തര്‍ജ്ജനി

സമരം

"ഇന്‍ങ്ക്വിലാബ്‌ സിന്ദാബാദ്‌, സിന്ദാബാദ്‌ സിന്ദാബാദ്‌
തോറ്റിട്ടില്ല തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല..."

ഓഫീസിലേയ്ക്കു പോകുവാന്‍ രാവിലെ ബസ്സു കാത്തു നില്‍ക്കുന്നതിനിടയിലാണ്‌ ദിഗന്തങ്ങള്‍ പൊട്ടുമാറ്‌ മുദ്രാവാക്യം വിളിയുയര്‍ന്നത്‌. തിരക്കിനിടയിലൂടെ നോക്കുമ്പോള്‍ ഒരു ചെങ്കൊടിയും ഒരു ആള്‍ക്കൂട്ടവും തെരുവിനെ കയ്യടക്കുന്നത്‌ അയാള്‍ കണ്ടു.

"തോറ്റിട്ടുമില്ല ജയിച്ചിട്ടുമില്ല. ജീവിക്കാന്‍ സമ്മതിക്കയുമില്ല..."
അവള്‍ അക്ഷമയായി. ബഹളങ്ങള്‍ക്കിടയില്‍ അവളുടെ വാക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തു.
"ഇനി ഇപ്പോഴെങ്ങും വണ്ടി കിട്ടുമെന്നു പ്രതീക്ഷിക്കണ്ട."

ഉടലാകെ രോമങ്ങള്‍ ആവേശഭരിതരായി എഴുന്നു നില്‍ക്കുമ്പോള്‍, അയാളവള്‍ പറഞ്ഞത്‌ കേട്ടില്ലെന്നു നടിച്ചു. തിരക്കിനിടയിലൂടെ എത്തി വലിഞ്ഞ്‌ സമരത്തില്‍ ആവേശം പൂണ്ട മുഷ്ടികള്‍ ഉയര്‍ന്നു താഴുന്നത്‌ അയാള്‍ ഭക്തിപൂര്‍വ്വം നോക്കി നിന്നു.

"ഇന്നു കൂടി ഓഫീസില്‍ ലേറ്റായാല്‍... ആ സൂപ്രണ്ടിന്റെ ചീത്ത വിളി ഇനി കേള്‍ക്കാന്‍ എനിക്കു വയ്യ... ഇവനൊന്നും വേറൊരു പണിയുമില്ലേ.. രാവിലെ തന്നെ ഒരു പത്രവും ചുരുട്ടി ഇറങ്ങിക്കോളും..."

അയാളുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. അതും കൂടി കേട്ടില്ലെന്നു നടിക്കാനയാള്‍ക്ക്‌ കഴിഞ്ഞില്ല.

"നിനക്കറിയില്ല.. എന്നെയും നിന്നെയും പോലുള്ള അനേകലക്ഷങ്ങളുടെ അന്നത്തിനു വേണ്ടിക്കൂടിയാണ്‌ അവര്‍ പോരാടുന്നത്‌. കടക്കെണികളിലൂടെയും ബൌദ്ധികമായ..."
"മതി പ്രസംഗം.
ഒന്നു നിര്‍ത്താനെന്തു വേണം. എനിക്കൊരു ഓട്ടോ പിടിച്ചു തരാനൊക്കുമോ?"

അവളുമായി തര്‍ക്കിച്ചു നില്‍ക്കുന്നതിനിടയിലാണ്‌ പിന്നിലൊരു വാഹനത്തിന്റെ ചില്ലുടഞ്ഞതും പെരുമഴ പോലെ കരിങ്കല്‍ച്ചീളുകള്‍ പറന്നു വന്നതും. ബോധം മറയുമ്പോള്‍ പിന്‍കഴുത്തിലെ ചോര നനവ്‌ അയാളറിഞ്ഞു. കുഴഞ്ഞു പോകുന്ന ശബ്ദത്തിലാണെങ്കിലും, അയാള്‍ സര്‍വ്വശക്തിയുമെടുത്ത്‌ വിളിച്ചു:
"ഇന്‍ങ്ക്വിലാബ്‌ സിന്ദാബാദ്‌..."

Submitted by Su (not verified) on Thu, 2005-07-07 14:12.

കഥ നന്നായിരിക്കുന്നു. കഥ അല്ല ജീവിതം തന്നെയാ ഇത്. :)

Submitted by chinthaadmin on Thu, 2005-07-07 15:17.

സൂ, അതെ, ജീവിതം തന്നെ.. എവിടെയൊക്കെയോ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതു തന്നെ.