുണ്ടല്ലോ. അങ്ങിനെയേ നമുക്ക്‌ ദൈവാരോപത്തെ മെനഞ്ഞെടുക്കാനാവൂ. ഏകം പിന്നെ എപ്പോഴെങ്കിലും ഒരു പാര്‍ട്ടിയാവുമെങ്കില്‍ അത്‌ ദൈവത്തിന്റെ തന്നെ വെച്ചുമാറലും.

ഒന്നു് എന്നതു്‌, അടയല്‍ എന്നതു്‌, അതിലെത്തന്നെ ചീഞ്ഞടങ്ങല്‍ എന്നതു്‌, ദൈവമാകുമെങ്കില്‍ ആ സങ്കല്പനം യഥാര്‍ത്ഥലോകത്തിലെ നിരുപാധികമായ കീഴടക്കങ്ങളെ തരണം ചെയ്യുന്നതിലേയ്ക്കു് മാത്രമായി നിര്‍മ്മിതം. യഥാര്‍ത്ഥലോകജീവിതത്തിലെ കീഴടക്കങ്ങള്‍ മജ്ജയും മാംസവും നേരിടുന്ന ദൈവപരമായ അദ്ധ്യാരോപങ്ങളെ ദിനംപ്രതി നേരിടുന്നു. നഗ്നമായ അധികാരത്തെ നേരിടുന്നു. അപ്പോള്‍, മരണത്തോടെ മാത്രമെ അതിനെ തരണം ചെയ്യാനാവൂ എന്ന ഘട്ടത്തില്‍, അതിനേയും അധീശപ്പെടുത്തുന്ന ഒരു വെര്‍ച്വല്‍ നീതിപൂര്‍ണ്ണ-ദൈവതം നിലവില്‍ വരും. അതു് ഉണ്മയെന്നല്ല, ഉണ്മയാവണമെന്ന ശാഠ്യമാണു് കഠിനമായ മൃത്യു-തീരുമാനങ്ങളെ കുറേയെങ്കിലും സാന്ത്വനപ്പെടുത്തുക.

മാനസികനാണു് മനുഷ്യന്‍ എന്നതു് എന്തുമാത്രം അര്‍ത്ഥപുഷ്ടിയുള്ളതു്‌!

അതിലെ സ്വാരസ്യവും ക്ഷേമവും ഈ മൃഗവും പിടിച്ചെടുത്തു കാണുന്നുവല്ലോ എന്നാണു് പറഞ്ഞുവരിക. അതവളുടെ അമ്മ പരിചയിപ്പിച്ച മരമാണത്രെ; അല്ലെങ്കില്‍ സ്വന്തം അരുമകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതോ. ഒരു വൃക്ഷം ഉള്ളില്‍ സൂക്ഷിക്കുന്ന, പുറമെ പടര്‍ത്തുന്ന യാതൊന്നിനേയും വരഞ്ഞുമുറിച്ചു് ഗ്രഹിക്കാതെത്തന്നെ, അവളതിനെ ബന്ധുവായി കണ്ടു. അമ്മ പെറ്റിട്ടുപോന്ന ഇടത്തെ, അമ്മയകന്നു പോയാല്‍ പോലും, അവള്‍, അമ്മയിലേയ്ക്കു്‌, കുടുംബത്തിലേയ്ക്കു്‌, സംരക്ഷണത്തിലേയ്ക്കു്, സൌഹൃദത്തിലേയ്ക്കു് പരാവര്‍ത്തനം ചെയ്യിപ്പിച്ചതിനെ കുറിയ്ക്കും, ആ മരത്തിന്റെ ശാഖാ-പടര്‍പ്പു്‌. അവള്‍ സ്വന്തം കുട്ടികളെ വളര്‍ത്തിയെടുത്തതും അതേ വാസനാബന്ധുതയില്‍ തൊട്ടുനിന്നാണു്‌.

മരം തന്നെ എന്തു ധരിച്ചു, ആവോ? ആയമ്മ, ആ മരത്തിലെ അമ്മ, എത്ര വട്ടം ഫലങ്ങളെ കായ്പിച്ചവളല്ല! എത്ര ഉണ്ണികളേയും ഉണ്ണുനീലികളേയും ആയമ്മ ലോകത്തിലേയ്ക്കു് പ്രാപ്തരാക്കിയില്ല? അവര്‍ക്കറിയാതെ വരുമോ ഈ പുലിപ്പെണ്ണിന്റെ ആന്തരോഷ്ണങ്ങളൊന്നും? എപ്പോള്‍ പരിക്ഷീണയായി തോറ്റുചെന്നാലും അവസാനത്തെ അഭയത്തിലേയ്ക്കു് അത്‌ ബാക്കിയായി നില്ക്കുന്നു എന്നതുമാവുന്നുവല്ലോ പുലിപ്പെണ്ണിനതു്‌.

അവളതിനെ നക്കുന്നതു് ഞാന്‍ കണ്ടിരുന്നു. അതിന്റെ മാന്തിക്കീറിയ മുറിവുണക്കങ്ങളെ, മുഴുമിക്കാത്ത ശിഖരമുഴകളെ, താലോലിച്ചതും ഞാന്‍ കണ്ടിരുന്നു. കണ്ണുകള്‍ പാതിയടച്ചു് പരിസരബോധത്തിന്റെ ആവശ്യങ്ങളെ മറികടന്നു് അവളതില്‍ നിസ്സന്ദേഹം മുഴുകി. നാലുകാലും ഞാത്തി, വാലുംതൂക്കി, ശത്രു‍ഭീതിയൊഴിഞ്ഞ്‌ അവളതില്‍ ഉറക്കം പൂണ്ടു. അതു കണ്ടുകൊണ്ടിരിക്കെ എനിയ്ക്കും അല്ലലൊഴിഞ്ഞു് വിശ്രമിയ്ക്കുവാന്‍ തോന്നിയല്ലോ.

അതൊരു ഫാമിലി റീയൂണിയനായിരുന്നു. എനിയ്ക്കു ചിരി ഇണര്‍ന്നുപൊട്ടി; വല്ലാത്തൊരു ജീവിക്കണ്ണീരും!

ഇതു കാണുമ്പോള്‍, മരണം വീണ്ടുമൊരു കാരണരഹിതമായ വാഗ്ദാനത്തിന്റെ ഓര്‍മ്മപ്പെടുത്തലായി തീരുന്നു. അതിനാല്‍, ആത്മഹത്യകള്‍ വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിയ്ക്കുക, വാഗ്ദാനലംഘനമായേക്കുമെന്നു് ഞാന്‍ കരുതുന്നു. അങ്ങിനെയാണതു് ജീവിയ്ക്കുവാന്‍ ബാക്കിയായവരില്‍ നിമിഷംപ്രതി ആത്മഹത്യകള്‍ നിറയ്ക്കുക; നിറവേറാതെ പോലും; നിറവേറ്റിയിട്ടും തളരാതെ യാചനയോടെ ആവര്‍ത്തിപ്പിച്ചുപോലും.

കൂടെക്കൂടിയാലോ എന്നാണതിന്റെ, ഒരു-വേള അന്തര്‍ഗ്ഗതവും?

പാപബോധം അവിടെ പെരുത്തു നിറയുവാന്‍ വെമ്പുന്നതു് ഞാന്‍ കാണുന്നു. അര്‍ത്ഥരഹിതമായി കിടന്നുഴലാന്‍ അതു് വെമ്പുന്നതു് ഞാന്‍ അറിയുന്നു.

പാപവും പുണ്യവും എന്തെങ്കിലും തരുമെന്നല്ല; പക്ഷെ ജീവിയ്ക്കുവാന്‍ ഒരു പരാതിക്കാരനെ അനുവദിപ്പിക്കുമെങ്കില്‍, ആ ധാരണ, ജീവിതത്തെ ചൊല്ലി ഒരുതരം അര്‍ത്ഥകാംക്ഷയ്ക്കിടയാക്കുമെന്നു് എന്നെ വ്യാമോഹിപ്പിക്കുന്നു.

എന്നാലും:

അര്‍ത്ഥനിരൂപണമാണ്‌ ജീവിതമെന്നും, അര്‍ത്ഥത്തെ തേടലാണ്‌ ജീവിതമെന്നും, എങ്കില്‍ മരിച്ചവര്‍ ആ പാപഭാരത്തില്‍ നിന്ന്‌ മോചിതരായിരിയ്ക്കുന്നുവെന്നും കൂടി അതു് മനസ്സിലാക്കിത്തരേണ്ടതുണ്ടു്‌. കാരണം, മരിച്ചവര്‍ അര്‍ത്ഥത്തെ തേടുന്നതില്‍ നിന്നു് സ്ഥലം താണ്ടിയിരിയ്ക്കുന്നു. ആ അനാവശ്യഭാരം അവര്‍ വഴിയിലിട്ടെറിഞ്ഞു് ഓടിമറഞ്ഞിരിയ്ക്കുന്നു. ആകയാല്‍, മരിച്ചാല്‍ ജീവിയ്ക്കുന്നതിന്റെ പാപഭാരം തീര്‍ന്നടങ്ങുമെങ്കില്‍, മരിയ്ക്കുന്നതിനു മുമ്പെ ഇതിനെ തീര്‍ത്തടക്കുന്നവരാവണം വിമോചിതര്‍ എന്ന വാഗര്‍ത്ഥത്താല്‍ നിറകുടം തീര്‍ക്കേണ്ടതും.

ഇതിനിടയില്‍, പരാമര്‍ശത്തിനു് അവകാശം കെട്ടുപോവുന്നരില്‍ പ്രധാനികള്‍ ആത്മഹത്യക്കാരാണു്‌. സ്വച്ഛന്ദമൃത്യുകാരകര്‍, അവര്‍. കാരണം, അവര്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കടുത്ത അതിര്‍രേഖ ചമയ്ക്കാത്തവര്‍.

വീണ്ടും..., ഇതിനിടയില്‍ അവര്‍ എവിടെ നില്ക്കുമെന്നു്‌?

അവര്‍ ഏകരോ ഐക്യമത്യമുള്ളവരോ ദൈവസംഖ്യാനുപാതികളോ ആനുകൂല്യരോ ആയിരിയ്ക്കുകയില്ല എന്നും തോന്നാം.

അവര്‍ ദൈവ'ഗണം പോലുമെന്നും ഓര്‍മ്മിപ്പിച്ചു കൂടേ? അവര്‍ ദൈവം തന്നെ എന്നും? വ്യാഖ്യാനം തന്നെയെന്നും; വ്യാഖ്യാതാവ്‌ തന്നെയെന്നും; കേട്ടും വായിച്ചും നീങ്ങിയ നീ തന്നെയെന്നും?

Subscribe Tharjani |