തര്‍ജ്ജനി

ശേഷം ചിന്ത്യം

ഉറങ്ങി എണീറ്റിരുന്നുവെങ്കിലും അയാള്‍ കണ്ണടച്ചുതന്നെ കിടന്നുകൊണ്ട്പുലരിയില്‍ അവിചാരിതമായി വിരുന്നുവന്ന സ്വപ്നങ്ങളിലേക്ക് തിരിഞ്ഞുനോക്കി.

ആദ്യത്തേത്; മൂടല്‍മഞ്ഞിന്റെ തുരുത്തില്‍ ഏകാന്തത അനുഭവിക്കുന്ന ഒരുചുവപ്പുകൊടി. കൊടിമരം നഷ്ടപ്പെട്ടതിന്റെ അനാഥത്വത്തില്‍ തനിയെ നിന്നുവിറകൊള്ളുന്ന ഒരു ചുവന്ന കൊടി. അവസാനം കാണുന്ന സ്വപ്നം മാത്രമേഓര്‍മ്മയുണ്ടാവൂ എന്നുള്ളത് നുണയാവണം. അല്ലെങ്കില്‍ പൂര്‍ണ്ണമായിട്ടും സത്യമല്ല. ആദ്യത്തെ ചുവന്നകൊടിക്ക് ശേഷം, അതെ അതിനു ശേഷമുള്ളദൃശ്യങ്ങളാണ്‌ കൂടുതല്‍ വ്യക്തമായിട്ടോര്‍മ്മയുള്ളത്.

കിണറ്റിന്‍ കരയില്‍ വളര്‍ച്ച മുരടിച്ച രണ്ടു ശീമക്കൊന്നകളിലായിതിരശ്ചീനമായി ബന്ധിച്ചിട്ടിരിക്കുന്ന ഇരുമ്പുദണ്ഡില്‍ വഴുകിക്കൊണ്ട്തിരിയുന്ന കപ്പി. അതുളവാക്കുന്ന ലോഹത്തിന്റെ വഴുവഴുപ്പുള്ള സ്വരം. പിന്നെഭാരത്തോടെ വലിച്ചു കയറ്റുന്ന തൊട്ടിയില്‍ വിക്രമാദിത്യകഥയിലെവേതാളത്തെപ്പോലെ തലകീഴായി തൂങ്ങിക്കിടക്കുന്ന വഴുവഴുപ്പുള്ള,പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ആകൃതിയിലുള്ള എന്തോ ഒന്ന്‌.

tharjani online

വേതാളമല്ല! വേതാളത്തിന്റെ സ്വത്വം അതിന്റെ ചോദ്യങ്ങളിലാണ്‌. ഉത്തരംമറഞ്ഞുകിടക്കുന്ന പ്രഹേളികകള്‍. തൊട്ടിയില്‍ ഉയര്‍ന്നുവന്ന അപൂര്‍ണ്ണതപ്രതിഫലിക്കുന്ന രൂപത്തിന്‌ എന്നോട് ചോദ്യങ്ങളൊന്നും തന്നെചോദിക്കുവാനുണ്ടായിരുന്നില്ല. പക്ഷെ ഉത്തരങ്ങളുണ്ടായിരുന്നു. ഞാന്‍എന്നോടു തന്നെ ചോദിക്കുവാന്‍ മടിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.ചോദ്യക്കടലാസിലെ അവസാനത്തെ ചോദ്യം - ഉത്തരമറിഞ്ഞിരുന്നെങ്കിലും എനിക്കൊരിക്കലും എഴുതുവാന്‍ കഴിയാതിരുന്ന ചോദ്യം.

സ്വപ്നങ്ങളുടെ അനായാസതകളിലേക്ക് ആ ഉത്തരം താഴ്‍ന്നിറങ്ങിവന്നു.അമ്മമ്മയുടെ ചിതലുപിടിച്ച മരപ്പെട്ടിയിലിരുന്ന്‌ നശിച്ചുപോയ എന്റെജാതകത്തിന്റെ അവസാന താളില്‍ കല്ലടിക്കോടന്‍ നമ്പൂരി ഇരുമ്പാണികൊണ്ട്കോറിയിട്ട വരികള്‍.

കുട്ടോടത്തിന്റെ ഭാരം പേറുന്ന കയര്‍, പിടിവിടുവാന്‍ വിസമ്മതിക്കുന്നഉള്ളംകൈയിലിരുന്നു വിറച്ചു. ചകിരിനാരുകള്‍ വിരലുകളില്‍ ഉരസ്സിക്കൊണ്ട്വഴുക്കിപോകുമ്പോള്‍‍, ചെളിവെള്ളം - കൊട്ടത്തളത്തില്‍ നിശ്ചലമായി കിടന്നഇടവേളകളിലെപ്പോഴോ കയര്‍ സ്വാംശീകരിച്ചത്, തെറിച്ച് എന്റെ മുഖത്തുവീണു.
ആദ്യം ഇരുട്ടുവന്നു, പിന്നെ പകലിലെ വെളിച്ചവും സ്വരവും സ്പര്‍ശവുംതേരട്ടകള്‍ പോലെ അരിച്ചരിച്ചു വന്നു. സ്വപ്നങ്ങള്‍ അങ്ങിനെയാണു്അവസാനിക്കുന്നതെന്ന്‍ അയാള്‍ മുമ്പേ പഠിച്ചുവച്ചിരുന്നു.

"ഗോപ്യേ കുളിക്കിണില്ല്യേ?"
തലവരെ മൂടിയിട്ടിരിക്കുന്ന പുതപ്പ് പതിയെ താഴോട്ടു വലിച്ച് അയാള്‍കണ്ണുകള്‍ക്കു താഴെയെത്തിച്ചു. അങ്ങനെയുള്ളൊരു ഒളിച്ചുനോട്ടത്തില്‍മച്ചിന്റെ മൂലയിലെ നെയ്തുതീരാത്ത ചിലന്തിവല അയാള്‍ കാണുകയുണ്ടായി.ആശാരിക്കണക്കുകളുടെ കൃത്യത പിഴക്കാത്ത മച്ചിന്റെ ചതുരതട്ടുകള്‍ക്കിടയിലെ അപൂര്‍ണ്ണമായ ചിലന്തിവല അയാളുടെ കണ്ണുകളെ വീണ്ടുംപുതപ്പിനടിയിലെത്തിച്ചു. വീണ്ടും ആരോ വിളിക്കുന്നു, ഇത്തവണ ശബ്ദത്തില്‍ കാര്‍ക്കശ്യം.

അയാള്‍ എണീറ്റ് കിണറ്റിന്‍ കരയില്‍ ചെന്നുനിന്നു. പാതിയൊഴിഞ്ഞിരിക്കുന്ന കുട്ടോടം. കൊട്ടത്തളത്തില്‍ തളംകെട്ടിനിന്നിരുന്ന ചളിവെള്ളത്തില്‍വെള്ളം കോരുന്ന കയര്‍ വെറുങ്ങലിച്ചു കിടന്നിരുന്നു. രാത്രിയുടെഓര്‍മ്മകളിലെവിടെയോ പതിഞ്ഞ അതേ ചിത്രം. അയാള്‍ എന്തിനെന്നില്ലാതെ വ്യാകുലപ്പെട്ടു.

അഞ്ചാറു തൊട്ടി വെള്ളം ഊക്കോടെ കോരി ദേഹത്തൊഴിച്ച് കുളിച്ചെന്നുവരുത്തി.തോര്‍ത്തുമുണ്ട് മുക്കിപ്പിഴിഞ്ഞ് അരയില്‍ ചുറ്റി. കുളി തുടങ്ങുന്നതിനുംമുമ്പ്, കൊട്ടത്തളത്തിലെ തേഞ്ഞു തേഞ്ഞു തീരാറായ കരിങ്കല്‍ പാളിയില്‍വാരസോപ്പു പതിച്ച് കുത്തിതിരുമ്പിയ ഉടുമുണ്ട് ഒന്നു പിഴിഞ്ഞെടുക്കണം. അയാള്‍ തൊട്ടിയെടുത്ത് കിണറ്റിലേക്കിട്ടു. നേര്‍ത്ത ഇടവേളയ്ക്ക് ശേഷംതൊട്ടിയുടെ ഒപ്പമെത്തുവാനുള്ള വ്യഗ്രതയോടെ കയറൊന്നു പിടഞ്ഞു, പിന്നെഅയാളുടെ വിരലുകളില്‍ ഉരസി വെള്ളം തെറിപ്പിച്ചുകൊണ്ട് അഗാതങ്ങളിലേക്ക്പതിച്ചു.

കുളിക്കുന്നതിലെ ഉത്സാഹം തോര്‍ത്തുമുണ്ട് മുക്കിപ്പിഴിഞ്ഞുടുക്കുമ്പോഴെതീരും. പിന്നെയുള്ളതെല്ലാം യാന്ത്രികമാണ്‌. സോപ്പിന്റെ പതകളഞ്ഞ്ഒറ്റമുണ്ട് വെള്ളത്തില്‍ മുക്കിയെടുക്കുന്നതും, ഭസ്മക്കൊട്ടയില്‍ നിന്ന്‍ഒരു നുള്ളുവാരി നെറ്റിയില്‍ പൂശുന്നതും, എന്തിന്‌ മച്ചില്‍ ചെന്നുനിന്ന്‍കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതുപോലും.

യാന്ത്രികമായതെല്ലാം വിരസവുമാണ്‌. അവസാനത്തെ തൊട്ടി വെള്ളം കോരുമ്പോള്‍എന്തെന്നില്ലാത്ത ഭാരം കൈകളില്‍. അയാള്‍ മുന്നോട്ടാഞ്ഞുനിന്ന്‍ കൈകള്‍നീട്ടി വലിക്കുവാന്‍ തുടങ്ങി. കരിങ്കല്‍ പടവില്‍ പതിച്ചുവച്ചവാരസോപ്പിന്റെ വഴുക്കലില്‍ അയാളുടെ കാലുകള്‍ തെന്നി. മൃദുലമായിത്തീര്ന്നകൈകളുടെ ബന്ധനത്തില്‍ നിന്ന്‍ തെന്നിമാറി തൊട്ടിയും കയറും കിണറിന്റെആഴങ്ങളിലേക്ക് തിരികെ ഊളിയിട്ടു. ദുര്‍ബലമായ വിരലുകള്‍ക്കിടയില്‍ കിടന്നുപിടഞ്ഞിരുന്ന ചകരിനാരുകളില്‍ നിന്ന്‌ കൊട്ടത്തളത്തിലെ അഴുക്കുവെള്ളംപറ്റിയത് ചിതറിത്തെറിച്ചിരുന്നു.
അയാള്‍ കൈകുത്തി എഴുന്നേറ്റു. കൈവിട്ടുപോയ തൊട്ടിയും കയറുംപൊക്കിള്‍കൊടിയെന്നോണം കിണറിന്റെ ഗര്‍ഭങ്ങളിലേക്കിറങ്ങിച്ചെന്നിരുന്നു. തോര്‍ത്തുമുണ്ടില്‍ ഒരല്പം ചെളിപുരണ്ടിരുന്നു. ഭാഗ്യം ഒരിടകൂടെതെറ്റിയിരുന്നെങ്കില്‍ - അമ്മ പറയാറുള്ളതോര്‍ത്തു പാതാളക്കിണറാണ്‌.

വീഴ്ച വരുത്തിവച്ച നേരിയ വിറയല്‍ ആ പ്രഭാതത്തിലുടനീളം അയാളെപിന്‍‍തുടര്‍ന്നു. അവശ്യം ചെയ്യേണ്ടിയിരുന്ന യാത്ര മാറ്റിവയ്ക്കുകയുണ്ടായില്ല. നാലഞ്ചു മുഷിഞ്ഞ നോട്ടുകളും അതിനുമുകളില്‍ഒരുറുപ്പ്യനാണയവും വാതില്പടിയില്‍ നിക്ഷേപിച്ച് അനിയത്തി അകായിയിലെഇരുട്ടിലേക്ക് തിരിഞ്ഞു നടന്നു.

മുണ്ടു് മാടിക്കുത്തി കടമ്പായ കടന്ന്‍ ഇടവഴിയിലേക്കിറങ്ങി അയാള്‍ യാത്രതുടങ്ങുമ്പോള്‍ പുറകില്‍ മുടിവേറിടുത്തുകൊണ്ടു നിന്നിരുന്ന അമ്മ കൂട്ടംതെറ്റി ഇറങ്ങിപ്പോന്ന മുടിയിഴകളെ കൈവിരലുകളില്‍ നിന്ന്‍ചുരുട്ടിയെടുത്ത് മുറ്റത്തിന്റെ മൂലയിലേക്കിടുകയായിരുന്നു.

"ഗോപ്യേട്ടാ, വഴീലെറങ്ങുമ്പഴേ ഞാന്‍ കണ്ടിരുന്നു. അപ്പൊത്തന്നെ കിടാവിനീംഅഴിച്ചോണ്ട് പോന്നു."
പാറുക്കുട്ടി. കുളി കഴിഞ്ഞു നില്‍ക്കുന്ന പാറുക്കുട്ടി. ഒന്നര ചുറ്റിയപാറുക്കുട്ടി. തെക്കേ പറമ്പില്‍ വളരുന്ന കശുമാവിന്റെ ചുവന്നപഴം പോലുള്ളഅധരങ്ങളുള്ള പാറുക്കുട്ടി. ആളടുത്തില്ലാത്ത അവസരങ്ങളില്‍ അയാള്‍ക്ക്നുള്ളുവാന്‍ നിന്നുകൊടുക്കുന്ന പാറുക്കുട്ടി.

പാറുക്കുട്ടി വളരെ അടുത്താണ്‌. കിടാവ് ഗോപികയുടെ കൈയില്‍ നിന്ന്‍കയററ്റുപോയതില്‍ ലഭ്യമായ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. പാറുക്കുട്ടിതീജ്വാല കണക്കെ ജ്വലിച്ചു. പാറുക്കുട്ടി ചെമ്പരത്തിപ്പൂക്കള്‍ പോലെചിരിച്ചു.

സ്വാതന്ത്ര്യത്തിന്റെ - സാഹസികതയുടെ ഒരു നിമിഷം. ഗോപി പാറുക്കുട്ടിയെആദ്യമായി ചുംബിച്ചു. നനവുള്ള ചുണ്ടുകളില്‍ വിഷം രുചിച്ചു. ഉമിനീരില്‍കയ്പുപടര്‍ന്നു. കണ്ണുകളിലേക്ക് ഇരുട്ട് വിഷാദത്തിന്റെ ചായ്‍വോടെഅരിച്ചരിച്ചെത്തി. അടഞ്ഞുപോകുന്ന കണ്ണുകള്‍ വലിച്ചു തുറന്ന് അയാള്‍പാറുക്കുട്ടിയെ നോക്കി. പാറുക്കുട്ടിയുടെ കണ്ണുകള്‍ അടഞ്ഞിരുന്നു. പതിയെവിറച്ചിരുന്ന കണ്‍പീലികള്‍ അവ്യക്തമായെന്തോ സൂചിപ്പിച്ചു.കണ്ണുകളടച്ചുകൊണ്ട് അയാള്‍ അവസാനമായി പാറുക്കുട്ടിയെ ഒരുവട്ടം കൂടിചുംബിച്ചു.

കല്ലടിക്കോടന്‍ നമ്പൂതിരി, ചിങ്ങം രാശിയില്‍ മകം നക്ഷത്രത്തില്‍ പിറന്നപുരുഷജന്മത്തിന്റെ ജാതകത്തില്‍, കര്മ്മബന്ധനങ്ങളുടെ വേരുകളറുത്ത് തികഞ്ഞശാന്തതയോടെ ഇങ്ങനെ എഴുതി, "ശേഷം ചിന്ത്യം."

രാജ് നായര്‍

Submitted by സിബു (not verified) on Sat, 2005-07-02 23:27.

ഇത്രയും ഉജ്ജ്വലമായ ഒരു കഥ പെരിങ്ങോടന്‌ ഇനിയീ 'പെരിങ്ങോടൻ സ്റ്റൈലിൽ' എഴുതാനാവും എന്നു തോന്നുന്നില്ല :) അത്രയ്ക്കും തീക്ഷ്ണം.

Submitted by വിശ്വപ്രഭ (not verified) on Sun, 2005-07-03 03:34.

എന്തിനോ എങ്ങിനെയോ വല്ലാത്ത അഭിമാനം തോന്നുന്നു...

മാന്തൈയുടെ ആദ്യത്തെ ഇല വിരിഞ്ഞുവരുന്നതു നോക്കിയിരിക്കുന്ന കുട്ടിയെപ്പോലെ...

താന്‍ കൂകിക്കൂകിയുണര്‍ത്തിയ സൂര്യന്‍ രാത്രിയുടെ കരിമ്പടം മെല്ലെ മെല്ലെ ചുരുട്ടിമടക്കി കിഴക്കുനിന്നും വരുമ്പോള്‍ ഗമയില്‍ കഴുത്തുനീട്ടുന്ന പൂവനെപ്പോലെ...

വെറുമൊരു സാക്ഷിയുടെ, എന്നിട്ടും ഈ അഭിമാനം.

.....

പെരിങ്ങോടന്‍ ചിറകു വിടര്‍ത്തുകയാണ്...

ഇനി നമുക്കിവിടെ കണ്ണും കാതും തുറന്നു വെച്ച് നിശ്ചേഷ്ടമായി ഇരിക്കാം...

പറവിയുടെ ഉയരങ്ങളില്‍ ഒരു കുഞ്ഞുപൊട്ടായി അവന്‍ ചക്രവാളങ്ങളില്‍ മറയുന്നതുവരേക്കും നമുക്കിവിടെ ഈ മുട്ടത്തൊണ്ടുകള്‍ക്കു കാവല്‍ നില്‍ക്കാം...

Submitted by SU (not verified) on Sun, 2005-07-03 08:53.

എനിക്ക് തോന്നുന്നത് ഞാന്‍ എന്റെ മണ്ടത്തരം എഴുത്തു നിര്‍ത്തി ഇങ്ങനെ വല്ലതും വായിച്ചിരിക്കുന്നതാണ് നല്ലതെന്ന്.

Submitted by ibru (not verified) on Sun, 2005-07-03 17:52.

പെരിങ്ങോടരേ...
കഥയിലെ വിശേഷങ്ങള്‍ അനുഭവങ്ങളെ പോലെ യാഥാര്‍ത്‌ഥ്യത്തോട്‌ ഇഴപിരിക്കാനാവാത്ത വിധം ഒട്ടിചേര്‍ന്ന് നില്‍ക്കുന്നു. അപാരം, അതിമനോഹരം..

Submitted by khamas (not verified) on Mon, 2005-07-04 17:29.

Dear Mr. Raju,

Story is beautiful like an isolated bush in a barren land.

Keep it up,
Best wishes

Submitted by കലേഷ്‌ (not verified) on Tue, 2005-07-05 18:26.

രാജ്‌, ഉഗ്രനായിട്ടുണ്ട്‌ സംഭവം! ഇനിയും എഴുതണേ!

Submitted by Sunil Krishnan (not verified) on Thu, 2005-07-07 15:57.

അരിങ്ങോടര്‍ക്ക്‌,

ഈെ അടവ്‌ പുതിയതാണല്ലോ ഗുരുക്കളേ, പുറത്തെടുക്കാത്തവ ഇനിയുമുണ്ടാവുമല്ലോ അല്ലേ? കാണാന്‍ കാത്തിരിക്കുന്നു.
Sunil Krishnan

Submitted by Anonymous (not verified) on Thu, 2005-08-18 15:41.

nayare orupadu ezhuthane...bhaviyile M T akanullatha