തര്‍ജ്ജനി

മരണക്കുറിപ്പുകള്‍

tharjani online
മരിച്ച ഓര്‍മ്മകള്‍ക്കപ്പുറം
മരവിച്ച മനസ്സിനുമപ്പുറം
നേര്‍ത്ത ജീവന്‍ തുടിയ്ക്കയാണ്‌..
നരച്ച പകലുകളിലും
വിളറിയ സന്ധ്യകളിലും
ചിലന്തിവലകള്‍ വിരിയുകയാണ്‌..
ശരീരത്തിന്റെ ജീവ ഞരമ്പുകളില്‍
രക്‌ത ധമനികളില്‍
മരണം പടരുകയാണ്‌..
ജന്മത്തിന്റെ
ഇരുള്‍പൂണ്ട ഇടനാഴികളിലും
ഓര്‍മ്മകളുടെ ശവപ്പറമ്പുകളിലും
വേദനകള്‍ ചിതറുകയാണ്‌..
നിറമില്ലാത്ത
രാത്രിസ്വപ്നങ്ങളില്‍
കറുത്ത പകല്‍ക്കിനാവുകളില്‍
നരിച്ചീറുകള്‍
ആര്‍ത്തുവിളിയ്ക്കയാണ്‌..
വിളര്‍ത്തുവാടിയ
ഒരു ഞാറ്റുവേലപ്പൂവ്‌
നെഞ്ചുപൊട്ടി കേഴുകയാണ്‌..
നിറം മങ്ങിയ
ഒരു സാന്ധ്യനക്ഷത്രം
വിറപൂണ്ട തിരകളിലേയ്ക്ക്‌
അടര്‍ന്നുവീഴുന്നു.
ഓര്‍മ്മകളില്‍,
സ്വപ്നങ്ങളില്‍,
നന്മ നിറഞ്ഞ ഒരസ്‌തമനം
മാടിവിളിയ്ക്കുന്നു.
പൊലിയാറായ
കിനാവുകളെയടുക്കിപ്പിടിച്ച്‌
അസ്‌തമിയ്ക്കാനായിമാത്രം
ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
വെയിലായി, മഴയായി പൊഴിയുന്നത്‌
കാറ്റിലലിയുന്നത്‌
അവസാന ശ്വാസം.

ബിനു ആനമങ്ങാട്