തര്‍ജ്ജനി

വിമര്‍ശനം

tharjani online

വിമര്‍ശനം
ഏട്ടിലെ പശുവല്ല
താക്കോല്‍പ്പഴുത്‌ തകര്‍ക്കുന്ന
തിരക്കലല്ല...
പഴയ പോര്‍ത്തഴമ്പിന്റെ
തനിയാവര്‍ത്തന പ്രദര്‍ശനമല്ല
മഴദൈവങ്ങളുടെ ചിറകിനടിയില്‍
ഇര കാത്തുള്ള പരുങ്ങലല്ല
ധീരതയുടെ ചങ്ങാടത്തില്‍
ആളനക്കമില്ലാത്തൊരു യാത്രയല്ല
എഴുപത്‌ എം.എം വീതിയില്‍
ഡിജിറ്റല്‍ കൃത്യതയുള്ള
മേലനങ്ങാ ഒച്ചയല്ല.

വിമര്‍ശനമെന്നത്‌
ചെറുനാരങ്ങയും പച്ചമുളകും
ഒന്നിച്ചു വിളമ്പുന്ന സദ്യയാകാം
വിളയെന്ന് വളരുന്ന കളകളെ
വേരോടെ പറിക്കുന്ന കൈയാകാം.
തൊടുക്കുന്ന അമ്പിനോടൊത്ത്‌
തന്നെയും തെറിപ്പിക്കുന്ന വീര്യമാകാം...
സത്യത്തിന്റെ വരമ്പത്ത്‌ വച്ച്‌
ശത്രുവിനും മിത്രത്തിനും
ഒരുമിച്ച്‌ നല്‍കുന്ന കൂലിയാകാം.
നിശ്ചയങ്ങളുടെ കുന്നില്‍ നിന്ന്
സംശയങ്ങളുടെ കടലിലേക്ക്‌
സ്വയം വീഴ്ത്തുന്ന സാഹസമാകാം.
വിജ്ഞാന നദികളെ ഒരിടത്തിണക്കി
നുണയുടെ തടയണ ഒരു വാക്കില്‍
കീറുന്ന പ്രവാഹ വിന്യാസമാകാം.

എന്തായാലും,
അതില്‍,
ചെയ്യുന്നവന്റെ ചോരയുണ്ടാകും
അതുകൊണ്ട്‌,
അതൊരത്താഴവുമാണ്‌,
അവസാനത്തേത്‌.

ഉമേഷ്‌ ബാബു. കെ. സി
മൃണ്മയം
തോട്ടട
കണ്ണൂര്‍ - 670007