തര്‍ജ്ജനി

മുഖമൊഴി

എങ്കില്‍ ഇനി കേരള സാഹിത്യ അക്കാദമിയും അടച്ചുപൂട്ടാം.

മുഖമൊഴി

എന്താണ് കേരളസര്‍ക്കാരിന്റെ ഭാഷാനയം? സാഹിത്യകലാദികളെക്കുറിച്ചു് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന നയം എന്തായിരിക്കും? സര്‍ക്കാര്‍ നയത്തിന്റെ നിയന്ത്രണത്തിലല്ല കലാസാഹിത്യാദികള്‍ എന്ന വസ്തുത മറന്നുകൊണ്ടല്ല ഈ ചോദ്യം ഉന്നയിക്കുന്നതു്. ഈ ചോദ്യം പ്രസക്തമാകുന്ന ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം തെളിഞ്ഞു വന്നിരിക്കുന്നു. കേരളത്തിലെ ചില നേതാക്കന്മാര്‍ മന്ത്രിമാരായതിനെത്തുടര്‍ന്നു് കവിതകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ടു്. മുമ്പൊരു മന്ത്രി നോവലെഴുതുകയും ഒരു രസികന്‍ അതു് സിനിമയാക്കാന്‍ പുറപ്പെടുകയും ചെയ്തിരുന്നു. കവിതയുടെ നിലവാരം വിലയിരുത്താന്‍ ഞങ്ങള്‍ മുതിരുന്നില്ല. വാമൊഴിവഴക്കത്തോടൊപ്പം നിര്‍വ്വഹിക്കപ്പെടുന്ന ഇത്തരം വരമൊഴിസാഹസികതയുടെ പേരില്‍ ഇവര്‍ അനശ്വതര കൈവരിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നു് ആശംസിക്കട്ടെ. മറ്റെല്ലാ പരിഗണനയും മാറ്റിവെച്ചു് ഇവരിലൊരാളെ കേരളത്തിന്റെ ആസ്ഥാനകവിയായി അവരോധിക്കപ്പെട്ടുവെന്നും വരാം. എന്നാല്‍ ഇതിനൊക്കെ സമാന്തരമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, ഭാഷാപഠനം, സാഹിത്യം എന്നിവയെക്കുറിച്ചു് സ്വന്തം നിലയ്ക്കു് ചില അഭിപ്രായങ്ങള്‍ സ്വരൂപിച്ചു് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടു്. തര്‍ജ്ജനിയുടെ കഴിഞ്ഞ ലക്കം മുഖമൊഴി അതേക്കുറിച്ചായിരുന്നു. സര്‍വ്വകലാശാലാവിദ്യാഭ്യാസത്തില്‍ നിന്നും ഭാഷയേയും സാഹിത്യത്തേയും പടിയടച്ചു് പുറത്താക്കുന്ന ആ മഹാവിപ്ലവം നടപ്പാക്കാന്‍ കേരളത്തിലെ കോളേജ് അദ്ധ്യാപകരെ വിളിച്ചു് സര്‍വ്വകലാശാലകള്‍ തോറും ശില്പശാല നടത്തിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശരേഖ അടിസ്ഥാനമാക്കി സിലബസ് നിര്‍മ്മിക്കുകയായിരുന്നു ഈ ശില്പശാലകളില്‍ നടന്ന പ്രവര്‍ത്തനം. സാധാരണനിലയില്‍ സര്‍വ്വകലാശാലകളുടെ പഠനബോര്‍ഡ് ചെയ്യുന്ന ഈ പ്രവര്‍ത്തനം, തികച്ചും അസാധാരണമായ നിലയില്‍ നിര്‍വ്വഹിക്കപ്പെടുന്നതു് എന്തുകൊണ്ടാണു്?

പാഠ്യപദ്ധതി കലോചിതമായി പരിഷ്കരിക്കണം എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ തന്നെ സമ്മതിക്കുന്നവരാണു് കേരളീയര്‍. അത്രത്തോളം ഭ്രമം പരിഷ്കാരത്തിന്റെ കാര്യത്തില്‍ നമ്മുക്കുണ്ടു്. ഇംഗ്ലീഷിനെ ഫങ്ഷനല്‍ ഇംഗ്ലീഷ് എന്നു് പേരു മാറ്റി വിളിച്ചാല്‍ പരിഷ്കരിക്കലായി.(ഒട്ടും ഫങ്ഷനലല്ലാത്ത ഭാഷയായ ഇംഗ്ലീഷിനെ ഇങ്ങനെ അവര്‍ ഫങ്ഷനലാക്കുന്നു!) ബി. എഡ് എന്ന ബിരുദത്തെ ബാച്ചിലര്‍ ഓഫ് എജുക്കേഷനല്‍ ടെനോളജി എന്നു വിളിക്കുന്നതു് മറ്റൊരു പരിഷ്കാരം. മലയാളം, ഹിന്ദി ബി.എ ബിരുദങ്ങളെ ബി.ടെക്‍ മലയാളം, ബി.ടെക്‍ ഹിന്ദി എന്നു പേരുമാറ്റി തൊഴിലധിഷ്ഠിതമാക്കിക്കൂടെ എന്നൊരു രസികന്‍ ചോദിച്ചതു് പരിഷ്കരണങ്ങളുടെ പരിഹാസ്യത കണ്ടു സഹിക്കവയ്യാതായപ്പോഴാണു്. അന്തസ്സാരശൂന്യമായ പരിഷ്കാരഭ്രമമുള്ള ഒരു സമൂഹത്തിന്റെ അജ്ഞത മുതലെടുത്തു് നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ ന്യായീകരിക്കാന്‍ നടക്കുക എന്ന പണി പാര്‍ട്ടിക്കാരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകസംഘടനയുടേതാണു്. ഏതു് പ്രതിലോമാശയത്തേയും നിര്‍ല്ലജ്ജം പിന്തുണച്ചും ന്യായീകരിച്ചും കാലയാപനം ചെയ്യുന്ന ഈ സംഘങ്ങള്‍ കടുത്ത സാമൂഹികവിപത്താണെന്നു് പറയാതിരിക്കാനാവില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ കൈക്കൂലികൊടുത്തു് ജോലിവാങ്ങിയ ആദര്‍ശധീരന്മാര്‍ മുതല്‍ ശുപാര്‍ശ കൊണ്ടു് യോഗ്യതയുള്ളവരെ മറികടന്നു് ജോലിനേടി സമര്‍ത്ഥരായവരും ചേരുന്ന ഈ ന്യായീകരണസംഘം വാസ്തവത്തില്‍ ഗുണഭോക്തൃസംഘമാണു്. പൊതുജീവിതത്തിലെ ജീര്‍ണ്ണതകള്‍ സ്വന്തം വളര്‍ച്ചയുടെ വളമാക്കി വളര്‍ന്നുപടരുന്ന ഈ ഗുണഭോക്തൃസംഘം പ്രസരിപ്പിക്കുന്ന വിധേയത്വത്തിന്റെ സംസ്കാരമാണു് സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ കാറ്റില്‍ പറത്തുന്ന ശില്പശാലകള്‍ സാദ്ധ്യമാക്കിയതു്. തനിക്കു് അര്‍ഹമല്ലാത്തതും മറ്റൊരാള്‍ ചെയ്യേണ്ടതുമായ ജോലി നീതിബോധത്തിന്റെ അലോസരമില്ലാതെ ഏറ്റെടുത്തു് ചെയ്യുന്നവര്‍, ലോകം മുടിഞ്ഞാലും സ്വന്തം കാര്യം ഭദ്രമാവണം എന്നു മാത്രം കണക്കാക്കുന്നവര്‍ തന്നെ.

പരിഷ്കാരഭ്രമം മാത്രമല്ല വിദ്യാഭ്യാസത്തെക്കുറിച്ചു് ആഴം കുറഞ്ഞ ധാരണകളുള്ള സമൂഹമാണു് നമ്മുടേതു്. പഠിക്കേണ്ടതു് ഒന്നുകില്‍ മെഡിസിന്‍, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് എന്ന കാഴ്ചപ്പാടുള്ള സമൂഹമാണിതു്. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ദന്തവൈദ്യമോ ആയുര്‍വ്വേദമോ കൃഷിശാസ്ത്രമോ മൃഗപരിചരണമോ പഠിക്കാം. പഠനവിഷയത്തോടുള്ള പ്രതിപത്തിയല്ല ഇത്തരം തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ഏറ്റവും കുറഞ്ഞ അദ്ധ്വാനം കൊണ്ടു് എങ്ങനെ സമ്പന്നനാകാം എന്ന ആലോചനയാണു്. ഭാഷ പഠിക്കുന്നെങ്കില്‍ എന്തിനു് മലയാളം പഠിക്കണം, ഹിന്ദിയോ സിറിയാക്കോ പഠിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്കു് കിട്ടും. ഇങ്ങനെ എഴുപ്പവഴിയില്‍ ക്രിയചെയ്യുന്നവരുടെ ലോകബോധമാണു് ജനസാമാന്യം പഠനത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതു്. സ്വാശ്രയമെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഡോക്ടറായി വന്നാല്‍ പഠനത്തിനു് മുടക്കിയ കാശ് മുതലാക്കാന്‍ സാധാരണനിലയില്‍ കിട്ടാവുന്ന ശമ്പളം വെച്ചു് കണക്കുകൂട്ടിയാല്‍ എത്ര വര്‍ഷം വേണ്ടിവരും? അപ്പോള്‍ പെട്ടെന്നു് കാശുണ്ടാക്കി കടം വീട്ടാന്‍ ചികിത്സയല്ലാത്ത മാര്‍ഗ്ഗം തന്നെ പിന്തുടരേണ്ടിവരും. കൂണുപോലെ മുളച്ചു പൊന്തുന്ന ഹൈടെക്‍ ആശുപത്രികള്‍ പുതിയ ബിസിനസ്സ് മോഡല്‍ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. ഇത്തരം ഒരു സാഹചര്യം കൂടി ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ പരിഷ്കാരനിര്‍ദ്ദേശത്തിനു് പശ്ചാത്തലമായുണ്ടു്. പ്രായോഗികതയില്‍ ഊന്നിയുള്ള ഒരു വിദ്യാഭ്യാസസമീപനം !!

ഇവിടെ പ്രായോഗികതയെന്നാല്‍ ആശയങ്ങള്‍ക്കും ചിന്തയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും സ്ഥാനമില്ലാത്ത എന്തോ ഒന്നാണെന്നു് മനസ്സിലാക്കാന്‍ സഹായിക്കുന്നു ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍. പരമ്പരാഗതമായി നമ്മുടെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബിരുദപാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്ന പാര്‍ട്ട് ഒന്നു്, രണ്ടു് ഭാഷകളുടെ ഉള്ളടക്കത്തില്‍ വരുത്തിയ പരിഷ്കരണത്തെക്കുറിച്ചു് കഴിഞ്ഞ ലക്കത്തിന്റെ മുഖമൊഴിയില്‍ പ്രതിപാദിച്ചിരുന്നുവല്ലോ. നിര്‍ബ്ബന്ധിതഭാഷയായി എല്ലാ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് പഠിക്കണം, മറ്റൊരു ഭാഷ തെരഞ്ഞടുടത്ത് പഠിക്കാം. അതു് മലയാളമോ ഹിന്ദിയോ തമിഴോ അറബിക്കോ എന്തിനു് സിറിയാക്കോ ആവാം. കേരളത്തിലെ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥി മലയാളം പഠിക്കാതെ തന്നെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന നിലയിലുള്ള പഴയ ക്രമീകരണം, അവിടെ തന്നെ രണ്ടാം ഭാഷയായി മാത്രം മലയാളം പരിഗണിക്കപ്പെടുന്ന അവസ്ഥ എന്നിവയെക്കുറിച്ചു് വിലപിക്കുക മലയാളവാരത്തെ ഒരു അനുഷ്ഠാനമായി നാം ഇപ്പോഴും ആചരിച്ചു വരുന്നുണ്ടു്. ഇത്തവണ മലയാളവാരം ഭാഷാകമ്പ്യൂട്ടിംഗ് വാരമായതിനാല്‍ സാംസ്കാരികനായകന്മാരുടെ പതിവു് പരിദേവനത്തിനു് വേദിയില്ലാതെ പോയിട്ടുണ്ടു്. പരിഷ്കരണത്തിന്റെ ഭാഗമായി രണ്ടാം ഭാഷ എന്ന അവസ്ഥയില്‍ നിന്നു് ഒന്നാം ഭാഷയായി മലയാളം ഉയര്‍ത്തപ്പെട്ടില്ല എന്നതോ പോകട്ടെ, മലയാളത്തിന്റെ ഉള്ളടക്കം അപ്പാടെ എടുത്തു കളയുകയും ചെയ്തിരിക്കുന്നു. ഇതു് മലയാളത്തിന്റെ കാര്യത്തില്‍ മാത്രം സംഭവിച്ചതല്ല. ഇംഗ്ലീഷിന്റേയും ഹിന്ദിയുടേയും ഉള്ളടക്കം ഇതുപോലെ തന്നെ അട്ടിമറിക്കപ്പെട്ടു. എന്നാല്‍ അദ്ധ്യാപകര്‍ ആശങ്കപ്പെടേണ്ടതില്ല, ഒരാള്‍ക്കും പണി നഷ്ടപ്പെടില്ല എന്ന ഉറപ്പു് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും ഉണ്ടായി. അദ്ധ്യാപകര്‍ക്കു് ഇങ്ങനെ തൊഴിലുറപ്പു് പദ്ധതികൂടി ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പരിഷ്കാരമാണു് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ചും സാഹിത്യ അക്കാദമിയെക്കുറിച്ചും ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതു്.

ഭാഷ എന്നാല്‍ ആശയവിനിമയത്തിന്റെ ഉപാധിമാത്രമാണു് എന്ന കാഴ്ചപ്പാടിലേക്കുള്ള പറിച്ചു നടലാണു് പുതിയ പരിഷ്കാരത്തിന്റെ കാതല്‍. നേരത്തെ സാഹിത്യകൃതികള്‍ പഠിപ്പിക്കുന്നതിലൂടെ ഒരു ഭാഷാസമൂഹത്തിന്റെ ആശയരൂപീകരണചരിത്രവും സര്‍ഗ്ഗാത്മകജീവിതവും സര്‍വ്വകലാശാലാ പാഠ്യപദ്ധതികള്‍ കൈകാര്യം ചെയ്തിരുന്നു. പൊടുന്നനവേ അതെല്ലാം അപ്രസക്തമാകത്തക്കവണ്ണം എന്താണു് ഇവിടെ സംഭവിച്ചതു്? നമ്മുടെ സര്‍വ്വകലാശാലകളെല്ലാം കേരളത്തിന്റെ ഭാഷ, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യവുമായി സ്ഥാപിക്കപ്പെട്ടവയാണു്. കാര്‍ഷികസര്‍വ്വകലാശാലയും സാങ്കേതികസര്‍വ്വകലാശാലയും മാത്രമാണു് ഇതിനു് അപവാദം. പ്രഖ്യാപിതലക്ഷ്യം നേടുന്നതിനായി ഈ സ്ഥാപനങ്ങള്‍ എന്തു പ്രവത്തനം നടത്തിയെന്നതു് അന്വേഷിക്കേണ്ടതാണു്. ആ ലക്ഷ്യം അതിന്റെ പാരമ്യത്തില്‍ സര്‍വ്വകലാശാലകള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞുവെന്നതിനാലായിരിക്കുമോ ഇപ്പോള്‍ ഈ ചുവടുമാറ്റം? ഭാഷാപോഷണം എന്ന ഏകലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണു് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷയും സാഹിത്യവുമാണു് കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനമണ്ഡലം. ഒരു പക്ഷേ ഈ സ്ഥാപനങ്ങളെല്ലാം ഇക്കഴിഞ്ഞ കാലയളവില്‍ ലക്ഷ്യപൂര്‍ത്തിയിലെത്തിയിരിക്കുമോ? കേരളത്തിലും പുറത്തും ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന മലയാളികള്‍ പക്ഷെ ഇക്കാര്യം അറിഞ്ഞിട്ടില്ല. സ്വന്തം ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനാലായിരിക്കണം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സാഹിത്യഅക്കാദമി ചെയ്തു പോന്ന അവാര്‍ഡ് ദാനം അനുകരിച്ചു തുടങ്ങിയിട്ടുണ്ടു്. ഇനി ഇവിടെ വേണ്ടതു് അവാര്‍ഡ് കിട്ടാത്തവര്‍ക്കെല്ലാം അവാര്‍ഡ് നല്കുക എന്നതായിരിക്കും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ കാര്യപരിപാടി.

സര്‍ക്കാര്‍ നിയമിച്ച ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള നയം രൂപീകരിക്കുന്നതില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സാഹിത്യ അക്കാദമിയുടേയും അഭിപ്രായം ആരായുകയോ അവരുമായി ആശയവിനമയം നടത്തുകയോ ചെയ്യേണ്ടതാണു്. ഇവയെല്ലാം സര്‍ക്കാര്‍ നയം നടപ്പിലാക്കാനുള്ള സംവിധാനം എന്ന നിലയില്‍ പരസ്പരവിരുദ്ധമായ നയപരിപാടികള്‍ നടപ്പിലാക്കുന്നതു് ഉചിതമല്ല. അതിനാല്‍ ഞങ്ങള്‍ കരുതുന്നതു് സാഹിത്യം, ചിന്ത, ആശയരൂപീകരണം എന്നിവയെല്ലാം അപ്രസക്തമായിക്കഴിഞ്ഞു എന്ന നിലപാടും അതിന്റെ അടിസ്ഥാനത്തിലുള്ള നയപരിപാടികളുമാണു് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളതു് എന്നാണു്. അല്ലെങ്കില്‍ ഇതിനകം പൊതുചര്‍ച്ചയില്‍ വന്നു കഴിഞ്ഞ ഈ പ്രശ്നങ്ങളില്‍ അക്കാദമിയോ ഇന്‍സ്റ്റിറ്റിയൂട്ടോ ഒരു അഭിപ്രായം പറയുകയെങ്കിലും ചെയ്യുമായിരുന്നല്ലോ? ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ നിലപാടുകളോടു് ഈ സ്ഥാപനങ്ങള്‍ യോജിക്കുന്നുവെന്നാണെങ്കില്‍ ഇനിയെന്താണു് ഇവയുടെ പ്രസക്തി? എന്തിനാണു് ഇനി ഈ സ്ഥാപനങ്ങള്‍? അവയെല്ലാം എത്രയും വേഗം അടച്ചു പൂട്ടുക തന്നെ വേണം.

Subscribe Tharjani |
Submitted by പി.പി.രാജേഷ് (not verified) on Mon, 2009-04-06 11:03.

സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്ന ഇടതുപക്ഷക്കാരും അവരുടെ അദ്ധ്യാപകസംഘടനയും ചേര്‍ന്നാണു് പഠനബോര്‍ഡിനെ മറികടക്കുകയും നോക്കുകുത്തിയാക്കുകയും ചെയ്തതു് എന്നതു് ശ്രദ്ധേയമാണു്.

നയവും നടപ്പും പല വഴിക്കു്. നല്ല ഇടതുപക്ഷം!!!

Submitted by cjgeorge (not verified) on Mon, 2009-04-06 13:37.

ഉന്നതവിദ്യാഭ്യാസകൌണ്സില്‍ ജനകീയജനാധിപത്യരീതിയി‍‍‍‍ല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസാസൂത്രണപരിപാടിയെ സാഹിത്യ അക്കാദമി എന്തിനെതിര്ക്കണം? നീയെരിച്ചതിന്‍ ശേഷമാണല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടം എന്നല്ലേ അവര്‍ ചിന്തിക്കേണ്ടതു്. സാഹിത്യഅക്കാദമിയുടെ ദൌത്യം ഭരണകൂടദാസ്യമാണെന്നു മാത്രമല്ല, സാഹിത്യരചന തന്നെയും ദാസ്യവൃത്തിയാണെന്നു ധരിച്ച മഹാത്മാക്കളാണല്ലോ അവിടങ്ങളില്‍ ഇരുന്നരുളുന്നതു്. അവരെ വെറുതെ വിടുക.

Submitted by santhosh hk (not verified) on Sat, 2009-04-11 12:12.

ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാഷകളെ കേന്ദ്രീകരിച്ച് പല തലങ്ങളിലായി പലവിധ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞു. പല പ്രതികരണങ്ങളിലും അവ്യക്തമായ നിലപാടുകളാണ് കാണാന്‍ കഴിയുന്നത്.ഒരു സംവാദം രൂപപ്പെടുമ്പോള്‍ ഇത്തരം കലക്കങ്ങള്‍ സ്വാഭാവികമാണെങ്കിലും ആകെ കലക്കി ആരെയെങ്കിലും ചെളിവാരിയെറിഞ്ഞും സ്വയം ചൊറിഞ്ഞും സുഖിക്കുന്ന പ്രവണതയിലേക്ക് വളരെ പ്രധാനമായ ഇത്തരം സാമൂഹ്യ സംവാദങ്ങളെ കൊണ്ടെത്തിക്കുന്നത് വിവാദവ്യവസായികള്‍ക്കു മാത്രം ഗുണപ്രദമാകുന്ന ഒരേര്‍പ്പാടായിത്തീരും.മാധ്യമങ്ങളിലെ സംവാദപരിപാടികളുടെ ഉന്നമല്ലല്ലോ ഇത്തരം സാമൂഹ്യ സംവാദങ്ങള്‍ക്കുള്ളത്.
.ഇതിനകം നിലവില്‍ വന്ന ഈ സംവാദത്തിനകത്ത് നാലു പ്രശ്നങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുന്നതായികാണുന്നു. ഇവ വേര്‍തിരിച്ചെടുത്ത് വിശകലനം ചെയ്ത് ഓരോരുത്തരും തങ്ങളുടെ നിലപാടുകള്‍ ഉറപ്പിക്കുന്നത് ഒരു സാമൂഹ്യമുന്നേറ്റത്തിലേക്കു തന്നെ എത്തിക്കേണ്ട ഈ സംവാദത്തിന്റെ ശരിയായ വികാസത്തിന് സഹായിക്കും എന്നു തോന്നുന്നു.

പ്രശ്നം-ഒന്ന്. ബിരുദതലത്തില്‍ ഏതെങ്കിലും പൊതു വിഷയങ്ങള്‍ പഠിക്കണമോ അതോ അതതു വിഷയങ്ങളിലെ സവിശേഷ പഠനം മാത്രം മതിയോ എന്ന പ്രശ്നം.

പ്രശ്നം-രണ്ട്- പൊതു വിഷയങ്ങള്‍ ആകാമെങ്കില്‍ അത് ഭാഷാകേന്ദ്രിതമാകണമോ (ഇന്നത്തെ പോലെ പാര്‍ട്ട് 1 ഇംഗ്ളീഷ്, പാര്‍ട്ട്- രണ്ട് മലയാളമടക്കമുള്ള ഏതെങ്കിലും ഭാഷാവിഷയങ്ങള്‍ എന്ന രീതിയിയില്‍) ഭാഷ എന്നു നിഷ്കര്‍ഷയില്ലാത്ത പൊതുവിഷയങ്ങള്‍ മതിയോ എന്ന രണ്ടാം പ്രശ്നം.

പ്രശ്നം- മൂന്ന്- ഈ പൊതുപഠനം ഭാഷാവിഷയങ്ങള്‍ തന്നെയാകണം എന്നാണെങ്കില്‍ അതു അതതു ഭാഷാ സാഹിത്യങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനമാകണമോ അതൊ സാഹിത്യമടക്കമൂള്ള അതതു ഭാഷകളുടെ വിവിധ വ്യവഹാരരൂപങ്ങളെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന സാഹിത്യ പഠനത്തിന് ഇന്നുള്ള പ്രാമുഖ്യം കുറച്ചു കൊണ്ടുള്ള പഠനമാകണമോ എന്ന പ്രശ്നം.

പ്രശ്നം- നാല് നിലവിലുള്ള പാര്‍ട്ട്1,പാര്‍ട്ട്2 സംവിധാനം തന്നെയാണ് തുടരേണ്ടതെങ്കില്‍ മലയാളം എല്ലാ ബിരുദവിദ്യാര്‍ത്ഥികളും പഠിക്കേണ്ട ഒന്നാം ഭാഷയാക്കി മാറ്റണോ അതോ നിലവിലുള്ളതു പോലെ ഇംഗ്ളീഷിനെ ഒന്നാം ഭാഷയാക്കിയും മലയാളത്തെ വിവിധഭാഷകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന രണ്ടാം ഭാഷയാക്കിയും നിലനിര്‍ത്തിയാല്‍ മതിയോ എന്ന ഒടുക്കത്തെ പ്രശ്നം.

ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ആമുഖം എന്ന നിലയില്‍ മറ്റൊരു സുപ്രധാന പ്രശ്നത്തിലും വ്യക്തത വരുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.

ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സമൂഹത്തിലെ വിദ്യാഭ്യാസ-ഭാഷാ നയങ്ങളും അതനുസരിച്ചുള്ള ആസൂത്രണങ്ങളും രൂപപ്പെടുത്തേണ്ടത് ആരാണ്?

1. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനഭരണകൂടങ്ങളും വിവിധ ഭരണ വകുപ്പുകളും ഭരണകൂടം നിര്‍ദ്ദേശിച്ച നിശ്ചിത ഏജന്‍സികളും?

2. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ (സംസ്ഥാന ഭരണകൂടങ്ങളടക്കം നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ) വിവിധ അക്കാദമികള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയവ?

3. കേന്ദ്ര ഭരണകൂടവും വിവിധ ഭരണ വകുപ്പുകളും ഭരണകൂടം നിര്‍ദ്ദേശിച്ച നിശ്ചിത ഏജന്‍സികളും?.(യു.ജിസി., എന്‍.സി.ആര്‍.ടി, ഐ.സി.എച്ച്.ആര്‍ അടക്കമുള്ള വിവിധ കൌണ്‍സിലുകള്‍ തുടങ്ങിയവ)

4. ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനയുക്തികളെ പിന്‍പറ്റി ഏതെങ്കിലും ദേശരാഷ്ട്രാതീതമായ അന്താരാഷ്ട്ര ഏജന്‍സികള്‍?

5. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധസംഘങ്ങള്‍? (അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ ഭാഷാ വിചക്ഷണര്‍,എന്‍.ജി.ഓ.കള്‍)

6. അതോ പൊതുസമൂഹത്തെ മുഴുവന്‍ പങ്കാളികളാക്കുന്ന പൊതുതിരഞ്ഞെടുപ്പും അഭിപ്രായ വോട്ടെടുപ്പും പോലുളള ജനാധിപത്യസംവിധാനങ്ങള്‍?

ഈ മേഖലകളില്‍ പൊതുനിലപാടുകള്‍ രൂപീകരിക്കുന്നതിനായി ഉപരി ചര്‍ച്ചകള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നു.

മേല്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ഞാനെത്തിചേര്‍ന്നിരിക്കുന്നതും പുനരാലോചയ്ക്ക് വിധേയമായതുമായ തല്‍ക്കാല ധാരണകളെ അത്ര ചുരുക്കത്തിലല്ലാതെ വിസ്തരിക്കേണ്ടതിനാല്‍ കൈയൊഴിവുള്ള തൊട്ടടുത്ത അവസരത്തിലേക്ക് മാറ്റിവെയ്ക്കുന്നു.

ഈ വിഷയത്തില്‍ ഏതായാലും പ്രശ്നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് ഭാവു.ക
ങ്ങളോടെ
h.k. santhosh
http//hksanthosh.blogspot.com

Submitted by Prabhakaran (not verified) on Sun, 2009-04-12 00:17.

മൂന്നു അദ്ധ്യാപകര്‍ ഇറങ്ങിപ്പോന്ന തൃശ്ശൂര്‍ പാഠ്യപദ്ധതിപരിഷ്കരണശില്പശാലയിലെ ആദ്യന്തപങ്കാളികൂടിയാണ് എന്ന വസ്തുത കൂടി എച്ച്. കെ. സന്തോഷ് ഇതിനോടൊപ്പം പറയണമായിരുന്നു.

മാത്രമല്ല, പി.ഗീത തന്റെ സഹപ്രവര്‍ത്തകയാണെന്നും ഓര്‍ക്കണമായിരുന്നു!

ഇതിനകം ഉയര്‍ന്നു വന്ന സംവാദത്തെ ശരിയായ രീതിയില്‍ സംഗ്രഹിക്കാനല്ല, തെറ്റിദ്ധരിപ്പിക്കാനാണ് താങ്കളുടെ ശ്രമം എന്ന് സംവാദത്തെ പിന്തുടര്‍ന്നവര്‍ക്കെല്ലാം, ഏറ്റവും ചുരുങ്ങിയത്, ചിന്ത.കോം ലേഖനങ്ങളും മുഖക്കുറിപ്പും വായിച്ചവര്‍ക്ക് മനസ്സിലാകും.

കയ്യൊഴിവ് എപ്പഴാണാവോ ഉണ്ടാവുക എന്ന് അറിയിച്ചാല്‍ ബാക്കി പറയാം.

Submitted by ഡോ.മഹേഷ് മംഗലാട്ട് (not verified) on Sun, 2009-04-12 13:00.

പല പ്രതികരണങ്ങളിലും അവ്യക്തതയാണ് കാണുന്നതു് എന്നു് പറഞ്ഞ് വ്യക്തതവരുത്താനായി എച്ച്.കെ.സന്തോഷ് നിര്‍ദ്ദേശിക്കുന്ന നാല് പ്രശ്നങ്ങള്‍ വാസ്തവത്തില്‍ ചര്‍ച്ചയ്ക്കു് വ്യക്തത വരുത്തുമെന്നു കരുതുക വയ്യ. അതിനാല്‍ പകരം ഇങ്ങനെ നാല് പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നു്. നിലവിലുള്ള പാഠ്യപദ്ധതി ഇപ്പോള്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന വിധത്തില്‍ പരിഷ്കരിക്കണമെന്നു് നിശ്ചയിച്ചതിന്റെ അടിസ്ഥാനം എന്തു്?

പാര്‍ട്ടിവിധേയത്വം, തന്‍കാര്യസാദ്ധ്യമുണ്ടാവുകയാണെങ്കില്‍ എന്തിനും കൂട്ടുകൂടല്‍ എന്നിങ്ങനെയുള്ള സ്വഭാവഗുണങ്ങളുള്ളവരെ വിളിച്ചുകൂട്ടി നടത്തിയ ശില്പശാലകള്‍ ഈ ചോദ്യം ഉന്നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

രണ്ടു്. പരിഷ്കരണത്തിന് അവലംബിച്ച സമീപനം രൂപപ്പെടുത്തിയതു് ഏതു് അടിസ്ഥാനത്തിലാണു്.

യുജിസി നിര്‍ദ്ദേശമാണെന്നും അതല്ല ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ മാര്‍ഗ്ഗരേഖയാണ് എന്നെല്ലാം വാദിക്കുന്നുണ്ടല്ലോ. ശില്പശാലകള്‍ അഭിപ്രായസമന്വയത്തിനാണെന്നും സിലബസ്സുണ്ടാക്കാനല്ല എന്നും വാദിക്കപ്പെടുന്നുണ്ടു്. അതിനാല്‍ ആര്‍,ഏത് അടിസ്ഥാനത്തിലുണ്ടാക്കിയ സമീപനം എന്നതു് വ്യക്തതയുണ്ടാവേണ്ട കാര്യമാണു്.

മുന്നു്. കാലോചിതമായ പരിഷ്കരണം ഭാഷാപാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാലേ സാധിക്കൂ എന്നുണ്ടോ?

പാര്‍ട്ട് ഒന്നു്,രണ്ടു് എന്നിവയില്‍ പരിഷ്കരണക്കാര്‍ നടത്തിയ ഇടപെടലാണ് വിമര്‍ശനവിധേയമായതു്. വിമര്‍ശനം ക്ഷണിച്ചു വരുത്തിയ ഈ പരിഷ്കരണം അത്രത്തോളം അനുപേക്ഷണീയമായതാണോ?

നാലു്. ഒട്ടും സുതാര്യമല്ലാതെയും ജനാധിപത്യവിരുദ്ധവുമായാണോ പരിഷ്കരണങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതു്.

ഈ ആക്ഷേപം വളരെ പ്രധാനപ്പെട്ടതാണു്. തൃശ്ശൂരില്‍ മാത്രം, അവിടെത്തന്നെ മലയാളത്തില്‍ മാത്രം, അതും മൂന്നു് പേര്‍ മാത്രവുമാണു് പ്രതിഷേധിച്ചതു്. ബാക്കി വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ എല്ലായിടത്തും വിനീതരായി നടപ്പിലാക്കിയതാണല്ലോ പരിഷ്കരണത്തിന്റെ പരിപാടികള്‍. താങ്കള്‍ ഉള്‍പ്പെടെ അതില്‍ ഉണ്ടായിരുന്നല്ലോ. ഇപ്പോള്‍ നാടൊട്ടുക്കും മലയാളവേദികള്‍ രൂപീകരിച്ചു് വിനീതവിധേയര്‍ പലരും വിപ്ലവകാരികളാവുന്നുണ്ടു് എന്നതു് വേറെ തമാശ.

ഇക്കാര്യങ്ങളില്‍ സന്തോഷിനു് വ്യക്തതയുണ്ടായാല്‍ ബാക്കി ചര്‍ച്ച എളുപ്പമാവും.

Submitted by santhosh hk (not verified) on Sun, 2009-04-12 15:54.

ക്ഷമിക്കണം പ്രഭാകരാ,

എന്തില്‍ പങ്കെടുക്കുമ്പോഴും ഒരു ആദിയും അന്തവുമൊക്കെ ഉണ്ടാവുക എന്നത് ഒരു ശീലമായിപ്പോയി.. അതൊരു കുറ്റമാണോ?

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം നടപ്പിലാക്കാനുദ്ദേശിച്ച് നിര്‍ദ്ദേശിക്കപെട്ടിട്ടുള്ള ബിരുദതലപാഠ്യപദ്ധതി പുനസംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് സര്‍വ്വകലാശാലയിലെ വിവിധ മലയാളം കോഴ്സുകളുടെ സിലബസ്സ് നിര്‍ണ്ണയിക്കാന്‍ മലയാളം ബോര്‍ഡ് ഓഫ് സ്റഡീസ് സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ശില്പശാലയില്‍ സര്‍വകലാശാലാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോളേജിലെ മലയാളം മാഷെന്ന നിലയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അത് ഏതുവിധമുള്ള പങ്കാളിത്തമായിരുന്നെന്ന് മറ്റേതെങ്കിലും ആദ്യന്തക്കാരോ രണ്ടരദിവസത്തെ പങ്കാളികളോ പറയുന്നതാണ് ശരി. കാരണം അടുത്തു നിന്നുള്ള കാഴ്ച അതിശയമുണ്ടാക്കുമെന്നും വല്ലാതെ അടുപ്പിച്ചാല്‍ ഹാസ്യം ജനിപ്പിക്കുമെന്നും വിവരമുള്ള ആരോ പറഞ്ഞു പോയി. തൃശ്ശുര്‍ പാഠ്യപദ്ധതി ശില്പശാലയിലെ ചര്‍ച്ചകളുടെ ഉളളടക്കം മറ്റേതെങ്കിലുംആദ്യന്തക്കാരോ (അവര്‍ക്ക് ഈ ‘ജനാധിപത്യ സംവാദ’ത്തില്‍ മൈക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ടെങ്കില്‍) ആദിമധ്യക്കാരോ സംഗ്രഹിക്കുന്നത് (അവരവരവരുരടെ സംഗ്രഹണ യുക്തകള്‍ക്ക് അനുസരിച്ച്) നന്നായിരിക്കും എന്നു തോന്നുന്നു. (അവിടെ ‘ഉയര്‍ന്നു വന്ന സംവാദത്തെ ശരിയായ രീതിയില് സംഗ്രഹിക്കാനല്ല, തെറ്റിദ്ധരിപ്പിക്കാനാണ് താങ്കളുടെ ശ്രമം ‘എന്ന് ഇനിയും എനിക്കെതിരെ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു പ്രഭാകരവാക്യമെങ്കിലും അസ്ഥാനത്താക്കിയതില്‍ സന്തോഷിക്കട്ടെയോ)

‘മാത്രമല്ല, പി.ഗീത തന്റെ സഹപ്രവര്‍ത്തകയാണെന്നും ഓര്‍ക്കണമായിരുന്നു’ എന്ന ‘എന്നെ ശരിക്കും പരിചയപ്പെടുത്തിയുള്ള രണ്ടാമത്തെ പരാമര്‍ശം’ എന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു സാര്‍ !!!!
അതിനിവിടെന്താണു പ്രസക്തി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. ജോര്‍ജ്ജും സോമനും എന്റെ പ്രിയ സുഹൃത്തുക്കളു മാണെന്നു കൂടെ ഓര്‍മ്മപ്പെടുത്താമായിരുന്നു. ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരുതരത്തിലുള്ള ഇടങ്ങറും നാളിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നാണ് എന്റെഉത്തമവിശ്വാസം. സാമാന്യ ഗൌരവമെങ്കിലും പുലര്‍ത്തേണ്ട ഇത്തരം സംവാദങ്ങളില്‍ സീരിയലുകളിലെ കുടുംബകലഹങ്ങള്‍ക്കു പാകമായ ഇജ്ജാതി ഡയലോഗകളെങ്കിലും വര്‍ജജിക്കേണ്ടതല്ലേ?
ഹയര്‍എഡുക്കേഷന്‍ കൌണ്‍സിലിന്റെ ബിരുദ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട മൂന്നൂ സംവാദങ്ങള്‍ സംഘടിപ്പിച്ച ആളെന്ന നിലയിലും (ഒന്ന് ഗ്രേഡിങ്ങിനെ ക്കുറിച്ച്, രണ്ട് വിദ്യാഭ്യാസനയരേഖയെക്കുറിച്ച്, മൂന്ന് ബിരുദതല മലയാളപഠനത്തെക്കുറിച്ച് )- ഈ മൂന്നുപരിപാടികളും കേരളത്തില്‍ അത്തരത്തില്‍ ആദ്യമായിരുന്നു എന്നും അതെല്ലാം വിമര്‍ശനാത്മക ഉള്ളടക്കത്തോടു കൂടിയതായിരുന്നു എന്നുമുള്ള എന്റെ വിചാരത്തെ ഇതില്‍ ഏതെങ്കിലും ഒരു പരിപാടിയിലെങ്കിലും പങ്കെടുത്ത ഈ പറയുന്നവരാര്‍ക്കെങ്കിലും ഉറപ്പിക്കാവുന്നതോ റദ്ദ് ചെയ്യാവുന്നതോ ആണ്. അല്ലെങ്കില്‍ ഇതിന്റെ പൂര്‍ണ്ണമായ വീഡിയോ ദൃശ്യങ്ങള്‍ താങ്കള്‍ നിശ്ചയിക്കുന്ന ഏതു കോടതിയിലും ഹാജരാക്കിക്കോളാം സാര്‍

ഹയര്‍എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ പലവിധ നിലപാടുകള്‍ക്കുമെതിരെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കേരളത്തിലെ സാംസ്കാരികപ്രര്‍ത്തകരും അദ്ധ്യാപകരും അവരുടെ സംഘടനകളുമടക്കം പലരും വിവിധ തലങ്ങളില്‍ നടത്തിയ ആശയസമരങ്ങളുടെ ഗുണഫലമാണ് കൌണ്‍സില്‍ അതിന്റെ ആദ്യകാലനിലപാടുകളില്‍ നിന്ന് പലഘട്ടങ്ങളിലായി പിറകോട്ടു പോയത് എന്നു മനസ്സിലാക്കാനാണ് എന്റെ വിവേകം എന്നെ പ്രേരിപ്പിക്കുന്നത്. പവിത്രനും ഗീതട്ടീച്ചറും മനോജും സോമനുമൊക്കെ പലതലങ്ങളില്‍ നടത്തുന്ന അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും രീതിയില്‍ ഗൌരവതരവും ലക്ഷ്യബോധത്തോടുകൂടിയതും പലതലങ്ങളില്‍ കണ്ണിചേര്‍ക്കപ്പടുന്നതുമാണ്.
ഏതായാലും ഈ പരമ്പരയില്‍ കണ്ണിയാകാന്‍ ലഭിച്ച അവസരങ്ങളൊക്കെ ഞാനടക്കമുള്ള ഓരോരുത്തരും ഉപയോഗിച്ചതെങ്ങനെ എന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ.
പ്രധാനമായും കൌണ്‍സിലിനെതിരെ ഞാന്‍ ഉന്നയിച്ചിരുന്ന ഒരു പ്രശ്നം നിലവിലിരിക്കുന്ന സംവിധാനത്തെ ഏതെങ്കിലും തരത്തില്‍ കൌണ്‍സില്‍ വസ്തുനിഷ്ഠമായി വിലയിരുത്തിട്ടില് എന്നതായിരുന്നു. ഏത് സിസ്റം റിഫോര്‍മേഷനും നിലവിലിരിക്കുന്ന സിസ്റത്തിന്റെ ഇവാല്വേഷനിലൂടെ മാത്രമേ ആരംഭിക്കാവൂ എന്നാണെന്റെ നിലപാട്.
അതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചാറു വര്‍ഷമായി നിലവിലിരിക്കുന്ന പി.ജി.സെമസ്ററര്‍ സമ്പ്രദായത്തെ അതിനുമുമ്പു നിലവിലിരുന്ന ഇയര്‍ സമ്പ്രദായവുമായി താരതമ്യപ്പെടുത്തി വിലയിരുത്താന്‍ സഹായിക്കുന്ന ഒരു സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളില്‍ ചിലര്‍ എന്നു കൂടി പറയട്ടെ .
‘സംവാദങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന വിചിത്രപ്രയോഗത്തിന്’ നന്ദി.
ആശയസംവാദങ്ങളെയും സമരങ്ങളെയും വ്യക്തിപരമായി മാററുന്നതിനോട് എനിക്ക്പ്രതിപത്തിയില്ല. അതിനാല്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ (അതാര് ഉന്നയിക്കുന്നതായാലും) അന്തസ്സുള്ള ചര്‍ച്ചയാവാം.
അതല്ല കൊഞ്ഞനം കുത്തിക്കളിക്കാനാണ് പരിപാടിയെങ്കില്‍
അതിന്റെ പ്രായമൊക്കെ കഴിഞ്ഞില്ലേ മാഷേ?

Submitted by പ്രഭാകരന്‍ (not verified) on Sun, 2009-04-12 21:47.

ഒന്നും വ്യക്തമാകുന്നില്ല. എച്ച്.കെ,സന്തോഷിനും ഹയര്‍ എജുക്കേഷന്‍ കൌണ്‍സിലിനോടും അവരുടെ പരിപാടികളോടും വിയോജിപ്പാണ് എന്നു പറഞ്ഞതു പോലെ തോന്നി. കൌണ്‍സില്‍ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതില്‍ ആദ്യന്തക്കാരനായിരുന്നുവെന്നും, ഇതു പോലെ വേറെയും പരിപാടി നടത്തിയെന്നും പറയുന്നുവല്ലോ. വിയോജിപ്പുള്ളവര്‍ ഇങ്ങനെയാണാവോ പെരുമാറുക? ഇവര്‍ ഏത് നാട്ടുകാര്‍? ഒന്നും മനസ്സിലാകുന്നില്ല. എണ്ണിപ്പറയല്‍ നിറുത്തിയെന്നു മാത്രമാണ് മനസ്സിലായത്.

Submitted by A. Pradeepkumar (not verified) on Tue, 2009-04-14 12:13.

പ്രഭാകരന്‍മാഷേ,
നിങ്ങളെല്ലാവരും പങ്കെടുത്ത ശില്പശാലയില്‍വെച്ചല്ലേ ഈ പരിഷ്കാരം രൂപപ്പെട്ടത്. വിയോജനങ്ങള്‍ അവിടെ ഉന്നയിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നു. അവിടെ പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടാവാം മൂന്നുപേര്‍ ഇറങ്ങിപ്പോയത്. മറ്റുള്ളവര്‍ ഉറങ്ങിപ്പോയോ. ഒരു ചെറിയ സദസ്സില്‍ പരിഹരിക്കാമായിരുന്ന ഒരുവിഷയവുമായി ഇനി നാം കേരളം മുഴുവന്‍ നടക്കണ്ടേ. നിങ്ങളുടെ ശില്പശാലകളില്‍ ജനാധിപത്യമില്ലാത്തതുകൊണ്ടാണോ അവിടെ ഒന്നും ചെയ്യാന്‍ കഴിയാതെപോയത്. ചര്‍ച്ചകളില്‍ വ്യക്തിഹത്യകളൊഴിവാക്കി വസ്തുതകളിലേക്കു വരേണ്ടതുണ്ട്. എല്ലാവരെക്കുറിച്ചുമാണ് പറഞ്ഞത്.

Submitted by പ്രഭാകരന്‍ (not verified) on Tue, 2009-04-14 13:03.

ഞാന്‍ മാഷല്ല, ഒളിപ്പേരില്‍ മറഞ്ഞിരിക്കുന്ന പത്രപ്രവര്‍ത്തകനാകുന്നു.
പ്രദീപ്കുമാര്‍ മനസ്സിലാക്കിയതു പോലെ, ശില്പശാലയില്‍ നിന്ന് പരിഷ്കരണം ഉണ്ടായതല്ല. ഉന്നതവിദ്യാഭാസകൌണ്‍സില്‍ എല്ലാ സര്‍വ്വകലാശാലകളിലും പരിഷ്കരണം ഇറക്കുമതി ചെയ്യുകയായിരുന്നു. ആ ഉല്പന്നം വിപണനം ചെയ്യാന്‍ പാവം അദ്ധ്യാപകരെ പ്രേരിപ്പിക്കുന്നതും അവരാണ് ഇതിന്റെ ഉത്തരവാദികള്‍ എന്ന് ധരിപ്പിക്കാന്‍ ആസൂത്രണം ചെയ്തതുമായ പരിപാടികളായിരുന്നു ശില്പശാലകള്‍. സാധാരണനിലയില്‍ ബോഡ് ഓഫ് സ്റ്റഡീസിന്റെ നാലയലത്തു വരാന്‍ ഇടകിട്ടാത്തവരെ വിളിച്ചിരുത്തി ബോഡിന്റെ പണിയെടുപ്പിക്കുമ്പോള്‍ അവര്‍ അവരുടെ അദ്ധ്യാപകസഹജമായ മൌഢ്യം കാരണം ഒരു ആലോചനയുമില്ലാതെ വഴങ്ങിക്കൊടുത്തു. അങ്ങനെ വഴങ്ങിക്കൊടുക്കും എന്നറിയാന്‍ വലിയ ജ്ഞാനമൊന്നും ആവശ്യമില്ല. പാര്‍ട്ടി നിര്‍ദ്ദേശം സര്‍വ്വീസ് സംഘടനകളിലൂടെ നടപ്പിലാക്കുന്ന രീതി നിലനില്ക്കുന്ന കേരളത്തിന്റെ രീതിയനുസരിച്ച് വളരെ എളുപ്പമാണ് കാര്യങ്ങള്‍.
അവിടെ നിന്ന് ഇറങ്ങിപ്പോന്നവരാണ് ചുണക്കുട്ടികള്‍. അങ്ങനെ ഒരു പത്ത് മാഷുമ്മാര്‍ ഉണ്ടായാല്‍ മതി. അങ്ങനെ പത്തുപേരെ കിട്ടാനില്ല എന്നതാണ് പ്രശ്നം.