![]() |
|||||
ബാബുരാജ്.റ്റി.വിHouse No: 1113, ഫോണ്‍: 09871014697 |
കഥ
സമയം അതിക്രമിച്ചിരിക്കുന്നു. തിടുക്കത്തില്‍ അയാള്‍ പുസ്തകങ്ങളെല്ലാം ബാഗില്‍ തിരുകി കയറ്റി. ഭാരിച്ച ബാഗ് പുറത്തു വെച്ച് അതിന്റെ വള്ളികള്‍ ഇരുകൈകളിലും കോര്‍ത്ത അയാള്‍ ധൃതിയില്‍ ബസ്സ്റ്റോപ്പിലേയ്ക്ക് നടന്നു. ഒരു ഗര്‍ഭിണിയുടെ വയറുപോലെ ബാഗ് അയാളുടെ പുറത്ത് തൂങ്ങി നിന്നു. ബാഗ് അയാളില്‍ വല്ലാത്ത അസ്വാസ്ഥ്യം ഉണര്‍ത്തി.
ബസ്സ്റ്റോപ്പിലെത്തിയപ്പോള്‍ അയാളെപ്പോലെ ചുമടെടുത്തു നില്ക്കുന്ന സഹപ്രവര്‍ത്തകര്‍ അയാളെ അഭിവാദ്യം ചെയ്തു. തന്നെപ്പോലെ ചുമടെടുക്കാന്‍ വിധിക്കപ്പെട്ടവരെ കണ്ടപ്പോള്‍ അയാളില്‍ നിസ്സഹായത നീറി.
"എന്തിനാണിതിങ്ങനെ നിത്യോം കെട്ടിച്ചുമക്കുന്നത്? ഇതിനകത്തുള്ളതിനെക്കുറിച്ച് വല്ല പിടിയുമുണ്ടോ? "
എത്രയെത്ര അധിക്ഷേപങ്ങള്‍!
വീട്ടില്‍ നിന്നു സ്കൂളിലേയ്ക്കും സ്കൂളില്‍ നിന്നു വീട്ടിലേയ്ക്കും കഴുതയെപ്പോല്‍ ചുമടെടുക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷത്തോളമായി, അയാള്‍ ചിന്തയെ പിന്നോട്ടും മുന്നോട്ടും തെളിച്ചു. ഇനിയും എത്രകാലം ചുമടെടുക്കണം?
മടുത്തു! വൈരസ്യത്തിന്റെ കയ്പുനീര്‍ അയാളുടെ ഉള്ളില്‍ തികട്ടി. ചുമട് ഉപേക്ഷിക്കാനുള്ള അദമ്യവികാരം അയാളില്‍ നീറിപ്പുകഞ്ഞു.
കട്ടച്ചോരപോലെ കറുത്ത പുകതുപ്പി സ്കൂള്‍ ബസ്സു വന്നു നിന്നു കിതച്ചു. ചുമട്ടുകാര്‍ തിക്കിതിരക്കി അകത്തു കടന്ന് ഇരിപ്പിടങ്ങളുടെ അടുത്തു ചുമടിറിക്കി വെച്ച് വിശ്രമിച്ചു. ഇരിപ്പിടത്തിനരികില്‍ ഇറക്കിവെച്ചിരിക്കുന്ന ചുമടു കണ്ടപ്പോള്‍ വീടിനു കാവല്‍കിടക്കുന്ന നായയുടെ ചിത്രം അയാള്‍ക്കു് ഓര്‍മ്മവന്നു. സ്കൂളിന്റെ പടിവാതിക്കലെത്തിയപ്പോള്‍ ഒരു തേങ്ങലോടെ ബസ്സു നിന്നു. ചുമട്ടുകാര്‍ വീണ്ടും ചുമടുകള്‍ തോളിലേറ്റി ബസ്സില്‍ നിന്നിറങ്ങി സ്കൂളിലേയ്ക്കു നടന്നു തുടങ്ങി.
ഇരിപ്പിടത്തില്‍ നിന്നു എഴുന്നേറ്റ്, വളരെ ആയാസപ്പെട്ട് അയാള്‍ ചുമടു തോളിലേറ്റി. ചുമടിനു ഭാരം ഏറിയോ എന്നയാള്‍ക്കു് സംശയമുദിച്ചു.
ബസ്സിറങ്ങി അയാള്‍ നേരെ ക്ലാസ് മുറിയിലേയ്ക്കു നടന്നു. ക്ലാസ്സിലെത്തി തന്റെ കുട്ടിമേശക്കരികില്‍ ചുമടിറക്കി വെച്ച് അയാള്‍ കുട്ടിക്കസേരയില്‍ ഇരുപ്പുറപ്പിച്ചു.
ക്ലാസുമുറിയിലെ കലപിലകള്‍ക്കിടയിലും മുളപൊട്ടിയ ഒരു താല്ക്കാലിക ആശ്വാസത്തെ തുരങ്കം വെച്ചുകൊണ്ട് ബെല്ലിന്റെ ശബ്ദം മുഴങ്ങി.അധികം താമസിയാതെ പ്രത്യക്ഷയായ അദ്ധ്യാപികാവതാരത്തെ ഒരു തത്തയായി അയാള്‍ സങ്കല്പിച്ചു. തത്ത ചിലച്ചു തുടങ്ങി. ചുമടഴിച്ച് അറിവിന്റെ ഭണ്ഡാരങ്ങള്‍ കുട്ടിമേശയില്‍ നിരത്താന്‍ തത്ത ഉത്തരവു പുറപ്പെടുവിച്ചു.
ചുമടില്‍ നിന്നു പുറത്തെടുത്ത പുസ്തകങ്ങള്‍ ചീട്ടുകള്‍ പോലെ കുട്ടിമേശകളില്‍ നിരന്നു. അടുത്തുള്ളൊരു കുട്ടിമേശയില്‍ നിന്ന് തത്ത ഒരു ചീട്ടെടുത്തു.
പാഠം അഞ്ച്
പൂച്ചക്കാരു മണികെട്ടും
തത്ത ചിലയ്ക്കല്‍ തുടര്‍ന്നു.
ചുമട്ടുകാര്‍ ചെവികൂര്‍പ്പിച്ചു.
അയാള്‍ ഒന്നും ശ്രദ്ധിച്ചില്ല.
തത്തയുടെ മേല്‍ ചാടി വീഴുന്ന പൂച്ചയുടെ ചിത്രം വരച്ചു അയാള്‍. ചിത്രത്തിന്റെ മിനുക്കുപണിയില്‍ മുഴുകിയ അയാള്‍, തത്ത വന്നു പുറകില്‍ നിന്നത് അറിഞ്ഞില്ല.
തത്ത ഒരു ചീറ്റപ്പുലിയായി.
ചിത്രം പിടിച്ചെടുത്ത് ചീറ്റപ്പുലി നിന്നു ചീറി..
" എവിടെ നിന്റെ ഇംഗ്ലീഷ് പുസ്തകം ?"
" വീട്ടില്‍ വെച്ചു മറന്നു പോയി.."
"പിന്നെ എന്തോന്നിനാണീ കെട്ടും ചുമന്നോണ്ടു വന്നിരിക്കുന്നത്? കെട്ടെടുത്ത് മേശക്കു മുകളില്‍ കയറി നില്ക്കൂ ….. ക്ലാസു കഴിയുന്നതു വരെ അവിടെ നിന്നോണം...."
കെട്ടും ചുമലിലേറ്റി അയാള്‍ കുട്ടിമേശയ്ക്കു മുകളില്‍ കയറി നിന്നു.കുട്ടിമേശക്കു മുകളില്‍ നിന്നു നോക്കിയപ്പോള്‍ താഴെ കുട്ടിക്കസേരകളിലിരിക്കുന്നത് ചുമട്ടുകാരല്ല തവളകളാണ് എന്നയാള്‍ക്കു് തോന്നി.
“പോക്രോം പോക്രോം ” തവളകള്‍ മുറവിളി കൂട്ടി.
അയാളില്‍ ഒരു മന്ദഹാസം വിരിഞ്ഞെങ്കിലും ചുമടിന്റെ ഭാരം അയാളെ പതിന്മുടങ്ങ് അലോസരപ്പെടുത്തി.
ഈ ചുമട് ഉപേക്ഷിച്ചേ മതിയാകൂ .............
അയാള്‍ മനസ്സില്‍ തീരുമാനം ഉറപ്പിച്ചു. മുറയനുസരിച്ച് വേറെയും മൂന്നാലു തത്തകള്‍ കൂടി ക്ലാസു സന്ദര്‍ശിച്ചു.
അവരില്‍ നിന്നും അധിക്ഷേപവചനങ്ങളല്ലാതെ ചുമടുകൊണ്ട് ഫലമൊന്നുമുണ്ടായില്ല.ഒടുവില്‍ സ്കൂള്‍ വിടാനുള്ള ബെല്ലടിച്ചു.ക്ലാസ് മുറികള്‍ കാലിയായി ; ചുമടുകളേന്തിയ ചുമട്ടുകാരെല്ലാം ബസ്സില്‍ വലിഞ്ഞു കേറാന്‍ തിരക്കിട്ട് ഓടിച്ചാടിനടന്നു.
ഏറ്റവും ഒടുവിലാണ് അയാള്‍ ക്ലാസ് മുറി വിട്ടത്. സ്കൂള്‍ അങ്കണത്തിലെ ഒരു മഹാവൃക്ഷത്തിനു കീഴെ വെച്ചിരുന്ന വലിയൊരു ചവറ്റുവീപ്പക്കരികില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നൊന്നു പരുങ്ങി. അയാള്‍ ചുറ്റുവട്ടം നോക്കി . ആരുമില്ല! അയാള്‍ തോളില്‍ നിന്നു ചുമടിറക്കി താഴെ വെച്ചു. വീണ്ടും വളരെ ജാഗ്രതയോടെ ഒരിക്കല്‍ക്കൂടി ചുറ്റുവട്ടം കണ്ണോടിച്ചു. ഇല്ല , പരിസരത്തെങ്ങും ആരുമില്ല!
മുഴുവന്‍ ധൈര്യവും സംഭരിച്ച് , വളരെ പ്രയാസപ്പെട്ട് താഴെ നിന്നു ചുമടെടുത്ത് , തുറന്നു പിടിച്ച് , ഏന്തി വലിഞ്ഞു നിന്നുകൊണ്ട് ചവറ്റുവീപ്പക്കുള്ളിലേയ്ക്ക് അതില്‍ നിന്നുള്ളതൊക്കെ അയാള്‍ കുടഞ്ഞിട്ടു. മഹാവൃക്ഷത്തിനെ ഒരിളം കാറ്റു തഴുകി. മഹാവൃക്ഷം പുഞ്ചിരി പൊഴിച്ചെന്നു അയാള്‍ക്കു് തോന്നി . "വേണ്ട കള്ളച്ചിരി വേണ്ടാ ..." അയാള്‍ മഹാവൃക്ഷത്തിനു താക്കീതുനല്കിക്കൊണ്ട് ഒഴിഞ്ഞ ബാഗുപൂട്ടി പുറത്തുതൂക്കി, ഭാരം ഒഴിഞ്ഞ മനസ്സുമായി, വളരെ ലാഘവത്തോടെ സ്കൂള്‍ ബസ്സിനരികിലേയ്ക്കു നടന്നു നീങ്ങി.