തര്‍ജ്ജനി

എന്‍. രേണുക

ലക്ഷ്മി നിവാസ്‌
കരിങ്ങാംതുരുത്ത്‌
കൊങ്ങോര്‍പ്പിള്ളി. പി.ഒ
ഏറണാകുളം. 683525

ഇ മെയ്‌ല്‍: renu9renu@gmail.com

Visit Home Page ...

സംഗീതം

നല്ലവനായ കാട്ടാളന്‍

"ശ്രുതിയുടെ താളത്തിനു ചുറ്റും പറന്നു നടക്കുന്ന ഇയ്യാംപാറ്റകാളാണ്‌ നാം. അതിന്റെ കേന്ദ്രബിന്ദുവിലോ പൂര്‍ണ്ണതയിലോ എത്താന്‍ ഒരിക്കലും സാദ്ധ്യമല്ല. അവിടെയെത്താന്‍ കഴിഞ്ഞാല്‍ ആ നിമിഷം നാം മരിച്ചു പോകും. കാരണം ഒരു മനുഷ്യജീവിക്കും അത്തരം ആനന്ദലഹരി രസിക്കാനുള്ള കെല്പില്ല." ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതത്തിലെ കുലപതികളില്‍ ഒരാളായ ഉസ്താദ്‌ അമീര്‍ഖാന്റെ ഈ വാക്കുകള്‍ സംഗീതപ്രേമിയെ സംബന്ധിച്ചു് വാസ്തവമാണു്‌.


ഉസ്താദ്‌ അമീര്‍ഖാന്‍

സംസ്കാരഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാഗങ്ങളെ വിശകലനം ചെയ്യേണ്ടിവരുന്ന സംഗീതനിരൂപകന്‍ ആസ്വാദനത്തിന്റെ കേവലാനന്ദങ്ങളെ മറികടന്നേ മതിയാകൂ. സ്വയംപൂര്‍ണ്ണമായ സൌന്ദര്യസങ്കല്പങ്ങള്‍ മാഞ്ഞുപോകുന്ന സാംസ്കാരികാന്തരീക്ഷത്തിലാണു് എക്കാലവും കലകള്‍ക്കു ജീവിതമുള്ളതു്‌. കാഴ്ചയുടെയും കേള്‍വിയുടെയും വായനയുടെയും രാജവീഥികള്‍ തകര്‍ന്നു്, വിവിധ വൈജ്ഞാനികമേഖലകളുടെ കലര്‍പ്പുള്ള പുതിയ ആസ്വാദനഭാഷ രൂപപ്പെടുന്ന കാലം കൂടിയാണിതു്‌. കാരണം പൂര്‍ണ്ണമായും ടെക്‍നോളജിയുടെ നിയന്ത്രണത്തിലാണു് ലോകസംഗീതം ഇന്നു് നിലനില്ക്കുന്നതു്‌. ഏതെങ്കിലും ഒരു ഈണമോ ശബ്ദമോ കേള്‍ക്കുക എന്ന സംഗീതബോധം മാറി സൌണ്ട്‌ എഞ്ചിനീയര്‍മാരുടെ സാങ്കേതികബുദ്ധിയാണു് സംഗീതത്തെ നിയന്ത്രിക്കുന്നതു്‌. ശബ്ദത്തിന്റെ ഭൌതികസാദ്ധ്യതകള്‍ അത്രകണ്ടു് വികസിച്ചിരിക്കുന്നു. എന്നാല്‍ 1980കളില്‍ സംസ്കാരപഠന (cultural study)ത്തിന്റെ ഭാഗമായി ലോകത്തെമ്പാടും പടര്‍ന്ന new musicology എന്ന സങ്കല്പനം കേരളത്തിലെ ജനകീയസംഗീതനിരൂപണങ്ങളിലും ശാസ്ത്രീയസംഗീതനിരൂപണങ്ങളിലും ഏതുരീതിയില്‍ ഉപയോഗിക്കപ്പെട്ടുവെന്നതു് പ്രധാനപ്പെട്ട വിഷയമാണു്‌.

വ്യക്തിനിഷ്ഠമായ ശൈലിയെക്കുറിച്ചുള്ള കാല്പനികവും ജീവചരിത്രപരവുമായ നിരൂപണത്തില്‍ നിന്നും ഒരു musical formന്റെ ഘടനയെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാന്‍ ജനപ്രിയസംഗീതനിരൂപണം ശ്രമിക്കുന്നില്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്‌. വ്യക്തിചരിത്രങ്ങളെ സാംസ്കാരികചരിത്രവുമായി ബന്ധപ്പെടുത്താതെ അനുഭൂതിതലത്തില്‍ മാത്രം വിലയിരുത്തുന്ന പ്രവണതയാണു് സംഗീതനിരൂപണങ്ങളില്‍ നിലനില്ക്കുന്നതു്‌. ഓസ്കാര്‍ അവാര്‍ഡിനുശേഷം എ.ആര്‍.റഹ്മാനെയും അദ്ദേഹത്തിന്റെ സാങ്കേതികവൈദഗ്ദ്ധ്യത്തേയും കുറിച്ചു് മലയാളം ജേര്‍ണലുകളില്‍ വന്ന ലേഖനങ്ങളിലെല്ലാം ഇളയരാജ ഒരു നിശബ്ദസാന്നിദ്ധ്യമായിരുന്നു. റഹ്മാന്‍ വിഭാവനം ചെയ്യുന്ന മ്യൂസിക്കല്‍ ട്രെന്റില്‍ നിന്നും ഇളയരാജയ്ക്കു ലഭിക്കാതെ പോയ അവാര്‍ഡിനെക്കുറിച്ചു് പരിതപിച്ചും നവമുതലാളിത്തത്തിന്റേയും ആഗോളവത്ക്കരണത്തിന്റെയും തന്ത്രമാണു് റഹ്മാന്റെ മ്യൂസിക്കില്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്ഥാപിച്ചെടുക്കുന്ന തികച്ചും ബാലിശവും വൈയക്തികവുമായ ഇത്തരം വാദമുഖങ്ങള്‍ കേരളത്തിലെ മ്യൂസിക്കോളജിയുടെ അപര്യാപ്തതകളിലേക്കാണു് വഴിചൂണ്ടുന്നതു്‌.

ഓരോ കാഴ്ചയിലും കേള്‍വിയിലും വിവിധങ്ങളായ ലോകബോധങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ടു്‌. ഇവയെ സ്വാംശീകരിക്കുമ്പോള്‍ മാത്രമാണു് സംഗീതശൈലികളും പഠനങ്ങളും തമ്മില്‍ ജൈവബന്ധം (Organic relation) ഉണ്ടാകുന്നതു്‌. സംസ്കൃതിയുടെ വിഭിന്നങ്ങളായ അടരുകളില്‍ ഒന്നായ ശാസ്ത്രീയസംഗീതം എങ്ങനെ ജീവിതത്തിന്റെ ആഴപ്പരപ്പുകളിലേക്കു വഴിപിരിയുന്നുവെന്ന അന്വേഷണം ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ ഘടനയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല.

കാരണം ഏതുതരം സംഗീതവും കേള്‍വിയുടെ അഖണ്ഡമായ അനുഭൂതിയായി പരിണമിക്കുന്നതിന്റെ അടിത്തട്ടില്‍ സ്വരങ്ങളുടെ കാലഗണനകളും ഭാവസംക്രമണങ്ങളുമടങ്ങിയിട്ടുണ്ടു്. ഈ ഗണിതാത്മക (mathematical) പ്രക്രിയയെ ശാസ്ത്രീയമായി സമീപിക്കുക എന്നതിലൂടെ മാത്രമാണു് മ്യൂസിക്കോളജി എന്ന ജ്ഞാനശാഖ സാര്‍ത്ഥകമാകുന്നതു്‌. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാംസ്കാരികചരിത്രത്തെ ശാസ്ത്രീയമായും സൌന്ദര്യാത്മകമായും വിശകലനം ചെയ്യുന്ന ഡോ.മധു വാസുദേവന്റെ "സംഗീതാര്‍ത്ഥമു" എന്ന കൃതി new musicologyയുടെ ഭാഗമായിത്തീരുന്നു. ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തിന്റെ ബഹുവിധമായ മേഖലകളെ ഇതരവിജ്ഞാനശാഖകളുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ലേഖനങ്ങളില്‍ ആസ്വാദനപക്ഷത്തിന്റെ വിധിതീര്‍പ്പുകളോടു് അനുഭാവപൂര്‍ണ്ണമായ സമീപനമാണു് സ്വീകരിച്ചുകാണുന്നതു്‌.

"കേവലീകരണം കൊണ്ടും നിരര്‍ത്ഥകതകൊണ്ടും നിശ്ശബ്ദതകൊണ്ടും വര്‍ത്തമാനത്തെ സൃഷ്ടിക്കുകയാല്‍ അതൊരിക്കലും ഭാവിയെ കാണുന്നില്ല. ഇപ്പോള്‍ നാം ഒരു സമൂഹത്തെ അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ടെന്നതില്‍കവിഞ്ഞു് അതിന്റെ ശബ്ദങ്ങളും കലകളും ഉത്സവങ്ങളും കൊണ്ടു് വിലയിരുത്താന്‍ പഠിക്കണം. ആളുകളുടെ വിഡ്ഢിത്തവും കണക്കുകൂട്ടലുകളും നമ്മെ എവിടെയാണു് കൊണ്ടെത്തിക്കുന്നതെന്നും എന്തെല്ലാം പ്രത്യാശകളാണു് നാമിനിയും കൈവരിക്കാനിരിക്കുന്നതെന്നും ശബ്ദത്തെ ശ്രദ്ധിക്കുന്നതിലൂടെ നമുക്കറിയാന്‍ കഴിയും."


ഡോ.ടി.പി.സുകുമാരന്‍

എന്നിങ്ങനെ ടി.പി.സുകുമാരന്‍ ഴാക്ക് അത്താളി എന്ന ഫ്രഞ്ച്‌ നിരൂപകന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു് സംഗീതത്തിന്റെ ബഹുതലസ്പര്‍ശിയായ സ്വഭാവത്തെ കുറിച്ചു് സൂചിപ്പിക്കുന്നുണ്ടു്‌. ഉദാഹരണമായി ജനപ്രിയസംഗീതനിരൂപണങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ആഢ്യതയുടെ ശബ്ദമെന്ന നിലയില്‍ വളരെ ഏകതാനമായരീതിയിലാണു് ക്ലാസ്സിക്കല്‍ സംഗീതപദ്ധതി വിലയിരുത്തപ്പെടുന്നതു്‌. ദക്ഷിണേന്ത്യന്‍ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുമ്പോഴും കര്‍ണ്ണാടകസംഗീതത്തിന്റെ ഉത്പത്തി ദിവ്യപരിവേഷങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നതാണു് ഇതിന്റെ പ്രധാനകാരണം. വംശാവലിചരിതങ്ങളുടനീളം മേല്‍ക്കോയ്മകളുടെ മുദ്രകള്‍ വീണുകിടക്കുന്നുണ്ടു്‌. അതിഭൌതികതയുടെ മേലങ്കിയണിഞ്ഞു് കലാചരിത്രം നാം ജീവിക്കുന്ന സംസ്കാരത്തില്‍ എങ്ങനെ ഇടപെടുന്നു, എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നുവെന്നതാണു് പ്രധാനം. അതിനു് സംഗീതചരിത്രത്തിലെ അതീതബോധമുള്ള സാംസ്കാരികയുക്തിയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന അഴിവുള്ള സംഗീതനിരൂപണം വളരേണ്ടിയിരിക്കുന്നു.


ഴാക്ക് അത്താളി

ഒരു സംഗീതപദ്ധതിയെ ചൂഴ്ന്നുനില്ക്കുന്ന മേല്‍ക്കോയ്മകള്‍ അപനിര്‍മ്മിക്കപ്പെടേണ്ടതാണെന്ന ബോദ്ധ്യം വരുന്ന കാലത്താണു് കലയില്‍ ജനാധിപത്യം ഉണ്ടാകുന്നതു്‌. ദറീദ പറയുന്ന Presence of metaphysics എന്ന ഘടകം സംഗീതം ഐച്ഛികവിഷയമായുള്ള അക്കാദമികളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതും അപ്പോള്‍ മാത്രമാണു്‌. സ്ത്രീശബ്ദങ്ങള്‍ക്കും ചില ഉപകരണവാദ്യങ്ങള്‍ക്കും ഇടം നിഷേധിക്കപ്പെട്ടിരുന്ന നവരാത്രി മണ്ഡപത്തിലെ ഫാസിസ്റ്റ്‌ പ്രവണതകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഡോ.മധു വാസുദേവന്റെ ലേഖനങ്ങള്‍ ജനപദങ്ങളിലേക്കു് സംക്രമിക്കുന്ന സംഗീതശൈലികളെയും ഘടനയെയും ഓര്‍മ്മിപ്പിക്കുന്നു. കേള്‍വിയുടെ ഗൂഢാനന്ദങ്ങളെ മറികടന്നു് സംഗീതനിരൂപണം സാംസ്കാരികവിമര്‍ശനത്തിന്റെ ഭാഗമായി മാറുന്നതു് ഇങ്ങനെയാണു്.

സംഗീതനിരൂപണം ഇരട്ടവേഷങ്ങളുടെ അരങ്ങാണു്‌. സാങ്കേതികകൃത്യതകളേയും ഭാവവിസ്തൃതികളേയും ഉചിതമായ അനുപാതത്തില്‍ യോജിപ്പിച്ചുകൊണ്ടു് ഭാവുകത്വത്തിന്റെ (sensibility) ഏകതാനാവസ്ഥകളെ മറികടക്കുന്ന "നല്ലവനായ കാട്ടാള"സ്വത്വം (identity of noble savage) സംഗീതനിരൂപകര്‍ ആര്‍ജ്ജിക്കേണ്ടതുണ്ടു്‌. അപ്പോള്‍ മാത്രമാണു് ശാസ്ത്രീയസംഗീതാഭിരുചികളില്‍ സര്‍ഗ്ഗാത്മകമായ വ്യതിയാനം സാദ്ധ്യമാകുന്നതു്‌.

Subscribe Tharjani |
Submitted by sudhakarankp (not verified) on Mon, 2009-06-08 13:07.

സം ഗീതത്തിലെ വിഭിന്നാടരുകളില്‍ ഒന്നുമാത്രമായ,ശാസ്ത്രീയസം ഗീതത്തിന്
ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ മുന്നേറുവാന്‍കഴിഞ്ഞതും ,മറ്റെല്ലാപദ്ധതികളേയും
ഇതിലൂടെ കാണാന്‍തുടങ്ങുന്നതിന്റെ പിന്നിലും ,ജാതിക്കുകൈയിലേ..?