തര്‍ജ്ജനി

വര്‍ത്തമാനം

കവിതയില്‍ നിന്നും കവിത എടുക്കുന്ന വിധം

മാങ്ങോട്ട് കൃഷ്ണകുമാര്‍
ജന്മദേശം ഗുരുവയൂരിനടുത്ത് ഒരുമനയൂര്‍. തൊഴിലുകൊണ്ടദ്ദേഹമൊരു വക്കീലാണ്. എറണാകുളത്തെ ഹൈക്കോടതിയാണ് ഉപജീവനരംഗം. എന്നാല്‍ തന്റെ ഒന്നാം പ്രണയം കവിതയത്രേ. കൃഷ്ണകുമാര്‍ പക്ഷേ കവിതയെഴുതിയതായി ആരും പറഞ്ഞുകേട്ടിട്ടില്ല. അനുരാഗത്തിന്റെ തീവ്രനിമിഷങ്ങളില്‍ ഹൃദയത്തിന്റെ ചുഴികളില്‍ സ്വയം നിയന്ത്രിക്കാനാവാതെ ആണ്ടുപോകുമ്പോള്‍ അതീവരഹസ്യമായി എഴുതുന്നുണ്ടാവുമോ എന്തോ?

എഴുത്തച്ഛന്‍ മുതല്‍ റഫീക്ക് അഹമ്മദ് വരെയുള്ള കവികളുടെ രചനകള്‍ സുഹൃദ്സദസ്സുകളിലും ഔപചാരികവേദികളിലും കൃഷ്ണകുമാര്‍ നന്നെ ചതുരമായി അവതരിപ്പിക്കും. അതിനായി അദ്ദേഹം ദീര്‍ഘദൂരം സന്തോഷത്തോടെ സഞ്ചരിക്കും. കവിതയുടെ ആന്തരാര്‍ത്ഥങ്ങള്‍ കവിയുടെ മനോനിലയുടെ വെളിച്ചത്തില്‍ ചുഴിഞ്ഞെടുത്ത് പരിശോധിക്കാനും അദ്ദേഹത്തിന് സാമര്‍ത്ഥ്യമേറെയാണ്. മിക്കപ്പോഴും അതൊക്കെ സ്വകാര്യസംഭഷണങ്ങളില്‍ ഒതുങ്ങിപ്പോകുന്നു എന്നുമാത്രം. കവിതകൂടാതെ വേറെ നിരവധി താത്പര്യങ്ങളുമുണ്ട് ഈ തീര്‍ത്ഥാടകന്റെ ഭാണ്ഡത്തില്‍. വേദാന്തം, സാഹിത്യത്തിന്റെ ഇതരമേഖലകള്‍, സഞ്ചാരതൃഷ്ണ, സംഗീതം... ഇവയേക്കാളൊക്കെ കനപ്പെട്ടതായി കലാസാംസ്കാരികരംഗങ്ങളിലെ പ്രഗത്ഭരുമായുള്ള ചങ്ങാത്തത്തിന്റെ വലിയൊരു സഞ്ചയം.

ഈയിടെ കൃഷ്ണകുമാര്‍ ആലപിച്ച കവിതകളുടെ ഒരു ജോടി സി ഡി തയ്യാറാക്കുകയുണ്ടായി. അതേതുടര്‍ന്ന് അദ്ദേഹം കവിതയെപ്പറ്റി ചിലതു പറയുന്നു.

? താങ്കള്‍ക്ക് കവിതയിലും അതിന്റെ ആലാപനത്തിലും ഉള്ള താത്പര്യത്തിന്റെ ചരിത്രം ഒന്നു വിശദീകരിക്കാമോ?

= ജീവിതത്തെക്കുറിച്ചും കലകളെക്കുറിച്ചുമുള്ള ആദ്യപാഠങ്ങള്‍ എനിക്കു പറഞ്ഞു തന്നത് എന്റെ അമ്മ തന്നെയാണ്. മലയാളസാഹിത്യത്തിലെ പ്രശസ്തമായ പലകൃതികളും അവര്‍ക്കു പരിചയമുണ്ടായിരുന്നു. വീട്ടില്‍, അത്താഴത്തിനു ശേഷം നടത്താറുള്ള കുടുംബസദസ്സുകളില്‍ അമ്മ ഒരു വിധം ഭംഗിയായി കവിതകള്‍ ചൊല്ലുകയും നാടകങ്ങള്‍ തന്മയത്വത്തോടെ ഉറക്കെ വായിക്കുകയും ചെയ്യുമായിരുന്നു. ഈണത്തില്‍ ചൊല്ലാനുള്ളതാണ് കവിതകള്‍ എന്നു ഞാന്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. എന്റെ നാട്ടുകാരനും കുടുംബസുഹൃത്തുമായ കണ്ണമാട്ടില്‍ ദാമോദരന്‍ നായരാണ് മറ്റൊരു മാര്‍ഗദര്‍ശി. പില്‍ക്കാലത്ത് എം ജി രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍ മുതലായ പ്രശസ്തവ്യക്തികളുടെ കാവ്യാലാപനരീതികളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

? മലയാളത്തില്‍ എതു് കവികളോടൊക്കെയാണ് പ്രത്യേകമായി കമ്പമുള്ളത്? അതിന് വിശദീകരിക്കാവുന്ന കാരണങ്ങള്‍ വല്ലതുമുണ്ടോ?

= ഇടശ്ശേരി ഗോവിന്ദന്‍ നായരാണ് എന്റെ ആത്മകവി.


ഇടശ്ശേരി

ജീവിതത്തെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും ദര്‍ശിച്ച അപൂര്‍വജനുസ്സില്‍പ്പെട്ട ഈ കവി ജീവിതത്തെ മനസ്സിലാക്കുന്നതിനും സ്നേഹിക്കുന്നതിനും എന്നെ വലരെയേറെ സഹായിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ റഫീക് അഹമ്മദും വിജയലക്ഷ്മിയും എന്നെ ഏറെ ആകര്‍ഷിച്ച കവികളാണ്. ഇവരുടെ കവിതകളിലെ ജീവിതദര്‍ശനത്തിലെ പ്രത്യേകതകളും കാവ്യബിംബങ്ങളുടെ അപൂര്‍വതകളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ വാക്ക് മറ്റൊരു സാധാരണവാക്കുമായി ചേര്‍ത്തിണക്കുമ്പോള്‍ ഉണ്ടാകുന്ന പുതിയ അര്‍ത്ഥതലങ്ങളുടെ ചൈതന്യമാണ് ഈ കവിതകളെ പ്രത്യേകമാക്കുന്നത്.

? അപ്രശസ്തരായ പല കവികളുടെയും കവിതകള്‍ അവ പ്രത്യക്ഷപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ശേഖരിച്ച് ആലപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഈ കവിതകള്‍ താങ്കളെ ആകര്‍ഷിക്കുന്നത്? അവയുടെ അര്‍ത്ഥസമ്പുഷ്ടതകൊണ്ടാണോ? അവയില്‍ വിന്യസിതമായ ബിംബങ്ങളുടെ ചാരുതകൊണ്ടാണോ? അതോ ഈണത്തില്‍ ചൊല്ലുന്നതിനുള്ള സൌകര്യം കൊണ്ടു മാത്രമാണോ?

= ഈണത്തില്‍ ചൊല്ലാനുള്ള സൌകര്യം കൊണ്ടുമാത്രം ഒരു കവിതയും ഞാന്‍ ഇഷ്ടപ്പെടാറില്ല.അര്‍ത്ഥസമ്പുഷ്ടതയും കാവ്യബിംബചാരുതയും തന്നെയാണ് എന്നെ ആകര്‍ഷിക്കുന്നത്. കവിതകള്‍ പ്രശസ്തരുടെതായാലും അപ്രശസ്തരുടെതായാലും ഞന്‍ വായിക്കാറുണ്ട്. കവിതയില്‍ എന്തെങ്കിലും പുതിയ കാവ്യബിംബങ്ങളുണ്ടെങ്കില്‍ അതെഴുതിയ കവിയുടെ പുതുരചനകളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങുന്നു.

? പലകവികളുടെയും അര്‍ത്ഥം താങ്കള്‍ വിശദീകരിക്കുമ്പോള്‍ സാധാരണ നിരൂപകര്‍ ഇറങ്ങിച്ചെല്ലാത്ത ആഴങ്ങളില്‍ താങ്കളെത്തുന്നതായി തോന്നിയിട്ടുണ്ട്. ബാല്യകൌമാരങ്ങളില്‍ താങ്കള്‍ക്ക് ലഭിച്ചിരിക്കാവുന്ന കാവ്യശിക്ഷണം അതിനു സഹായിക്കുന്നുണ്ടാവാം. താങ്കളുടെ കാവ്യാസ്വാദനരീതി ലളിതമായി ഒന്നു പറഞ്ഞു തരാമോ?

= സാധാരണ നിരൂപകര്‍ക്ക് എത്താന്‍ പറ്റാത്ത ആഴങ്ങളില്‍ ഞാനെത്തുന്നു എന്നു പറയുന്നത് മുഴുവന്‍ ശരിയല്ല. മറ്റൊരാള്‍ എഴുതിയ കവിത എന്റെ രീതിയില്‍ (ചിലപ്പോള്‍ എന്റെ കവിതയായി) ആണ് ഞാന്‍ വായിക്കുന്നത്. ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണല്ലോ ഈ ആശയം എന്ന് കണ്ടെത്തുമ്പോള്‍ കവിമനസ്സുമായി എളുപ്പത്തില്‍ സംവദിക്കുന്നു. എല്ലാ നല്ല വായനക്കാരും അങ്ങനെയായിരിക്കുമെന്നാണ് തോന്നുന്നത്. ജീവിതത്തെ എന്നപോലെ കവിതയെയും നാം പല കോണുകളിലൂടെയാണല്ലോ നോക്കിക്കാണുന്നത്. കാണപ്പെടുന്ന ദൃശ്യങ്ങളേക്കാള്‍ കാണുന്നവന്റെ മനസ്സാണ് ദൃശ്യങ്ങളുടെ ഭംഗിയും അഭംഗിയും പ്രസക്തിയും അപ്രസക്തിയും വിലയിരുത്തുക.

കവികള്‍ ആശയപ്രകാശനത്തിനു തെരെഞ്ഞെടുക്കുന്ന വാക്കുകളുടെ നാനാര്‍ത്ഥങ്ങളും അവ മനസ്സിലുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും ചിത്രങ്ങളും കവിതകളെ ആഴത്തില്‍ പഠിക്കാന്‍ എന്നെ സഹായിക്കാറുണ്ട്. അങ്ങനെ ഞാനെത്തിച്ചേരുന്ന അര്‍ത്ഥകല്പനകള്‍ ഒരു പക്ഷേ കവി ലക്ഷ്യമാക്കുന്നില്ലെങ്കില്‍ പോലും ആസ്വാദകന്‍ എന്ന നിലയില്‍ എനിക്കതിനു സ്വാതന്ത്ര്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ആരംഭത്തില്‍ കാണുന്ന “ഹിമശിഖരിസുത’ “ഗംഗാധരന്‍’ എന്നീ പെരുകള്‍ വായിക്കുമ്പോള്‍ കുമാരസംഭവവും ഭഗീരഥന്റെ കഥയുമാണ് എന്റെ മനസ്സില്‍ നിറയുന്നത്. ഹിമവാന്റെ പുത്രിയായ പാര്‍വതി അനുഷ്ഠിച്ച ഘോരതപസ്സും ഗംഗയെ ഭൂമിയിലെത്തിക്കാന്‍ ഭഗീരഥന്‍ ചെയ്ത കഠിനപ്രയത്നവും സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളാണിവ. സുന്ദരകാണ്ഡത്തില്‍ ഉടനെ വര്‍ണ്ണിക്കാന്‍ പോകുന്ന ഹനൂമാന്റെ സമുദ്രലംഘനവും ഇവയെപ്പോലെ ദുഷ്കരമായ ഒരു പ്രവൃത്തിയാണ്. അത്തരമൊരു മഹായത്നത്തെക്കുറിച്ചുള്ള വര്‍ണ്ണനയ്ക്കു് നാന്ദി കുറിക്കുകകൂടിയാണ് ഈ പദങ്ങള്‍ പ്രയോഗിക്കുക വഴി എഴുത്തച്ഛന്‍ സാധിച്ചത്.

റഫീക് അഹമ്മദിന്റെ ‘ശിവകാമി’ എന്ന കവിതാശീര്‍ഷകം വെറുമൊരു തമിഴത്തിപ്പേരുമാത്രമല്ല.


റഫീക് അഹമ്മദ്

“മൂന്നു തൈപ്പൊങ്കല്‍ വിശപ്പുണ്ടായവളെങ്കിലും" ഇപ്പോഴും “ശിവ’ത്തെ (ശുഭത്തെ, ഭാഗ്യത്തെ) കാമിക്കുന്നവളായ ഒരു പാവം പെണ്‍കുട്ടിയുടെ സംജ്ഞാനാമവുമായാണ് ആ ശീര്‍ഷകത്തെ ഞാന്‍ മനസ്സിലാക്കുന്നത്. തൃശ്ശിവപേരൂര്‍ നടക്കാവില്‍ അവളെത്തിയത് യാദൃച്ഛികമായിരിക്കാം. എന്നാല്‍ ഈ ശിവശബ്ദങ്ങളും നഗരദൃശ്യങ്ങളും മനസ്സില്‍ മുഴക്കുന്നത് മനുഷ്യമനസ്സുകളിലെ നിര്‍ദ്ദയമായ സ്നേഹരാഹിത്യത്തിന്റെ ഘണ്ടാരവങ്ങളാണ്. കവിതാസ്വാദനം പാലില്‍ നിന്ന് വെണ്ണയെടുക്കുമ്പോലെയാണ്. നല്ലപാല്‍, നല്ലപോലെ കാച്ചിക്കുറുക്കി, നല്ലപോലെ ഉറയൊഴിച്ച്, നല്ലവണ്ണം കടഞ്ഞെടുത്താലേ നല്ല വെണ്ണ കിട്ടൂ. വല്ലപ്പോഴും മാത്രമാണ് എനിക്ക് വെണ്ണ കിട്ടുന്നത്. അതുതന്നെ ഭാഗ്യമായി ഞാന്‍ കരുതും.

Subscribe Tharjani |