തര്‍ജ്ജനി

മുയല്‍ ദൃഷ്ടാന്തം

ഗള്‍ഫ്‌ ലൈഫ്‌ ഇന്റര്‍നാഷണല്‍ മാഗസില്‍ പ്രവാസി എഴുത്തുകാരുടെ കൃതികള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ലഭിച്ച പി.ജെ.ജെ ആന്റണിയുടെ "ജീവിതത്തെക്കുറിച്ച്‌ ഒരുപന്യാസം" എന്ന കഥാ സമാഹാരത്തില്‍ നിന്ന് ഒരു കഥ.

ആത്മഘാതം, ആത്മഘോഷം എന്നീ പദങ്ങള്‍ ശബ്ദതാരാവലിയില്‍ അടുത്തടുത്താണ്‌ വരുന്നത്‌. ശബ്ദവും അര്‍ത്ഥവും തമ്മില്‍ ഉണ്ടാകേണ്ട അകലം നിഘണ്ടുവില്‍ ലോപിച്ചു പോകുന്നു.

വെറുതെയിരിക്കുമ്പോള്‍ വാക്കുകളെ തേടിപ്പിടിച്ച്‌ ഇഴപിരിക്കുന്നത്‌ അയാളുടെ വിനോദമായിരുന്നു. ബുദ്ധികൊണ്ടുള്ള കസര്‍ത്ത്‌ എന്നാണ്‌ അയാള്‍ അതിനെക്കുറിച്ച്‌ ഭാര്യയോട്‌ പറഞ്ഞിരുന്നത്‌. നിഘണ്ടുക്കളുടെ ഒരു കൂമ്പാരം തന്നെ അയാള്‍ വാങ്ങിക്കൂട്ടി. അപൂര്‍വ്വമായി നാട്ടില്‍ ചെല്ലുന്ന അവസരങ്ങളില്‍ നീ മലയാളം മറന്നിരിക്കുന്നു എന്നു പറയുന്നവരെ ആരും ഉപയോഗിക്കാത്ത വിചിത്ര പദങ്ങള്‍ ഉപയോഗിച്ച്‌ നേരിടുക അയാള്‍ക്ക്‌ രസമായിരുന്നു.

tharjani online

നാനാതരം ഡിക്ഷണറികള്‍ക്കും അയാള്‍ക്കുമിടയില്‍ ഗൂഢമായൊരു പ്രണയം നില നിന്നു. ലോകത്തിലെ സകല നിഘണ്ടുക്കളും ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായാല്‍ ഭാഷകളെല്ലാം തീര്‍ച്ചയായും കലങ്ങിപ്പോകുമെന്നത്‌ അയാള്‍ ആവേശപൂര്‍വ്വം ആവര്‍ത്തിക്കുന്ന നിരീക്ഷണം ആയിരുന്നു. ഗണിതം പോലെ സുനിശ്ചിതവും വ്യവസ്ഥാപിതവുമായ ഒന്നായി ഭാഷയെ നിലനിര്‍ത്തുന്നത്‌ നിഘണ്ടുക്കളാണെന്ന് അയാള്‍ കണക്കുകൂട്ടി.

തമിഴിലെ തര്‍ക്കൊല എന്ന വാക്കും ആത്മഹത്യയും ഒന്നുതന്നെയാണോ എന്ന് അന്വേഷിക്കുകയായിരുന്നു അന്ന് അയാള്‍. ജോലി സ്ഥലത്തെ ഒരു തമിഴനില്‍ നിന്നാണ്‌ അയാള്‍ക്ക്‌ തര്‍ക്കൊല എന്ന വാക്ക്‌ കിട്ടിയത്‌. തന്‍ കൊല ആവണം തര്‍ക്കൊലയായി മാറിയതെന്ന് അയാള്‍ കരുതി. അതിനൊരു ന്യായീകരണം കണ്ടുപിടിയ്ക്കാനാണ്‌ അയാള്‍ ശബ്ദതാരാവലി പരതിക്കൊണ്ടിരുന്നത്‌. അങ്ങനെയൊക്കെ ചുമ്മാ ആലോചിച്ചു കൂട്ടുക അയാള്‍ക്ക്‌ ശീലമായിരുന്നു.

ദാ, നിങ്ങള്‍ ഇത്‌ കേള്‍ക്കൂ എന്നു പറഞ്ഞ്‌ ഭാര്യ അപ്പോള്‍ അയാളുടെ ശ്രദ്ധ ക്ഷണിച്ചു.

കണ്ടെമ്പററി സയന്‍സ്‌ എന്നൊരു ശാസ്ത്രമാസിക വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. മക്കള്‍ രണ്ട്‌ ആണ്‍കുട്ടികളും കമ്പ്യൂട്ടറിന്റെ മുന്നിലായിരുന്നു.

കാലം ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കം.
സ്ഥലം എവിടെയുമാകാം.
സമയം വൈകുന്നേരം
ഇടം ഒരു സന്തുഷ്ടകുടുംബത്തിന്റെ സ്വീകരണമുറി.
വളരെ വളരെ രസകരം എന്ന് വിശേഷണത്തോടെ ഭാര്യ സംസാരിക്കാന്‍ തുടങ്ങി."റഷ്യയിലെ ഒരു ലബോറട്ടറിയില്‍ പ്രസവിച്ച മുയല്‍ത്തള്ളയും അഞ്ച്‌ മുയല്‍ക്കുട്ടികളും. മുയല്‍ക്കുട്ടികള്‍ അഞ്ചിനെയും വിവിധ ഖണ്ഡങ്ങളിലായി വളരെ ദൂരെ മാറ്റിപ്പാര്‍പ്പിച്ചു. എന്നിട്ട്‌ ഓരോരോ മാസങ്ങളുടെ ഇന്റര്‍വെല്ലുകള്‍ക്കിടയില്‍ ഒന്നൊന്നിനെയായി കഴുത്തറുത്തു കൊന്നു. അപ്പോള്‍ എന്തു സംഭവിച്ചു എന്നറിയാമോ?"

അയാള്‍ക്ക്‌ ഉത്തരം പറയാനാവില്ല എന്ന ആത്മവിശ്വാസം അവളുടെ ഉത്സാഹം നിറഞ്ഞ സ്വരത്തിലുണ്ടായിരുന്നു. പ്രായം നാല്‍പ്പതിനോടടുത്തിട്ടും തുള്ളിത്തുളുമ്പുന്ന ഒരുതരം യൌവ്വനം അവളുടെ പെരുമാറ്റത്തിലും സംഭാഷണങ്ങളിലും ശേഷിച്ചു. ഇപ്പോഴും അയാളുടെ
ശ്രദ്ധ അതിലേയ്ക്കാണ്‌ തിരിഞ്ഞത്‌.

ഇവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ആഘോഷിച്ചും സുഖിച്ചും അങ്ങനെയങ്ങനെ തന്റെ ജീവിതത്തിലും സുഖവും ഉല്ലാസവുമായി...
"പറയ്‌, അപ്പോള്‍ എന്തു സംഭവിച്ചു?"
ശബ്ദതാരാവലി അയാളുടെ മടിയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു.
എന്ത്‌ സംഭവിക്കാനാണ്‌? ചത്ത മുയലുകള്‍ ഉയിര്‍ത്തെഴുന്നേറ്റോ! നീയല്ലേ വായിച്ചത്‌? നീ തന്നെ പറഞ്ഞാല്‍ മതി.
"ഭയങ്കര അത്ഭുതമായിപ്പോയി! ഓരോ മുയല്‍ക്കുഞ്ഞുങ്ങളുടെ കഴുത്തറുത്തപ്പോഴും തള്ളമുയലില്‍ അസാധാരമായ മാറ്റങ്ങളുണ്ടായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടി. ഭയവും വ്യസനവും കൊണ്ട്‌ അത്‌ തളര്‍ന്നു വീണു. അതെല്ലാം വിശദമായി റിക്കോര്‍ഡ്‌ ചെയ്യാനുള്ള സൌകര്യത്തിനു വേണ്ടി മുയല്‍ക്കുഞ്ഞുങ്ങളുടെ കഴുത്ത്‌ വളരെ സാവധാനമാണ്‌ അറുത്തത്‌. ശാസ്ത്രജ്ഞന്മാര്‍ എന്തൊക്കെ കഷ്ടങ്ങള്‍ സഹിച്ചാണ്‌ ഓരോന്ന് നമുക്കായി രേഖപ്പെടുത്തിയെടുക്കുന്നത്‌!"
പ്രാവ്‌ കുറുകുന്നതു പോലെയാണ്‌ ഭാര്യ സംസാരിക്കുന്നതെന്ന് അയാള്‍ക്ക്‌ തോന്നി. കാര്യേഷു മന്ത്രി; ശയനേഷു വേശ്യ. ബാക്കി അയാള്‍ക്ക്‌ നല്ല ഓര്‍മ്മ വന്നില്ല. ഈയിടെ വേശ്യ എന്ന് ഓര്‍ക്കുമ്പോള്‍ ദേവദാസിലെ മാധുരി ദീക്ഷിതാണ്‌ മനസ്സിലെത്തുന്നത്‌. എന്തു ഭംഗിയാണ്‌ മാധുരിക്ക്‌. ആ ചിരിയും ആ ശരീരവടിവും...
ശബ്ദതാരാവലി അടച്ചു വച്ച്‌ അയാള്‍ ഭാര്യയോടൊപ്പം വന്നിരുന്നു.
"എന്താ ഇന്നത്തെ
വാക്കന്വേഷണം അവസാനിപ്പിച്ചോ?"
അയാള്‍ ചിരിച്ചു കൊണ്ട്‌ അവളോട്‌ ചേര്‍ന്നിരുന്നു. കണ്ടെമ്പററി സയന്‍സിന്റെ താളുകളില്‍ അവള്‍ പിന്നെയും ഇഷ്ടവിഭവങ്ങള്‍ കണ്ടെത്തി. അല്‍പംകൂടിക്കഴിഞ്ഞ്‌ അയാള്‍ അവളുടെ മടിയില്‍ തലവച്ച്‌ കിടന്നു. എന്നത്തെയും പോലെ വായന തുടര്‍ന്നുകൊണ്ട്‌ അവള്‍ അയാളുടെ മുടിയിഴകള്‍ക്ക്‌ ഇടയിലൂടെ വിരലുകള്‍ മെല്ലെ സഞ്ചരിപ്പിച്ചു.

കുറച്ചു കഴിഞ്ഞാണ്‌ അയാള്‍ വല്ലാതെ വിയര്‍ക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചത്‌. മകനോട്‌ പറഞ്ഞ്‌ എയര്‍കണ്ടീഷനര്‍ പ്രവര്‍ത്തിപ്പിച്ചു. എന്നിട്ടും അയാള്‍ അസ്വസ്ഥനായി തുടര്‍ന്നു. ആരോ തന്നെ നിശ്ശബ്ദവും തീവ്രവുമായി വിളിക്കുന്ന ഒരനുഭവം അയാള്‍ക്കുണ്ടായി. ക്രമേണ വല്ലാത്ത ഒരു പരവേശത്തിന്‌ അയാള്‍ അടിപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും കിടന്നു. തണുത്ത വെള്ളം കുടിച്ചു. ഭാര്യയുടെ ഉടയാത്ത ശരീരവും കൊഞ്ചലും അയാള്‍ മറന്നു. കടലാഴങ്ങളില്‍ നിന്നും ആരോ വിരല്‍ത്തുമ്പുകള്‍ നീട്ടി തന്നെ തൊടാന്‍ ആയുന്നതായി അയാള്‍ക്കുതോന്നി.പിന്നെ സാവധാനം എല്ലാം നേരെയായി.

അതിനുശേഷം അത്താഴം കഴിഞ്ഞ്‌ ഉറങ്ങാന്‍ ഒരുങ്ങുമ്പോഴാണ്‌ നാട്ടില്‍ നിന്നുള്ള സന്ദേശവുമായി അയാളുടെ ടെലിഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്‌. അയാളുടെ അമ്മ മരിച്ചു. ഒരു കസിന്‍ ആയിരുന്നു സംസാരിച്ചത്‌. അയാള്‍ പറയാതെ തന്നെ ഭാര്യയ്ക്ക്‌ കാര്യം മനസ്സിലായി. അങ്ങനെയൊരു ഫോണ്‍ അവര്‍ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. മക്കളും എഴുന്നേറ്റു വന്നു. തീരെ താണ ഒച്ചയില്‍ അവര്‍ അയാളോട്‌ കണ്ടോളന്‍സ്‌ പറഞ്ഞു. പിന്നെ എല്ലാവരും സ്വീകരണ മുറിയിലേക്കു വന്നു.

മക്കളെക്കുറിച്ച്‌ അവള്‍ക്ക്‌ അഭിമാനം തോന്നി. എത്ര ഭംഗിയായാണ്‌ അവര്‍ പെരുമാറുന്നത്‌. നല്ല സ്കൂളില്‍ അയച്ചതും അന്തസ്സുള്ള ഇംഗ്ലീഷ്‌ ചിത്രങ്ങള്‍ കാണാന്‍ അനുവദിച്ചതുമെല്ലാം സഫലമായി.

അച്ഛന്റെ ഇരുപുറവുമായി സോഫയില്‍ മക്കള്‍ ചേര്‍ന്നിരുന്നു. അവള്‍ ക്രിസ്റ്റല്‍ ഗ്ലാസ്സില്‍ സ്വര്‍ണ്ണനിറമുള്ള ജലം ഐസ്‌ ക്യൂബുകള്‍ ഇട്ട്‌ അയാള്‍ക്കു നല്‍കി. അയാള്‍ അത്‌ മൃദുവായി മൊത്തി. ആഭിജാതമായ ഒരു നിശ്ശബ്ദതയാല്‍ അവര്‍ അയാളുടെ ദുഃഖത്തെ അലങ്കരിച്ചു.

പിന്നെ ഗ്രാന്‍മായെക്കുറിച്ച്‌ മക്കള്‍ മെല്ലെ സംസാരിക്കാന്‍ തുടങ്ങി. അവരുടെ വെളുത്ത വസ്ത്രങ്ങള്‍, പുരാതന ഡിസൈനുകളിലുള്ള ആഭരണങ്ങള്‍, മുഴുവനും നരച്ച പഞ്ഞിത്തലമുടി, ഇന്ത്യന്‍ മരുന്നുകളുടെ മണമുള്ള മുറി. സംസാരിച്ച്‌ മറ്റുള്ളവരെ ശല്യപ്പെടുത്താതെ എപ്പോഴും നിശബ്ദമായിരിക്കുന്ന സ്വഭാവം. അപൂര്‍വ്വമായി മാത്രം വാ തുറക്കുമ്പോള്‍ താന്‍ മരിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് പുഞ്ചിരിയോടെ പറഞ്ഞ്‌ മറ്റുള്ളവരുടെ കുറ്റബോധം അകറ്റുന്നതരം നന്മ.

മക്കള്‍ മെല്ലെയാണെങ്കിലും പറഞ്ഞുപോകെ വാസ്തവത്തില്‍ തന്റെ അമ്മയ്ക്ക്‌ പല ഗുണങ്ങളും ഉണ്ടായിരുന്നുവെന്ന ചിന്ത അയാളെ അഭിമാനിയാക്കി. ഭാര്യയും മക്കളും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌ അവരുടെ സംസ്കാരത്തിന്റെ മഹിമ കൊണ്ടാണെന്നത്‌ അയാളെ സന്തോഷിപ്പിച്ചു. ആ സംതൃപ്തിയില്‍ ക്രിസ്റ്റല്‍ ഗ്ലാസ്‌ ഒഴിഞ്ഞു. ഭാര്യ അതുമായി അകത്തേയ്ക്കു പോയി.

മക്കളോടൊത്ത്‌ അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു. മൂത്തമകന്‍ ഇന്റര്‍നെറ്റിലേക്ക്‌ കണക്റ്റ്‌ ചെയ്തു. ഡാഡ്‌ തേടുന്ന സൈറ്റ്‌ അവന്‍ ഊഹിച്ചിരുന്നു. ഇന്ത്യയിലെ കുഗ്രാമങ്ങളില്‍പ്പോലും അതിമനോഹരങ്ങളായ പുഷ്പചക്രങ്ങള്‍ എത്തിക്കുന്ന ഒരു കമ്പനിയുടെ സൈറ്റ്‌. ജാലകങ്ങള്‍ ഒന്നൊന്നായി തുറന്ന് മകന്‍ മുന്നേറുന്നത്‌ അച്ഛന്‍ നോക്കിയിരുന്നു. ഒടുവില്‍ ഓര്‍ഡര്‍ നല്‍കേണ്ട പേജില്‍ എത്തി. വിശിഷ്ടങ്ങളായ പനിനീര്‍പ്പൂക്കളും ഓര്‍ക്കിഡുകളും കൊണ്ട്‌ ചെയ്യേണ്ട ഒന്ന് മകന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ അത്‌ ശരിവച്ചു കൊണ്ട്‌ തല ചലിപ്പിച്ചു. നാല്‌ സൂട്ട്ധാരികള്‍ കറുത്ത വിദേശക്കാറില്‍ ചെന്നിറങ്ങി ഗ്രാന്മായുടെ ശവപേടകത്തിനു മുന്നില്‍ പുഷ്പചക്രം വയ്ക്കുന്നത്‌ മക്കള്‍ മനസ്സില്‍ കണ്ടു. അച്ഛന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ നല്‍കിയപ്പോള്‍ ഓര്‍ഡര്‍ സ്വീകരിച്ചതായി സ്ക്രീനില്‍ സന്ദേശം തെളിഞ്ഞു.

കമ്പ്യൂട്ടര്‍ അടച്ച്‌ അവര്‍ സോഫയിലേക്ക്‌ മടങ്ങി. അച്ഛന്റെ ഇരുപുറവും മക്കള്‍. ഭാര്യ ക്രിസ്റ്റല്‍ ഗ്ലാസ്‌ അയാളുടെ മുന്നില്‍ വച്ചു. പൊന്‍നിറമുള്ള ദ്രാവകം അതില്‍ നുരഞ്ഞു.

കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം.
സ്ഥലം എവിടെയുമാകാം.
സമയം വൈകുന്നേരം.
ഇടം ഒരു സന്തുഷ്ടകുടുംബത്തിന്റെ സ്വീകരണമുറി.

പി.ജെ.ജെ.ആന്റണി

Submitted by Sunil Krishnan (not verified) on Mon, 2005-07-04 16:32.

Dear All,
Please read this story and realize our time and life. You may aware of it but this story will help you experience it.

Very good story from a talented pen.
Thanks to the writer for giving a nice reading experience.

Sunil Krishnan

Submitted by Khamas (not verified) on Mon, 2005-07-04 17:05.

The term "pravasi" can be translated as "Pongachakkaran"
Read Mr. Antoney's story and think about it again and again.
You may reach to a shore where you can find a particular type of dwelling which will be suitable for you....but think again and
again, if you can...best wishes Mr. Antoney

Submitted by jayesh (not verified) on Tue, 2005-07-05 10:39.

Dear Antony,

It was a nice reading experience. Slowly revealing the hypocracy of Hi-tech life. Thanks Antony

Regards

Jayesh